സഹോദരന് അയ്യപ്പനു ജന്മം നല്കിയ നാട് എന്ന നിലയിലാണു ചെറായിയെക്കുറിച്ചു ഞാന്‍ കുട്ടിക്കാലത്തേ കേട്ടത്. പിന്നെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരോണക്കാലത്ത്, വൈപ്പിന്‍ മദ്യദുരന്തം ഉണ്ടായപ്പോള്‍ വൈപ്പിന്‍ ദ്വീപിന്റെ ഭാഗമായ ചെറായിയും ചിത്രത്തില്‍ വന്നതോര്‍ക്കുന്നു. എന്തിനും ഏതിനും പ്രതികരിയ്ക്കുന്ന വൈപ്പിൻകരക്കാരെക്കുറിച്ചും കുടിവെള്ളത്തിനായി മുറവിളി കൂട്ടുന്ന ഈ നാടിനെക്കുറിച്ചും എവിടെയോ വായിച്ച ഓർമ്മയുമുണ്ടായിരുന്നു.
പില്ക്കാലത്ത് ചെറായിയുടെ മരുമകളായി അവിടെയെത്തിയപ്പോഴാണ് ഈ മനോഹരതീരം കാണാനും ഇവിടെ (മാസത്തില്‍ ചുരുങ്ങിയത് നാലഞ്ച് ദിവസമെങ്കിലും)താമസിക്കാനും ഭാഗ്യമുണ്ടായത്। ആദ്യമാദ്യം ഞാന്‍ അങ്ങോട്ട് പോയിരുന്നത് ഒത്തിരി സമയമെടുത്തു തന്നെയാണ്।
തിങ്കൾ മുതൽ വെള്ളി വരെ കോട്ടയത്ത് താമസിച്ച്, ശനിയാഴ്ച ഉച്ച തിരിഞ്ഞ്
ട്രെയിനില്‍ എറണാകുളത്തെത്തിയാല്‍ ബോട്ട് ജെട്ടിയിലെത്തി വൈപ്പിനിലേക്ക്। പാര്‍ക്കിനടുത്തും ഹൈക്കോര്‍ട്ടിനടുത്തും ബോട്ട് ജെട്ടികളുണ്ട്। കൊച്ചി നഗരവും ഷിപ്പ്യാര്ഡും ബോള്‍ഗാട്ടി പാലസും, മുളവുകാടു-വല്ലാര്‍പാടം തുടങ്ങിയ ചെറു ദ്വീപുകളും,കായല്‍ പരപ്പിലെ ഓളങ്ങളില്‍ ചാഞ്ചാടുന്ന ചെറുതും വലുതുമായ ബോട്ടുകളും എണ്ണക്കപ്പലുകളും അപൂര്‍വമായെത്തുന്ന യാത്രാക്കപ്പലുകളുമൊക്കെ കണ്ടുകൊണ്ടൊരു ബോട്ട് യാത്ര। ബോട്ട് ജെട്ടിയില്‍ ടിക്കറ്റ് എടുക്കാന്‍ നീണ്ട നിരയാണെപ്പോഴും। വൈകുന്നേരം എറണാകുളത്ത് നിന്ന് വൈപ്പിനിലേക്ക് എത്ര തിരക്കായിരുന്നെന്നോ। പത്ത് മിനിറ്റ് ഇടവിട്ട് വരുന്ന ബോട്ടില്‍ ഈ ജനമെല്ലാം എങ്ങനെയാ കയറുന്നത് എന്നാലോചിച്ചു നില്ക്കുമ്പോഴേക്കും മലവെള്ളപ്പാച്ചിലു പോലെ ആളുകളെല്ലാം ബോട്ടില്‍ കയറിക്കൂടിയിട്ടുണ്ടാവും। ‘സൂചി കുത്താനിടമില്ല’ എന്നൊക്കെ പറയുന്നമാതിരി തിക്കിത്തിരക്കി പോകുമ്പോഴും, വൈപ്പിനിലെ മനുഷ്യരുടെ മാന്യതയെ ഞാന്‍ നമിച്ചിട്ടുണ്ട്।
