Monday, August 31, 2009

ഓണം ഓർമ്മയിൽ...

ഓണം ഓർമ്മയാണെനിയ്ക്ക്,
ഓരോ ചിങ്ങത്തിലും തികട്ടി വരുന്ന ഓർമ്മ.
അത്തപ്പൂക്കളമൊരുക്കാൻ തൊടിയിലും പാടത്തും
പരതിനടക്കുന്ന പാവാടക്കാരിയുടെ ഓർമ്മ.
വള്ളിനിക്കറിട്ട് , അവളോട് വഴക്കടിച്ചുംകളിച്ചും ചിരിച്ചും
കിതച്ചു പായുന്ന
കുഞ്ഞാങ്ങളയുടെ ഓർമ്മ.
ഇളയത്തുങ്ങളെ ഭരിച്ചും ചമഞ്ഞും
ജ്വലിയ്ക്കുന്ന ചേച്ചിക്കുട്ടിയുടെ ഓർമ്മ.
അമ്മക്കൈ ചൊരിയുന്ന
കാച്ചെണ്ണയിൽ ആദ്യം,
പിന്നെ തൊടിയിലെ കിണറിലെ കുളിർവെള്ളത്തിലും
നീരാടിയാർദ്രരായെത്തുന്നതോർമ്മ.
ചെത്തിയും തുമ്പയും ചെമ്പരുത്തീ പോര
കാട്ടിലെപ്പൂക്കളും ചെർന്നൊരാപ്പൂക്കളം തീർക്കുന്നതോർമ്മ.
‘മാവേലി നാടുവാണീടുന്ന’ പാട്ടുകൾ
പാടിത്തിമർക്കുന്നതോർമ്മ.
‘അമ്പലം കണ്ടുഞാനന്തം മറിഞ്ഞു’ വെന്നാർത്തുകൊണ്ടോമലാൾ
തുമ്പി തുള്ളുന്നതും ഓർമ്മ.
മുറ്റത്തു തീർത്ത കളത്തിലോ ഞൊണ്ടിഞാൻ
‘അക്കു’ കളിയ്ക്കുന്നതോർമ്മ.
പഞ്ചാര ,പാമോയിൽ, ആട്ടയെന്നീത്തരമൊട്ടേറെ വാങ്ങുവാൻ,
പച്ചക്കറികളും പായസ്സക്കൂട്ടതും
തുച്ഛവിലയ്ക്കുലഭിക്കുവാൻ
മാവേലിസ്റ്റോറിലേയ്ക്കോടുന്നതോർമ്മ.
അച്ഛന്റെ അഡ്വാൻസിന്റെ പാതിയും
കോടിയായ് വീട്ടിലേയ്ക്കെത്തുന്നതോർമ്മ.
ഉച്ചയ്ക്കു കൂമ്പിലയിട്ടെന്റെയമ്മേടെ
കൈപ്പുണ്യമെന്തെന്നറിയുന്നതോർമ്മ.
സാമ്പാറുമവിയലുമോലനും കാളനും തോരനും
ഉപ്പേരി ,പച്ചടി, കിച്ചടി,പച്ചമോരെരിശേരി
ചെറുപഴം പപ്പടം പായസ്സം കൂട്ടിയുള്ളൂണതുമോർമ്മ.
തെക്കേലെ മൂവാണ്ടൻ മാവിന്റെകൊമ്പിലെ
ഊഞ്ഞാലിലാഞ്ഞിരുന്നാടുന്നതോർമ്മ.
അമ്മമാർ ചേച്ചിമാരെല്ലാത്തരക്കാരും
കൈകൊട്ടിപ്പാടുന്നൊരോർമ്മ.
പാട്ടിന്നു താളമിട്ടെന്റെ തലമുറ കുമ്മിയടിയ്ക്കണതോർമ്മ.
പ്രായം മറന്നതും നാണം കളഞ്ഞതും നാരിമാരെന്നതുമോർമ്മ.
ആണുങ്ങളായവരാർപ്പുവിളിയുമായ്
വഞ്ചിതുഴയുന്നതോർമ്മ.
കൊയ്ത്തുപാടത്തൊരു മൈതാനമുണ്ടാക്കി
പന്തുകളിയ്ക്കുന്നതോർമ്മ.
നാട്ടിലെ ടാക്കീസിലച്ഛനുമമ്മയും
പിള്ളേരുമെത്തുന്നതോർമ്മ.
ഓണത്തിനേറെയും മാനുഷപ്പുലികളെൻ
നാട്ടിൻപുറത്തു കളിയ്ക്കുന്നതോർമ്മ.
മൂവന്തിക്കള്ളിനാൽ ഉന്മത്തരായവർ
പാതേടെവീതിയളക്കുന്നതോർമ്മ.
കോടിയുടുത്തൊരു മുത്തശ്ശിയമ്മയെ
താങ്ങിപ്പിടിയ്ക്കുന്നതുമോർമ്മ
മുത്തശ്ശി തന്നൊരു മുത്തവുമൊത്തിരി
കേൾക്കാക്കഥകളുമോർമ്മ.
പാണനെപ്പോലൊരു പാവത്താനെന്നുടെ
ഓണവീടെത്തുന്നതോർമ്മ.
സന്ധ്യയ്ക്കു വീട്ടിലെച്ചുറ്റുവിളക്കിന്റെയരികത്തു
വയ്ക്കുന്ന മുറിയിലയ്ക്കുള്ളിലെ പായസ്സച്ചോറെല്ലാം
സദ്യയാക്കുന്നൊരാകുഞ്ഞെറുമ്പെല്ലാമിന്നോർമ്മ.
ഓണനാൾ മൂവന്തി നാമജപത്തിനു
മേളക്കൊഴുപ്പുള്ളതോർമ്മ.
ഉച്ചയ്ക്കു വച്ചതും വൈകിട്ടു വച്ചതുമൊക്കെയും ചേർന്നുള്ള
അത്താഴത്തിന്റെ സ്വാദുമെനിയ്ക്കിന്നൊരോർമ്മ.
മെത്തകളൊക്കെയും മൊത്തമായ്
താഴത്തു ചേർത്തുവിരിയ്ക്കുന്നതോർമ്മ.
മെത്തമേലങ്ങേലെമിങ്ങേലേംകുട്ടികൾ
ആർത്തലച്ചങ്ങനെകുത്തിമറിഞ്ഞു
കളിച്ചുംതിമർത്തുമുറങ്ങുന്നതെപ്പൊഴാ
എന്നതുമാത്രം എനിയ്ക്കിന്നുമോർമ്മയില്ല.

