Wednesday, July 2, 2008

ഈ കുമ്പസാരം ഒരു പിറന്നാള്‍ സമ്മാനം

ണ്ണാ,

നിനക്കിന്നു പതിനഞ്ചു വയസ് തികയുന്നെന്നൊ? എനിക്കു വിശ്വസിക്കാന്‍ പ്രയാസം. 1993-ല്‍ ഇതേ ദിവസം[ജൂലായ് 2] ഞാന്‍ ഈ സമയത്ത് പേറ്റുനോവുമായി ആശുപത്രി വരാന്തയില്‍ ഉലാത്തുമ്പോള്‍ എന്റെ പ്രാര്‍ത്ഥന ഇതൊരു സിസേറിയന്‍ ആവരുതേ എന്നായിരുന്നു. ‘പത്തു മാസം ചുമന്ന് നൊന്തു പ്രസവിച്ചു’ എന്ന അവകാശ വാദത്തിനല്ല കുഞ്ഞേ..അതൊരു ആശയായിരുന്നു. ഉച്ചക്കു ശേഷം 4:05 ന് ആ ആഗ്രഹം സാധിച്ചു.

നീ എന്റെ ഉള്ളിലായപ്പോള്‍ മുതല്‍ എന്തെല്ലാം പുതിയ അനുഭവങ്ങള്‍ ആയിരുന്നു. ചില ഇഷ്ടങ്ങള്‍, ചില അനിഷ്ടങ്ങള്‍,വേണ്ടപ്പെട്ടവരില്‍നിന്നും കൂടുതല്‍ കരുതല്‍, ഞാനാണെങ്കില്‍ വായന,പഠിപ്പ്,പ്രാര്‍ത്ഥന ഒന്നിനും കുറവു വരുത്തിയില്ല.നിന്റെ അച്ഛനുമൊത്ത് എന്റെ ഭര്‍തൃ ഗൃഹത്തില്‍ ഏറ്റവുമധികം ചിലവഴിച്ചതും അക്കാലത്തായിരുന്നു.

നാലാം മാസം ഞാ‍നും അച്ഛനും പാലക്കാട്,മലമ്പുഴ,അട്ടപ്പാടി ഒക്കെ പോയി। അച്ഛന്റെ സുഹൃത്തായ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ വിശ്വംഭരന്‍ അന്നു അട്ടപ്പാടിയിലുണ്ടായിരുന്നു।ആദിവാസികളുടെ സ്നേഹം എന്താണെന്ന് അറിയാന്‍ കിട്ടിയ അവസരം।ഐ।ബിയിലെ താമസം ആദിവാസിക്കുടിലിലേക്കു മാറ്റിയത്,ഞങ്ങള്‍ക്കു വേണ്ടി മാത്രം അവര്‍ നൃത്തം ചെയ്തത്, അമ്മ അവരുടെ ചുവടുകള്‍ക്കൊപ്പം ചുവടു വച്ചത്,ഒടുവില്‍ യാത്രയായപ്പോള്‍ നീ കൂടെയുള്ള വിവരം പറഞ്ഞത് ॥ എല്ലാം ഇന്നലെ നടന്നതു പോലെ॥ നീ ഉണ്ടായാലുടനെ കൊണ്ടു വരാമെന്നു പറഞ്ഞു. പക്ഷേ॥ പോവാനായില്ല. പോവണം.

അക്കാലത്തെ മറ്റോരു യാത്ര ഊട്ടി - നിന്റെ ഗുരുവപ്പൂപ്പന്റെ(ഗുരു നിത്യ) അടുത്തേക്കായിരുന്നു.അമ്മക്കു വായിക്കാന്‍ ഗുരു ഒത്തിരി പുസ്തകങ്ങള്‍ തന്നു. പോരാന്നേരം “നിന്റെ ഉള്ളിലുള്ളവനു എന്റെ എല്ലാ അനുഗ്രഹങ്ങളും” എന്നു ഗുരു പറഞ്ഞു.സത്യം പറഞ്ഞാല്‍ ആ അനുഗ്രഹങ്ങളൊക്കെയാ ഇന്നും നിനക്കുള്ളത്. എന്റെ അമ്മയുടെ സ്നേഹം ഏറ്റവുമധികം അനുഭവിച്ചതും അക്കാലത്താണു. എല്ലാ പെണ്‍കുട്ടികളും ഇങ്ങനെ അനുഭവിക്കുന്നുണ്ടെങ്കിലും ആ സ്നേഹം മറക്കാനാവില്ല കുട്ടീ.പ്രസവ വേദനയെക്കാള്‍ വേദനയാണെന്റെ അമ്മ പുറത്തിരുന്നു അനുഭവിക്കുന്നതെന്ന് ഓരോ നഴ്സുമ്മാരും വരുമ്പോള്‍ പറഞ്ഞിരുന്നു...

ആദ്യമാദ്യം എനിക്കു നിന്റെ കാര്യത്തില്‍ എത്ര ശ്രദ്ധയായിരുന്നു? വീണ്ടും തിരക്കിലേക്കു പോയപ്പോള്‍ എന്റെ അമ്മ പോലും വഴക്കു പറഞ്ഞു തുടങ്ങി.ജോലി, പൊതുക്കാര്യം.. ഇതൊക്കെക്കാരണം നമ്മള്‍ മാത്രമായുള്ള സമയങ്ങള്‍ കുറഞ്ഞു.എങ്കിലും നീ എളുപ്പത്തില്‍ സംസാരിച്ചു. അപ്പൂപ്പനും അമ്മൂമ്മയും നിനക്കു വേണ്ടി എല്ലായ്പ്പോഴും ഉണ്ടയിരുന്നല്ലോ.നീ നല്ല സംസാരപ്രിയനായിരുന്നു അന്നൊക്കെ.എല്‍കെ.ജി യില്‍ അയക്കും മുന്‍പേ ആശാന്‍ കളരിയില്‍ പോയി അക്ഷരം ,പഠിച്ച്, ചിന്തം വരക്കാനുള്ള ഭാഗ്യം നിനക്കുണ്ടായതും അവരുടെ മഹത്വം.ഞാന്‍ വീണ്ടും ജോലിക്കു പോയിത്തുടങ്ങിയപ്പോള്‍ നിന്റെ പലകാര്യങ്ങള്‍ക്കും വീഴ്ച്ചകള്‍ വരുത്തി.അമ്മിഞ്ഞപ്പാലിനു പോലും റേഷനായിരുന്നില്ലേ.അഞ്ചാറു വയസ്സു വരെ നിന്നെ കുടിപ്പിക്കാനാഗ്രഹിച്ചതാ.. നിനക്കു ഒന്നര വയസ്സുള്ളപ്പോള്‍ എനിക്കുണ്ടായ അപകടം, തലക്കു പരിക്ക്, ആശുപത്രി വാസം..
എല്ലാം കാരണം എന്റെ കുഞ്ഞിന്റെ പാലുകുടി മുട്ടി.
‘ബസ് മഞ്ഞു, അമ്മ -തല പൊട്ടി, അമ്മിഞ്ഞ -പോയ്‘ എന്നു മുതിര്‍ന്നവര്‍ പറഞ്ഞു തന്ന ചെറിയ നുണ കൊഞ്ചിക്കൊഞ്ചി ഏറ്റുപറഞ്ഞിരുന്നു നീ।ഒരു അപകടത്തിലൂടെ നിനക്കു എന്നേക്കുമായി അമ്മിഞ്ഞപ്പാല്‍ നിഷേധിക്കപ്പെട്ടതോര്‍ക്കുമ്പോള്‍ ഇന്നും അമ്മക്ക് വേദന।അക്കൊല്ലം മുതല്‍ അമ്മക്കുവേണ്ടി നീയും അച്ഛനും മുടങ്ങാതെ ശബരിമല കയറുന്നു।

മുന്‍പൊരിക്കല്‍, നമ്മുടെ ഗ്രാമത്തില്‍ ഒരു ചടങ്ങിനു പി എന്‍ പണിക്കര്‍ സാര്‍(കാന്‍ഫെഡ്, ഗ്രന്ഥ ശാലാസംഘം)വന്നു। നമ്മുടെ വീട്ടില്‍ നിന്നെക്കാണാന്‍ എന്നോടൊപ്പം വന്നു. വന്നയുടന്‍ ഞാന്‍ നിന്നെ മുലയൂട്ടുന്നതു കണ്ട് പണിക്കര്‍ സാര്‍

“കുഞ്ഞേ, നീ എന്തു പറഞ്ഞുകൊണ്ടാ അവനു പാലു കൊടുക്കുന്നത്”.

“ഒന്നും പറയാറില്ല സാര്‍” ഞാന്‍ മറുപടി പറഞ്ഞു.

