


ഞാനന്ന് എം. എ. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി. ഞങ്ങള്‍ കോളജില്‍ എത്തി ഒന്നു രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോളാണാ വിവരം അറിഞ്ഞത്. പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി വെടിയേറ്റു മരിച്ചു. രാഷ്ട്രം സ്തബ്ധയായി നില്ക്കുമ്പോള്, എവിടെയും അക്രമം. ഇന്ത്യയിലെങ്ങും പ്രശ്നങ്ങള്‍. കേരളത്തില്‍ ഹര്‍ത്താല്‍. ഒരു വാഹനം പോലും പോകാനനുവദിക്കുന്നില്ല. ഞങ്ങള്‍ നടന്ന് ബസ് സ്റ്റോപ്പിലെത്തി. ശരിയാണ് , വാഹനങ്ങളൊന്നും ഓടുന്നില്ല. ചില സ്വകാര്യ വാഹനങ്ങള്‍ ഒഴികെ മറ്റൊരു വാഹനവും കാണാനില്ല. വിദ്യാര്‍ത്ഥികളും സ്ത്രീകളും മറ്റും അവനവന്റെ വീടുകളിലെത്താന്‍ പരക്കം പായുന്നു.
കോട്ടയത്തുനിന്നും പതിനഞ്ചു കിലോമീറ്ററോളം ദൂരമുണ്ട് വീട്ടിലേയ്ക്ക്. നടന്നേ പറ്റൂ. ഞാനും കൂട്ടുകാരി മിനിയും പരിഭ്രമിച്ചു. ഇന്നത്തെപ്പോലെ ടെലിഫോണ്‍ സൌകര്യമൊന്നും എത്തിയിട്ടില്ല. ഞാനും മിനിയും നടന്നു തുടങ്ങി. ഒറ്റപ്പെട്ട വാഹനങ്ങള്‍ പോകുന്നതു പോലും ചിലയിടങ്ങളില്‍ തടയുന്നു. ഓരോ സ്ഥലവും പിന്നിട്ട്, ഞങ്ങള്‍ ചെറിയ ചെറിയ ആള്‍ക്കൂട്ടങ്ങളെ പിന്നിട്ട് നടന്നു കൊണ്ടേയിരുന്നു.
ഇന്ദിരാജിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. വഴിയിലൊക്കെ ആളുകള്‍ ആശങ്കയോടെ കൂട്ടം കൂടി നില്ക്കുന്നു. വീട്ടില്‍ അമ്മ വിഷമിക്കും. പതിവില്ലാത്ത നടത്തം ഞങ്ങളെ ക്ഷീണിതരാക്കിയിരുന്നു. ഉച്ച ഭക്ഷണം പൊതിഞ്ഞത് കൈയ്യിലുണ്ട്. വിശപ്പും ദാഹവും ഒരു വശത്ത്.
വിവരങ്ങള്‍ അറിയാനാവാത്തതിലുള്ള തിക്കുമുട്ടല്‍ മറ്റൊരു വശത്ത്. മിനി ഏറ്റുമാനൂരില്‍ നിന്നും വേറേ വഴിക്കും ഞാന്‍ പാലാ റോഡിലൂടെ ഞങ്ങളുടെ ഗ്രാമത്തിലേയ്ക്കും പിരിഞ്ഞു. ഇത്ര ദൂരം ഒറ്റയടിയ്ക്ക് നടന്നത് ആദ്യമാണെന്നു തോന്നുന്നു.
ഒറ്റയ്ക്ക് ഞങ്ങളുടെ ഗ്രാമ പാതയിലേയ്ക്കു തിരിഞ്ഞപ്പോള്‍ പണ്ട് ഇന്ദിരാഗാന്ധി പാലായില്‍ വന്നതും സ്കൂളില്‍ നിന്നും ഞങ്ങള്‍ അവിടെ പോയതും, ആയിരങ്ങളുടെ ഇടയില്‍ നിന്ന് പ്രിയദര്‍ശിനിയെ ഒരു നോക്കു കണ്ടതുമൊക്കെ ഞാനോര്‍ത്തു.
