Sunday, March 21, 2010

സൂര്യാഘാതമേറ്റ്, ഒരു ജലദിനം കൂടി..


സൂര്യാഘാതമേറ്റ് മലയാളികൾ ഓരോരുത്തരായി മയങ്ങിവീഴുന്നത് നിത്യ സംഭവമായിക്കൊണ്ടിരിക്കുമ്പോൾ ഇതാ ഒരു ദിനാചരണം. ഇന്ന് മാർച്ച് 22, ലോകജലദിനം. ഓരോതുള്ളി ജലവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത മാനവ രാശിക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് ആചരണത്തിന്റെ ലക്ഷ്യം. ഇനിയുമൊരു മഹായുദ്ധമുണ്ടാകുന്നത് കുടിവെള്ളത്തിനു വേണ്ടിയാകുമെന്ന പ്രവചനത്തെ ബലപ്പെടുത്തുന്ന രീതിയിലുള്ള ജലദൌർലഭ്യം ലോകമൊട്ടാകെ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. നൂറ്റാണ്ടിന്റെ പകുതിയിലെത്തുമ്പോൾലോകജനസംഖ്യ ഇരട്ടിയാകുമെന്നത് നമ്മുടെ ആശങ്ക വർദ്ധിപ്പിക്കുന്നു. 2004 - ‌‌പുറത്തിറക്കിയ ഒരു കണക്കനുസരിച്ച് ശുദ്ധജലം കിട്ടാതെ ലോകത്ത് പ്രതിദിനം മരിക്കുന്നത് 630 പേരാണ്.ഇതിൽ ബഹുഭൂരിപക്ഷം കുട്ടികളാണ്.
ഭൂമിയിലെ ശുദ്ധജലത്തിന്റെ 45 ശതമാനത്തോളം അമേരിക്കൻ ഭൂഖണ്ഡത്തിലാണ്. കേവലം 4ശതമാനം മാത്രമാണ് ഭാരതത്തിലുള്ളത്. ഭാരതമാകട്ടെ, കടുത്ത ജലദൌർലഭ്യമുള്ള രാജ്യങ്ങളുടെ പട്ടികയിലെ പ്രമുഖ സ്ഥാനത്ത് എത്തിക്കഴിഞ്ഞിരിക്കുന്നു. പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളും, കിഴക്കോട്ടൊഴുകുന്ന 3 നദികളും കേരളത്തിന്റെ ജലസമ്പത്താണ്. എന്നാൽ, പെരിയാറും ഭാരതപ്പുഴയും പമ്പയാറുമൊക്കെ മലിനീകരണത്തിന്റെ കാര്യത്തിൽ ഇന്നു മത്സരിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ നഗരങ്ങളിലെയും വ്യവസായശാലകളിലെയും മാലിന്യങ്ങൾ ആശ്രയം കണ്ടെത്തുന്നത് നമ്മുടെ നദികളിലാണ്. മൂവായിരം മില്ലീമീറ്റർ മഴ ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. മഴവെള്ളം സംഭരിച്ചു വച്ചാൽ നമ്മുടെ കുടിവെള്ള പ്രശ്നം തീരുമെന്നു വിദഗ്ദ്ധർ പറയുന്നു. നമ്മുടെ മഴവെള്ളമെല്ലാം ഒഴുകി ഒഴുകി കടലിൽ പതിക്കുകയാണു ചെയ്യുന്നത്. ഭൂമിയിൽ പതിക്കുന്ന മഴവെള്ളം എങ്ങനെ മണ്ണിലേക്കിറങ്ങും? നഗരവൽക്കരണം, ഫ്ലാറ്റുകളുടെയും കോൺക്രീറ്റ് മന്ദിരങ്ങളുടെയും ആധിക്യം,വന നശീകരണം, കാർഷികരംഗത്തെ മാന്ദ്യം, അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങൾ, അനാവശ്യമായ കോൺക്രീറ്റ് ജോലികൾ - ഇങ്ങനെ ഒട്ടനവധി കാരണങ്ങളാൽ കേരളം കടുത്ത വരൾച്ചയെ നേരിടുന്നു. നമ്മുടെ കുന്നുകളിലെ മണ്ണ് നീക്കം ചെയ്തും നെൽ വയലുകൾ മണ്ണിട്ടു നികത്തിയും വികസനപരീക്ഷണങ്ങൾ നടത്തിയപ്പോൾ ഭൂജല നിരപ്പിന്റെ താളം തെറ്റിയത് നാം അറിയാതെ പോയോ? നമ്മുടെ ജലസ്രോതസ്സുകളെല്ലാം മലിനമായിക്കൊണ്ടിരിക്കുന്നു. രാസവളത്തിന്റെയും കീടനാശിനികളുടെയും അമിതമായ ഉപയോഗം ജലസ്രോതസ്സുകളെ വിഷമയമാക്കുന്നു.
ഭക്ഷണം കഴിക്കാതെ ദിവസങ്ങളോളം ജീവിക്കാവുന്ന മനുഷ്യന് നിമിഷങ്ങൾ മാത്രമാണ് ജീവവായുവില്ലാതെ ജീവിക്കാനാവുന്നത്. ജിവജലം കിട്ടാതെ മണിക്കൂറുകൾ മാത്രമേ അവനു നിലനില്പുള്ളൂ. മനുഷ്യ ശരീരത്തിന്റെ മൂന്നിൽ രണ്ടു ഭാഗം ജലമാണ്. ഒരാൾ ഒരു ദിവസം പത്തു ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചിരിക്കണം. വായു പോലെ തന്നെ ജലവും ജീവന്റെ നിലനില്പിന് അത്യന്താപേക്ഷിതമാണ്. ജലം ലഭിക്കുക എന്നത് നമ്മുടെ അവകാശമാണ്.അതുകൊണ്ടു തന്നെ എല്ലാ മനുഷ്യർക്കും ആവശ്യമായ ശുദ്ധജലംസൌജന്യമായി ലഭ്യമാക്കാനുള്ള സാഹചര്യം ഉണ്ടാക്കുവാൻ ഭരണാധികാരികൾ പ്രതിജ്ഞാബദ്ധരാണ്.
വിധി വൈപരീത്യമെന്നു പറയാം, എറ്റവും കൂടുതൽ കുപ്പിവെള്ളം വാങ്ങിക്കുന്ന കാര്യത്തിൽ നമ്മുടെ രാജ്യം ഇന്നു പത്താം സ്ഥാനത്താണ്. ആയിരത്തിലധികം നിർമ്മാതാക്കളെയും ഇരുന്നൂറിലേറെ ബ്രാൻഡുകളെയും കൊണ്ടു സമ്പന്നമാണ് നമ്മുടെ നാട്ടിലെ കുപ്പിവെള്ള വ്യവസായം. മുടക്കു മുതലിന്റെ പരശതം മടങ്ങ് ലാഭം കൊയ്യാനാകുന്ന കച്ചവടച്ചരക്കാണിന്നു കുടിവെള്ളം. കേരള വാട്ടർ അഥോറിറ്റിയും ഇപ്പോൾ കുപ്പിവെള്ള വ്യവസായം തുടങ്ങുന്നതിന്റെ ആലോചനയിലാണ്. കുപ്പിവെള്ള വ്യവസായവും മൃദുപാനീയ വ്യവസായവും കാരണം വൻതോതിൽ ഭൂഗർഭജലം നഷ്ടമായിക്കൊണ്ടിരിക്കുന്നു. പ്രതിവർഷം ഒരുകോടി കിലോ പ്ലാസ്റ്റിക് കുപ്പികളാണ് ഇൻഡ്യയിൽ കുടിവെള്ളക്കച്ചവടത്തിന്റെ പേരിൽ വിപണിയിലെത്തുന്നതെന്നു കണക്കുകൾ പറയുന്നു. പ്ലാസ്റ്റിക്ക് കുപ്പികൾക്ക് നമ്മുടെ മാലിന്യസൃഷ്ടിയിലുള്ള പങ്ക് എത്ര വലുതാണെന്നു പറയേണ്ടതില്ലല്ലോ. യാത്രാ വേളകളിലും സമ്മേളന വേദികളിലും സദസ്സുകളിലും തീൻ മേശകളിലുമെല്ലാം മലയാളിക്കിന്നു കുപ്പിവെള്ളം തന്നെ വേണം. ആഡംബരത്തിന്റെയും ദുരഭിമാനത്തിന്റെയും മേശപ്പുറങ്ങളിൽ ഇന്നു പണ്ടത്തെ തിളപ്പിച്ചാറിച്ച വെള്ളം കാണാനേയില്ല. ജീരകവെള്ളവും തുളസിവെള്ളവും പതിമുഖവും മറ്റും നമ്മുടെ അടുക്കളയിൽനിന്നും ഇറങ്ങിക്കഴിഞ്ഞു.മലയാളി , മിനെറൽ വാട്ടറുമായി അത്രകണ്ട് അടുപ്പത്തിലായിക്കഴിഞ്ഞു. നമ്മുടെ കിണറുകളിലെയോ പൈപ്പുകളിലെയോ വെള്ളമെടുത്ത് നന്നായി തിളപ്പിച്ച് ഉപയോഗിക്കുന്നതിനെക്കാൾ മെച്ചമല്ല, കുപ്പിവെള്ളമെന്ന് പലരും അറിയുന്നില്ല.
ദൈവത്തിന്റെ സ്വന്തം നാട്ടിലൂടെ ഒരു ജലദിനം കൂടി കയറിയിറങ്ങിപ്പോകുമ്പോൾ നമ്മൾ നമ്മോടുതന്നെ ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. ഇവിടുത്തെ അൻപതുലക്ഷത്തിലേറെ കിണറുകളും ഒരു ലക്ഷത്തിലധികം കുളങ്ങളും മൂവായിരത്തോളം അരുവികളും 44 നദികളും സംരക്ഷിക്കാൻ എന്തെങ്കിലുമൊരു ചെറു നീക്കം നമ്മുടെ ഭാഗത്തു നിന്നും നടന്നിട്ടുണ്ടോ? വറുതിക്ക് ചെറുതല്ലാത്ത ഒരു പങ്ക്നമ്മുടെ ഭാഗത്തുനിന്നു ഉണ്ടായിട്ടില്ലേ? ശുദ്ധജലം അമിതമായി ഉപയോഗിക്കാനും കുടിവെള്ളം മറ്റാവശ്യങ്ങൾക്കായി എടുക്കാനും നമ്മളും എപ്പോഴൊക്കെയോ താല്പര്യം കാണിച്ചിട്ടില്ലേ?
മുറ്റത്തെ ചെപ്പിനടപ്പില്ലഎന്ന കടങ്കഥയുടെ ഉത്തരമായ കിണർ, മലയാളികൾ ഒരുകാലത്ത് ചെപ്പു പോലെ തന്നെ, മൃദുവായും കാര്യമായും സൂക്ഷിച്ചിരുന്നു.അവരുടെ ദിവസങ്ങൾ തുടങ്ങിയിരുന്നതും അവസാനിച്ചിരുന്നതുമൊക്കെ കിണറ്റിൻ കരയിൽ നിന്നുമായിരുന്നു. കിണറും പരിസരങ്ങളും പവിത്രമായി സൂക്ഷിക്കുന്നതിൽ അവർ ദത്ത ശ്രദ്ധരായിരുന്നു.കിടക്കയിൽ നിന്നും എഴുന്നേറ്റു വരുമ്പോൾ ഒരു തൊട്ടി (ബക്കറ്റ്‌) വെള്ളം കോരി മുഖം കഴുകുന്നതു മുതൽ, വൈകിട്ട് അത്താഴം കഴിഞ്ഞ് അരക്കാതം നടന്നു വരുമ്പോൾ കിണറ്റിൽ നിന്നും വെള്ളം കോരി കാലും മുഖവും കഴികുന്നതു വരെയുള്ള ബന്ധം. തുണിയലക്കാനും കുളിക്കാനും മറ്റും വെള്ളം കോരിയെടുത്തിരുന്ന കാലം.