Friday, July 18, 2008

ഒരു ഫിസിയോത്തെറാപ്പിസ്റ്റിന്റെ ആശങ്കകള്‍

“ഹലോ ചേച്ചീ,”
“എന്താ കുഞ്ഞാവേ? ശബ്ദം കേട്ടിട്ടൊത്തിരിയായല്ലോ!”
“എന്റെ ചേച്ചീ ഒന്നും പറയണ്ട. എന്റെ കൊച്ചിനെപ്പോഴും ഉവ്വാവാ..”
“ എന്തു പറ്റി മോളേ?”
“പനി. ഇപ്പോ മാറി.എന്റെ ചേച്ചീ, അവനോന്നേകാല്‍ വയസ്സായി, ഇതുവരെ നടക്കണമെന്നൊരു ചിന്തയില്ല.”
“ സാരമില്ല മോളേ, നടന്നോളും..”
“എന്തു പറയാനാ ചേച്ചീ ഞാനീ കുഴി മടിയനെക്കൊണ്ടു മടുത്തു.ഇന്ന് ഷിനു എന്നെ കുറേ ചാടിച്ചു.
അപ്പേം അമ്മേം ഫിസിയോ തെറാപ്പിസ്റ്റാന്നു പറഞ്ഞിട്ടെന്താ കാര്യം?മകന്‍ നടക്കുന്നില്ല.എന്റെ ചേച്ചീ
അവന്‍ രണ്ട് സ്റ്റെപ്പ് നടന്നപ്പിന്നെ കായ്യേത്തൂങ്ങി ഒരു നില്പാ! ! വാക്കറു മേടിച്ചു കൊടുത്തു.വാക്കറേക്കേറിയിരുന്നിട്ട് തൊഴയാന്‍ തുടങ്ങും.ഞാനാണേലവനിന്നലെ വേറൊരു സാധനം വാങ്ങിക്കൊടുത്തു.”
“ അതെന്താ മോളേ?”
“പേരൊന്നും ഞാനോര്‍ക്കുന്നില്ല. ചേച്ചീ Lഷേപ്പിലിരിക്കുന്ന കമ്പികൊണ്ടുള്ള ഒരു സാധനാ..തള്ളിക്കോണ്ടു പോവാം. ചക്രമൂണ്ട്. കറങ്ങുമ്പോ മണിയടിക്കും.അവന്‍ ഒരു സ്റ്റെപ്പ് തള്ളും..പിന്നേ മുട്ടേക്കുത്തി തള്ളും.എന്റെ പൊന്നു ചേച്ചീ, ഞാനിവനെക്കൊണ്ടു തോറ്റു..”
“ കുഞ്ഞാവ ബേജാറാകേണ്ട. അവന്‍ നടന്നോളും.”

* * * * *

Wednesday, July 9, 2008

വിക്ടര്‍‍, അവിടെ മഴയുണ്ടോ?


Victor George anusmaranam tomorrow 4 PM at D.C.Auditorium, Kottayam. Dr.D Babu paul will inaugurate. Commemorative speech by Paul Manalil.

പ്രസ്സ് ക്ലബ്ബില്‍ നിന്നും വന്ന എസ്. എം.എസ്. ഇന്നലെ വളരെ വൈകിയാണ് കണ്ടത്.

ഇന്ന് (ജുലൈ-9), ഇന്‍ഡ്യയിലെ ഏറ്റവും മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായിരുന്ന വിക്ടര്‍ ജോര്‍ജ് അനശ്വരനായതിന്റെ ഏഴാം വാര്‍ഷികം. മഴക്കാഴ്ചകള്‍ ഒപ്പിയെടുക്കാന്‍ തന്റെ പ്രിയപ്പെട്ട നിക്കോണ്‍ എഫ്. എം-2 ക്യാമറയുമായി വെണ്ണിയാനി മലകയറിയ വിക്ടര്‍.....ഒന്നിലധികം ക്യാമറകളുമായായിരുന്നു ആ യാത്രയും.

