Monday, October 22, 2012

ഒരു മുളം തണ്ടായ് ഞാൻ......

                         
                                                            
ഞാനും  ഒരു മുളം തണ്ടായിരുന്നുവെങ്കിൽ എന്ന് തീവ്രമായി ആഗ്രഹിച്ചത്, ഒക്ടോബർ  ഒൻപതാം തിയതി, കൃത്യമായി പറഞ്ഞാൽ, എന്റെ നാല്പത്തിയെട്ടാം പിറന്നാളിന്റെ തലേന്നാണ്. എന്റെ പ്രിയപ്പെട്ട , ഞാൻ അനുജത്തിയെപ്പോലെ കരുതുന്ന, കേരളാ പൊലീസിലെ കോൺസ്റ്റബിളും പ്രകൃതി സ്നേഹിയുമായ  തുളസി അന്ന് ഉച്ചയ്ക്ക്  എനിക്കൊരു പിറന്നാൾ സമ്മാനവുമായി കോട്ടയത്തെ വീട്ടിലെത്തി.  എന്നെ അവിടെ കാണാഞ്ഞ് ഫോണിൽ വിളിച്ചു. മാല്യങ്കര എസ് .എൻ .എം എഞ്ചിനീയറിങ് കോളജിൽ വനിതാ അസോസിയേഷൻ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോഴാണു വിളി. “ചേച്ചീ, ചേച്ചിക്കു പുണർതം നക്ഷത്രത്തിന്റെ വൃക്ഷമേതെന്നറിയുമോ?”  “ആവോ! എനിക്കൊരോർമ്മ വരുന്നില്ലാല്ലോ മോളേ.”ഞാൻ തപ്പിത്തടഞ്ഞു. “മുളയാ ചേച്ചീ, മുള. ഓരോ നാളിനും ഓരോ വൃക്ഷമുണ്ട്. എന്തായാലും ചേച്ചിക്കു വേണ്ടി ഞാനൊരു ഇല്ലിത്തൈ വാങ്ങി വീട്ടിൽ അമ്മയെ ഏല്പിച്ചിട്ടുണ്ട്. ഇന്നു രാത്രി എട്ടു മുതൽ നാളെ രാവിലെ എട്ടു വരെയാ പുണർതം. ചേച്ചി വരുമ്പോൾ ഈ ഇല്ലി ചേച്ചിക്കു കാണാവുന്നിടത്തെവിടെയെങ്കിലും കുഴിച്ചു വയ്ക്കണം കേട്ടോ.” തുളസിയുടെ നിർദ്ദേശം.
 “തീർച്ചയായും.” ഞാൻ തുളസിക്ക് ഉറപ്പു കൊടുത്തു.

അതു വരെ മുളയോടു തോന്നിയതിലുംകൂടുതൽ  ഒരിഷ്ടം എന്നിൽ രൂപം കൊണ്ടതു പോലെ. മാല്യങ്കരയിൽ നിന്നും എനിക്ക് പോകേണ്ടതു അരൂരിലെ                                                                                                                                                                                                                                                                                                    മനോരമ സ്റ്റുഡിയോയിലേക്കായിരുന്നു. പുല്ലു വർഗ്ഗത്തിലെ അതികായനായ മുളയെക്കുറിച്ചായിരുന്നു ഞാൻ ചിന്തിച്ചത്.
“കാട്ടിലെ പാഴ് മുളം തണ്ടിൽ നിന്നും....
പാട്ടിന്റെ പാലാഴി തീർത്തവളേ....”

“ഒരു മയിൽ പീലിയായ്ഞാൻ.... ജനിക്കുമെങ്കിൽ നിന്റെ
തിരുമുടി കുടന്നയിൽ  തപസ്സിരിക്കും
ഒരു മുളം തണ്ടായ് ഞാൻ പിറക്കുമെങ്കിൽ നിന്റെ
ചൊടിമലരിതളിൽ വീണലിഞ്ഞു പാടും...”

