Monday, December 24, 2012

ക്രിസ്മസ് കേക്ക്

ക്രിസ്മസ്സിന്റെ തലേന്ന് സ്ഥലത്തെ പ്രധാന പൌരന്റെ വീട്ടിൽ വലിയതിരക്കായിരുന്നു. അദ്ദേഹത്തെ ഒരു നോക്കു കണ്ട്, ഒരു ക്രിസ്മസ് കേക്ക് നൽകാനുള്ള വ്യഗ്രതയിലായിരുന്നു വന്നവരിലധികം പേരും.  അപ്പോൾ  അയൽപക്കത്തെ ആ കൊച്ചു വീട്ടിലെ കുട്ടികൾ അര കിലോ കേക്കിന്റെ വില സ്വരൂപിച്ച് ബേക്കറിയിലേയ്ക്കോടുകയായിരുന്നു.

Friday, December 21, 2012

വി.എസ് തന്ന ‘പ്രശസ്തിയും ‘ഒരു പിടി നൊമ്പരങ്ങളും

                                                                                                               നിയമ സഭയിലേയ്ക്കും പാർലമെന്റിലേയ്ക്കുമൊക്കെ മത്സരിക്കാനായി എന്റെ പേരു പലവട്ടം പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഞാൻ സ്ഥാനാർത്ഥി നിർണയ സമയത്ത് ദൽഹിയിലെത്തിയത്. വനിതകൾക്ക് ഇക്കുറിയെങ്കിലും മോശമാവാത്ത സ്ഥാനങ്ങൾ ചോദിക്കാൻ നമുക്കു കഴിയണമെന്ന് കോൺഗ്രസ്സിലെ വനിതാ നേതൃത്വം തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണ് പല വനിതാ നേതാക്കളും  ന്ദ്രപ്രസ്ത്ിലെത്ിയ്.
 
  വനിതകളിൽ   മൂന്നോ നാലോ പേർക്ക് മാത്രം സാധ്യത ഉണ്ടെന്നും ഞാനതിൽ പെടില്ലെന്നും അറിഞ്ഞ ശേഷം  ഞാനും നാട്ടിലേയ്ക്കു തിരിച്ചു. നെടുമ്പാശേരിയിൽ എന്നെ കാത്ത് സുഭാഷ് ചേട്ടനും ഡ്രൈവർ ജോസഫും. ചെറായിലേയ്ക്കു പുറപ്പെട്ട ഉടൻ   എന്റെ ഫോണിലേയ്ക്ക് കെ.പി.സി.സി.പ്രസിഡന്റ് ശ്രീ.രമേശ് ചെന്നിത്തലയുടെ   വിളി. “ ലതികേ എന്റെയടുത്ത് ഉമ്മൻ ചാണ്ടിയും ഉണ്ട്. മലമ്പുഴയിൽ വി.എസ്സിനെതിരെ മത്സരിക്കാൻ ലതികയുടെ പേരു കൊടുക്കട്ടെ. ലതിക മത്സരിക്കണം.” 

 എനിയ്ക്കാകെ ആശയക്കുഴപ്പമായി. എന്താ ചെയ്ക? ഞാൻ ഫോൺ സുഭാഷ് ചേട്ടനു കൈമാറി. പ്രസിഡന്റും ഉമ്മൻ ചാണ്ടി സാറും മാറി മാറി സംസാരിക്കുമ്പോൾ അദ്ദേഹം ഒരു വൈമനസ്യവും പ്രകടിപ്പിക്കാതെ സമ്മതം പറയുന്നതു കേട്ട് ഞാൻ അൽഭുതപ്പെട്ടു. എന്റെ പേര് വൈകാതെ ഫ്ലാഷ് ന്യൂസിൽ  കണ്ടതോടെ , നാടിന്റെ നാനാ ഭാഗത്തു നിന്നും സമ്മിശ്രാഭിപ്രായങ്ങളുമാ‍യി വിളികൾ. അന്നു ചെറായിലെ വീട്ടിൽ  താമസിച്ച്, അതി രാവിലെ തന്നെ ഞാൻ  കോട്ടയത്തു ചെന്ന് ആവശ്യമുള്ള പേപ്പറുകളെല്ലാം എടുത്ത് വൈകുന്നേരമായപ്പോഴേക്കും മലമ്പുഴയിലേക്ക് പോയി. 

                   പരീക്ഷയടുത്തപ്പോൾ സിലബസ്സ് മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരു കോളജ് വിദ്യാർത്ഥിനിയുടെ അവസ്ഥയിലായിരുന്നു, ഞാൻ. മലമ്പുഴയിലെ ഏതാനും പാർട്ടി നേതാക്കൾ, പഴയ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കണ്ണദാസ് എന്നിവരോടുള്ള അടുപ്പം പ്രയോജനപ്പെടുത്തി ഞാൻ പ്രവർത്തനം തുടങ്ങി.

                  പുറത്തു നടക്കുന്നതൊന്നും അറിയാത്ത അവസ്ഥയായിരുന്നു, എന്റേത്. വാർത്ത കേൾക്കാനോ പത്രം വായിക്കാനോ പോലും സമയമില്ല. മണ്ഡലം പഠിക്കണം, പരമാവധി നേതാക്കളേയും പ്രവർത്തകരേയും നേരിൽ കണ്ട്, അവരോടൊപ്പം വേണം പ്രചരണത്തിനിറങ്ങാൻ. ഇതിനിടെ എനിയ്ക്ക് ‘ നേർച്ചക്കോഴി’, ‘ചാവേർ’ തുടങ്ങിയ ഓമനപ്പേരുകളുമായി ചാനൽ ചർച്ചകളും വാർത്തകളും കൊഴുക്കുന്നത് മനസ്സിലായി, എങ്കിലും, ഞാൻ പതറിയില്ല. 

       ജനശ്രീ പ്രവർത്തകരടക്കം എന്നെ അറിയാവുന്ന ഒരുപാടു പേരുണ്ട്, മലമ്പുഴയിൽ. കുടിയേറ്റക്കാരെക്കൊണ്ടു സമ്പന്നമായ മലമ്പുഴയിൽ ധാരാളം കോട്ടയംകാരുണ്ട്.“നാട്ടിൽ നിന്നും വിളി വന്നു”, എന്നു പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിക്കുന്ന ഒരുപാടു മുഖങ്ങൾ എനിക്കാശ്വാസം പകർന്നു. ചോദിച്ചവരോടൊക്കെ ആത്മവിശ്വാസം കൈവിടാത്ത മറുപടിയുമായി ഞാൻ ഓടി നടന്നു.

 അകത്തേത്തറയിലെ കോർണർ മീറ്റിങ്ങിനിടെ ഒരു ചാനൽ റിപ്പോർട്ടർ എന്റെ അടുത്ത് പാഞ്ഞെത്തി. വി.എസ് ഇന്ന് പത്രസമ്മേളനത്തിനിടെ ഒരു ചോദ്യത്തിനു പറഞ്ഞ മറുപടി അല്പം വിവാദമായി . ചേച്ചിയുടെ പ്രതികരണത്തിനു വന്നതാ ഞങ്ങൾ.” ഞാൻ എന്തു പറയണമെന്നറിയാതെ,ഒരു നിമിഷം  പകച്ചു നിന്നു .ആ ഭാഗം റെക്കോഡ് ചെയ്തത് അവർ എന്നെ കേൾപ്പിച്ചു.” ലതികാ സുഭാഷിനെപ്പോലെ പ്രശസ്തയായ ഒരാൾ മത്സരിക്കുന്നതു കൊണ്ടാണൊ വി .എസ്സ് മണ്ഡലത്തിൽ തന്നെ നിൽക്കുന്നത് , എന്ന ചോദ്യത്തിന്. അവർ എന്തുകൊണ്ടാ പ്രശസ്ത എന്നു നിങ്ങൾ തന്നെ അന്വേഷിക്കണം.” എന്നായിരുന്നു മറുപടി. എനിക്കാകെ  വിഷമം തോന്നി.  എന്റെ അച്ഛനെക്കാൾ പത്തു വയസ്സു കൂടുതലുള്ള കേരളത്തിന്റെ മുഖ്യമന്ത്രി കൂടിയായ ശ്രീ.വി.എസ്സിനോട് ഞാൻ എന്താ മറുപടി പറയുക? അദ്ദേഹം എന്താ ഉദ്ദേശിച്ചതെന്നു വ്യക്തമാക്കണമെന്നാവശ്യപ്പെട്ട്, മനസ്സിലുണ്ടായ നൊമ്പരം പോലും മറച്ചു വച്ച്, വളരെ ചെറിയ ഒരു പ്രതികരണം ഞാൻ കൊടുത്തു.ആ വാർത്ത  അന്നത്തെ ചാനലുകളും പിറ്റേന്നത്തെ പത്രങ്ങളും എല്ലാം ആഘോഷമാക്കിയത് ഞാനും ശ്രദ്ധിച്ചു. ഒരുപാടു പേർ വിളിച്ചു.   ലതികയെക്കുറിച്ച് അങ്ങനെയൊന്നും ആരും വിചാരിക്കില്ലെന്ന് എന്റെ മനസ്സറിയാവുന്ന ആത്മ മിത്രങ്ങൾ ആശ്വസിപ്പിച്ചു. കേസ് കൊടുക്കണമെന്നായി, പാർട്ടിക്കാരിലധികവും. രാവിലെ മലമ്പുഴയിലെത്തിയ കോൺഗ്രസ് വക്താവ് ശ്രീ. എം.എം. ഹസ്സൻ പാർട്ടിയുടെ അഭിപ്രായം എന്നെ അറിയിച്ചു.അങ്ങനെ മലമ്പുഴയിലെ കോർണർ മീറ്റിങ്ങിനിടയ്ക്ക് ഞാൻ  സഹപ്രവർത്തകർക്കൊപ്പം പാലക്കാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽഎത്തി, കേസ് ഫയൽ ചെയ്തു. 

വാർത്തകളിൽ ഈ സംഭവം നിറഞ്ഞു നിന്നതും ഒരുപാടു പേർ പ്രതികരിച്ചതുമൊക്കെ തിരക്കിനിടയിൽ ഞാനും ശ്രദ്ധിച്ചു. പല പത്രങ്ങളുംശ്രീ. വി.എസ്സിന്റെ പരാമർശത്തെ വിമർശിച്ച് മുഖപ്രസംഗം പോലും എഴുതി. പലരും ലേഖനങ്ങൾ എഴുതി.  പ്രതികരിച്ച പ്രമുഖരിൽ ഡോ.സുകുമാർ അഴീക്കോടും, ശ്രീമതി സുഷമാസ്വരാജും ഉണ്ടായിരുന്നു. സാംസ്കാരിക കേരളത്തിലെ  ഒട്ടനവധി പേരും  എന്നെ പിൻ തുണച്ചപ്പോൾ വളരെ അപൂർവം ചിലർ എനിക്കെതിരെ പരാമർശങ്ങൾ ഉന്നയിച്ചത് പുണ്ണിൽ കൊള്ളി വയ്ക്കുന്നതു പോലെ വേദനാജനകമായിരുന്നു.

