Saturday, December 27, 2008

“അത് ശവംതീനികള്‍ കൊണ്ടുപോയതാ....“

ഒരുപാട് കാലമായിരുന്നു
ഞാനാവഴി പോയിട്ട്.
അമ്പലത്തില്‍ നിന്നു വരുംവഴി
അവിടെ കയറി.
ചിറ്റമ്മ (ഭര്‍ത്താവിന്റെ അമ്മയുടെ അനുജത്തി)
പരിഭവം പറഞ്ഞു.
“ഞങ്ങളെയൊക്കെ മറന്നു. അല്ലേ?”
“ഇല്ല, ചിറ്റമ്മേ.. വരുമ്പോഴൊക്കെ തിരക്ക്. ഇവിടെ നില്‍ക്കാനേ പറ്റുന്നില്ല.”
“സാരമില്ല മോളേ.. ഞാന്‍ വെറുതേ പറഞ്ഞതാ.”
“ചിറ്റമ്മേ, ബാലു?” ഞാന്‍ തിരക്കി.
“അവന്‍ സൈക്കിളെടുത്തു പൊവണതു കണ്ടു. ബിയേയ്ക്കാണിപ്പോ”
“ബാലൂന്റെ പെങ്ങള്‍ ?”
ചിറ്റമ്മയുടെ കണ്ണു നിറഞ്ഞു.
“ഒന്നും പറയേണ്ട. വയസ്സു പത്തുപതിനേഴായില്ലേ?
ദാ അപ്പുറത്തെ
വീട്ടിലാ സജീവും കുടുംബോം.
ഞാന്‍ പതിയെ മുറ്റത്തിറങ്ങി.
തൊട്ടടുത്തുള്ള പുതിയ വീട്ടിലേയ്ക്കു നടന്നു.
പതിനാറു വര്‍ഷം മുന്‍പ് ഭര്‍ത്താവിനോടൊത്ത്
ആദ്യമായി ഞാന്‍ ഇവിടെ
വന്നപ്പോള്‍ ചിറ്റമ്മയുടെ മടിയില്‍
ഒരു സുന്ദരിക്കുട്ടിയുണ്ടായിരുന്നു.
അവരുടെ മകന്‍ സജീവന്റെ ഇളയ കുട്ടി.
അവള്‍ക്ക് ബുദ്ധിമാന്ദ്യമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിലും
ചികിത്സിച്ച് ഭേദമാക്കാമെന്ന
പ്രതീക്ഷയിലായിരുന്നു എല്ലാവരും.
അവളുടെ ചേട്ടന്‍ മൂന്നരവയസ്സുകാരന്‍
ബാലു അന്നേ എന്റെ മനസ്സില്‍
കയറിക്കൂടി. പിന്നീട് ഞാന്‍ ചിറ്റമ്മയെക്കണ്ടാല്‍,
സജീവിനെക്കണ്ടാല്‍, ബാലുവിനെ ചോദിക്കും, ബാലൂന്റമ്മയെ ചോദിക്കും
ബാലൂന്റെ അനിയത്തിയെ ചോദിക്കും.
അവരുടെ രണ്ടുപേരുടേയും പേര് എനിയ്ക്ക് ഇന്നും അറിയില്ലതാനും.
ബുദ്ധിമാന്ദ്യമുള്ള, സുന്ദരിക്കുട്ടിയായ മകളുടെ
പിന്നാലെ എല്ലാം മറന്ന് പായുന്ന
ബാലുവിന്റെ അമ്മ(എന്റെ അനിയത്തി)യുടെ രൂപം
എന്നില്‍ നൊമ്പരമുളവാക്കിയിരുന്നു.
പിന്നീട് വര്‍ഷങ്ങളുടെ ഇടവേള!
ബാലു മിടുക്കനാണെന്നും, നല്ല മാര്‍ക്കോടെ പത്തു പാസ്സായെന്നും
കോളജിലായെന്നുമൊക്കെ അറിയുന്നുണ്ടായിരുന്നു.
ഞാനോരോന്ന് ചിന്തിച്ച് നില്‍ക്കുമ്പോള്‍ മുറ്റത്താളനക്കം.
അതാ.. സുന്ദരിക്കുട്ടി.
വെളുത്തു തുടുത്ത മുഖം. നീണ്ട മൂക്ക്.
ചുവന്ന ചുണ്ടുകള്‍.
നീണ്ടു വിടര്‍ന്ന കണ്ണുകളിലൊന്നിന്റെ മിഴി അല്പം വ്യതിചലിച്ചിരിയ്ക്കുന്നു.
അവളെന്നെക്കണ്ട ഭാവമില്ല.
മുറ്റത്തിരിയ്ക്കുന്ന പൂച്ചക്കുട്ടിയിലാണു ശ്രദ്ധ.
അടുത്ത നിമിഷം അവള്‍