ആ  പാട്ടുകളൊക്കെ എന്റെ ചുണ്ടുകളിൽ എവിടെ നിന്നോ ഓടിയെത്തി, തത്തിക്കളിച്ചുകൊണ്ടേയിരുന്നു.
വീട്ടിലെത്തിയപ്പോൾ കുറച്ചു മുളവിശേഷങ്ങൾ തപ്പിയെടുത്തു. എൺപത് അടിയോളം നീളം വരുന്ന ഭീമൻ മുളകളെക്കുറിച്ചും മറ്റും ഞാൻ വായിച്ചു. ചില മുളകൾ എല്ലാ വർഷവും പുഷ്പിക്കും, മറ്റു ചിലവയാകട്ടെ, ആയുസ്സിൽ ഒരിക്കൽ മാത്രമേ പുഷ്പിക്കൂ. നമ്മുടെ കൊല്ലം ജില്ലയിലെ പട്ടാഴി പഞ്ചായത്തിൽ  വളർന്ന ഒരു മുള ലോകത്തിലെ ഏറ്റവും നീളം കൂടിയ മുള എന്ന സ്ഥാനം നേടിയിരുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. മുളയുടെ കൂമ്പ് അച്ചാറിടാൻ ഉത്തമം. ചൈനക്കാർക്കും ജപ്പാൻകാർക്കും തീന്മേശയിൽ  മുളയുടെ തളിരിനോടാണത്രേ പ്രിയം. മുളയരി ഔഷധഗുണമുള്ള ഭക്ഷണ സാധനമാണ്.  സെപ്റ്റംബർ 18 ലോക മുളദിനമായി ആചരിച്ചു വരുന്നു. 2009-ൽ ബാങ്കോക്കിൽ വച്ചു ചേർന്ന ലോക മുളസമ്മേളനത്തിലാണ് മുളദിനാചരണത്തിനു നാന്ദി കുറിക്കപ്പെട്ടത്. ആദ്യത്തെ ലോക മുളദിനത്തിന് ആതിഥ്യമരുളിയത് നാഗാലാന്റാണ്.
                       പുരാണത്തിലും ഒട്ടും മോശമല്ലാത്ത സ്ഥാനം മുളയ്ക്കുണ്ട്.  ദാരികാസുര വധം കഴിഞ്ഞ് കോപം അടക്കാനാവാതെ ശ്രീഭദ്രകാളി പൊരിവെയിലത്തു നിൽക്കുന്നതു കണ്ട്, പറയി പെറ്റ പന്തിരുകുലത്തിലെ പാക്കനാർ വീട്ടിലേയ്ക്കോടി .പതിനാറു കമ്പുകളുള്ള മുള വെട്ടിക്കൊണ്ടു വന്ന് , മുപ്പത്തിരണ്ട് നിരത്തലകിട്ട്, കുടപ്പനയുടെ ഓലകൊണ്ട് പൊതിഞ്ഞുണ്ടാക്കിയ ഓലക്കുട കൊണ്ടു പോയി ഭഗവതിയെ ചൂടിച്ചു കൊടുത്തു. “നിന്റെ ഈ കുടയ്ക്കു കീഴിൽ എന്റെ സാന്നിദ്ധ്യം എന്നും ഉണ്ടാകും” എന്ന് ഭഗവതി അനുഗ്രഹിച്ചത്രേ.
                                       പാക്കനാരുടെ മുറക്കച്ചവടം പ്രസിദ്ധമാണ്. മുളയുടെ  വാണിജ്യ പ്രാധാന്യം പരിസ്ഥിതി  സൌഹൃദ  ഉൽ‌പ്പന്നങ്ങൾ കൊതിക്കുന്ന ഏതൊരു നാടും അംഗീകരിക്കും. കടലാസ്സു നിർമ്മാണത്തിനുള്ള  അസംസ്കൃത വസ്തുവായും, കോൺക്രീറ്റ് പണിക്ക് തട്ടിടാൻ   മുട്ടായും,      കുട്ട, വട്ടി, മുറം, എന്നിവയുടെ നിർമ്മാണത്തിനും മുള  