Tuesday, November 24, 2009

ഷർട്ട്.

പാടത്ത് കൊയ്ത്തു മെതിയ്ക്ക്
ഇടാൻ അവൾ അയാളോടൊരു പഴയ ഷർട്ടു ചോദിച്ചപ്പോൾ
അയാൾ ഗൌനിച്ചില്ല.
പതം കിട്ടിയ നെല്ല്, അവൾ പുഴുങ്ങി ഉണക്കി,
കുത്തി അരിയാക്കിയപ്പോൾ ആ അരി വിറ്റ്,
അയാൾ മുന്തിയ രണ്ട് ഷർട്ടുകൾ വാങ്ങി.

Saturday, November 14, 2009

ശിശുദിനം.

ഇന്നു ശിശുദിനം.
ഞാനൊരു ശിശുവാകാം.
നിർമ്മലബാല്യത്തിൻ
പ്രതീകമാകാം.
അഹന്തയില്ല,
അസൂയയില്ല,
അവിശ്വാസമില്ല,
ആശങ്കയില്ല.
ഉപാധിയില്ലാതെ
സ്നേഹം തരാം.
മുഖംനോക്കാതെ
ചിരിചോർത്തിടാം.
നിറംനോക്കാതെ
ഞാൻ കൂട്ടുകൂടാം
കൂട്ടിക്കിഴിക്കാതെ-
യാടിടാം പാടിടാം.
പൂക്കൾ,പൂത്തുമ്പികൾ
ചിത്രപതംഗവും
നക്ഷത്രജാലവും
അമ്പിളിമാമനും
ആനയമ്പാരിയും
ആലിപ്പഴങ്ങളും
ഇന്നേയ്ക്കുമാത്രമീ
യെന്റെസ്വന്തം.
നെടുവീർപ്പില്ല,
കണ്ണുനീരില്ല,
പേക്കിനാവില്ലെൻ
കൺകളിൽ കാമമില്ല.
എന്നേയ്ക്കുമായി
പകർന്നുനൽകാം
ചൂടാത്തപുഞ്ചിരി
പ്പൂക്കളെല്ലാം.

Saturday, October 31, 2009

കേരളപ്പിറവി.

കേരളപ്പിറവിയാഘോഷത്തിനു ധരിയ്ക്കാൻ
സാരി വാങ്ങാനിറങ്ങിയതായിരുന്നു വിദ്യാർത്ഥിനികൾ.
സാരിയുടുത്തു ശീലമില്ല.
എങ്കിലും ചുമ്മാ ഒന്നു പരീക്ഷിക്കാം.
ഷോപ്പിങ്ങിനു നീക്കിവച്ച തുകയത്രയും ചിലവഴിച്ച്
സെറ്റ് സാരി വാങ്ങിയ അവർ
തയ്യൽക്കടയിലേയ്ക്കു കയറി.
അവിടെ നടന്ന തർക്കം ബ്ലൌസിന്റെ
സ്ലീവിനെക്കുറിച്ചായിരുന്നു.
അഞ്ചുപേർക്ക് കൈ ഇറക്കം വേണം. നാലു പേർക്ക് ഷോർട്ട് സ്ലീവ് മതി.
രണ്ടു പേർ സ്ലീവ് ലെസിനു വേണ്ടി വാദിച്ചു.
തർക്കം മുറുകിയപ്പോൾ
ഒരുവൾ നിർദ്ദേശിച്ചു.
“ഇക്കുറി കേരളപ്പിറവിയ്ക്കും ജീൻസും ഷർട്ടും മതി.”
“അല്ലെങ്കിലും ശീലമില്ലാത്ത കാര്യങ്ങൾക്കൊന്നും പോവാതിരിക്കുന്നതാ നല്ലത്.
നാളെ ജീൻസ് തന്നെ.” മറ്റൊരുവൾ.
അഭിപ്രായ ഐക്യമുണ്ടായതിന്റെ സന്തോഷത്തിന് ഒതുക്കത്തിൽ ഓരോഗ്ലാസ്
ബിയർ കുടിയ്ക്കണമെന്നായി മൂന്നാമതൊരുവൾ.

Friday, September 18, 2009

അമുസ്ലീമിന്റെ റംസാൻ നോമ്പ്

അമുസ്ലീമിനു നോമ്പെടുക്കാമോ?
ഗുരു പറഞ്ഞു:
“ഒരുജാതി ഒരു മതം ഒരു ദൈവം മനുഷ്യന”പ്പോൾ
നോമ്പിനും ജാതിയില്ല.

നോമ്പെനിക്കന്യമല്ല.
എട്ടുനോമ്പോ
തിങ്കളാഴ്ചനോമ്പോ ഷഷ്ടിവ്രതമോ ഏകാദശിയോ
ഏതായാലും.

ഇത് വേറിട്ട നോമ്പുകാലം!
ഓർമ്മിയ്ക്കാനൊരു പട്ടിണിക്കാലം!
വിശുദ്ധിയുടെ, നന്മയുടെ, സ്നേഹത്തിന്റെ,സഹനത്തിന്റെ
സഹയാത്രക്കാലം.

വിശപ്പും ദാഹവുമറിയാൻ
വിശക്കുന്നവരെയുമറിയാൻ
പ്രഭാത ഭക്ഷണം, ഉച്ചയൂണ്, ജലപാനം, ഉപേക്ഷിപ്പാൻ
ക്ഷണിക്കും വ്രതശുദ്ധിയുടെ നാളുകൾ.

പൊരുളറിയാത്ത വ്യഥയിൽ
അറിയാനാവതും ശ്രമിച്ചെങ്കിലും
ഖുറാനോതാനോ സക്കാത്ത് വേണ്ടവിധത്തിൽ കൊടുക്കാനോ
ഇല്ലാ, കഴിഞ്ഞില്ലെനിയ്ക്ക്.

എങ്കിലുമാശ്വസിപ്പൂ ഞാൻ
പഠിക്കാനായ് നോമ്പുകാലത്ത്
വിശപ്പടക്കൽ, ദാഹമകറ്റൽ, സുഖങ്ങൾ തേടൽ
ക്ഷണനേരത്തേയ്ക്കെന്ന തത്വം.

Thursday, September 10, 2009

ഞാൻ കാത്തിരിയ്ക്കാം.

എപ്പോഴാണാ
പുറപ്പാട്?
ഭാണ്ഡം മുറുക്കി
ഞാൻ കാത്തിരിയ്ക്കാം.
ഒരുങ്ങിയിരിയ്ക്കുന്നവർക്ക്
വന്നതില്ലാവിളി.
ഒരുങ്ങാത്തവർക്കോ
ഓർക്കാപ്പുറത്തു വിളി.
എന്ത്?
ഭാണ്ഡമല്ലൊന്നുമാവേലിയ്ക്കപ്പുറത്തേയ്ക്കാവതില്ലെന്നോ?
എങ്കിലീ ഭാണ്ഡമെറിഞ്ഞു
ഞാൻ കാത്തിരിക്കാം.

Sunday, September 6, 2009

‘മേഴ്സി’ കിട്ടാതെ ചേച്ചി യാത്രയായി.

Mercy Ravi by insidekerala.