കിണറ്റിൻ കരയിൽ കെട്ടിയിരിയ്ക്കുന്ന തള ത്തിന്റെ ഓവുചാൽ അടുക്കളത്തോട്ടത്തിലേയ്ക്കും തെങ്ങിൻ ചുവട്ടിലേയ്ക്കും ഏത്തവാഴച്ചുവട്ടിലേയ്ക്കുമൊക്കെ മാറിമാറി തിരിച്ചു വിട്ടിരുന്ന നല്ലകാലം. കിണറിനോടു ചേർന്നു കുളിമുറികൾ പണിതിരുന്നെങ്കിലും വീടിന്റെയും കിണറിന്റെയു മൊക്കെ അഞ്ചയലത്തു പോലും കക്കൂസുകൾക്കു സ്ഥാനമില്ലായിരുന്നു. ഇന്നോ? വേണ്ടത്ര സ്ഥലമില്ലാത്ത കക്കൂസിന്റെ ടാങ്കുകളും കിണറും തമ്മിൽ അകലമേ പാലിക്കുന്നില്ല.എല്ലാ മുറികളോടും ചേർന്നുള്ള ടോയ്ലെറ്റുകളിലെല്ലാം ഫ്ളഷ് സൌകര്യം. ഓരോ ആവശ്യത്തിനും ലിറ്റർ കണക്കിനു വെള്ളം ചെലവഴിക്കപ്പെടുന്നു. പൊടിപിടിച്ച ഇത്തരം ഓർമ്മകളുമായി നമ്മുടെ മുതിർന്ന പൌരന്മാരും സ്ത്രീജനങ്ങളുമൊക്കെ ടാങ്കർ ലോറികളിൽ വെള്ളം വരുന്നതും കാത്തു മണിക്കൂറുകളാണിന്നു നിരത്തുകളിൽ ചിലവഴിക്കുന്നത്. ‘വെള്ളം വെള്ളം സർവത്ര, ഇല്ല കുടിക്കാൻ തുള്ളി ജലം’. എന്ന പഴയ മുദ്രാവാക്യം മാറി മാറി വരുന്ന പ്രതിപക്ഷ രാഷ്ട്രീയക്കാരിൽ നിന്നും പൊതുജനങ്ങൾ ഏറ്റുവാങ്ങിയിരിക്കുന്നു.
കുടിക്കാനൊരു ഗ്ലാസ് വെള്ളത്തിനു വകയില്ലാതെ കേരളീയർ കേഴുമ്പോൾ അധികാരികളും പൊതുജനങ്ങളും കൈകോർത്തുപിടിച്ച് പ്രതിസന്ധികളെ നേരിടണം.പ്രകൃതി വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യുകയില്ലെന്നു നാം പ്രതിജ്ഞയെടുക്കണം. നമ്മുടെ ജല സ്രോതസ്സുകളെ മലിനമാക്കുന്നതിനെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്താൻ മുന്നോട്ടു വരണം. മൃദു പാനീയങ്ങളും കുപ്പിവെള്ളവും വിറ്റ് കോടികൾ സമ്പാദിക്കുന്നവർ നമ്മുടെ ഭൂഗർഭ ജലം അമ്പേ ചൂഷണം ചെയ്യുന്നു എന്ന സത്യമറിഞ്ഞ് നാം പ്രതികരിക്കാൻ തയ്യാറാവണം.
പാലക്കാട്ടെ ഹിന്ദുസ്ഥാൻ കൊക്കൊക്കോളാ ഫാക്ടറിക്കും പെപ്സി കോള ഫാക്ടറിക്കുമെതിരെയുണ്ടായ ജനരോഷം അണപൊട്ടിയത്, നാം കണ്ടുകഴിഞ്ഞു.ഒരു ദിവസം ആറു ലക്ഷം ലിറ്റർ ഭൂഗർഭജലമാണത്രേ പ്ലാച്ചിമടയിലെ കൊക്കൊക്കോളാ കമ്പനിക്കു വേണ്ടി വിനിയോഗിക്കുന്നത്. കഞ്ചിക്കോട്ടെ പെപ്സിക്കോളാ കമ്പനിയാകട്ടെ , പ്രതിദിനം 13ലക്ഷം ലിറ്റർ ഭൂഗർഭജലം വിനിയോഗിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.ഭൂഗർഭ ജല ചൂഷണത്തിന്റെ ഏറ്റവും ഉത്തമമായ രണ്ട് ഉദാഹരണങ്ങളാണിവ രണ്ടും.കോളയും കുപ്പിവെള്ളവുമൊക്കെ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഓർത്താൽ നമുക്കിതൊക്കെ ബഹിഷ്കരിക്കാനോ ഉപയോഗം കുറക്കാനോ കഴിയും. പൊതു ജനങ്ങളുടെ കൂട്ടായ തീരുമാനമാണിവിടെ വേണ്ടത്.
