Sunday, January 4, 2009

പുതുവര്‍ഷം സുഖകരമായിരുന്നില്ല.

ഡിസംബര്‍ 31-നു എനിയ്ക്ക് വേണ്ടപ്പെട്ടമൂന്നു പേരാണ് 2008നൊപ്പം യാത്രയായത്.
അച്ഛന്റെ കസിന്‍ സിസ്റ്റര്‍ (സരോജിനിപ്പേരമ്മ), എന്റെ അമ്മയുടെ ചേച്ചി (അമ്മുപ്പേരമ്മ) മംഗളത്തിലെ അസോസിയേറ്റ് എഡിറ്റര്‍ എം.ജെ.ഡാരിസ്.
മൂന്നുപേരും എനിയ്ക്ക് നല്ല അടുപ്പമുള്ളവര്‍.

ഐശ്വര്യത്തിന്റെ പ്രതീകമായിരുന്നു സരോജിനിപ്പേരമ്മ. ശാന്തത കളിയാടുന്ന മുഖം. ആരെക്കണ്ടാലും അവരുടെ ഒരു നന്മ പറയണമെന്ന നിര്‍ബന്ധക്കാരി. അതുകൊണ്ടാവാം സരോജിനിപ്പേരമ്മയെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. സുഖമില്ലാതെ കിടക്കുമ്പോഴും വേദന കടിച്ചമര്‍ത്തി
പുഞ്ചിരിയും അനുഗ്രഹവും ചൊരിയുന്ന പ്രകൃതമായിരുന്നു. വല്യമ്മ, പേരമ്മ, അപ്പച്ചി എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ എത്തുന്ന ആദ്യത്തെ മുഖം സരോജിനിപ്പേരമ്മയുടേതായിരുന്നു.

അമ്മുപ്പേരമ്മയും എനിയ്ക്ക് ഒത്തിരി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചാണ് കടന്നു പോയത്. അമ്മുപ്പേരമ്മയ്ക്ക് മൂന്നാണ്മക്കള്‍ മാത്രം. അതാവാം കുട്ടിക്കാലത്ത് എന്നോടും ചേച്ചിയോടും ഒത്തിരി വാത്സല്യം കാട്ടിയിരുന്നു. 31നു വൈകുന്നേരം ഞാനും അമ്മയും കാണാന്‍ ചെന്നപ്പോള്‍ പേരമ്മയ്ക്ക് നല്ല ശ്വാസം മുട്ടലുണ്ടായിരുന്നു.ഞാനാ നെഞ്ചും പുറവുമൊക്കെ പതിയെ തടവിക്കൊടുത്തപ്പോള്‍ അമ്മ അടുത്തിരുന്ന് കരയുന്നുണ്ടായിരുന്നു. വല്യ പേരമ്മ വീണ് കയ്യൊടിഞ്ഞ്, പ്ലാസ്റ്ററിട്ടിരിക്കുന്നു. അമ്മാവന്മാര്‍ മൂന്നുപേരും
പോയി. അമ്മയാണിളയത്. അതൊക്കെ ഓര്‍ത്ത് അമ്മ കരഞ്ഞപ്പോള്‍ ഞാന്‍ ആശ്വസിപ്പിച്ചു. “ശ്വാസം മുട്ടലാ..കുറയുമമ്മേ.”ഒരുപാട് സമയം അങ്ങനെയിരുന്ന ശേഷമാണ് ഞങ്ങള്‍ പോയത്. രാത്രി ഒന്‍പതുമണിയ്ക്ക് മരണവാര്‍ത്തയെത്തി.