അത്യന്താപേക്ഷിതമാണ്. ആധുനിക മനുഷ്യർ കെട്ടിട നിർമ്മാണത്തിന് സിമന്റ്, ഇരുമ്പ്, ഇഷ്ടിക എന്നിവ  ഉപയോഗിക്കും പോലെ, ആദിവാസികൾ മുളയെ വീടു നിർമ്മാണത്തിന് ആശ്രയിച്ചിരുന്നു. അവർക്ക് കെണിയുണ്ടാക്കാനും കത്തിയുണ്ടാക്കാനും  മുള വേണമായിരുന്നു. അന്നും ഇന്നും വള്ളമൂന്നാൻ മുളയുടെ കഴുക്കോൽ ഉപയോഗിക്കുന്നു. അത്യന്താധുനിക ഭവനങ്ങളിലും മുളകൊണ്ടുള്ള കർട്ടൻ പഥ്യം തന്നെ. ഇല്ലി മുള്ളുകൾ കൊണ്ട് അതി മനോഹരമായി നിർമ്മിച്ചിരുന്ന വേലിക്കെട്ടുകൾ മുൻ കാലങ്ങളിലെ നമ്മുടെ പ്രകൃതി സ്നേഹത്തിന്റെയും നല്ല അയൽ ബന്ധങ്ങളുടെയും ഉദാത്തമായ ഉദാഹരണമാണ്. മുള മാഹാത്മ്യം പറഞ്ഞാൽ തീരില്ല.
 എന്റെ പിറന്നാൾ ദിനത്തിൽ ( കന്നിമാസത്തിലെ പുണർതം നക്ഷത്രം) രാവിലെ കുളിച്ച്, തുളസി തന്ന ഇല്ലിത്തൈ എന്റെ വീടിന്റെ കിഴക്കു വശത്തെ മതിലിന്നരികിൽ നടുമ്പോൾ ഞാൻ സ്വയം ചോദിച്ചു. ഞാൻ ഒരു മുളം തണ്ടാണോ? ആവാം. വേണമെങ്കിൽ അങ്ങനെയാക്കാം. അങ്ങനെയായാൽ തന്നെ, മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന ഒരു വേണുഗാനം ഈ മുളം തണ്ടിൽ നിന്നും എപ്പോഴെങ്കിലും ഉതിർന്നിട്ടുണ്ടോ? ഞാൻവീണ്ടും എന്നോടു ചോദിച്ചു. പൊതു സമൂഹത്തിന്റെ വിമർശനം  ഏറ്റവുമധികം ഏറ്റുവാങ്ങുന്ന പൊതുപ്രവർത്തകരുടെ പട്ടികയിലേയ്ക്ക് ഞാൻ എങ്ങനെ എത്തപ്പെട്ടു എന്നു ഞാൻ ഓർത്തു നോക്കി.  സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസ് ലീഡറും സ്കൂൾ സെക്രട്ടറിയുമൊക്കെ ആയും, ഒന്നാം വർഷ പ്രീഡിഗ്രിക്ക്  കോളജിലെ വനിതാ പ്രതിനിധിയായും, ബിരുദത്തിന്റെ അവസാന വർഷം കോളജിലെ യൂണിവേഴ്സിറ്റി യൂണിയൻ കൌൺസിലറായുംപിന്നെ, 1991ലെ ജില്ലാകൌൺസിൽ അംഗമായും, 92ൽ എറണാകുളം ജില്ലാകൌൺസിൽ അംഗത്തിന്റെ ഭാര്യയായും,   95ലും 2000ലും ജില്ലാപഞ്ചായത്തിലേക്ക് ഇരുവരും വീണ്ടും മത്സരിച്ച് ജയിച്ച് രണ്ടു ജില്ലകളിൽ രണ്ടായി നിന്നുകൊണ്ടു തന്നെ ഒന്നായി ജീവിച്ചതുമെല്ലാം  ഒരു മിന്നായം പോലെമനസ്സിലൂടെ കടന്നു പോയി.  