                   പൊതു സമൂഹവും ചാനലുകളും പത്രങ്ങളും എല്ലാം ചർച്ചയാക്കിയ, ഈ വിഷയത്തെക്കുറിച്ച് ശ്രീ വി.എസ്. അടുത്ത ദിവസം “ലതികാ സുഭാഷ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നതു കൊണ്ടാണ് പ്രശസ്ത എന്നു പറഞ്ഞത്. അവർ കെ.പി.സി.സി. മെമ്പർ(സെക്രട്ടറി എന്നു പറഞ്ഞില്ല) ആയതു കൊണ്ടാണ്  പ്രശസ്ത എന്നു പറഞ്ഞത്.”എന്നൊരു പ്രതികരണം നൽകി.

                      പ്രതികരണവും വിവാദങ്ങളുമൊക്കെ കൊഴുക്കുന്നതിനിടയ്ക്കാണ് എന്റെ അടുത്തു വന്ന ശേഷം നാട്ടിൽ പോയ  സഹോദരൻ സുനിലിന് ബൈക്ക് അപകടത്തിൽ തലയ്ക്ക് മാരകമായ പരിക്കേറ്റത്. അവൻ ോട്ടം ജില്ലിലെ വക്കത്ത് ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായി. എന്റെ അനിയനെ ഒരു നോക്കു കാണാൻ എന്റെ മനസ്സു കൊതിച്ചു. അവനെ രാത്രിയിൽ പോയി കാണണം എന്നു ഞാൻ ശഠിച്ചു. ഡോക്ടർമാരടക്കം എന്നെ നിരുത്സാഹപ്പെടുത്തി. വിഷമിക്കേണ്ട. അവിടെ വോട്ടു പിടിക്കൂ. ഞങ്ങൾ സുനിലിന്റെ കാര്യം നോക്കിക്കൊള്ളാം. എല്ലാവരും എന്നെ ആശ്വസിപ്പിച്ചു.
                                                   ആശ്വാസ വാക്കുകൾ കൊണ്ട് തീരുന്നതിനപ്പുറത്തായിരുന്നു, എന്റെ ബുദ്ധിമുട്ടുകൾ.

   
ബോധപൂർവമായാലും  നിഷ്കളങ്കതയോടെ ആയാലും  വി എസ്. നടത്തിയ  പരാമർശം
മലമ്പുഴയിലെ പാർട്ടിപ്രവർത്തകരിൽ പോലും സംശയത്തിന്റെ കരി നിഴൽ വീഴ്ത്തിയോ? ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ എനിയ്ക്ക് ഒരുപാടു സ്നേഹം തന്ന മുണ്ടൂരിലെ മഹിളാ കോൺഗ്രസ്  പ്രവർത്തകർ  എന്നെ ഫോണിൽ വിളിച്ച് ഇത്തരം ചില പ്രചരണങ്ങൾ നടക്കുന്നതായി പറഞ്ഞു. 

“സാരമില്ല. നമുക്കാരുടെയും വായ മൂടിക്കെട്ടാനാവില്ലല്ലോ. ” ഞാൻ അവരെ ആശ്വസിപ്പിച്ചു. കൊടുമ്പ് മണ്ഡലത്തിൽ വച്ച് ഞാൻ പരിചയപ്പെട്ട ഒരു പാവപ്പെട്ട വൃദ്ധ പറഞ്ഞു.

 “എന്റെ മോളേ.. അവന്മാർ  മോളുടെ പടം ഒട്ടിച്ചത് കീറുന്നതുകണ്ടപ്പോൾ സഹിച്ചില്ല. എത്ര കൊള്ളരുതാത്തതാണെങ്കിലും അതിന്റെ പടം കീറരുതേ, കീറരുതേ.. എന്നു ഞാൻ അവന്മാരോടു പറഞ്ഞതാ..”
എല്ലാവരോടും ചിരിച്ചുകൊണ്ടു മറുപടി പറഞ്ഞ്, എല്ലാവരേയും ആശ്വസിപ്പിക്കുമ്പോഴും എന്റെ മനസ്സിൽ ആഴത്തിലുണ്ടായ ഒരു മുറിവ്... ഓരോ അഭിപ്രായ പ്രകടനത്തിലും  ചാനൽ ചർച്ചയിലും മാറ്റു മാധ്യമ വിചാരങ്ങളിലുമൊക്കെ ..ആ മുറിവിന് വേദനയും നീറ്റലും കൂടിക്കൂടി വരുന്നതു പോലെ...ആ ദിവസങ്ങളിൽ കേരളത്തിലെ ഓരോ തെരഞ്ഞെടുപ്പു വേദിയിലും എന്റെ പേര് പരാമർശിക്കപ്പെടുന്നു എന്നറിഞ്ഞപ്പോഴും  വല്ലായ്മ തോന്നി.
       
 ശ്രീ.വി.എസ്സിനോട് അപ്പോഴൊക്കെ പരിഭവം തോന്നി. നല്ല ഒരു കമ്മ്യൂണിസ്റ്റ്കാരനെന്ന പ്രശംസ പിടിച്ചു പറ്റിയ സന്ദർഭങ്ങളിലെല്ലാം ഞാനുംശ്രീ. വി.എസ്സിനെ മനസ്സുകൊണ്ട് അഭിനന്ദിച്ചിട്ടുണ്ട് . 1991-ൽകോട്ടയം ജില്ലാ കൌൺസിൽ അംഗമായ ഞാനും ആലപ്പുഴയിൽ ജില്ലാകൌൺസിൽ അംഗമായ അഡ്വ.സി.എസ്. സുജാതയുമൊക്കെ. വീണ്ടും രണ്ടു തവണ ജില്ലാ പഞ്ചായത്തിലും ജയിച്ച്, ഞാൻ കോട്ടയത്തു പ്രസിഡന്റായപ്പോൾ സുജാത ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. പാർട്ടിക്കതീതമായ വ്യക്തിബന്ധം.  സുജാതയോട്, ഒരു ദിവസം തിരുവനന്തപുരത്ത്  ഒരു കോൺഫറൻസ് കഴിഞ്ഞ് ഞാൻ പറഞ്ഞു.

 “എനിക്ക് നിങ്ങളുടെ വി.എസ്സിനെ ഒന്നു കാണണമെന്നു തോന്നുന്നു.” 

 “ അതിനെന്താ നമുക്കു കണ്ടോണ്മെന്റ് ഹൌസിൽ പോകാം. ” 

അന്ന് അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. ഞാൻ അങ്ങനെ ആദ്യമായി ശ്രീ.വി.എസ്സിനെ നേരിൽ കണ്ട് പരിചയപ്പെട്ടു. ചുരുങ്ങിയ വാക്കുകളിൽ എന്നോടു ക്ഷേമം ചോദിച്ച അദ്ദേഹം വളരെ സൌമ്യനായാണ് പെരുമാറിയത്.

               അഴിമതിക്കെതിരെ മുഖം നോക്കാതെ സംസാരിക്കുമ്പോഴൊക്കെ എനിക്കദ്ദേഹത്തോടു മതിപ്പു തോന്നിയിരുന്നു. പ്രസ്ാകരൻ ശ്രീ പി. സുരേന്ദ്രൻ ശ്രീ.വി.എസ്സിനെ പ്രധാന കഥാപാത്രമാക്കി “ഗ്രീഷ്മമാപിനി”. എന്ന നോവൽ രചിച്ചപ്പോൾ ഡി.സി. ബൂക്സിൽ നിന്നും ആദ്യത്തെ കോപ്പി വാങ്ങി ഒറ്റയിരിപ്പിനു  ഞാൻ ആ പുസ്തകം വായിച്ചു. 

     ഇഷ്ടമില്ലാത്തവരെ പുച്ഛിക്കുകയും ചീത്ത വാക്കു പറയുകയും ചെയ്യുന്ന  ശ്രീ. വി.എസ്സിന്റെ പ്രവണത ഇതിനു മുൻപും എന്നെ നോവിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായപ്പോൾ പ്രതികാര ദാഹിയാകാതെ ,കുറച്ചു കൂടി പോസിറ്റീവ് ആയി  ഭരണയന്ത്രം തിരിച്ചിരുന്നെങ്കിൽ കുറച്ചുകൂടി മെച്ചപ്പെട്ട  ഭരണാധികാരിയാകാമായിരുന്നു, അദ്ദേഹത്തിനെന്ന പക്ഷമാണെനിക്ക്.

          ഒരിക്കലും ആർക്കെതിരെയും വ്യക്തിപരമായി ഒരു കേസിനു പോകാനിടവന്നിട്ടില്ല. ഇപ്പോൾ ഇതാ കേരളത്തിന്റെ മുഖ്യ മന്ത്രിക്കെതിരെ, അതും വന്ദ്യ വയോധികനായ ശ്രീ.വി.എസ്സിനെതിരെ ഇങ്ങനെ ഒരു കേസ്... ഒരിക്കലും സംഭവിക്കരുതാത്തതായിരുന്നു, ആ പരാമർശവും അനുബന്ധ സംഭവങ്ങളും.