അതിന്റെ വാലില്‍ പിടിച്ച് തൂക്കിയെടുത്തു.
എനിയ്ക്ക് ഭയം തോന്നി.
അപ്പോഴേയ്ക്കും അവള്‍ ആ പാവത്തിനെ വിട്ടുകളഞ്ഞു.
“ഇതു തന്നെ പണി. പൂച്ചയല്ല, പട്ടിയല്ല, അമ്പലത്തില്‍
വരുന്ന ആനയെ തളച്ചിരിയ്ക്കുന്നതു കണ്ടാലും
അവള്‍ അടുത്ത് ചെല്ലും , പിടിയ്ക്കും”
ചിറ്റമ്മ എന്റെ പിന്നാലെ ഇറങ്ങിവന്നത് ഞാനപ്പോഴാ അറിഞ്ഞത്.
ഞാന്‍ ബാലുവിന്റെ അനിയത്തിയെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു.
ഇറക്കം കുറഞ്ഞ ഹൌസ്കോട്ടണിഞ്ഞിരിക്കുന്നു.
അവളിപ്പോള്‍ വളര്‍ന്നിരിയ്ക്കുന്നു.
“വയസ്സറിയിച്ചു മോളേ” ചിറ്റമ്മ വേദനയോടെ പറഞ്ഞു.
“ബാലൂന്റമ്മയെവിടെ?”
ഞാന്‍ തിരക്കി.
“അതിവിടെക്കാണും. ”ചിറ്റമ്മ.
ഞാന്‍ അകത്തേയ്ക്കു കയറി.
അടുക്കും ചിട്ടയുമില്ലാത്ത സ്വീകരണമുറിയില്‍ മെലിഞ്ഞ ഒരു സ്തീരൂപം.
എന്നെക്കണ്ടിട്ടും പരിചയം നടിക്കാത്തതില്‍ എനിയ്ക്കു വിഷമം തോന്നി.
“എന്നെ മറന്നോ?”
“ഇല്ല.”
“ആരാ”
“സുഭാഷേട്ടന്റെ പെണ്ണ്.”
എനിക്കല്പം ആശ്വാസം തോന്നിയെങ്കിലും
അവളുടെമുഖത്ത് ഗൌരവമായിരുന്നു.
ഞാന്‍ വെളിയിലിറങ്ങി.
സുന്ദരിക്കുട്ടി വീണ്ടും പൂച്ചയെപ്പിടിച്ച് രസിക്കുന്നു.
“അവളിപ്പൊഴിങ്ങനെയാ. കുളിയ്ക്കണമെന്നു പോലുമില്ല.
ഇതിന്റെ കാര്യം മാത്രം നോക്കും. കണ്ണു തെറ്റാതെ നോക്കേണ്ടേ?”
ബാലൂന്റമ്മയുടെ മാറ്റത്തെക്കുറിച്ച് ചിറ്റമ്മ പറഞ്ഞപ്പോള്‍ എന്റെ ഉള്ളൊന്നാളി.
എന്നെക്കാള്‍ രണ്ടുമൂന്നു വയസ്സെങ്കിലും ഇളയതാവും ബാലൂന്റമ്മ.
മുന്‍പും അധികം സംസാരിച്ചിരുന്നില്ല.
വേദനപുരണ്ടതെങ്കിലും ഒരു പുഞ്ചിരി
ആ ചുണ്ടുകളിലുണ്ടായിരുന്നു.
ഞാന്‍ യാത്ര പറയാനായി ഒരിയ്ക്കല്‍ക്കൂടി അകത്തേയ്ക്കു കയറി.
ബാലൂന്റമ്മ അവിടെത്തന്നെ നില്‍ക്കുന്നു.
ഇക്കുറി എന്നെ നോക്കി അവള്‍ ചിരിച്ചു.
അവളുടെ പല്ലുകള്‍ മോണയുമായി ചേരുന്നിടത്ത് കറുപ്പു നിറം.
ആശങ്കയോടെ ഞാന്‍ അറിയാതെ ചോദിച്ചുപോയി.
“പല്ല്?”
“അത് ശവംതീനികള്‍ കൊണ്ടുപോയതാ.”
ആ മറുപടികേട്ട് ഞാനിറങ്ങുമ്പോള്‍
ചിറ്റമ്മ സുന്ദരിക്കുട്ടിയെ ശാസിക്കുന്നു.
അപ്പോള്‍ അവള്‍ ഓടി. ബാലുവിന്റെ അമ്മ (അവളുടെയും) അവളുടെ
പിന്നാലെ പാഞ്ഞ് അവളെ പിടിച്ച്
അകത്തേയ്ക്കു കയറി.
എന്നെ നോക്കി ബാലുവിന്റമ്മ
പണ്ടത്തെപ്പോലെ ഒന്നു മന്ദഹസിച്ചു.
ആ കണ്ണുകള്‍ കലങ്ങിയിരുന്നു.

