Saturday, December 27, 2008

“അത് ശവംതീനികള്‍ കൊണ്ടുപോയതാ....“

ഒരുപാട് കാലമായിരുന്നു
ഞാനാവഴി പോയിട്ട്.
അമ്പലത്തില്‍ നിന്നു വരുംവഴി
അവിടെ കയറി.
ചിറ്റമ്മ (ഭര്‍ത്താവിന്റെ അമ്മയുടെ അനുജത്തി)
പരിഭവം പറഞ്ഞു.
“ഞങ്ങളെയൊക്കെ മറന്നു. അല്ലേ?”
“ഇല്ല, ചിറ്റമ്മേ.. വരുമ്പോഴൊക്കെ തിരക്ക്. ഇവിടെ നില്‍ക്കാനേ പറ്റുന്നില്ല.”
“സാരമില്ല മോളേ.. ഞാന്‍ വെറുതേ പറഞ്ഞതാ.”
“ചിറ്റമ്മേ, ബാലു?” ഞാന്‍ തിരക്കി.
“അവന്‍ സൈക്കിളെടുത്തു പൊവണതു കണ്ടു. ബിയേയ്ക്കാണിപ്പോ”
“ബാലൂന്റെ പെങ്ങള്‍ ?”
ചിറ്റമ്മയുടെ കണ്ണു നിറഞ്ഞു.
“ഒന്നും പറയേണ്ട. വയസ്സു പത്തുപതിനേഴായില്ലേ?
ദാ അപ്പുറത്തെ
വീട്ടിലാ സജീവും കുടുംബോം.
ഞാന്‍ പതിയെ മുറ്റത്തിറങ്ങി.
തൊട്ടടുത്തുള്ള പുതിയ വീട്ടിലേയ്ക്കു നടന്നു.
പതിനാറു വര്‍ഷം മുന്‍പ് ഭര്‍ത്താവിനോടൊത്ത്
ആദ്യമായി ഞാന്‍ ഇവിടെ
വന്നപ്പോള്‍ ചിറ്റമ്മയുടെ മടിയില്‍
ഒരു സുന്ദരിക്കുട്ടിയുണ്ടായിരുന്നു.
അവരുടെ മകന്‍ സജീവന്റെ ഇളയ കുട്ടി.
അവള്‍ക്ക് ബുദ്ധിമാന്ദ്യമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിലും
ചികിത്സിച്ച് ഭേദമാക്കാമെന്ന
പ്രതീക്ഷയിലായിരുന്നു എല്ലാവരും.
അവളുടെ ചേട്ടന്‍ മൂന്നരവയസ്സുകാരന്‍
ബാലു അന്നേ എന്റെ മനസ്സില്‍
കയറിക്കൂടി. പിന്നീട് ഞാന്‍ ചിറ്റമ്മയെക്കണ്ടാല്‍,
സജീവിനെക്കണ്ടാല്‍, ബാലുവിനെ ചോദിക്കും, ബാലൂന്റമ്മയെ ചോദിക്കും
ബാലൂന്റെ അനിയത്തിയെ ചോദിക്കും.
അവരുടെ രണ്ടുപേരുടേയും പേര് എനിയ്ക്ക് ഇന്നും അറിയില്ലതാനും.
ബുദ്ധിമാന്ദ്യമുള്ള, സുന്ദരിക്കുട്ടിയായ മകളുടെ
പിന്നാലെ എല്ലാം മറന്ന് പായുന്ന
ബാലുവിന്റെ അമ്മ(എന്റെ അനിയത്തി)യുടെ രൂപം
എന്നില്‍ നൊമ്പരമുളവാക്കിയിരുന്നു.
പിന്നീട് വര്‍ഷങ്ങളുടെ ഇടവേള!
ബാലു മിടുക്കനാണെന്നും, നല്ല മാര്‍ക്കോടെ പത്തു പാസ്സായെന്നും
കോളജിലായെന്നുമൊക്കെ അറിയുന്നുണ്ടായിരുന്നു.
ഞാനോരോന്ന് ചിന്തിച്ച് നില്‍ക്കുമ്പോള്‍ മുറ്റത്താളനക്കം.
അതാ.. സുന്ദരിക്കുട്ടി.
വെളുത്തു തുടുത്ത മുഖം. നീണ്ട മൂക്ക്.
ചുവന്ന ചുണ്ടുകള്‍.
നീണ്ടു വിടര്‍ന്ന കണ്ണുകളിലൊന്നിന്റെ മിഴി അല്പം വ്യതിചലിച്ചിരിയ്ക്കുന്നു.
അവളെന്നെക്കണ്ട ഭാവമില്ല.
മുറ്റത്തിരിയ്ക്കുന്ന പൂച്ചക്കുട്ടിയിലാണു ശ്രദ്ധ.
അടുത്ത നിമിഷം അവള്‍