മൊബൈലിലെ ആശംസാസന്ദേശങ്ങള്‍ക്കിടയില്‍നിന്നാണ് ഡാരിസിന്റെ മരണവാര്‍ത്ത ചികഞ്ഞെടുത്തത്. കഴിഞ്ഞ ഞായറാഴ്ച ഒരു വിവാഹ ചടങ്ങില്‍ ഭാര്യയോടും മക്കളോടുമൊത്ത് ഞാനദ്ദേഹത്തെ കണ്ടിരുന്നു. പത്ര സുഹൃത്തുക്കളിലൊരാള്‍ പറഞ്ഞു. “എല്ലാവരും രക്ഷപ്പെട്ടു. ഡാരിസ് മാത്രം പഴയതുപോലെ.”(സാമ്പത്തികമായി) . ഡാരിസിന്റെ ഭാര്യ മോളിക്കുട്ടിയെ ഒത്തിരിക്കാലം കൂടിയാണ് ഞാന്‍ കണ്ടത്. കുട്ടികളെ മൂന്നു പേരെയും എനിയ്ക്ക് നന്നായറിയാം. അതുകൊണ്ടുതന്നെ മോളിക്കുട്ടി അവരെ മൂന്നുപേരെയും വിളിച്ച് എന്റെ അടുത്തെത്തിച്ചു.ഡാരിസിനെപ്പോലെ ചിരിയ്ക്കുന്ന മൂന്നു പെണ്‍കുട്ടികള്‍. മൂത്തയാള്‍ ഡിഗ്രിയ്ക്കും രണ്ടാമത്തെയാള്‍ പ്ലസ് ടുവിനും ഇളയമകള്‍ മൂന്നിലും.
ഹൃദയാഘാതം. ഡാരിസ് യാത്രയായി.നെഹ്രു ട്രോഫി വള്ളം കളിയ്ക്കും കുമരകം-താഴത്തങ്ങാടി വള്ളംകളികള്‍ക്കുമൊന്നും തത്സമയം വിവരണം നല്‍കാന്‍ ഇനി എം. ജെ. ഡാരിസ്സുണ്ടാവില്ല. എവിടെക്കണ്ടാലും ഓടിയെത്തി, കുശലം പറയുന്ന ഡാരിസ്. ഒരു നല്ല സഹോദരന്‍ എനിയ്ക്കും നഷ്ടമായി.

മരണവീടുകളില്‍ മാറിമാറിക്കടന്നുചെന്ന് പ്രിയപ്പെട്ടവരെ യാത്രയാക്കി വീടെത്തിയപ്പോള്‍
2009ന്റെ ആദ്യ രാവ് എത്തിയിരുന്നു.
പ്രിയപ്പെട്ടവരേ വിട.

21 comments:

ലതി said...

ഡിസംബര്‍ 31-നു എനിയ്ക്ക് വേണ്ടപ്പെട്ടമൂന്നു പേരാണ് 2008നൊപ്പം യാത്രയായത്.
അച്ഛന്റെ കസിന്‍ സിസ്റ്റര്‍ (സരോജിനിപ്പേരമ്മ), എന്റെ അമ്മയുടെ ചേച്ചി (അമ്മുപ്പേരമ്മ) മംഗളത്തിലെ അസോസിയേറ്റ് എഡിറ്റര്‍ എം.ജെ.ഡാരിസ്.
മൂന്നുപേരും എനിയ്ക്ക് നല്ല അടുപ്പമുള്ളവര്‍.

sreeNu Guy said...

ദുഖത്തിലും സന്തോഷത്തിലും പങ്കുചേരുന്നു.

ശിവ said...

എന്തു പറയണം എന്ന് അറിയില്ല.....ഈ വാര്‍ത്ത വിഷമകരം.....

കിഷോര്‍:Kishor said...

പരേതാത്മാക്കള്‍ക്ക് നിത്യശാന്തി.....

കുമാരന്‍ said...

നിത്യശാന്തി നേരുന്നു..

MANIKANDAN [ മണികണ്ഠന്‍‌ ] said...

ചേച്ചി, പ്രയപ്പെട്ടവരുടെ വേർപാട് ഉണ്ടാക്കുന്ന വിഷമങ്ങൾ നേറിടാൻ സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

ബിന്ദു കെ പി said...

ദു:ഖത്തിന്റെ ഈ ആകസ്മികമുറിവിനെ കാലം ഉണക്കട്ടെ..

മുസാഫിര്‍ said...

