Saturday, May 31, 2008

അല്പം പുകയില വിരുദ്ധ ചിന്തകള്‍.

മൂന്നു വര്‍ഷം മുന്‍പു നടന്ന സംഭവമാണ്. എന്റെ അച്ചന്‍ ഒരു ശസ്ത്രക്രിയയ്ക്കു വിധേയനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. തീവ്ര പരിചരണ വിഭാഗത്തില്‍[ICU]നിന്നും പുറത്തെ മുറിയില്‍ എത്തിയതും,അച്ചന്‍ ഞങ്ങളോട് സമരം പ്രഖ്യാപിച്ചു.പൊടി വലിക്കാന്‍ നല്‍കിയില്ലെങ്കില്‍ അച്ചന്‍ ആശുപത്രിയില്‍ നിന്നും ഇറങ്ങിപ്പോകുമത്രെ.സര്‍ക്കാരുദ്യോഗത്തില്‍ നിന്നും വിരമിച്ച 74-കാരനായ ഭര്‍ത്താവിന്റെ ശാഠ്യം കണ്ട് അമ്മ വിഷമിച്ചു.

“ആശുപത്രിയില്‍ നിന്നും വീട്ടിലെത്തട്ടെ “.
അമ്മ സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചു.

“പൊടി വാങ്ങിത്തന്നില്ലെങ്കില്‍ ഞാന്‍ ഇപ്പോള്‍ പോകും”.
അച്ചനെ അനുനയിപ്പിക്കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

ഒടുവില്‍ എന്റെ സഹോദരന്‍ അച്ചന്റെ ബ്രാന്‍ഡ് [ശാസ്താ]പൊടി സംഘടിപ്പിച്ച് വീട്ടിലിരുന്ന പൊടിക്കുപ്പിയിലാക്കി ആശുപത്രിയിലെത്തിച്ചു.നഷ്ടപ്പെട്ട കളിപ്പാട്ടം തിരികെക്കിട്ടിയ കുട്ടിയെപ്പോലെ അച്ചന്‍ പൊടിക്കുപ്പി തൊട്ടും തലോടിയും കുറച്ചു നേരമിരുന്നശേഷം വലി തുടങ്ങി.

എനിക്കും ചേച്ചിക്കും വലിയ വിഷമം തോന്നി.ഈ ഓപ്പറേഷനോടെ അച്ചന്‍ പൊടിവലി നിര്‍ത്തുമെന്ന് പ്രതീക്ഷിച്ചവരാണ് ഞങ്ങള്‍.

“സ്കൂളില്‍ പഠിക്കുന്ന കാലത്ത് തുടങ്ങിയ വലിയല്ലേ, ഇനി നിര്‍ത്തില്ല“.ആത്മഗതം എന്ന വണ്ണം അമ്മ പറഞ്ഞു.

ഇന്നും മണിക്കൂറില്‍ ആറുതവണയെങ്കിലും അച്ഛന്‍‍ പൊടി വലിക്കും.ഞങ്ങളാരും വിലക്കാറില്ല.വിലക്കിയാലും വിലപ്പോകില്ല.അച്ഛന്‍ വലിക്കുമ്പോള്‍ തൊട്ടടുത്തിരിക്കുന്നവര്‍ തുമ്മിയാലും അതൊന്നും കാര്യമാക്കാറുമില്ല.ലോക പുകയില വിരുദ്ധ ദിനമായ ഇന്ന് അച്ചന്റെ പൊടി വലിയെക്കുറിച്ചോര്‍ത്ത് എഴുതിത്തുടങ്ങിയ ഈ കുറിപ്പില്‍ മറ്റൊരു കാര്യം കൂടി പറയട്ടെ.

എന്റെ ഭര്‍ത്താവ് ഒരു ചെയിന്‍ സ്മോക്കറൊന്നുമായിരുന്നില്ലങ്കിലും ദിവസം 3 സിഗററ്റ് എങ്കിലും വലിച്ചിരുന്നു.ക്രിക്കറ്റും മറ്റോ കണ്ടുകൊണ്ടിരിക്കുമ്പോള്‍ നമ്മുടെ ടീമിനു രക്ഷയില്ലാതെ വന്നാല്‍ ഒന്നോ രണ്ടോ എണ്ണം കൂടി.2004 മെയ് 31-നു വൈകുന്നേരം അദ്ദേഹം എന്നെ വിളിച്ചപ്പോള്‍ പറഞ്ഞു.

“ലതി ഒരു ഗുഡ് ന്യൂസുണ്ട്,ഞാന്‍ പൂര്‍ണ്ണമായും വലി നിര്‍ത്തി”.

“അതെന്താ ?”,ഞാന്‍ ചോദിച്ചു

“ഇന്നു ലോക പുകയില വിരുദ്ധ ദിനമാണ്.ഞാന്‍ ഒരു ആര്‍ട്ടിക്കിള്‍ വായിച്ചു.പുകവലിയുടെ ദോഷം അറിയാമെങ്കിലും ഇത്രയേറെ പ്രശ്നമുണ്ടെന്ന്‍ എനിക്കാ ലേഖനത്തില്‍ നിന്നുമാണ് മനസിലായത്.എന്തിനാ മറ്റുള്ളവരേക്കൂടി കുഴപ്പത്തിലാക്കുന്നത്.”