പല വിദേശരാജ്യങ്ങളിലും(വികസിത രാജ്യങ്ങളിൽ) കുടിവെള്ളവും , മറ്റ് ആവശ്യങ്ങൾക്കുള്ള വെള്ളവും വെവ്വേറെ വിതരണം ചെയ്യുന്നു. കുടിവെള്ളം മറ്റാവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് അവിടങ്ങളിൽ ശിക്ഷാർഹവുമാണത്രേ. നമ്മൾ ദുരുപയോഗം ചെയ്യുകയും പാഴാക്കിക്കളയുകയും ചെയ്യുന്ന പലതുള്ളികൾ പെരുവെള്ളമാക്കിയാൽ എത്രയോ പേർക്കു ഉപയോഗപ്പെടുമെന്ന കാര്യം വിസ്മരിക്കരുത്. ഗാർഹികാവശ്യത്തിനും കുളിക്കാനും മറ്റും വെള്ളം ഉപയോഗിക്കുമ്പോൾ മിതത്വം പാലിച്ചേ തീരൂ.
പ്രാദേശിക ഗവണ്മെന്റുകളുംസർക്കാർ ഏജൻസികളും സ്വകാര്യ സ്ഥപനങ്ങളും സന്നദ്ധ സംഘടനകളും മാധ്യമങ്ങളുമൊക്കെ പ്രാധാന്യവും പ്രചരണവും നൽകുന്ന മഴവെള്ളം- കുടിവെള്ളം പദ്ധതി ഓരോ മലയാളിയും നിത്യജീവിതത്തിലേയ്ക്കു കൊണ്ടുവരാൻ ശ്രമിക്കണം. സർക്കാരിന്റെ ജലനയം വ്യക്തവും സമയബന്ധിതവും ജനോപകാരപ്രദവുമാകണം. ഭരണാധികാരികൾ വികസനത്തെക്കുറിച്ചു തിരുമാനങ്ങൾ എടുക്കും മുൻപ് ഗാന്ധിയൻ വാക്യങ്ങൾ ഓർക്കുക.”നിങ്ങൾകണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദരിദ്രനും ക്ഷീണിതനുമായ മനുഷ്യന്റെ മുഖം ഓർമ്മിച്ചെടുക്കുക. എന്നിട്ട് സ്വയം ചോദിക്കുക, നിങ്ങൾ ചെയ്യാനുദ്ദേശിക്കുന്ന കാര്യം അവന് ഏതെങ്കിലും തരത്തിൽ പ്രയോജനം ചെയ്യുമോ എന്നു
നമ്മുടെ മുഖ്യ ജലസ്രോതസ്സുകളായിരുന്ന കിണറുകളും തോടുകളും കുളങ്ങളുമൊക്കെ കണ്ണിലെ കൃഷ്ണമണികളെപ്പോലെ സംരക്ഷിക്കാനാവണം. പുതിയ തലമുറയ്ക്കീ അവബോധം പ്രൈമറി വിദ്യാഭ്യാസകാലത്തേ പകർന്നു കൊടുക്കണം. നമ്മുടെ വനങ്ങളും കാവുകളും കൃഷിയിടങ്ങളും നെല്പാടങ്ങളും കുന്നുകളുമൊക്കെ നശിക്കാനിട വരുത്തുന്ന ഒരു പ്രവൃത്തിക്കും കൂട്ടു നിൽക്കരുത്. സംശയം വേണ്ട, അടുത്ത ജലദിനമെത്തുമ്പോഴേക്കും നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും ജനലക്ഷങ്ങൾ ജലത്തിനു വേണ്ടി ആധിപിടിച്ചോടുന്ന കാഴ്ച കാണേണ്ടി വരില്ല.

