Sunday, September 6, 2009

‘മേഴ്സി’ കിട്ടാതെ ചേച്ചി യാത്രയായി.

Mercy Ravi by insidekerala.

എറണാകുളത്തൊരു വിവാഹ ചടങ്ങിലാണ് മേഴ്സിച്ചേച്ചിയെ അവസാനമായി കണ്ടത്. വയലാർജിയുടെ കൈ പിടിച്ച് എല്ലാവരോടും കുശലം പറയുന്ന അവർ വർണ്ണച്ചില്ലുള്ള കണ്ണട ധരിച്ചിരുന്നു. ഒട്ടും സ്പഷ്ടമാകാതിരുന്ന ആ മിഴികളുടെ കാഴ്ച അസ്തമിച്ചുകൊണ്ടിരിയ്ക്കുന്നു എന്ന സത്യം അറിയാമായിരുന്ന എനിയ്ക്ക് വല്ലാത്ത വ്യസനം തോന്നി. വർഷങ്ങൾക്കു മുൻപേ ആദ്യമായി കാണുമ്പോൾ എന്നെ ഏറ്റം ആകർഷിച്ചിരുന്നത്, സദാ കണ്മഷി പുരണ്ടിരുന്ന ആ വിടർന്ന കണ്ണുകളായിരുന്നു.
ആരെയും ആകർഷിക്കുന്ന വ്യക്തിത്വം, ഈശ്വരൻ അറിഞ്ഞു നൽകിയ മുഖശ്രീ, പഠിക്കാനും പഠിച്ചത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനുമുള്ള കഴിവ്, എഴുത്തിനോടും വായനയോടുമുള്ള അദമ്യമായ താല്പര്യം, ഇടപെടുന്ന വിഷയങ്ങളോടുള്ള ആത്മാർത്ഥത,സ്വത സിദ്ധമായ ഇച്ഛാശക്തി, ലളിതമായ വസ്ത്രധാരണരീതി, മുഖം നോക്കാതെ തനിയ്ക്കു തോന്നുന്നത് തുറന്നു പറയാനുള്ള ചങ്കൂറ്റം എന്നിങ്ങനെ പല പ്രത്യേകതകളും മേഴ്സി കുരുവിള കട്ടിക്കാരനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കിയിരുന്നു. നാലു പതിറ്റാണ്ടുകൾക്കു മുന്നേ, എറണാകുളത്ത് വിദ്യാർത്ഥിനിയായിരിയ്ക്കെ, അന്നത്തെ വിദ്യാർത്ഥിനേതാവായ വയലാർ രവിയെ പ്രണയിച്ച് അദ്ദേഹത്തിന്റെ ജീവിതപങ്കാളിയായി ഒപ്പം ചേർന്നതും , എതിർപ്പുകളെ അവഗണിച്ച്, മരണം വരെയും അദ്ദേഹത്തിനു ആവേശവും ആശ്വാസവും ആത്മമിത്രവുമായി നിലകൊണ്ടതും പ്രണയിച്ച് വിവാഹം കഴിക്കുന്ന ഓരോദമ്പതികൾക്കും പാഠമാകാൻ പര്യാപ്തമാണ്.
പാടത്തും പണിശാലകളിലും മറ്റു തൊഴിലിടങ്ങളിലും പണിയെടുക്കുന്ന സ്ത്രീകൾക്കു മാത്രമല്ല, പുലർച്ച മുതൽ പാതിരാവു വരെ സ്വന്തം വീടുകളിൽ, വച്ചും വിളമ്പിയും വീടു വൃത്തിയാക്കിയും കഴിയുന്ന വീട്ടമ്മമാർക്കും വേതനം നിശ്ചയിക്കണമെന്ന പക്ഷക്കാരിയായിരുന്നു മേഴ്സിച്ചേച്ചി. സ്ത്രീ തൊഴിലാളികളെ സംഘടിപ്പിക്കാൻ എന്നും മുൻ നിരയിൽ നിന്നിരുന്ന അവർ ഐ. എൻ.ടി.യു.സി. വനിതാ വിഭാഗത്തിന്റെ അഖിലേന്ത്യാ അദ്ധ്യക്ഷയായി പ്രവർത്തിച്ചിട്ടുണ്ട്. മഹിളാകോൺഗ്രസ്സിന്റെയും കോൺഗ്രസ്സിന്റെയും നേതാവെന്ന നിലയിലുപരി,അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയങ്ങൾ പഠിച്ച് അവതരിപ്പിച്ചിരുന്ന ഒരു സാമൂഹ്യപ്രവർത്തക കൂടിയായിരുന്നു അവർ. നാട്ടിലും മറുനാടുകളിലും വിദേശ രാജ്യങ്ങളിലും ഇത്രയേറെ യാത്ര ചെയ്തിട്ടുള്ള ഒരു വനിതാ നേതാവ് കേരളത്തിലുണ്ടാവില്ല. കിട്ടുന്ന സന്ദർഭങ്ങളിലൊക്കെ സ്ത്രീകൾക്കു വേണ്ടി വാദിക്കാൻ അവർ തയ്യാറായി.
രണ്ടു പതിറ്റാണ്ടായി അലട്ടിയിരുന്ന രോഗങ്ങൾ മേഴ്സിച്ചേച്ചിയ്ക്ക് അസാധാരണത്വത്തിന്റെ മറ്റൊരു പരിവേഷം നൽകി. വൃക്ക സംബന്ധമായ രോഗങ്ങൾ. അതിനോടനുബന്ധിച്ച് നടന്നചെറുതും വലുതുമായ നിരവധി(പതിനെട്ടോളം) ശസ്തക്രിയകൾ. ദീർഘനാളത്തെ ആശുപത്രി വാസങ്ങളും ഡയാലിസിസുകളും തുടർന്നുള്ള ഏകാന്തവാസവും മറ്റും.
രോഗം മറന്നാണവർ കോട്ടയത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഒരു ജനപ്രതിനിധി എന്ന നിലയിൽ ശോഭിക്കുകയും ചെയ്തു. പാവപ്പെട്ട രോഗികൾക്കു സഹായമെത്തിക്കാൻ മുൻ നിരയിലായിരുന്നു എന്നും മേഴ്സിച്ചേച്ചി. കേരള രാഷ്ട്രീയത്തിലെയും കോൺഗ്രസ് പാർട്ടിയിലെയും തലമുതിർന്ന ഒട്ടുമിക്ക നേതാക്കൾക്കും ഒരുപാടു വച്ചു വിളമ്പിയ സഹോദരിയെയാണ് ഈ വിയോഗത്തിലൂടെ നഷ്ടമായത്. കോൺഗ്രസ് നേതാവായ ദേവകീ കൃഷ്ണന്റെ മരുമകളായ മേഴ്സിച്ചേച്ചി ആ അമ്മയെക്കുറിച്ച് എന്നും അഭിമാനത്തോടെയാണ് പറഞ്ഞിരുന്നത്.
വയലാർ രവിയെന്ന രാഷ്ട്രീയ നേതാവിന്റെ ഭാര്യയും ഒരു മുഴുവൻ സമയ പൊതുപ്രവർത്തകയും നല്ല നിയമസഭാ സാമാജിക(2001മുതൽ2006വരെ)യുമായി ശോഭിക്കുമ്പോഴും രോഗമുണ്ടാക്കിയ വേദനകളെ മറന്ന് മേഴ്സിച്ചേച്ചി വായിക്കുകയു എഴുതുകയും ചെയ്തു. ഇഷ്ടപ്പെടാത്ത കാര്യങ്ങൾ തുറന്നു പറയുന്നതിന് ഒരിയ്ക്കലും അവർ മടി കാട്ടിയിരുന്നില്ല. കർമ്മ നിരതയായിരിയ്ക്കുമ്പോഴും തന്റെ അസുഖ കാര്യങ്ങളെക്കുറിച്ച് പരാതിയോ പരിഭവമോ അവർക്കില്ലായിരുന്നു.

