Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Friday, December 21, 2012

വി.എസ് തന്ന ‘പ്രശസ്തിയും ‘ഒരു പിടി നൊമ്പരങ്ങളും

                                                                                                               നിയമ സഭയിലേയ്ക്കും പാർലമെന്റിലേയ്ക്കുമൊക്കെ മത്സരിക്കാനായി എന്റെ പേരു പലവട്ടം പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഞാൻ സ്ഥാനാർത്ഥി നിർണയ സമയത്ത് ദൽഹിയിലെത്തിയത്. വനിതകൾക്ക് ഇക്കുറിയെങ്കിലും മോശമാവാത്ത സ്ഥാനങ്ങൾ ചോദിക്കാൻ നമുക്കു കഴിയണമെന്ന് കോൺഗ്രസ്സിലെ വനിതാ നേതൃത്വം തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണ് പല വനിതാ നേതാക്കളും  ഇന്ദ്രപ്രസ്ഥത്തിലെത്തിയത്.
 
  വനിതകളിൽ   മൂന്നോ നാലോ പേർക്ക് മാത്രം സാധ്യത ഉണ്ടെന്നും ഞാനതിൽ പെടില്ലെന്നും അറിഞ്ഞ ശേഷം  ഞാനും നാട്ടിലേയ്ക്കു തിരിച്ചു. നെടുമ്പാശേരിയിൽ എന്നെ കാത്ത് സുഭാഷ് ചേട്ടനും ഡ്രൈവർ ജോസഫും. ചെറായിലേയ്ക്കു പുറപ്പെട്ട ഉടൻ   എന്റെ ഫോണിലേയ്ക്ക് കെ.പി.സി.സി.പ്രസിഡന്റ് ശ്രീ.രമേശ് ചെന്നിത്തലയുടെ   വിളി. “ ലതികേ എന്റെയടുത്ത് ഉമ്മൻ ചാണ്ടിയും ഉണ്ട്. മലമ്പുഴയിൽ വി.എസ്സിനെതിരെ മത്സരിക്കാൻ ലതികയുടെ പേരു കൊടുക്കട്ടെ. ലതിക മത്സരിക്കണം.” 

 എനിയ്ക്കാകെ ആശയക്കുഴപ്പമായി. എന്താ ചെയ്ക? ഞാൻ ഫോൺ സുഭാഷ് ചേട്ടനു കൈമാറി. പ്രസിഡന്റും ഉമ്മൻ ചാണ്ടി സാറും മാറി മാറി സംസാരിക്കുമ്പോൾ അദ്ദേഹം ഒരു വൈമനസ്യവും പ്രകടിപ്പിക്കാതെ സമ്മതം പറയുന്നതു കേട്ട് ഞാൻ അൽഭുതപ്പെട്ടു. എന്റെ പേര് വൈകാതെ ഫ്ലാഷ് ന്യൂസിൽ  കണ്ടതോടെ , നാടിന്റെ നാനാ ഭാഗത്തു നിന്നും സമ്മിശ്രാഭിപ്രായങ്ങളുമാ‍യി വിളികൾ. അന്നു ചെറായിലെ വീട്ടിൽ  താമസിച്ച്, അതി രാവിലെ തന്നെ ഞാൻ  കോട്ടയത്തു ചെന്ന് ആവശ്യമുള്ള പേപ്പറുകളെല്ലാം എടുത്ത് വൈകുന്നേരമായപ്പോഴേക്കും മലമ്പുഴയിലേക്ക് പോയി. 

                   പരീക്ഷയടുത്തപ്പോൾ സിലബസ്സ് മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരു കോളജ് വിദ്യാർത്ഥിനിയുടെ അവസ്ഥയിലായിരുന്നു, ഞാൻ. മലമ്പുഴയിലെ ഏതാനും പാർട്ടി നേതാക്കൾ, പഴയ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കണ്ണദാസ് എന്നിവരോടുള്ള അടുപ്പം പ്രയോജനപ്പെടുത്തി ഞാൻ പ്രവർത്തനം തുടങ്ങി.

                  പുറത്തു നടക്കുന്നതൊന്നും അറിയാത്ത അവസ്ഥയായിരുന്നു, എന്റേത്. വാർത്ത കേൾക്കാനോ പത്രം വായിക്കാനോ പോലും സമയമില്ല. മണ്ഡലം പഠിക്കണം, പരമാവധി നേതാക്കളേയും പ്രവർത്തകരേയും നേരിൽ കണ്ട്, അവരോടൊപ്പം വേണം പ്രചരണത്തിനിറങ്ങാൻ. ഇതിനിടെ എനിയ്ക്ക് ‘ നേർച്ചക്കോഴി’, ‘ചാവേർ’ തുടങ്ങിയ ഓമനപ്പേരുകളുമായി ചാനൽ ചർച്ചകളും വാർത്തകളും കൊഴുക്കുന്നത് മനസ്സിലായി, എങ്കിലും, ഞാൻ പതറിയില്ല. 

       ജനശ്രീ പ്രവർത്തകരടക്കം എന്നെ അറിയാവുന്ന ഒരുപാടു പേരുണ്ട്, മലമ്പുഴയിൽ. കുടിയേറ്റക്കാരെക്കൊണ്ടു സമ്പന്നമായ മലമ്പുഴയിൽ ധാരാളം കോട്ടയംകാരുണ്ട്.“നാട്ടിൽ നിന്നും വിളി വന്നു”, എന്നു പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിക്കുന്ന ഒരുപാടു മുഖങ്ങൾ എനിക്കാശ്വാസം പകർന്നു. ചോദിച്ചവരോടൊക്കെ ആത്മവിശ്വാസം കൈവിടാത്ത മറുപടിയുമായി ഞാൻ ഓടി നടന്നു.

