മലയാളിയുടെ നാവിലേക്ക് ‘അടിപൊളി‘ എന്ന വാക്ക് കടന്നു കൂടിയിട്ട് ഒരുപതിറ്റാണ്ടിലേറെയായി.
അടിയും പൊളിയും അടിക്കലും പൊളിക്കലും ഒക്കെ പണ്ടേയുള്ള വാക്കുകളാണെങ്കിലും ,’അടിപൊളി’
എന്ന വേറിട്ട വാക്കു ഭാഷയില്‍ കുറച്ച് കാര്യമായി, അതിലേറെ കളിയായി, അല്പം ഇടം കണ്ടെത്തി
ഇന്നും നിലകൊള്ളുന്നു. പരസ്യ വാചകങ്ങളില്‍,ചലച്ചിത്ര ഗാനങ്ങളില്‍,നിത്യ സംഭാഷണങ്ങളില്‍
എല്ലാം. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് മാതൃഭൂമി ദിനപ്പത്രത്തില്‍ ശ്രീ. കല്പറ്റ നാരായണന്‍
‘മലയാളിയുടെ അടിപൊളി’ എന്നൊരു ലേഖനം എഴുതിയത് വായിച്ചതോര്‍ക്കുന്നു.
1997-ല്‍ ഞാന്‍ യാത്രക്കിടയില്‍ കേട്ട ഒരു സംഭാഷണം.
മധ്യവയസ്കന്‍: ഇവിടെ മഴ എങ്ങനുണ്ടായിരുന്നു കാരണവരേ?
വൃദ്ധന്‍: നല്ല! അടി! പൊളി! മഴയായിരുന്നു കേ..ട്ടോ..!
സത്യം പറഞ്ഞാല്‍ ഈ സംഭാഷണം ആണു എന്നെ ഈ സൃഷ്ടിയിലേക്കു നയിച്ചത്.
‘അടിപൊളി‘ എന്ന വാക്ക് നന്നായി എന്നതിനും അതിശയോക്തി പറയാനും,മറ്റു പല ആശയങ്ങള്‍
കൈമാറാനും അനസ്യൂതം ഉപയോഗിച്ചു വരുമ്പോള്‍ 97-ല്‍ കുറിച്ച വരികള്‍ ബൂലോക സോദരങ്ങള്‍
ക്കായി പബ്ലിഷ് ചെയ്യുന്നു. മനസ്സില്‍ വായിക്കതെ ,ഉച്ചത്തില്‍ ചൊല്ലി അഭിപ്രായം അറിയിക്കണേ...
അടിപൊളി!ആരോ പറഞ്ഞൊരു വാക്ക്, അടിപൊളി
എന്നോ പറഞ്ഞൊരു വാക്ക്, അടിപൊളി
ആരെന്നുമെന്തെന്നുമേതെന്നുമറിയാതെ
ഏതൊരു നാവിലുമേറുന്ന വാക്ക്- അടിപൊളി.
കാതിന്നു മേളമീ കൊച്ചു വാക്ക്
ശ്രോതാക്കളേറ്റുചൊല്ലുന്നവാക്ക്
ഏതോ ‘സിനിമ‘യിലേറിയോ മറ്റോ
‘കോതക്കു പാട്ടാ‘യ് ഭവിച്ച വാക്ക്-അടിപൊളി.
ലേഖകര്‍, ഗാനരചയിതാക്കള്‍ ചില-
കാധി{?}കരുള്‍പ്പെട്ട സാഹിത്യ താരങ്ങള്‍
വാക്കുകള്‍ക്കായി പരതുന്ന നേരത്ത്,
‘സക്കാത്ത്’ വാക്കൊന്നു കോറിയിട്ടു- അടിപൊളി.
കാമ്പസ്സിലാപ്പീസിലമ്പലമുറ്റത്ത്,
പള്ളീടെചാരത്തുമെല്ലായിടത്തുമാ-
രെന്തുപറഞ്ഞാലുമെല്ലാരു-
മോതുന്ന വാക്ക്-അടിപൊളി.
കാലത്തെഴുന്നേറ്റ്, തീപിടിപ്പിച്ചമ്മ
കട്ടനൊരുക്കി വിളിക്കവേയച്ച[?]ന്‍
കട്ടിലേന്നേറ്റുടനക്കാപ്പിയൊന്ന്
ചുണ്ടോടു ചേര്‍ത്തുകൊണ്ടമ്മയോടായ്-“അടി!പൊളി!”
രാവിലെ സ്കൂളിലേക്കോടും കിടാവിന്റെ
കോലവും നോക്കിനിന്നേട്ടനോതീ”അടിപൊളി!”
കോളേജിലായൊരു’ബ്യൂട്ടിയെ’ കണ്ടൊരു
‘കോളിനോസേ’കിയാ ‘ഹീറോ’ ചൊല്ലി-‘അടിപൊളി’
കാലത്തുമുച്ചക്കും വൈകിട്ടുമെല്ലാം
കോലോത്തെയൂണു മടുത്ത തമ്പ്രാന്‍
പട്ടണംതന്നിലെ ‘ബാറോട്ട’ലേറീട്ട്
പട്ടാപ്പകല്‍ മുതല്‍ മദ്യപാനം
പാട്ടുപാടീയയാള്‍,നൃത്തമാടീ..പിന്നെ
ഹോട്ടലിലാകെ മുഴക്കിയോതി “അ..ടി! പോ..ളി!”
പാതിരാവായപ്പോള്‍ കാലുറയ്ക്കാതയാള്‍
പാതയോരത്തു ചെരിഞ്ഞതു കണ്ടൊരാള്‍ - “അടിപൊളി!”
അന്തിക്കു നാമം ജപിക്കാതെ കുട്ടികള്‍
മുന്തിയ ടി.വീടെ മുന്നിലിരുന്നിട്ട്
പന്തു കളിക്കുന്ന ക്യാപ്റ്റന്റെ ബാറ്റിങ്ങി-
ലന്തിച്ചുറക്കെ വിളിച്ചുകൂവി “അടി!പൊളി!”
കാലമേല്‍പ്പിക്കുന്നൊരാഘാതമേറ്റ്
കാലേയമപുരി പൂകുവാനാശിക്കു-
മപ്പൂപ്പനമ്മൂമ്മ എന്നിവരേയവര്‍
അങ്ങേപ്പുറത്തൊരു കോണിലാക്കി
വെറ്റിലച്ചെല്ലം നിറയ്ക്കില്ല
ഒറ്റയ്ക്കിരിക്കുമ്പോള്‍ മിണ്ടില്ലയെങ്കിലും
കൃത്യമായാഹാരമൌഷധമെന്നിവ
നിത്യവും നല്‍കുവാനുണ്ടൊരു ‘ഹോം നഴ്സ്.’
വന്നെങ്കില്‍ ചാരെ പൊന്മക്കളെന്നാല്‍
അന്നേരമുണ്ടൊരു കാഴ്ച തീര്‍ച്ച
തീര്‍ന്ന നിശ്വാസം ഉതിര്‍ന്ന
കണ്ണീരാല്‍ ഒരാള്‍ മറ്റാള്‍ക്കരികേ
ആരുകണ്ടോതുകയില്ലന്നതുകണ്ട്
ചാരുതയേറുന്ന പേരക്കിടാവൊരാള്‍ -“അടിപൊളി!”
അടിപൊളി മുത്തശ്ശി പോയേ..........
നന്നായടിച്ചുപൊളിച്ചു പിരിഞ്ഞു പോയേ!!!!!!!