21 comments:

Lathika subhash said...

കഥയല്ല.
അനുഭവമാണിത്.

ബാജി ഓടംവേലി said...

ഇതു കഥയാണ് കഥയാണ്...

siva // ശിവ said...

ഇതു വായിക്കുമ്പോള്‍ വല്ലാതെ വിഷമം തോന്നുന്നു....

ഹരീഷ് തൊടുപുഴ said...

ഇത് കഥയായാല്‍ മതി...

എനിക്കും വേദനിക്കണൂ...

ജിജ സുബ്രഹ്മണ്യൻ said...

ഈ ജീവിതത്തിൽ നമ്മൾ എന്തൊക്കെ കാണണം ലതി ചേച്ചീ.ഇതു അനുഭവം ആയിരിക്കും.അവരും ഈശ്വരന്റെ സൃഷ്ടികൾ തന്നെ.മുജ്ജന്മ പാപങ്ങൾ ഈ ജന്മത്തിൽ അനുഭവിച്ചു തീർക്കാൻ വിധിക്കപ്പെട്ടവർ

പാമരന്‍ said...

ഹൌ!

ഭൂമിപുത്രി said...

സുഗതകുമാരിയുടെ ‘കൊല്ലേണ്ടതെങ്ങിനെ’
ഓർത്തുപോയി.
ബുദ്ധിമാന്ദ്യമുള്ളവർ പെൺകുട്ടികൾ കൂടിയാകുമ്പോൾ
അമ്മമാർക്ക് ആധികൂടും.കണ്ണൊന്ന് തെറ്റിയാൽ കഴുകന്മാർ പറന്നടുക്കില്ലേ?

പാറുക്കുട്ടി said...