“കണ്‍ഗ്രാജുലേഷന്‍സ് ”.ഞാന്‍ പറഞ്ഞു.

ഭര്‍ത്താവിന്റെ പുകവലി എന്നെ ഒരിക്കല്‍ പോലും അലട്ടിയിരുന്ന വിഷയമായിരുന്നില്ലെങ്കിലും എനിക്ക് അദ്ദേഹത്തിന്റെ തീരുമാനത്തില്‍ അഭിമാനം തോന്നി.പിന്നീട് ഇന്നു വരെ അദ്ദേഹം പുക വലിച്ചിട്ടില്ല.വലിയ വലികാരനായിരുന്ന മുന്‍ മന്ത്രി ശ്രീ ആര്യാടന്‍ മുഹമ്മദ് പുക വലി നിര്‍ത്തിയ വിവരം മനോരമയിലെ പിന്നാമ്പുറം എന്ന പംക്തിയിലൂടെയാണ് അറിഞ്ഞത്.

“നിയമ സഭയില്‍ പുകമറ സൃഷ്ടിക്കുവാന്‍ ഇനി ആര്യാടനുണ്ടാവില്ല”.എന്നോ മറ്റോ ആയിരുന്നു തലക്കെട്ട്.

കേരളം ഏറ്റവും വലിയ ക്യാന്‍സര്‍ ബാധിത പ്രദേശങ്ങളിലൊന്നായി മാറിയിട്ടും സിഗററ്റും,ബീഡിയും,പാന്‍ മസാലയും,പാസ് പാസും,പുകയിലയും,പൊടിയും‌-മറ്റ് അഭിനവ പുകയിലയുല്‍പ്പന്നങ്ങളും മലയാളിയെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നു. പൊതുസ്ഥലത്തെ പുക വലിക്കാര്‍ക്കെതിരെ കോടതി വിധി സമ്പാദിച്ച പ്രൊഫ.
മോനമ്മ കോക്കാടിനെ നമ്മള്‍ മത്സരിച്ച് അഭിനന്ദിച്ചു.

നഗരത്തില്‍ പട്ടാപ്പകല്‍ മോഷണം നടത്തുന്നവരേയും,സ്ത്രീകളെ ഉപദ്രവിക്കുന്നവരേയും,പരസ്യമായി മദ്യപിക്കുന്നവരേയും ഒക്കെ അവഗണിച്ചുകൊണ്ട് കടന്നുവരുന്ന പൊലീസുകാര്‍,ഒതുങ്ങി മാറിനിന്നു ഒരു സിഗററ്റു വലിക്കുന്ന സാധുവിനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്ന വിഷ്വലും മറ്റും കണ്ട് ആയിടെ എല്ലാവരും ചിരിച്ചു.

എഴുതിയെഴുതി വഴി മാറിയോ? ഞാന്‍ നിര്‍ത്തുകയാണ്.ഈ കുറുപ്പ് വായിച്ചു നിര്‍ത്തുന്ന ഏതെങ്കിലും ഒരു വലിക്കാരന്‍ ഒരു സിഗറെറ്റെങ്കിലും കുറച്ചേ വലിക്കൂ എന്ന തീരുമാനമെടുത്തിരുന്നെങ്കില്‍................

Friday, May 23, 2008

മധുരം മലയാളം

മലയാളിക്കിന്നുണര്‍ത്തുപാട്ടായ് മധുരം മലയാളം
മാതൃഭൂമിക്ക‌ഭിമാനിക്കാന്‍ മധുരം മലയാളം
മിന്നും പൊന്നിനെ വെല്ലാന്‍ പോരും മധുരം മലയാളം
മീനച്ചൂടിനു കുളിരു പകര്‍ന്നീ മധുരം മലയാളം
മുത്തശ്ശിക്കഥ കേട്ടു മയങ്ങാന്‍ മധുരം മലയാളം
മൂവന്തിക്കൊരു നാമജപത്തിനു മധുരം മലയാളം
മൃഷ്ടാന്നത്തിനു ശേഷമതത്രെ മധുരം മലയാളം
മെല്ലെ ചൊല്ലു തുടങ്ങും കുഞ്ഞിനു മധുരം മലയാളം
മേടപ്പത്തിനു കാവില്‍ മേളം മധുരം മലയാളം
മൈക്കണ്ണിക്കൊരു മംഗല്യക്കുറി മധുരം മലയാളം
മൊട്ടിടുമോരോ പ്രണയത്തിന്നും മധുരം മലയാളം
മോഹന സുന്ദര സ്വപ്നം നെയ്യാന്‍ മധുരം മലയാളം
മൌലികമല്ലോ മായികമല്ലീ മധുരം മലയാളം
മംഗളമോതാന്‍ മലയാളിക്കീ മധുരം മലയാളം
മറക്കുമോ നാം മരിക്കുവോളം മധുരം മലയാളം