Thursday, August 14, 2008

അതാണെന്നമ്മതന്‍ ദു:ഖം.


അമ്മേ, നിന്നടിമച്ചങ്ങലയുടെ കൊളുത്തുകള്‍
വിടുവിച്ചതിന്റെ അറുപത്തിയൊന്നാം കൊല്ലം
സുന്ദരിമാരായ നിന്റെ മക്കളും
പേരക്കിടാങ്ങളുമെല്ലാവരുംതന്നെ
മങ്ങിയ മുഖവുമായാണത്രെ
സായന്തനങ്ങളില്‍ വീട്ടിലേക്കു മടങ്ങുന്നത്
പണ്ട് അനുവദനീയമല്ലാതിരുന്ന
ആലവട്ടവും വെണ്‍ചാമരവും
ശിങ്കാരിമേളവും നാദസ്വരവുമൊക്കെ
കേമംപെണ്‍ കിടാങ്ങളുടേതെന്ന കാര്യത്തില്‍
ഏവര്‍ക്കുമേകാഭിപ്രായം!
പര്‍വതാരോഹക,അഭിനേത്രി,
കടയിലെ എടുത്തുകൊടുപ്പുകാരി,
വീട്ടുവേലക്കാ‍രി, കര്‍ഷകത്തൊഴിലാളി
മുതലായ പലതരം തൊഴിലാളികള്‍.
എഴുത്തിന്റെ വഴിതിരഞ്ഞെടുത്തവര്‍,
കലാകാരികള്‍,ഉന്നതോദ്യോഗസ്ഥര്‍
ചാനല്‍ നക്ഷത്രം,അവതാരക-തീര്‍ന്നില്ല,
വ്യവസായ സാമൂഹ്യ സംസ്കാര വേദിയും
രാഷ്ട്രീയ രംഗവുമന്യമല്ലവര്‍ക്കാര്‍ക്കും
ഇന്നീ സ്വാതന്ത്ര്യദിനപ്പരേഡിലും
മന്ത്രിസാന്നിദ്ധ്യത്തില്‍ കുഴലൂതുമവര്‍

വീശിക്കൊട്ടിയൂതിച്ചിരിച്ചും ചിരിപ്പിച്ചും
പകല്‍ മുഴുക്കെപ്പണിയെടുത്തും ,തളര്‍ന്നാലും
പാരതന്ത്ര്യം തന്നെ മാതാവേ
നിന്റെ പെണ്മക്കള്‍ക്കിന്നുമീക്കൊച്ചുകേരളത്തില്‍
മൂത്രശങ്കയെ വെല്ലാന്‍ കേമിയാണവളന്നുമിന്നും
രാവിലെവെളിക്കുപോയ് വന്നാലില്ലവള്‍ക്കാ
പകല്‍ പിന്നെപ്പോക്ക്
പോയെങ്കിലവളുടെ ശങ്കയകറ്റുന്ന
ദൃശ്യം പകര്‍ത്തുമാഒളിക്ക്യാമറകള്‍!
ഉന്നന്നതവിദ്യാസ്ഥാനത്തൊരിട-
ത്തത്തരമൊരുദുഷ്ടപരീക്ഷണം!
പിറ്റേന്നതാഘോഷമാക്കാന്‍
ചാനലിന്‍ മത്സരമതും കേമം!
ഞങ്ങള്‍പെണ്മക്കള്‍ക്കൊപ്പം
ഒളി-തെളിക്ക്യാമറക്കാരവരുമമ്മതന്നരുമ
മക്കളാണതാണെന്നമ്മതന്‍ ദു:ഖം.

8 comments:

നരിക്കുന്നൻ said...

ഇതൊരു നാടിന്റെ ദുഖം. എല്ലാം നേടിയിട്ടും ഒന്നിനും സ്വാതന്ത്ര്യമില്ലാത്തതിന്റെ രോഷം. അമ്മേ, ഒരു ബാപ്പുജിക്കായി, ഒരു നേതാജിക്കായി, രാജ്യസ്നേഹിക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു. രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ കാഹളം മുഴക്കാന്‍.

ജിജ സുബ്രഹ്മണ്യൻ said...

അതെ..അതാണു നമ്മുടെ നാടിന്റെ ദു:ഖം.നല്ല വരികള്‍ ലതി ചേച്ചീ..

PIN said...

പലപ്പോഴും സ്ത്രീകൾക്ക്‌ ചങ്ങലകൾ വിളക്കുന്നത്‌, ചില സ്ത്രീകൾ തന്നെ അല്ലേ?

Raji Chandrasekhar said...

കണ്ടു..
വായിച്ചു...

എനിക്കും കോട്ടയം, പറവൂര്‍ (വ.) ബന്ധങ്ങള്‍ ഉണ്ട്.

സമദ് പൊന്നാട് SAMAD PONNAD said...

നന്നായിട്ടുണ്ട്.
നല്ല വരികൾ

നിരക്ഷരൻ said...

വായിച്ചു, മനസ്സിലാക്കി. പക്ഷെ, കവിതയെപ്പറ്റിയൊന്നും അഭിപ്രായം പറയാന്‍ നിരക്ഷരനായിട്ടില്ല. ആകുന്ന കാലത്ത് പറയാം. ആകുമെങ്കില്‍ ...... :) :)

M.K.KHAREEM said...

srishtiyude pinnaambura kaazhchakal entennariyaathe naam veendum veendum srishtiye kurichu vaachaalamaakunnu...
aashamsakalode...

ദുശ്ശാസ്സനന്‍ said...

hmm.. ithu kurachu koodi poyi ...
sensation undakkanayirunno shramam ?