Monday, September 29, 2008

അങ്ങനെ ഞങ്ങളൂം നോമ്പെടുത്തു.

കുട്ടിക്കാലം മുതല്‍ റംസാന്‍ നോമ്പ് എനിക്കൊരു കൌതുകമായിരുന്നു. നോമ്പിനെക്കുറിച്ച് ആദ്യം കേട്ടത് ഞാന്‍ ഒന്നാം ക്ലാസ്സിലായിരിക്കുമ്പോള്‍ രണ്ടാം ക്ലാസ്സിലായിരുന്ന ഷക്കീലയുടെ നാവില്‍നിന്നുമാണ്.ഷക്കീലയും അനുജന്‍ ഷെഫിയും അവരുടെ അമ്മച്ചിയും ഡാഡിയും നോമ്പെടുക്കുന്ന വിശേഷങ്ങള്‍! ഞങ്ങളുടെ അയല്പക്കത്തെ മുസ്ലിം കുടുംബങ്ങളിലെ എല്ലാവരും തന്നെ അന്നൊക്കെ നോമ്പെടുത്തിരുന്നു.
“രാവിലെമുതല്‍ വൈകുന്നേരം വരെ ഒന്നും കഴിക്കാതിരുന്നാല്‍ എത്ര കഷ്ടപ്പാടണ്. നിങ്ങള്‍ക്ക് വിശക്കില്ലേ?” ഞാന്‍ അന്നൊരിക്കല്‍ അയല്‍ പക്കത്തെ റഷീദായോട് ചോദിച്ചു. “ എന്റെ ലതീ, വിശപ്പു സഹിക്കാം. ചിലപ്പോള്‍ ദാഹവും പരവേശവും വരും. ഉമ്മ വെള്ളം കോരിത്തരാന്‍ പറയുമ്പോഴാ ദാഹം കൂടുന്നത്. നല്ല വെയിലത്ത് ഞാന്‍ ദാഹിച്ചു വലഞ്ഞിരിക്കുമ്പോള്‍ ഞങ്ങടെ പാതാളക്കിണറ്റിലേക്ക് തൊട്ടിയിട്ട് തുടിച്ചു കോരുമ്പോള്‍ തന്നെ എനിക്ക് കൊതിവരും, വെള്ളം കുടിക്കാന്‍. പിന്നെ അത് കോരിയൊഴിക്കുമ്പോഴത്തെ കാര്യം പറയണോ? എങ്കിലും നോമ്പ് മുടക്കില്ല.”
മുടങ്ങാതെ നോമ്പു പിടിക്കുന്ന അവരൊക്കെ എനിക്കന്ന് അല്‍ഭുതമായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്റെ സുഹൃത്തുക്കളുടെ നോമ്പു വിശേഷം എനിക്കു കൌതുകം തന്നെയായിരുന്നു. ഇത്തവണ എന്തായാലും നോമ്പ് പിടിക്കാനുള്ള തിരുമാനമെടുത്തത് ചേട്ടനാണ്. ഞാനും അതേ തീരുമാനമെടുത്തു. ഞങ്ങള്‍ക്ക് ഇതൊരു പുതിയ അനുഭവം.... ശരീരത്തിന്റെയും മനസ്സിന്റെയും ദുര്‍മേദസ്സ് നീക്കം ചെയ്യാന്‍ ഒരു ചെറിയ ശ്രമം.... പ്രതീക്ഷയില്‍ കവിഞ്ഞ വിജയം. നോമ്പെടുക്കുന്നവരെക്കുറിച്ച് മറ്റുള്ളവരുടെ വ്യത്യസ്താഭിപ്രായങ്ങള്‍ മുഖവിലയ്ക്കെടുക്കരുതെന്നും മനസ്സിലായി. ദൈവത്തിനു നന്ദി. ഈ നോമ്പിന്റെ നന്മ മനസ്സില്‍ എന്നും നിലനിന്നിരുന്നെങ്കില്‍! എല്ലാവര്‍ക്കും പെരുന്നാളാശംസകള്‍!