“എന്നാല്‍ ഇന്നു മുതല്‍ അമ്മിഞ്ഞപ്പാല്‍ നല്‍കുമ്പോള്‍, അവന്റെ ഒരു ചെവി അടച്ചു പിടിച്ചു മറു ചെവിയില്‍ സത്യം, സത്യം എന്നു പറഞ്ഞു കൊടുക്കണം”

അന്നു മുതല്‍ നിനക്കു പാലു തരുമ്പോള്‍, നിന്നെ ഭക്ഷണം കഴിപ്പിക്കുമ്പോള്‍ അമ്മ കൂടുതല്‍ ശ്രദ്ധ കാട്ടി.ഒത്തിരി വേദികളില്‍
ഒത്തിരി അനുജത്തിമാര്‍ക്ക് ഈ കാര്യം പറഞ്ഞു കൊടുത്തു. അന്നു പണിക്കര്‍ സാര്‍ ഒരുകാര്യം കൂടി അമ്മയോട് പറഞ്ഞു

“കുഞ്ഞേ നിങ്ങള്‍ക്കിവന്‍ മതി.ഇവനെ നന്നായി വളര്‍ത്തുക.“

ആദ്യം പറഞ്ഞതു പോലെ ഞങ്ങള്‍ക്കു നീ ഒരുത്തനേയുള്ളൂ. പക്ഷേ നന്നായി വളര്‍ത്താനായോ മോനേ? അമ്മക്കറിയാം ആയിട്ടില്ലെന്ന്.
സ്തീ ശാക്തീകരണത്തെക്കുറിച്ചും, കുടുംബ ബന്ധത്തെക്കുറിച്ചുമൊക്കെ പ്രസംഗിക്കുന്നതിനിടയില്‍ പോലും വ്യക്തിപരമായി അമ്മയുടെ പരിമിതികള്‍ അമ്മ പറയാറുണ്ട്. കുറ്റബോധത്തോടെ തന്നെ.. സ്വകാര്യമായി അമ്മ നിന്നോട് ഇതൊക്കെ പറയുമ്പോള്‍ നീ (ബുദ്ധിമാൻ) എന്നെ ആശ്വസിപ്പിക്കാനായി പറയും ‘ഈ അമ്മയെ ആണ് എനിക്കിഷ്ടം’ എന്ന്.

കുട്ടാ, എത്ര നല്ല കുട്ടിയാ നീ! ദൈവം ഞങ്ങള്‍ക്കു തന്ന നിധി! എല്ലാ അമ്മമാര്‍ക്കും അങ്ങനെ തന്നെയാ അവരുടെ മക്കള്‍।അതുകൊണ്ടാ അവര്‍ മക്കള്‍ക്കു വേണ്ടി ഒത്തിരി സമയം നീക്കി വക്കുന്നത്। പക്ഷേ॥ ഈ അമ്മ!!! സോറി മോനേ......

നീ ഇപ്പോള്‍ പത്തിലാ. പാഠങ്ങള്‍ പറഞ്ഞു തരാനും ചോദ്യങ്ങള്‍ ചോദിക്കാനും അമ്മ ശ്രദ്ധിക്കേണ്ട സമയം. പൊതുക്കാര്യത്തിനു ഞാന്‍ പോയില്ലെങ്കിലും ലോകം അവസാനിക്കില്ലെന്നറിയാം. എന്നിട്ടും ..

“എടീ പോകുമ്പോള്‍ ഒരുമ്മ, വരുമ്പോള്‍ ഒരുമ്മ മതിയല്ലോ മകന്‍ വളരാന്‍“ എന്നു അപ്പൂപ്പന്‍ അമ്മയെ കളിയാക്കുന്നത് എത്ര ശരിയാ അല്ലേ മോനേ?

പത്തിലാ!എല്ലാത്തിനും എ പ്ലസ് വാങ്ങിയില്ലെങ്കില്‍ പ്രശ്നമാവും। വരക്കാനും പാടാനും അനുകരിക്കാനുമൊക്കെ നീ എത്ര മിടുക്കനായിരുന്നു। വേണ്ടത്ര പ്രോത്സാഹിപ്പിക്കുന്നില്ല അല്ലേ? നീ മൂന്നു വര്‍ഷം മുന്‍പു വരച്ച് ചായം കൊടുത്ത രവിവര്‍മ്മച്ചിത്രം കഴിഞ്ഞയാഴ്ച ഫ്രെയിം ചെയ്തപ്പോഴാ അതിന്റെ ഗാംഭീര്യം അറിഞ്ഞത്।