മകന് മൂന്ന് മാസം പ്രായമായപ്പോള്‍ മുതല്‍ ഞാന്‍ അവനെയും കൊണ്ട് യാത്ര ചെയ്യുമായിരുന്നു। കുട്ടി, ബാഗ്- എങ്ങനെ കയറും എന്നലോചിക്കുമ്പോള്‍ ആരെങ്കിലും ബാഗ് വാങ്ങും। കുഞ്ഞുമായി ഇരിക്കാന്‍ ആരെങ്കിലും സീറ്റ് തരും। ഇരുവശങ്ങളിലേയും കാഴ്ചകള്‍ കണ്ടൊരു ജലയാത്ര।സന്ധ്യയായാല്‍ എവിടെയും വൈദ്യുത ദീപങ്ങള്‍। പിന്നോട്ടു നോക്കിയാല്‍, പ്രകാശത്തില്‍ കുളിച്ച കൊച്ചീ നഗരം। അറബിക്കടലിന്റെ റാണി തന്നെ। സുഭാഷ് പാര്‍ക്കും മറൈന്‍ ഡ്രൈവും അംബരചുംബികളായ കെട്ടിടങ്ങളും അകന്നകന്നു പോവുന്നു।
എളങ്കുന്നപ്പുഴയിലെ ലൈറ്റ്ഹൌസ്.
വലതു വശത്ത് കണ്ടല്‍ വനങ്ങളുടെ നിഴലാട്ടം. ഇടത്തോട്ടു നോക്കിയാല്‍ ഷിപ്പ് യാര്‍ഡും, തലയെടുപ്പുള്ള ഹോട്ടലുകളും. സര്‍ക്കാര്‍ വക ബോട്ടില്‍ സഞ്ചരിച്ചാല്‍ ഐലന്‍ഡില്‍ പോവാം. അവിടെ ആളിറക്കിയ ശേഷം വീണ്ടും മുന്നോട്ട്. എളങ്കുന്നപ്പുഴയിലുള്ള ലൈറ്റ് ഹൌസ് അപ്പോഴേക്കും കണ്ണുതുറന്നു ചുറ്റും നോക്കാന്‍ തുടങ്ങിയിട്ടുണ്ടാവും. താഴെ കായലിലെ തിരയിളക്കം, മുകളില്‍ പ്രകാശത്തിന്റെ പ്രദക്ഷിണനൃത്തം... വൈകി അസ്തമിക്കുന്ന ദിവസങ്ങളില്‍ ആകാശത്തിലെ മായക്കാഴ്ചകള്‍ വേറെയും.
ഗോശ്രീ പാലം ഒരു ഭാഗം.
കാറിലോ സ്വകാര്യ വാഹനങ്ങളിലോ വരുന്നവര്‍ക്ക് ജങ്കാര്‍ സര്‍വീസ് പ്രയോജനപ്പെടുത്താമായിരുന്നു. ഇന്നിപ്പോള്‍ ആ (അ)സൌകര്യങ്ങള്‍ ഫോര്‍ട്ട് കൊച്ചിയിലേക്കു മാത്രം. ഗോശ്രീ പാലങ്ങള്‍ സമയത്ത് പണി തീര്‍ത്ത്, തുറന്നു കിട്ടിയിട്ട് വര്‍ഷം മൂന്നാലായി...മൂന്നു പാലങ്ങളുടെ കൂട്ടായ്മ.. അരമണിക്കൂര്‍ ബോട്ടുയാത്രക്കു പകരം പത്തുമിനിട്ട്, റോഡ് യാത്ര.