 പ്രതിസന്ധികളെ അതിജീവിച്ചുള്ള തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ മലമ്പുഴയിലെ നിസ്വാർത്ഥരായ കുറച്ചു പ്രവർത്തകരും , എറണാകുളത്തെ ഡിസി.സി. വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത്   അംഗവുമായിട്ടും നിവൃത്തിയില്ലാതെ എന്റൊപ്പം മലമ്പുഴയിലേക്കു വരാൻ നിർബന്ധിതനായ സുഭാഷ് ചേട്ടനും കോട്ടയത്തു നിന്നും വന്ന ഏതാനും പ്രവർത്തകരും എനിയ്ക്കു തുണയായി. ആകെ ഇരുപതു ദിവസമാണ് പ്രവർത്തനത്തിനായി ലഭിച്ചത്. രണ്ടു തവണ നിയമ സഭയിലേയ്ക്കും ഒരു തവണ പാർലമെന്റിലേയ്ക്കും മത്സരിച്ച കെ.പി.സി.സിസെക്രട്ടറി ശ്രീ. സതീശൻ പാച്ചേനിയും സഹപ്രവർത്തകരും എന്നോടു പങ്കു വച്ച  അവരുടെതെരഞ്ഞെടുപ്പ് അനുഭവങ്ങളും ഒട്ടും  ശുഭകരമായിരുന്നില്ല. രാവിലെ മുതൽ രാവേറെച്ചെല്ലും വരെയുള്ള തെരഞ്ഞെടുപ്പു പ്രവർത്തനം, ഉറങ്ങുന്നതിനു മുൻപു കടന്നു വരുന്ന സ്വകാര്യ ചിന്തൾ. ദിവസങ്ങളായി ശസ്ത്രക്രിയയ്ക്കു ശേഷംആശുപത്രിയിലെ  തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന എന്റെ ഏക സഹോദരൻ , കോട്ടയത്ത് പ്ലസ് ടു പരീക്ഷ എഴുതുന്ന മകൻ കണ്ണൻ , എന്നും എന്നോടൊപ്പമുള്ള വൃദ്ധരും രോഗികളുമായ എന്റെ മാതാ പിതാക്കൾ അടുത്തിടെ ക്യാൻസർ രോഗിയാണെന്നു തിരിച്ചറിഞ്ഞ്, ശസ്ത്രക്രിയയ്ക്കു ശചികിത്സയുമായി ചെറായിയിലെ വീട്ടിൽ കഴിയുന്ന എന്റെ  ചേട്ടത്തി(ഭർത്താവിന്റെ ചേട്ടന്റെ ഭാര്യ) സജിത.  ഇവരെല്ലാവരും എന്റെ സാന്നിദ്ധ്യവും രിണവും  ഈ സമയത്ത് അർഹിക്കുന്നവരാണ്. അവരുടെ വിശേഷങ്ങൾ വിളിച്ചു ചോദിക്കാൻ പോലും കഴിയാത്ത അവസ്ഥ. 

          എല്ലാം തൽക്കാലത്തേയ്ക്കു മാറ്റി വയ്ക്കണം. പാർട്ടി എന്നെ ഏല്പിച്ച ഉത്തരവാദിത്വം ഏറ്റം ഭംഗിയായി നിറവേറ്റണം. ഞാൻ സ്വാമി വിവേകാനന്ദന്റെ വാക്കുകൾ ഓർത്തു. “ഒരു ചിറ്റോളത്തെ പോലും നിങ്ങളുടെ മനസ്സിനെ അക്രമിക്കാൻ ഇടയാക്കരുത്.” എന്റെ കൂടെ നിൽക്കുന്നവർക്കൊക്കെ പരമാവധി ധൈര്യം പകരാൻ ഞാനും ശ്രമിച്ചു. എന്നിട്ടും മരുത റോഡ് പഞ്ചായത്തിലെ കോർണർ മീറ്റിങ്ങിൽ , അവസാനത്തെ സ്വീകരണ യോഗത്തിൽ  മറുപടി പ്രസംഗം നടത്തുമ്പോൾ ഞാൻ തേങ്ങിപ്പോയി. വല്ലാത്ത ഒരു അരക്ഷിതാവസ്ഥ തോന്നി എനിയ്ക്ക്. അടുത്ത നിമിഷം ഞാൻ സ്വയം കുറ്റപ്പെടുത്തി. ശാന്തത വീണ്ടെടുക്കണം. കരയാൻ പാടില്ല. എല്ലാവരുടെയും കുത്തുവാക്കുകൾക്ക് മധുരമായ പ്രതികാരം നൽകണം.

         അന്നു മുതലേ ശ്രീ. വി.എസ്സിന് എതിരെയുള്ള കേസ് പിൻ വലിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. വിവേകത്തോടെ എന്റെ പ്രശ്നങ്ങൾക്കുംവിഷമങ്ങൾക്കും പരിഹാരം പറഞ്ഞുതരുന്ന സുഭാഷ് ചേട്ടനും അതു തന്നെ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ തിരക്കു കഴിഞ്ഞയുടൻ കേസ് പിൻ വലിക്കണമെന്ന എന്റെ ആഗ്രഹം കെ.പി.സി.സി. അദ്ധ്യക്ഷൻ ശ്രീ രമേശ് ചെന്നിത്തലയോടു പറഞ്ഞു,  “ശരിയാ ലതികേ ഇത്രയും പ്രായമുള്ള അദ്ദേഹത്തിനെതിരെയുള്ള കേസുമായി മുന്നോട്ടു പോകേണ്ടെന്നാ എന്റെയും അഭിപ്രായം.” അദ്ദേഹം പച്ചക്കൊടി കാട്ടി. ശ്രീ ഉമ്മൻ ചാണ്ടിയോടും ഞാൻ ഈ കാര്യത്തിൽ അദ്ദേഹത്തിന്റെ അഭിപ്രായം ആരാഞ്ഞു.“ കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞില്ലേ. അതുപോലെ ചെയ്യുക. അതാ നല്ലത്.” ഉമ്മൻ ചാണ്ടി സാറും നയം വ്യക്തമാക്കി. എന്റെ ഈ രണ്ടു നേതാക്കന്മാരും ശ്രീ.വി.എസ്സും തമ്മിലുള്ള അന്തരത്തെക്കുറിച്ചു ഞാൻ ഓർത്തു. പൊതു സമൂഹത്തിന്റെ പിൻ ബലം കൂടുതലുണ്ടെന്ന ഖ്യാതി നേടിയ ശ്രീ. വി.എസ്സ്, പലപ്പോഴും ശത്രു സംഹാരത്തിനു വേണ്ടി തരം താഴുമ്പോഴും, ഈ നേതാക്കൾ എത്ര സൌമ്യവും മാന്യവുമായ  പ്രതികരണമാണ് സ്വകാര്യ സംഭാഷണത്തിൽ പോലും നടത്തിയത്!

തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവുമൊക്കെ കഴിഞ്ഞ് കേസിന്റെ മൂന്ന് അവധികൾ വന്നു. ഓരോ തവണയും കോട്ടയത്തുനിന്നും പാലക്കാട്ടു പോകണം. പോയപ്പോഴൊക്കെ കേസ് പിൻ വലിക്കാൻ  തയ്യറായാണ് ഞങ്ങൾ പോയത്. സാധാരണ ഗതിയിൽ എവിടെയും തനിച്ചു പോകാൻ മടിയില്ലാതിരുന്ന ഞാൻ  ഓരോതവണയും സുഭാഷ് ചേട്ടനെ കൂടെ വരാൻ നിർബന്ധിച്ചു.  . ചൂടുള്ള വാർത്തയായി ഈ കേസ് അവധിക്കു വയ്ക്കുന്നതിന്റെ ക്ലിപ്പിങ്ങുകൾ ചാനലുകളിൽ മിന്നി മറയുന്നത്  എന്റെ മനസ്സിനെ നൊമ്പരപ്പെടുത്തി. തെരഞ്ഞെടുപ്പിനിടെ വന്ന ബ്ലോഗ് എഴുത്തുകളും സോഷ്യൽ നെറ്റ്വർക്കുകളിലെ അഭിപ്രായ യുദ്ധങ്ങളും എന്നിൽ സമ്മിശ്ര വികാരങ്ങളുളവാക്കുന്നവയായിരുന്നു. ചില പോസ്റ്റുകളിലെ കമന്റുകൾ എന്നെ അപകീർത്തിപ്പെടുത്തുന്നവയായിരുന്നു. ഞാൻ ഒന്നിനും പ്രതികരിച്ചില്ല. സംഭവിക്കരുതാത്തതു സംഭവിച്ചതിന്റെ പ്രത്യാഘാതം. നടക്കട്ടെ. ഞാൻ എന്റെ മനസ്സിനോട് ശാന്തമാവാൻ പറഞ്ഞു.

                         ഒടുവിൽ പാലക്കാട്ടെ കോടതിയിൽ ചെന്ന് ഞാൻ ആ കേസ് പിൻ വലിച്ചതും വലിയ വാർത്തയായി. കേരളത്തിലെ പൊതു സമൂഹവും പത്ര മാധ്യമങ്ങളും ഡോ.സുകുമാർ അഴീക്കോട് അടക്കമുള്ള സാംസ്കാരിക നായകന്മാരും പ്രതിഷേധം രേഖപ്പെടുത്തിയപ്പോൾ  ജനകീയ കോടതിയിൽ നിന്നും എനിയ്ക്കു നീതി ലഭിച്ചു. വി.എസ്സിന്റെ പ്രായം കൂടി കണക്കിലെടുത്താണ് ഞാൻ ഈ കേസ് പിൻ വലിക്കുന്നതെന്നും  കൂട്ടിച്ചേർത്ത്  എന്റെ ജീവിതത്തിലെ സംഭവ ബഹുലമായ ആ അദ്ധ്യായം അവിടെ അവസാനിപ്പിച്ചു.

               

Friday, November 23, 2012

നാം ഇനി എന്തുചെയ്യും ?


ഞാൻ എന്നെത്തിരഞ്ഞു.
നീ നിന്നെത്തിരഞ്ഞു
ഞാനും നീയും കൂടി
നമ്മെത്തിരഞ്ഞു.
ഞാൻ എന്നെക്കണ്ടില്ല
നീ നിന്നെക്കണ്ടില്ല.
നാം നമ്മെക്കണ്ടില്ല
ഞാൻ നിന്നെക്കണ്ടു
നീ എന്നെക്കണ്ടു
നാം അവരെ കണ്ടു
ഞാൻ എന്നെക്കാണാനും
നീ നിന്നെക്കാണാനും
നാം നമ്മെക്കാണാനും
നാം ഇനി എന്തുചെയ്യും ?


Thursday, November 22, 2012

സ്വകാര്യം

രു ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടിക്ക് അയാളെ വ്യക്തിപരമായി അറിയില്ലായിരുന്നു. അയാളുടെ അടുത്തായിരുന്നു, അവളുടെ ഇരിപ്പിടം.” ദേ, ചുരീദാറിന്റെ ഷാളൊക്കെ ഒതുക്കി വയ്ക്കൂ കുട്ടീ.” കോൺഫറൻസ് തുടങ്ങും മുൻപ്, എല്ലാവരും കേൾക്കുന്ന വിധത്തിൽ അയാൾ അവളെ പരിഹസിച്ചു.“ സോറി, സർ.” അപമാനിക്കപ്പെട്ട മാതിരി അവൾ ഒതുങ്ങിയിരുന്നപ്പോൾ അയാൾ മറ്റുള്ളവരെ നോക്കി വെളുക്കെ ചിരിച്ചു. ഉച്ചയ്ക്ക് ഊണിനു പിരിഞ്ഞപ്പോൾ സ്വകാര്യമായി അയാൾ അവളോട്  “ഞാൻ രാവിലെ പറഞ്ഞതു ഫീൽ ചെയ്തോ മോളേ?  ഇനിയിപ്പോ ഷാളല്ല, കുട്ടി തന്നെ എന്നെ ഒന്നു ടച്ച് ചെയ്താലും തരക്കേടില്ലാ ട്ടോ. നമ്മുടെ കോൺഫറൻസിന്റെ ചിത്രങ്ങളും വീഡിയോ ക്ലിപ്പിങ്ങുകളുമൊക്കെ നാലാളുകൾ കാണുമ്പോൾ പ്രശ്നമാവാതിരിക്കാനാ അങ്ങനെ പറഞ്ഞത്.”

