Sunday, March 14, 2010

കിട്ടാത്ത മുന്തിരി.

ആലിപ്പഴം

പെറുക്കിയതിനെക്കുറിച്ച്

അമ്മ പലവട്ടം പറഞ്ഞപ്പോൾ

അവനു കൊതി വന്നു.

അതൊരു പഴമല്ലെന്നറിയാമായിരുന്നിട്ടും

അവന്റെ വായിൽ

ഒരു കപ്പലോടിക്കാനുള്ളവെള്ളം നിറഞ്ഞു.

അപ്പൂപ്പൻ താടിയെക്കുറിച്ച്

അമ്മ വാചാലയായപ്പോൾ താഴ്ന്നു

പറക്കുന്ന ഒരു അപ്പൂപ്പൻ താടിയുടെ പിന്നാലെ പായുന്ന

ആറുവയസ്സുകാരനായി അയാൾ.

മഞ്ചാടിക്കുരുവും കുന്നിക്കുരുവുമൊക്കെ പെറുക്കിയെടുക്കുന്ന കാ‍ര്യം പറഞ്ഞപ്പോൾ

കൂനകൂട്ടിയ മഞ്ചാടിക്കുരുവും കുന്നിക്കുരുവുമൊക്കെ

ഉഴിയാൻ അയാളുടെ കൈകൾ തരിച്ചു.

ഇലഞ്ഞിപ്പൂക്കൾ പെറുക്കി മാല കൊരുത്തതിനെക്കുറിച്ചു കേട്ടപ്പോൾ

തന്റെ അടുത്തേയ്ക്ക് സുഗന്ധം ഒഴുകിയെത്തിയതുപോലെ അയാൾക്കു തോന്നി.

വീടിനു ചുറ്റുമുള്ള മണ്ണിൽ തോണ്ടിപ്പരതിക്കിട്ടുന്ന

കുഴിയാനകളെപ്പിടിച്ച് പാവങ്ങളെക്കൊണ്ട്ക്ഷവരപ്പിക്കുന്നതിനെക്കുറിച്ച്

കേട്ടപ്പോൾ അയാൾക്കു നിരാശതോന്നി.

കശുമാമ്പഴവും കശുവണ്ടി ചുട്ടതുമൊക്കെ ആവോളം തിന്ന കഥ അയാൾക്കു രുചിച്ചതേയില്ല.

അണ്ണാറക്കണ്ണനും പൂത്തുമ്പിയും ചിത്രശലഭവുമൊക്കെ

ആർത്തുചിരിയ്ക്കുന്ന മുറ്റത്തെ തേന്മാവിന്റെ

ചാഞ്ഞ കൊമ്പു കുലുക്കി മാമ്പഴം വീഴ്ത്തി

വയറു നിറയെ ശാപ്പിടുന്ന കുട്ടികളെക്കുറിച്ചു കേട്ടപ്പോൾ

അയാൾ അസ്വസ്ഥനായി.

മിനറൽ വാട്ടർ ബോട്ടിലെടുത്ത് ,

കുറച്ചധികം വെള്ളം അകത്താക്കിയശേഷം അയാൾ പറഞ്ഞു.

മതി, മതി,കേട്ടു മടുത്തു. ആർക്കുവേണം പുളിയൻ മാമ്പഴം? എന്റെ അമ്മേ പൊങ്ങച്ചം പറച്ചിൽ

ഒന്നു നിർത്താമോ?”

അമ്മ ചിരിച്ചു. ‘ശരിയാ, മോനേ, കിട്ടാത്ത മുന്തിരി പുളിക്കും .ഞാൻ അവസാനിപ്പിച്ചു.’

4 comments:

അനില്‍@ബ്ലോഗ് // anil said...

അതെയതെ, എന്തിനാ പാവത്തുങ്ങളെ ഇങ്ങനെ കൊതിപ്പിക്കുന്നത്.

sm sadique said...

ഗതകാല സ്മരണകളുടെ നനുത്ത സ്പര്‍ശം .

Manikandan said...

ഇതെല്ലാം അനുഭവിക്കാനും ആസ്വദിക്കാനും സാധിക്കുന്ന ഒരു തലമുറ ഇനി ഉണ്ടാവുമോ? കിട്ടാക്കനിയായി മാറും ചേച്ചി ഈ പറഞ്ഞ വസ്തുതകള്‍ എല്ലാം.

നിരക്ഷരൻ said...

കുറേനാളുകള്‍ കഴിഞ്ഞാല്‍ ഇത് എല്ലാ അര്‍ത്ഥത്തിലും സത്യമായി മാറും. ശരിക്കും പുളിക്കും.