കാറും ബസ്സുമൊക്കെ അന്യമായിരുന്ന മുളവുകാട്, പനമ്പുകാട് ദ്വീപുകള്‍ക്ക് ശാപമോക്ഷം। ബോള്‍ഗാട്ടി പാലസ്സിലേക്ക് കരമാര്‍ഗ്ഗവും ചെന്നെത്താം। പ്രശസ്തമായ വല്ലര്‍പാടം പള്ളി ദേശീയ തീർത്ഥാടന കേന്ദ്രമായി ഉയർത്തപ്പെട്ടിരിക്കുന്നു।
വല്ലാര്‍പാടം പദ്ധതി, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ നിരവധി പദ്ധതികളുടെ വരവോടെ വികസനം നോക്കി നില്ക്കുമ്പോള് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു ।വല്ലാർപാടം പദ്ധതി ഏവരുടേയും പ്രതീക്ഷയാണു ।പാലങ്ങളിലൂടെ കടന്നു പോകുമ്പോൾ ആദ്യമാദ്യം എന്തെല്ലാം കാഴ്ചകളായിരുന്നെന്നോ!പണ്ട് ബോട്ടിലോ ജങ്കാറിലോ പോയിരുന്നപ്പോൾ ലഭിച്ച കാഴ്ചസുഖം പൂർണ്ണമായി ലഭിച്ചിരുന്നില്ലെങ്കിലും, കായൽ ദൃശ്യങ്ങളുടെ വശ്യത പറഞ്ഞാൽ അവസാനിക്കാത്തതായിരുന്നു। ഇപ്പോൾ വികസനം അനുദിനം വളരുകയാണിവിടെ । ദ്വീപിന്റെ സ്വസ്ഥത നഷ്ടപ്പെട്ടു എന്നു പറയുന്നതാവും ശരി। രാത്രിയില്‍ അവസാനത്തെ ബോട്ടും ജങ്കാറും വൈപ്പിനിലെത്തിക്കഴിഞ്ഞാല്‍ ദ്വീപ് ഉറക്കമാവുമായിരുന്നു।
ഇന്നിപ്പോള്‍ വടക്കോട്ടുള്ള വാഹനങ്ങളധികവും രാപകല്‍ ഭേദമില്ലാതെ ദ്വീപിലൂടെയാണു യാത്ര.
വൈപ്പിന്‍ ദ്വീപ് വൈപ്പിനില്‍ നിന്നും മുനമ്പത്തേക്കും വടക്കന്‍ പറവൂരിന്റെ അതിര്‍ത്തിയായ ചെറായി പാലത്തിലേക്കും എത്തി നില്ക്കുന്നു। പറവൂര്‍-വൈപ്പിന്‍ 23 കി।മീയും വൈപ്പിന്‍-മുനമ്പം27കി।മീയും ദൂരം വരും।പാലങ്ങളുടെ വരവോടെ റോഡുകളും നിലവാരമുള്ളതാക്കി। മുട്ടിനു മുട്ടിനു കാണുന്ന ചെറു പാലങ്ങള്‍ക്കിനിയും പുരോഗതിയായില്ല। വൈപ്പിന്‍, മുരിക്കുമ്പാടം, ഓച്ചന്തുരുത്ത്, എളങ്കുന്നപ്പുഴ, ഞാറക്കല്‍, നായരമ്പലം, എടവനക്കാട്(നടൻ സിദ്ധിക്കിന്റെജന്മദേശം), തുടങ്ങിയ പ്രധാന
സ്ഥലങ്ങള്‍ പിന്നിട്ടാല്‍ പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് അതിര്‍ത്തിയെത്തും।
പ്രശസ്ത ബാലസാഹിത്യകാരന്‍ സിപ്പിപള്ളിപ്പുറം,യശശരീരനായ ശങ്കരാടി തുടങ്ങിയ നിരവധിപ്രഗല്‍ഭമതികള്‍ക്കും ജന്മം നല്കിയ ഗ്രാമം।യാത്രയിലുടനീളം പുട്ടിനിടയില് തേങ്ങയെന്നവണ്ണം ഹൈന്ദവ-ക്രൈസ്തവ-മുസ്ലീം ദേവാലയങ്ങള്‍।