ഉരുള്‍പൊട്ടല്‍ പകര്‍ത്തുമ്പോള്‍ വിക്ടറെ കാണാതായെന്ന ഫ്ലാഷ് ന്യൂസ്......വിക്ടറിനൊന്നും സംഭവിക്കരുതേയെന്ന് ഒരു ജനത ഒരേ ശബ്ദത്തില്‍ ദൈവത്തോട് അപേക്ഷിച്ച നിമിഷങ്ങള്‍....ഒടുവില്‍ ജൂലൈ-12ലെ നനഞ്ഞ പ്രഭാതത്തില്‍,അന്ത്യ വിശ്രമത്തിനായി രത്നഗിരിപ്പള്ളിയിലേക്ക് യാത്രയാകുമ്പോഴും എല്ലാവരും അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. വിക്ടറിന്റെ ലില്ലിക്കും മക്കള്‍ക്കും
പ്രിയപ്പെട്ടവര്‍ക്കും മാത്രമായിരുന്നില്ലല്ലൊ ആ വേര്‍പാടിന്റെ നഷ്ടം!

വിക്ടറിന്റെ ഇടവകവികാരി ഓലിക്കലച്ചന്‍ അന്ന്, നടത്തിയ പ്രസംഗം അവിടെക്കൂടിയ എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു. ഒഴിവു സമയങ്ങളില്‍ തന്റെ സ്വപ്നങ്ങള്‍ പങ്കു വക്കാന്‍ അച്ചന്റെ അടുത്തെത്താറുണ്ടായിരുന്ന വിക്ടറെക്കുറിച്ചപ്പോഴാ കൂടുതലറിഞ്ഞത്. മരങ്ങള്‍ നടാനും മാലിന്യ സംസ്കരണത്തിനും ഒക്കെയുള്ള പദ്ധതികള്‍...വിക്ടര്‍ ജോര്‍ജ് എന്ന ഫോട്ടോ ജേര്‍ണലിസ്റ്റ് എല്ലാവര്‍ക്കും പരിചിതനാണ്.

ഗാലറിയിലിരുന്ന് നീന്തല്‍ മത്സരം കണ്ട് മകളെ എല്ലാം മറന്നു പ്രോത്സാഹിപ്പിക്കുന്ന അമ്മ(അനിതാസുദിന്റെ അമ്മ, നാഷണല്‍ ഗെയിംസ് ) ഒരു പവാടക്കാരി പെണ്‍കുട്ടിയോട് ആണ്‍കുട്ടികള്‍ വോട്ട് ചോദിക്കുന്ന കാമ്പസ് ചിത്രം. അങ്ങനെ എത്രയെത്ര ചിത്രങ്ങള്‍?
ഭാഷാപോഷിണിക്കു വേണ്ടി വിക്ടര്‍ എടുത്ത മുഖ ചിത്രങ്ങളും വിഖ്യാതങ്ങളായി.

പക്ഷേ, സൌമ്യനും നല്ലവനുമായിരുന്ന വിക്ടര്‍,പരിസ്തിതി സംരക്ഷകനായിരുന്ന വിക്ടര്‍, വലിയൊരു സുഹൃദ് വലയം സൃഷ്ടിച്ചെടുത്തിരുന്ന വിക്ടര്‍,തൊഴിലില്‍ പൂര്‍ണത നേടാന്‍ വിട്ടൂവീഴ്ചക്ക് തയ്യാറാകാതിരുന്ന വിക്ടര്‍..അങ്ങനെയുള്ള പ്രത്യേകതകള്‍ നമ്മളറിയാന്‍ വൈകി.

ഏതു രംഗത്തും ശോഭിക്കണമെങ്കില്‍ ‘കുറച്ചു വേലയും, ബാക്കി തട്ടിപ്പും’ എന്നു വിചാരിക്കുന്നവര്‍ക്കൊരപവാദമായിരുന്നു വിക്ടര്‍.തൊഴിലിനെ മഹത്വവല്‍ക്കരിക്കാനുള്ള വ്യഗ്രതയില്‍ ആര്‍ത്തലച്ചുവന്ന മലവെള്ളം തട്ടിപ്പറിച്ചുകൊണ്ടു പോയ വിക്ടര്‍ ജോര്‍ജിന്റെ ഓരോ ഓര്‍മ്മ ദിവസവും ഉത്തരവാദിത്ത ബോധത്തെയും പൂര്‍ണ്ണതയെയും (perfection) ഓര്‍മ്മിപ്പിക്കുന്നതാവും.