 അകത്തേത്തറയിലെ കോർണർ മീറ്റിങ്ങിനിടെ ഒരു ചാനൽ റിപ്പോർട്ടർ എന്റെ അടുത്ത് പാഞ്ഞെത്തി. “വി.എസ് ഇന്ന് പത്രസമ്മേളനത്തിനിടെ ഒരു ചോദ്യത്തിനു പറഞ്ഞ മറുപടി അല്പം വിവാദമായി . ചേച്ചിയുടെ പ്രതികരണത്തിനു വന്നതാ ഞങ്ങൾ.” ഞാൻ എന്തു പറയണമെന്നറിയാതെ,ഒരു നിമിഷം  പകച്ചു നിന്നു .ആ ഭാഗം റെക്കോഡ് ചെയ്തത് അവർ എന്നെ കേൾപ്പിച്ചു.” ലതികാ സുഭാഷിനെപ്പോലെ പ്രശസ്തയായ ഒരാൾ മത്സരിക്കുന്നതു കൊണ്ടാണൊ വി .എസ്സ് മണ്ഡലത്തിൽ തന്നെ നിൽക്കുന്നത് , എന്ന ചോദ്യത്തിന്. അവർ എന്തുകൊണ്ടാ പ്രശസ്ത എന്നു നിങ്ങൾ തന്നെ അന്വേഷിക്കണം.” എന്നായിരുന്നു മറുപടി. എനിക്കാകെ  വിഷമം തോന്നി.  എന്റെ അച്ഛനെക്കാൾ പത്തു വയസ്സു കൂടുതലുള്ള കേരളത്തിന്റെ മുഖ്യമന്ത്രി കൂടിയായ ശ്രീ.വി.എസ്സിനോട് ഞാൻ എന്താ മറുപടി പറയുക? അദ്ദേഹം എന്താ ഉദ്ദേശിച്ചതെന്നു വ്യക്തമാക്കണമെന്നാവശ്യപ്പെട്ട്, മനസ്സിലുണ്ടായ നൊമ്പരം പോലും മറച്ചു വച്ച്, വളരെ ചെറിയ ഒരു പ്രതികരണം ഞാൻ കൊടുത്തു.ആ വാർത്ത  അന്നത്തെ ചാനലുകളും പിറ്റേന്നത്തെ പത്രങ്ങളും എല്ലാം ആഘോഷമാക്കിയത് ഞാനും ശ്രദ്ധിച്ചു. ഒരുപാടു പേർ വിളിച്ചു.   ലതികയെക്കുറിച്ച് അങ്ങനെയൊന്നും ആരും വിചാരിക്കില്ലെന്ന് എന്റെ മനസ്സറിയാവുന്ന ആത്മ മിത്രങ്ങൾ ആശ്വസിപ്പിച്ചു. കേസ് കൊടുക്കണമെന്നായി, പാർട്ടിക്കാരിലധികവും. രാവിലെ മലമ്പുഴയിലെത്തിയ കോൺഗ്രസ് വക്താവ് ശ്രീ. എം.എം. ഹസ്സൻ പാർട്ടിയുടെ അഭിപ്രായം എന്നെ അറിയിച്ചു.അങ്ങനെ മലമ്പുഴയിലെ കോർണർ മീറ്റിങ്ങിനിടയ്ക്ക് ഞാൻ  സഹപ്രവർത്തകർക്കൊപ്പം പാലക്കാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽഎത്തി, കേസ് ഫയൽ ചെയ്തു. 

വാർത്തകളിൽ ഈ സംഭവം നിറഞ്ഞു നിന്നതും ഒരുപാടു പേർ പ്രതികരിച്ചതുമൊക്കെ തിരക്കിനിടയിൽ ഞാനും ശ്രദ്ധിച്ചു. പല പത്രങ്ങളുംശ്രീ. വി.എസ്സിന്റെ പരാമർശത്തെ വിമർശിച്ച് മുഖപ്രസംഗം പോലും എഴുതി. പലരും ലേഖനങ്ങൾ എഴുതി.  പ്രതികരിച്ച പ്രമുഖരിൽ ഡോ.സുകുമാർ അഴീക്കോടും, ശ്രീമതി സുഷമാസ്വരാജും ഉണ്ടായിരുന്നു. സാംസ്കാരിക കേരളത്തിലെ  ഒട്ടനവധി പേരും  എന്നെ പിൻ തുണച്ചപ്പോൾ വളരെ അപൂർവം ചിലർ എനിക്കെതിരെ പരാമർശങ്ങൾ ഉന്നയിച്ചത് പുണ്ണിൽ കൊള്ളി വയ്ക്കുന്നതു പോലെ വേദനാജനകമായിരുന്നു.

                   പൊതു സമൂഹവും ചാനലുകളും പത്രങ്ങളും എല്ലാം ചർച്ചയാക്കിയ, ഈ വിഷയത്തെക്കുറിച്ച് ശ്രീ വി.എസ്. അടുത്ത ദിവസം “ലതികാ സുഭാഷ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നതു കൊണ്ടാണ് പ്രശസ്ത എന്നു പറഞ്ഞത്. അവർ കെ.പി.സി.സി. മെമ്പർ(സെക്രട്ടറി എന്നു പറഞ്ഞില്ല) ആയതു കൊണ്ടാണ്  പ്രശസ്ത എന്നു പറഞ്ഞത്.”എന്നൊരു പ്രതികരണം നൽകി.

