Friday, August 31, 2012

സ്ത്രീശാക്തീകരണം

സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പ്രസക്തിയെക്കുറിച്ചും, സ്ത്രീയുടെ ഗാർഹികമായ അധിക ജോലികളെക്കുറിച്ചും അവൾ തനിച്ചു യാത്ര ചെയ്യാനുള്ള കരുത്താർജ്ജിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചുമൊക്കെ  ശക്തമായ ഭാഷയിൽ പ്രഭാഷണം നടത്തിയ മഹതി സദസ്യരുടെ പ്രശംസ പിടിച്ചു പറ്റി. ആനുകാലിക പ്രസിദ്ധികരണങ്ങളിൽ ഉശിരൻ ലേഖനങ്ങളെഴുതി, സ്ത്രീശാക്തീകരണത്തിന്റെ വക്താവായി മാറിയ പ്രഭാഷകയെ എല്ലാവരും അഭിനന്ദിച്ചു. സംഘാടകരുടെ ചായ സൽക്കാരം പോലും  നിരസിച്ച്, വാഹനത്തിൽ കയറിയ പ്രഭാഷകയുടെ  അടുത്തേയ്ക്ക് , അവരെ പരിചയപ്പെടാനായി  അല്പം ആരാധനാ മനോഭാവത്തോടെ തന്നെ,   ഓടിയെത്തിയ  യുവതികളെ നിരാശരാക്കി, അവർ പറഞ്ഞു. “ഒരു രക്ഷയുമില്ല. നേരം വൈകി, വൈകുന്നേരം അഞ്ചുമണിക്കു മുൻപ് വീടെത്തണം. അങ്ങനെയല്ലാത്ത ഒരു പരിപാടിക്കും എന്നെ കിട്ടില്ല, സോറി.”

Thursday, August 30, 2012

ഓണക്കോടി

റ്റക്കു താമസിക്കുന്ന അമ്മയെ കാണാൻ വിശേഷദിവസങ്ങളിൽ
മാത്രമാണ് മക്കൾ എത്തിയിരുന്നത്. തിരുവോണത്തിനു വന്നു പോയ മക്കൾ,
അമ്മയ്ക്ക് പെട്ടെന്നൊരസുഖം ബാധിച്ചെന്നറിഞ്ഞ് വീണ്ടുമെത്തി.
അമ്മയെ സ്ഥിരം നോക്കിയിരുന്ന ജോലിക്കാരിയില്ലാത്തതിനാൽ
ശീലമില്ലാത്ത രോഗീപരിചരണം മക്കൾക്ക്  വല്ലാത്ത വിഷമമുണ്ടാക്കി.
അമ്മയുടെ മുഷിഞ്ഞ വസ്ത്രങ്ങൾ മാറി പകരം കൊടുക്കാൻ ഒന്നു പോലും കാണുന്നില്ല. അബോധാവസ്ഥയിലായ അമ്മയുടെ അലമാരയുടെ
താക്കോൽ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.
ഒരിക്കൽക്കൂടി  അമ്മക്കു വേണ്ടി അവർ പുതുവസ്ത്രങ്ങൾ വാങ്ങിയപ്പോൾ,
കഴിഞ്ഞ കുറേ വർഷങ്ങളായി,
അമ്മയ്ക്കു മക്കൾ  നൽകിയ ഓരോ ഓണക്കോടിയും
അമ്മയുടെ അലമാരയിലിരുന്നു
വീർപ്പുമുട്ടുകയായിരുന്നു.