Saturday, September 20, 2008

മര്‍ത്യ ഭാഷ കേള്‍ക്കാത്ത ദേവദൂതര്‍.

ഴിഞ്ഞ ഞായറാഴ്ച്ച-സെപ്റ്റംബര്‍ 14-ന്, ചേര്‍ത്തലയില്‍ ഒരു വിവാഹത്തിനു പോയി വരുന്നു. എന്റെകൂടെ ഞങ്ങളുടെ തറവാടിനടുത്തുള്ള കുറച്ചുപേരുള്ളതിനാല്‍ ഏ റ്റുമാനൂര് അവരെ ഇറക്കാ‍ന്‍ പോകേണ്ടി വന്നു. ഏറ്റുമാനൂര്‍ ടൌണില്‍ എന്റെ സഹോദരന് ഒരു ഓഫീസുണ്ട്. അവിടെ കയറി ഇത്തിരിനേരമിരുന്നു. തൊട്ടടുത്ത മുറിയില്‍ ഒരാള്‍ക്കൂട്ടം. ചിലര്‍ ഇറങ്ങി വന്ന് എന്നെ നോക്കുന്നു. ഒരാള്‍ വന്ന് എന്നോട് അങ്ങോട്ടു വരാന്‍ ആംഗ്യം കാണിച്ചു. ഞാന്‍ അങ്ങോട്ട് ചെന്നു. ആ ഓഫിസ് മുറി നിറച്ച് ആളുകളിരിക്കുന്നു. അധികവും യുവാക്കളും മദ്ധ്യവയസ്കരും. എന്നെ വിളിച്ച ചെറുപ്പക്കാരന്‍ ഒരു കസേര ചൂണ്ടി, ഇരിക്കാന്‍ പറഞ്ഞു.‘ നങ്ടെ ജില്ലക്കമ്മ്റ്റി.’വളരെ വിഷമിച്ച് അവ്യക്തമായി അയാള്‍ പറഞ്ഞൊപ്പിച്ചു. ഞാന്‍ ഇരുന്നു. എന്റെ മുന്‍പിലിരിക്കുന്നവരെല്ലാം പരസ്പരം നോക്കി ആംഗ്യ ഭാഷയില്‍ സംസാരിക്കുന്നു. എന്നെ കണ്ടപ്പോള്‍ എല്ലാ മുഖങ്ങളിലും സ്നേഹം പടരുന്നു.

മുറിക്കകത്തെ നാലു ചുവരുകളിലും സമ്മേളനങ്ങളുടേയും മറ്റും ചിത്രങ്ങള്‍ താല്കാലികമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഞാന്‍ ആ പടങ്ങള്‍ നോക്കി. (ചിലതില്‍ എന്നെയും കാണാം. രണ്ടു വര്‍ഷം മുന്‍പ് കോട്ടയം റെഡ്ക്രോസ് ടവറില്‍ നടന്ന ഒരു സമ്മേളനം.) അപ്രതീക്ഷിതമായി ഞാന്‍ കടന്നു വന്നത് ബധിരമൂക സംഘടനയുടെ കോട്ടയം ജില്ലാകമ്മിറ്റിയിലേയ്ക്കാണ്.ആ ചുറുചുറുക്കുള്ള സഹോദരന്മാരെല്ലാം ബധിരരും മൂകരുമാണല്ലോഎന്നോര്‍ത്തപ്പോള്‍ എനിയ്ക്ക് വിഷമം തോന്നി. അവരുടെ ഭാഷയ്ക്കപ്പുറത്തുള്ള ഉപചാരം എന്നില്‍ സമ്മിശ്രവികാരമുണ്ടാക്കി.