കോട്ടയത്തെ ആദ്യത്തെ വനിതാ എം.എൽ.എ എന്ന് ചരിത്രത്തിൽ ഇടംതേടിയ മേഴ്സിച്ചേച്ചി രോഗത്തെ അവഗണിച്ച് കോട്ടയത്തിന്റെ വികസന നായികയായി മാറിയത് വളരെ പെട്ടെന്നാണ്. റോഡും പാലവും കുടിവെള്ളവും മാത്രം പോരാ, കോട്ടയത്തെ ഒരു സുന്ദരിയാക്കണം എന്നും അവർ ആഗ്രഹിച്ചു. കിട്ടാവുന്നിടത്തുനിന്നെല്ലാം ചോദിച്ചും വാദിച്ചും അവർ വികസന ത്തിനായി ഫണ്ട് സ്വരൂപിച്ചു. ഭർത്താവ് വയലാർജിയുടെ എം.പി ഫണ്ടും കോട്ടയത്തേയ്ക്കാണ് അധികവും എത്തിയത്.
ഇക്കോ-ടൂറിസ്സം ഉൾപ്പെടെ കോട്ടയത്തെക്കുറിച്ച് ഒത്തിരി സ്വപ്നങ്ങൾ നെയ്തു കൂട്ടിയ അവർ അടുത്ത തെരഞ്ഞെടുപ്പായപ്പോഴേയ്ക്കും അനാരോഗ്യം കാരണം മത്സരത്തിൽ നിന്നും നിന്നും വിട്ടുനിന്നു.
കോട്ടയംകാരുമായുള്ള ടെലിഫോൺ ബന്ധം മേഴ്സിരവിയ്ക്കെന്നും ഇഷ്ടമായിരുന്നു. കേവലമൊരു വീട്ടമ്മയുടെ കൊച്ചുവർത്തമാനമോ സ്നേഹസംവാദമോ മാത്രമല്ല വലിയ വലിയ കാര്യങ്ങളും ഈ സന്ദർഭങ്ങളിൽ ഫോണിലൂടെ ഒഴുകിയെത്തിയിരുന്നു. വേണ്ടപ്പെട്ടവരോടും പത്രക്കാരോടും മറ്റും കോട്ടയത്തിന്റെ വികസനത്തെക്കുറിച്ചും അവർ ഫോണിൽ ദീർഘനേരം പറഞ്ഞുകൊണ്ടേയിരുന്നു.