വിക്ടറിന്റെ മഴച്ചിത്രങ്ങളുടെ പുസ്തകം'It's Raining' മലയാള മനോരമ തന്നെ പ്രസിദ്ധീകരിച്ചു. പെയ്തൊഴിയാത്ത നൊമ്പരവുമായി പ്രിയപ്പെട്ടവര്‍ വിക്ടറെ സ്മരിക്കുമ്പോഴും അങ്ങങ്ങ്,താന്‍ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലാത്ത ക്യാമറയുമായി ഒരു വേറിട്ട ചിത്രത്തിനായി പായുന്ന വിക്ടര്‍, ആദരാഞ്ജലികള്‍...

ഞാനിത് എഴുതിത്തുടങ്ങുമ്പോള്‍ മഴ തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു. അന്നത്തെപ്പൊലെ ഭീകരമല്ലെന്നു മാത്രം.

വിക്ടര്‍, അവിടെ മഴയുണ്ടോ???

Wednesday, July 2, 2008

ഈ കുമ്പസാരം ഒരു പിറന്നാള്‍ സമ്മാനം

ണ്ണാ,

നിനക്കിന്നു പതിനഞ്ചു വയസ് തികയുന്നെന്നൊ? എനിക്കു വിശ്വസിക്കാന്‍ പ്രയാസം. 1993-ല്‍ ഇതേ ദിവസം[ജൂലായ് 2] ഞാന്‍ ഈ സമയത്ത് പേറ്റുനോവുമായി ആശുപത്രി വരാന്തയില്‍ ഉലാത്തുമ്പോള്‍ എന്റെ പ്രാര്‍ത്ഥന ഇതൊരു സിസേറിയന്‍ ആവരുതേ എന്നായിരുന്നു. ‘പത്തു മാസം ചുമന്ന് നൊന്തു പ്രസവിച്ചു’ എന്ന അവകാശ വാദത്തിനല്ല കുഞ്ഞേ..അതൊരു ആശയായിരുന്നു. ഉച്ചക്കു ശേഷം 4:05 ന് ആ ആഗ്രഹം സാധിച്ചു.

നീ എന്റെ ഉള്ളിലായപ്പോള്‍ മുതല്‍ എന്തെല്ലാം പുതിയ അനുഭവങ്ങള്‍ ആയിരുന്നു. ചില ഇഷ്ടങ്ങള്‍, ചില അനിഷ്ടങ്ങള്‍,വേണ്ടപ്പെട്ടവരില്‍നിന്നും കൂടുതല്‍ കരുതല്‍, ഞാനാണെങ്കില്‍ വായന,പഠിപ്പ്,പ്രാര്‍ത്ഥന ഒന്നിനും കുറവു വരുത്തിയില്ല.നിന്റെ അച്ഛനുമൊത്ത് എന്റെ ഭര്‍തൃ ഗൃഹത്തില്‍ ഏറ്റവുമധികം ചിലവഴിച്ചതും അക്കാലത്തായിരുന്നു.