ചെറായിയിലെത്തുന്നതിനു മുന്നോടിയായി, ശ്രീ നാരായണ ഗുരു, പ്രതിഷ്ഠ നടത്തിയ ഗൌരീശ്വരക്ഷേത്രം കാണാം। ഗൌഡസാരസ്വതബ്രാഹ്മണരുടെ വരാഹക്ഷേത്രം ചെറായി ജംങ്ഷനില്‍ത്തന്നെയാണ്। വലത്തോട്ടു പോയാല്‍ പറവൂരെത്താം. ചെറായി പാലത്തില്‍ ഒരു ചെറിയ പാര്‍ക്കു പോലെ ‘ഗേറ്റ് വേ ടു ചെറായി‘. ഇരുവശങ്ങളിലും ജലാശയങ്ങള്‍. ചീനവലകൾ
എവിടേയും കാണാം। ചെറായി ജംഗ്ഷൻ പറവൂർ, മുനമ്പം, വൈപ്പിൻ റോഡുകളുടെ സംഗമമാണു। പറവൂരു നിന്നും വരുന്നവർക്ക് ഇവിടെവന്നു വേണംബീച്ചിലേയ്ക്കുപോവാൻ।മുനമ്പത്തുനിന്നുംബീച്ചിനു സമാന്തരമായ റോഡുണ്ട്।അടുത്തകാലത്ത് പണിതീർന്ന മാല്യ ങ്കരപ്പാലം കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും
വരുന്നവർക്ക് എളുപ്പം ചെറായിയിലെത്താൻ സഹായകമാണു.
പള്ളിപ്പുറം കോട്ട.
1503-ല്‍ പോര്‍ച്ചുഗീസുകാര്‍ പണിതതാണത്രേ ഈ കോട്ട. പള്ളിപ്പുറത്തുള്ള ഈ കോട്ട ഇന്‍ഡ്യയില്‍ വിദേശികള്‍
നിര്‍മ്മിച്ച ആദ്യത്തെ കോട്ടകളില്‍ ഒന്നാണെന്നും പറയപ്പെടുന്നു.ഇതിനടുത്താണ് പള്ളിപ്പുറം സര്‍ക്കാറാശുപത്രിയും പൊലീസ് സ്റ്റേഷനും മറ്റും.
ചെറായിയില്‍ നിന്നും അല്പം മുന്നോട്ട് പോയി, ഇടത്തോട്ട് ഒന്നര കി।മീ പോയാല്‍ ബീച്ചിലെത്താം। കായലിന്റെ നടുവിലൂടൊരു യാത്ര। തരക്കേടില്ലാത്ത പാത. പഴക്കം ചെന്ന ഒരു തടിപ്പാലമാണു വാഹനങ്ങള്‍ക്കിന്നും ആശ്രയം.(ഇപ്പോൾ ഈപാലംപണിയിൽ)ചെറുതും വലുതുമായ റിസോര്‍ട്ടുകളും ബോട്ട് ഹൌസുകളും സഞ്ചാരികള്‍ക്കു വേണ്ടി തയ്യാറാക്കിയിട്ടുണ്ട്. ചൂണ്ടക്കാരും വലക്കാരും ചീനവലകളും ചെമ്മീന്‍ കെട്ടുകളും പുഴയുടെ മുഖമുദ്രയാണിന്നും. എളങ്കുന്നപ്പുഴ മുതല്‍ മുനമ്പം വരെ നീണ്ടുകിടക്കുന്ന തീരദേശ പാതയിലേക്കാണു നമ്മള് എത്തുന്നത്.
അതാ അറബിക്കടല്‍. സമാന്തരമായ പാതയിലൂടെ എങ്ങോട്ട് സഞ്ചരിച്ചാലും കടല്‍ കണ് നിറയെ കാണാം.മുനമ്പത്തെത്തും മുന്‍പ് പുലിമുട്ടുണ്ട്. അവിടെ നിന്നു നോക്കിയാല്‍ കരകാണാക്കടലിനൊപ്പം വലതുവശത്ത് തൃശൂര്‍ ജില്ലയിലെ
അഴീക്കോട് കാണാം.