ഇപ്പോള്‍ നിനക്ക് പ്രിയം ക്രിക്കറ്റിനോടാണ്. അച്ഛന്റെ പ്രോത്സാഹനം വേണ്ടത്രയുണ്ട്..പക്ഷേ അമ്മ പോര അല്ലേ? ഞാന്‍ എഴുതിയെഴുതി കാടു കയറി. നീ പരീക്ഷ കഴിഞ്ഞ് എത്താറായി. പിറന്നാള്‍ സമ്മാനമായി കാലത്തൊരുമ്മ തന്നതാ അല്ലേ? നിനക്കു വായിക്കാനാണിതെഴുതുന്നത്. പിറന്നാള്‍ സമ്മാനമായി ഈ കുമ്പസാരം സ്വീകരിച്ചാല്‍ നീ തന്നെ ഈ കുറിപ്പ് പബ്ലിഷ് ചെയ്യുക.
പിറന്നാള്‍ ആശംസകളോടെ.

അമ്മ.
----------------------------------------------------
കുറിപ്പ് :- ചിന്തം വര - ആശാന്‍ കളരിയില്‍ അക്ഷരപ0നം പൂര്‍ത്തിയാകുമ്പോള്‍ നടത്തുന്ന ആഘോഷം.

14 comments:

നിറകണ്‍ചിരി.. said...

കണ്ണന്‌ പിറന്നാള്‍ സ്‌നേഹം.

ഇതെഴുതുന്നയാളും ഒരു ഒറ്റ മകന്‍ ആയതിനാലാവാം, അമ്മ പറയുന്നതുപോലെതന്നെ തോന്നി. മനോഹരമായ അനുഭവം.

പഠനത്തിലും എഴുത്തിലും വരയിലും പാട്ടിലും ക്രിക്കറ്റിലുമൊക്കെ കണ്ണന്‍ കഴിയുന്നത്ര മിടുക്കനാവട്ടെ. (എല്ലാ വിഷയത്തിലും എ പ്ലസ്‌ വാങ്ങിയില്ലെങ്കില്‍ പ്രശ്‌നമാവും എന്നൊന്നും അവനെ പേടിപ്പിക്കണ്ട).

സ്‌നേഹാശംസകള്‍.

നിരക്ഷരന്‍ said...

ചേച്ചീ...
എല്ലാ അമ്മമാരും ഇത് വായിക്കാനിടയായെങ്കില്‍ !പണിക്കര്‍ സാര്‍ പറഞ്ഞ് തന്ന കാര്യങ്ങള്‍ എല്ലാ അമ്മമാരും അറിയുകയും അതുപോലെ ചെയ്യുകയും ചെയ്തിരുന്നെങ്കില്‍ !!

അവസാനത്തെ പാരഗ്രാഫ് ആയപ്പോഴേക്കും ശരിക്കും വായിക്കാന്‍ പറ്റിയില്ല. കണ്ണില്‍ നനവിന്റെ ഒരു ആവരണം വന്നതുകൊണ്ടായിരിക്കണം.

കണ്ണാ നീ ഭാഗ്യവാനാണ്. നിനക്കൊരായിരം ജന്മദിനാശംസകള്‍.

മാണിക്യം said...

കണ്ണാ ദീര്‍ഘായുസ്സ് ,ആരോഗ്യം,സല്‍ബുദ്ധി
എല്ലാറ്റിനും ഉപരി സ്നേഹിക്കാനും
സ്നേഹം സ്വീകരികാനും ഉള്ള കഴിവോടെ
നല്ലൊരു മനുഷ്യനായി നല്ല മകനായി വാഴുക !
ഈശ്വരന്‍ എല്ലാ അനുഗ്രഹവും ചൊരിയട്ടെ!

ഈ ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള മകനാണു
കണ്ണന്‍, ഇങ്ങനെ ഒരു പിറന്നാള്‍ സമ്മാനം !
വേറെ ഏതു മകന് കിട്ടിയിട്ടുണ്ടാവും ?

അടുത്ത വരവില്‍ ഒരാഗ്രഹം ഈ അമ്മയെ
ഒന്നു നെരില്‍ കാണണം എന്നു
അത്രയ്ക്ക് ഇഷ്ടായി ഈ കുമ്പസാരം ...
നന്മകള്‍ നേരുന്നു....

വായാടി മലയാളി said...

അതി മനോഹരമായ പിറന്നാഴ് സമ്മാനം. ഭാഗ്യവാനായ മകനും, ഭാഗ്യവതിയായ അമ്മയക്കും ആശംസകള്.