                      പ്രതികരണവും വിവാദങ്ങളുമൊക്കെ കൊഴുക്കുന്നതിനിടയ്ക്കാണ് എന്റെ അടുത്തു വന്ന ശേഷം നാട്ടിൽ പോയ  സഹോദരൻ സുനിലിന് ബൈക്ക് അപകടത്തിൽ തലയ്ക്ക് മാരകമായ പരിക്കേറ്റത്. അവൻ കോട്ടയം ജില്ലയിലെ വൈക്കത്ത് ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായി. എന്റെ അനിയനെ ഒരു നോക്കു കാണാൻ എന്റെ മനസ്സു കൊതിച്ചു. അവനെ രാത്രിയിൽ പോയി കാണണം എന്നു ഞാൻ ശഠിച്ചു. ഡോക്ടർമാരടക്കം എന്നെ നിരുത്സാഹപ്പെടുത്തി. വിഷമിക്കേണ്ട. അവിടെ വോട്ടു പിടിക്കൂ. ഞങ്ങൾ സുനിലിന്റെ കാര്യം നോക്കിക്കൊള്ളാം. എല്ലാവരും എന്നെ ആശ്വസിപ്പിച്ചു.
                                                   ആശ്വാസ വാക്കുകൾ കൊണ്ട് തീരുന്നതിനപ്പുറത്തായിരുന്നു, എന്റെ ബുദ്ധിമുട്ടുകൾ.

   
ബോധപൂർവമായാലും  നിഷ്കളങ്കതയോടെ ആയാലും  വി എസ്. നടത്തിയ  പരാമർശം
മലമ്പുഴയിലെ പാർട്ടിപ്രവർത്തകരിൽ പോലും സംശയത്തിന്റെ കരി നിഴൽ വീഴ്ത്തിയോ? ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ എനിയ്ക്ക് ഒരുപാടു സ്നേഹം തന്ന മുണ്ടൂരിലെ മഹിളാ കോൺഗ്രസ്  പ്രവർത്തകർ  എന്നെ ഫോണിൽ വിളിച്ച് ഇത്തരം ചില പ്രചരണങ്ങൾ നടക്കുന്നതായി പറഞ്ഞു. 

“സാരമില്ല. നമുക്കാരുടെയും വായ മൂടിക്കെട്ടാനാവില്ലല്ലോ. ” ഞാൻ അവരെ ആശ്വസിപ്പിച്ചു. കൊടുമ്പ് മണ്ഡലത്തിൽ വച്ച് ഞാൻ പരിചയപ്പെട്ട ഒരു പാവപ്പെട്ട വൃദ്ധ പറഞ്ഞു.

 “എന്റെ മോളേ.. അവന്മാർ  മോളുടെ പടം ഒട്ടിച്ചത് കീറുന്നതുകണ്ടപ്പോൾ സഹിച്ചില്ല. എത്ര കൊള്ളരുതാത്തതാണെങ്കിലും അതിന്റെ പടം കീറരുതേ, കീറരുതേ.. എന്നു ഞാൻ അവന്മാരോടു പറഞ്ഞതാ..”
എല്ലാവരോടും ചിരിച്ചുകൊണ്ടു മറുപടി പറഞ്ഞ്, എല്ലാവരേയും ആശ്വസിപ്പിക്കുമ്പോഴും എന്റെ മനസ്സിൽ ആഴത്തിലുണ്ടായ ഒരു മുറിവ്... ഓരോ അഭിപ്രായ പ്രകടനത്തിലും  ചാനൽ ചർച്ചയിലും മാറ്റു മാധ്യമ വിചാരങ്ങളിലുമൊക്കെ ..ആ മുറിവിന് വേദനയും നീറ്റലും കൂടിക്കൂടി വരുന്നതു പോലെ...ആ ദിവസങ്ങളിൽ കേരളത്തിലെ ഓരോ തെരഞ്ഞെടുപ്പു വേദിയിലും എന്റെ പേര് പരാമർശിക്കപ്പെടുന്നു എന്നറിഞ്ഞപ്പോഴും  വല്ലായ്മ തോന്നി.
       
 ശ്രീ.വി.എസ്സിനോട് അപ്പോഴൊക്കെ പരിഭവം തോന്നി. നല്ല ഒരു കമ്മ്യൂണിസ്റ്റ്കാരനെന്ന പ്രശംസ പിടിച്ചു പറ്റിയ സന്ദർഭങ്ങളിലെല്ലാം ഞാനുംശ്രീ. വി.എസ്സിനെ മനസ്സുകൊണ്ട് അഭിനന്ദിച്ചിട്ടുണ്ട് . 1991-ൽകോട്ടയം ജില്ലാ കൌൺസിൽ അംഗമായ ഞാനും ആലപ്പുഴയിൽ ജില്ലാകൌൺസിൽ അംഗമായ അഡ്വ.സി.എസ്. സുജാതയുമൊക്കെ. വീണ്ടും രണ്ടു തവണ ജില്ലാ പഞ്ചായത്തിലും ജയിച്ച്, ഞാൻ കോട്ടയത്തു പ്രസിഡന്റായപ്പോൾ സുജാത ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. പാർട്ടിക്കതീതമായ വ്യക്തിബന്ധം.  സുജാതയോട്, ഒരു ദിവസം തിരുവനന്തപുരത്ത്  ഒരു കോൺഫറൻസ് കഴിഞ്ഞ് ഞാൻ പറഞ്ഞു.

 “എനിക്ക് നിങ്ങളുടെ വി.എസ്സിനെ ഒന്നു കാണണമെന്നു തോന്നുന്നു.” 

 “ അതിനെന്താ നമുക്കു കണ്ടോണ്മെന്റ് ഹൌസിൽ പോകാം. ” 

അന്ന് അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. ഞാൻ അങ്ങനെ ആദ്യമായി ശ്രീ.വി.എസ്സിനെ നേരിൽ കണ്ട് പരിചയപ്പെട്ടു. ചുരുങ്ങിയ വാക്കുകളിൽ എന്നോടു ക്ഷേമം ചോദിച്ച അദ്ദേഹം വളരെ സൌമ്യനായാണ് പെരുമാറിയത്.

