| 
“സ്ഫടികം കൊണ്ട് ഉണ്ടാക്കിയ വിരലുകൾ പോലെ പുല്ലിലെ വേരുകളിൽ ജലം തൂങ്ങി നിൽക്കും. പുല്ലിലെ ഐസ് എന്നാണു പറയുക.പെരുമഴക്കിടയിൽ വെയിൽ തെറിക്കുമ്പോൾ അത് വൈഢൂര്യം പോലെ തിളങ്ങും. വേലികളിലെ ഈ വൈഢൂര്യത്തിളക്കങ്ങൾ മഴക്കാലത്തിന്റെ മാത്രം ചന്തമായിരുന്നു. ഹിമം പോലെ തണുപ്പാണ് പുല്ലിലെ ജല വിരലുകൾക്ക്. ഞങ്ങളത് പറിച്ചെടുത്ത് കൺപോളകളിൽ വയ്ക്കും. ചർമ്മത്തിന്റെ ചൂടുകൊണ്ട് അതുരുകി കവിളിലൂടെ ഒലിക്കും.”
( മലയാളപ്പച്ച. പി സുരേന്ദ്രൻ )
*******************
'ഒരു ലേഖനം മുഴുവൻ ഞാറപ്പഴങ്ങളെക്കുറിച്ചും തെച്ചിപ്പഴങ്ങളെക്കുറിച്ചുമാണ്.വേറൊന്ന് പൂച്ചകളെക്കുറിച്ചും കിളികളെക്കുറിച്ചുമാണ്. ഇനിയൊന്ന് ചക്കകളെക്കുറിച്ച്-മറ്റൊന്ന് മാമ്പഴങ്ങളെക്കുറിച്ച്. അപ്പോഴേക്കും മഴയെക്കുറിച്ച്, കുളങ്ങളെക്കുറിച്ച്- ഓണം , വിഷു, ഉത്സവങ്ങൾ- ലേഖനങ്ങളെന്നാണോ കഥകളെന്നാണോ പറയേണ്ടതെന്നറിയില്ല. ഓർമ്മകളാണോ സ്വപ്നങ്ങളാണോ എന്ന് തിരിച്ചറിയാനാവുന്നില്ല...........................................ഓരോ വാക്കിലും ഒരു പഴയ കുട്ടി ഒരു കളിപ്പാട്ടത്തിന്റെ ഇതളുകൾ വിടർത്തിയടർത്തുന്നപോലെ ആഹ്ലാദങ്ങളുടെയും വേദനകളുടെയും രഹസ്യച്ചെപ്പുകൾ തുറന്നടച്ച് രസിക്കുന്നു’
(മോഹനകൃഷ്ണൻ കാലടി മലയാളപ്പച്ചക്ക് എഴുതിയ അവതാരികയിൽ നിന്ന്)
***********************
വടക്കോട്ടു പോകുംതോറും നന്മ ഏറിയേറി വരുമെന്ന വർത്തമാനം പണ്ടേ കേട്ടിട്ടുള്ളതാണ്. അതൊട്ടൊക്കെ ശരിയാണെന്നും തോന്നിയിരുന്നു. പക്ഷേ ഏറനാടൻ ബാല്യവും മധ്യതിരുവിതാംകൂർ ബാല്യവും തമ്മിൽ ഇത്രയേറെ സാദൃശ്യമുള്ളതായി തോന്നിയത് സുരേന്ദ്രൻ മാഷിന്റെ (പി. സുരേന്ദ്രൻ) ‘മലയാളപ്പച്ച’ എന്ന പുസ്തകം ഒറ്റയിരിപ്പിനു വായിച്ചപ്പോഴാണ്.(2007 നവംബറിൽ പ്രസിദ്ധികരിച്ച ഈ ഗ്രന്ഥം ഞാൻ വായിക്കാൻ വൈകി)
നാലു പതിറ്റാണ്ടിനപ്പുറത്തെ ബാല്യമാണിതിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത്. അത് മാഷിന്റെ ബാല്യം മാത്രമല്ലെന്നു തോന്നിപ്പോയി.  എന്റെ പ്രിയച്ചേച്ചിയുടേയും,  കുഞ്ഞാങ്ങളയുടെയും  ഞങ്ങളോടൊപ്പം വളർന്ന് നാല്പതും അൻപതും വയസ്സു കടന്നു പോയ പരശതം കോട്ടയത്തുകാരുടെയും ബാല്യ കൌമാരങ്ങളെക്കുറിച്ചാണ് മാഷ് എഴുതിയത്.