കുറ്റ്യാടിക്കാരന്‍ said...

ചേച്ചീ..

ഈ കുറിപ്പിനെ പറ്റി എങ്ങനെയാ അഭിപ്രായം പറയുക? ഒരു മകന് അമ്മ അയച്ച കുറിപ്പിനെ ഏത് മുഴക്കോല്‍ വച്ചാണ് ഞാന്‍ അളക്കേണ്ടത്? ആ സ്നേഹം മുഴുവന്‍ കത്തില്‍ കാണാം...

പ്രവാസം തുടങ്ങിയതിനു ശേഷം ആദ്യമായി ഉമ്മ എനിക്കയച്ച കത്ത് ഓര്‍മ്മവരുന്നു....

എല്ലാ അമ്മമാരുടെയും മനസും സ്നേഹവും എല്ലാം ഒരു പോലെയാണെന്ന് തോന്നുന്നു....

കുട്ടൂന്റെ കാഴ്ചകള്‍ said...

അസ്സലായി.. ഹൃദയത്തില്‍ തൊടുന്ന വരികള്‍..

പിറന്നാളാശംസകള്‍... അമ്മക്കും, മകനും...

ലതി said...

നിറകണ്‍ ചിരി, നിരക്ഷരന്‍,മാണിക്യം.
വായാടി മലയാളി,കുറ്റിയാടിക്കാരന്‍,
കുട്ടൂന്റെ കാഴ്ചകള്‍- എല്ലാവര്‍ക്കും നന്ദി.
മാണിക്യം, അടുത്ത വരവിന് കാണാന്‍ സന്തോഷ
മാണ്.

Typist | എഴുത്തുകാരി said...

കണ്ണനു് പിറന്നാള്‍ ആശംസകള്‍ (ഇത്തിരി വാഇകിയാണെങ്കിലും).

ഒരു സ്നേഹിതന്‍ said...

കുറച്ചു വൈകിയെന്കിലും ...
കണ്ണന് ഒരായിരം "പിറന്നാള്‍ ആശംസകള്‍"....

കണ്ണനെ കുറിച്ചും ജീവിതത്തെ കുറിച്ചും എഴുതിയത് വായിച്ചപ്പോള്‍ കണ്ണനോടും അമ്മയോടും എന്തോ ഒരു സ്നേഹവും സഹതാപവുമെല്ലാം തോന്നുന്നു.....

"കുട്ടാ, എത്ര നല്ല കുട്ടിയാ നീ! ദൈവം ഞങ്ങള്‍ക്കു തന്ന നിധി! എല്ലാ അമ്മമാര്‍ക്കും അങ്ങനെ തന്നെയാ അവരുടെ മക്കള്‍.അതുകൊണ്ടാ അവര്‍ മക്കള്‍ക്കു വേണ്ടി ഒത്തിരി സമയം നീക്കി വക്കുന്നത്. പക്ഷേ.. ഞാന്‍....സോറീ കുട്ടാ."

“എടീ പോകുമ്പോള്‍ ഒരുമ്മ, വരുമ്പോള്‍ ഒരുമ്മ മതിയല്ലോ മകന്‍ വളരാന്‍“ എന്നു അപ്പൂപ്പന്‍ അമ്മയെ കളിയാക്കുന്നത് എത്ര ശരിയാ അല്ലേ മോനേ?"

ചിന്തിപ്പിക്കുന്ന വരികള്‍...
ആശംസകള്‍....

ബഷീര്‍ വെള്ളറക്കാട്‌ said...

മക്കള്‍ അമ്മമാരുടെ മനസ്സറിയട്ടെ..

അമ്മമാര്‍ മക്കളുടെയും

മാത്യസ്നേഹം വഴിയുന്ന ഈ കുറിപ്പിനു എല്ലാ അനുമാദനങ്ങളും

സുല്‍ |Sul said...

കണ്ണന് ഒരായിരം "പിറന്നാള്‍ ആശംസകള്‍"....