വീട്ടിലെത്തിയപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നത്. സ്വന്തം അംഗ രക്ഷകരുടെ വെടിയേറ്റ് മരണപ്പേടേണ്ടി വന്ന പ്രധാന മന്ത്രിയെക്കുറിച്ചോര്‍ത്തപ്പോള്‍ കൂടുതല്‍ വിഷമം തോന്നി. രാഷ്ട്രത്തിന്റെ ദു:ഖാചരണം. റേഡിയോയിലും ദൂരദര്‍ശനിലുമൊക്കെ വിഷാദം അലയടിക്കുന്ന ഉപകരണ സംഗീതം. ഇടയ്ക്ക് പ്രത്യേക വാര്‍ത്താ ബുള്ളറ്റിനുകളും.
വീട്ടിലും നാട്ടിലും എല്ലാവര്ക്കും ഒന്നേ പറയാനുള്ളൂ. ഇന്ദിരാജിയെക്കുറിച്ച്. സമയം ഒത്തിരിയായി.
ഉച്ച ഭക്ഷണപ്പൊതിയഴിച്ച് കോഴികള്‍ക്ക് കൊടുത്തു. മറ്റൊന്നും കഴിക്കാനാവുന്നില്ല. വല്ലാത്ത ക്ഷീണവും. അമ്മ ഞങ്ങള്‍ ഇത്ര ദൂരം നടന്നതിനെക്കുറിച്ച് ചോദിച്ചു കൊണ്ടിരുന്നു.അയല്‍ പക്കത്തെ സ്ത്രീകള്‍ എല്ലാവരും കൂട്ടം കൂടി നിന്ന് ഇന്ദിരാജിയെക്കുറിച്ച് പറയുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം വിഷമം.
രാഷ്ടീയ നേതാവ് എന്ന നിലയില്‍ എതിര് വിഭാഗക്കാരുടെ വിമര്‍ശനങ്ങളും അടിയന്തരാവസ്ഥക്കാലത്തെ എതിര്‍പ്പുകളുമൊക്കെ ഉണ്ടെങ്കിലും ഈ വേര്‍പാട് എല്ലാവരെയും വല്ലാതെ വേദനിപ്പിച്ചു.
1984 ഒക്ടോബര്‍ 31ലെ അനുഭവം. ഇപ്പോഴും എല്ലാം ഓര്‍ക്കുന്നു ഞാന്‍. ഒന്നും മറക്കാനാവുന്നില്ല.
ആ ദിവസത്തെ ഈ ഓര്‍മ്മകള്‍ മരിക്കില്ല. രാഷ്ട്ര മാതാവ് ഇന്ദിരാജിയെക്കുറിച്ചുള്ള ഓര്‍മ്മകളും.
ജവഹര്‍ലാലിന്റെ, പിന്നെ ഇന്ത്യയുടെയും, പിന്നീട് ലോകത്തിന്റെയും പ്രിയദര്‍ശിനി 1917 നവം

ബോംബെ സര്‍വകലാശാലയുടെ മട്രിക്കുലേഷന് ജയിച്ച ഇന്ദിരയ്ക്ക് ശാന്തി നികേതനിലെയും ഓക്സ്ഫോര്‍ഡിലെയുമൊക്കെ വിദ്യാഭ്യാസമാണ് പിന്നീട് ലഭിച്ചത്. ചെറിയ കുട്ടികളെ സംഘടിപ്പിച്ചു കൊണ്ട്, കുട്ടിക്കാലത്ത് ഇന്ദിര രൂപീകരിച്ച ‘വാനര സേന’ മുതിര്‍ന്ന സമര നേതാക്കള്‍ക്ക് സഹായകമായി. അമ്മയുടെ അസുഖവും, അച്ഛന്റെ നിരന്തരമായ ജയില്‍ വാസവും ഇന്ദിരയെ തളര്‍ത്തിയില്ല. ‘അച്ഛന് മകള്‍ക്കയച്ച കത്തുകള്‍ ’എന്ന പേരില്‍, പില്ക്കാലത്ത് പ്രസിദ്ധീകരിച്ച കത്തുകള്‍ പ്രിയ ദര്‍ശിനിയ്ക്ക് ലഭിച്ചു കൊണ്ടിരുന്നു. രോഗ ശയ്യയിലായിരുന്ന അമ്മ (കമലാ നെഹ്രു) 1936 ല്‍ മരിച്ചു. 1938-ല്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ഇന്ദിര 1941 -ല്‍ ഭാരത സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയായി. 1942 മാര്‍ച്ച് 16ന് സ്വാതന്ത്യ സമര സേനാനിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഫിറോസുമായുള്ള പ്രണയവിവാഹം . ക്വിറ്റ് ഇന്‍ഡ്യാ സമരത്തില്‍ പങ്കാളികളായതിനാല്‍ ഇരുവര്‍ക്കും വൈകാതെ ജയില്‍ വാസം ലഭിച്ചു. ഇന്ദിരാഗാന്ധി 243 ദിവസം ജയിലില്‍ കഴിഞ്ഞു. സ്വാതന്ത്ര്യ ലബ്ധിയോടനുബന്ധിച്ചു നടന്ന ഇന്ത്യാ വിഭജന സമയത്ത് ഇന്ദിര, പാക്കിസ്ഥാനില്‍ നിന്നെത്തിയ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി അഹോരാത്രം ക്യാമ്പുകളില്‍ സേവനം അനുഷ്ടിച്ചു. 1944-ല്‍ രാജീവും 1946-ല്‍ സഞ്ജയും ജനിച്ചു.