എറണാകുളത്തൊരു വിവാഹ ചടങ്ങിലാണ് മേഴ്സിച്ചേച്ചിയെ അവസാനമായി കണ്ടത്. വയലാർജിയുടെ കൈ പിടിച്ച് എല്ലാവരോടും കുശലം പറയുന്ന അവർ വർണ്ണച്ചില്ലുള്ള കണ്ണട ധരിച്ചിരുന്നു. ഒട്ടും സ്പഷ്ടമാകാതിരുന്ന ആ മിഴികളുടെ കാഴ്ച അസ്തമിച്ചുകൊണ്ടിരിയ്ക്കുന്നു എന്ന സത്യം അറിയാമായിരുന്ന എനിയ്ക്ക് വല്ലാത്ത വ്യസനം തോന്നി. വർഷങ്ങൾക്കു മുൻപേ ആദ്യമായി കാണുമ്പോൾ എന്നെ ഏറ്റം ആകർഷിച്ചിരുന്നത്, സദാ കണ്മഷി പുരണ്ടിരുന്ന ആ വിടർന്ന കണ്ണുകളായിരുന്നു.
ആരെയും ആകർഷിക്കുന്ന വ്യക്തിത്വം, ഈശ്വരൻ അറിഞ്ഞു നൽകിയ മുഖശ്രീ, പഠിക്കാനും പഠിച്ചത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനുമുള്ള കഴിവ്, എഴുത്തിനോടും വായനയോടുമുള്ള അദമ്യമായ താല്പര്യം, ഇടപെടുന്ന വിഷയങ്ങളോടുള്ള ആത്മാർത്ഥത,സ്വത സിദ്ധമായ ഇച്ഛാശക്തി, ലളിതമായ വസ്ത്രധാരണരീതി, മുഖം നോക്കാതെ തനിയ്ക്കു തോന്നുന്നത് തുറന്നു പറയാനുള്ള ചങ്കൂറ്റം എന്നിങ്ങനെ പല പ്രത്യേകതകളും മേഴ്സി കുരുവിള കട്ടിക്കാരനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കിയിരുന്നു. നാലു പതിറ്റാണ്ടുകൾക്കു മുന്നേ, എറണാകുളത്ത് വിദ്യാർത്ഥിനിയായിരിയ്ക്കെ, അന്നത്തെ വിദ്യാർത്ഥിനേതാവായ വയലാർ രവിയെ പ്രണയിച്ച് അദ്ദേഹത്തിന്റെ ജീവിതപങ്കാളിയായി ഒപ്പം ചേർന്നതും , എതിർപ്പുകളെ അവഗണിച്ച്, മരണം വരെയും അദ്ദേഹത്തിനു ആവേശവും ആശ്വാസവും ആത്മമിത്രവുമായി നിലകൊണ്ടതും പ്രണയിച്ച് വിവാഹം കഴിക്കുന്ന ഓരോദമ്പതികൾക്കും പാഠമാകാൻ പര്യാപ്തമാണ്.
പാടത്തും പണിശാലകളിലും മറ്റു തൊഴിലിടങ്ങളിലും പണിയെടുക്കുന്ന സ്ത്രീകൾക്കു മാത്രമല്ല, പുലർച്ച മുതൽ പാതിരാവു വരെ സ്വന്തം വീടുകളിൽ, വച്ചും വിളമ്പിയും വീടു വൃത്തിയാക്കിയും കഴിയുന്ന വീട്ടമ്മമാർക്കും വേതനം നിശ്ചയിക്കണമെന്ന പക്ഷക്കാരിയായിരുന്നു മേഴ്സിച്ചേച്ചി. സ്ത്രീ തൊഴിലാളികളെ സംഘടിപ്പിക്കാൻ എന്നും മുൻ നിരയിൽ നിന്നിരുന്ന അവർ ഐ. എൻ.ടി.യു.സി. വനിതാ വിഭാഗത്തിന്റെ അഖിലേന്ത്യാ അദ്ധ്യക്ഷയായി പ്രവർത്തിച്ചിട്ടുണ്ട്. മഹിളാകോൺഗ്രസ്സിന്റെയും കോൺഗ്രസ്സിന്റെയും നേതാവെന്ന നിലയിലുപരി,അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയങ്ങൾ പഠിച്ച് അവതരിപ്പിച്ചിരുന്ന ഒരു സാമൂഹ്യപ്രവർത്തക കൂടിയായിരുന്നു അവർ. നാട്ടിലും മറുനാടുകളിലും വിദേശ രാജ്യങ്ങളിലും ഇത്രയേറെ യാത്ര ചെയ്തിട്ടുള്ള ഒരു വനിതാ നേതാവ് കേരളത്തിലുണ്ടാവില്ല. കിട്ടുന്ന സന്ദർഭങ്ങളിലൊക്കെ സ്ത്രീകൾക്കു വേണ്ടി വാദിക്കാൻ അവർ തയ്യാറായി.
രണ്ടു പതിറ്റാണ്ടായി അലട്ടിയിരുന്ന രോഗങ്ങൾ മേഴ്സിച്ചേച്ചിയ്ക്ക് അസാധാരണത്വത്തിന്റെ മറ്റൊരു പരിവേഷം നൽകി. വൃക്ക സംബന്ധമായ രോഗങ്ങൾ. അതിനോടനുബന്ധിച്ച് നടന്നചെറുതും വലുതുമായ നിരവധി(പതിനെട്ടോളം) ശസ്തക്രിയകൾ. ദീർഘനാളത്തെ ആശുപത്രി വാസങ്ങളും ഡയാലിസിസുകളും തുടർന്നുള്ള ഏകാന്തവാസവും മറ്റും.
രോഗം മറന്നാണവർ കോട്ടയത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഒരു ജനപ്രതിനിധി എന്ന നിലയിൽ ശോഭിക്കുകയും ചെയ്തു. പാവപ്പെട്ട രോഗികൾക്കു സഹായമെത്തിക്കാൻ മുൻ നിരയിലായിരുന്നു എന്നും മേഴ്സിച്ചേച്ചി. കേരള രാഷ്ട്രീയത്തിലെയും കോൺഗ്രസ് പാർട്ടിയിലെയും തലമുതിർന്ന ഒട്ടുമിക്ക നേതാക്കൾക്കും ഒരുപാടു വച്ചു വിളമ്പിയ സഹോദരിയെയാണ് ഈ വിയോഗത്തിലൂടെ നഷ്ടമായത്. കോൺഗ്രസ് നേതാവായ ദേവകീ കൃഷ്ണന്റെ മരുമകളായ മേഴ്സിച്ചേച്ചി ആ അമ്മയെക്കുറിച്ച് എന്നും അഭിമാനത്തോടെയാണ് പറഞ്ഞിരുന്നത്.
വയലാർ രവിയെന്ന രാഷ്ട്രീയ നേതാവിന്റെ ഭാര്യയും ഒരു മുഴുവൻ സമയ പൊതുപ്രവർത്തകയും നല്ല നിയമസഭാ സാമാജിക(2001മുതൽ2006വരെ)യുമായി ശോഭിക്കുമ്പോഴും രോഗമുണ്ടാക്കിയ വേദനകളെ മറന്ന് മേഴ്സിച്ചേച്ചി വായിക്കുകയു എഴുതുകയും ചെയ്തു. ഇഷ്ടപ്പെടാത്ത കാര്യങ്ങൾ തുറന്നു പറയുന്നതിന് ഒരിയ്ക്കലും അവർ മടി കാട്ടിയിരുന്നില്ല. കർമ്മ നിരതയായിരിയ്ക്കുമ്പോഴും തന്റെ അസുഖ കാര്യങ്ങളെക്കുറിച്ച് പരാതിയോ പരിഭവമോ അവർക്കില്ലായിരുന്നു.