പൊതു ജീവിതം വ്യക്തി ജീവിതത്തെ തുരത്തിയോടിച്ചത് എപ്പോഴാണെന്നു പോലും എനിക്കോർമ്മിച്ചെടുക്കാൻ കഴിയാത്തതു പോലെ. രണ്ടു പതിറ്റാണ്ടത്തെ ദാമ്പത്യജീവിതത്തിനിടെ ഭർത്താവിനു വേണ്ടി മാത്രം ഒരു ഭാര്യയെന്ന നിലയിൽ നീക്കി വക്കാൻ കിട്ടിയ സമയം എത്ര തുച്ഛം! ഞങ്ങളുടെ ദാമ്പത്യ വല്ലരിയിൽ പൂത്ത ഒരേയൊരു മകൻ കണ്ണന്(ബ്രഹ്മ ദർശൻ) അമ്മയെന്ന നിലയിൽ ഞാൻ നൽകിയ സമയം മറ്റ് അമ്മമാരുമായി താരതമ്യം ചെയ്യുമ്പോൾ എത്രയോ നിസ്സാരം! ഒരു പൊതു പ്രവർത്തകയുടെ പരിമിതികളിൽ ഒതുങ്ങി നിന്നു കൊണ്ടു മാത്രമേ എനിയ്ക്ക് എന്റെ മാതാ പിതാക്കളേയും എന്റേയും ഭർത്താവിന്റെയും വീട്ടിലെ മറ്റു ബന്ധു മിത്രാദികളേയും പരിചരിക്കാനോ ,അവരോടൊക്കെ ഇടപെടാനോ കഴിഞ്ഞിട്ടുള്ളൂ. എന്നാൽ പൊതു ജീവിതത്തിൽ കുറച്ചുകൂടി  അർപ്പണ മനോഭാവത്തോടെ മുന്നോട്ടു പോകാനായെന്ന് ഞാനും ആശ്വസിക്കാറുണ്ട്. ദൈനം ദിന ജീവിതത്തിലെ ക്ലേശങ്ങളും വ്യക്തി ജീവിതത്തിലെ സുഖ ദു:ഖങ്ങളും ഒരിക്കലും കണക്കിലെടുക്കാതെ , പൊതു ജീവിതത്തിൽ വ്യവഹരിക്കാനും, അന്യരുടെ സുഖ ദു:ഖങ്ങളിൽ പങ്കാളികളാകാനുമായിരുന്നു, ഞങ്ങളും മറ്റു പൊതുപ്രവർത്തകരെപ്പോലെ തന്നെ ആഗ്രഹിച്ചത്. സ്വകാര്യ ദു;ഖങ്ങൾക്ക് അപ്പോഴൊന്നും പ്രാധാന്യം കല്പിച്ചിരുന്നില്ല. ഏതൊരു പൊതുപ്രവർത്തകനും(പൊതുപ്രവർത്തകയും) നേരിട്ടേക്കാവുന്ന ആരോപണങ്ങളോ അപവാദപ്രചരണങ്ങളോ ഞങ്ങൾക്കും അന്യമായിരുന്നില്ല താനും. മറ്റുള്ളവരെ സന്തോഷിപ്പിക്കാനും അവർക്ക് ആശ്വാസ ദായകമായ എന്തെങ്കിലും  ചെയ്യാനും കഴിയുന്ന ഒരുതരം ഓടക്കുഴലുകൾ.. ....അതേ ..സാമൂഹ്യ ജീവിതത്തിൽ  ചെറിയ ഇടപെടലെങ്കിലും നടത്തിയിട്ടുള്ള ആളുകളിൽ നല്ലൊരു ശതമാനം പേരും അങ്ങനെയാകാൻ ആഗ്രഹിക്കുന്നുണ്ടാവാം. ഓരോ മനുഷ്യനും ഓരോ മുളം തണ്ടാണ്. അതിൽ ചിലതാവട്ടെ, മറ്റുള്ളവർക്കായി, ഒരിയ്ക്കലും മറക്കാനാവാത്ത വേണുനാദം പുറപ്പെടുവിക്കാൻ കഴിയുന്ന നല്ല ഓടക്കുഴലുകളാണ്. എന്റെ ഈശ്വരാ... എനിക്ക് അത്തരമൊരു ഓടക്കുഴലാകാനായിരുന്നെങ്കിൽ!! നഷ്ടബോധവും കുറ്റബോധവുമൊക്കെ എന്നെ വല്ലാതെ അലട്ടുന്നതു പോലെ തോന്നി, എനിക്ക്.