നല്ല കുറിപ്പ്. (അങ്ങനെ പറയാന്‍ മാത്രമേ കഴിയൂ) അതു പബ്ലിഷ് ചെയ്ത് മറ്റുള്ളവരോട് “എങ്ങനെയുണ്ട് ?” എന്ന ആ ചോദ്യമുണ്ടല്ലോ, നിങ്ങള്‍ അമ്മയുടേയും മകന്റേയും സ്നേഹത്തിനിടയില്‍ ഒരു വലിയ മതില്‍ (ബ്ലോഗ്ഗേര്‍സ്/പൊതുജനം) പണിയുന്നു. മാതൃ സ്നേഹം പോലും പൊതുജന മദ്ധ്യേ പ്രദര്‍ശിപ്പിച്ച് ‘അമ്പട ഞാനേ’ എന്നു പറയുന്ന ആ വികാരത്തോട് ഞാന്‍ യോജിക്കുന്നില്ല. സീസര്‍ക്കുള്ളത് സീസര്‍ക്കെന്നപോലെ മകനുള്ളത് മകനുതന്നെ കൊടുക്കണം അല്ലാതെ ബ്ലോഗ്ഗേര്‍സിനല്ല. അതു കൊടുക്കാത്തിടത്തോളം ഈ കപടതയും കുമ്പസാരവും തന്നെ കൂട്ടിനുണ്ടാവും. ഈ പോസ്റ്റിട്ടത് താങ്കളുടെ മകനായിരുന്നെങ്കില്‍ (സ്നേഹപത്രമായി അല്ലാതെ കുറ്റപത്രമായല്ല)..... ഇത്രയും നല്ലൊരു പോസ്റ്റിനി വരാ‍ന്നില്ല എന്നു പറഞ്ഞേനെ.

ഇതെന്റെ മാത്രം ചിന്തയാണ്. ഞാന്‍ ഒരു അമ്മയല്ലാത്തതു കൊണ്ടായിരിക്കാം. ക്ഷമിക്കുക.

-സുല്‍

ബഷീര്‍ വെള്ളറക്കാട്‌ said...

പ്രകടിപ്പിക്കാത്ത സ്നേഹം പലപ്പോഴും തിരിച്ചറിയപ്പെടാതെ പൊകാറുണ്ട്‌.

സ്വകാര്യങ്ങള്‍ സ്വകര്യമായി സൂക്ഷിക്കുമ്പോഴാണു സ്വകാര്യമാവുന്നതെങ്കിലും .. പരസ്പരമുള്ള സ്നേഹം ... വാത്സല്യം എല്ലാം നശിച്ച്‌ കൊണ്ടിരിക്കുന്ന സമയത്ത്‌ മാത്യസ്നേഹവും പ്രദര്‍ശിപ്പിക്കപ്പെടേണ്ട അവസ്ഥയാണുള്ളതെന്ന് തോന്നുന്നു.. അങ്ങിനെയെങ്കിലും ( ആ വികാരം ഉള്‍കൊള്ളാന്‍ കഴിയാത്ത ഹ്യദയങ്ങള്‍ക്ക്‌ ) ഒരു ചെറിയ സ്പാര്‍ക്ക്‌ ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കില്‍..

ലതി said...

അഭിപ്രായങ്ങളറിയിച്ച എല്ലാവര്‍ക്കും നന്ദി.
സുല്‍,വിമര്‍ശനത്തിനും നന്ദി.ഈ സൃഷ്ടി എന്റെ മകന്‍ തന്നെയാണ് പബ്ലീഷ് ചെയ്തത്.കഴിഞ്ഞ പതിനാലുവര്‍ഷമായി നല്‍കിയതിലും നല്ല സമ്മാനമായി പറയുകയും ചെയ്തു.പിറന്നാള്‍ കഴിഞ്ഞിട്ടും ആശംസകള്‍ വന്നുകൊണ്ടിരിക്കുന്നതും കണ്ണന് ഒരു പുത്തന്‍ അനുഭവമാണ്.ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത സുല്‍ എന്ന മാ‍മന്റേയും പിറന്നാളാശംസകള്‍ അല്ലങ്കില്‍ കിട്ടുമായിരുന്നോ...
ഒരായിരം നന്ദി

സുല്‍ |Sul said...

ലതി,
താങ്കളുടെ മറുപടിക്കു നന്ദി.
മകന്‍ തന്നെയാണ് അത് പോസ്റ്റ് ചെയ്തതെന്നറിഞ്ഞപ്പോള്‍ വളരെയധികം സന്തോഷം തോന്നി. അമ്മയുടെ മനസ്സിനെ അമ്മയെക്കാള്‍ തിരിച്ചറിയുന്ന മക്കള്‍ക്കേ അങ്ങനെ ചെയ്യാന്‍ കഴിയൂ.
അമ്മക്കും മകനും നന്മകള്‍ നേര്‍ന്നു കൊണ്ട്.
-സുല്‍