               അഴിമതിക്കെതിരെ മുഖം നോക്കാതെ സംസാരിക്കുമ്പോഴൊക്കെ എനിക്കദ്ദേഹത്തോടു മതിപ്പു തോന്നിയിരുന്നു. പ്രശസ്ത കഥാകാരൻ ശ്രീ പി. സുരേന്ദ്രൻ ശ്രീ.വി.എസ്സിനെ പ്രധാന കഥാപാത്രമാക്കി “ഗ്രീഷ്മമാപിനി”. എന്ന നോവൽ രചിച്ചപ്പോൾ ഡി.സി. ബൂക്സിൽ നിന്നും ആദ്യത്തെ കോപ്പി വാങ്ങി ഒറ്റയിരിപ്പിനു  ഞാൻ ആ പുസ്തകം വായിച്ചു. 

     ഇഷ്ടമില്ലാത്തവരെ പുച്ഛിക്കുകയും ചീത്ത വാക്കു പറയുകയും ചെയ്യുന്ന  ശ്രീ. വി.എസ്സിന്റെ പ്രവണത ഇതിനു മുൻപും എന്നെ നോവിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായപ്പോൾ പ്രതികാര ദാഹിയാകാതെ ,കുറച്ചു കൂടി പോസിറ്റീവ് ആയി  ഭരണയന്ത്രം തിരിച്ചിരുന്നെങ്കിൽ കുറച്ചുകൂടി മെച്ചപ്പെട്ട  ഭരണാധികാരിയാകാമായിരുന്നു, അദ്ദേഹത്തിനെന്ന പക്ഷമാണെനിക്ക്.

          ഒരിക്കലും ആർക്കെതിരെയും വ്യക്തിപരമായി ഒരു കേസിനു പോകാനിടവന്നിട്ടില്ല. ഇപ്പോൾ ഇതാ കേരളത്തിന്റെ മുഖ്യ മന്ത്രിക്കെതിരെ, അതും വന്ദ്യ വയോധികനായ ശ്രീ.വി.എസ്സിനെതിരെ ഇങ്ങനെ ഒരു കേസ്... ഒരിക്കലും സംഭവിക്കരുതാത്തതായിരുന്നു, ആ പരാമർശവും അനുബന്ധ സംഭവങ്ങളും.

 പ്രതിസന്ധികളെ അതിജീവിച്ചുള്ള തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ മലമ്പുഴയിലെ നിസ്വാർത്ഥരായ കുറച്ചു പ്രവർത്തകരും , എറണാകുളത്തെ ഡിസി.സി. വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത്   അംഗവുമായിട്ടും നിവൃത്തിയില്ലാതെ എന്റൊപ്പം മലമ്പുഴയിലേക്കു വരാൻ നിർബന്ധിതനായ സുഭാഷ് ചേട്ടനും കോട്ടയത്തു നിന്നും വന്ന ഏതാനും പ്രവർത്തകരും എനിയ്ക്കു തുണയായി. ആകെ ഇരുപതു ദിവസമാണ് പ്രവർത്തനത്തിനായി ലഭിച്ചത്. രണ്ടു തവണ നിയമ സഭയിലേയ്ക്കും ഒരു തവണ പാർലമെന്റിലേയ്ക്കും മത്സരിച്ച കെ.പി.സി.സിസെക്രട്ടറി ശ്രീ. സതീശൻ പാച്ചേനിയും സഹപ്രവർത്തകരും എന്നോടു പങ്കു വച്ച  അവരുടെതെരഞ്ഞെടുപ്പ് അനുഭവങ്ങളും ഒട്ടും  ശുഭകരമായിരുന്നില്ല. രാവിലെ മുതൽ രാവേറെച്ചെല്ലും വരെയുള്ള തെരഞ്ഞെടുപ്പു പ്രവർത്തനം, ഉറങ്ങുന്നതിനു മുൻപു കടന്നു വരുന്ന സ്വകാര്യ ചിന്തകൾ. ദിവസങ്ങളായി ശസ്ത്രക്രിയയ്ക്കു ശേഷംആശുപത്രിയിലെ  തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന എന്റെ ഏക സഹോദരൻ , കോട്ടയത്ത് പ്ലസ് ടു പരീക്ഷ എഴുതുന്ന മകൻ കണ്ണൻ , എന്നും എന്നോടൊപ്പമുള്ള വൃദ്ധരും രോഗികളുമായ എന്റെ മാതാ പിതാക്കൾ.  അടുത്തിടെ ക്യാൻസർ രോഗിയാണെന്നു തിരിച്ചറിഞ്ഞ്, ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയുമായി ചെറായിയിലെ വീട്ടിൽ കഴിയുന്ന എന്റെ  ചേട്ടത്തി(ഭർത്താവിന്റെ ചേട്ടന്റെ ഭാര്യ) സജിത.  ഇവരെല്ലാവരും എന്റെ സാന്നിദ്ധ്യവും പരിചരണവും  ഈ സമയത്ത് അർഹിക്കുന്നവരാണ്. അവരുടെ വിശേഷങ്ങൾ വിളിച്ചു ചോദിക്കാൻ പോലും കഴിയാത്ത അവസ്ഥ. 