കോട്ടയത്തെ ആദ്യത്തെ വനിതാ എം.എൽ.എ എന്ന് ചരിത്രത്തിൽ ഇടംതേടിയ മേഴ്സിച്ചേച്ചി രോഗത്തെ അവഗണിച്ച് കോട്ടയത്തിന്റെ വികസന നായികയായി മാറിയത് വളരെ പെട്ടെന്നാണ്. റോഡും പാലവും കുടിവെള്ളവും മാത്രം പോരാ, കോട്ടയത്തെ ഒരു സുന്ദരിയാക്കണം എന്നും അവർ ആഗ്രഹിച്ചു. കിട്ടാവുന്നിടത്തുനിന്നെല്ലാം ചോദിച്ചും വാദിച്ചും അവർ വികസന ത്തിനായി ഫണ്ട് സ്വരൂപിച്ചു. ഭർത്താവ് വയലാർജിയുടെ എം.പി ഫണ്ടും കോട്ടയത്തേയ്ക്കാണ് അധികവും എത്തിയത്.
ഇക്കോ-ടൂറിസ്സം ഉൾപ്പെടെ കോട്ടയത്തെക്കുറിച്ച് ഒത്തിരി സ്വപ്നങ്ങൾ നെയ്തു കൂട്ടിയ അവർ അടുത്ത തെരഞ്ഞെടുപ്പായപ്പോഴേയ്ക്കും അനാരോഗ്യം കാരണം മത്സരത്തിൽ നിന്നും നിന്നും വിട്ടുനിന്നു.
കോട്ടയംകാരുമായുള്ള ടെലിഫോൺ ബന്ധം മേഴ്സിരവിയ്ക്കെന്നും ഇഷ്ടമായിരുന്നു. കേവലമൊരു വീട്ടമ്മയുടെ കൊച്ചുവർത്തമാനമോ സ്നേഹസംവാദമോ മാത്രമല്ല വലിയ വലിയ കാര്യങ്ങളും ഈ സന്ദർഭങ്ങളിൽ ഫോണിലൂടെ ഒഴുകിയെത്തിയിരുന്നു. വേണ്ടപ്പെട്ടവരോടും പത്രക്കാരോടും മറ്റും കോട്ടയത്തിന്റെ വികസനത്തെക്കുറിച്ചും അവർ ഫോണിൽ ദീർഘനേരം പറഞ്ഞുകൊണ്ടേയിരുന്നു.

അറുപത്തിമൂന്നുകൊല്ലത്തെ ജീവിതത്തിൽ വളരെ ചുരുങ്ങിയ സമയം എഴുതാൻ കിട്ടിയിട്ടും അവരൊരു നല്ല എഴുത്തുകാരിയായി. പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും പത്രാധിപന്മാർ അവരോടു ലേഖനങ്ങൾ ചോദിച്ചു വാങ്ങി. അവരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ പ്രസാധകർ താല്പര്യം കാണിച്ചു. പക്ഷേ എഴുതി ഏറെ മുന്നോട്ടു പോയ ആത്മകഥ പൂർത്തിയാക്കാൻ രോഗം ചേച്ചിയോടു ‘മേഴ്സി’കാണിച്ചില്ല.

Monday, August 31, 2009

ഓണം ഓർമ്മയിൽ...

ഓണം ഓർമ്മയാണെനിയ്ക്ക്,
ഓരോ ചിങ്ങത്തിലും തികട്ടി വരുന്ന ഓർമ്മ.
അത്തപ്പൂക്കളമൊരുക്കാൻ തൊടിയിലും പാടത്തും
പരതിനടക്കുന്ന പാവാടക്കാരിയുടെ ഓർമ്മ.
വള്ളിനിക്കറിട്ട് , അവളോട് വഴക്കടിച്ചുംകളിച്ചും ചിരിച്ചും
കിതച്ചു പായുന്ന
കുഞ്ഞാങ്ങളയുടെ ഓർമ്മ.
ഇളയത്തുങ്ങളെ ഭരിച്ചും ചമഞ്ഞും
ജ്വലിയ്ക്കുന്ന ചേച്ചിക്കുട്ടിയുടെ ഓർമ്മ.
അമ്മക്കൈ ചൊരിയുന്ന
കാച്ചെണ്ണയിൽ ആദ്യം,
പിന്നെ തൊടിയിലെ കിണറിലെ കുളിർവെള്ളത്തിലും
നീരാടിയാർദ്രരായെത്തുന്നതോർമ്മ.
ചെത്തിയും തുമ്പയും ചെമ്പരുത്തീ പോര
കാട്ടിലെപ്പൂക്കളും ചെർന്നൊരാപ്പൂക്കളം തീർക്കുന്നതോർമ്മ.
‘മാവേലി നാടുവാണീടുന്ന’ പാട്ടുകൾ
പാടിത്തിമർക്കുന്നതോർമ്മ.
‘അമ്പലം കണ്ടുഞാനന്തം മറിഞ്ഞു’ വെന്നാർത്തുകൊണ്ടോമലാൾ
തുമ്പി തുള്ളുന്നതും ഓർമ്മ.
മുറ്റത്തു തീർത്ത കളത്തിലോ ഞൊണ്ടിഞാൻ
‘അക്കു’ കളിയ്ക്കുന്നതോർമ്മ.
പഞ്ചാര ,പാമോയിൽ, ആട്ടയെന്നീത്തരമൊട്ടേറെ വാങ്ങുവാൻ,
പച്ചക്കറികളും പായസ്സക്കൂട്ടതും
തുച്ഛവിലയ്ക്കുലഭിക്കുവാൻ
മാവേലിസ്റ്റോറിലേയ്ക്കോടുന്നതോർമ്മ.
അച്ഛന്റെ അഡ്വാൻസിന്റെ പാതിയും
കോടിയായ് വീട്ടിലേയ്ക്കെത്തുന്നതോർമ്മ.
ഉച്ചയ്ക്കു കൂമ്പിലയിട്ടെന്റെയമ്മേടെ
കൈപ്പുണ്യമെന്തെന്നറിയുന്നതോർമ്മ.
സാമ്പാറുമവിയലുമോലനും കാളനും തോരനും
ഉപ്പേരി ,പച്ചടി, കിച്ചടി,പച്ചമോരെരിശേരി
ചെറുപഴം പപ്പടം പായസ്സം കൂട്ടിയുള്ളൂണതുമോർമ്മ.
തെക്കേലെ മൂവാണ്ടൻ മാവിന്റെകൊമ്പിലെ
ഊഞ്ഞാലിലാഞ്ഞിരുന്നാടുന്നതോർമ്മ.
അമ്മമാർ ചേച്ചിമാരെല്ലാത്തരക്കാരും
കൈകൊട്ടിപ്പാടുന്നൊരോർമ്മ.
പാട്ടിന്നു താളമിട്ടെന്റെ തലമുറ കുമ്മിയടിയ്ക്കണതോർമ്മ.
പ്രായം മറന്നതും നാണം കളഞ്ഞതും നാരിമാരെന്നതുമോർമ്മ.
ആണുങ്ങളായവരാർപ്പുവിളിയുമായ്
വഞ്ചിതുഴയുന്നതോർമ്മ.
കൊയ്ത്തുപാടത്തൊരു മൈതാനമുണ്ടാക്കി
പന്തുകളിയ്ക്കുന്നതോർമ്മ.
നാട്ടിലെ ടാക്കീസിലച്ഛനുമമ്മയും
പിള്ളേരുമെത്തുന്നതോർമ്മ.
ഓണത്തിനേറെയും മാനുഷപ്പുലികളെൻ
നാട്ടിൻപുറത്തു കളിയ്ക്കുന്നതോർമ്മ.
മൂവന്തിക്കള്ളിനാൽ ഉന്മത്തരായവർ
പാതേടെവീതിയളക്കുന്നതോർമ്മ.
കോടിയുടുത്തൊരു മുത്തശ്ശിയമ്മയെ
താങ്ങിപ്പിടിയ്ക്കുന്നതുമോർമ്മ
മുത്തശ്ശി തന്നൊരു മുത്തവുമൊത്തിരി
കേൾക്കാക്കഥകളുമോർമ്മ.
പാണനെപ്പോലൊരു പാവത്താനെന്നുടെ
ഓണവീടെത്തുന്നതോർമ്മ.
സന്ധ്യയ്ക്കു വീട്ടിലെച്ചുറ്റുവിളക്കിന്റെയരികത്തു
വയ്ക്കുന്ന മുറിയിലയ്ക്കുള്ളിലെ പായസ്സച്ചോറെല്ലാം
സദ്യയാക്കുന്നൊരാകുഞ്ഞെറുമ്പെല്ലാമിന്നോർമ്മ.
ഓണനാൾ മൂവന്തി നാമജപത്തിനു
മേളക്കൊഴുപ്പുള്ളതോർമ്മ.
ഉച്ചയ്ക്കു വച്ചതും വൈകിട്ടു വച്ചതുമൊക്കെയും ചേർന്നുള്ള
അത്താഴത്തിന്റെ സ്വാദുമെനിയ്ക്കിന്നൊരോർമ്മ.
മെത്തകളൊക്കെയും മൊത്തമായ്
താഴത്തു ചേർത്തുവിരിയ്ക്കുന്നതോർമ്മ.
മെത്തമേലങ്ങേലെമിങ്ങേലേംകുട്ടികൾ
ആർത്തലച്ചങ്ങനെകുത്തിമറിഞ്ഞു
കളിച്ചുംതിമർത്തുമുറങ്ങുന്നതെപ്പൊഴാ
എന്നതുമാത്രം എനിയ്ക്കിന്നുമോർമ്മയില്ല.