Tuesday, August 21, 2012

സഹായി

ല്ലാവർക്കും സഹായിയായിരുന്ന, അയാൾ, ആര് എന്തു സഹായം ചോദിച്ചാലും നൽകാൻ സദാ സന്നദ്ധനായിരുന്നു.  ഞാനും ആവശ്യങ്ങൾക്കു വേണ്ടി മാത്രമേ അയാളെ വിളിച്ചിരുന്നുള്ളൂ.     എല്ലാ ഡിസംബറിലും അയാൾ എനിക്കു കുറച്ചധികം ഡയറികൾ കൊടുത്തു വിട്ടിരുന്നു. ഞാനാകട്ടെ അതെല്ലാം സുഹൃത്തുക്കൾക്കു വിതരണം ചെയ്തിരുന്നു. എന്നാൽ പതിവിനു വിപരീതമായി ഡയറി കിട്ടാതിരുന്നപ്പോൾ അവകാശപ്പെട്ടതു കിട്ടാത്തതു പോലെയുള്ള സ്വരത്തിൽ, പല  സുഹൃത്തുക്കളുടെയും  വിളി വന്നു. ഞാനാകട്ടെ അപ്പോൾ അയാളെ വിളിക്കാനും നിർബന്ധിതനായി. എന്റെ സ്വരത്തിലും അവകാശം നിഴലിച്ചിരുന്നു. ആറു മാസമായി സുഖമില്ലാതെ കിടപ്പിലാണ് അയാൾ എന്ന വിവരം അയാളുടെ ഭാര്യ പറഞ്ഞപ്പോൾ എന്റെ ശിരസ്സു ലജ്ജകൊണ്ടു കുനിഞ്ഞു പോയി.

Tuesday, August 14, 2012

പട്ടിയുണ്ട്, സൂക്ഷിക്കുക!

യാളുടെ ഇഷ്ടപ്രകാരമാണ് അവർ 
ഒരു നായയെ വാങ്ങി വളർത്തിയത്. 
ഒരു ദിവസം അയാൾ ‘പട്ടിയുണ്ട്, സൂക്ഷിക്കുക!‘ എന്നെഴുതിയ
ഒരു ബോർഡ് എഴുതിച്ചു കൊണ്ടു വന്നു. 
ആ ബോർഡ് ഈ വീട്ടിൽ ആവശ്യമില്ല എന്നായി അവൾ. 
അകാലത്തിൽ അയാൾ അവളെയും മക്കളെയും വിട്ടു പോയി. 
അധികം വൈകാതെ അവരുടെ വളർത്തു നായയും ചത്തു പോയി.
ഏകാന്തതയും ഭയവും വല്ലാതെ
അലട്ടിയപ്പോൾ അവൾ ‘പട്ടിയുണ്ട്, സൂക്ഷിക്കുക!‘എന്ന 
ആ പഴയ ബോർഡ് പൊടിതട്ടിയെടുത്ത്,
പട്ടിയില്ലാത്ത വീടിന്റെ  
ഗേറ്റിനു മുന്നിൽ തൂക്കി.

Monday, August 6, 2012

ഹോം നഴ്സ്

രോഗിയായ അമ്മയെ
പരിചരിക്കാന്‍
ഒരു  ജോലിക്കാരിയെ
വച്ചപ്പോള്‍ , അവര്‍ക്ക്
ശമ്പളം
കൊടുക്കുന്നതിനു വേണ്ടി
'ഹോം നഴ്സ് ' ജോലിക്കായി
അവള്‍
വിദേശത്തേക്ക്  പറന്നു .

Friday, August 3, 2012

ഒളിക്യാമറ

രു പകല്‍മുഴുവനും യാത്ര ചെയ്തു
പലയിടത്തും അലഞ്ഞ അവള്‍ ,
ഒളിക്യാമറയെ ഭയന്ന് ഒന്ന് മൂത്രമൊഴിക്കാന്‍ പോലും കൂട്ടാക്കാതെ,
വീടെത്തിയ ഉടന്‍ ടോയിലെറ്റിലെക്കോടി.

അവിടെയാവട്ടെ, ഒരു ഒളിക്യാമറ
 വളരെ സുരക്ഷിതമായി
തന്നെ  നോക്കി  ഇരിക്കുന്നത് കണ്ടു
അവള്‍ നടുങ്ങിപ്പോയി .