Wednesday, October 24, 2012

പുത്തൻ അറിവ്

  തന്നെ എഴുത്തിനിരുത്തിയ ഗംഗാധരൻ മാഷു തന്നെ തന്റെ കുട്ടിക്കും ആദ്യാക്ഷരം പകരണമെന്നത് അയാളുടെ ആഗ്രഹമായിരുന്നു. കുഞ്ഞിനെയും കൊണ്ട്  അയാളും ഭാര്യയും ഗംഗാധരൻ മാഷിനെ തേടിയെത്തി.  തന്റെ ശിഷ്യൻ പഠിപ്പും പദവിയും പണവും പ്രശസ്തിയുമെല്ലാം ഒരുപോലെ നേടിയിട്ടും പെൻഷൻ പറ്റിയ  ഈ അദ്ധ്യാപകനെഅന്വേഷിച്ചു വന്നതിൽ  അദ്ദേഹത്തിനു സന്തോഷം തോന്നി.  പ്രതിഭാ ധനനായ  ഗംഗാധരൻ മാഷ് തന്റെ നാട്ടിലെ ഏറ്റവും ദരിദ്രനായ അധ്യാപകനാണെന്നു തിരിച്ചറിഞ്ഞപ്പോൾ അയാൾ അദ്ഭുതപ്പെട്ടു.   ചെറു പ്രായത്തിലേ അദ്ധ്യാപകർക്കുള്ള സംസ്ഥാന അവാർഡും ദേശീയ അവാർഡും കരസ്ഥമാക്കി യെങ്കിലും താനിപ്പോൾ ഡെപ്യൂട്ടേഷനിൽ   ഒരു പ്രൊജ്ക്റ്റിന്റെ കോ-ഓർഡിനേറ്ററായി ജോലി നോക്കുകയാണെന്ന് ശിഷ്യൻ മാഷിനോടു പറഞ്ഞു. “ഒരുപാടു സൈഡ് ബിസിനസ്സുകൾ ചെയ്യാൻ സമയം കണ്ടെത്തുന്നതു കൊണ്ടാ മാഷേ ഞാനിങ്ങനെയൊക്കെ പിടിച്ചു നിൽക്കുന്നത്. മാഷിനോട് ചില കാര്യങ്ങളിൽ എനിയ്ക്ക് യോജിപ്പില്ല. ഞാൻ അല്പം റിസൽട്ട് ഓറിയെന്റെഡാ . ചെയ്യുന്നതെല്ലാം കൃത്യമായി  റെക്കോഡ്   ചെയ്ത് ബന്ധപ്പെട്ടവരെ ബോദ്ധ്യപ്പെടുത്തുകയും  ചെയ്യും  ” .   ശിഷ്യന്റെ അഭിമാനം തുളുമ്പുന്ന വാക്കുകൾ കേട്ട് ഗംഗാധരൻ മാഷ് പറഞ്ഞു.  “ഇങ്ങനെയുള്ള അദ്ധ്യാപകരും ഇപ്പോഴുണ്ടോ? നന്ദി  കുഞ്ഞേ. ഒരുപാടു നന്ദി. ഈ പുത്തൻ അറിവിന്. ”

Monday, October 22, 2012

ഒരു മുളം തണ്ടായ് ഞാൻ......

                         
                                                            
ഞാനും  ഒരു മുളം തണ്ടായിരുന്നുവെങ്കിൽ എന്ന് തീവ്രമായി ആഗ്രഹിച്ചത്, ഒക്ടോബർ  ഒൻപതാം തിയതി, കൃത്യമായി പറഞ്ഞാൽ, എന്റെ നാല്പത്തിയെട്ടാം പിറന്നാളിന്റെ തലേന്നാണ്. എന്റെ പ്രിയപ്പെട്ട , ഞാൻ അനുജത്തിയെപ്പോലെ കരുതുന്ന, കേരളാ പൊലീസിലെ കോൺസ്റ്റബിളും പ്രകൃതി സ്നേഹിയുമായ  തുളസി അന്ന് ഉച്ചയ്ക്ക്  എനിക്കൊരു പിറന്നാൾ സമ്മാനവുമായി കോട്ടയത്തെ വീട്ടിലെത്തി.  എന്നെ അവിടെ കാണാഞ്ഞ് ഫോണിൽ വിളിച്ചു. മാല്യങ്കര എസ് .എൻ .എം എഞ്ചിനീയറിങ് കോളജിൽ വനിതാ അസോസിയേഷൻ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോഴാണു വിളി. “ചേച്ചീ, ചേച്ചിക്കു പുണർതം നക്ഷത്രത്തിന്റെ വൃക്ഷമേതെന്നറിയുമോ?”  “ആവോ! എനിക്കൊരോർമ്മ വരുന്നില്ലാല്ലോ മോളേ.”ഞാൻ തപ്പിത്തടഞ്ഞു. “മുളയാ ചേച്ചീ, മുള. ഓരോ നാളിനും ഓരോ വൃക്ഷമുണ്ട്. എന്തായാലും ചേച്ചിക്കു വേണ്ടി ഞാനൊരു ഇല്ലിത്തൈ വാങ്ങി വീട്ടിൽ അമ്മയെ ഏല്പിച്ചിട്ടുണ്ട്. ഇന്നു രാത്രി എട്ടു മുതൽ നാളെ രാവിലെ എട്ടു വരെയാ പുണർതം. ചേച്ചി വരുമ്പോൾ ഈ ഇല്ലി ചേച്ചിക്കു കാണാവുന്നിടത്തെവിടെയെങ്കിലും കുഴിച്ചു വയ്ക്കണം കേട്ടോ.” തുളസിയുടെ നിർദ്ദേശം.
 “തീർച്ചയായും.” ഞാൻ തുളസിക്ക് ഉറപ്പു കൊടുത്തു.

അതു വരെ മുളയോടു തോന്നിയതിലുംകൂടുതൽ  ഒരിഷ്ടം എന്നിൽ രൂപം കൊണ്ടതു പോലെ. മാല്യങ്കരയിൽ നിന്നും എനിക്ക് പോകേണ്ടതു അരൂരിലെ                                                                                                                                                                                                                                                                                                    മനോരമ സ്റ്റുഡിയോയിലേക്കായിരുന്നു. പുല്ലു വർഗ്ഗത്തിലെ അതികായനായ മുളയെക്കുറിച്ചായിരുന്നു ഞാൻ ചിന്തിച്ചത്.
“കാട്ടിലെ പാഴ് മുളം തണ്ടിൽ നിന്നും....
പാട്ടിന്റെ പാലാഴി തീർത്തവളേ....”

“ഒരു മയിൽ പീലിയായ്ഞാൻ.... ജനിക്കുമെങ്കിൽ നിന്റെ
തിരുമുടി കുടന്നയിൽ  തപസ്സിരിക്കും
ഒരു മുളം തണ്ടായ് ഞാൻ പിറക്കുമെങ്കിൽ നിന്റെ
ചൊടിമലരിതളിൽ വീണലിഞ്ഞു പാടും...”