Wednesday, August 5, 2009

കൌമുദിടീച്ചറിനു പ്രണാമം.

http://www.hindu.com/2006/10/05/images/2006100512170301.jpg


ഗാന്ധിജിയുടെ വടകര സമ്മേളനത്തിൽ വച്ച്
ഹരിജനോദ്ധാരണ ഫണ്ടിലേയ്ക്ക്
തന്റെ സ്വർണ്ണാഭരണങ്ങളെല്ലാം സംഭാവന ചെയ്ത്
മഹാത്മാവിന്റെ മനസ്സിലും അതുവഴി ജനഹൃദയങ്ങളിലും
കയറിക്കൂടിയ ‘കൊച്ചു കൌമുദി’യാത്രയായി।
കണ്ണൂരിലെ കാടാച്ചിറയിലെ ഉദയപുരം വീട്ടിൽ
സഹോദരൻ പ്രഭാകരൻ നമ്പ്യാരോടൊപ്പമായിരുന്നു താമസിച്ചിരുന്നത്।
വാർദ്ധക്യസഹജമായ അസുഖത്താൽ ഇന്നലെ വൈകിട്ട്
അന്തരിച്ച കൌമുദി ടീച്ചറിന്റെ മരണാനന്തര ചടങ്ങുകൾ
ഔദ്യോഗിക ബഹുമതികളോടെ ഇന്നു രാവിലെ പതിനൊന്നിനു
വീട്ടുവളപ്പിൽ നടക്കും।
ആഭരണങ്ങൾ ദാനം ചെയ്ത പതിനേഴുകാരി
ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച്
ഹിന്ദി അദ്ധ്യാപികയായി।
സ്വർണ്ണാഭരണം ഇനി അണിയില്ല എന്നു ഗാന്ധിജിയ്ക്കു
കൊടുത്ത വാക്കു പാലിയ്ക്കാനെന്നോണം അവിവാഹിതയായി
തുടർന്നു। അദ്ധ്യാപക വൃത്തിയിൽ നിന്നും വിരമിച്ചിട്ടും
തന്നെ തേടിയെത്തിയ നൂറുകണക്കിന്
കുട്ടികൾക്ക് ഹിന്ദി പരിചയപ്പെടുത്തിക്കൊണ്ടേയിരുന്നു।
ത്യാഗമാണ് ഏറ്റവും വലിയ ആഭരണമെന്നു തെളിയിച്ച
കൌമുദി ടീച്ചറിന്റെ ചെയ്തികൾക്ക് ഏറ്റം പ്രസക്തിയുള്ള
കാലഘട്ടമാണിത്।
സ്വർണ്ണാഭരണങ്ങളുടെ മായക്കാഴ്ചയോ
പരസ്യങ്ങളുടെ പളപളപ്പോ
സ്വർണ്ണക്കവർച്ചയോ
പിടിച്ചുപറിയോ
മാറ്റുരച്ചുനോക്കലോ
മുക്കുപണ്ടങ്ങളോ ഇല്ലാത്ത
ലോകത്തേയ്ക്ക്
യാത്രയായ
പ്രിയപ്പെട്ട
കൌമുദിടീച്ചറിന്
ആദരാഞ്ജലികൾ!

Monday, July 6, 2009

വിക്ടര്‍, അവിടെ മഴയുണ്ടോ?





ഇന്ന് (ജുലൈ-9), ഇന്‍ഡ്യയിലെ ഏറ്റവും മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായിരുന്ന വിക്ടര്‍ ജോര്‍ജ് അനശ്വരനായതിന്റെ എട്ടാം വാര്‍ഷികം. മഴക്കാഴ്ചകള്‍ ഒപ്പിയെടുക്കാന്‍ തന്റെ പ്രിയപ്പെട്ട നിക്കോണ്‍ എഫ്. എം-2 ക്യാമറയുമായി വെണ്ണിയാനി മലകയറിയ വിക്ടര്‍.....ഒന്നിലധികം ക്യാമറകളുമായായിരുന്നു ആ യാത്രയും.

ഉരുള്‍പൊട്ടല്‍ പകര്‍ത്തുമ്പോള്‍ വിക്ടറെ കാണാതായെന്ന ഫ്ലാഷ് ന്യൂസ്......വിക്ടറിനൊന്നും സംഭവിക്കരുതേയെന്ന് ഒരു ജനത ഒരേ ശബ്ദത്തില്‍ ദൈവത്തോട് അപേക്ഷിച്ച നിമിഷങ്ങള്‍....ഒടുവില്‍ ജൂലൈ-12ലെ നനഞ്ഞ പ്രഭാതത്തില്‍,അന്ത്യ വിശ്രമത്തിനായി രത്നഗിരിപ്പള്ളിയിലേക്ക് യാത്രയാകുമ്പോഴും എല്ലാവരും അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. വിക്ടറിന്റെ ലില്ലിക്കും മക്കള്‍ക്കും
പ്രിയപ്പെട്ടവര്‍ക്കും മാത്രമായിരുന്നില്ലല്ലൊ ആ വേര്‍പാടിന്റെ നഷ്ടം!

