Friday, September 24, 2010

ജ്ഞാനപീഠ ജേതാവ് ഒ.എൻ.വിയെ അഭിനന്ദിക്കാം.

മലയാളത്തിന്റെ പ്രിയകവി ഒ.എൻ.വിയ്ക്ക് ജ്ഞാനപീഠം.2007ലെ പുരസ്കാരത്തിനാണ് അദ്ദേഹം അർഹനായിരിക്കുന്നത്. ജ്ഞാനപീഠം ലഭിക്കുന്ന അഞ്ചാമത്തെ മലയാളിയാണ് ഒ.എൻ.വി.കുറുപ്പ്.

1931മെയ് 27നു കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ചു.പിതാവ് ഒ.എൻ. കൃഷ്ണക്കുറുപ്പ്, മാതാവ് ലക്ഷ്മിക്കുട്ടിയമ്മ.1957 മുതൽ 1986 വരെ എറണാകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്,കോഴിക്കോട് ആർട്സ് ആന്റ് സയൻസ് കോളേജ്, തലശ്ശേരി ഗവന്മെന്റ് ബ്രണ്ണൻ കോളേജ്,എന്നഐ കലാലയങ്ങളിൽ മലയാളം അദ്ധ്യാപകൻ, വകുപ്പു മേധാവി എന്നീ നിലകളിൽ പ്രവർത്തിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമി അംഗമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.കേരള കലാമണ്ഡലം ചെയർമാനായിരുന്നു.കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം,ആശാൻ പുരസ്കാരം, ഓടക്കുഴൽ അവാർഡ്, സോവിയറ്റ് ലാൻഡ് നെഹൃ പുരസ്കാരം തുടങ്ങിയ ഒട്ടേറെ ബഹുമതികൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
അഗ്നി ശലഭങ്ങൾ, അക്ഷരം,ഉപ്പ്, കറുത്ത പക്ഷിയുടെ പാട്ട്, ഭൂമിക്ക് ഒരു ചരമഗീതം,ശാർങ്ഗകപ്പക്ഷികൾ,മൃഗയ,അപരാഹ്നം,ഉജ്ജയിനി,സ്വയംവരം,ഭൈരവന്റെ തുടി എന്നിവ മുഖ്യ കൃതികൾ. ഏറ്റവും നല്ല സാഹിത്യ സാംസ്കാരിക പ്രവർത്തകനുള്ള എം.കെ.കെ.നായർ അവാർഡ്1992-ൽ ലഭിച്ചു. ചലച്ചിത്ര ഗാന രചനയ്ക്ക് 12 തവണ സംസ്ഥാന അവാർഡ് നേടി, ഒ.എൻ.വി.

ഭാര്യ സരോജിനി. രാജീവനും മായാദേവിയും മക്കൾ.

ഭാരതത്തിലെ ഉന്നത പുരസ്കാരങ്ങളിലൊന്ന് കരസ്ഥമാക്കിയ ഒ.എൻ.വിയ്ക്ക് അഭിനന്ദനങ്ങൾ.

Monday, September 20, 2010

നമ്പർ.

യാളുടെ എസ്.എം.എസ്സുകളെല്ലാം സ്നേഹം തുളുമ്പുന്നതായിരുന്നു. തിരിച്ച് അവളും സ്നേഹ സന്ദേശങ്ങൾ നൽകിക്കൊണ്ടേയിരുന്നു.
പ്രണയിച്ച് പ്രണയിച്ച്.. അയാളെ വിവാഹം കഴിക്കാനും അവൾ തീരുമാനമെടുത്തു.അയാളുടെ ക്ഷേമവും സുഖവും ഉയർച്ചയും മാത്രമായിരുന്നു അവളുടെ ലക്ഷ്യം. അതിനായി അവൾ അവളെത്തന്നെ ഉഴിഞ്ഞു വച്ചു.
എന്നാൽ എസ്. എം.എസ്സുകൾ നൈമിഷിക സുഖത്തിനു വേണ്ടി മാത്രമായി അയാൾ ഉപയോഗിക്കുന്നു എന്ന് അവൾ മനസ്സിലാക്കിയപ്പോഴേക്കും വൈകിപ്പോയി. അയാളെ മനസ്സിൽ നിന്നും മാറ്റാനാവില്ലെന്ന സത്യം നിലനിൽക്കെത്തന്നെ അവൾ അയാളുടെ മൊബൈൽ നമ്പർ അവളുടെ മൊബൈലിൽനിന്നും ഡിലീറ്റ് ചെയ്തു.
അയാളാകട്ടെ പുതിയ ഒരു കൂട്ടുകാരിയുടെ നമ്പർ സേവ് ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു.