നെഹ്രു പ്രധാന മന്ത്രിയായിരുന്ന സമയത്ത്, ഇന്ദിരയും മക്കളും തീന്മൂര്ത്തീ ഭവനിലായിരുന്നെങ്കിലും കുറച്ചു കാലം ഫിറോസുമായി അകന്നു കഴിഞ്ഞു. പോരാട്ടക്കാരനായിരുന്ന ഫിറോസ് നല്ലൊരു പാര്‍ലമെന്റേറിയനായി മാറി. 1958-ല്‍ ഫിറോസിന് ഹൃദ്രോഗ ബാധയുണ്ടായപ്പോള്‍ ഈ ദമ്പതികളുടെ മനസ്സുകള്‍ തമ്മിലുള്ള അകല്‍ച്ച കുറഞ്ഞു. 1960ല്‍ ഫിറോസ് ഇഹലോക വാസം വെടിഞ്ഞു. അപ്പോള്‍ ഇന്ദിര നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ് ആയിരുന്നു. 1964 മെയ് 27-ന് ജവഹര്‍ലാലും യാത്രയായി. പിതാവിന്റെ മരണശേഷം ഇന്ദിര രാജ്യ സഭാംഗമായി. പിന്നീട് ലാല്‍ ബഹദൂര്‍ ശാസ്ത്രി മന്ത്രിസഭയില്‍ വാര്‍ത്താ വിതരണ വകുപ്പു മന്ത്രിയായി. 1966-ല്‍ ശാസ്ത്രിയുടെ നിര്യാണത്തെത്തുടര്‍ന്ന് പ്രധാന മന്ത്രിയായി. 1969-ല്‍ കോണ്‍ഗ്രസ് പിളര്‍ന്നു. 1971- ലെ പൊതു തിരഞ്ഞെടുപ്പില്‍ ഇന്ദിരാ വിഭാഗത്തിന് മേല്‍ക്കൈ ലഭിച്ചതിനാല്‍ അവര്‍ തന്നെ പ്രധാനമന്ത്രിയായി.
നെഹ്രു പിന്തുടര്ന്നു പോന്ന വിദേശ നയത്തില്‍ ഉറച്ചു നില്‍ക്കാനും ചേരി ചേരാ രാഷ്ട്രങ്ങളുടെ താല്പര്യം സംരക്ഷിക്കാനും ഇന്ദിരാ ഗാന്ധി ശ്രമിച്ചു. അസ്വതന്ത്ര രാഷ്ട്രങ്ങളുടെ സമരങ്ങള്‍ക്ക് ഇന്ദിര പിന്തുണ കൊടുത്തു. സാമ്രാജ്യ ശക്തികളുടെ ദുര്‍മോഹങ്ങളെ ചെറുക്കുവാനും അന്ന് ഇന്ത്യ ശ്രമിച്ചു.1973-ല്‍ ചേരിചേരാ രാഷ്ടങ്ങളുടെ അദ്ധ്യക്ഷയായി. 1972-ല്‍ രാഷ്ട്രത്തിന്റെ ഏറ്റവും വലിയ പുരസ്കാരമായ ‘ഭാരത രത്നം’ ഇന്ദിരയ്ക്കു ലഭിച്ചു. ആഭ്യന്തരമായി നിരവധി പ്രശ്നങ്ങളെ ഇന്ദിരാ ഗാന്ധിയ്ക്ക് നേരിടേണ്ടി വന്നു. വിലക്കയറ്റം നിയന്ത്രണാതീതമായി. രാഷ്ടീയമായ പ്രശ്നങ്ങളും കൂടി വന്നു.