വിക്ടറിന്റെ ഇടവകവികാരി ഓലിക്കലച്ചന്‍ അന്ന്, നടത്തിയ പ്രസംഗം അവിടെക്കൂടിയ എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു। ഒഴിവു സമയങ്ങളില്‍ തന്റെ സ്വപ്നങ്ങള്‍ പങ്കു വക്കാന്‍ അച്ചന്റെ അടുത്തെത്താറുണ്ടായിരുന്ന വിക്ടറിന്റെമറ്റൊരുമുഖത്തെക്കുറിച്ച്കൂടുതലറിഞ്ഞത് അപ്പോഴാണ്. മരങ്ങള്‍ നടാനും മാലിന്യ സംസ്കരണത്തിനും ഒക്കെയുള്ള പദ്ധതികള്‍...വിക്ടര്‍ ജോര്‍ജ് എന്ന ഫോട്ടോ ജേര്‍ണലിസ്റ്റ് എല്ലാവര്‍ക്കും പരിചിതനാണ്।

ഗാലറിയിലിരുന്ന് നീന്തല്‍ മത്സരം കണ്ട് മകളെ എല്ലാം മറന്നു പ്രോത്സാഹിപ്പിക്കുന്ന അമ്മ(അനിതാസുദിന്റെ അമ്മ, നാഷണല്‍ ഗെയിംസ് ) ഒരു പവാടക്കാരി പെണ്‍കുട്ടിയോട് ആണ്‍കുട്ടികള്‍ വോട്ട് ചോദിക്കുന്ന കാമ്പസ് ചിത്രം. അങ്ങനെ എത്രയെത്ര ചിത്രങ്ങള്‍?
ഭാഷാപോഷിണിക്കു വേണ്ടി വിക്ടര്‍ എടുത്ത മുഖ ചിത്രങ്ങളും വിഖ്യാതങ്ങളായി.

പക്ഷേ, സൌമ്യനും നല്ലവനുമായിരുന്ന വിക്ടര്‍,പരിസ്തിതി സംരക്ഷകനായിരുന്ന വിക്ടര്‍, വലിയൊരു സുഹൃദ് വലയം സൃഷ്ടിച്ചെടുത്തിരുന്ന വിക്ടര്‍,തൊഴിലില്‍ പൂര്‍ണത നേടാന്‍ വിട്ടൂവീഴ്ചക്ക് തയ്യാറാകാതിരുന്ന വിക്ടര്‍..അങ്ങനെയുള്ള പ്രത്യേകതകള്‍ നമ്മളറിയാന്‍ വൈകി.

ഏതു രംഗത്തും ശോഭിക്കണമെങ്കില്‍ ‘കുറച്ചു വേലയും, ബാക്കി തട്ടിപ്പും’ എന്നു വിചാരിക്കുന്നവര്‍ക്കൊരപവാദമായിരുന്നു വിക്ടര്‍.തൊഴിലിനെ മഹത്വവല്‍ക്കരിക്കാനുള്ള വ്യഗ്രതയില്‍ ആര്‍ത്തലച്ചുവന്ന മലവെള്ളം തട്ടിപ്പറിച്ചുകൊണ്ടു പോയ വിക്ടര്‍ ജോര്‍ജിന്റെ ഓരോ ഓര്‍മ്മ ദിവസവും ഉത്തരവാദിത്ത ബോധത്തെയും പൂര്‍ണ്ണതയെയും (perfection) ഓര്‍മ്മിപ്പിക്കുന്നതാവും.

വിക്ടറിന്റെ മഴച്ചിത്രങ്ങളുടെ പുസ്തകം'It's Raining' മലയാള മനോരമ തന്നെ പ്രസിദ്ധീകരിച്ചു. പെയ്തൊഴിയാത്ത നൊമ്പരവുമായി പ്രിയപ്പെട്ടവര്‍ വിക്ടറെ സ്മരിക്കുമ്പോഴും അങ്ങങ്ങ്,താന്‍ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലാത്ത ക്യാമറയുമായി ഒരു വേറിട്ട ചിത്രത്തിനായി പായുന്ന വിക്ടര്‍, ആദരാഞ്ജലികള്‍...

ഞാനിത് എഴുതിത്തുടങ്ങുമ്പോള്‍ മഴ തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു. അന്നത്തെപ്പൊലെ ഭീകരമല്ലെന്നു മാത്രം.

വിക്ടര്‍, അവിടെ മഴയുണ്ടോ???

Wednesday, July 1, 2009

കണ്ണൻ പതിനാറു വയസ്സ്. ബൂലോകത്ത് ഒന്നാം പിറന്നാളും.





ങ്ങളുടെ മകൻ കണ്ണനിന്ന് പതിനാറു വയസ്സാകുന്നു। കഴിഞ്ഞ പിറന്നാൾ ദിവസം ഞാൻ ഒരു പോസ്റ്റ് തയ്യാറാക്കി കണ്ണനെക്കൊണ്ട് വായിപ്പിച്ച്, അവനെക്കൊണ്ടു പബ്ലിഷ് ചെയ്യിച്ചു। ‘ഈ കുമ്പസാരം ഒരു പിറന്നാൾ സമ്മാനം’ എന്നായിരുന്നു ആ പോസ്റ്റിന്റെ പേര് ।അന്നു മുതൽ കണ്ണനു
ബൂലോകവുമായി പരോക്ഷ ബന്ധം തുടങ്ങി. പിറന്നാളാശംസകൾ കിട്ടിയതോടെ ബ്ലോഗ് വായിക്കാനും താല്പര്യം. ബ്ലോഗറായില്ല, എങ്കിലും ബൂലോകരിൽ പലരും അവന്റെ പരിചയക്കാരായി। കണ്ണന്റെ വിദ്യാലയത്തിനു (ദേവിവിലാസം സ്കൂൾ , കുമാരനല്ലൂർ) ഞാൻ ഒരു ബ്ലോഗ് ഉണ്ടാക്കിയപ്പോൾ അതിന്റെ ജോലികൾ ചെയ്തതും കണ്ണൻ തന്നെ. കണ്ണൻ എടുക്കുന്ന പടങ്ങളുമായി ,ഞാൻ
അവനുവേണ്ടി “കണ്ണന്റെ ചിത്രലോകം” എന്ന ബ്ലോഗ് തുടങ്ങി


"തൊടുപുഴ ബ്ലോഗ് മീറ്റിനു" വരാൻ എന്നെപ്പോലെ തന്നെ കണ്ണനും ഉത്സാഹമാകാൻ ഇതൊക്കെ കാരണമായി.





ഇപ്പോൾ കണ്ണൻ പത്തു പാസ്സായി। (എൺപത്തിയഞ്ച് ശതമാനം മാർക്ക്) മാന്നാനം സെയ്ന്റ് എഫ്രേംസ് ഹയർ സെക്കന്ററി സ്കൂളിൽ കമ്പ്യൂട്ടർ സയൻസിന് ചേർന്നു।ജൂലായ് എട്ടിനു ക്ലാസ് തുടങ്ങും। പൊതുപ്രവർത്തകരായ മാതാപിതാക്കളുടെ ഏക സന്തതി എന്ന തിക്കുമുട്ടലുകൾ വക വയ്ക്കാത്ത എന്റെ കണ്ണന് നിങ്ങളുടെ പ്രാർത്ഥനകൾ ഉണ്ടാവണേ.....................