ആ  പാട്ടുകളൊക്കെ എന്റെ ചുണ്ടുകളിൽ എവിടെ നിന്നോ ഓടിയെത്തി, തത്തിക്കളിച്ചുകൊണ്ടേയിരുന്നു.
വീട്ടിലെത്തിയപ്പോൾ കുറച്ചു മുളവിശേഷങ്ങൾ തപ്പിയെടുത്തു. എൺപത് അടിയോളം നീളം വരുന്ന ഭീമൻ മുളകളെക്കുറിച്ചും മറ്റും ഞാൻ വായിച്ചു. ചില മുളകൾ എല്ലാ വർഷവും പുഷ്പിക്കും, മറ്റു ചിലവയാകട്ടെ, ആയുസ്സിൽ ഒരിക്കൽ മാത്രമേ പുഷ്പിക്കൂ. നമ്മുടെ കൊല്ലം ജില്ലയിലെ പട്ടാഴി പഞ്ചായത്തിൽ  വളർന്ന ഒരു മുള ലോകത്തിലെ ഏറ്റവും നീളം കൂടിയ മുള എന്ന സ്ഥാനം നേടിയിരുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. മുളയുടെ കൂമ്പ് അച്ചാറിടാൻ ഉത്തമം. ചൈനക്കാർക്കും ജപ്പാൻകാർക്കും തീന്മേശയിൽ  മുളയുടെ തളിരിനോടാണത്രേ പ്രിയം. മുളയരി ഔഷധഗുണമുള്ള ഭക്ഷണ സാധനമാണ്.  സെപ്റ്റംബർ 18 ലോക മുളദിനമായി ആചരിച്ചു വരുന്നു. 2009-ൽ ബാങ്കോക്കിൽ വച്ചു ചേർന്ന ലോക മുളസമ്മേളനത്തിലാണ് മുളദിനാചരണത്തിനു നാന്ദി കുറിക്കപ്പെട്ടത്. ആദ്യത്തെ ലോക മുളദിനത്തിന് ആതിഥ്യമരുളിയത് നാഗാലാന്റാണ്.
                       പുരാണത്തിലും ഒട്ടും മോശമല്ലാത്ത സ്ഥാനം മുളയ്ക്കുണ്ട്.  ദാരികാസുര വധം കഴിഞ്ഞ് കോപം അടക്കാനാവാതെ ശ്രീഭദ്രകാളി പൊരിവെയിലത്തു നിൽക്കുന്നതു കണ്ട്, പറയി പെറ്റ പന്തിരുകുലത്തിലെ പാക്കനാർ വീട്ടിലേയ്ക്കോടി .പതിനാറു കമ്പുകളുള്ള മുള വെട്ടിക്കൊണ്ടു വന്ന് , മുപ്പത്തിരണ്ട് നിരത്തലകിട്ട്, കുടപ്പനയുടെ ഓലകൊണ്ട് പൊതിഞ്ഞുണ്ടാക്കിയ ഓലക്കുട കൊണ്ടു പോയി ഭഗവതിയെ ചൂടിച്ചു കൊടുത്തു. “നിന്റെ ഈ കുടയ്ക്കു കീഴിൽ എന്റെ സാന്നിദ്ധ്യം എന്നും ഉണ്ടാകും” എന്ന് ഭഗവതി അനുഗ്രഹിച്ചത്രേ.
                                       പാക്കനാരുടെ മുറക്കച്ചവടം പ്രസിദ്ധമാണ്. മുളയുടെ  വാണിജ്യ പ്രാധാന്യം പരിസ്ഥിതി  സൌഹൃദ  ഉൽ‌പ്പന്നങ്ങൾ കൊതിക്കുന്ന ഏതൊരു നാടും അംഗീകരിക്കും. കടലാസ്സു നിർമ്മാണത്തിനുള്ള  അസംസ്കൃത വസ്തുവായും, കോൺക്രീറ്റ് പണിക്ക് തട്ടിടാൻ   മുട്ടായും,      കുട്ട, വട്ടി, മുറം, എന്നിവയുടെ നിർമ്മാണത്തിനും മുള  അത്യന്താപേക്ഷിതമാണ്. ആധുനിക മനുഷ്യർ കെട്ടിട നിർമ്മാണത്തിന് സിമന്റ്, ഇരുമ്പ്, ഇഷ്ടിക എന്നിവ  ഉപയോഗിക്കും പോലെ, ആദിവാസികൾ മുളയെ വീടു നിർമ്മാണത്തിന് ആശ്രയിച്ചിരുന്നു. അവർക്ക് കെണിയുണ്ടാക്കാനും കത്തിയുണ്ടാക്കാനും  മുള വേണമായിരുന്നു. അന്നും ഇന്നും വള്ളമൂന്നാൻ മുളയുടെ കഴുക്കോൽ ഉപയോഗിക്കുന്നു. അത്യന്താധുനിക ഭവനങ്ങളിലും മുളകൊണ്ടുള്ള കർട്ടൻ പഥ്യം തന്നെ. ഇല്ലി മുള്ളുകൾ കൊണ്ട് അതി മനോഹരമായി നിർമ്മിച്ചിരുന്ന വേലിക്കെട്ടുകൾ മുൻ കാലങ്ങളിലെ നമ്മുടെ പ്രകൃതി സ്നേഹത്തിന്റെയും നല്ല അയൽ ബന്ധങ്ങളുടെയും ഉദാത്തമായ ഉദാഹരണമാണ്. മുള മാഹാത്മ്യം പറഞ്ഞാൽ തീരില്ല.
 എന്റെ പിറന്നാൾ ദിനത്തിൽ ( കന്നിമാസത്തിലെ പുണർതം നക്ഷത്രം) രാവിലെ കുളിച്ച്, തുളസി തന്ന ഇല്ലിത്തൈ എന്റെ വീടിന്റെ കിഴക്കു വശത്തെ മതിലിന്നരികിൽ നടുമ്പോൾ ഞാൻ സ്വയം ചോദിച്ചു. ഞാൻ ഒരു മുളം തണ്ടാണോ? ആവാം. വേണമെങ്കിൽ അങ്ങനെയാക്കാം. അങ്ങനെയായാൽ തന്നെ, മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന ഒരു വേണുഗാനം ഈ മുളം തണ്ടിൽ നിന്നും എപ്പോഴെങ്കിലും ഉതിർന്നിട്ടുണ്ടോ? ഞാൻവീണ്ടും എന്നോടു ചോദിച്ചു. പൊതു സമൂഹത്തിന്റെ വിമർശനം  ഏറ്റവുമധികം ഏറ്റുവാങ്ങുന്ന പൊതുപ്രവർത്തകരുടെ പട്ടികയിലേയ്ക്ക് ഞാൻ എങ്ങനെ എത്തപ്പെട്ടു എന്നു ഞാൻ ഓർത്തു നോക്കി.  സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസ് ലീഡറും സ്കൂൾ സെക്രട്ടറിയുമൊക്കെ ആയും, ഒന്നാം വർഷ പ്രീഡിഗ്രിക്ക്  കോളജിലെ വനിതാ പ്രതിനിധിയായും, ബിരുദത്തിന്റെ അവസാന വർഷം കോളജിലെ യൂണിവേഴ്സിറ്റി യൂണിയൻ കൌൺസിലറായുംപിന്നെ, 1991ലെ ജില്ലാകൌൺസിൽ അംഗമായും, 92ൽ എറണാകുളം ജില്ലാകൌൺസിൽ അംഗത്തിന്റെ ഭാര്യയായും,   95ലും 2000ലും ജില്ലാപഞ്ചായത്തിലേക്ക് ഇരുവരും വീണ്ടും മത്സരിച്ച് ജയിച്ച് രണ്ടു ജില്ലകളിൽ രണ്ടായി നിന്നുകൊണ്ടു തന്നെ ഒന്നായി ജീവിച്ചതുമെല്ലാം  ഒരു മിന്നായം പോലെമനസ്സിലൂടെ കടന്നു പോയി.  പൊതു ജീവിതം വ്യക്തി ജീവിതത്തെ തുരത്തിയോടിച്ചത് എപ്പോഴാണെന്നു പോലും എനിക്കോർമ്മിച്ചെടുക്കാൻ കഴിയാത്തതു പോലെ. രണ്ടു പതിറ്റാണ്ടത്തെ ദാമ്പത്യജീവിതത്തിനിടെ ഭർത്താവിനു വേണ്ടി മാത്രം ഒരു ഭാര്യയെന്ന നിലയിൽ നീക്കി വക്കാൻ കിട്ടിയ സമയം എത്ര തുച്ഛം! ഞങ്ങളുടെ ദാമ്പത്യ വല്ലരിയിൽ പൂത്ത ഒരേയൊരു മകൻ കണ്ണന്(ബ്രഹ്മ ദർശൻ) അമ്മയെന്ന നിലയിൽ ഞാൻ നൽകിയ സമയം മറ്റ് അമ്മമാരുമായി താരതമ്യം ചെയ്യുമ്പോൾ എത്രയോ നിസ്സാരം! ഒരു പൊതു പ്രവർത്തകയുടെ പരിമിതികളിൽ ഒതുങ്ങി നിന്നു കൊണ്ടു മാത്രമേ എനിയ്ക്ക് എന്റെ മാതാ പിതാക്കളേയും എന്റേയും ഭർത്താവിന്റെയും വീട്ടിലെ മറ്റു ബന്ധു മിത്രാദികളേയും പരിചരിക്കാനോ ,അവരോടൊക്കെ ഇടപെടാനോ കഴിഞ്ഞിട്ടുള്ളൂ. എന്നാൽ പൊതു ജീവിതത്തിൽ കുറച്ചുകൂടി  അർപ്പണ മനോഭാവത്തോടെ മുന്നോട്ടു പോകാനായെന്ന് ഞാനും ആശ്വസിക്കാറുണ്ട്. ദൈനം ദിന ജീവിതത്തിലെ ക്ലേശങ്ങളും വ്യക്തി ജീവിതത്തിലെ സുഖ ദു:ഖങ്ങളും ഒരിക്കലും കണക്കിലെടുക്കാതെ , പൊതു ജീവിതത്തിൽ വ്യവഹരിക്കാനും, അന്യരുടെ സുഖ ദു:ഖങ്ങളിൽ പങ്കാളികളാകാനുമായിരുന്നു, ഞങ്ങളും മറ്റു പൊതുപ്രവർത്തകരെപ്പോലെ തന്നെ ആഗ്രഹിച്ചത്. സ്വകാര്യ ദു;ഖങ്ങൾക്ക് അപ്പോഴൊന്നും പ്രാധാന്യം കല്പിച്ചിരുന്നില്ല. ഏതൊരു പൊതുപ്രവർത്തകനും(പൊതുപ്രവർത്തകയും) നേരിട്ടേക്കാവുന്ന ആരോപണങ്ങളോ അപവാദപ്രചരണങ്ങളോ ഞങ്ങൾക്കും അന്യമായിരുന്നില്ല താനും. മറ്റുള്ളവരെ സന്തോഷിപ്പിക്കാനും അവർക്ക് ആശ്വാസ ദായകമായ എന്തെങ്കിലും  ചെയ്യാനും കഴിയുന്ന ഒരുതരം ഓടക്കുഴലുകൾ.. ....അതേ ..സാമൂഹ്യ ജീവിതത്തിൽ  ചെറിയ ഇടപെടലെങ്കിലും നടത്തിയിട്ടുള്ള ആളുകളിൽ നല്ലൊരു ശതമാനം പേരും അങ്ങനെയാകാൻ ആഗ്രഹിക്കുന്നുണ്ടാവാം. ഓരോ മനുഷ്യനും ഓരോ മുളം തണ്ടാണ്. അതിൽ ചിലതാവട്ടെ, മറ്റുള്ളവർക്കായി, ഒരിയ്ക്കലും മറക്കാനാവാത്ത വേണുനാദം പുറപ്പെടുവിക്കാൻ കഴിയുന്ന നല്ല ഓടക്കുഴലുകളാണ്. എന്റെ ഈശ്വരാ... എനിക്ക് അത്തരമൊരു ഓടക്കുഴലാകാനായിരുന്നെങ്കിൽ!! നഷ്ടബോധവും കുറ്റബോധവുമൊക്കെ എന്നെ വല്ലാതെ അലട്ടുന്നതു പോലെ തോന്നി, എനിക്ക്.

      ഒരു മുളന്തണ്ടിൽ പ്രത്യേക അകലം വച്ച് സുഷിരങ്ങളുണ്ടാക്കി, അതൊരു വാദ്യോപകരണമാക്കി മാറ്റാൻ കഴിയുന്നതും,ആ വേണു ഗാനം ആയിരങ്ങളെ ആനന്ദിപ്പിക്കുന്നതുമൊക്കെ ഞാൻ അദ്ഭുതാദരങ്ങളോടെ ഓർത്തു പോയി. മറ്റുള്ളവർക്ക് ആനന്ദം കൊടുക്കുന്ന മുരളീനാദം പുറപ്പെടുവിക്കാനായാൽ അതൊരു ഭാഗ്യം തന്നെ. ഈശ്വരന്റെ പ്രതിരൂപമായി കുട്ടിക്കാലം മുതൽ മനസ്സിൽ പതിഞ്ഞ ആ മുരളീധരനെ വിചാരിച്ച്  ശ്രീ. ബിച്ചു തിരുമലയുടെ  ആ വരികൾ ഞാൻ വീണ്ടും മൂളി...
“ഒരു മയിൽ പീലിയായ് ഞാൻ.... ജനിക്കുമെങ്കിൽ നിന്റെ
തിരുമുടി കുടന്നയിൽ  തപസ്സിരിക്കും
ഒരു മുളം തണ്ടായ് ഞാൻ പിറക്കുമെങ്കിൽ നിന്റെ
ചൊടിമലരിതളിൽ വീണലിഞ്ഞു പാടും...”