      ഒരു മുളന്തണ്ടിൽ പ്രത്യേക അകലം വച്ച് സുഷിരങ്ങളുണ്ടാക്കി, അതൊരു വാദ്യോപകരണമാക്കി മാറ്റാൻ കഴിയുന്നതും,ആ വേണു ഗാനം ആയിരങ്ങളെ ആനന്ദിപ്പിക്കുന്നതുമൊക്കെ ഞാൻ അദ്ഭുതാദരങ്ങളോടെ ഓർത്തു പോയി. മറ്റുള്ളവർക്ക് ആനന്ദം കൊടുക്കുന്ന മുരളീനാദം പുറപ്പെടുവിക്കാനായാൽ അതൊരു ഭാഗ്യം തന്നെ. ഈശ്വരന്റെ പ്രതിരൂപമായി കുട്ടിക്കാലം മുതൽ മനസ്സിൽ പതിഞ്ഞ ആ മുരളീധരനെ വിചാരിച്ച്  ശ്രീ. ബിച്ചു തിരുമലയുടെ  ആ വരികൾ ഞാൻ വീണ്ടും മൂളി...
“ഒരു മയിൽ പീലിയായ് ഞാൻ.... ജനിക്കുമെങ്കിൽ നിന്റെ
തിരുമുടി കുടന്നയിൽ  തപസ്സിരിക്കും
ഒരു മുളം തണ്ടായ് ഞാൻ പിറക്കുമെങ്കിൽ നിന്റെ
ചൊടിമലരിതളിൽ വീണലിഞ്ഞു പാടും...”