അതിന്റെ വാലില്‍ പിടിച്ച് തൂക്കിയെടുത്തു.
എനിയ്ക്ക് ഭയം തോന്നി.
അപ്പോഴേയ്ക്കും അവള്‍ ആ പാവത്തിനെ വിട്ടുകളഞ്ഞു.
“ഇതു തന്നെ പണി. പൂച്ചയല്ല, പട്ടിയല്ല, അമ്പലത്തില്‍
വരുന്ന ആനയെ തളച്ചിരിയ്ക്കുന്നതു കണ്ടാലും
അവള്‍ അടുത്ത് ചെല്ലും , പിടിയ്ക്കും”
ചിറ്റമ്മ എന്റെ പിന്നാലെ ഇറങ്ങിവന്നത് ഞാനപ്പോഴാ അറിഞ്ഞത്.
ഞാന്‍ ബാലുവിന്റെ അനിയത്തിയെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു.
ഇറക്കം കുറഞ്ഞ ഹൌസ്കോട്ടണിഞ്ഞിരിക്കുന്നു.
അവളിപ്പോള്‍ വളര്‍ന്നിരിയ്ക്കുന്നു.
“വയസ്സറിയിച്ചു മോളേ” ചിറ്റമ്മ വേദനയോടെ പറഞ്ഞു.
“ബാലൂന്റമ്മയെവിടെ?”
ഞാന്‍ തിരക്കി.
“അതിവിടെക്കാണും. ”ചിറ്റമ്മ.
ഞാന്‍ അകത്തേയ്ക്കു കയറി.
അടുക്കും ചിട്ടയുമില്ലാത്ത സ്വീകരണമുറിയില്‍ മെലിഞ്ഞ ഒരു സ്തീരൂപം.
എന്നെക്കണ്ടിട്ടും പരിചയം നടിക്കാത്തതില്‍ എനിയ്ക്കു വിഷമം തോന്നി.
“എന്നെ മറന്നോ?”
“ഇല്ല.”
“ആരാ”
“സുഭാഷേട്ടന്റെ പെണ്ണ്.”
എനിക്കല്പം ആശ്വാസം തോന്നിയെങ്കിലും
അവളുടെമുഖത്ത് ഗൌരവമായിരുന്നു.
ഞാന്‍ വെളിയിലിറങ്ങി.
സുന്ദരിക്കുട്ടി വീണ്ടും പൂച്ചയെപ്പിടിച്ച് രസിക്കുന്നു.
“അവളിപ്പൊഴിങ്ങനെയാ. കുളിയ്ക്കണമെന്നു പോലുമില്ല.
ഇതിന്റെ കാര്യം മാത്രം നോക്കും. കണ്ണു തെറ്റാതെ നോക്കേണ്ടേ?”
ബാലൂന്റമ്മയുടെ മാറ്റത്തെക്കുറിച്ച് ചിറ്റമ്മ പറഞ്ഞപ്പോള്‍ എന്റെ ഉള്ളൊന്നാളി.
എന്നെക്കാള്‍ രണ്ടുമൂന്നു വയസ്സെങ്കിലും ഇളയതാവും ബാലൂന്റമ്മ.
മുന്‍പും അധികം സംസാരിച്ചിരുന്നില്ല.
വേദനപുരണ്ടതെങ്കിലും ഒരു പുഞ്ചിരി
ആ ചുണ്ടുകളിലുണ്ടായിരുന്നു.
ഞാന്‍ യാത്ര പറയാനായി ഒരിയ്ക്കല്‍ക്കൂടി അകത്തേയ്ക്കു കയറി.
ബാലൂന്റമ്മ അവിടെത്തന്നെ നില്‍ക്കുന്നു.
ഇക്കുറി എന്നെ നോക്കി അവള്‍ ചിരിച്ചു.
അവളുടെ പല്ലുകള്‍ മോണയുമായി ചേരുന്നിടത്ത് കറുപ്പു നിറം.
ആശങ്കയോടെ ഞാന്‍ അറിയാതെ ചോദിച്ചുപോയി.
“പല്ല്?”
“അത് ശവംതീനികള്‍ കൊണ്ടുപോയതാ.”
ആ മറുപടികേട്ട് ഞാനിറങ്ങുമ്പോള്‍
ചിറ്റമ്മ സുന്ദരിക്കുട്ടിയെ ശാസിക്കുന്നു.
അപ്പോള്‍ അവള്‍ ഓടി. ബാലുവിന്റെ അമ്മ (അവളുടെയും) അവളുടെ
പിന്നാലെ പാഞ്ഞ് അവളെ പിടിച്ച്
അകത്തേയ്ക്കു കയറി.
എന്നെ നോക്കി ബാലുവിന്റമ്മ
പണ്ടത്തെപ്പോലെ ഒന്നു മന്ദഹസിച്ചു.
ആ കണ്ണുകള്‍ കലങ്ങിയിരുന്നു.

