Monday, August 31, 2009

ഓണം ഓർമ്മയിൽ...

ഓണം ഓർമ്മയാണെനിയ്ക്ക്,
ഓരോ ചിങ്ങത്തിലും തികട്ടി വരുന്ന ഓർമ്മ.
അത്തപ്പൂക്കളമൊരുക്കാൻ തൊടിയിലും പാടത്തും
പരതിനടക്കുന്ന പാവാടക്കാരിയുടെ ഓർമ്മ.
വള്ളിനിക്കറിട്ട് , അവളോട് വഴക്കടിച്ചുംകളിച്ചും ചിരിച്ചും
കിതച്ചു പായുന്ന
കുഞ്ഞാങ്ങളയുടെ ഓർമ്മ.
ഇളയത്തുങ്ങളെ ഭരിച്ചും ചമഞ്ഞും
ജ്വലിയ്ക്കുന്ന ചേച്ചിക്കുട്ടിയുടെ ഓർമ്മ.
അമ്മക്കൈ ചൊരിയുന്ന
കാച്ചെണ്ണയിൽ ആദ്യം,
പിന്നെ തൊടിയിലെ കിണറിലെ കുളിർവെള്ളത്തിലും
നീരാടിയാർദ്രരായെത്തുന്നതോർമ്മ.
ചെത്തിയും തുമ്പയും ചെമ്പരുത്തീ പോര
കാട്ടിലെപ്പൂക്കളും ചെർന്നൊരാപ്പൂക്കളം തീർക്കുന്നതോർമ്മ.
‘മാവേലി നാടുവാണീടുന്ന’ പാട്ടുകൾ
പാടിത്തിമർക്കുന്നതോർമ്മ.
‘അമ്പലം കണ്ടുഞാനന്തം മറിഞ്ഞു’ വെന്നാർത്തുകൊണ്ടോമലാൾ
തുമ്പി തുള്ളുന്നതും ഓർമ്മ.
മുറ്റത്തു തീർത്ത കളത്തിലോ ഞൊണ്ടിഞാൻ
‘അക്കു’ കളിയ്ക്കുന്നതോർമ്മ.
പഞ്ചാര ,പാമോയിൽ, ആട്ടയെന്നീത്തരമൊട്ടേറെ വാങ്ങുവാൻ,
പച്ചക്കറികളും പായസ്സക്കൂട്ടതും
തുച്ഛവിലയ്ക്കുലഭിക്കുവാൻ
മാവേലിസ്റ്റോറിലേയ്ക്കോടുന്നതോർമ്മ.
അച്ഛന്റെ അഡ്വാൻസിന്റെ പാതിയും
കോടിയായ് വീട്ടിലേയ്ക്കെത്തുന്നതോർമ്മ.
ഉച്ചയ്ക്കു കൂമ്പിലയിട്ടെന്റെയമ്മേടെ
കൈപ്പുണ്യമെന്തെന്നറിയുന്നതോർമ്മ.
സാമ്പാറുമവിയലുമോലനും കാളനും തോരനും
ഉപ്പേരി ,പച്ചടി, കിച്ചടി,പച്ചമോരെരിശേരി
ചെറുപഴം പപ്പടം പായസ്സം കൂട്ടിയുള്ളൂണതുമോർമ്മ.
തെക്കേലെ മൂവാണ്ടൻ മാവിന്റെകൊമ്പിലെ
ഊഞ്ഞാലിലാഞ്ഞിരുന്നാടുന്നതോർമ്മ.
അമ്മമാർ ചേച്ചിമാരെല്ലാത്തരക്കാരും
കൈകൊട്ടിപ്പാടുന്നൊരോർമ്മ.
പാട്ടിന്നു താളമിട്ടെന്റെ തലമുറ കുമ്മിയടിയ്ക്കണതോർമ്മ.
പ്രായം മറന്നതും നാണം കളഞ്ഞതും നാരിമാരെന്നതുമോർമ്മ.
ആണുങ്ങളായവരാർപ്പുവിളിയുമായ്
വഞ്ചിതുഴയുന്നതോർമ്മ.
കൊയ്ത്തുപാടത്തൊരു മൈതാനമുണ്ടാക്കി
പന്തുകളിയ്ക്കുന്നതോർമ്മ.
നാട്ടിലെ ടാക്കീസിലച്ഛനുമമ്മയും
പിള്ളേരുമെത്തുന്നതോർമ്മ.
ഓണത്തിനേറെയും മാനുഷപ്പുലികളെൻ
നാട്ടിൻപുറത്തു കളിയ്ക്കുന്നതോർമ്മ.
മൂവന്തിക്കള്ളിനാൽ ഉന്മത്തരായവർ
പാതേടെവീതിയളക്കുന്നതോർമ്മ.
കോടിയുടുത്തൊരു മുത്തശ്ശിയമ്മയെ
താങ്ങിപ്പിടിയ്ക്കുന്നതുമോർമ്മ
മുത്തശ്ശി തന്നൊരു മുത്തവുമൊത്തിരി
കേൾക്കാക്കഥകളുമോർമ്മ.
പാണനെപ്പോലൊരു പാവത്താനെന്നുടെ
ഓണവീടെത്തുന്നതോർമ്മ.
സന്ധ്യയ്ക്കു വീട്ടിലെച്ചുറ്റുവിളക്കിന്റെയരികത്തു
വയ്ക്കുന്ന മുറിയിലയ്ക്കുള്ളിലെ പായസ്സച്ചോറെല്ലാം
സദ്യയാക്കുന്നൊരാകുഞ്ഞെറുമ്പെല്ലാമിന്നോർമ്മ.
ഓണനാൾ മൂവന്തി നാമജപത്തിനു
മേളക്കൊഴുപ്പുള്ളതോർമ്മ.
ഉച്ചയ്ക്കു വച്ചതും വൈകിട്ടു വച്ചതുമൊക്കെയും ചേർന്നുള്ള
അത്താഴത്തിന്റെ സ്വാദുമെനിയ്ക്കിന്നൊരോർമ്മ.
മെത്തകളൊക്കെയും മൊത്തമായ്
താഴത്തു ചേർത്തുവിരിയ്ക്കുന്നതോർമ്മ.
മെത്തമേലങ്ങേലെമിങ്ങേലേംകുട്ടികൾ
ആർത്തലച്ചങ്ങനെകുത്തിമറിഞ്ഞു
കളിച്ചുംതിമർത്തുമുറങ്ങുന്നതെപ്പൊഴാ
എന്നതുമാത്രം എനിയ്ക്കിന്നുമോർമ്മയില്ല.