അറുപത്തിമൂന്നുകൊല്ലത്തെ ജീവിതത്തിൽ വളരെ ചുരുങ്ങിയ സമയം എഴുതാൻ കിട്ടിയിട്ടും അവരൊരു നല്ല എഴുത്തുകാരിയായി. പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും പത്രാധിപന്മാർ അവരോടു ലേഖനങ്ങൾ ചോദിച്ചു വാങ്ങി. അവരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ പ്രസാധകർ താല്പര്യം കാണിച്ചു. പക്ഷേ എഴുതി ഏറെ മുന്നോട്ടു പോയ ആത്മകഥ പൂർത്തിയാക്കാൻ രോഗം ചേച്ചിയോടു ‘മേഴ്സി’കാണിച്ചില്ല.

11 comments:

Lathika subhash said...

ഇന്നലെ രാവിലെ അഞ്ചരയ്ക്ക് ഒരുസ്നേഹിതയുടെ വിളിയെത്തിയത് മേഴ്സിച്ചേച്ചിയുടെ മരണവാർത്തയുമായാണ്.കെരളത്തിലെ എല്ലാ വഴികളും കൊച്ചിയിലേയ്ക്കും വയലാറിലേയ്ക്കുമായ ഒരു ദിവസം ഇടയ്ക്കൊക്കെ കണ്ണീർവാർത്ത പ്രകൃതി. വയലാറിലെ തറവാട്ടു വീട്ടിലെ കല്ലറയിൽ ഭർതൃമാതാവ് കേരള സ്ത്രീകൾക്കഭിമാനമായ ദേവകി കൃഷ്ണനും അകാലത്തിൽ പൊലിഞ്ഞ പേരക്കിടാവിനുമൊപ്പം മേഴ്സിരവി നിത്യനിദ്രക്കിടം കണ്ടെത്തുമ്പോൾ പ്രകൃതിയ്ക്കൊപ്പം,വയലാർജിയ്ക്കൊപ്പം ഒരായിരം മനസ്സുകളും തേങ്ങുകയായിരുന്നു. പൊതുപ്രവർത്തകരായ വനിതകൾക്ക് ഒട്ടേറെ സന്ദേശങ്ങൾ നൽകി കടന്നുപോയ പ്രിയപ്പെട്ട മേഴ്സിച്ചേച്ചിയ്ക്ക് ആദരാഞ്ജലികൾ.

കാപ്പിലാന്‍ said...

ആദരാഞ്ജലി

:(

pandavas... said...

ആദരാഞജലികള്‍...

മരിക്കുന്നതിനു ഒരു കാതം മുന്‍പെയെങ്കിലും ഇതു എഴുതാമായിരുന്നു..
ആദരാഞജലികളായല്ല, അഭിനന്ദനങളായ്...
മരിച്ചു കഴിഞുള്ള ഓര്‍മ്മകളെക്കാള്‍ നല്ലത് ജീവിചിരിക്കുമ്പോള്‍ കൊടുക്കുന്ന കയ്യടികളാണ്

Anil cheleri kumaran said...

ആദരാഞജലികള്‍..

Vellayani Vijayan/വെള്ളായണിവിജയന്‍ said...

“മേഴ്സി രവിക്ക് എന്റെ ബാഷ്പാഞ്ജലി”.

നാട്ടുകാരന്‍ said...

ചേച്ചിയുടെ ഒരു പോസ്റ്റ്‌ ഇങ്ങനെ ഞാന്‍ പ്രതീക്ഷിച്ചിരുന്നു .....

ചാണക്യന്‍ said...

ആദരാഞ്ജലികൾ....

Manikandan said...

ആദരാഞ്ജലികൾ

അരുണ്‍ കരിമുട്ടം said...

ആദരാഞജലികള്‍!!!

Anonymous said...

kalakki

റോസാപ്പൂക്കള്‍ said...

ആദരാഞ്ജലികള്‍...
ഈ പോസ്റ്റിനു ലതികക്ക് നന്ദി..