                         ‘സഞ്ചാരിയുടെ ദേശങ്ങൾ’  എന്ന എന്ന ആദ്യ അദ്ധ്യായം വായിച്ചപ്പോൾ  ഞാനും എന്റെ  ഗ്രാമത്തിൽ ചുറ്റിക്കറങ്ങുകയായിരുന്നു. സുരേ,എന്നും സുരേട്ടാ എന്നും കുഞ്ഞാ എന്നുമൊക്കെ ഗ്രന്ഥകാരനെ വേണ്ടപ്പെട്ടവർ    വിളിക്കുന്നതിനെക്കുറിച്ചു വായിച്ചപ്പോൾ ഞാനെന്റെ വീട്ടുകാരുടെയും നാട്ടുകാരുടെയും ലതിയായി.  എന്നെ സ്നേഹപൂർവം  ലതി എന്നു വിളിച്ച് ഹൃദയം കവരുന്ന   എന്റെ ഗ്രാമീണരുടെ നന്മ ഞാന് വീണ്ടും തൊട്ടറിഞ്ഞ നിമിഷങ്ങളിൽ കണ്ണുകൾ എപ്പോഴൊക്കെയോ കവിഞ്ഞൊഴുകി . എന്നിലെ  ആറുവയസ്സുകാരി തെക്കേലേ മൂവാണ്ടന്മാവിന്റെ കൊമ്പിൽ കയറിയിരുന്ന്, എന്റെ അമ്മ പ്രസവിക്കാത്ത, സുരേന്ദ്രന് മാഷിനെ,  അറിയാതെ   എന്റെകുഞ്ഞേട്ടാ ............എന്ന് ഉച്ചത്തിൽ  വിളിച്ചു പോയി.   എഴുത്തുകാർ ദേശത്തിന്റെ തടവുകാർ  തന്നെ.
                                      വകയിലുള്ള ആങ്ങളമാരുടേയും ചേച്ചിമാരുടേയുംകല്യാണം  കഴിയുമ്പോൾ  അവരുടെ  കൈപിടിച്ച് വിരുന്നു പോയി, ഒരുപാടു പലഹാരങ്ങൾ തിന്നിരുന്ന അനിയത്തിക്കുട്ടിയായി ഞാൻ.   ഒന്നു മുതൽ ഏഴു വരെ പഠിച്ച വെട്ടിമുകൾ സെന്റ് പോൾസും, അങ്ങോട്ടു പോകുമ്പോഴത്തെ അനുഭവങ്ങളുമൊക്കെ ഒന്നൊന്നായി ഓടിയെത്തി.  ഇടവപ്പാതിയിലും കർക്കിടകത്തിലുമൊക്കെനാട്ടു  വഴികൾ  ചെറിയ ഒഴുക്കുള്ള  പുഴകളാകുമ്പോൾ അതിൽ പടക്കം പൊട്ടിക്കുന്ന രീതി ... ഹായ് ഏറനാടായാലും കുട്ടനാടായാലും ഇടനാടായാലും മലനാടായാലും പിള്ളേരെല്ലാം ഒന്നായിരുന്നു  അല്ലേ!!
മഴക്കാഴ്ചകളുടെ കാലം, മാമ്പഴക്കാലം, പ്ല്ലാവുകൾ കനിയുന്ന കാലം.. അങ്ങനെ എന്തെല്ലാം കാലങ്ങൾ! ഇടിച്ചക്കത്തോരനും ചക്കത്തോരനും ചക്കപ്പുഴുക്കും ചക്ക അവിയലും കൂഞ്ഞിലു തോരനും എരിശ്ശേരിയും ചക്കക്കുരൂം മാങ്ങേം ചക്ക ഉപ്പേരിം ചക്കക്കുരു മെഴുക്കുപുരട്ടീം തോരനും പച്ചച്ചക്കച്ചുളയും പുളിഞ്ചുളയും ചക്കപ്പഴവും ചക്ക വരട്ടിയതും ചക്കപ്പായസ്സവും ഇടനയിലയിലും വാഴയിലയിലും വട്ടയിലയിലുമൊക്കെ മാറിമാറി ഉണ്ടാക്കുന്ന കുമ്പിളപ്പവുമൊക്കെ അടുക്കളകളെ അടക്കിഭരിച്ചിരുന്ന കാലം. കഴിഞ്ഞ നാലു പതിറ്റാണ്ടായി തിന്നു കൊതിതീരാത്ത പച്ചച്ചക്കച്ചുളയുടെ കാര്യമോർത്തപ്പോൾ എന്റെ വായിൽ വെള്ളമൂറിയോ? കുട്ടിയായിരിക്കുമ്പോൾ അമ്മ പേടിച്ചിരുന്നു, ഇങ്ങനെ പച്ചച്ചക്ക തിന്നാൽ വയറുവേദന ഉണ്ടാകുമോ എനിയ്ക്കെന്ന്! പക്ഷേ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, ഇന്നും എനിയ്ക്കു പഴുത്ത ചക്കയെക്കാൾ ഇഷ്ടമാണ് പച്ചച്ചക്കച്ചുളയോട്.