Monday, September 13, 2010

വൈകി വായിച്ച മലയാളപ്പച്ച.


Scan10-09-13 1926.tif


സ്ഫടികം കൊണ്ട് ഉണ്ടാക്കിയ വിരലുകൾ പോലെ പുല്ലിലെ വേരുകളിൽ ജലം തൂങ്ങി നിൽക്കും. പുല്ലിലെ ഐസ് എന്നാണു പറയുക.പെരുമഴക്കിടയിൽ വെയിൽ തെറിക്കുമ്പോൾ അത് വൈഢൂര്യം പോലെ തിളങ്ങും. വേലികളിലെ വൈഢൂര്യത്തിളക്കങ്ങൾ മഴക്കാലത്തിന്റെ മാത്രം ചന്തമായിരുന്നു. ഹിമം പോലെ തണുപ്പാണ് പുല്ലിലെ ജല വിരലുകൾക്ക്. ഞങ്ങളത് പറിച്ചെടുത്ത് കൺപോളകളിൽ വയ്ക്കും. ചർമ്മത്തിന്റെ ചൂടുകൊണ്ട് അതുരുകി കവിളിലൂടെ ഒലിക്കും.”

( മലയാളപ്പച്ച. പി സുരേന്ദ്രൻ )
*******************


'ഒരു ലേഖനം മുഴുവൻ ഞാറപ്പഴങ്ങളെക്കുറിച്ചും തെച്ചിപ്പഴങ്ങളെക്കുറിച്ചുമാണ്.വേറൊന്ന് പൂച്ചകളെക്കുറിച്ചും കിളികളെക്കുറിച്ചുമാണ്. ഇനിയൊന്ന് ചക്കകളെക്കുറിച്ച്-മറ്റൊന്ന് മാമ്പഴങ്ങളെക്കുറിച്ച്. അപ്പോഴേക്കും മഴയെക്കുറിച്ച്, കുളങ്ങളെക്കുറിച്ച്- ഓണം , വിഷു, ഉത്സവങ്ങൾ- ലേഖനങ്ങളെന്നാണോ കഥകളെന്നാണോ പറയേണ്ടതെന്നറിയില്ല. ഓർമ്മകളാണോ സ്വപ്നങ്ങളാണോ എന്ന് തിരിച്ചറിയാനാവുന്നില്ല...........................................ഓരോ വാക്കിലും ഒരു പഴയ കുട്ടി ഒരു കളിപ്പാട്ടത്തിന്റെ ഇതളുകൾ വിടർത്തിയടർത്തുന്നപോലെ ആഹ്ലാദങ്ങളുടെയും വേദനകളുടെയും രഹസ്യച്ചെപ്പുകൾ തുറന്നടച്ച് രസിക്കുന്നു’
(മോഹനകൃഷ്ണൻ കാലടി മലയാളപ്പച്ചക്ക് എഴുതിയ അവതാരികയിൽ നിന്ന്)

***********************


ടക്കോട്ടു
പോകുംതോറും നന്മ ഏറിയേറി വരുമെന്ന വർത്തമാനം പണ്ടേ കേട്ടിട്ടുള്ളതാണ്. അതൊട്ടൊക്കെ ശരിയാണെന്നും തോന്നിയിരുന്നു. പക്ഷേ ഏറനാടൻ ബാല്യവും മധ്യതിരുവിതാംകൂർ ബാല്യവും തമ്മിൽ ഇത്രയേറെ സാദൃശ്യമുള്ളതായി തോന്നിയത് സുരേന്ദ്രൻ മാഷിന്റെ (പി. സുരേന്ദ്രൻ) ‘മലയാളപ്പച്ചഎന്ന പുസ്തകം ഒറ്റയിരിപ്പിനു വായിച്ചപ്പോഴാണ്.(2007 നവംബറിൽ പ്രസിദ്ധികരിച്ച ഗ്രന്ഥം ഞാൻ വായിക്കാൻ വൈകി)

നാലു പതിറ്റാണ്ടിനപ്പുറത്തെ ബാല്യമാണിതിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത്. അത് മാഷിന്റെ ബാല്യം മാത്രമല്ലെന്നു തോന്നിപ്പോയി. എന്റെ പ്രിയച്ചേച്ചിയുടേയും, കുഞ്ഞാങ്ങളയുടെയും ഞങ്ങളോടൊപ്പം വളർന്ന് നാല്പതും അൻപതും വയസ്സു കടന്നു പോയ പരശതം കോട്ടയത്തുകാരുടെയും ബാല്യ കൌമാരങ്ങളെക്കുറിച്ചാണ് മാഷ് എഴുതിയത്.