ചെറായി ബീച്ചിലേക്ക് വിനോദ സഞ്ചാരികള്‍ കൂടുതല്‍ വരാന്‍ തുടങ്ങിയതോടെ സൌന്ദര്യവല്‍ക്കരണവും നടന്നിരുന്നു. ‘സുനാമി’ വന്ന് ബീച്ചിന്റെ മുഖശ്രീ കവര്‍ന്നെങ്കിലും ക്ഷീണം മാറിത്തുടങ്ങിയിട്ടുണ്ട്. ആറേഴു വര്‍ഷം മുന്‍പ് നാട്ടുകാരുടെ കൂട്ടായ്മയില്‍ സംഘടിപ്പിക്കപ്പെട്ട ‘ചെറായി ബീച്ച് ടൂറിസം മേള’ ഇന്നൊരു നാടിന്റെ ഉത്സവമായി മാറിയിരിക്കുന്നു। കടലോര ഗ്രാമങ്ങളില്‍ പലതിലും ‘ചെറായി മോഡല്‍‘ ടൂറിസം മേളകള്‍ കാണാം. സ്വദേശികളുംവിദേശികളുമടക്കം ആയിരങ്ങള്‍ പങ്കെടുക്കുന്ന മേള എല്ലാ വര്‍ഷവും ഡിസംബര്‍ അവസാനം പത്തു ദിവസം നീണ്ടു നില്ക്കുന്നു.
കടലുകാണാനും കായല്‍പ്പരപ്പില്‍ കളിവള്ളം തുഴയാനും ഞണ്ടും ചെമ്മീനും മീനും മറ്റും നല്ലവണ്ണം കഴിക്കാനും കടലമ്മയുടെ അരികിലിരുന്ന്, നോക്കെത്താ ദൂരത്തേക്ക് നോക്കിയിരിക്കാനും, എന്താ ചെറായിയിലേക്കു വരുന്നോ?
നിലവിലുള്ള പാലം പുതുക്കിപ്പണിയുന്നതിനാൽ ഇപ്പോൾ ബീച്ചി ലേയ്ക്കുള്ള യാത്ര ഈ വഴിയാണു.
കായലും കരയും.
15 comments:
കഴിഞ്ഞ വർഷം ‘യാത്ര’യിലിട്ട പോസ്റ്റ് ചെറായി ബ്ലോഗ് മീറ്റിനു വരുന്നവർക്കായി കുറച്ച് പടങ്ങൾ ചേർത്ത് സൃഷ്ടിയിലിടുന്നു!!!!!!!!
ippo thanne avide ethan oru thonnal manassil
posttum padangalum assalaayi
ആഹാ, ഞങ്ങളെ വെറുതെ കൊതിപ്പിക്കുകയാണല്ലേ
വരുന്നുണ്ട് ഇതെല്ലാം ഒത്താല്‍ കാണണം.
വഴി ഒക്കെ ഒന്ന് പറഞ്ഞ് തരുമോ?
കടല്‍ തീരത്തെത്തുന്നതിന് അടുത്തുള്ള കായലിനെ കുറിച്ച് കൂടി വിശദമാക്കാമായിരുന്നു.
വരണമെന്നുണ്ട്, എല്ലാം കാണണമെന്നും.
ചെറായി എന്നെ പണ്ടു മുതലേ കൊതിപ്പിച്ചിരുന്നതാണ്.
ഏതായാലും അടുത്ത ആഴ്ച ഉറപ്പായും വരും.. വന്നിരിക്കും..