നാലാം മാസം ഞാ‍നും അച്ഛനും പാലക്കാട്,മലമ്പുഴ,അട്ടപ്പാടി ഒക്കെ പോയി। അച്ഛന്റെ സുഹൃത്തായ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ വിശ്വംഭരന്‍ അന്നു അട്ടപ്പാടിയിലുണ്ടായിരുന്നു।ആദിവാസികളുടെ സ്നേഹം എന്താണെന്ന് അറിയാന്‍ കിട്ടിയ അവസരം।ഐ।ബിയിലെ താമസം ആദിവാസിക്കുടിലിലേക്കു മാറ്റിയത്,ഞങ്ങള്‍ക്കു വേണ്ടി മാത്രം അവര്‍ നൃത്തം ചെയ്തത്, അമ്മ അവരുടെ ചുവടുകള്‍ക്കൊപ്പം ചുവടു വച്ചത്,ഒടുവില്‍ യാത്രയായപ്പോള്‍ നീ കൂടെയുള്ള വിവരം പറഞ്ഞത് ॥ എല്ലാം ഇന്നലെ നടന്നതു പോലെ॥ നീ ഉണ്ടായാലുടനെ കൊണ്ടു വരാമെന്നു പറഞ്ഞു. പക്ഷേ॥ പോവാനായില്ല. പോവണം.

അക്കാലത്തെ മറ്റോരു യാത്ര ഊട്ടി - നിന്റെ ഗുരുവപ്പൂപ്പന്റെ(ഗുരു നിത്യ) അടുത്തേക്കായിരുന്നു.അമ്മക്കു വായിക്കാന്‍ ഗുരു ഒത്തിരി പുസ്തകങ്ങള്‍ തന്നു. പോരാന്നേരം “നിന്റെ ഉള്ളിലുള്ളവനു എന്റെ എല്ലാ അനുഗ്രഹങ്ങളും” എന്നു ഗുരു പറഞ്ഞു.സത്യം പറഞ്ഞാല്‍ ആ അനുഗ്രഹങ്ങളൊക്കെയാ ഇന്നും നിനക്കുള്ളത്. എന്റെ അമ്മയുടെ സ്നേഹം ഏറ്റവുമധികം അനുഭവിച്ചതും അക്കാലത്താണു. എല്ലാ പെണ്‍കുട്ടികളും ഇങ്ങനെ അനുഭവിക്കുന്നുണ്ടെങ്കിലും ആ സ്നേഹം മറക്കാനാവില്ല കുട്ടീ.പ്രസവ വേദനയെക്കാള്‍ വേദനയാണെന്റെ അമ്മ പുറത്തിരുന്നു അനുഭവിക്കുന്നതെന്ന് ഓരോ നഴ്സുമ്മാരും വരുമ്പോള്‍ പറഞ്ഞിരുന്നു...

ആദ്യമാദ്യം എനിക്കു നിന്റെ കാര്യത്തില്‍ എത്ര ശ്രദ്ധയായിരുന്നു? വീണ്ടും തിരക്കിലേക്കു പോയപ്പോള്‍ എന്റെ അമ്മ പോലും വഴക്കു പറഞ്ഞു തുടങ്ങി.ജോലി, പൊതുക്കാര്യം.. ഇതൊക്കെക്കാരണം നമ്മള്‍ മാത്രമായുള്ള സമയങ്ങള്‍ കുറഞ്ഞു.എങ്കിലും നീ എളുപ്പത്തില്‍ സംസാരിച്ചു. അപ്പൂപ്പനും അമ്മൂമ്മയും നിനക്കു വേണ്ടി എല്ലായ്പ്പോഴും ഉണ്ടയിരുന്നല്ലോ.നീ നല്ല സംസാരപ്രിയനായിരുന്നു അന്നൊക്കെ.എല്‍കെ.ജി യില്‍ അയക്കും മുന്‍പേ ആശാന്‍ കളരിയില്‍ പോയി അക്ഷരം ,പഠിച്ച്, ചിന്തം വരക്കാനുള്ള ഭാഗ്യം നിനക്കുണ്ടായതും അവരുടെ മഹത്വം.ഞാന്‍ വീണ്ടും ജോലിക്കു പോയിത്തുടങ്ങിയപ്പോള്‍ നിന്റെ പലകാര്യങ്ങള്‍ക്കും വീഴ്ച്ചകള്‍ വരുത്തി.അമ്മിഞ്ഞപ്പാലിനു പോലും റേഷനായിരുന്നില്ലേ.അഞ്ചാറു വയസ്സു വരെ നിന്നെ കുടിപ്പിക്കാനാഗ്രഹിച്ചതാ.. നിനക്കു ഒന്നര വയസ്സുള്ളപ്പോള്‍ എനിക്കുണ്ടായ അപകടം, തലക്കു പരിക്ക്, ആശുപത്രി വാസം..
എല്ലാം കാരണം എന്റെ കുഞ്ഞിന്റെ പാലുകുടി മുട്ടി.
‘ബസ് മഞ്ഞു, അമ്മ -തല പൊട്ടി, അമ്മിഞ്ഞ -പോയ്‘ എന്നു മുതിര്‍ന്നവര്‍ പറഞ്ഞു തന്ന ചെറിയ നുണ കൊഞ്ചിക്കൊഞ്ചി ഏറ്റുപറഞ്ഞിരുന്നു നീ।ഒരു അപകടത്തിലൂടെ നിനക്കു എന്നേക്കുമായി അമ്മിഞ്ഞപ്പാല്‍ നിഷേധിക്കപ്പെട്ടതോര്‍ക്കുമ്പോള്‍ ഇന്നും അമ്മക്ക് വേദന।അക്കൊല്ലം മുതല്‍ അമ്മക്കുവേണ്ടി നീയും അച്ഛനും മുടങ്ങാതെ ശബരിമല കയറുന്നു।

