Wednesday, October 17, 2012

ഒരു പിടി അശ്രു പുഷ്പങ്ങൾ

പ്രിയപ്പെട്ട കാമരാജ്,

നെയ്യാറ്റിൻ കരയിൽനിന്നുംഈ വൈകുന്നേരം  ഒരുപാടു പേർ എന്നെ വിളിച്ചു.“ നമ്മുടെ കാമരാജ് പോയി,” എന്നാണെല്ലാവരും പറഞ്ഞത്."Adv. Kama Raj expired. Burial at 11AM at Nellimood, Neyyattinkara". രഞ്ജിത് സുമൻ എന്ന സഹപ്രവർത്തകനടക്കം പലരും സന്ദേശം അയച്ചിരിക്കുന്നു. അതേ താങ്കൾ ഞങ്ങളുടെ എല്ലാവരുടേതുമാണ്. നാൽ‌പ്പത്തഞ്ച് വയസ്സിൽ താഴെയേ കാമരാജിനു പ്രായമുള്ളൂ എന്നെനിയ്ക്കറിയാം. മരണത്തിനു കീഴടങ്ങാനുള്ള പ്രായമായില്ല. എന്നിട്ടും!
തലസ്ഥാന നഗരത്തിൽ വച്ച് പാർട്ടി പരിപാടികളിൽമുൻ എം. എൽ. എ ശ്രീ തമ്പാനൂർ രവിയുടേയും കെ.പി.സി.സി. സെക്രട്ടറി ശ്രീ. സോളമൻ അലക്സിന്റെ നിഴൽ പോലെ നടന്നിരുന്ന കാമരാജ് , ഞാനും താങ്കളെ എത്രയോ വർഷമായി അറിയുന്നു. നെയ്യാറ്റിൻകരയിലെ എല്ലാപരിപാടികളിലും താങ്കൾ ഉണ്ടായിരുന്നല്ലോ.
ജനശ്രീയുടെ  പ്രവർത്തനങ്ങളിൽ കാമരാജ് സജീവമായതാവും നമ്മെ കൂടുതൽ  അടുപ്പിച്ചത്. നമ്മുടെ ക്യാമ്പുകളിൽ ഭക്ഷണശാലയിൽ നിറഞ്ഞു നിന്നിരുന്ന താങ്കൾ, എല്ലാവരെയും കഴിപ്പിക്കാൻ എത്ര താല്പര്യമാണ്  കാണിച്ചിട്ടുള്ളത്? പഴയ കാമരാജ് നാടാരുടെ പൈതൃകം അവകാശപ്പെട്ട് താങ്കൾ പറയുന്ന നിരുപദ്രവകരമായ തമാശകൾ ഇതാ ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നു.
ഏറ്റവും ഒടുവിൽ നമ്മൾ കൂടുതൽ ആശയവിനിമയം നടത്തിയത്, ഞാൻ നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ ഒരു മാസത്തിലധികം അവിടെ  തങ്ങിയപ്പോഴാണ്. അന്നു താങ്കൾക്കും  ഇലക്ഷൻ കമ്മിറ്റി ഓഫീസ് ചാർജ് ഉണ്ടായിരുന്നല്ലോ. രാവിലെയും വൈകുന്നേരവും ഞാൻ ഓഫീസിൽ വരുമ്പോൾ കാമരാജ് കാട്ടിയിരുന്ന സ്നേഹം, മറക്കാനാവില്ല. എന്താവശ്യങ്ങൾക്കും ഞാൻ ആ ദിവസങ്ങളിൽ ഏറ്റവും ആദ്യം വിളിച്ചിരുന്നതും കാമരാജിനെ ആയിരുന്നല്ലോ.