എന്നെ ആദ്യം വിളിച്ചയാള്‍ക്കേ എന്തെങ്കിലും സംസാരിക്കാനാവൂ. അയാള്‍ കാര്യം വിശദമാക്കി. സെപ്റ്റംബര്‍ 28നു അവരുടെ കോട്ടയം ജില്ലാ സമ്മേളനം പാലായില്‍ നടക്കുന്നു. പരിപാടികള്‍ തയ്യാറാക്കുകയാണവര്‍. നോട്ടീസ് ഡ്രാഫ്റ്റ് ചെയ്തത് എന്നെ കാണിച്ചു. ഞാന്‍ ചില പ്രോട്ടോകോള്‍ പിശകും മറ്റും ചൂണ്ടിക്കാട്ടി. ഞങ്ങള്‍ക്ക് ജില്ലാ ആസ്ഥാനത്ത് ഒരു ഓഫീസ് കിട്ടാന്‍ ശ്രമിക്കുന്നുണ്ട്, മുനിസിപ്പാലിറ്റിയില്‍ അപേക്ഷ വച്ചിട്ടുണ്ട്. ഒരാള്‍ എന്നെ എഴുതിക്കാണിച്ചു. ഞാന്‍ ഒരു മുനിസിപ്പല്‍ കൌണ്‍സിലറെ വിളിച്ച് അന്വേഷിച്ചു. പഴയ കെട്ടിടത്തില്‍ മുറിയൊന്നുമില്ലെന്നും പുതിയതു വരട്ടെ, എന്നുമായിരുന്നു മറുപടി.അതിന് മൂന്നുലക്ഷമെങ്കിലും പകിടിയും അപ്പോള്‍ നിലവിലുള്ള വാടകയും ആകുമെന്നുകൂടി കൌണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു. ഞാന്‍ അതവരെ എഴുതിക്കാണിച്ചു. എനിക്കറിയാവുന്ന ആംഗ്യ ഭാഷയില്‍ അധികൃതരുടെ നിസ്സഹായത അറിയിച്ചു.അവരുടെ മുഖങ്ങളില്‍ നിരാശ പടരുന്നത് എനിക്കു കാണാമായിരുന്നു.

സംസാരിക്കാന്‍ കഴിഞ്ഞിരുന്നയാള്‍ അവരുടെ ചില പ്രശ്നങ്ങളേക്കുറിച്ചു പറഞ്ഞു. “ധാരാളം പേര്‍ വൈകല്യമുള്ളവരുണ്ട്. സംഘടനയിലേക്ക് ആരും വരുന്നില്ല. ഞങ്ങള്‍ക്ക് ഒത്തിരി പരിമിതികളുണ്ട്’ .ഇതൊക്കെയായിരുന്നു, ആവിശദീകരണത്തിന്റെ സാരം. ജില്ലാസമ്മേളനം കഴിഞ്ഞ് ഒരുദിവസം പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഞാനുംകൂടാം, വിരോധമില്ലെങ്കില്‍ പട്ടണത്തില്‍ നിന്നും അധികം അകലെയല്ലാത്ത എന്റെ വീട്ടില്‍ കൂടാം , എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ആ കണ്ണുകളിലെല്ലാം സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും തിരയിളക്കം.

എന്തായാലും ആ കമ്മിറ്റി തിരും വരെ അവരെന്നെ അവിടെ(സ്നേഹംകൊണ്ട്) പിടിച്ചിരുത്തി. സാധാരണ ജനങ്ങളോട് ആശയ വിനിമയം നടത്താന്‍ നിവൃത്തിയില്ലാത്തതിനാല്‍ ഏതു നടപടിക്കും കാല വിളംബമുണ്ടാവുന്നതായിരുന്നു അവരുടെ മുഖ്യ പ്രശ്നം. കേള്‍ക്കാനാവത്ത ഇവര്‍ക്ക് ബ്ലോഗ് പോലുള്ള മാധ്യമം എത്രമാത്രം പ്രയോജനകരമായിരിക്കുമെന്ന് ഞാന്‍ അവിടെയിരുന്ന് ഓര്‍ത്തുപോയി. പക്ഷെ എന്റെ ആശയങ്ങള്‍ അവിടെ അവരുമായി പങ്കു വയ്കാന്‍ പരിമിതിയുണ്ടല്ലോ.