മുന്‍പൊരിക്കല്‍, നമ്മുടെ ഗ്രാമത്തില്‍ ഒരു ചടങ്ങിനു പി എന്‍ പണിക്കര്‍ സാര്‍(കാന്‍ഫെഡ്, ഗ്രന്ഥ ശാലാസംഘം)വന്നു। നമ്മുടെ വീട്ടില്‍ നിന്നെക്കാണാന്‍ എന്നോടൊപ്പം വന്നു. വന്നയുടന്‍ ഞാന്‍ നിന്നെ മുലയൂട്ടുന്നതു കണ്ട് പണിക്കര്‍ സാര്‍

“കുഞ്ഞേ, നീ എന്തു പറഞ്ഞുകൊണ്ടാ അവനു പാലു കൊടുക്കുന്നത്”.

“ഒന്നും പറയാറില്ല സാര്‍” ഞാന്‍ മറുപടി പറഞ്ഞു.

“എന്നാല്‍ ഇന്നു മുതല്‍ അമ്മിഞ്ഞപ്പാല്‍ നല്‍കുമ്പോള്‍, അവന്റെ ഒരു ചെവി അടച്ചു പിടിച്ചു മറു ചെവിയില്‍ സത്യം, സത്യം എന്നു പറഞ്ഞു കൊടുക്കണം”

അന്നു മുതല്‍ നിനക്കു പാലു തരുമ്പോള്‍, നിന്നെ ഭക്ഷണം കഴിപ്പിക്കുമ്പോള്‍ അമ്മ കൂടുതല്‍ ശ്രദ്ധ കാട്ടി.ഒത്തിരി വേദികളില്‍
ഒത്തിരി അനുജത്തിമാര്‍ക്ക് ഈ കാര്യം പറഞ്ഞു കൊടുത്തു. അന്നു പണിക്കര്‍ സാര്‍ ഒരുകാര്യം കൂടി അമ്മയോട് പറഞ്ഞു

“കുഞ്ഞേ നിങ്ങള്‍ക്കിവന്‍ മതി.ഇവനെ നന്നായി വളര്‍ത്തുക.“

ആദ്യം പറഞ്ഞതു പോലെ ഞങ്ങള്‍ക്കു നീ ഒരുത്തനേയുള്ളൂ. പക്ഷേ നന്നായി വളര്‍ത്താനായോ മോനേ? അമ്മക്കറിയാം ആയിട്ടില്ലെന്ന്.
സ്തീ ശാക്തീകരണത്തെക്കുറിച്ചും, കുടുംബ ബന്ധത്തെക്കുറിച്ചുമൊക്കെ പ്രസംഗിക്കുന്നതിനിടയില്‍ പോലും വ്യക്തിപരമായി അമ്മയുടെ പരിമിതികള്‍ അമ്മ പറയാറുണ്ട്. കുറ്റബോധത്തോടെ തന്നെ.. സ്വകാര്യമായി അമ്മ നിന്നോട് ഇതൊക്കെ പറയുമ്പോള്‍ നീ (ബുദ്ധിമാൻ) എന്നെ ആശ്വസിപ്പിക്കാനായി പറയും ‘ഈ അമ്മയെ ആണ് എനിക്കിഷ്ടം’ എന്ന്.