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ എതിര്‍പ്പുകള്‍ കൂടി. ഉദ്യോഗസ്ഥ തലത്തില്‍ അഴിമതി കൂടിയെന്ന പരാതിയുണ്ടായി. പല സ്വാതന്ത്ര്യങ്ങളും നഷ്ടപ്പെട്ടപ്പോള്‍ ഗവണ്മെന്റിനെ എതിര്‍ക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. 1977-ലെ ആറാം ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി തോറ്റു.
1980-ല്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസ്(ഇന്ദിര) വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചു. ഇന്ദിരാ ഗാന്ധി വീണ്ടും പ്രധാന മന്ത്രിയായി.
ഏതു പ്രധാന കാര്യങ്ങളിലും വേഗം തീരുമാന മെടുക്കാന് കഴിഞ്ഞിരുന്ന നേതാവാണ് ഇന്ദിരാഗാന്ധി. ഇന്ദിരയുടെ ബാങ്ക് ദേശസാല്‍ക്കരണം ഇന്ത്യയെ ഇന്നും പ്രതിസന്ധിയില്‍പ്പെടാതെ നില്ക്കാന് സഹായിക്കുന്നു. സിക്കിമിന്റെ പ്രത്യേക പദവി അവസാനിപ്പിച്ച് ഇന്ത്യയുടെ ഒരു സംസ്ഥാനമാക്കി. ബംഗ്ലാദേശിന്റെ വിമോചനത്തിനായി അങ്ങോട്ട് സൈന്യത്തെ അയച്ചു സഹായിക്കാനും ഇന്ദിര മടിച്ചില്ല. അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രം, സിഖുകാര്‍ തങ്ങളുടെ ആയുധശാലയ്ക്കായി ദുരുപയോഗപ്പെടുത്തിയപ്പോള്‍ , പട്ടാളത്തെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ച് ആയുധങ്ങള്‍ നീക്കം ചെയ്തു.
മതാന്ധന്മാര് ഇന്ദിരയെ വധിക്കാന്‍ ഇതുമൊരു കാരണമാക്കിയത്രേ.
ഇന്ത്യയെ സ്നേഹിച്ച്, ഇന്ത്യയ്ക്കു വേണ്ടി മരിക്കാന്‍ തയ്യാറായ ഇന്ദിരാ ഗാന്ധി സദാ കര്‍മ്മ നിരതയായിരുന്നു.
ഇന്ത്യയെന്നാല്‍ ഇന്ദിരയാണെന്ന് ഇന്ത്യന്‍ ജനതയെക്കൊണ്ട് പറയിച്ച വ്യക്തിത്വമാണത്. ആധുനിക ഇന്‍ഡ്യയുടെ ചരിത്രത്തില്‍ ഏറ്റവുമധികം ആവര്‍ത്തിക്കപ്പെട്ട പേരും ശ്രീമതി ഗാന്ധിയുടേതാണ്. ഭുവനേശ്വറില്‍ നടത്തിയ അവസാന പ്രസംഗത്തെക്കുറിച്ച് വാര്‍ത്താ മാധ്യമങ്ങളും പിറ്റേന്നത്തെ പത്രങ്ങളും എടുത്തു പറഞ്ഞിരുന്നത് ആരും മറക്കില്ല.
അങ്ങനെ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി, ഇന്ദിരാജി തന്റെ ഓരോ തുള്ളി രക്തവും ബലിയര്‍പ്പിച്ചു.

"Even if I die for the service of the nation, I shall be proud of it. Every drop of my blood, I am sure, will contribute to the growth of this nation and makes it strong and dynamic."
ഒറീസ്സയിലെ ഭുവനേശ്വറില്‍ നടത്തിയ ആ പ്രസംഗം ഒന്നര മണിക്കൂര്‍ നീണ്ടത്രേ. അറം പറ്റിയ വാക്കുകള്‍..... ഒരു ജനതയുടെ കണ്ണുകളെ എക്കാലവും ഈറനണിയിക്കാന്‍ പര്യാപ്തമായിരുന്നു ആ വാക്കുകളിലെ ആത്മാര്‍ത്ഥത. .ഇരുപത്തിനാലു വര്‍ഷം കഴിഞ്ഞിട്ടും ആ വാക്കുകള്‍ നമ്മുടെ കാതുകളില്‍ അലയടിക്കുന്നു. പ്രിയ ദര്‍ശിനീ, ഓര്‍മ്മകള്‍ക്ക് മരണമില്ല!