സമയം വൈകി. അവര്‍ക്കെല്ലാം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേരേണ്ടതാണ്. സാധാരണക്കാരും, ചെറിയ തൊഴിലെന്തെങ്കിലും ചെയ്യുന്നവരുമാണ് അധികവും. കോട്ടയം ഭാഗത്തേയ്ക്കുള്ളവര്‍ എന്റെ കൂടെ പോരാന്‍ ക്ഷണിച്ചു. രണ്ടു പേര്‍ കയറി. പെരുന്നയിലുള്ള ഒരാളും കോട്ടയത്തുള്ള ഒരാളും. ഒരാള്‍ മുന്‍പിലും ഒരാള്‍ പിറകിലും കയറി. കോട്ടയത്തേയ്ക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ എന്റെ മനസ്സില്‍ വല്ലാത്ത ആശയ സംഘര്‍ഷമായിരുന്നു. യാത്ര ചെയ്യുമ്പോള്‍ എനിയ്ക്കെന്റെ സഹയാത്രികരോട് ഒന്നും മിണ്ടാതിരിക്കേണ്ടി വരുന്ന അവസ്ഥ! അവര്‍ക്ക് രണ്ടുപേര്‍ക്കും ഒന്നും പറയാന്‍ പറ്റുന്നില്ലല്ലോ. എന്തെല്ലാം നല്ല ആശയങ്ങള്‍ അവര്‍ക്ക് പങ്കിടാനുണ്ടാവും. എന്റെ ഫോണ്‍ ഇടക്കിടക്ക് ചിലച്ചു. അവരതറിഞ്ഞില്ലല്ലോ. ഞാന്‍ ഡ്രൈവ് ചെയ്യുമ്പോള്‍ , എനിക്കു വരുന്ന ഫോണ്‍ എടുത്ത് ‘അവര്‍ ഡ്രൈവ് ചെയ്യുകയാ, പിന്നെ വിളിക്കൂ’ എന്ന് പറയാനാവാത്ത സഹയാത്രികരുടെ അവസ്ഥ! ഇപ്പോള്‍ എനിയ്ക്കു തോന്നുന്നത് ഒരു നിസ്സാര പ്രശ്നം. പക്ഷേ, ഈശ്വരാ, ദൈനംദിന ജീവിതത്തില്‍ ഈ സഹോദരന്മാര്‍ക്ക് ഇങ്ങനെ.. എന്തെല്ലാം പ്രശ്നങ്ങള്‍? എന്നിട്ടും അവര്‍ എല്ലാം മറന്ന്, പരസ്പരം സഹായിക്കുന്നു. നമ്മെപ്പോലുള്ളവരെ സ്നേഹിക്കുന്നു, സംഘടിക്കുന്നു.

എന്റെ വീടിനടുത്ത ബസ് സ്റ്റോപ്പില്‍ ഞാന്‍ കാര്‍ നിര്‍ത്തി. അവരെ നോക്കി. രണ്ടു പേരും എന്തൊക്കെയോ ചിന്തിച്ചിരിക്കുന്നു. എന്റെ അടുത്തിരുന്നയാളെ (പേര് ചോദിക്കാനായില്ലല്ലോ) ഞാന്‍ തോണ്ടി വിളിച്ചു. ഇവിടിറങ്ങി ബസ്സില്‍ പോവാമെന്ന് എനിയ്ക്കറിയാവുന്ന ആംഗ്യ ഭാഷയില്‍ പറഞ്ഞു. എന്റെ വീട് ഏതുഭാഗത്താണെന്നും കാട്ടിക്കൊടുത്തു. അവരുടെ കണ്ണുകളില്‍
സ്നേഹത്തിന്റെ വേലിയേറ്റം. എന്റെ കണ്ണുകളില്‍ കണ്ണീരിന്റേയും.

Monday, September 8, 2008

ഓണത്തപ്പാ കുടവയറാ!

കേട്ടിട്ടുള്ളവര്‍ക്ക് മധുരതരവും
കേള്‍ക്കാത്തവര്‍ക്ക് അതിമധുരതരവുമാകാന്‍
ഇതാ തലമുറതലമുറ കൈമാറിവന്ന ഒരു നാടന്‍പാട്ടുകൂടി.
ഓണമല്ലേ, എല്ലാം മറന്നൊന്നു പാടൂന്നേ...
ബൂലോകത്തെ എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും ഓണാശംസകളോടെ......

