Thursday, June 12, 2008

മഹാകവേ മാപ്പ്

ഹാകവി പാലാ നാരായണന്‍ നായര്‍(97) കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്കടുത്ത് മുട്ടുച്ചിറയിലെ സ്വകാര്യാശുപത്രിയില്‍ ഇന്നലെ രാവിലെ 10.30 നു ഇഹലോകവാസം വെടിഞ്ഞ വിവരം ലോകമറിയാന്‍ അധികം സമയം വേണ്ടി വന്നില്ല.നമ്മുടെ ദ്രുശ്യ മാധ്യമങ്ങള്‍ അവരുടെ ജോലി അപ്പോള്‍ മുതല്‍ ഏറ്റവും ഭംഗിയായി നിര്‍വഹിച്ചുകൊണ്ടേയിരുന്നു.
‘പശ്ചിമഘട്ടങ്ങളെക്കേറിയും കടന്നും‘ചെന്ന ആ വാര്‍ത്തയറിഞ്ഞ്, സഹൃദയ കേരളം ഒരു നിമിഷം നിശ്ചലമായി...

എണ്‍പത്തിരണ്ട് വര്‍ഷത്തോളം കാവ്യ രചനയില്‍ ഏര്‍പ്പെടാനുള്ള സൌഭാഗ്യം ലഭിച്ച കവി, വാര്‍ധക്യ സഹജമായ അസുഖത്താല്‍ യാത്രയാകുമ്പോള്‍ കാവ്യകേരളം ഞടുങ്ങിയില്ലെങ്കിലും കൈരളിയെ ഇത്രയേറെ സ്നേഹിച്ച മഹാകവി വൈക്കത്തിരുന്ന് ഇനി കവിത കുത്തിക്കുറിക്കുകയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ മനസ്സിലെവിടെയോ ഒരു കോറല്‍....

മരണം മാടി വിളിക്കുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പ് മഹാകവി രചിച്ച അവസാന കവിത കുട്ടനാടന്‍ കര്‍ഷകന്റെ ദുര്യോഗത്തെക്കുറിച്ചായിരുന്നു. കുട്ടിക്കലത്തേ ഹൃദിസ്തമാക്കിയ ‘കേരളം വളരുന്നു‘ എന്നുതുടങ്ങുന്ന കുറേ വരികള്‍ എത്ര തവണ
ചൊല്ലിയിരിക്കുന്നു. കവിയുടെ 84-)0 ജന്മദിനത്തില്‍ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘കേരളം വളരുന്നു’എന്ന പുസ്തകം വാങ്ങി ഇടക്കിടെ മറിച്ചു നോക്കിയും ഉച്ചത്തില്‍ ചൊല്ലി രസിക്കുകയും ചെയ്തിരുന്ന ഞാന്‍ ഒരു ദിവസം ടി.വി. പുരത്തെ പുത്തന്‍ വീട്ടില്‍ കവിയെക്കാണാന്‍ ചെന്നു.

അന്നൊരു കേരളപ്പിറവി ദിനമായിരുന്നു.2001 നവംബര്‍ 1. മഹാകവി പാലായോടുള്ള ആദരവു കാട്ടാന്‍ സര്‍ക്കാര്‍ ആ വര്‍ഷം കേരളപ്പിറവിക്ക് അദ്ദേഹത്തിന്റെ മഹാകാവ്യത്തിന്റെ പേരിട്ടു.‘കേരളം വളരുന്നു’.

എന്റെ പുസ്തകവുമായാണു ഞാന്‍ കവിയുടെ അടുത്തെത്തിയത്.

മുറ്റത്തെ മരച്ചുവട്ടില്‍ ഒരാള്‍ക്കൂട്ടം....കുറച്ചധികം കുട്ടികളും അതിലേറെ അക്ഷര സ്നേഹികളും. നടുക്ക്, കൃശ ഗാത്രനായ കവി.
സ്നേഹം പങ്കു വെക്കലിനു ശേഷം എപ്പോഴോ ഞാനാ വരികള്‍ ചൊല്ലി...

കേരളം വളരുന്നു
പശ്ചിമ ഘട്ടങ്ങളെ
കേറിയും കടന്നും ചെ-
ന്നന്യമാം രാജ്യങ്ങളില്‍
..............
..................
ഇവിടെപ്പിറക്കുന്ന
കാട്ടുപുല്ലിനുമുണ്ടു
ഭുവനം മയക്കുന്ന
ചന്തവും സുഗന്ധവും