          എല്ലാം തൽക്കാലത്തേയ്ക്കു മാറ്റി വയ്ക്കണം. പാർട്ടി എന്നെ ഏല്പിച്ച ഉത്തരവാദിത്വം ഏറ്റം ഭംഗിയായി നിറവേറ്റണം. ഞാൻ സ്വാമി വിവേകാനന്ദന്റെ വാക്കുകൾ ഓർത്തു. “ഒരു ചിറ്റോളത്തെ പോലും നിങ്ങളുടെ മനസ്സിനെ അക്രമിക്കാൻ ഇടയാക്കരുത്.” എന്റെ കൂടെ നിൽക്കുന്നവർക്കൊക്കെ പരമാവധി ധൈര്യം പകരാൻ ഞാനും ശ്രമിച്ചു. എന്നിട്ടും മരുത റോഡ് പഞ്ചായത്തിലെ കോർണർ മീറ്റിങ്ങിൽ , അവസാനത്തെ സ്വീകരണ യോഗത്തിൽ  മറുപടി പ്രസംഗം നടത്തുമ്പോൾ ഞാൻ തേങ്ങിപ്പോയി. വല്ലാത്ത ഒരു അരക്ഷിതാവസ്ഥ തോന്നി എനിയ്ക്ക്. അടുത്ത നിമിഷം ഞാൻ സ്വയം കുറ്റപ്പെടുത്തി. ശാന്തത വീണ്ടെടുക്കണം. കരയാൻ പാടില്ല. എല്ലാവരുടെയും കുത്തുവാക്കുകൾക്ക് മധുരമായ പ്രതികാരം നൽകണം.

         അന്നു മുതലേ ശ്രീ. വി.എസ്സിന് എതിരെയുള്ള കേസ് പിൻ വലിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. വിവേകത്തോടെ എന്റെ പ്രശ്നങ്ങൾക്കുംവിഷമങ്ങൾക്കും പരിഹാരം പറഞ്ഞുതരുന്ന സുഭാഷ് ചേട്ടനും അതു തന്നെ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ തിരക്കു കഴിഞ്ഞയുടൻ കേസ് പിൻ വലിക്കണമെന്ന എന്റെ ആഗ്രഹം കെ.പി.സി.സി. അദ്ധ്യക്ഷൻ ശ്രീ രമേശ് ചെന്നിത്തലയോടു പറഞ്ഞു,  “ശരിയാ ലതികേ ഇത്രയും പ്രായമുള്ള അദ്ദേഹത്തിനെതിരെയുള്ള കേസുമായി മുന്നോട്ടു പോകേണ്ടെന്നാ എന്റെയും അഭിപ്രായം.” അദ്ദേഹം പച്ചക്കൊടി കാട്ടി. ശ്രീ ഉമ്മൻ ചാണ്ടിയോടും ഞാൻ ഈ കാര്യത്തിൽ അദ്ദേഹത്തിന്റെ അഭിപ്രായം ആരാഞ്ഞു.“ കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞില്ലേ. അതുപോലെ ചെയ്യുക. അതാ നല്ലത്.” ഉമ്മൻ ചാണ്ടി സാറും നയം വ്യക്തമാക്കി. എന്റെ ഈ രണ്ടു നേതാക്കന്മാരും ശ്രീ.വി.എസ്സും തമ്മിലുള്ള അന്തരത്തെക്കുറിച്ചു ഞാൻ ഓർത്തു. പൊതു സമൂഹത്തിന്റെ പിൻ ബലം കൂടുതലുണ്ടെന്ന ഖ്യാതി നേടിയ ശ്രീ. വി.എസ്സ്, പലപ്പോഴും ശത്രു സംഹാരത്തിനു വേണ്ടി തരം താഴുമ്പോഴും, ഈ നേതാക്കൾ എത്ര സൌമ്യവും മാന്യവുമായ  പ്രതികരണമാണ് സ്വകാര്യ സംഭാഷണത്തിൽ പോലും നടത്തിയത്!

തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവുമൊക്കെ കഴിഞ്ഞ് കേസിന്റെ മൂന്ന് അവധികൾ വന്നു. ഓരോ തവണയും കോട്ടയത്തുനിന്നും പാലക്കാട്ടു പോകണം. പോയപ്പോഴൊക്കെ കേസ് പിൻ വലിക്കാൻ  തയ്യാറായാണ് ഞങ്ങൾ പോയത്. സാധാരണ ഗതിയിൽ എവിടെയും തനിച്ചു പോകാൻ മടിയില്ലാതിരുന്ന ഞാൻ  ഓരോതവണയും സുഭാഷ് ചേട്ടനെ കൂടെ വരാൻ നിർബന്ധിച്ചു.  . ചൂടുള്ള വാർത്തയായി ഈ കേസ് അവധിക്കു വയ്ക്കുന്നതിന്റെ ക്ലിപ്പിങ്ങുകൾ ചാനലുകളിൽ മിന്നി മറയുന്നത്  എന്റെ മനസ്സിനെ നൊമ്പരപ്പെടുത്തി. തെരഞ്ഞെടുപ്പിനിടെ വന്ന ബ്ലോഗ് എഴുത്തുകളും സോഷ്യൽ നെറ്റ്വർക്കുകളിലെ അഭിപ്രായ യുദ്ധങ്ങളും എന്നിൽ സമ്മിശ്ര വികാരങ്ങളുളവാക്കുന്നവയായിരുന്നു. ചില പോസ്റ്റുകളിലെ കമന്റുകൾ എന്നെ അപകീർത്തിപ്പെടുത്തുന്നവയായിരുന്നു. ഞാൻ ഒന്നിനും പ്രതികരിച്ചില്ല. സംഭവിക്കരുതാത്തതു സംഭവിച്ചതിന്റെ പ്രത്യാഘാതം. നടക്കട്ടെ. ഞാൻ എന്റെ മനസ്സിനോട് ശാന്തമാവാൻ പറഞ്ഞു.