Sunday, October 21, 2012

ഷവര്‍മ്മ

വര്‍മ്മയായിരുന്നു, ആ യുവാവിന്റെ  ഏറ്റവും പ്രിയപ്പെട്ട സസ്യേതര വിഭവം.
 അയാളുടെ ഏറ്റവും വലിയ ബലഹീനത ഷവർമ്മയാണെന്നു പറയുന്നതാവും ശരി.
ഷവര്‍മ്മ കഴിച്ച്  ചിലര്‍ക്ക് ജിവഹാനി സംഭവിച്ചെന്നും  മറ്റു ചിലര്‍ക്ക്
രോഗം പിടിപെട്ടെന്നും മറ്റും കേട്ടപ്പോള്‍ അയാൾക്ക്  വലിയ വിഷമമായി.
ഷവര്‍മ്മക്ക് ഒരു പ്രശ്നവും ഉണ്ടാവരുതേ എന്നായി, അയാളുടെ പ്രാർത്ഥന. ഷവർമ്മയ്ക്കുണ്ടായ  ദുര്യോഗത്തെക്കുറിച്ച്  കേട്ടപ്പോൾ അയാളുടെ  അമ്മ, വൈവിദ്ധ്യമാർന്ന രുചികളിൽ ഒരുപാടു സസ്യേതര വിഭവങ്ങൾ മകനു വേണ്ടി തയ്യാറാക്കിക്കൊണ്ടേയിരുന്നു. എന്നാൽ അതൊന്നും  അയാളെ ആകർഷിച്ചതേയില്ല. ഷവർമ്മയുടെ ഉപയോഗത്തിന്റെ പ്രത്യാഘാതം വീണ്ടും വാർത്തകൾ സൃഷ്ടിച്ചപ്പോൾ അയാൾ കൂടുതൽ വിഷണ്ണനായി. “കേരളത്തിലുണ്ടാക്കുന്ന ഷവർമ്മ വിഷമയമാകാനുള്ള കാരണങ്ങളിലേയ്ക്ക് ഒരു എത്തി നോട്ടം“  എന്ന വിഷയം തന്നെ തന്റെ പി.എച്ച്. ഡി യുടെ തീസിസിനായി അയാൾ തെരഞ്ഞെടുത്തു.

Friday, October 19, 2012

മൊബൈൽ ഫോൺ

പുതിയ തലമുറയുടെ ശാപമാണ് മൊബൈൽ ഫോൺ എന്നായിരുന്നു ആ അച്ഛന്റെ പക്ഷം.
 മകന്റെ ഏതാഗ്രഹവും സാധിച്ചു കൊടുത്തിരുന്ന അച്ഛൻ അവനു നല്ല ഒരു മൊബൈൽ ഫോൺ വാങ്ങിക്കൊടുത്തു.  മൊബൈൽ ഫോൺ കിട്ടിയതോടെ അവൻ എപ്പോഴും ഫോണിൽ തന്നെയായിരുന്നു. രാപകൽ ഭേദമില്ലാതെ മൊബൈൽ ഫോണിൽ സംവദിക്കാൻ താല്പര്യപ്പെട്ടിരുന്ന മകനോടു സംസാരിക്കാനായി  ഒരു മൊബൈൽ ഫോൺ വാങ്ങാൻ ആ അച്ഛനും നിർബന്ധിതനായി.

Wednesday, October 17, 2012

ഒരു പിടി അശ്രു പുഷ്പങ്ങൾ

പ്രിയപ്പെട്ട കാമരാജ്,

നെയ്യാറ്റിൻ കരയിൽനിന്നുംഈ വൈകുന്നേരം  ഒരുപാടു പേർ എന്നെ വിളിച്ചു.“ നമ്മുടെ കാമരാജ് പോയി,” എന്നാണെല്ലാവരും പറഞ്ഞത്."Adv. Kama Raj expired. Burial at 11AM at Nellimood, Neyyattinkara". രഞ്ജിത് സുമൻ എന്ന സഹപ്രവർത്തകനടക്കം പലരും സന്ദേശം അയച്ചിരിക്കുന്നു. അതേ താങ്കൾ ഞങ്ങളുടെ എല്ലാവരുടേതുമാണ്. നാൽ‌പ്പത്തഞ്ച് വയസ്സിൽ താഴെയേ കാമരാജിനു പ്രായമുള്ളൂ എന്നെനിയ്ക്കറിയാം. മരണത്തിനു കീഴടങ്ങാനുള്ള പ്രായമായില്ല. എന്നിട്ടും!
തലസ്ഥാന നഗരത്തിൽ വച്ച് പാർട്ടി പരിപാടികളിൽമുൻ എം. എൽ. എ ശ്രീ തമ്പാനൂർ രവിയുടേയും കെ.പി.സി.സി. സെക്രട്ടറി ശ്രീ. സോളമൻ അലക്സിന്റെ നിഴൽ പോലെ നടന്നിരുന്ന കാമരാജ് , ഞാനും താങ്കളെ എത്രയോ വർഷമായി അറിയുന്നു. നെയ്യാറ്റിൻകരയിലെ എല്ലാപരിപാടികളിലും താങ്കൾ ഉണ്ടായിരുന്നല്ലോ.
ജനശ്രീയുടെ  പ്രവർത്തനങ്ങളിൽ കാമരാജ് സജീവമായതാവും നമ്മെ കൂടുതൽ  അടുപ്പിച്ചത്. നമ്മുടെ ക്യാമ്പുകളിൽ ഭക്ഷണശാലയിൽ നിറഞ്ഞു നിന്നിരുന്ന താങ്കൾ, എല്ലാവരെയും കഴിപ്പിക്കാൻ എത്ര താല്പര്യമാണ്  കാണിച്ചിട്ടുള്ളത്? പഴയ കാമരാജ് നാടാരുടെ പൈതൃകം അവകാശപ്പെട്ട് താങ്കൾ പറയുന്ന നിരുപദ്രവകരമായ തമാശകൾ ഇതാ ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നു.
ഏറ്റവും ഒടുവിൽ നമ്മൾ കൂടുതൽ ആശയവിനിമയം നടത്തിയത്, ഞാൻ നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ ഒരു മാസത്തിലധികം അവിടെ  തങ്ങിയപ്പോഴാണ്. അന്നു താങ്കൾക്കും  ഇലക്ഷൻ കമ്മിറ്റി ഓഫീസ് ചാർജ് ഉണ്ടായിരുന്നല്ലോ. രാവിലെയും വൈകുന്നേരവും ഞാൻ ഓഫീസിൽ വരുമ്പോൾ കാമരാജ് കാട്ടിയിരുന്ന സ്നേഹം, മറക്കാനാവില്ല. എന്താവശ്യങ്ങൾക്കും ഞാൻ ആ ദിവസങ്ങളിൽ ഏറ്റവും ആദ്യം വിളിച്ചിരുന്നതും കാമരാജിനെ ആയിരുന്നല്ലോ.

