Friday, January 11, 2013

“പട്ടിഗർഭം”-സുനീത എഴുതിയത്.

ഞങ്ങൾ ബിന്ദു എന്ന ഓമനപ്പേരിൽ വിളിക്കുന്ന  എന്റെ പ്രിയപ്പെട്ടനുജത്ി സുനീത (നമ്മുടെ നിരക്ഷരന്റെ പെങ്ങൾ) എന്റെ പുസ്തക പ്രകാശനത്തിനു വരാനാവാത്ത കാരണം കാണിച്ചയച്ച ഈ കുറിപ്പ് ഞാൻ എന്റെ ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്നു

              എന്റെ പ്രിയപ്പെട്ട കൊച്ചേച്ചി (ലതിക സുഭാഷ്) എഴുതിയ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം 2012 ഡിസംബർ പതിനാറിന് കോട്ടയത്തു വച്ച് മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി, ശ്രീ. രമേശ് ചെന്നിത്തല, ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ ശ്രീ കെ.സി. ജോസഫ് തുടങ്ങിയ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ നടക്കുമെന്ന് ക്ഷണക്കത്ത് ലഭിച്ചു. ഞാൻ കുടുംബസമേതം പോകാനുള്ള തയ്യാറെടുപ്പു നടത്തി.
               പക്ഷേ ആ സമയത്താണ് ഞങ്ങളുടെ ഗർഭിണിയായ പട്ടിയുടെ (മാളു) നില എന്നെ വലച്ചത്.68 ദിവസം വരെയാണ് പട്ടികളുടെ ഗർഭകാലം. 60 ദിവസമായ മാളു തീരെ ഭക്ഷണം കഴിക്കുന്നില്ല. പാൽ പാത്രം കണ്ടാൽ ഇറങ്ങി ഓടും. വെള്ളം പോലും കുടിക്കുന്നില്ല. എപ്പോഴും കിടപ്പു തന്നെ. മണിക്കൂറുകളോളം കിടന്നുറങ്ങും. കൂർക്കംവലി രണ്ടു വീടിനപ്പുറം വരെ കേൾക്കാം. മണ്ണുമാന്തി കൂടൊരുക്കൽ തകൃതിയായി നടക്കുന്നു. ഗർഭ ലക്ഷണങ്ങളിലൊന്നാണത്രേ ഈ കൂടൊരുക്കൽ.

                   ഒരാഴ്ചയായി ഭക്ഷണം കഴിക്കാതെ വന്നപ്പോൾ ഡോക്ടറെ കൊണ്ടുവന്നു. അദ്ദേഹം ഇൻജക്ഷൻ എടുത്തു. അയൺ, കാൽസിയം ടോണിക്കുകൾ കൊടുക്കാൻ പറഞ്ഞു. രണ്ടു ദിവസത്തിനുള്ളിൽ പ്രസവം ഉണ്ടാകുമെന്നു മുന്നറിയിപ്പും തന്നു. അതിനാൽ ഞങ്ങൾ കോട്ടയം യാത്ര വേണ്ടെന്നു വച്ചു.
                            മാളു നിരാഹാരം തന്നെ. ഭക്ഷണമില്ല, വെള്ളമില്ല, മരുന്നില്ല. ക്ഷീണം തന്നെ. ഉറക്കം, കൂർക്കംവലി, മണ്ണുമാന്തി കൂടൊരുക്കൽ ഇവ യഥേഷ്ടം തുടരുന്നു. ഡിസംബർ 18-ന് വീണ്ടും ഡോക്ടറെ കൊണ്ടു വന്നു. “സ്കാനിംഗ് വേണ്ടി വരും”എന്നു ഡോക്ടർ നിർദ്ദേശിച്ചതിനാൽ തൃശൂരിലെ മൃഗാശുപത്രിയിലേക്കു കൊണ്ടുപോയി.
                               ഗൈനക്കോളി വാർഡിൽ മാളുവിനെ കയറ്റി. 33 കിലോ ഭാരമുള്ള മാളുവിനെ ഞാനും പൊന്നുവും(മകൾ) കൂടി മേശമേൽ കയറ്റി കിടത്തി. നല്ല അനുസരണയുള്ള കുട്ടിയെപ്പോലെ മാളു പരിശോധനയുമായി സഹകരിച്ചു. മാളുവിന്റെ വയർഭാഗം ഷേവ് ചെയ്ത് വൃത്തിയാക്കി. സ്കാനിങ് റൂമിലെ മേശപ്പുറത്ത് വീണ്ടും കയറ്റിക്കിടത്തി.
                                       ആദ്യം ഒരു ഡോക്ടർ സ്കാൻ ചെയ്തു. ചുറ്റും ഹൌസ് സർജൻാർ വട്ടം കൂടി നിന്നു. ഉടനെ അടുത്ത ഡോക്ടർ വന്നു. വീണ്ടും സ്കാനിംഗ്. വീണ്ടും ഒരു ഡോക്ടർ കൂടി വന്ന് സ്കാൻ ചെയ്തു. മൂന്നു പേരും കൂടി ഒരു നിഗമനത്തിലെത്തിച്ചേർന്നു.
                           “പട്ടിയ്ക്ക് ഗർഭമില്ല”.
                   ഗർഭത്തിന്റെ എല്ലാ ലക്ഷണങ്ങളും കാണിക്കുകയും  ഗർഭപാത്രത്തിൽ കുഞ്ഞുങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥ (Pseudo Pregnancy) യായിരുന്നു, മാളുവിന്.

                         എന്റെ അവസ്ഥയോ?
     ഈ പട്ടിഗർഭം മൂലം എനിയ്ക്കു നഷ്ടപ്പെട്ടത് ജീവിതത്തിൽ ഒരിയ്ക്കൽ മാത്രം കൈവരാവുന്ന ഒരസുലഭ മുഹൂർത്തമായിരുന്നു.

                                                   

2 comments:

ajith said...

:)

Kalavallabhan said...

പുതിയ പോസ്റ്റുതേടി വന്നതാണ്‌.