Friday, January 23, 2009

ഭാഗവത ഹംസത്തിന് പിറന്നാളാശംസകള്‍


ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന് ഇന്ന് എണ്‍പത്തെട്ട് വയസ്സ്. ശരീര ക്ലേശങ്ങളെ അവഗണിച്ചും ഭഗവല്‍ സേവയില്‍ മുഴുകിയിരിക്കുന്ന ഭാഗവത ഹംസത്തിന് പിറന്നാളാശംസകള്‍!


...................................................................................................
...................................................................................................
ഇഹത്തിലും പരത്തിലുമൊരുപോലെ സുഖം നല്‍കും
മഹത്തരമായവിത്തം വിദ്യതാനല്ലോ.
ചെമ്പു തുട്ടും വെള്ളിത്തുട്ടും നേടിവച്ചു സുഖത്തിന്റെ
പിന്‍പെയോടി മേടിയ്ക്കുന്നു ദു:ഖത്തെ മര്‍ത്ത്യന്‍
കുന്നു പോലെ പണം കൂട്ടിയതിന്മീതെയിരുന്നാലും
കുന്നിപോലും കുറയില്ല ദാരിദ്ര്യദു:ഖം.
ഒരുകുന്നുകൂടിയിതേവിധമൊന്നു ചമയ്ക്കേണം
തരമെങ്കില്‍ മരിയ്ക്കും മുന്‍പൊന്നുകൂടിയും
ഇതേവിധം മനോരാജ്യം കരേറുന്ന കാലത്തുണ്ടോ
മതിയതില്‍ സുഖലേശം മനുജനോര്‍ത്താല്‍?
.........................................................................
.........................................................................
(മള്ളിയൂരിന്റെ ‘സൂക്തിമഞ്ജരിയില്‍ നിന്ന്)

Tuesday, January 20, 2009

കുട

പ്രദക്ഷിണം പൂര്‍ത്തിയാകാന്‍ നോക്കിയിരിക്കുകയായിരുന്നു അയാള്‍.
ഓരോ മുത്തുക്കുടയും ശ്രദ്ധാപൂര്‍വം വാങ്ങി വയ്ക്കുന്ന ചുമതല അയാളുടേതായിരുന്നു.
നൂറുകണക്കിനു മുത്തുക്കുടകള്‍!
പെരുന്നാളിന്റെ ആളനക്കം അവസാനിച്ചപ്പോള്‍ മുത്തുക്കുടകളുടെ
സൂക്ഷിപ്പുമുറി പൂട്ടി, താക്കോലേല്പിച്ച് അയാള്‍ വീട്ടിലേയ്ക്ക് നടന്നു.
മാനത്ത് നക്ഷത്രത്തിളക്കമില്ല.
മഴമേഘങ്ങളുണ്ടുതാനും.
വൈകിയില്ല, മഴ പെയ്തു തുടങ്ങി.
സ്വന്തമായൊരു കുടയില്ലാത്ത അയാള്‍ വീടെത്താന്‍
മഴത്തുള്ളികള്‍ക്കിടയിലൂടെ പായുകയായിരുന്നു.

Sunday, January 4, 2009

പുതുവര്‍ഷം സുഖകരമായിരുന്നില്ല.

ഡിസംബര്‍ 31-നു എനിയ്ക്ക് വേണ്ടപ്പെട്ടമൂന്നു പേരാണ് 2008നൊപ്പം യാത്രയായത്.
അച്ഛന്റെ കസിന്‍ സിസ്റ്റര്‍ (സരോജിനിപ്പേരമ്മ), എന്റെ അമ്മയുടെ ചേച്ചി (അമ്മുപ്പേരമ്മ) മംഗളത്തിലെ അസോസിയേറ്റ് എഡിറ്റര്‍ എം.ജെ.ഡാരിസ്.
മൂന്നുപേരും എനിയ്ക്ക് നല്ല അടുപ്പമുള്ളവര്‍.

ഐശ്വര്യത്തിന്റെ പ്രതീകമായിരുന്നു സരോജിനിപ്പേരമ്മ. ശാന്തത കളിയാടുന്ന മുഖം. ആരെക്കണ്ടാലും അവരുടെ ഒരു നന്മ പറയണമെന്ന നിര്‍ബന്ധക്കാരി. അതുകൊണ്ടാവാം സരോജിനിപ്പേരമ്മയെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. സുഖമില്ലാതെ കിടക്കുമ്പോഴും വേദന കടിച്ചമര്‍ത്തി
പുഞ്ചിരിയും അനുഗ്രഹവും ചൊരിയുന്ന പ്രകൃതമായിരുന്നു. വല്യമ്മ, പേരമ്മ, അപ്പച്ചി എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ എത്തുന്ന ആദ്യത്തെ മുഖം സരോജിനിപ്പേരമ്മയുടേതായിരുന്നു.