                         ഒടുവിൽ പാലക്കാട്ടെ കോടതിയിൽ ചെന്ന് ഞാൻ ആ കേസ് പിൻ വലിച്ചതും വലിയ വാർത്തയായി. കേരളത്തിലെ പൊതു സമൂഹവും പത്ര മാധ്യമങ്ങളും ഡോ.സുകുമാർ അഴീക്കോട് അടക്കമുള്ള സാംസ്കാരിക നായകന്മാരും പ്രതിഷേധം രേഖപ്പെടുത്തിയപ്പോൾ  ജനകീയ കോടതിയിൽ നിന്നും എനിയ്ക്കു നീതി ലഭിച്ചു. വി.എസ്സിന്റെ പ്രായം കൂടി കണക്കിലെടുത്താണ് ഞാൻ ഈ കേസ് പിൻ വലിക്കുന്നതെന്നും  കൂട്ടിച്ചേർത്ത്  എന്റെ ജീവിതത്തിലെ സംഭവ ബഹുലമായ ആ അദ്ധ്യായം അവിടെ അവസാനിപ്പിച്ചു.

               

Monday, October 22, 2012

ഒരു മുളം തണ്ടായ് ഞാൻ......

                         
                                                            
ഞാനും  ഒരു മുളം തണ്ടായിരുന്നുവെങ്കിൽ എന്ന് തീവ്രമായി ആഗ്രഹിച്ചത്, ഒക്ടോബർ  ഒൻപതാം തിയതി, കൃത്യമായി പറഞ്ഞാൽ, എന്റെ നാല്പത്തിയെട്ടാം പിറന്നാളിന്റെ തലേന്നാണ്. എന്റെ പ്രിയപ്പെട്ട , ഞാൻ അനുജത്തിയെപ്പോലെ കരുതുന്ന, കേരളാ പൊലീസിലെ കോൺസ്റ്റബിളും പ്രകൃതി സ്നേഹിയുമായ  തുളസി അന്ന് ഉച്ചയ്ക്ക്  എനിക്കൊരു പിറന്നാൾ സമ്മാനവുമായി കോട്ടയത്തെ വീട്ടിലെത്തി.  എന്നെ അവിടെ കാണാഞ്ഞ് ഫോണിൽ വിളിച്ചു. മാല്യങ്കര എസ് .എൻ .എം എഞ്ചിനീയറിങ് കോളജിൽ വനിതാ അസോസിയേഷൻ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോഴാണു വിളി. “ചേച്ചീ, ചേച്ചിക്കു പുണർതം നക്ഷത്രത്തിന്റെ വൃക്ഷമേതെന്നറിയുമോ?”  “ആവോ! എനിക്കൊരോർമ്മ വരുന്നില്ലാല്ലോ മോളേ.”ഞാൻ തപ്പിത്തടഞ്ഞു. “മുളയാ ചേച്ചീ, മുള. ഓരോ നാളിനും ഓരോ വൃക്ഷമുണ്ട്. എന്തായാലും ചേച്ചിക്കു വേണ്ടി ഞാനൊരു ഇല്ലിത്തൈ വാങ്ങി വീട്ടിൽ അമ്മയെ ഏല്പിച്ചിട്ടുണ്ട്. ഇന്നു രാത്രി എട്ടു മുതൽ നാളെ രാവിലെ എട്ടു വരെയാ പുണർതം. ചേച്ചി വരുമ്പോൾ ഈ ഇല്ലി ചേച്ചിക്കു കാണാവുന്നിടത്തെവിടെയെങ്കിലും കുഴിച്ചു വയ്ക്കണം കേട്ടോ.” തുളസിയുടെ നിർദ്ദേശം.
 “തീർച്ചയായും.” ഞാൻ തുളസിക്ക് ഉറപ്പു കൊടുത്തു.

അതു വരെ മുളയോടു തോന്നിയതിലുംകൂടുതൽ  ഒരിഷ്ടം എന്നിൽ രൂപം കൊണ്ടതു പോലെ. മാല്യങ്കരയിൽ നിന്നും എനിക്ക് പോകേണ്ടതു അരൂരിലെ                                                                                                                                                                                                                                                                                                    മനോരമ സ്റ്റുഡിയോയിലേക്കായിരുന്നു. പുല്ലു വർഗ്ഗത്തിലെ അതികായനായ മുളയെക്കുറിച്ചായിരുന്നു ഞാൻ ചിന്തിച്ചത്.
“കാട്ടിലെ പാഴ് മുളം തണ്ടിൽ നിന്നും....
പാട്ടിന്റെ പാലാഴി തീർത്തവളേ....”

“ഒരു മയിൽ പീലിയായ്ഞാൻ.... ജനിക്കുമെങ്കിൽ നിന്റെ
തിരുമുടി കുടന്നയിൽ  തപസ്സിരിക്കും
ഒരു മുളം തണ്ടായ് ഞാൻ പിറക്കുമെങ്കിൽ നിന്റെ
ചൊടിമലരിതളിൽ വീണലിഞ്ഞു പാടും...”