പ്രിയപ്പെട്ട മകന് പിറന്നാൾ ആശംസകൾ!!!!!!!

Saturday, June 27, 2009

കുരുപ്പ.

മിനിയാന്നാളായിരുന്നു അയാളുടെ വിവാഹം। പെൺകുട്ടി ജനിച്ചതുംവളർന്നതും ജീവിയ്ക്കുന്നതുമൊക്കെ അനന്തപ്പുരിയിൽ।“ അവളെ നമ്മുടെ വീടുകളിലൊക്കെ ഒന്നു കൊണ്ടുപോടാ।”അമ്മയുടെ വാക്കുകളെ ധിക്കരിക്കാനയാൾക്കായില്ല।തറവാട്ടിലും ബന്ധുവീടുകളിലും അവർ കയറിയിറങ്ങി। ഏറ്റവും ഒടുവിൽ അയാൾ അവളെ അമ്മിണിയമ്മായിയുടെ വീട്ടിൽ കൊണ്ടുപോയി। പൊട്ടിപ്പൊളിഞ്ഞ കുമ്മായഭിത്തിയും ഇപ്പോൾ വീഴും എന്നു തോന്നിപ്പിയ്ക്കുന്ന മേൽക്കൂരയുമുള്ള അതി പുരാതനമായ വീട്। കുട്ടിക്കാലത്ത് ഓടിക്കളിച്ചിരുന്ന മുറ്റം। തുളസിത്തറയും അമ്മാവന്റെ അസ്ഥിത്തറയുമൊക്കെ പഴകിയിരിയ്ക്കുന്നു। വിശാലമായ വല്യതിണ്ണയിൽ അമ്മിണിയമ്മായി കാലും നീട്ടിയിരിയ്ക്കുന്നു।
പൊളിഞ്ഞ പടിപ്പുര കടന്നു വരുന്ന നവദമ്പതികളെ നോക്കി അമ്മിണിയമ്മായി ഉച്ചത്തിൽ പറഞ്ഞു।
“ആ കുട്ടിയെ വെറുതേ കഷ്ടപ്പെടുത്തേണ്ട മകനേ...മുറ്റം നിറയെ കുരുപ്പയാ। നിങ്ങൾ ഇവിടെ കയറിയതായി അമ്മായി കണക്കു കൂട്ടിയിരിയ്ക്കുന്നു“ വിലക്കു വക വയ്ക്കാതെ അങ്ങോട്ടു കയറി, ഉമ്മറത്ത് അല്പം കൂടുതൽ സമയം ഇരുന്ന് അയാൾ അമ്മിണിയമ്മായിയോട് കുശലം പറഞ്ഞു। ജീവിയ്ക്കാൻ മറന്നു പോയ അമ്മിണിയമ്മായിയോട് യാത്ര ചോദിച്ച് പടിപ്പുര കടക്കുമ്പോൾ അവൾ അയാളോട് :‘എടാ, കുരുപ്പ എന്നു പറഞ്ഞാൽ എന്തുവാടാ??’

Saturday, June 20, 2009

കൊച്ചിയില്‍ നിന്നും ചെറായി ബീച്ചിലേക്ക്.....






ഹോദരന്‍ അയ്യപ്പനു ജന്മം നല്‍കിയ നാട് എന്ന നിലയിലാണു ചെറായിയെക്കുറിച്ചു ഞാന്‍ കുട്ടിക്കാലത്തേ കേട്ടത്. പിന്നെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരോണക്കാലത്ത്, വൈപ്പിന്‍ മദ്യദുരന്തം ഉണ്ടാ‍യപ്പോള്‍ വൈപ്പിന്‍ ദ്വീപിന്റെ ഭാഗമായ ചെറായിയും ചിത്രത്തില്‍ വന്നതോര്‍ക്കുന്നു. എന്തിനും ഏതിനും പ്രതികരിയ്ക്കുന്ന വൈപ്പിൻകരക്കാരെക്കുറിച്ചും കുടിവെള്ളത്തിനായി മുറവിളി കൂട്ടുന്ന ഈ നാടിനെക്കുറിച്ചും എവിടെയോ വായിച്ച ഓർമ്മയുമുണ്ടായിരുന്നു.

പില്‍ക്കാലത്ത് ചെറായിയുടെ മരുമകളായി അവിടെയെത്തിയപ്പോഴാണ് ഈ മനോഹരതീരം കാണാനും ഇവിടെ (മാസത്തില്‍ ചുരുങ്ങിയത് നാലഞ്ച് ദിവസമെങ്കിലും)താമസിക്കാനും ഭാഗ്യമുണ്ടായത് ആദ്യമാദ്യം ഞാന്‍ അങ്ങോട്ട് പോയിരുന്നത് ഒത്തിരി സമയമെടുത്തു തന്നെയാണ്
തിങ്കൾ മുതൽ വെള്ളി വരെ കോട്ടയത്ത് താമസിച്ച്, ശനിയാഴ്ച ഉച്ച തിരിഞ്ഞ്
ട്രെയിനില്‍ എറണാകുളത്തെത്തിയാല്‍ ബോട്ട് ജെട്ടിയിലെത്തി വൈപ്പിനിലേക്ക് പാര്‍ക്കിനടുത്തും ഹൈക്കോര്‍ട്ടിനടുത്തും ബോട്ട് ജെട്ടികളുണ്ട് കൊച്ചി നഗരവും ഷിപ്പ്യാര്‍ഡും ബോള്‍ഗാട്ടി പാലസും, മുളവുകാടു-വല്ലാര്‍പാടം തുടങ്ങിയ ചെറു ദ്വീപുകളും,കായല്‍ പരപ്പിലെ ഓളങ്ങളില്‍ ചാഞ്ചാടുന്ന ചെറുതും വലുതുമായ ബോട്ടുകളും എണ്ണക്കപ്പലുകളും അപൂര്‍വമായെത്തുന്ന യാത്രാക്കപ്പലുകളുമൊക്കെ കണ്ടുകൊണ്ടൊരു ബോട്ട് യാത്ര ബോട്ട് ജെട്ടിയില്‍ ടിക്കറ്റ് എടുക്കാന്‍ നീണ്ട നിരയാണെപ്പോഴും വൈകുന്നേരം എറണാകുളത്ത് നിന്ന് വൈപ്പിനിലേക്ക് എത്ര തിരക്കായിരുന്നെന്നോ പത്ത് മിനിറ്റ് ഇടവിട്ട് വരുന്ന ബോട്ടില്‍ ഈ ജനമെല്ലാം എങ്ങനെയാ കയറുന്നത് എന്നാലോചിച്ചു നില്‍ക്കുമ്പോഴേക്കും മലവെള്ളപ്പാച്ചിലു പോലെ ആളുകളെല്ലാം ബോട്ടില്‍ കയറിക്കൂടിയിട്ടുണ്ടാവും ‘സൂചി കുത്താനിടമില്ല’ എന്നൊക്കെ പറയുന്നമാതിരി തിക്കിത്തിരക്കി പോകുമ്പോഴും, വൈപ്പിനിലെ മനുഷ്യരുടെ മാന്യതയെ ഞാന്‍ നമിച്ചിട്ടുണ്ട്

മകന് മൂന്ന് മാസം പ്രായമായപ്പോള്‍ മുതല്‍ ഞാന്‍ അവനെയും കൊണ്ട് യാത്ര ചെയ്യുമായിരുന്നു കുട്ടി, ബാഗ്- എങ്ങനെ കയറും എന്നലോചിക്കുമ്പോള്‍ ആരെങ്കിലും ബാഗ് വാങ്ങും കുഞ്ഞുമായി ഇരിക്കാന്‍ ആരെങ്കിലും സീറ്റ് തരും ഇരുവശങ്ങളിലേയും കാഴ്ചകള്‍ കണ്ടൊരു ജലയാത്രസന്ധ്യയായാല്‍ എവിടെയും വൈദ്യുത ദീപങ്ങള്‍ പിന്നോട്ടു നോക്കിയാല്‍, പ്രകാശത്തില്‍ കുളിച്ച കൊച്ചീ നഗരം അറബിക്കടലിന്റെ റാണി തന്നെ സുഭാഷ് പാര്‍ക്കും മറൈന്‍ ഡ്രൈവും അംബരചുംബികളായ കെട്ടിടങ്ങളും അകന്നകന്നു പോവുന്നു See full size image




എളങ്കുന്നപ്പുഴയിലെ ലൈറ്റ്ഹൌസ്.