താങ്കളെ ചുറ്റിപ്പറ്റി, നേതാക്കളും പ്രവർത്തകരും പറഞ്ഞിരുന്ന തമാശക്കഥകൾ ഞാനും നന്നായി ആസ്വദിച്ചിരുന്നു.  നേതാക്കളും മറ്റും വരുമ്പോൾ ഒരു ഓഫീസ് അസിസ്റ്റന്റിനെപ്പോലെ ചായയും പലഹാരങ്ങളും വിളമ്പിയും, മറ്റു ജോലികൾ ചെയ്തും, താ‍ങ്കൾ മറ്റുള്ളവരിൽ നിന്നും വേറിട്ടു നിന്നത് ഞാനോർക്കുന്നു. ഇടയ്ക്കിടെ “ഒന്നുമല്ലെങ്കിലും ഞാൻ ഒരു അഡ്വക്കേറ്റ് ആണെന്ന കാര്യം എല്ലാവരും മറക്കുന്നു” എന്നു പറഞ്ഞ് കാമരാജ് മറ്റുള്ളവരുടെ ശ്രദ്ധ നേടിയിരുന്നല്ലോ. തിരുവനന്തപുരം ലോ അക്കാദമിയിൽ പഠിച്ചിരുന്ന കാലത്തെ കാമരാജിന്റെ വികൃതികളെക്കുറിച്ച് ഉള്ളതും കെട്ടിച്ചമച്ചതുമായ കഥകൾ എന്നോട് നമ്മുടെ നെയ്യാറ്റിൻ കരയിലെ സഹപ്രവർത്തകർ താങ്കളെ കേൾക്കെത്തന്നെ പറയുമ്പോൾ ആ ചമ്മലും, ആ നില്പും! ഇല്ല. സഹോദരാ ഒരിക്കലും മറക്കാനാവില്ല ഞങ്ങൾക്കു താങ്കളെ!
രാഷ്ട്രീയക്കാർ ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്ന ഒരു വിഭാഗമാണെന്ന് അറിഞ്ഞിട്ടും , പലപ്പോഴും മറ്റുള്ളവരുടെ മുൻപിൽ, നമ്മളൊക്കെ പരിഹാസ കഥാപത്രങ്ങളാകുന്നു.    ഞാനും താങ്കളും നമ്മുടെ സഹപ്രവർത്തകരായ പര ശതം പാർട്ടി പ്രവർത്തകരും  എന്നിട്ടും  എന്തേ രാഷ്ട്രീയം വെടിയാത്തത്? പണത്തിനും പ്രശസ്തിക്കുമപ്പുറം നാമറിയാതെ തന്നെ നമ്മൾ എന്തെല്ലാമോ നേടുന്നുണ്ട്. അല്ലേ കാമരാജ്? തിർച്ചയായും താങ്കൾ അത്തരം നേട്ടത്തിൽ ഒട്ടും പിന്നിലായിരുന്നില്ല.
“ചേച്ചീ, നെയ്യാറ്റിൻകരയിൽ മത്സരിക്കാൻ ഏറ്റവുമധികം യോഗ്യതയുള്ള ഒരു നാടാരാ  ഈ ഞാൻ! പക്ഷെ അഡ്വ. കാമരാജിന്റെ വില ആരും മനസ്സിലാക്കുന്നില്ല ചേച്ചീ”. കാമരാജ്, ഒരു നെടുവീർപ്പോടെ താങ്കൾ ഇതു പറയുമ്പോൾ കളിയാണ്, കാര്യമല്ല, എന്നേ ഞാനും കരുതിയിട്ടുള്ളൂ. താങ്കളും അതിനപ്പുറം ഒന്നും ചിന്തിച്ചിട്ടുണ്ടാവില്ല.
ഡോ. ശശി തരൂരിനെയും,ശ്രീ. ആർ. ശെൽവരാജിനെയുമൊക്കെ വിജയിപ്പിക്കാനായി സന്തോഷത്തോടെ തന്നെ ആദ്യം മുന്നിട്ടിറങ്ങിയവരുടെ  കൂട്ടത്തിൽ കാമരാജ് കൂടിയതും   അതു കൊണ്ടു തന്നെയാവാം.
മൂന്നു പതിറ്റാണ്ടിനപ്പുറത്തെ പൊതുജന സേവനം താങ്കളെ ഒരുപാടു പേരുടെ പരിചയക്കാരനാക്കി. ഒരു പഞ്ചായത്തു മെമ്പർ പോലും ആകാനൊത്തില്ല കാമരാജിന്. എങ്കിലും അതിനെക്കാളേറെ സേവനം ഈ ചെറിയ ജീവിതത്തിനിടെ താങ്കൾ ചെയ്തു. എനിക്കുറപ്പാണത്. നേട്ടങ്ങൾക്കപ്പുറത്ത്, മറ്റുള്ളവർക്കു വേണ്ടി എരിയുന്ന മെഴുകുതിരിയാവാൻ ശ്രമിച്ച മറ്റൊരു രാഷ്ട്രീയ പ്രവർത്തകൻ.
 എപ്പോഴോ താങ്കൾ മദ്യപാന ശീലത്തിലേക്കു വഴുതി വീണതും, കരൾ രോഗം താങ്കളെ കഷ്ടപ്പെടുത്തിയതുമൊക്കെ കാമരാജ് തന്നെ എന്നോടു പറഞ്ഞിരുന്നല്ലോ. നല്ലവരായ സുഹൃത്തുക്കളൊക്കെ താങ്കളെ ചികിത്സക്കു സഹായിച്ചതും, അവിവാഹിതനായതിനാൽ ആർക്കുമൊരു ഭാരമാവില്ലെന്ന് അഭിമാനത്തോടെ പറഞ്ഞതുമൊക്കെ ഞാൻ ഓർക്കുന്നു, കാമരാജ്. താങ്കൾ പറഞ്ഞതു പോലെ, മാതാ പിതാക്കളും സഹോദരങ്ങളും ഒന്നുമില്ലാത്ത വീട്ടിൽ, ഒറ്റക്കു കഴിയേണ്ടി വരുമ്പോഴത്തെ ഏകാന്തത താങ്കൾക്ക് അന്യമായിരുന്നില്ലല്ലോ. തമാശക്കാരനായി, മറ്റുള്ളവരെ ചിരിപ്പിച്ചും സ്വയം ചിരിച്ചും നാളുകൾ തള്ളി നീക്കിയിരുന്ന കാമരാജ്, താങ്കളുടെ മുഖത്തെവിടെയോ ഒളിഞ്ഞിരുന്ന ആ വിഷാദ ഭാവം! എന്നെയും ആ ഭാവം വല്ലാതെ അലട്ടുന്നു കാമരാജ്.
“ചേച്ചീ, ഞാൻ  കുടി നിർത്തി,നല്ല നടപ്പാണിപ്പോൾ!” എന്നൊക്കെ ഗൌരവത്തിൽ കാമരാജ് പറയുമ്പോഴും,  താങ്കളുടെ സുഹൃത്തുക്കൾ താങ്കൾ മദ്യത്തിന്റെ ഇരയായതിനെക്കുറിച്ച് എന്നോടും പറഞ്ഞിരുന്നു. എല്ലാ ദിവസവും രാത്രി കാലങ്ങളിൽ കാമരാജിന് ഒഴിവാക്കാൻ പറ്റാത്ത ഒരു സുഹൃത്തായി മദ്യം മാറിയതിനെക്കുറിച്ച്. പ്രിയ കാമരാജ്, എന്തെല്ലാം നന്മകളാൽ അനുഗൃഹീതനായിരുന്നു, താങ്കൾ. പക്ഷേ വിധി, താങ്കളെ തട്ടിയെടുത്തു, ഒരിക്കലും മടക്കമില്ലാത്ത യാത്ര പോകുന്നു, താങ്കൾ. ഞാനിപ്പോൽ കോട്ടയത്താ. നാളെ രാവിലെ ഞാനും എത്താം യാത്രയാക്കാൻ. നിസ്വാർത്ഥമായി പാർട്ടിയെ സ്നേഹിച്ച്, ഒന്നും നേടാതെ  മരിച്ചവരുടെ ഗണത്തിലേക്ക് ഇതാ ഒരാൾകൂടി.  അഡ്വ. കാമരാജ്.
ഒരു പിടി അശ്രു പുഷ്പങ്ങൾ അർപ്പിക്കട്ടെ ഞാൻ,
ഒരു പാടു സ്നേഹത്തോടെ,
സ്വന്തം ,
ലതികച്ചേച്ചി.