Tuesday, December 23, 2008

ആട്ടിടയന്മാര്‍ക്കു ലഭിച്ച സന്ദേശം.


ആ പ്രദേശത്തെ വയലുകളില്‍, ആടുകളെ രാത്രി
കാത്തുകൊണ്ടിരുന്ന ഇടയന്മാര്‍ ഉണ്ടായിരുന്നു.
കര്‍ത്താവിന്റെ ദൂതന്‍ അവരുടെ അടുത്തെത്തി.
കര്‍ത്താവിന്റെ മഹത്വം അവരുടെ മേല്‍ പ്രകാശിച്ചു.
അവര്‍ വളരെ ഭയപ്പെട്ടു. ദൂതന്‍ അവരോടു പറഞ്ഞു.
ഭയപ്പെടേണ്ടാ, ഇതാ, സകല ജനത്തിനും വേണ്ടിയുള്ള
വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍
നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍
നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ , കര്‍ത്താവായ ക്രിസ്തു
ഇന്നു ജനിച്ചിരിക്കുന്നു. ഇതായിരിക്കും നിങ്ങള്‍ക്ക് അടയാളം:
പിള്ളക്കച്ച കൊണ്ട് പൊതിഞ്ഞ്,
പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിയ്ക്കുന്ന
ഒരു ശിശുവിനെ നിങ്ങള്‍ കാണും.
പെട്ടെന്ന്, സ്വര്‍ഗീയ സൈന്യത്തിന്റെ ഒരു വ്യൂഹം
ആ ദൂതനോടു കൂടെ പ്രത്യക്ഷപ്പെട്ട്
ദൈവത്തെ സ്തുതിച്ചു കൊണ്ട് പറഞ്ഞു:
അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം!
ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!
(കടപ്പാട്: ബൈബിള്‍, ഗൂഗിള്‍)

എല്ലാവര്‍ക്കും ഹൃദ്യമായ
ക്രിസ്മസ് ആശംസകള്‍!!

ഒരുപാട് സ്നേഹത്തോടെ
നിങ്ങളുടെ
സ്വന്തം
ലതി.

Sunday, December 7, 2008

വില്പനക്കാരന്റെ കരവിരുത്.

ഇന്നലെ തീക്കോയിയില്‍ നിന്നും കോട്ടയത്തേയ്ക്കു വരും വഴി, ഈരാറ്റുപേട്ടയില്‍ കണ്ടത്. ഈ പച്ചക്കറിക്കട കണ്ടപ്പോള്‍ എന്റെ മോബൈല്‍ ചിത്രമെടുത്തത് ഞാന്‍ അറിഞ്ഞില്ല.

Thursday, December 4, 2008

ഒന്നുകില്‍ ഞാന്‍, അല്ലെങ്കില്‍ മുത്തങ്ങ.......