എപ്പോഴെങ്കിലും എന്നെകൂടുതൽ ആകർഷിച്ച ഒരേയൊരു ഭക്ഷണ സാധനമിന്നും അതു തന്നെയാവും.
സ്കൂളിലെ വെള്ളിയാഴ്ചകളുടെ ഉച്ചയൂണുകൾ, പിന്നെയുള്ള വിശ്രമനേരത്തെ സാറും കുട്ടീം കളി, പള്ളിപ്പറമ്പിലെല്ലാം കാട്ടുചെടികളും പൂക്കളും പഴങ്ങളും പരതിയുള്ള നടത്തം എല്ലാം കഴിഞ്ഞ്, അല്പം കുറ്റബോധത്തോടെ ബെല്ലടിച്ചു കഴിഞ്ഞ്, ക്ലാസ്സിലേയ്ക്കുള്ള ഓട്ടം. അമ്മോ!! ആ അണപ്പ് ഇന്നും മാറീട്ടില്ല.
കുറ്റങ്ങളെല്ലാം അയ്യപ്പസ്വാമിയോടും ഏറ്റുമാനൂരപ്പനോടും ഗുരുവായൂരപ്പനോടും പറയാൻ സന്ധ്യാവേളകളിൽ ഒരുപാടു സമയം ലഭിച്ചിരുന്നു, അന്ന്. ഈശ്വരഭജനം എന്ന പ്രാർത്ഥന ഹൃദിസ്ഥമാക്കിയത് വഴിത്തിരിവായി. ഏക ദൈവത്തോടുള്ള പ്രാർത്ഥനയിലേയ്ക്കു തിരിഞ്ഞത് അപ്പോഴാകാം.
സർവ രക്ഷകാ ദേവാ നമസ്തുതേ
സർവ രക്ഷകാ ദേവാ നമസ്തുതേ
സർവ രക്ഷകാ ദേവാ നമസ്തുതേ
സർവ രക്ഷകാ ദൈവമേ പാഹിമാം എന്നു തുടങ്ങുന്ന പ്രാർത്ഥന.
ജീവിതത്തിനു വേണ്ട സസ്യാദികൾ
ഊർവിയിൽ കാലാകാലം വിളയുവാൻ
സർവ്വ കാരുണ്യമേകുമാറാകണം
സർവനായകാ ദൈവമേ പാഹിമാം
തന്നിലേറിടും സ്നേഹാമൃതം പോലെ
അന്യരുംഞാനുമൊന്നുപോലെന്നുമേ
സ്നേഹമുള്ളവരായ് വസിച്ചീടണം
പ്രേമരൂപാ ജഗദീശപാഹിമാം
എന്റെതെന്നുമഹമെന്നുമുള്ള ദു-
ശ്ചിന്തവിട്ടീട്ട് ലോകം തറവാടായ്
സന്തതം നിരൂപിപ്പാനനുഗ്രഹം
നൽകിടേണമേ ദൈവമേ പാഹിമാം.
ഇന്നും ഒരു നേരമെങ്കിലും ഞാൻ ഉരുവിടുന്ന സാമാന്യം ദൈർഘ്യമുള്ള ഈ പ്രാർഥനയാണ് പുതിയ ഏതറിവിനെക്കാളും ശക്തമായി എന്നെ നയിക്കുന്നത് .