കുട്ടാ, എത്ര നല്ല കുട്ടിയാ നീ! ദൈവം ഞങ്ങള്‍ക്കു തന്ന നിധി! എല്ലാ അമ്മമാര്‍ക്കും അങ്ങനെ തന്നെയാ അവരുടെ മക്കള്‍।അതുകൊണ്ടാ അവര്‍ മക്കള്‍ക്കു വേണ്ടി ഒത്തിരി സമയം നീക്കി വക്കുന്നത്। പക്ഷേ॥ ഈ അമ്മ!!! സോറി മോനേ......

നീ ഇപ്പോള്‍ പത്തിലാ. പാഠങ്ങള്‍ പറഞ്ഞു തരാനും ചോദ്യങ്ങള്‍ ചോദിക്കാനും അമ്മ ശ്രദ്ധിക്കേണ്ട സമയം. പൊതുക്കാര്യത്തിനു ഞാന്‍ പോയില്ലെങ്കിലും ലോകം അവസാനിക്കില്ലെന്നറിയാം. എന്നിട്ടും ..

“എടീ പോകുമ്പോള്‍ ഒരുമ്മ, വരുമ്പോള്‍ ഒരുമ്മ മതിയല്ലോ മകന്‍ വളരാന്‍“ എന്നു അപ്പൂപ്പന്‍ അമ്മയെ കളിയാക്കുന്നത് എത്ര ശരിയാ അല്ലേ മോനേ?

പത്തിലാ!എല്ലാത്തിനും എ പ്ലസ് വാങ്ങിയില്ലെങ്കില്‍ പ്രശ്നമാവും। വരക്കാനും പാടാനും അനുകരിക്കാനുമൊക്കെ നീ എത്ര മിടുക്കനായിരുന്നു। വേണ്ടത്ര പ്രോത്സാഹിപ്പിക്കുന്നില്ല അല്ലേ? നീ മൂന്നു വര്‍ഷം മുന്‍പു വരച്ച് ചായം കൊടുത്ത രവിവര്‍മ്മച്ചിത്രം കഴിഞ്ഞയാഴ്ച ഫ്രെയിം ചെയ്തപ്പോഴാ അതിന്റെ ഗാംഭീര്യം അറിഞ്ഞത്।

ഇപ്പോള്‍ നിനക്ക് പ്രിയം ക്രിക്കറ്റിനോടാണ്. അച്ഛന്റെ പ്രോത്സാഹനം വേണ്ടത്രയുണ്ട്..പക്ഷേ അമ്മ പോര അല്ലേ? ഞാന്‍ എഴുതിയെഴുതി കാടു കയറി. നീ പരീക്ഷ കഴിഞ്ഞ് എത്താറായി. പിറന്നാള്‍ സമ്മാനമായി കാലത്തൊരുമ്മ തന്നതാ അല്ലേ? നിനക്കു വായിക്കാനാണിതെഴുതുന്നത്. പിറന്നാള്‍ സമ്മാനമായി ഈ കുമ്പസാരം സ്വീകരിച്ചാല്‍ നീ തന്നെ ഈ കുറിപ്പ് പബ്ലിഷ് ചെയ്യുക.
പിറന്നാള്‍ ആശംസകളോടെ.

അമ്മ.
----------------------------------------------------
കുറിപ്പ് :- ചിന്തം വര - ആശാന്‍ കളരിയില്‍ അക്ഷരപ0നം പൂര്‍ത്തിയാകുമ്പോള്‍ നടത്തുന്ന ആഘോഷം.