സഞ്ചാരിയുടെ ദേശങ്ങൾഎന്ന എന്ന ആദ്യ അദ്ധ്യായം വായിച്ചപ്പോൾ ഞാനും എന്റെ ഗ്രാമത്തിൽ ചുറ്റിക്കറങ്ങുകയായിരുന്നു. സുരേ,എന്നും സുരേട്ടാ എന്നും കുഞ്ഞാ എന്നുമൊക്കെ ഗ്രന്ഥകാരനെ വേണ്ടപ്പെട്ടവർ വിളിക്കുന്നതിനെക്കുറിച്ചു വായിച്ചപ്പോൾ ഞാനെന്റെ വീട്ടുകാരുടെയും നാട്ടുകാരുടെയും ലതിയായി. എന്നെ സ്നേഹപൂർവം ലതി എന്നു വിളിച്ച് ഹൃദയം കവരുന്ന എന്റെ ഗ്രാമീണരുടെ നന്മ ഞാന്‍ വീണ്ടും തൊട്ടറിഞ്ഞ നിമിഷങ്ങളിൽ കണ്ണുകൾ എപ്പോഴൊക്കെയോ കവിഞ്ഞൊഴുകി . എന്നിലെ ആറുവയസ്സുകാരി തെക്കേലേ മൂവാണ്ടന്മാവിന്റെ കൊമ്പിൽ കയറിയിരുന്ന്, എന്റെ അമ്മ പ്രസവിക്കാത്ത, സുരേന്ദ്രന്‍ മാഷിനെ, അറിയാതെ എന്റെകുഞ്ഞേട്ടാ ............എന്ന് ഉച്ചത്തിൽ വിളിച്ചു പോയി. എഴുത്തുകാർ ദേശത്തിന്റെ തടവുകാർ തന്നെ.

വകയിലുള്ള ആങ്ങളമാരുടേയും ചേച്ചിമാരുടേയുംകല്യാണം കഴിയുമ്പോൾ അവരുടെ കൈപിടിച്ച് വിരുന്നു പോയി, ഒരുപാടു പലഹാരങ്ങൾ തിന്നിരുന്ന അനിയത്തിക്കുട്ടിയായി ഞാൻ. ഒന്നു മുതൽ ഏഴു വരെ പഠിച്ച വെട്ടിമുകൾ സെന്റ് പോൾസും, അങ്ങോട്ടു പോകുമ്പോഴത്തെ അനുഭവങ്ങളുമൊക്കെ ഒന്നൊന്നായി ഓടിയെത്തി. ഇടവപ്പാതിയിലും കർക്കിടകത്തിലുമൊക്കെനാട്ടു വഴികൾ ചെറിയ ഒഴുക്കുള്ള പുഴകളാകുമ്പോൾ അതിൽ പടക്കം പൊട്ടിക്കുന്ന രീതി ... ഹായ് ഏറനാടായാലും കുട്ടനാടായാലും ഇടനാടായാലും മലനാടായാലും പിള്ളേരെല്ലാം ഒന്നായിരുന്നു അല്ലേ!!