16 comments:

Lathika subhash said...

“ഓണം ഓർമ്മയാണെനിയ്ക്ക്,
ഓരോ ചിങ്ങത്തിലും തികട്ടി വരുന്ന ഓർമ്മ.
അത്തപ്പൂക്കളമൊരുക്കാൻ തൊടിയിലും പാടത്തും
പരതിനടക്കുന്ന പാവാടക്കാരിയുടെ ഓർമ്മ.”
എന്റെ പ്രിയപ്പെട്ട ബൂലോക സഹോദരങ്ങൾക്കെല്ലാം നന്മനിറഞ്ഞ ഓണാശംസകൾ സ്നേഹപൂർവം അർപ്പിയ്ക്കുന്നു.

പ്രിയ said...

ആ തുമ്പിതുള്ളലും വള്ളം കളിയുമൊഴികെ ബാക്കിയെല്ലാം എന്റെയും ഓര്‍മ്മ :)

ഇത്രയും കുറച്ചു വരികളിലൂടെ മൊത്തത്തിലാ കാലത്തിലേക്കൊന്നു ഞാനും പോയ് വന്നപോലെ, ലതിചേച്ചി :)

Unknown said...

ഓര്‍മ്മകള്‍ ഒരുപാടുണ്ടല്ലോ.......

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പഴയ ഓർമ്മകളിൽക്കൂടി ഒരിക്കൽ കൂടി സഞ്ചരിക്കാൻ ഈ വരികൾ സഹായിച്ചു...

നന്ദി..ഓണാശംസകൾ!

siva // ശിവ said...

നന്മ നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു.....

ബിന്ദു കെ പി said...

ഓർമ്മകളെല്ലാം ഈ വരികളിൽ എത്ര ഭംഗിയായി അടുക്കിവച്ചിരിയ്ക്കുന്നു..!!സന്തോഷം ചേച്ചീ..മനസ്സു നിറഞ്ഞു..
ചേച്ചിയ്ക്കും കുടുംബത്തിനും നല്ലൊരു ഓണം ആശംസിയ്ക്കുന്നു...

pandavas... said...

ഓര്‍മ്മ സദ്ദ്യ.......

വയനാടന്‍ said...

ഹൃദ്യമായിരിക്കുന്നു ഓർമ്മകൾ
ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു

മാണിക്യം said...

സന്തോഷത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും
സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും
നിറവോടെയുള്ള ഒരോണാശംസ നേരുന്നു

കണ്ണനുണ്ണി said...

ഇന്ന് വന്നു പടിവാതില്‍ക്കല്‍ നില്‍ക്കുന്ന ഓണത്തേക്കാള്‍ എനിക്കിഷ്ടം ഇന്നലെ ഊഞ്ഞാലാടിയും, ഓടി തൊട്ടു കളിച്ചും, തുമ്പയും മുക്കുറ്റിയും പറിച്ചും.... ചിരിച്ചും കരഞ്ഞും ജീവിച്ചു തീര്‍ത്ത ഓണങ്ങലായിരുന്നു... :(

അനില്‍@ബ്ലോഗ് // anil said...

നിര്‍വ്വികാരതയോടെയാണ് നഷ്ടങ്ങളേക്കുറിച്ച് ഓര്‍ക്കാറ്, അതിനാല്‍ ഒന്നും മനസ്സില്‍ തട്ടുന്നേ ഇല്ല.
ആശംസകള്‍ ചേച്ചീ.

ബൈജു സുല്‍ത്താന്‍ said...

ഓണാശംസകള്‍..മാവേലീ..

പാവപ്പെട്ടവൻ said...

ഓര്‍മയിലെ ഓണത്തിനെ സുഖനിനവോടെ അടുക്കിവെച്ചിരിക്കുന്നു നിറപൊലിമയാല്‍ ഇന്നും ആ ഓണം മനോഹരം നിറമുള്ള ഒരു ഓണാശംസ എന്‍റെവക ഇരിക്കട്ടെ

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ഗതകാലങ്ങളിലെ ഓണം മധുരിക്കുന്ന സ്മരണകളാണ്.ലതിക എന്റെ ഓര്‍മ്മകളേയും റിവേര്‍സില്‍ പിറകോട്ട് ഓടിച്ചു.ഒത്തിരി ഒത്തിരി നന്ദി.....
“ലതികയ്കും കുടുംബത്തിനും എന്റെ വക ഓണാശംസകള്‍......!!!

വികടശിരോമണി said...

ഒരൊപ്പിടാം,
നെടുവീർപ്പിടാം,
തിരിച്ചുപോകാം.

Sapna Anu B.George said...

Beautiful poem Lathi,been though all 4 of your blogs but due to some technical reaosn i cannot write comment in malayalam,great to meet you greet you and read your words.