Friday, July 23, 2010

ജോയി തിരുമൂലപുരത്തിന് ആദരാഞ്ജലികൾ.

പ്രശസ്ത പത്രപ്രവർത്തകൻ ജോയി തിരുമൂലപുരം ഇന്നു(ജൂലൈ 23,വെള്ളി) രാവിലെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു.എഴുപത്തിമൂന്നു വയസ്സായിരുന്നു.ഏതാനും വർഷങ്ങളായി അദ്ദേഹം വിശ്രമത്തിലായിരുന്നു. മലയാള മനോരമ, ദീപിക, കേരള കൌമുദി, മംഗളം തുടങ്ങിയ പത്രങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കോട്ടയം പ്രസ്സ് ക്ലബ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. നാലു പതിറ്റാണ്ടായി കേരളത്തിലെ പത്രലോകത്ത് ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വമായിരുന്നു തിരുമൂലപുരത്തിന്റേത്. മികച്ച പത്രസംവിധായകനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം രണ്ടു തവണ അദ്ദേഹത്തിനു ലഭിച്ചു. മികച്ച റിപ്പോർട്ടർക്കുള്ള സ്റ്റേറ്റ്സ്മാൻ അവാർഡും അദ്ദേഹത്തെത്തേടിയെത്തിയിരുന്നു. എഴുന്നൂറോളം ചെറുകഥകളെഴുതിയിട്ടുണ്ട്.
പത്രപ്രവർത്തക വിദ്യാർത്ഥികൾക്കു വഴികാട്ടിയായ ഗ്രന്ഥങ്ങളും രചിച്ചു. ‘വാർത്ത’ , ‘റിപ്പോർട്ടിംഗ്,എഡിറ്റിംഗ്’, ‘സമ്പൂർണ്ണ പത്ര സംവിധാനം’ എന്നിവ. ഓശാനപ്പൂക്കൾ, കറുത്ത പക്ഷം, ഇടമലക്കുടിയിലെ മുതുവാന്മാർ,ദു:ഖത്തിന്റെ തുരുത്തിൽ,യുദ്ധം,മാളത്തിൽ തനിയേ,ഉറങ്ങൂ ഓമനേ ഉറങ്ങൂ,ഓമലേ ആരോമലേ, തീർത്ഥയാത്ര തുടങ്ങിയ ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതാണ്.
കോട്ടയത്തിനടുത്ത് ചുങ്കത്ത് താമസിച്ചു വരികയായിരുന്നു. സാമൂഹ്യപ്രവർത്തകകൂടിയായ അന്നമ്മയാണു ഭാര്യ. മക്കള്‍: മുകുള്‍ (യു.എസ്.എ), മുകേഷ് (മാലിദ്വീപ്), മുംതാസ് (ബാംഗ്ലൂർ) മരുമക്കള്‍: ലിബി, തോമസ് , ലിനോ. സംസ്കാരം ചൊവ്വാഴ്ച.
പ്രിയ ജോയിസാറിന് ആദരാഞ്ജലികൾ.