മഴക്കാഴ്ചകളുടെ കാലം, മാമ്പഴക്കാലം, പ്ല്ലാവുകൾ കനിയുന്ന കാലം.. അങ്ങനെ എന്തെല്ലാം കാലങ്ങൾ! ഇടിച്ചക്കത്തോരനും ചക്കത്തോരനും ചക്കപ്പുഴുക്കും ചക്ക അവിയലും കൂഞ്ഞിലു തോരനും എരിശ്ശേരിയും ചക്കക്കുരൂം മാങ്ങേം ചക്ക ഉപ്പേരിം ചക്കക്കുരു മെഴുക്കുപുരട്ടീം തോരനും പച്ചച്ചക്കച്ചുളയും പുളിഞ്ചുളയും ചക്കപ്പഴവും ചക്ക വരട്ടിയതും ചക്കപ്പായസ്സവും ഇടനയിലയിലും വാഴയിലയിലും വട്ടയിലയിലുമൊക്കെ മാറിമാറി ഉണ്ടാക്കുന്ന കുമ്പിളപ്പവുമൊക്കെ അടുക്കളകളെ അടക്കിഭരിച്ചിരുന്ന കാലം. കഴിഞ്ഞ നാലു പതിറ്റാണ്ടായി തിന്നു കൊതിതീരാത്ത പച്ചച്ചക്കച്ചുളയുടെ കാര്യമോർത്തപ്പോൾ എന്റെ വായിൽ വെള്ളമൂറിയോ? കുട്ടിയായിരിക്കുമ്പോൾ അമ്മ പേടിച്ചിരുന്നു, ഇങ്ങനെ പച്ചച്ചക്ക തിന്നാൽ വയറുവേദന ഉണ്ടാകുമോ എനിയ്ക്കെന്ന്! പക്ഷേ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, ഇന്നും എനിയ്ക്കു പഴുത്ത ചക്കയെക്കാൾ ഇഷ്ടമാണ് പച്ചച്ചക്കച്ചുളയോട്.
എപ്പോഴെങ്കിലും എന്നെകൂടുതൽ ആകർഷിച്ച ഒരേയൊരു ഭക്ഷണ സാധനമിന്നും അതു തന്നെയാവും.
സ്കൂളിലെ വെള്ളിയാഴ്ചകളുടെ ഉച്ചയൂണുകൾ, പിന്നെയുള്ള വിശ്രമനേരത്തെ സാറും കുട്ടീം കളി, പള്ളിപ്പറമ്പിലെല്ലാം കാട്ടുചെടികളും പൂക്കളും പഴങ്ങളും പരതിയുള്ള നടത്തം എല്ലാം കഴിഞ്ഞ്, അല്പം കുറ്റബോധത്തോടെ ബെല്ലടിച്ചു കഴിഞ്ഞ്, ക്ലാസ്സിലേയ്ക്കുള്ള ഓട്ടം. അമ്മോ!! അണപ്പ് ഇന്നും മാറീട്ടില്ല.
കുറ്റങ്ങളെല്ലാം അയ്യപ്പസ്വാമിയോടും ഏറ്റുമാനൂരപ്പനോടും ഗുരുവായൂരപ്പനോടും പറയാൻ സന്ധ്യാവേളകളിൽ ഒരുപാടു സമയം ലഭിച്ചിരുന്നു, അന്ന്. ഈശ്വരഭജനം എന്ന പ്രാർത്ഥന ഹൃദിസ്ഥമാക്കിയത് വഴിത്തിരിവായി. ഏക ദൈവത്തോടുള്ള പ്രാർത്ഥനയിലേയ്ക്കു തിരിഞ്ഞത് അപ്പോഴാകാം.

സർവ രക്ഷകാ ദേവാ നമസ്തുതേ
സർവ രക്ഷകാ ദേവാ നമസ്തുതേ
സർവ രക്ഷകാ ദേവാ നമസ്തുതേ
സർവ രക്ഷകാ ദൈവമേ പാഹിമാം എന്നു തുടങ്ങുന്ന പ്രാർത്ഥന.

ജീവിതത്തിനു വേണ്ട സസ്യാദികൾ
ഊർവിയിൽ കാലാകാലം വിളയുവാൻ
സർവ്വ കാരുണ്യമേകുമാറാകണം
സർവനായകാ ദൈവമേ പാഹിമാം

തന്നിലേറിടും സ്നേഹാമൃതം പോലെ
അന്യരുംഞാനുമൊന്നുപോലെന്നുമേ
സ്നേഹമുള്ളവരായ് വസിച്ചീടണം
പ്രേമരൂപാ ജഗദീശപാഹിമാം

എന്റെതെന്നുമഹമെന്നുമുള്ള ദു-
ശ്ചിന്തവിട്ടീട്ട് ലോകം തറവാടായ്
സന്തതം നിരൂപിപ്പാനനുഗ്രഹം
നൽകിടേണമേ ദൈവമേ പാഹിമാം.