പ്രിയ ബൂലോകരേ, മുത്തങ്ങയാണെന്റെ പ്രശ്നം.അയ്യയ്യോ തെറ്റിദ്ധരിക്കരുത് മറ്റേ മുത്തങ്ങയ്യല്ല. ഇത് വെറും മുത്തങ്ങയാ. നോക്കൂ, ആ നില്പു കണ്ടോ. ഞാനൊരു സംഭവമാണെന്ന മട്ടില്‍............ നമ്മുടെ തൊടിയിലും മുറ്റത്തുമൊക്കെ കിളിര്‍ത്തു വരുന്ന മുത്തങ്ങാപ്പുല്ലില്ലേ. അതു തന്നെ. പണ്ട് അമ്മ അതിന്റെ കിഴങ്ങിട്ട് പാലു കാച്ചിത്തന്നത് ഓര്‍മ്മയുണ്ടോ? അതു തന്നെ. ഒന്നരക്കൊല്ലമാകുന്നു ഞാനിപ്പോള്‍ ഈ വീട്ടില്‍ താമസമായിട്ട്. വീട് ഒന്നു മിനുക്കി , കാട് കയറിക്കിടന്ന പറമ്പ് വെട്ടിത്തെളിച്ച് കുറച്ച് ഫലവൃക്ഷത്തൈകളും ചെടികളുമൊക്കെ വച്ച ശേഷമാണ് താമസം തുടങ്ങിയത്. ഞാന്‍ ജനിച്ചു വളര്‍ന്ന ചുറ്റുപാടിനോട് അല്പം കൂടുതല്‍ ആഭിമുഖ്യമുണ്ടായിരുന്നതിനാലാല്‍ ഒത്തിരി നാള്‍ ആ വീട്ടില്‍ താമസിച്ചു . ഇപ്പോള്‍ പട്ടണത്തിനടുത്ത് വാങ്ങിയ സ്ഥലത്ത്. ആ മുറ്റത്തെ മുത്തങ്ങയുടെ കാര്യമാ പറഞ്ഞു വന്നത്. അതി വിശാലമല്ലെങ്കിലും അരമണിക്കൂര്‍ വേണം മുറ്റമടിച്ച് തീരാന്‍. മുറ്റത്തിട്ട മണലിന്റെ കനം കുറഞ്ഞു. അതുകൊണ്ട് എല്ലാവരും പറഞ്ഞു, നല്ല പാറപ്പൊടിയിട്ടാല്‍ ഒഴികീം പോകില്ലാ, പുല്ലും പിടിക്കില്ലാന്ന്. എനിക്കത്ചിന്തിക്കാവില്ല. ടൈലിട്ടാലോ? ചിലര്‍ അഭിപ്രായപ്പെട്ടു . കുറച്ചു ബാധ്യത കൂടി വരും അതുറപ്പാ. അതല്ല പ്രശ്നം. എനിക്ക് ഇതൊക്കെ പെട്ടെന്ന് ഉള്‍ക്കൊള്ളാനാവുന്നില്ല. പറ്റുന്ന ദിവസമൊക്കെ എനിക്ക് രാവിലെ മുറ്റമടിക്കണം. മുറ്റത്ത് ഞാന്‍ നട്ട ചെത്തിയോടും മന്ദാരത്തോടും തുളസിയോടുമൊക്കെ കൊച്ചു വര്‍ത്തമാനം പറയണം. അടുക്കളത്തോട്ടത്തിലെ കളകള്‍ രാവിലെ തന്നെ പറിച്ചു കളയണം. പ്രഭാതത്തിലേ പൂന്തേനുണ്ണാനെത്തുന്ന പൂമ്പാറ്റകളോടും പൂത്തുമ്പികളോടും കിന്നാരം പറയണം. പറമ്പിലേക്കൊന്നു കണ്ണോടിക്കണം. അമ്മയുടെ പൂവനും പിടക്കോഴികളും കൊതി പറഞ്ഞ് ചിക്കിച്ചികയുന്നതു കാണണം. പുതിയ തലമുറയ്ക്കു നല്ല പരിചയമില്ലാത്ത കുരുപ്പ, കുഴിയാനയുടെ വാസസ്ഥലം ഒക്കെ ഇടയ്ക്കെങ്കിലുമൊന്നു കാണണം. ഒളികണ്ണിട്ട് ചാടിയോടി മരങ്ങളില്‍ ‘റിസര്‍ച്ച്’ നടത്തുന്ന അണ്ണാര്‍ക്കണ്ണന്മാരോട്‘ എന്താ കൂവ്വേ ’ എന്നു ചോദിക്കണം. ചേമ്പ്, ചേന , കാച്ചില്‍, എല്ലാറ്റിന്റെയും അവസ്ഥ ഇടയ്ക്കൊക്കെ തിരക്കണം. വാഴ കുലച്ചതില്‍ ഏതെങ്കിലും പഴുക്കാന്‍ തുടങ്ങിയോ എന്നറിയണം. കണ്ണന്റെ അച്ഛന്‍ ഇടയ്ക്കൊക്കെ വരുമ്പോഴും മുറ്റത്തും പറമ്പിലും ഇമ്മാതിരി വീക്ഷണം നടത്തും. ഞാനും കണ്ണനും നട്ട്, ഞങ്ങളെ അല്പം ഭള്ളു പറഞ്ഞുകൊണ്ടാണെങ്കിലും എന്റെ അച്ഛന്‍ വെള്ളമൊഴിച്ച് വളര്‍ത്തിയ ജാതി, കണിക്കൊന്ന ,ആര്യവേപ്പ്, മുരിങ്ങ, പ്ലാവ്, മാവ്, പതിമുഖം, തുടങ്ങിയ എല്ലാമെല്ലാം കണ്ടേ തീരൂ. മുറ്റമടി ഇല്ലാതായാല്‍ ഈ ബന്ധം എന്നേയ്ക്കും നഷ്ടമാകും. കാലാകാലങ്ങളില്‍മുറ്റത്തിന്റെ അരികിലെ മണ്ണില്‍ കിളിര്‍ക്കുന്ന ചെടികള്‍ കുഴിച്ചു വയ്ക്കാനും ഇതിനിടയ്ക്കാണ് ഞാന്‍ സമയം കണ്ടെത്തുന്നത്.
ഇത്തവണ ഓണത്തിന് കണ്ണന്റെ ക്ലാസ്സിലെ കുട്ടികള്‍ക്ക് അത്തപ്പൂവിടാന്‍ ആവശ്യമായ വാടാമുല്ലപ്പൂവ്
ഈ മുറ്റത്തുനിന്നും കിട്ടി. ഇപ്പോഴും ധാരാളം വാടാമുല്ലകള്‍ ഇവിടങ്ങനെ വിഹരിക്കുന്നു.