താങ്കളെ ചുറ്റിപ്പറ്റി, നേതാക്കളും പ്രവർത്തകരും പറഞ്ഞിരുന്ന തമാശക്കഥകൾ ഞാനും നന്നായി ആസ്വദിച്ചിരുന്നു.  നേതാക്കളും മറ്റും വരുമ്പോൾ ഒരു ഓഫീസ് അസിസ്റ്റന്റിനെപ്പോലെ ചായയും പലഹാരങ്ങളും വിളമ്പിയും, മറ്റു ജോലികൾ ചെയ്തും, താ‍ങ്കൾ മറ്റുള്ളവരിൽ നിന്നും വേറിട്ടു നിന്നത് ഞാനോർക്കുന്നു. ഇടയ്ക്കിടെ “ഒന്നുമല്ലെങ്കിലും ഞാൻ ഒരു അഡ്വക്കേറ്റ് ആണെന്ന കാര്യം എല്ലാവരും മറക്കുന്നു” എന്നു പറഞ്ഞ് കാമരാജ് മറ്റുള്ളവരുടെ ശ്രദ്ധ നേടിയിരുന്നല്ലോ. തിരുവനന്തപുരം ലോ അക്കാദമിയിൽ പഠിച്ചിരുന്ന കാലത്തെ കാമരാജിന്റെ വികൃതികളെക്കുറിച്ച് ഉള്ളതും കെട്ടിച്ചമച്ചതുമായ കഥകൾ എന്നോട് നമ്മുടെ നെയ്യാറ്റിൻ കരയിലെ സഹപ്രവർത്തകർ താങ്കളെ കേൾക്കെത്തന്നെ പറയുമ്പോൾ ആ ചമ്മലും, ആ നില്പും! ഇല്ല. സഹോദരാ ഒരിക്കലും മറക്കാനാവില്ല ഞങ്ങൾക്കു താങ്കളെ!
രാഷ്ട്രീയക്കാർ ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്ന ഒരു വിഭാഗമാണെന്ന് അറിഞ്ഞിട്ടും , പലപ്പോഴും മറ്റുള്ളവരുടെ മുൻപിൽ, നമ്മളൊക്കെ പരിഹാസ കഥാപത്രങ്ങളാകുന്നു.    ഞാനും താങ്കളും നമ്മുടെ സഹപ്രവർത്തകരായ പര ശതം പാർട്ടി പ്രവർത്തകരും  എന്നിട്ടും  എന്തേ രാഷ്ട്രീയം വെടിയാത്തത്? പണത്തിനും പ്രശസ്തിക്കുമപ്പുറം നാമറിയാതെ തന്നെ നമ്മൾ എന്തെല്ലാമോ നേടുന്നുണ്ട്. അല്ലേ കാമരാജ്? തിർച്ചയായും താങ്കൾ അത്തരം നേട്ടത്തിൽ ഒട്ടും പിന്നിലായിരുന്നില്ല.
“ചേച്ചീ, നെയ്യാറ്റിൻകരയിൽ മത്സരിക്കാൻ ഏറ്റവുമധികം യോഗ്യതയുള്ള ഒരു നാടാരാ  ഈ ഞാൻ! പക്ഷെ അഡ്വ. കാമരാജിന്റെ വില ആരും മനസ്സിലാക്കുന്നില്ല ചേച്ചീ”. കാമരാജ്, ഒരു നെടുവീർപ്പോടെ താങ്കൾ ഇതു പറയുമ്പോൾ കളിയാണ്, കാര്യമല്ല, എന്നേ ഞാനും കരുതിയിട്ടുള്ളൂ. താങ്കളും അതിനപ്പുറം ഒന്നും ചിന്തിച്ചിട്ടുണ്ടാവില്ല.
ഡോ. ശശി തരൂരിനെയും,ശ്രീ. ആർ. ശെൽവരാജിനെയുമൊക്കെ വിജയിപ്പിക്കാനായി സന്തോഷത്തോടെ തന്നെ ആദ്യം മുന്നിട്ടിറങ്ങിയവരുടെ  കൂട്ടത്തിൽ കാമരാജ് കൂടിയതും   അതു കൊണ്ടു തന്നെയാവാം.
മൂന്നു പതിറ്റാണ്ടിനപ്പുറത്തെ പൊതുജന സേവനം താങ്കളെ ഒരുപാടു പേരുടെ പരിചയക്കാരനാക്കി. ഒരു പഞ്ചായത്തു മെമ്പർ പോലും ആകാനൊത്തില്ല കാമരാജിന്. എങ്കിലും അതിനെക്കാളേറെ സേവനം ഈ ചെറിയ ജീവിതത്തിനിടെ താങ്കൾ ചെയ്തു. എനിക്കുറപ്പാണത്. നേട്ടങ്ങൾക്കപ്പുറത്ത്, മറ്റുള്ളവർക്കു വേണ്ടി എരിയുന്ന മെഴുകുതിരിയാവാൻ ശ്രമിച്ച മറ്റൊരു രാഷ്ട്രീയ പ്രവർത്തകൻ.
 എപ്പോഴോ താങ്കൾ മദ്യപാന ശീലത്തിലേക്കു വഴുതി വീണതും, കരൾ രോഗം താങ്കളെ കഷ്ടപ്പെടുത്തിയതുമൊക്കെ കാമരാജ് തന്നെ എന്നോടു പറഞ്ഞിരുന്നല്ലോ. നല്ലവരായ സുഹൃത്തുക്കളൊക്കെ താങ്കളെ ചികിത്സക്കു സഹായിച്ചതും, അവിവാഹിതനായതിനാൽ ആർക്കുമൊരു ഭാരമാവില്ലെന്ന് അഭിമാനത്തോടെ പറഞ്ഞതുമൊക്കെ ഞാൻ ഓർക്കുന്നു, കാമരാജ്. താങ്കൾ പറഞ്ഞതു പോലെ, മാതാ പിതാക്കളും സഹോദരങ്ങളും ഒന്നുമില്ലാത്ത വീട്ടിൽ, ഒറ്റക്കു കഴിയേണ്ടി വരുമ്പോഴത്തെ ഏകാന്തത താങ്കൾക്ക് അന്യമായിരുന്നില്ലല്ലോ. തമാശക്കാരനായി, മറ്റുള്ളവരെ ചിരിപ്പിച്ചും സ്വയം ചിരിച്ചും നാളുകൾ തള്ളി നീക്കിയിരുന്ന കാമരാജ്, താങ്കളുടെ മുഖത്തെവിടെയോ ഒളിഞ്ഞിരുന്ന ആ വിഷാദ ഭാവം! എന്നെയും ആ ഭാവം വല്ലാതെ അലട്ടുന്നു കാമരാജ്.
“ചേച്ചീ, ഞാൻ  കുടി നിർത്തി,നല്ല നടപ്പാണിപ്പോൾ!” എന്നൊക്കെ ഗൌരവത്തിൽ കാമരാജ് പറയുമ്പോഴും,  താങ്കളുടെ സുഹൃത്തുക്കൾ താങ്കൾ മദ്യത്തിന്റെ ഇരയായതിനെക്കുറിച്ച് എന്നോടും പറഞ്ഞിരുന്നു. എല്ലാ ദിവസവും രാത്രി കാലങ്ങളിൽ കാമരാജിന് ഒഴിവാക്കാൻ പറ്റാത്ത ഒരു സുഹൃത്തായി മദ്യം മാറിയതിനെക്കുറിച്ച്. പ്രിയ കാമരാജ്, എന്തെല്ലാം നന്മകളാൽ അനുഗൃഹീതനായിരുന്നു, താങ്കൾ. പക്ഷേ വിധി, താങ്കളെ തട്ടിയെടുത്തു, ഒരിക്കലും മടക്കമില്ലാത്ത യാത്ര പോകുന്നു, താങ്കൾ. ഞാനിപ്പോൽ കോട്ടയത്താ. നാളെ രാവിലെ ഞാനും എത്താം യാത്രയാക്കാൻ. നിസ്വാർത്ഥമായി പാർട്ടിയെ സ്നേഹിച്ച്, ഒന്നും നേടാതെ  മരിച്ചവരുടെ ഗണത്തിലേക്ക് ഇതാ ഒരാൾകൂടി.  അഡ്വ. കാമരാജ്.
ഒരു പിടി അശ്രു പുഷ്പങ്ങൾ അർപ്പിക്കട്ടെ ഞാൻ,
ഒരു പാടു സ്നേഹത്തോടെ,
സ്വന്തം ,
ലതികച്ചേച്ചി.

          


Friday, September 21, 2012

മതേതരത്വം

തേതരത്വത്തിന്റെ  വക്താക്കളാകാൻ ശ്രമിക്കുന്ന മൂന്നു യുവ  സുഹൃത്തുക്കൾ ഒത്തു കൂടി. മതത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും ഭംഗിയായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും അവരുടെ ഓരോരുത്തരുടെയും മൊബൈൽ ഫോണുകൾ ചിലയ്ക്കുന്നുണ്ടായിരുന്നു. രണ്ടു പേരുടെ റിംഗ്ടോൺ അവരവരുടെ മതത്തെ ഓർമ്മപ്പെടുത്തുന്നതായിരുന്നു. ദേശസ്നേഹത്തിന്റെ ഓർമ്മപ്പെടുത്തലോടെ ഒരു ഓടക്കുഴൽ വിളി മൂന്നാമന്റെ റിംഗ് ടോണായി കേൾക്കാനിടയായി. മൂവരുടെയും സംസാരം നീണ്ടു പോയി. “ഒരുപാടു നേരമായി ,ഇനി നമുക്കു പിരിയാം”. ഒരാൾ പറഞ്ഞു. അവർ വീടുകളിലേയ്ക്കു മടങ്ങും മുൻപ് മൂന്നാമന്റെ മൊബൈൽ വീണ്ടും ചിലച്ചു. ഓടക്കുഴൽ നാദത്തിനു പകരം മൂന്നാമന്റെ മതത്തെ ഓർമ്മപ്പെടുത്തുന്ന റിംഗ്ടോണായിരുന്നു, അത്.

Friday, September 14, 2012

ഫ്ലക്സ് ബോർഡ്

ഫ്ലക്സ് ബോർഡുകൾ  ആ ഗ്രാമത്തിന്റെ  സൌന്ദര്യം കെടുത്തിയെന്ന് എല്ലാവർക്കും തോന്നിത്തുടങ്ങി. സിനിമാ താരങ്ങളും മത-സാമുദായിക നേതാക്കളും, രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ദേവീദേവന്മാരും ഗജവീരന്മാരുമെല്ലാം ചിരിച്ചും ചിരിക്കാതെയുമിരിക്കുന്ന ഫ്ലക്സ് ബോർഡുകൾ  ഞെങ്ങി ഞെരുങ്ങി, തെരുവോരങ്ങളിലെല്ലാം ഇടം പിടിച്ചിരുന്നു. ഈ ഗ്രാമത്തിൽ ഫ്ലക്സ് ബോർഡുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട്,  ചെറുപ്പക്കാരനായ  മെമ്പർ ,പഞ്ചായത്തു കമ്മിറ്റിയിൽ കൊണ്ടുവന്ന പ്രമേയം അല്പം എതിർപ്പോടെയെങ്കിലും പാസ്സായി. “നമ്മുടെ പഞ്ചായത്തിൽ ഫ്ലക്സ് ബോർഡുകൾ നിരോധിക്കാൻ തീരുമാനമെടുത്ത ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് പുരുഷോത്തമന് അഭിവാദ്യങ്ങൾ” എന്നെഴുതിയ സചിത്ര ഫ്ലക്സ് ബോർഡുകൾ അന്നു രാത്രി തന്നെ ഗ്രാമത്തിലുടനീളം പ്രത്യക്ഷപ്പെട്ടു.

അമിട്ട്

കുളിമുറിയിലെ ടാപ്പ് അടച്ചിട്ടും അടയാതെ വന്നതിനാൽ, ബക്കറ്റിലേയ്ക്ക് ഓരോ തുള്ളി വെള്ളം വീഴുന്ന ഒച്ച കേട്ടപ്പോൾ അവൾക്ക് അമിട്ടിന്റെ ശബ്ദം പോലെ തോന്നി. അടുത്തിടെ പടക്ക നിർമ്മാണശാലയ്ക്കു തീപിടിച്ചതും, നിരവധി പേർ മരിച്ചതും അവളോർത്തു.  ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട അഞ്ചു വയസ്സുകാരനെ അവൾക്കു മറക്കാനാവുന്നില്ല. മക്കളില്ലാത്തതിന്റെ പേരിൽ തന്നെ ഉപേക്ഷിച്ചു പോയ ഭർത്താവിന്റെ പരുഷ വാക്കുകൾ അവൾക്കോർമ്മ വന്നു. എന്തു വന്നാലും ആ അഞ്ചു വയസ്സുകാരനെ തന്റെയൊപ്പം കൂട്ടാനുള്ള ശ്രമമായിരുന്നു, പിന്നീടവളുടേത്. ശ്രമം വിജയിച്ചു . കുഞ്ഞിനോടൊപ്പം വീട്ടിലെത്തിയപ്പോഴാകട്ടെ, “അവളുടെ തലയ്ക്കു നല്ല സ്ഥിരമില്ലെ”ന്ന മറ്റൊരമിട്ട് അന്നാട്ടിൽ പൊട്ടിയിരുന്നു.

Friday, August 31, 2012

സ്ത്രീശാക്തീകരണം

സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പ്രസക്തിയെക്കുറിച്ചും, സ്ത്രീയുടെ ഗാർഹികമായ അധിക ജോലികളെക്കുറിച്ചും അവൾ തനിച്ചു യാത്ര ചെയ്യാനുള്ള കരുത്താർജ്ജിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചുമൊക്കെ  ശക്തമായ ഭാഷയിൽ പ്രഭാഷണം നടത്തിയ മഹതി സദസ്യരുടെ പ്രശംസ പിടിച്ചു പറ്റി. ആനുകാലിക പ്രസിദ്ധികരണങ്ങളിൽ ഉശിരൻ ലേഖനങ്ങളെഴുതി, സ്ത്രീശാക്തീകരണത്തിന്റെ വക്താവായി മാറിയ പ്രഭാഷകയെ എല്ലാവരും അഭിനന്ദിച്ചു. സംഘാടകരുടെ ചായ സൽക്കാരം പോലും  നിരസിച്ച്, വാഹനത്തിൽ കയറിയ പ്രഭാഷകയുടെ  അടുത്തേയ്ക്ക് , അവരെ പരിചയപ്പെടാനായി  അല്പം ആരാധനാ മനോഭാവത്തോടെ തന്നെ,   ഓടിയെത്തിയ  യുവതികളെ നിരാശരാക്കി, അവർ പറഞ്ഞു. “ഒരു രക്ഷയുമില്ല. നേരം വൈകി, വൈകുന്നേരം അഞ്ചുമണിക്കു മുൻപ് വീടെത്തണം. അങ്ങനെയല്ലാത്ത ഒരു പരിപാടിക്കും എന്നെ കിട്ടില്ല, സോറി.”