വലതു വശത്ത് കണ്ടല്‍ വനങ്ങളുടെ നിഴലാട്ടം. ഇടത്തോട്ടു നോക്കിയാല്‍ ഷിപ്പ് യാര്‍ഡും, തലയെടുപ്പുള്ള ഹോട്ടലുകളും. സര്‍ക്കാര്‍ വക ബോട്ടില്‍ സഞ്ചരിച്ചാല്‍ ഐലന്‍ഡില്‍ പോവാം. അവിടെ ആളിറക്കിയ ശേഷം വീണ്ടും മുന്നോട്ട്. എളങ്കുന്നപ്പുഴയിലുള്ള ലൈറ്റ് ഹൌസ് അപ്പോഴേക്കും കണ്ണുതുറന്നു ചുറ്റും നോക്കാന്‍ തുടങ്ങിയിട്ടുണ്ടാവും. താഴെ കായലിലെ തിരയിളക്കം, മുകളില്‍ പ്രകാശത്തിന്റെ പ്രദക്ഷിണനൃത്തം... വൈകി അസ്തമിക്കുന്ന ദിവസങ്ങളില്‍ ആകാശത്തിലെ മായക്കാഴ്ചകള്‍ വേറെയും. http://i6.tinypic.com/23kw7zb.jpg

ഗോശ്രീ പാലം ഒരു ഭാഗം.
കാറിലോ സ്വകാര്യ വാഹനങ്ങളിലോ വരുന്നവര്‍ക്ക് ജങ്കാര്‍ സര്‍വീസ് പ്രയോജനപ്പെടുത്താമായിരുന്നു. ഇന്നിപ്പോള്‍ ആ (അ)സൌകര്യങ്ങള്‍ ഫോര്‍ട്ട് കൊച്ചിയിലേക്കു മാത്രം. ഗോശ്രീ പാലങ്ങള്‍ സമയത്ത് പണി തീര്‍ത്ത്, തുറന്നു കിട്ടിയിട്ട് വര്‍ഷം മൂന്നാലായി...മൂന്നു പാലങ്ങളുടെ കൂട്ടായ്മ.. അരമണിക്കൂര്‍ ബോട്ടുയാത്രക്കു പകരം പത്തുമിനിട്ട്, റോഡ് യാത്ര.



Photo of Bolgatty Palace Hotel,Kochi (Cochin), Kerala, India, The front of the hotel


കാറും ബസ്സുമൊക്കെ അന്യമായിരുന്ന മുളവുകാട്, പനമ്പുകാട് ദ്വീപുകള്‍ക്ക് ശാപമോക്ഷം ബോള്‍ഗാട്ടി പാലസ്സിലേക്ക് കരമാര്‍ഗ്ഗവും ചെന്നെത്താം പ്രശസ്തമായ വല്ലര്‍പാടം പള്ളി ദേശീയ തീർത്ഥാടന കേന്ദ്രമായി ഉയർത്തപ്പെട്ടിരിക്കുന്നു

http://commons.wikimedia.org/wiki/File:Vallarpadam_Church.jpg



വല്ലാര്‍പാടം പദ്ധതി, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ നിരവധി പദ്ധതികളുടെ വരവോടെ വികസനം നോക്കി നില്‍ക്കുമ്പോള്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു വല്ലാർപാടം പദ്ധതി ഏവരുടേയും പ്രതീക്ഷയാണു പാലങ്ങളിലൂടെ കടന്നു പോകുമ്പോൾ ആദ്യമാദ്യം എന്തെല്ലാം കാഴ്ചകളായിരുന്നെന്നോ!പണ്ട് ബോട്ടിലോ ജങ്കാറിലോ പോയിരുന്നപ്പോൾ ലഭിച്ച കാഴ്ചസുഖം പൂർണ്ണമായി ലഭിച്ചിരുന്നില്ലെങ്കിലും, കായൽ ദൃശ്യങ്ങളുടെ വശ്യത പറഞ്ഞാൽ അവസാനിക്കാത്തതായിരുന്നു ഇപ്പോൾ വികസനം അനുദിനം വളരുകയാണിവിടെ ദ്വീപിന്റെ സ്വസ്ഥത നഷ്ടപ്പെട്ടു എന്നു പറയുന്നതാവും ശരി രാത്രിയില്‍ അവസാനത്തെ ബോട്ടും ജങ്കാറും വൈപ്പിനിലെത്തിക്കഴിഞ്ഞാല്‍ ദ്വീപ് ഉറക്കമാവുമായിരുന്നു
ഇന്നിപ്പോള്‍ വടക്കോട്ടുള്ള വാഹനങ്ങളധികവും രാപകല്‍ ഭേദമില്ലാതെ ദ്വീപിലൂടെയാണു യാത്ര.





വൈപ്പിന്‍ ദ്വീപ് വൈപ്പിനില്‍ നിന്നും മുനമ്പത്തേക്കും വടക്കന്‍ പറവൂരിന്റെ അതിര്‍ത്തിയായ ചെറായി പാലത്തിലേക്കും എത്തി നില്‍ക്കുന്നു പറവൂര്‍-വൈപ്പിന്‍ 23 കിമീയും വൈപ്പിന്‍-മുനമ്പം27കിമീയും ദൂരം വരുംപാലങ്ങളുടെ വരവോടെ റോഡുകളും നിലവാരമുള്ളതാക്കി മുട്ടിനു മുട്ടിനു കാണുന്ന ചെറു പാലങ്ങള്‍ക്കിനിയും പുരോഗതിയായില്ല വൈപ്പിന്‍, മുരിക്കുമ്പാടം, ഓച്ചന്തുരുത്ത്, എളങ്കുന്നപ്പുഴ, ഞാറക്കല്‍, നായരമ്പലം, എടവനക്കാട്(നടൻ സിദ്ധിക്കിന്റെജന്മദേശം), തുടങ്ങിയ പ്രധാന
സ്ഥലങ്ങള്‍ പിന്നിട്ടാല്‍ പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് അതിര്‍ത്തിയെത്തും




പ്രശസ്ത ബാലസാഹിത്യകാരന്‍ സിപ്പിപള്ളിപ്പുറം,യശശരീരനായ ശങ്കരാടി തുടങ്ങിയ നിരവധിപ്രഗല്‍ഭമതികള്‍ക്കും ജന്മം നല്‍കിയ ഗ്രാമംയാത്രയിലുടനീളം പുട്ടിനിടയില്‍ തേങ്ങയെന്നവണ്ണം ഹൈന്ദവ-ക്രൈസ്തവ-മുസ്ലീം ദേവാലയങ്ങള്‍