ഓണത്തപ്പാ - കുടവയറാ!

ഓണത്തപ്പാ - കുടവയറാ
എന്നാ പോലും - തിരുവോണം?

നാളേയ്ക്കാണേ - തിരുവോണം.
നാക്കിലയിട്ടു വിളമ്പേണം

ഓണത്തപ്പാ - കുടവയറാ
തിരുവോണക്കറിയെന്തെല്ലാം?


ചേനത്തണ്ടും ചെറുപയറും
കാടും പടലവുമെരിശ്ശേരി
കാച്ചിയ മോര്, നാരങ്ങാക്കറി,
പച്ചടി , കിച്ചടിയച്ചാറും!

ഓണത്തപ്പാ - കുടവയറാ
എന്നാ പോലും തിരുവോണം?

Friday, September 5, 2008

മാവേലി നാടുവാണീടും കാലം


“മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ”

പാടിപ്പാടി പഴകിയതാണെങ്കിലും ഓരോ ഓണത്തിനും പുതുമയോടെ നാം ഉപയോഗിക്കുന്ന വരികള്‍.
ആരാണീ വരികള്‍ രചിച്ചതെന്നോ ആരാണിതിന് ഈണം പകര്‍ന്നതെന്നോ നമുക്കറിവില്ല. ഈ നാടു ഭരിച്ചു എന്നു പറയപ്പെടുന്ന മാവേലി മന്നന്റെ അപദാനങ്ങള്‍ ! ‘പടുപാട്ടു പാടാത്ത കഴുതയുമില്ലെ’ന്നല്ലേ!
മാവേലിപ്പാട്ട് ഒരിക്കലെങ്കിലും മൂളാത്ത മലയാളിയുണ്ടോ? തലമുറ തലമുറ കൈമാറിക്കിട്ടിയതാണ് നമുക്കീ നാടന്‍ പാട്ട്. നിങ്ങള്‍ക്കീ പാട്ടിന്റെ എത്ര വരികള്‍ അറിയാം? എനിക്കറിയാവുന്നത് ഞാന്‍ ബൂലോകര്‍ക്ക് ഓണസമ്മാനമായി കുറിയ്ക്കുന്നു. തെറ്റുണ്ടെങ്കില്‍ തിരുത്തണേ. വരികള്‍ വിട്ടിട്ടുണ്ടെങ്കില്‍ കൂട്ടിച്ചേര്‍ക്കണേ..
ഇത്തവണത്തെ ഓണാഘോഷത്തിനു നിങ്ങളെല്ലാവരും കൂടി ഇതൊന്നു പാടിയാല്‍ ഞാന്‍ കൃതാര്‍ത്ഥയായി.

മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ.
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും
ആധികള്‍ വ്യാധികളെങ്ങുമില്ല
ബാലമരണങ്ങള്‍ കേള്‍പ്പാനില്ല.
പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്.
എല്ലാകൃഷികളുമൊന്നുപോലെ
നെല്ലിനു നൂറു വിളവതുണ്ട്.
ദുഷ്ടരെ കണ്‍കൊണ്ട് കാണ്മാനില്ല,
നല്ലവരല്ലാതെയില്ലപാരില്‍.
ഭൂലോകമൊക്കെയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ.
നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്,
നാരിമാര്‍ ബാലന്മാര്‍ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ചകാലം.
കള്ളവുമില്ല’ചതിയുമില്ല
എള്ളോളമില്ലാ പൊളിവചനം.
വെള്ളിക്കോലാദികള്‍നാഴികളും
എല്ലാം കണക്കിനു തുല്യമായി.
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.
നല്ല മഴ പെയ്യും വേണ്ടും നേരം
നല്ലപോലെല്ലാ വിളവും ചേരും.
മാവേലി നാടു വാണീടും കാലം,
മാനുഷരെല്ലാരുമൊന്നുപോലെ.

(മാവേലിയുടെ ചിത്രം ഗൂഗിളില്‍ നിന്നും എടുത്തത്)