7 comments:

വെള്ളരി പ്രാവ് said...

"മനസ്സ് തുറന്നുള്ള ഒരു എഴുത്ത്.ഇച്ചേച്ചി എന്നെ വെറുതെ കരയിപ്പിച്ചു.ആരാ പറഞ്ഞെ പൊതു സമൂഹത്തിന്‍റെ വിമര്‍ശനം എന്‍റെച്ചിയാ ഏറ്റവും കൂടുതല്‍ ഏറ്റു വാങ്ങുന്നതെന്ന്? സ്വയം വിലയിരുത്തണ്ട.ആരോഗ്യകരമായ വിമര്‍ശനങ്ങളും,ക്രിയാത്മകമായ നിര്‍ദേശങ്ങളും എന്നും തുറന്ന ചിരിയോടെ സ്വീകരിക്കുന്ന നേതൃ പാടവം ഉള്ള മഹിളകളുടെ ലിസ്റ്റ് എടുത്താല്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേച്ചി അല്ലാതെ വേറെ ആരാണ് ഉള്ളത്?" ഏറെ പ്രതിസന്ധികളില്‍ സമൂഹത്തില്‍ തളരാതെ തല ഉയര്‍ത്തി നിന്നില്ലേ ഇതിലും വലിയ ഒരു യോഗ്യത എന്താണ് ഒരു പൊതു പ്രവര്‍ത്തകക്കു വേണ്ടത്?എന്‍റെച്ചി നാളത്തെ മന്ത്രി ആണ്.ഇത് എന്‍റെ വെറും വാക്കല്ല...ആഗ്രഹമല്ല..അനതി വിദൂര ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന സത്യം ".എവിടെ കേറി ചെന്നാലും സ്നേഹിക്കുന്ന ,ആദരിക്കുന്ന ഒരു കൂട്ടം ജനങ്ങളെ മറന്നോ?കാപട്യ രാഷ്ട്രീയവും,ജയിക്കാനുള്ള പൂഴികടകനും നടത്തി ജനങ്ങളുടെ കണ്ണില്‍ തല്‍കാലത്തേക്ക് എതിര്‍ ചേരി മണ്ണ് വാരിയിട്ടാലും,കറ പുരളാത്ത കൈയ്യുമായി,നേരിന്‍റെ തീ വരമ്പിലൂടെ ഒരു സമൂഹത്തിനു മുന്നില്‍ കക്ഷി രാഷ്ട്രീയഭേദമന്യേ, ജാതി മത ഭേദമന്യേ ,സ്ത്രീ പുരുഷ ഭേദമന്യേ നേടിയെടുത്ത ഒരു സത്പേരുണ്ട് ചേച്ചിക്ക്.അത് മതി എന്‍റെച്ചിക്ക്.അത് മാത്രം മതി വിജയത്തിലേക്കുള്ള പടികള്‍ക്കു ഉറപ്പു പകരാന്‍....,കൈകള്‍ക്ക് കരുത്ത് പകരാന്‍.........
ഒത്തിരി സ്നേഹത്തോടെ....Sheeba Ramachandran.

Lathika Subhash said...

ഇപ്പോൾ വെള്ളരിപ്രാവ് എന്നെയാ കരയിപ്പിച്ചത്.

മോഹന്‍ കരയത്ത് said...

മുളയുടെ പിന്നില്‍ ഇത്രയധികം വിശേഷങ്ങള്‍ ഉണ്ടെന്നു ഇപ്പോഴാണ് അറിഞ്ഞത്!! ഒത്തിരി അറിവ് പകരുന്ന ഈ പോസ്റ്റിനു നന്ദി.
ആശംസകള്‍!!!

ajith said...

ഇവിടെ കുഞ്ഞുകുഞ്ഞ് കഥകള്‍ വായിച്ച് ഇപ്പോള്‍ ഈ നീണ്ട കുറിപ്പ് കണ്ടപ്പോള്‍ ആകാംക്ഷയോടെയാണ് വായന തുടങ്ങിയത്. മനോഹരമായ ലേഖനം

Vineeth vava said...

അഭിനന്ദനങ്ങള്‍........

words are not quite enough...

എനിക്കുമുണ്ടൊരു ബ്ലോഗ്‌ ..... വരുമെന്നും ചങ്ങാതിയാകുമെന്നും വിശ്വസിക്കുന്നു....

Vellayani Vijayan/വെള്ളായണിവിജയന്‍ said...

പോരട്ടെ മുളവിശേഷങ്ങൾ....അഭിനന്ദനങ്ങൾ....

രമേഷ്സുകുമാരന്‍ said...

സ്വന്തം കർമ്മവും പ്രവർത്തനമേഖലയും തിരിച്ചറിയുന്നതിലാണ്കാര്യം.അത് കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ തിരിഞ്ഞുനോക്കാനില്ല.മനസ്സിനെ നയിക്കുന്നത് ആ വേണുഗായകൻ തന്നെയാകും.തിരക്കിനിടയിലും എഴുതാൻ കഴിയുന്നതിനെ അഭിനന്ദിക്കുന്നു.