അമ്മുപ്പേരമ്മയും എനിയ്ക്ക് ഒത്തിരി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചാണ് കടന്നു പോയത്. അമ്മുപ്പേരമ്മയ്ക്ക് മൂന്നാണ്മക്കള്‍ മാത്രം. അതാവാം കുട്ടിക്കാലത്ത് എന്നോടും ചേച്ചിയോടും ഒത്തിരി വാത്സല്യം കാട്ടിയിരുന്നു. 31നു വൈകുന്നേരം ഞാനും അമ്മയും കാണാന്‍ ചെന്നപ്പോള്‍ പേരമ്മയ്ക്ക് നല്ല ശ്വാസം മുട്ടലുണ്ടായിരുന്നു.ഞാനാ നെഞ്ചും പുറവുമൊക്കെ പതിയെ തടവിക്കൊടുത്തപ്പോള്‍ അമ്മ അടുത്തിരുന്ന് കരയുന്നുണ്ടായിരുന്നു. വല്യ പേരമ്മ വീണ് കയ്യൊടിഞ്ഞ്, പ്ലാസ്റ്ററിട്ടിരിക്കുന്നു. അമ്മാവന്മാര്‍ മൂന്നുപേരും
പോയി. അമ്മയാണിളയത്. അതൊക്കെ ഓര്‍ത്ത് അമ്മ കരഞ്ഞപ്പോള്‍ ഞാന്‍ ആശ്വസിപ്പിച്ചു. “ശ്വാസം മുട്ടലാ..കുറയുമമ്മേ.”ഒരുപാട് സമയം അങ്ങനെയിരുന്ന ശേഷമാണ് ഞങ്ങള്‍ പോയത്. രാത്രി ഒന്‍പതുമണിയ്ക്ക് മരണവാര്‍ത്തയെത്തി.

മൊബൈലിലെ ആശംസാസന്ദേശങ്ങള്‍ക്കിടയില്‍നിന്നാണ് ഡാരിസിന്റെ മരണവാര്‍ത്ത ചികഞ്ഞെടുത്തത്. കഴിഞ്ഞ ഞായറാഴ്ച ഒരു വിവാഹ ചടങ്ങില്‍ ഭാര്യയോടും മക്കളോടുമൊത്ത് ഞാനദ്ദേഹത്തെ കണ്ടിരുന്നു. പത്ര സുഹൃത്തുക്കളിലൊരാള്‍ പറഞ്ഞു. “എല്ലാവരും രക്ഷപ്പെട്ടു. ഡാരിസ് മാത്രം പഴയതുപോലെ.”(സാമ്പത്തികമായി) . ഡാരിസിന്റെ ഭാര്യ മോളിക്കുട്ടിയെ ഒത്തിരിക്കാലം കൂടിയാണ് ഞാന്‍ കണ്ടത്. കുട്ടികളെ മൂന്നു പേരെയും എനിയ്ക്ക് നന്നായറിയാം. അതുകൊണ്ടുതന്നെ മോളിക്കുട്ടി അവരെ മൂന്നുപേരെയും വിളിച്ച് എന്റെ അടുത്തെത്തിച്ചു.ഡാരിസിനെപ്പോലെ ചിരിയ്ക്കുന്ന മൂന്നു പെണ്‍കുട്ടികള്‍. മൂത്തയാള്‍ ഡിഗ്രിയ്ക്കും രണ്ടാമത്തെയാള്‍ പ്ലസ് ടുവിനും ഇളയമകള്‍ മൂന്നിലും.
ഹൃദയാഘാതം. ഡാരിസ് യാത്രയായി.നെഹ്രു ട്രോഫി വള്ളം കളിയ്ക്കും കുമരകം-താഴത്തങ്ങാടി വള്ളംകളികള്‍ക്കുമൊന്നും തത്സമയം വിവരണം നല്‍കാന്‍ ഇനി എം. ജെ. ഡാരിസ്സുണ്ടാവില്ല. എവിടെക്കണ്ടാലും ഓടിയെത്തി, കുശലം പറയുന്ന ഡാരിസ്. ഒരു നല്ല സഹോദരന്‍ എനിയ്ക്കും നഷ്ടമായി.

മരണവീടുകളില്‍ മാറിമാറിക്കടന്നുചെന്ന് പ്രിയപ്പെട്ടവരെ യാത്രയാക്കി വീടെത്തിയപ്പോള്‍
2009ന്റെ ആദ്യ രാവ് എത്തിയിരുന്നു.
പ്രിയപ്പെട്ടവരേ വിട.