നഷ്ടങ്ങള്‍ എല്ലാം സഹിയ്ക്കാന്‍ മനസ്സിനു ധൈര്യം ഉണ്ടാവട്ടെ !

പാറുക്കുട്ടി said...

ലതി,

വിഷമിക്കേണ്ട. എന്നും എപ്പോഴും സന്തോഷം മാത്രമുള്ള ആരും ഉണ്ടാവില്ല. കാലം ഉണക്കാത്ത മുറിവുകളില്ല. ഇനിയുള്ള ദിവസങ്ങളിൽ സന്തോഷം മാത്രം ഉണ്ടാവട്ടെ എന്നാ‍ശംസിക്കുന്നു.

ആചാര്യന്‍... said...

ഓ, കലണ്ടറ് അത്ര കാര്യാക്കണ്ട...ചിങ്ങം എപ്പഴാ ഓഗസ്റ്റ്-സെപ്റ്റംബറിലല്യോ...അപ്പപ്പിന്നെ പഴേ വര്‍ഷം, പുതിയ വര്‍ഷം ഒന്നും നോക്കണ്ടാ...പിന്നെ പോണോര്..അവരു മരണത്തെക്കാണുമ്പം നമ്മളേ ഇട്ടേച്ച് ആപ്പൊറകെ ഒരു പോക്കല്ലേ...ഒരു വഴിയേള്ളൂ, നമ്മടെ ടേണ്‍ വരുമ്പം നമ്മളങ്ങട് ചെന്ന് അവര്ക്കൊരു സര്‍പ്രൈസ് വിസിറ്റ് കൊടുക്കാ..അപ്പ അവരു പറേം..'ശ്ശോ, ഇങ്ങു വന്നല്യോ, കാലത്തിന്‍റെ ഒരു പോക്കേ'ന്ന്...അതുപോരെ?

The Common Man | പ്രാരാബ്ധം said...

ഡാരിസിനു കുമരകംകാരന്‍ ഒരു വള്ളംകളിപ്രേമിയുടെ ആദരാഞ്ജലി [വാര്‍ത്ത പത്രത്തില്‍ കണ്ടിരുന്നു]

പ്രിയപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.

PR REGHUNATH said...

Jeevitham anganeyanu.

PR REGHUNATH said...

Jeevitham anganeyanu.

e - പണ്ഡിതന്‍ said...

പ്രിയപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു

ശ്രീ said...

2009 ല്‍ നല്ല വാര്‍ത്തകള്‍ മാത്രം തേടിയെത്തട്ടേ എന്നാശംസിയ്ക്കുന്നു...

വരവൂരാൻ said...

കാലചക്രം തിരിയുപ്പോൾ പലതും നേടുകയും നഷ്ടപ്പെടുകയും ചെയ്യുമെന്ന് എത്ര സത്യം.

കാലം ഉണക്കട്ടെ..
ഇനി നല്ല വാര്‍ത്തകള്‍ മാത്രം തേടിയെത്തട്ടേ എന്നാശംസിയ്ക്കുന്നു...

ഗീത് said...

ദു:ഖത്തില്‍ പങ്കു ചേരുന്നു ലതി.

വികടശിരോമണി said...

പുതുവർഷത്തിലൊക്കെ എന്തിരിക്കുന്നു?ദു:ഖങ്ങൾ കാലം മായ്ച്ചുകളയട്ടെ...

the man to walk with said...

2008 നോടൊപ്പം പ്രിയപെട്ടവരും ..
എന്ത് ചെയ്യാം ..
life comes out with the attached free addon death

വിജയലക്ഷ്മി said...

Enthu parayanamennariyilla..molude dhukkathhil njaanum pankucherunnu..

പെണ്‍കൊടി said...

2009 നല്ലതാവട്ടെ..
പിന്നെ നഷ്ടങ്ങള്‍ അല്ലാതെ നല്ലതും സംഭവിച്ചിട്ടുണ്ടാവില്ലെ 2008 - ഇല്‍ ? അതൊന്നോര്‍ത്തെടുത്തു നോക്കൂ...

- പെണ്‍കൊടി..