ആ  പാട്ടുകളൊക്കെ എന്റെ ചുണ്ടുകളിൽ എവിടെ നിന്നോ ഓടിയെത്തി, തത്തിക്കളിച്ചുകൊണ്ടേയിരുന്നു.
വീട്ടിലെത്തിയപ്പോൾ കുറച്ചു മുളവിശേഷങ്ങൾ തപ്പിയെടുത്തു. എൺപത് അടിയോളം നീളം വരുന്ന ഭീമൻ മുളകളെക്കുറിച്ചും മറ്റും ഞാൻ വായിച്ചു. ചില മുളകൾ എല്ലാ വർഷവും പുഷ്പിക്കും, മറ്റു ചിലവയാകട്ടെ, ആയുസ്സിൽ ഒരിക്കൽ മാത്രമേ പുഷ്പിക്കൂ. നമ്മുടെ കൊല്ലം ജില്ലയിലെ പട്ടാഴി പഞ്ചായത്തിൽ  വളർന്ന ഒരു മുള ലോകത്തിലെ ഏറ്റവും നീളം കൂടിയ മുള എന്ന സ്ഥാനം നേടിയിരുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. മുളയുടെ കൂമ്പ് അച്ചാറിടാൻ ഉത്തമം. ചൈനക്കാർക്കും ജപ്പാൻകാർക്കും തീന്മേശയിൽ  മുളയുടെ തളിരിനോടാണത്രേ പ്രിയം. മുളയരി ഔഷധഗുണമുള്ള ഭക്ഷണ സാധനമാണ്.  സെപ്റ്റംബർ 18 ലോക മുളദിനമായി ആചരിച്ചു വരുന്നു. 2009-ൽ ബാങ്കോക്കിൽ വച്ചു ചേർന്ന ലോക മുളസമ്മേളനത്തിലാണ് മുളദിനാചരണത്തിനു നാന്ദി കുറിക്കപ്പെട്ടത്. ആദ്യത്തെ ലോക മുളദിനത്തിന് ആതിഥ്യമരുളിയത് നാഗാലാന്റാണ്.
                       പുരാണത്തിലും ഒട്ടും മോശമല്ലാത്ത സ്ഥാനം മുളയ്ക്കുണ്ട്.  ദാരികാസുര വധം കഴിഞ്ഞ് കോപം അടക്കാനാവാതെ ശ്രീഭദ്രകാളി പൊരിവെയിലത്തു നിൽക്കുന്നതു കണ്ട്, പറയി പെറ്റ പന്തിരുകുലത്തിലെ പാക്കനാർ വീട്ടിലേയ്ക്കോടി .പതിനാറു കമ്പുകളുള്ള മുള വെട്ടിക്കൊണ്ടു വന്ന് , മുപ്പത്തിരണ്ട് നിരത്തലകിട്ട്, കുടപ്പനയുടെ ഓലകൊണ്ട് പൊതിഞ്ഞുണ്ടാക്കിയ ഓലക്കുട കൊണ്ടു പോയി ഭഗവതിയെ ചൂടിച്ചു കൊടുത്തു. “നിന്റെ ഈ കുടയ്ക്കു കീഴിൽ എന്റെ സാന്നിദ്ധ്യം എന്നും ഉണ്ടാകും” എന്ന് ഭഗവതി അനുഗ്രഹിച്ചത്രേ.
                                       പാക്കനാരുടെ മുറക്കച്ചവടം പ്രസിദ്ധമാണ്. മുളയുടെ  വാണിജ്യ പ്രാധാന്യം പരിസ്ഥിതി  സൌഹൃദ  ഉൽ‌പ്പന്നങ്ങൾ കൊതിക്കുന്ന ഏതൊരു നാടും അംഗീകരിക്കും. കടലാസ്സു നിർമ്മാണത്തിനുള്ള  അസംസ്കൃത വസ്തുവായും, കോൺക്രീറ്റ് പണിക്ക് തട്ടിടാൻ   മുട്ടായും,      കുട്ട, വട്ടി, മുറം, എന്നിവയുടെ നിർമ്മാണത്തിനും മുള  അത്യന്താപേക്ഷിതമാണ്. ആധുനിക മനുഷ്യർ കെട്ടിട നിർമ്മാണത്തിന് സിമന്റ്, ഇരുമ്പ്, ഇഷ്ടിക എന്നിവ  ഉപയോഗിക്കും പോലെ, ആദിവാസികൾ മുളയെ വീടു നിർമ്മാണത്തിന് ആശ്രയിച്ചിരുന്നു. അവർക്ക് കെണിയുണ്ടാക്കാനും കത്തിയുണ്ടാക്കാനും  മുള വേണമായിരുന്നു. അന്നും ഇന്നും വള്ളമൂന്നാൻ മുളയുടെ കഴുക്കോൽ ഉപയോഗിക്കുന്നു. അത്യന്താധുനിക ഭവനങ്ങളിലും മുളകൊണ്ടുള്ള കർട്ടൻ പഥ്യം തന്നെ. ഇല്ലി മുള്ളുകൾ കൊണ്ട് അതി മനോഹരമായി നിർമ്മിച്ചിരുന്ന വേലിക്കെട്ടുകൾ മുൻ കാലങ്ങളിലെ നമ്മുടെ പ്രകൃതി സ്നേഹത്തിന്റെയും നല്ല അയൽ ബന്ധങ്ങളുടെയും ഉദാത്തമായ ഉദാഹരണമാണ്. മുള മാഹാത്മ്യം പറഞ്ഞാൽ തീരില്ല.