          


6 comments:

Lathika subhash said...

നിസ്വാർത്ഥമായി പാർട്ടിയെ സ്നേഹിച്ച്, ഒന്നും നേടാതെ മരിച്ചവരുടെ ഗണത്തിലേക്ക് ഇതാ ഒരാൾകൂടി. അഡ്വ. കാമരാജ്.
ഒരു പിടി അശ്രു പുഷ്പങ്ങൾ അർപ്പിക്കട്ടെ ഞാൻ,
ഒരു പാടു സ്നേഹത്തോടെ,
സ്വന്തം ,
ലതികച്ചേച്ചി.

നിരക്ഷരൻ said...

ആദരാഞ്ജലികൾ :(

sm sadique said...

ആദരാൺജലികൾ

ajith said...

ഇങ്ങനെയൊരാളിനെപ്പറ്റി ഇപ്പോളാണറിയുന്നത്

ആദരാഞ്ജലികള്‍

Anonymous said...

ഫൂ..... നിങ്ങളൊക്കെ ആര്‍ക്ക് വേണ്ടിയാ രാഷ്ട്റീയത്തില്‍? ? പൊതുജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് പറയരുത്.. ജനങ്ങള്‍ നിങ്ങളെ കല്ലെറിയുന്നതുവരെ ഈ കോപ്റായം തുടരരുത്.., പ്ലീസ്

Lathika subhash said...

അജിത് ഭായ്, എല്ലാവരും അറിയാൻ അദ്ദേഹം അത്ര പ്രശസ്തനൊന്നും ആയിരുന്നില്ല.