Thursday, August 30, 2012

ഓണക്കോടി

റ്റക്കു താമസിക്കുന്ന അമ്മയെ കാണാൻ വിശേഷദിവസങ്ങളിൽ
മാത്രമാണ് മക്കൾ എത്തിയിരുന്നത്. തിരുവോണത്തിനു വന്നു പോയ മക്കൾ,
അമ്മയ്ക്ക് പെട്ടെന്നൊരസുഖം ബാധിച്ചെന്നറിഞ്ഞ് വീണ്ടുമെത്തി.
അമ്മയെ സ്ഥിരം നോക്കിയിരുന്ന ജോലിക്കാരിയില്ലാത്തതിനാൽ
ശീലമില്ലാത്ത രോഗീപരിചരണം മക്കൾക്ക്  വല്ലാത്ത വിഷമമുണ്ടാക്കി.
അമ്മയുടെ മുഷിഞ്ഞ വസ്ത്രങ്ങൾ മാറി പകരം കൊടുക്കാൻ ഒന്നു പോലും കാണുന്നില്ല. അബോധാവസ്ഥയിലായ അമ്മയുടെ അലമാരയുടെ
താക്കോൽ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.
ഒരിക്കൽക്കൂടി  അമ്മക്കു വേണ്ടി അവർ പുതുവസ്ത്രങ്ങൾ വാങ്ങിയപ്പോൾ,
കഴിഞ്ഞ കുറേ വർഷങ്ങളായി,
അമ്മയ്ക്കു മക്കൾ  നൽകിയ ഓരോ ഓണക്കോടിയും
അമ്മയുടെ അലമാരയിലിരുന്നു
വീർപ്പുമുട്ടുകയായിരുന്നു.

Tuesday, August 21, 2012

സഹായി

ല്ലാവർക്കും സഹായിയായിരുന്ന, അയാൾ, ആര് എന്തു സഹായം ചോദിച്ചാലും നൽകാൻ സദാ സന്നദ്ധനായിരുന്നു.  ഞാനും ആവശ്യങ്ങൾക്കു വേണ്ടി മാത്രമേ അയാളെ വിളിച്ചിരുന്നുള്ളൂ.     എല്ലാ ഡിസംബറിലും അയാൾ എനിക്കു കുറച്ചധികം ഡയറികൾ കൊടുത്തു വിട്ടിരുന്നു. ഞാനാകട്ടെ അതെല്ലാം സുഹൃത്തുക്കൾക്കു വിതരണം ചെയ്തിരുന്നു. എന്നാൽ പതിവിനു വിപരീതമായി ഡയറി കിട്ടാതിരുന്നപ്പോൾ അവകാശപ്പെട്ടതു കിട്ടാത്തതു പോലെയുള്ള സ്വരത്തിൽ, പല  സുഹൃത്തുക്കളുടെയും  വിളി വന്നു. ഞാനാകട്ടെ അപ്പോൾ അയാളെ വിളിക്കാനും നിർബന്ധിതനായി. എന്റെ സ്വരത്തിലും അവകാശം നിഴലിച്ചിരുന്നു. ആറു മാസമായി സുഖമില്ലാതെ കിടപ്പിലാണ് അയാൾ എന്ന വിവരം അയാളുടെ ഭാര്യ പറഞ്ഞപ്പോൾ എന്റെ ശിരസ്സു ലജ്ജകൊണ്ടു കുനിഞ്ഞു പോയി.

Tuesday, August 14, 2012

പട്ടിയുണ്ട്, സൂക്ഷിക്കുക!

യാളുടെ ഇഷ്ടപ്രകാരമാണ് അവർ 
ഒരു നായയെ വാങ്ങി വളർത്തിയത്. 
ഒരു ദിവസം അയാൾ ‘പട്ടിയുണ്ട്, സൂക്ഷിക്കുക!‘ എന്നെഴുതിയ
ഒരു ബോർഡ് എഴുതിച്ചു കൊണ്ടു വന്നു. 
ആ ബോർഡ് ഈ വീട്ടിൽ ആവശ്യമില്ല എന്നായി അവൾ. 
അകാലത്തിൽ അയാൾ അവളെയും മക്കളെയും വിട്ടു പോയി. 
അധികം വൈകാതെ അവരുടെ വളർത്തു നായയും ചത്തു പോയി.
ഏകാന്തതയും ഭയവും വല്ലാതെ
അലട്ടിയപ്പോൾ അവൾ ‘പട്ടിയുണ്ട്, സൂക്ഷിക്കുക!‘എന്ന 
ആ പഴയ ബോർഡ് പൊടിതട്ടിയെടുത്ത്,
പട്ടിയില്ലാത്ത വീടിന്റെ  
ഗേറ്റിനു മുന്നിൽ തൂക്കി.

Monday, August 6, 2012

ഹോം നഴ്സ്

രോഗിയായ അമ്മയെ
പരിചരിക്കാന്‍
ഒരു  ജോലിക്കാരിയെ
വച്ചപ്പോള്‍ , അവര്‍ക്ക്
ശമ്പളം
കൊടുക്കുന്നതിനു വേണ്ടി
'ഹോം നഴ്സ് ' ജോലിക്കായി
അവള്‍
വിദേശത്തേക്ക്  പറന്നു .

Friday, August 3, 2012

ഒളിക്യാമറ

രു പകല്‍മുഴുവനും യാത്ര ചെയ്തു
പലയിടത്തും അലഞ്ഞ അവള്‍ ,
ഒളിക്യാമറയെ ഭയന്ന് ഒന്ന് മൂത്രമൊഴിക്കാന്‍ പോലും കൂട്ടാക്കാതെ,
വീടെത്തിയ ഉടന്‍ ടോയിലെറ്റിലെക്കോടി.

അവിടെയാവട്ടെ, ഒരു ഒളിക്യാമറ
 വളരെ സുരക്ഷിതമായി
തന്നെ  നോക്കി  ഇരിക്കുന്നത് കണ്ടു
അവള്‍ നടുങ്ങിപ്പോയി .Monday, February 27, 2012

ഒളിച്ചോട്ടം.

കള്ളനാണെന്നറിഞ്ഞിട്ടും
അയാൾക്കൊരു
നല്ലവാക്ക്
സമ്മാനമായി നൽകിയ
ഇരയോട്
കള്ളന്
എന്തെന്നില്ലാത്ത ബഹുമാനം തോന്നി.
ഒരിയ്ക്കലും കിട്ടാത്ത നല്ല വാക്കുകൾ!
“എനിയ്ക്കിതാദ്യത്തെ അനുഭവമാ. പ്രത്യുപകാരമായി എന്താ ഞാൻ നൽകേണ്ടത്?”
കള്ളൻ ചോദിച്ചു.
“വേണ്ട, എനിക്കൊന്നും വേണ്ട. താങ്കൾ ഓടി രക്ഷപ്പെട്ടാൽ മാത്രം മതി.”
ഇരയുടെ ഈ മറുപടി കേട്ട കള്ളന് ,
അയാളോട് വല്ലാത്ത സ്നേഹം തോന്നി.
അതു പ്രകടിപ്പിക്കാൻ നിൽക്കാതെ,
കള്ളൻ തന്റെ ഇരയുടെ ആജ്ഞ അനുസരിച്ചു.
പിന്നെ ഒരോട്ടമായിരുന്നു....
ആ ഓട്ടം
എന്നെന്നേക്കുമായി മോഷണത്തിൽ നിന്നുമുള്ള ഒളിച്ചോട്ടമായിരുന്നു.

കനിവ്

നിവിന്റെ ആൾരൂപമെന്ന
ചെല്ലപ്പേരു കിട്ടിയ അയാൾ,
സാമ്പത്തിക സ്ഥിതി വഷളായപ്പോൾ
ഉള്ളതെല്ലാം വിറ്റുപെറുക്കി നാടുവിട്ടു .
ഇടക്കാലം കൊണ്ട് പാപ്പരായി
തിരികെ നാട്ടിലെത്തിയ അയാളോടാവട്ടെ,
ആരും കനിവുകാട്ടിയില്ല.


Monday, February 20, 2012

ചികിത്സ

ന്റെ സുഹൃത്തിന്റെ ചികിത്സാർത്ഥം
കാൻസർ സെന്ററിൽ കൂടെക്കൂടെ വന്നപ്പോഴൊക്കെ
അയാൾ അവളെ കണ്ടിരുന്നു.
കീമോ തെറാപ്പിയ്ക്കു ശേഷമുള്ള
അവളുടെ അസ്വസ്ഥതകൾ കണ്ട്
 അയാളും അവൾക്കു ധൈര്യം കൊടുത്തിരുന്നു.
എങ്കിലും ആരെയും ആകർഷിക്കുന്ന അവളുടെ കാർകൂന്തൽ
 അയാളെയും അലട്ടിയിരുന്നു.
പിന്നീട് അയാൾ അവളെ കണ്ടപ്പോൾ
അവളുടെ കൊഴിഞ്ഞ മുടി
 അയാളുടെ ഇടതൂർന്ന മുടിക്കൊപ്പം വളർന്നിരുന്നു.
 ഇക്കുറി സ്വന്തം ചികിത്സക്കു വേണ്ടിയാണ്
താനും വന്നതെന്ന സത്യം
 അവൾ അറിയരുതെന്ന നിർബന്ധമുള്ളതിനാൽ
 അവളെ  കണ്ടില്ലെന്ന മട്ടിൽ
 അയാൾ പരിശോധനാ മുറിയിലേക്ക് പാഞ്ഞു.

Tuesday, January 3, 2012

മോഹം

സൂപ്പര്‍ ഫാസ്റ്റ് ഓടിക്കുന്ന ഡ്രൈവറെ കാണാന്‍ അവന്‍ ബൈക്കോടിച്ച് എല്ലാ ദിവസവും ഹൈവേയിലെത്തുമായിരുന്നു. എല്ലാ ദിവസവും തന്നെ നോക്കി നില്‍ക്കുന്ന യുവാവിനെപ്പോലെ ഒരു ബൈക്ക് വാങ്ങി കറങ്ങി നടക്കുക എന്നതായിരുന്നു സൂപ്പര്‍ഫാസ്റ്റ് ഡ്രൈവറുടെ ഏറ്റവും വലിയ മോഹം .