ഇന്നും ഒരു നേരമെങ്കിലും ഞാൻ ഉരുവിടുന്ന സാമാന്യം ദൈർഘ്യമുള്ള പ്രാർഥനയാണ് പുതിയ ഏതറിവിനെക്കാളും ശക്തമായി എന്നെ നയിക്കുന്നത് .
ഈശ്വരാ!! മലയാളപ്പച്ച വായിച്ചതിനെക്കുറിച്ച് പറഞ്ഞ് തുടങ്ങിയപ്പോൾ മലവെള്ളപ്പാച്ചിലായി വന്ന ഓർമ്മകൾ എന്റെ എഴുത്തിനെ വഴിതെറ്റിച്ചിരിക്കുന്നു. ഓരോ വായനക്കാരനെയും പിടിച്ചു വലിച്ച് ബാല്യ കൌമാരങ്ങളിലേയ്ക്ക് കൊണ്ടുപോകുന്ന അതി ശക്തമായ ജീവിതാവിഷ്കാരം.

ഇനി ഞാൻ തുടരുന്നില്ല. ഒന്നു പറയാം. ഞാനും എന്റെ പ്രായക്കാരായ പലരും എഴുതാതെ പോയ ഓർമ്മക്കുറിപ്പുകളാണേ ഇത്. ഒരുപാടൊരുപാടു കൂട്ടിച്ചേർക്കാനുണ്ടെനിക്ക്. അല്ലെങ്കിൽ വേണ്ട. സുരേന്ദ്രൻ മാഷിന് ഇങ്ങനെ എഴുതാൻ തോന്നിയല്ലോ. എല്ലാവർക്കും ഇതു പറ്റില്ല. വേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് വേണ്ടപോലെ ചെയ്യാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. അത്തരം കഴിവുകളാൽ അനുഗൃഹീതനായ എഴുത്തുകാരന്റെമലയാളപ്പച്ചഇനിയും ഒരുപാടു വായനക്കാരുടെ മനസ്സു കുളിർക്കാനിടയാക്കട്ടെ.
Scan10-09-13 1925.tif
മലയാളപ്പച്ച. പി സുരേന്ദ്രൻ . കൈരളി ബുക്സ്. വില 70രൂപ.

Friday, September 3, 2010

ക്ലാസ്മേറ്റ്.

ബാലൻ മാഷേ, സംഗതിയൊക്കെ കൊള്ളാം. നരച്ച തലേം മുറുക്കാൻ കറയുള്ള പല്ലും അയഞ്ഞ ജുബ്ബേം കാലൻ കുടേം എല്ലാം കൂടി ഒരു ആനച്ചന്തമുണ്ട്. മാഷിനെപ്പോലൊരു ശുദ്ധഗതിക്കാരനെ എനിയ്ക്ക് വല്യ ഇഷ്ടവുമാ. പക്ഷേ പാറേൽ പള്ളിക്കൂടത്തിൽ നമ്മൾ ഒന്നിച്ച് ഒന്നു മുതൽ പത്തുവരെ പഠിച്ച കാര്യം ആരോടും പറയരുതേ.”

കറുപ്പിച്ച മുടീം നിരയൊത്ത പല്ലുകളും ഇണങ്ങുന്ന ജീൻസും റ്റീഷർട്ടും ധരിച്ച , പ്രശസ്ത സാഹിത്യകാരനായ ക്ലാസ്മേറ്റിന്റെ അഭ്യർത്ഥന കേട്ട് ബാലൻമാഷ് ഊറിച്ചിരിച്ചു.

Wednesday, September 1, 2010

ശോഭായാത്ര

സംഘാടകരുടെ
അറിവോടെയല്ലെങ്കിലും
ശോഭാ യാത്രയ്ക്ക്
നേതൃത്വം നൽകിയ അയാൾക്ക്
ഇംഗ്ലീഷ് മാസം ഒന്നാം തിയതിയൊന്നും
ഒരു പ്രശ്നമല്ലായിരുന്നതിനാൽ ആവശ്യത്തിനു മദ്യംസേവിക്കാനായി.
അതുകൊണ്ടു തന്നെ,ആവീട്ടിൽ രാത്രിയിലെ
പതിവുപോലെയുള്ള
ശോഭകേടിന്
അന്നും ആ
പാവം ഭാര്യയും
മക്കളും
ഇരകളായി.