Tuesday, March 24, 2009

വേഷം കെട്ടിയ ‘ഗാന്ധിജി’

ഞാന്‍ ഒന്നുകൂടി ആ ഗാന്ധി വേഷധാരിയെ നോക്കി. ഗാന്ധിജി എങ്ങോട്ട് പോയി എന്നു നോക്കേണ്ട. രൂപത്തില്‍, ഭാവത്തില്‍ എന്തിനധികം ആ ചിരി പോലും ഗാന്ധിജിയുടേതു തന്നെ. കുട്ടികളും സ്തീകളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന ഒരു പദയാത്രയുടെ മുന്‍ നിരയിലാണ് ഗാന്ധിജിയുടെ സ്മരണകളുണര്‍ത്തിക്കൊണ്ട് ആ വന്ദ്യ വയോധികന്‍ നടന്നു നീങ്ങുന്നത്. ‘ഗാന്ധി’ സിനിമയിലും മറ്റും കണ്ട ദണ്ഡിയാത്രയുടെ സീന്‍ എന്റെ മനസ്സിലൂടെ കടന്നു പോയി. ആറേഴു കിലോമീറ്റര്‍ താണ്ടി വന്ന പദയാത്രികരോടെല്ലാം എനിയ്ക്കു മതിപ്പു തോന്നി. എല്ലാവര്‍ക്കും ഊര്‍ജ്ജം പകര്‍ന്ന്, പ്രായം പോലും മറന്ന് നടന്നെത്തിയ ‘ഗാന്ധിജി’ യെ ഒന്നു പരിചയപ്പെട്ടാലോ. ഞാന്‍ അടുത്തു ചെന്നു. കൈകള്‍ കൂപ്പി, പിന്നെ ആ കൈകളില്‍ പിടിച്ചു, അഭിനന്ദിച്ചു. നിരവധി സ്ഥലങ്ങളില്‍ വളരെക്കാലമായി ഗാന്ധിവേഷം ധരിക്കുന്നയാളാണ് ഇദ്ദേഹമെന്ന് പലരും പറഞ്ഞു. എഴുപത്തഞ്ചു വയസ്സായത്രേ. ഞാനദ്ദേഹത്തിന് ആയുരാരോഗ്യ സൌഖ്യങ്ങള്‍ നേര്‍ന്നു.
ആ സ്ഥലത്ത് കുറച്ചു സമയം കൂടി ചിലവഴിക്കേണ്ടി വന്ന ഞാന്‍ അധികം താമസ്സിയാതെ മറ്റൊരു കാഴ്ച കണ്ടു. ഞാന്‍ കുറച്ചു മുന്‍പ് കണ്ട്, വന്ദിച്ച ഗാന്ധി വേഷധാരിയെപ്പോലെ ഒരാള്‍! അതെ, അത് അദ്ദേഹം തന്നെ. മീശയില്ല. വടിയില്ല. കഷണ്ടിയില്ലേയില്ല. ചുണ്ടത്തൊരു സിഗററ്റുണ്ടുതാനും. ഗാന്ധിവേഷമിട്ടയാള്‍ വിഗ്ഗ് വച്ച് മുണ്ടും മടക്കിക്കുത്തി, കഴുത്തില്‍ മൂന്നുനാലുപവന്റെ മാലയുമണിഞ്ഞ് ഇതാ കടന്നു വരുന്നു. വിഗ്ഗിന്റെ കറുപ്പിന് ഒട്ടും ചേരാത്തത്ര ചുളിവുകള്‍ ആ മുഖത്തുണ്ട്. ഞാന്‍ ഒരിക്കല്‍ക്കൂടി നോക്കിയില്ലെങ്കിലും വര്‍ഷങ്ങളായി ഗാന്ധിവേഷമണിഞ്ഞ്, ജനഹൃദയങ്ങളില്‍ കുടിയേറിയെന്നു പറയപ്പെടുന്ന ആ വൃദ്ധനോട് എനിക്കല്പം പരിഭവം തോന്നി.

Saturday, March 7, 2009

ലോക വനിതാദിനത്തിലെ സ്ത്രീ പക്ഷ ചിന്തകള്‍.

“ദേ, നിങ്ങള്‍ എഴുന്നേല്‍ക്കുന്നില്ലേ?”
“ കുറച്ചു കഴിയട്ടെ.” അയാള്‍ തിരിഞ്ഞു കിടന്നു.
അയാള്‍ക്ക് നല്ല ഒരു കട്ടന്‍ കാപ്പി തയ്യാറാക്കി, അവള്‍ വീണ്ടുമെത്തി.
“പോവേണ്ടതല്ലേ, എഴുന്നേല്‍ക്കൂന്നേ.”
അയാളുടെ ദിവസം വളരെപ്പതിയെയാണ് അന്നും തുടങ്ങിയത്.
അവള്‍ അപ്പോഴേയ്ക്കും എല്ലാ ജോലിയും തീര്‍ത്തിരുന്നു.. മക്കളെ സ്കൂളില്‍ പറഞ്ഞു വിട്ട്, പ്രായമായ മാതാപിതാക്കളുടെ കാര്യമെല്ലാം നോക്കി, ഒരു വിധത്തില്‍ കുളിച്ച് തയ്യാറായി, ബാഗുമായി ബസ് സ്റ്റാന്‍ഡിലേയ്ക്ക് പായുമ്പോള്‍ അവള്‍ വിയര്‍ത്തൊലിയ്ക്കുന്നുണ്ടായിരുന്നു. ഇന്നും ഓഫീസിലെത്താന്‍ വൈകും. അവള്‍ വിഷണ്ണയായി.
എഴുത്തുമുറിയിലിരുന്ന് അവസാനത്തെ ഒരു സിഗററ്റും കൂടി വലിച്ച് കുറ്റിനിലത്തിട്ട് ചവുട്ടിക്കെടുത്തി അയാള്‍ എഴുന്നേറ്റു.
പാലക്കാട് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകിട്ട് നടക്കുന്ന സെമിനാറില്‍ പങ്കെടുക്കണം. അവള്‍ മേശപ്പുറത്തു മൂടി വച്ചിരുന്ന ചോറും കറികളും കഴിച്ച് അയാള്‍ തയ്യാറായപ്പോള്‍ ടാക്സിയെത്തി. അയാള്‍ കാറിലിരുന്ന് , ചില മിനുക്കുപണികള്‍നടത്താന്‍ തുടങ്ങിയ ആ പ്രബന്ധത്തിന്റെ പേര്- ലോക വനിതാ ദിനത്തിലെ സ്ത്രീ പക്ഷ ചിന്തകള്‍ എന്നായിരുന്നു.