Sankaradi1.jpg

ചെറായിയിലെത്തുന്നതിനു മുന്നോടിയായി, ശ്രീ നാരായണ ഗുരു, പ്രതിഷ്ഠ നടത്തിയ ഗൌരീശ്വരക്ഷേത്രം കാണാം ഗൌഡസാരസ്വതബ്രാഹ്മണരുടെ വരാഹക്ഷേത്രം ചെറായി ജംങ്ഷനില്‍ത്തന്നെയാണ് വലത്തോട്ടു പോ‍യാല്‍ പറവൂരെത്താം. ചെറായി പാലത്തില്‍ ഒരു ചെറിയ പാര്‍ക്കു പോലെ ‘ഗേറ്റ് വേ ടു ചെറായി‘. ഇരുവശങ്ങളിലും ജലാശയങ്ങള്‍. ചീനവലകൾ

[sahodaran+ayyapan.jpeg]

എവിടേയും കാണാം ചെറായി ജംഗ്ഷൻ പറവൂർ, മുനമ്പം, വൈപ്പിൻ റോഡുകളുടെ സംഗമമാണു പറവൂരു നിന്നും വരുന്നവർക്ക് ഇവിടെവന്നു വേണംബീച്ചിലേയ്ക്കുപോവാൻമുനമ്പത്തുനിന്നുംബീച്ചിനു സമാന്തരമായ റോഡുണ്ട്അടുത്തകാലത്ത് പണിതീർന്ന മാല്യ ങ്കരപ്പാലം കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും
വരുന്നവർക്ക് എളുപ്പം ചെറായിയിലെത്താൻ സഹായകമാണു.

ചെറായിയില്‍ നിന്നും നേരേ പോകുന്നത് മുനമ്പത്തേക്ക് ആ വഴിയില്‍ വലത്തേക്കു യാത്ര ചെയ്താല്‍ സഹോദര ഭവനത്തിലെത്താം(സഹോദരന്‍ അയ്യപ്പന്റെ ജന്മഗൃഹം) കായലോരത്തുള്ള സഹോദരഭവനം സര്‍ക്കാര്‍ അധീനതയില്‍ നന്നായി സംരക്ഷിച്ചുപോരുന്നു കുറച്ചകലെയുള്ള 'ടിപ്പു സുല്‍ത്താന്റെ കോട്ട'യാകട്ടെ, ശ്രദ്ധയില്ലാതെ പോയതിനാല്‍ അനാഥമായി കിടക്കുന്നുടിപ്പുവിന്റെ കോട്ടഎന്നു നാട്ടുകാര്‍ പറയുമെങ്കിലും

പള്ളിപ്പുറം കോട്ട.


1503-ല്‍ പോര്‍ച്ചുഗീസുകാര്‍ പണിതതാണത്രേ ഈ കോട്ട. പള്ളിപ്പുറത്തുള്ള ഈ കോട്ട ഇന്‍ഡ്യയില്‍ വിദേശികള്‍
നിര്‍മ്മിച്ച ആദ്യത്തെ കോട്ടകളില്‍ ഒന്നാണെന്നും പറയപ്പെടുന്നു.ഇതിനടുത്താണ് പള്ളിപ്പുറം സര്‍ക്കാറാശുപത്രിയും പൊലീസ് സ്റ്റേഷനും മറ്റും.
ചെറായിയില്‍ നിന്നും അല്പം മുന്നോട്ട് പോയി, ഇടത്തോട്ട് ഒന്നര കിമീ പോയാല്‍ ബീച്ചിലെത്താം കായലിന്റെ നടുവിലൂടൊരു യാത്ര തരക്കേടില്ലാത്ത പാത. പഴക്കം ചെന്ന ഒരു തടിപ്പാലമാണു വാഹനങ്ങള്‍ക്കിന്നും ആശ്രയം.(ഇപ്പോൾ ഈപാലംപണിയിൽ)ചെറുതും വലുതുമായ റിസോര്‍ട്ടുകളും ബോട്ട് ഹൌസുകളും സഞ്ചാരികള്‍ക്കു വേണ്ടി തയ്യാറാക്കിയിട്ടുണ്ട്. ചൂണ്ടക്കാരും വലക്കാരും ചീനവലകളും ചെമ്മീന്‍ കെട്ടുകളും പുഴയുടെ മുഖമുദ്രയാണിന്നും. എളങ്കുന്നപ്പുഴ മുതല്‍ മുനമ്പം വരെ നീണ്ടുകിടക്കുന്ന തീരദേശ പാതയിലേക്കാണു നമ്മള്‍ എത്തുന്നത്.

അതാ അറബിക്കടല്‍. സമാന്തരമായ പാതയിലൂടെ എങ്ങോട്ട് സഞ്ചരിച്ചാലും കടല്‍ കണ്‍ നിറയെ കാണാം.മുനമ്പത്തെത്തും മുന്‍പ് പുലിമുട്ടുണ്ട്. അവിടെ നിന്നു നോക്കിയാല്‍ കരകാണാക്കടലിനൊപ്പം വലതുവശത്ത് തൃശൂര്‍ ജില്ലയിലെ
അഴീക്കോട് കാണാം.
ചെറായി ബീച്ചിലേക്ക് വിനോദ സഞ്ചാരികള്‍ കൂടുതല്‍ വരാന്‍ തുടങ്ങിയതോടെ സൌന്ദര്യവല്‍ക്കരണവും നടന്നിരുന്നു. ‘സുനാമി’ വന്ന് ബീച്ചിന്റെ മുഖശ്രീ കവര്‍ന്നെങ്കിലും ക്ഷീണം മാറിത്തുടങ്ങിയിട്ടുണ്ട്. ആറേഴു വര്‍ഷം മുന്‍പ് നാട്ടുകാരുടെ കൂട്ടായ്മയില്‍ സംഘടിപ്പിക്കപ്പെട്ട ‘ചെറായി ബീച്ച് ടൂറിസം മേള’ ഇന്നൊരു നാടിന്റെ ഉത്സവമായി മാറിയിരിക്കുന്നു കടലോര ഗ്രാമങ്ങളില്‍ പലതിലും ‘ചെറായി മോഡല്‍‘ ടൂറിസം മേളകള്‍ കാണാം. സ്വദേശികളുംവിദേശികളുമടക്കം ആയിരങ്ങള്‍ പങ്കെടുക്കുന്ന മേള എല്ലാ വര്‍ഷവും ഡിസംബര്‍ അവസാനം പത്തു ദിവസം നീണ്ടു നില്‍ക്കുന്നു.

കടലുകാണാനും കായല്‍പ്പരപ്പില്‍ കളിവള്ളം തുഴയാനും ഞണ്ടും ചെമ്മീനും മീനും മറ്റും നല്ലവണ്ണം കഴിക്കാനും കടലമ്മയുടെ അരികിലിരുന്ന്, നോക്കെത്താ ദൂരത്തേക്ക് നോക്കിയിരിക്കാനും, എന്താ ചെറായിയിലേക്കു വരുന്നോ?
നിലവിലുള്ള പാലം പുതുക്കിപ്പണിയുന്നതിനാൽ ഇപ്പോൾ ബീച്ചി ലേയ്ക്കുള്ള യാത്ര ഈ വഴിയാണു.
കായലും കരയും.