Wednesday, August 5, 2009

കൌമുദിടീച്ചറിനു പ്രണാമം.

http://www.hindu.com/2006/10/05/images/2006100512170301.jpg


ഗാന്ധിജിയുടെ വടകര സമ്മേളനത്തിൽ വച്ച്
ഹരിജനോദ്ധാരണ ഫണ്ടിലേയ്ക്ക്
തന്റെ സ്വർണ്ണാഭരണങ്ങളെല്ലാം സംഭാവന ചെയ്ത്
മഹാത്മാവിന്റെ മനസ്സിലും അതുവഴി ജനഹൃദയങ്ങളിലും
കയറിക്കൂടിയ ‘കൊച്ചു കൌമുദി’യാത്രയായി।
കണ്ണൂരിലെ കാടാച്ചിറയിലെ ഉദയപുരം വീട്ടിൽ
സഹോദരൻ പ്രഭാകരൻ നമ്പ്യാരോടൊപ്പമായിരുന്നു താമസിച്ചിരുന്നത്।
വാർദ്ധക്യസഹജമായ അസുഖത്താൽ ഇന്നലെ വൈകിട്ട്
അന്തരിച്ച കൌമുദി ടീച്ചറിന്റെ മരണാനന്തര ചടങ്ങുകൾ
ഔദ്യോഗിക ബഹുമതികളോടെ ഇന്നു രാവിലെ പതിനൊന്നിനു
വീട്ടുവളപ്പിൽ നടക്കും।
ആഭരണങ്ങൾ ദാനം ചെയ്ത പതിനേഴുകാരി
ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച്
ഹിന്ദി അദ്ധ്യാപികയായി।
സ്വർണ്ണാഭരണം ഇനി അണിയില്ല എന്നു ഗാന്ധിജിയ്ക്കു
കൊടുത്ത വാക്കു പാലിയ്ക്കാനെന്നോണം അവിവാഹിതയായി
തുടർന്നു। അദ്ധ്യാപക വൃത്തിയിൽ നിന്നും വിരമിച്ചിട്ടും
തന്നെ തേടിയെത്തിയ നൂറുകണക്കിന്
കുട്ടികൾക്ക് ഹിന്ദി പരിചയപ്പെടുത്തിക്കൊണ്ടേയിരുന്നു।
ത്യാഗമാണ് ഏറ്റവും വലിയ ആഭരണമെന്നു തെളിയിച്ച
കൌമുദി ടീച്ചറിന്റെ ചെയ്തികൾക്ക് ഏറ്റം പ്രസക്തിയുള്ള
കാലഘട്ടമാണിത്।
സ്വർണ്ണാഭരണങ്ങളുടെ മായക്കാഴ്ചയോ
പരസ്യങ്ങളുടെ പളപളപ്പോ
സ്വർണ്ണക്കവർച്ചയോ
പിടിച്ചുപറിയോ
മാറ്റുരച്ചുനോക്കലോ
മുക്കുപണ്ടങ്ങളോ ഇല്ലാത്ത
ലോകത്തേയ്ക്ക്
യാത്രയായ
പ്രിയപ്പെട്ട
കൌമുദിടീച്ചറിന്
ആദരാഞ്ജലികൾ!