ചേച്ചി വളരെ വിശദമായ ഒരു പോസ്റ്റാണല്ലൊ. കണ്ണന്റെ ചിത്രങ്ങളും നന്നായിട്ടുണ്ട്. പണ്ട് ബോട്ട് യാത്ര ശരിക്കും ഒരു ബുദ്ധിമുട്ട് തന്നെയായിരുന്നു. സമയനഷ്ടം മാത്രമല്ല അപകടവും ബോട്ട് യാത്ര മടുക്കാൻ കാരണമായിട്ടുണ്ട്. എന്നാൽ ഇന്നു വല്ലപ്പോഴും കൊച്ചികായലിലൂടെയുള്ള ബോട്ട് യാത്ര ഒരു സന്തോഷകരമായ അനുഭവമായിരിക്കുന്നു. വൈപ്പിൻകരയെ കേരളം മുഴുവൻ അറിഞ്ഞത് മദ്യദുരന്തത്തിലൂടെയാണേന്നത് വേദനിപിക്കുന്നു. ഇപ്പോഴും വീട് വൈപ്പിനിലാണെന്ന് പറയുമ്പോൾ പലരും ചോദിക്കുന്നത് ആ മദ്യദുരന്തത്തെക്കുറിച്ചുതന്നെ. ജനകീയ സമരങ്ങൾക്ക് വൈപ്പിൻകരക്കാർ എന്നും മാതൃകയായിട്ടുണ്ട് അതിലൊന്നാണ് നമ്മുടെ കുടിവെള്ളസംമരം ചെറായി ബീച്ചിലേയ്ക്കുള്ള യാത്രയിൽ ഏറ്റവും ദുർഘടം ആ മരപ്പാലം തന്നെ. അതും പൊളിച്ചു പണിയുന്നു എന്നത് നല്ല വാർത്തയാണ്. സുനാമിയും എല്ലാവർഷവും ഉണ്ടാവുന്ന കടൽക്ഷോഭങ്ങളും ചെറായി ബീച്ചിന്റെ മനോഹാരിതയ്ക്ക് മങ്ങലേല്‍പ്പിച്ചു എങ്കിലും കായലും കടലും ഒത്തുചേരുന്ന അതിന്റെ സൗന്ദര്യം കൂടുതൽ ആളുകളെ ആകർഷിക്കും എന്നത് തീർച്ച.
പരിചയപ്പെടുത്തലിൻ നന്ദി. ഫോട്ടോകൾ മനോഹരം.
നല്ല പോസ്റ്റ് ചേച്ചീ...വിശദമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു..ആശംസകള്‍...
ഓടോ:ചെറായിയില്‍ വരുന്നുണ്ട് ഈ പറഞ്ഞിരിക്കുന്നതൊക്കെ സത്യമാണോ അതോ ബഡായി ആണോ എന്ന് അറിയണമല്ലോ:):):):)
നല്ല വിവരണം.മീറ്റിനു വരാന്‍ പറ്റാത്തതിലുള്ള നഷ്ടബോധം ഇതു വായിച്ചപ്പോള്‍ തുടങ്ങി.
ചാണക്യന് പറഞ്ഞതുപോലെ ഇതൊക്കെ ബഡായിയാണോ എന്നറിയണമല്ലോ. രണ്ടു ദിവസം അവിടെ താമസിച്ചിട്ടുതന്നെ കാര്യം .. :-)
:-) നന്നായിരിക്കുന്നു..
ചെറായിയെ പറ്റി മനോഹരമായ ഒരു വിവരണം തന്നതിനു നന്ദി.മീറ്റിനു വരാൻ സാധിക്കും എന്നു പ്രതീക്ഷിക്കുന്നു.അപ്പോൾ ഇതൊക്കെ കാണാൻ കഴിയുമായിരിക്കും ല്ലേ
what a beautiful place....!
what a beautiful description....!!
വളരെ മനോഹരങ്ങളായ ചിത്രങ്ങളും ആറ്റിക്കുരിക്കിയ വിവരണവും, വളരെ നന്നായി ലതിച്ചേച്ചി :-)
Post a Comment