ലതിച്ചേച്ചീ,

സത്യം ഞാൻ കരഞ്ഞു പോയ്. ആ അമ്മയുടെ സ്ഥാനത്ത് വെറുതെ എന്നെത്തന്നെ കണ്ടൂ നോക്കി. ഹോ. എന്തൊരു വേദന. സഹിക്കാൻ കഴിയണില്ല. ഞാനുമൊരമ്മയല്ലേ.
പാവം ആ അമ്മ അങ്ങനായില്ലെങ്കിലേ അത്ഭുതമുള്ളൂ.

Unknown said...

പോസ്റ്റ് മനസ്സിൽ തൊട്ടു.

OAB/ഒഎബി said...

ഞാനെന്തിവിടെ കുറിച്ചിടും എന്റെ ദൈവമേ...

തോന്ന്യാസി said...

സത്യം പറ ലതിച്ചേച്ചീ..

അനുഭവമാണെന്ന് കള്ളം പറഞ്ഞതല്ലേ?..

അല്ലെങ്കിലും അങ്ങനെത്തന്നെയായിരിയ്ക്കട്ടെ

വേണു venu said...

ഇരുട്ടിന്‍റെ ആത്മാക്കളെ അറിയുന്ന ആത്മ നൊമ്പരം.
ഇരുട്ട്....സര്‍വ്വത്ര ഇരുട്ടു്....
ഇതു കഥയും അനുഭവുമല്ല.
ശവം തീനികള്‍ കൊണ്ടു പോകുന്ന ജീവിതമാണു്....

Anonymous said...

നോവ് ചോരാതെ എഴുതിയിട്ടുണ്ട്. അല്ലാതെ എന്താ പറയുക :(

smitha adharsh said...

എന്ത് ചെയ്യാം...അവരും നമ്മാളിലോരാല്‍ തന്നെയല്ലേ..?
വിഷമം തോന്നി..

Typist | എഴുത്തുകാരി said...

നമുക്കു് ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ.

Manikandan said...

ഇത്തരത്തിൽ ബുദ്ധിമാന്ദ്യം ഉള്ള പെൺ‌കുട്ടികൾ ഉള്ള രണ്ടു വീട്ടുകാരെ എനിക്കും അറിയാം. ഇങ്ങനെയുള്ള ദുരിതങ്ങൾ അനുഭവിക്കുന്നവർ.
എന്നാലും ഇതുവായിച്ചപ്പോൾ ഹരീഷേട്ടൻ പറഞ്ഞതു തന്നെയാണ് ഞാനും പ്രാർത്ഥിച്ചത്. ഇതു കഥയായാൽ മതി.

mayilppeeli said...

ലതിച്ചേച്ചീ, കഥയല്ലെന്നു മനസ്സിലായി, നിസ്സഹായരായി നോക്കി നില്‍ക്കാനല്ലേ പറ്റൂ...ദൈവത്തിന്റെ വികൃതികളിലൊന്ന്‌ അല്ലാതെന്തു പറയാന്‍....വളരെ ഹൃദയസ്പര്‍ശിയായ അനുഭവം....

ബിന്ദു കെ പി said...

വല്ലാത്ത നൊമ്പരം...

വിജയലക്ഷ്മി said...

jeevitham thanne oruvidhathhil anubavakathayalle mole...enthellaam kaananam,kelkkanam?vallaathha vishamam thonni...

മുജീബ് കെ .പട്ടേൽ said...

സ്വകാര്യ ദുഖങ്ങള്‍ ഇല്ലാത്തവരില്ല. പുറത്ത് പുന്ചിരിയും അകത്ത് വേദനയുമായി കഴിയുന്നവരാണ് ബഹുഭൂരിപക്ഷവും.

ഒറ്റയാന്‍ said...

കഥകള്‍ക്കപ്പുറം ഇതെല്ലാം കടംകഥകളാണ്‌. ജീവിതത്തില്‍ നേരിടേണ്ടി വരുന്ന കടംകഥകള്‍. ഉത്തരം കിട്ടാത്തവ...
മനസ്സ്‌ ഒന്നു പോറിയ വേദന...