
ഇന്ന് (ജുലൈ-9), ഇന്‍ഡ്യയിലെ ഏറ്റവും മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായിരുന്ന വിക്ടര്‍ ജോര്‍ജ് അനശ്വരനായതിന്റെ എട്ടാം വാര്‍ഷികം. മഴക്കാഴ്ചകള്‍ ഒപ്പിയെടുക്കാന്‍ തന്റെ പ്രിയപ്പെട്ട നിക്കോണ്‍ എഫ്. എം-2 ക്യാമറയുമായി വെണ്ണിയാനി മലകയറിയ വിക്ടര്‍.....ഒന്നിലധികം ക്യാമറകളുമായായിരുന്നു ആ യാത്രയും.
ഉരുള്‍പൊട്ടല്‍ പകര്‍ത്തുമ്പോള്‍ വിക്ടറെ കാണാതായെന്ന ഫ്ലാഷ് ന്യൂസ്......വിക്ടറിനൊന്നും സംഭവിക്കരുതേയെന്ന് ഒരു ജനത ഒരേ ശബ്ദത്തില്‍ ദൈവത്തോട് അപേക്ഷിച്ച നിമിഷങ്ങള്‍....ഒടുവില്‍ ജൂലൈ-12ലെ നനഞ്ഞ പ്രഭാതത്തില്‍,അന്ത്യ വിശ്രമത്തിനായി രത്നഗിരിപ്പള്ളിയിലേക്ക് യാത്രയാകുമ്പോഴും എല്ലാവരും അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. വിക്ടറിന്റെ ലില്ലിക്കും മക്കള്‍ക്കും
പ്രിയപ്പെട്ടവര്‍ക്കും മാത്രമായിരുന്നില്ലല്ലൊ ആ വേര്‍പാടിന്റെ നഷ്ടം!
വിക്ടറിന്റെ ഇടവകവികാരി ഓലിക്കലച്ചന്‍ അന്ന്, നടത്തിയ പ്രസംഗം അവിടെക്കൂടിയ എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു। ഒഴിവു സമയങ്ങളില്‍ തന്റെ സ്വപ്നങ്ങള്‍ പങ്കു വക്കാന്‍ അച്ചന്റെ അടുത്തെത്താറുണ്ടായിരുന്ന വിക്ടറിന്റെമറ്റൊരുമുഖത്തെക്കുറിച്ച്കൂടുതലറിഞ്ഞത് അപ്പോഴാണ്. മരങ്ങള്‍ നടാനും മാലിന്യ സംസ്കരണത്തിനും ഒക്കെയുള്ള പദ്ധതികള്‍...വിക്ടര്‍ ജോര്‍ജ് എന്ന ഫോട്ടോ ജേര്‍ണലിസ്റ്റ് എല്ലാവര്ക്കും പരിചിതനാണ്।
ഗാലറിയിലിരുന്ന് നീന്തല്‍ മത്സരം കണ്ട് മകളെ എല്ലാം മറന്നു പ്രോത്സാഹിപ്പിക്കുന്ന അമ്മ(അനിതാസുദിന്റെ അമ്മ, നാഷണല്‍ ഗെയിംസ് ) ഒരു പവാടക്കാരി പെണ്‍കുട്ടിയോട് ആണ്‍കുട്ടികള്‍ വോട്ട് ചോദിക്കുന്ന കാമ്പസ് ചിത്രം. അങ്ങനെ എത്രയെത്ര ചിത്രങ്ങള്‍?
ഭാഷാപോഷിണിക്കു വേണ്ടി വിക്ടര്‍ എടുത്ത മുഖ ചിത്രങ്ങളും വിഖ്യാതങ്ങളായി.
പക്ഷേ, സൌമ്യനും നല്ലവനുമായിരുന്ന വിക്ടര്‍,പരിസ്തിതി സംരക്ഷകനായിരുന്ന വിക്ടര്‍, വലിയൊരു സുഹൃദ് വലയം സൃഷ്ടിച്ചെടുത്തിരുന്ന വിക്ടര്‍,തൊഴിലില്‍ പൂര്‍ണത നേടാന്‍ വിട്ടൂവീഴ്ചക്ക് തയ്യാറാകാതിരുന്ന വിക്ടര്‍..അങ്ങനെയുള്ള പ്രത്യേകതകള്‍ നമ്മളറിയാന്‍ വൈകി.
ഏതു രംഗത്തും ശോഭിക്കണമെങ്കില്‍ ‘കുറച്ചു വേലയും, ബാക്കി തട്ടിപ്പും’ എന്നു വിചാരിക്കുന്നവര്‍ക്കൊരപവാദമായിരുന്നു വിക്ടര്‍.തൊഴിലിനെ മഹത്വവല്‍ക്കരിക്കാനുള്ള വ്യഗ്രതയില്‍ ആര്‍ത്തലച്ചുവന്ന മലവെള്ളം തട്ടിപ്പറിച്ചുകൊണ്ടു പോയ വിക്ടര്‍ ജോര്‍ജിന്റെ ഓരോ ഓര്‍മ്മ ദിവസവും ഉത്തരവാദിത്ത ബോധത്തെയും പൂര്‍ണ്ണതയെയും (perfection) ഓര്‍മ്മിപ്പിക്കുന്നതാവും.
വിക്ടറിന്റെ മഴച്ചിത്രങ്ങളുടെ പുസ്തകം'It's Raining' മലയാള മനോരമ തന്നെ പ്രസിദ്ധീകരിച്ചു. പെയ്തൊഴിയാത്ത നൊമ്പരവുമായി പ്രിയപ്പെട്ടവര്‍ വിക്ടറെ സ്മരിക്കുമ്പോഴും അങ്ങങ്ങ്,താന്‍ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലാത്ത ക്യാമറയുമായി ഒരു വേറിട്ട ചിത്രത്തിനായി പായുന്ന വിക്ടര്‍, ആദരാഞ്ജലികള്‍...
ഞാനിത് എഴുതിത്തുടങ്ങുമ്പോള്‍ മഴ തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു. അന്നത്തെപ്പൊലെ ഭീകരമല്ലെന്നു മാത്രം.
വിക്ടര്‍, അവിടെ മഴയുണ്ടോ???