ഈശ്വരാ!! മലയാളപ്പച്ച വായിച്ചതിനെക്കുറിച്ച് പറഞ്ഞ് തുടങ്ങിയപ്പോൾ മലവെള്ളപ്പാച്ചിലായി വന്ന ഓർമ്മകൾ എന്റെ എഴുത്തിനെ വഴിതെറ്റിച്ചിരിക്കുന്നു. ഓരോ വായനക്കാരനെയും പിടിച്ചു വലിച്ച് ബാല്യ കൌമാരങ്ങളിലേയ്ക്ക് കൊണ്ടുപോകുന്ന അതി ശക്തമായ ജീവിതാവിഷ്കാരം.
ഇനി ഞാൻ തുടരുന്നില്ല. ഒന്നു പറയാം. ഞാനും എന്റെ പ്രായക്കാരായ പലരും എഴുതാതെ പോയ ഓർമ്മക്കുറിപ്പുകളാണേ ഇത്. ഒരുപാടൊരുപാടു കൂട്ടിച്ചേർക്കാനുണ്ടെനിക്ക്. അല്ലെങ്കിൽ വേണ്ട. സുരേന്ദ്രൻ മാഷിന് ഇങ്ങനെ എഴുതാൻ തോന്നിയല്ലോ. എല്ലാവർക്കും ഇതു പറ്റില്ല. വേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് വേണ്ടപോലെ ചെയ്യാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. അത്തരം കഴിവുകളാൽ അനുഗൃഹീതനായ ഈ എഴുത്തുകാരന്റെ‘ മലയാളപ്പച്ച’ ഇനിയും ഒരുപാടു വായനക്കാരുടെ മനസ്സു കുളിർക്കാനിടയാക്കട്ടെ.
|                                                                                                                                | 

11 comments:
എന്റെതെന്നുമഹമെന്നുമുള്ള ദു-
ശ്ചിന്തവിട്ടീട്ട് ലോകം തറവാടായ്
സന്തതം നിരൂപിപ്പാനനുഗ്രഹം
നൽകിടേണമേ ദൈവമേ പാഹിമാം.
സ്വന്തം അനുഭവങ്ങളോടു ചേർത്തു വച്ചു നാട്ടുപച്ചയെ അവതരിപ്പിച്ചതു അതിന്റെ പൊലിമ വർദ്ധിപ്പിച്ചു. നന്നായിരിക്കുന്നു എഴുത്ത്.
പച്ചപ്പ് മാറാത്ത ഓർമ്മകൾക്ക് മഷിയുടെ നിറം നല്കി. അല്ലേ ?
Nannayi..
Best wishes
പാവത്താനേ,
ഈ വരികൾ മുൻപ് കേട്ടീട്ടുണ്ടാവുമല്ലോ. അല്ലേ?
വന്നതിനും വായിച്ചതിനും നന്ദി.
മുകിൽ, സന്തോഷം. ഇനിയും കാണാം. കലാവല്ലഭാ,the man to walk with... എല്ലാവർക്കും നന്ദി.
ഈ പ്രാർത്ഥന ഇപ്പോഴത്തെ തലമുറയിൽ ആരും ചൊല്ലാറില്ലന്നു മാത്രമല്ല അത്തരം ചിന്ത പോലും ഉണ്ടെന്നു തോന്നുന്നില്ല...!
കാലങ്ങൾ കഴിയുമ്പോൾ മനുഷ്യന്റെ വിശാലമായ ചിന്തകളെല്ലാം ചുരുങ്ങി ചുരുങ്ങി അണുകുടുംബങ്ങളെപ്പോലെ വളരെ ചെറുതായി അവനവനിലേക്കു തന്നെ ഒതുങ്ങിക്കൂടുന്നു...
ആരേയും കുറ്റപ്പെടുത്താനില്ല.വരാനിരിക്കുന്ന കാലത്തിന്റെ ഏതോ അനിവാര്യതയിലേക്ക് നമ്മെ പാകപ്പെടുത്തിയെടുക്കുകയാവാം പ്രകൃതി..!!
സ്വന്തം അനുഭവങ്ങളോടു ചേർത്തു വച്ച ഈ പരിചയപ്പെടുത്തൽ നന്നായി...
ആശംസകൾ....
പിന്നീട് ഓര്മ്മ പുതുക്കാനുള്ള മുതല്ക്കൂട്ടാണല്ലോ ബാല്യം. ഞാനും ബഹുദൂരം പുറകിലേക്ക് സഞ്ചരിച്ചു.
ormakalkku vadatha, kariyatha pachappu......... aashamsakal..........
മധുരമുള്ള ഓര്മ്മകളിലേക്ക് തള്ളിയിട്ടതിന് നന്ദി!
valare nannayi
Post a Comment