ജമന്തി, ബന്തി തുടങ്ങിയ ഇനങ്ങള്‍ക്ക് നാടന്‍ ചരലിട്ട മുറ്റത്തിന്റെ ഓരത്തങ്ങനെ വാഴാം. പാറപ്പൊടിയോ, വലിയ ചരലോ, ടൈലോ ഇട്ടാല്‍ ഈ സൂത്രപ്പണിയൊന്നും നടക്കില്ല. പക്ഷേ, എന്നും മുറ്റമടിക്കുമ്പോള്‍ പുല്ലും മുത്തങ്ങയുമൊക്കെ പറിച്ച് വൃത്തിയാക്കിയിട്ടില്ലെങ്കില്‍ എന്റെ മുറ്റത്തിന്റെ ഗതി വരുമെന്നു മാത്രം.


എന്റെ ഇപ്പോഴത്തെ പ്രശ്നം ഈ മുത്തങ്ങയാണ്. ഓണത്തിന് കിഴക്കേ മുറ്റത്ത് മുത്തങ്ങ ആര്‍ത്ത് കിളിര്‍ത്ത് വരുന്നത് കണ്ട് രണ്ടു പേരെ നിര്‍ത്തി വൃത്തിയാക്കിയതാ. ഓണം പോയ പിറകേ അവര്‍ ഇങ്ങു പോന്നു. വേരോടെ പിഴുതില്ലെങ്കില്‍ പ്രശ്നമാ.
ഞാനിപ്പോള്‍ കളത്തൂമ്പാ കൂടിയെടുത്താ മുറ്റമടി എന്ന കൃത്യം നിര്‍വഹിക്കുന്നത്. ഒടേതമ്പുരാന്റെ ചീട്ടു വാങ്ങി വന്ന മട്ടിലാ മുറ്റത്തുള്ള മുത്തങ്ങയുടെ ഈ വിളയാട്ടം. ഇനി ഞാന്‍ വിടില്ല. കളത്തൂമ്പാ പ്രയോഗം ഉഷാറാക്കി. മുത്തങ്ങാ ......സകലമാന മുത്തങ്ങയേയും വേരോടെ പിഴുതു കളയണം.ഒന്നുകില്‍ ഞാന്‍, അല്ലെങ്കില്‍ മുത്തങ്ങ” !!!!!!!!!!!