ഇവിടെക്കിടക്കുന്ന
കാട്ടുകല്ലിനുമുണ്ടു
വിവിധ സനാതന
ചൈതന്യ പ്രതീകങ്ങള്‍.
......... .........
......... ...... ....
കവി യുടെ അഭിനന്ദനവും, എന്റെ പുസ്തകം വാങ്ങി, അതില്‍ വിറയാര്‍ന്ന കൈകളാല്‍ “ഹൃദയംഗമമായ നന്ദി“ എന്നെഴുതി കൈയ്യൊപ്പും തന്നത് എന്റെ കൊച്ചു മനസ്സിനു വലിയ സന്തോഷം പകര്‍ന്നു. പിന്നീടെത്ര തവണ ആ മുറ്റത്തും കവി കവിതാരചനക്കിഷ്ടപ്പെട്ടിരുന്ന ആ പഴയ വീട്ടിലെ കൊച്ചു മുറിയിലും കവിസമ്പര്‍ക്കം തേടി ഈയുള്ളവള്‍ എത്തിയിരിക്കുന്നു.ഒടുവില്‍ രണ്ടു മാസം മുന്‍പ് വൈക്കത്തുള്ള മകള്‍ സുധാമണിയുടെ വീട്ടില്‍ രോഗശയ്യയിലായിരുന്ന കവിയെ കാണാന്‍ ചെന്നു. ശബ്ദം കേട്ടതും എന്നെ തിരിച്ചറിഞ്ഞപ്പോള്‍ എന്റെ ഉള്ളു നിറഞ്ഞു.

അമ്മയും(കവി പത്നി, സുഭദ്രക്കുട്ടിയമ്മ) കവിയുടെ ശാഠ്യങ്ങളെക്കുറിച്ചും മറ്റും വാചാലയായി.

......... ഇന്നലെ വൈകുന്നേരം ഞാന്‍ വീണ്ടും ആ വീട്ടിലെത്തിയപ്പോള്‍ അദ്ദേഹം.. മൊബൈല്‍ മോര്‍ച്ചറിയില്‍...

മാപ്പ്..... മഹാകവിക്കീ കിടപ്പ് എത്ര ദുസ്സഹമാവും.....കാവ്യകേരളത്തിലെ പ്രശസ്തരും സഹപ്രവര്‍ത്തകരും എത്താനായ് ഒരു രാത്രി.....സാംസ്ക്കാരിക മന്ത്രിയടക്കം നാളെയെത്തുമെന്ന ചാനല്‍ പ്രവചനങ്ങള്‍..കവിയുടെ ഒന്‍പതു പതിറ്റാണ്ടുകളുടെ അവലോകനം, പ്രിയരുടെയും പ്രശസ്തരുടെയും പ്രതികരണങ്ങളെല്ലാം കണ്ടു എന്റെയും അന്തരംഗം അഭിമാന പൂരിതമായി.

രാവിലെ മുതല്‍ വൈക്കത്തു നിന്നും ടി.വി. പുരത്തേക്കുള്ള അന്ത്യ യാത്രയില്‍ നാട്ടുകാര്‍ക്കും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കുമൊക്കെ പിന്നാലെ ഞാനും ഒരു നിഴല്‍ പോലെ....

പാതയോരങ്ങളിലെ നാട്ടിന്‍പുറത്തുകാര്‍, സ്കൂള്‍ കുട്ടികള്‍, പൊതുജനങ്ങള്‍...പെയ്തൊഴിയാന്‍ മടിച്ചു നില്‍ക്കുന്ന മഴമേഘങ്ങളുമായ് കവിക്കുവേണ്ടി പ്രക്രുതി അവസാനമയ് ഒരു ദിവസം....ഒരു പ്രതികരണം ലൈവായിക്കൊടുക്കാന്‍ അല്പം ‘കനമുള്ള‘ ഒരു സാഹിത്യ നായകനെത്തേടി ചാനല്‍ കുട്ടികള്‍....

ഉച്ചവരെ ആരും കാര്യമായ് വന്നതേയില്ല.

പിന്നെ.. കവി ചെമ്മനം ചാക്കോ, ഡോ കുര്യാസ് കുമ്പളക്കുഴി, സാഹിത്യ അക്കാദാമിക്കു വേണ്ടി റീത്തുമായി എഴുത്തുകാരിയും
അക്കാദമി അംഗവുമായ ശാരദക്കുട്ടി....ചില എം എല്‍ എ മാര്‍ ,എം പി മാര്‍, മൂന്നരക്കുമുന്‍പ്, ജില്ലാ കളക്ടര്‍, തൊട്ടു പിന്നാലെ സംസ്ഥാന സര്‍ക്കാറിനു വേണ്ടി മന്ത്രി മോന്‍സ് ജോസഫ്....ഔദ്യോഗിക ബഹുമതികളോടെ, ആചാരവെടികള്‍ മുഴക്കി....കവിക്കു വിട...

പത്രങ്ങളില്‍ കുറിപ്പുകളെഴുതിയും ദൃശ്യ മാധ്യമങ്ങളില്‍ ഓര്‍മ്മകള്‍ അയവിറക്കിയും നമ്മെ കരയിച്ച പ്രതിഭകളുടെ വിഭാഗത്തില്‍പ്പെട്ട
കുറച്ചു പേരെങ്കിലും സുഭദ്രക്കുട്ടിയമ്മയുടെയും മക്കളുടെയും മിഴിനീരൊപ്പുവാനുണ്ടാകുമെന്നാശിച്ചു. ഇങ്ങനെ ഒരാശ ശരിയല്ലെന്നാണു മഹാ സാത്വികനായ അങ്ങയുടെ പക്ഷമെന്നെനിക്കറിയാം.

മഹാകവേ മാപ്പ്......