Sunday, March 14, 2010

കിട്ടാത്ത മുന്തിരി.

ആലിപ്പഴം

പെറുക്കിയതിനെക്കുറിച്ച്

അമ്മ പലവട്ടം പറഞ്ഞപ്പോൾ

അവനു കൊതി വന്നു.

അതൊരു പഴമല്ലെന്നറിയാമായിരുന്നിട്ടും

അവന്റെ വായിൽ

ഒരു കപ്പലോടിക്കാനുള്ളവെള്ളം നിറഞ്ഞു.

അപ്പൂപ്പൻ താടിയെക്കുറിച്ച്

അമ്മ വാചാലയായപ്പോൾ താഴ്ന്നു

പറക്കുന്ന ഒരു അപ്പൂപ്പൻ താടിയുടെ പിന്നാലെ പായുന്ന

ആറുവയസ്സുകാരനായി അയാൾ.

മഞ്ചാടിക്കുരുവും കുന്നിക്കുരുവുമൊക്കെ പെറുക്കിയെടുക്കുന്ന കാ‍ര്യം പറഞ്ഞപ്പോൾ

കൂനകൂട്ടിയ മഞ്ചാടിക്കുരുവും കുന്നിക്കുരുവുമൊക്കെ

ഉഴിയാൻ അയാളുടെ കൈകൾ തരിച്ചു.

ഇലഞ്ഞിപ്പൂക്കൾ പെറുക്കി മാല കൊരുത്തതിനെക്കുറിച്ചു കേട്ടപ്പോൾ

തന്റെ അടുത്തേയ്ക്ക് സുഗന്ധം ഒഴുകിയെത്തിയതുപോലെ അയാൾക്കു തോന്നി.

വീടിനു ചുറ്റുമുള്ള മണ്ണിൽ തോണ്ടിപ്പരതിക്കിട്ടുന്ന

കുഴിയാനകളെപ്പിടിച്ച് പാവങ്ങളെക്കൊണ്ട്ക്ഷവരപ്പിക്കുന്നതിനെക്കുറിച്ച്

കേട്ടപ്പോൾ അയാൾക്കു നിരാശതോന്നി.

കശുമാമ്പഴവും കശുവണ്ടി ചുട്ടതുമൊക്കെ ആവോളം തിന്ന കഥ അയാൾക്കു രുചിച്ചതേയില്ല.

അണ്ണാറക്കണ്ണനും പൂത്തുമ്പിയും ചിത്രശലഭവുമൊക്കെ

ആർത്തുചിരിയ്ക്കുന്ന മുറ്റത്തെ തേന്മാവിന്റെ

ചാഞ്ഞ കൊമ്പു കുലുക്കി മാമ്പഴം വീഴ്ത്തി

വയറു നിറയെ ശാപ്പിടുന്ന കുട്ടികളെക്കുറിച്ചു കേട്ടപ്പോൾ

അയാൾ അസ്വസ്ഥനായി.

മിനറൽ വാട്ടർ ബോട്ടിലെടുത്ത് ,

കുറച്ചധികം വെള്ളം അകത്താക്കിയശേഷം അയാൾ പറഞ്ഞു.

മതി, മതി,കേട്ടു മടുത്തു. ആർക്കുവേണം പുളിയൻ മാമ്പഴം? എന്റെ അമ്മേ പൊങ്ങച്ചം പറച്ചിൽ

ഒന്നു നിർത്താമോ?”

അമ്മ ചിരിച്ചു. ‘ശരിയാ, മോനേ, കിട്ടാത്ത മുന്തിരി പുളിക്കും .ഞാൻ അവസാനിപ്പിച്ചു.’