 എന്റെ പിറന്നാൾ ദിനത്തിൽ ( കന്നിമാസത്തിലെ പുണർതം നക്ഷത്രം) രാവിലെ കുളിച്ച്, തുളസി തന്ന ഇല്ലിത്തൈ എന്റെ വീടിന്റെ കിഴക്കു വശത്തെ മതിലിന്നരികിൽ നടുമ്പോൾ ഞാൻ സ്വയം ചോദിച്ചു. ഞാൻ ഒരു മുളം തണ്ടാണോ? ആവാം. വേണമെങ്കിൽ അങ്ങനെയാക്കാം. അങ്ങനെയായാൽ തന്നെ, മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന ഒരു വേണുഗാനം ഈ മുളം തണ്ടിൽ നിന്നും എപ്പോഴെങ്കിലും ഉതിർന്നിട്ടുണ്ടോ? ഞാൻവീണ്ടും എന്നോടു ചോദിച്ചു. പൊതു സമൂഹത്തിന്റെ വിമർശനം  ഏറ്റവുമധികം ഏറ്റുവാങ്ങുന്ന പൊതുപ്രവർത്തകരുടെ പട്ടികയിലേയ്ക്ക് ഞാൻ എങ്ങനെ എത്തപ്പെട്ടു എന്നു ഞാൻ ഓർത്തു നോക്കി.  സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസ് ലീഡറും സ്കൂൾ സെക്രട്ടറിയുമൊക്കെ ആയും, ഒന്നാം വർഷ പ്രീഡിഗ്രിക്ക്  കോളജിലെ വനിതാ പ്രതിനിധിയായും, ബിരുദത്തിന്റെ അവസാന വർഷം കോളജിലെ യൂണിവേഴ്സിറ്റി യൂണിയൻ കൌൺസിലറായുംപിന്നെ, 1991ലെ ജില്ലാകൌൺസിൽ അംഗമായും, 92ൽ എറണാകുളം ജില്ലാകൌൺസിൽ അംഗത്തിന്റെ ഭാര്യയായും,   95ലും 2000ലും ജില്ലാപഞ്ചായത്തിലേക്ക് ഇരുവരും വീണ്ടും മത്സരിച്ച് ജയിച്ച് രണ്ടു ജില്ലകളിൽ രണ്ടായി നിന്നുകൊണ്ടു തന്നെ ഒന്നായി ജീവിച്ചതുമെല്ലാം  ഒരു മിന്നായം പോലെമനസ്സിലൂടെ കടന്നു പോയി.  പൊതു ജീവിതം വ്യക്തി ജീവിതത്തെ തുരത്തിയോടിച്ചത് എപ്പോഴാണെന്നു പോലും എനിക്കോർമ്മിച്ചെടുക്കാൻ കഴിയാത്തതു പോലെ. രണ്ടു പതിറ്റാണ്ടത്തെ ദാമ്പത്യജീവിതത്തിനിടെ ഭർത്താവിനു വേണ്ടി മാത്രം ഒരു ഭാര്യയെന്ന നിലയിൽ നീക്കി വക്കാൻ കിട്ടിയ സമയം എത്ര തുച്ഛം! ഞങ്ങളുടെ ദാമ്പത്യ വല്ലരിയിൽ പൂത്ത ഒരേയൊരു മകൻ കണ്ണന്(ബ്രഹ്മ ദർശൻ) അമ്മയെന്ന നിലയിൽ ഞാൻ നൽകിയ സമയം മറ്റ് അമ്മമാരുമായി താരതമ്യം ചെയ്യുമ്പോൾ എത്രയോ നിസ്സാരം! ഒരു പൊതു പ്രവർത്തകയുടെ പരിമിതികളിൽ ഒതുങ്ങി നിന്നു കൊണ്ടു മാത്രമേ എനിയ്ക്ക് എന്റെ മാതാ പിതാക്കളേയും എന്റേയും ഭർത്താവിന്റെയും വീട്ടിലെ മറ്റു ബന്ധു മിത്രാദികളേയും പരിചരിക്കാനോ ,അവരോടൊക്കെ ഇടപെടാനോ കഴിഞ്ഞിട്ടുള്ളൂ. എന്നാൽ പൊതു ജീവിതത്തിൽ കുറച്ചുകൂടി  അർപ്പണ മനോഭാവത്തോടെ മുന്നോട്ടു പോകാനായെന്ന് ഞാനും ആശ്വസിക്കാറുണ്ട്. ദൈനം ദിന ജീവിതത്തിലെ ക്ലേശങ്ങളും വ്യക്തി ജീവിതത്തിലെ സുഖ ദു:ഖങ്ങളും ഒരിക്കലും കണക്കിലെടുക്കാതെ , പൊതു ജീവിതത്തിൽ വ്യവഹരിക്കാനും, അന്യരുടെ സുഖ ദു:ഖങ്ങളിൽ പങ്കാളികളാകാനുമായിരുന്നു, ഞങ്ങളും മറ്റു പൊതുപ്രവർത്തകരെപ്പോലെ തന്നെ ആഗ്രഹിച്ചത്. സ്വകാര്യ ദു;ഖങ്ങൾക്ക് അപ്പോഴൊന്നും പ്രാധാന്യം കല്പിച്ചിരുന്നില്ല. ഏതൊരു പൊതുപ്രവർത്തകനും(പൊതുപ്രവർത്തകയും) നേരിട്ടേക്കാവുന്ന ആരോപണങ്ങളോ അപവാദപ്രചരണങ്ങളോ ഞങ്ങൾക്കും അന്യമായിരുന്നില്ല താനും. മറ്റുള്ളവരെ സന്തോഷിപ്പിക്കാനും അവർക്ക് ആശ്വാസ ദായകമായ എന്തെങ്കിലും  ചെയ്യാനും കഴിയുന്ന ഒരുതരം ഓടക്കുഴലുകൾ.. ....അതേ ..സാമൂഹ്യ ജീവിതത്തിൽ  ചെറിയ ഇടപെടലെങ്കിലും നടത്തിയിട്ടുള്ള ആളുകളിൽ നല്ലൊരു ശതമാനം പേരും അങ്ങനെയാകാൻ ആഗ്രഹിക്കുന്നുണ്ടാവാം. ഓരോ മനുഷ്യനും ഓരോ മുളം തണ്ടാണ്. അതിൽ ചിലതാവട്ടെ, മറ്റുള്ളവർക്കായി, ഒരിയ്ക്കലും മറക്കാനാവാത്ത വേണുനാദം പുറപ്പെടുവിക്കാൻ കഴിയുന്ന നല്ല ഓടക്കുഴലുകളാണ്. എന്റെ ഈശ്വരാ... എനിക്ക് അത്തരമൊരു ഓടക്കുഴലാകാനായിരുന്നെങ്കിൽ!! നഷ്ടബോധവും കുറ്റബോധവുമൊക്കെ എന്നെ വല്ലാതെ അലട്ടുന്നതു പോലെ തോന്നി, എനിക്ക്.

      ഒരു മുളന്തണ്ടിൽ പ്രത്യേക അകലം വച്ച് സുഷിരങ്ങളുണ്ടാക്കി, അതൊരു വാദ്യോപകരണമാക്കി മാറ്റാൻ കഴിയുന്നതും,ആ വേണു ഗാനം ആയിരങ്ങളെ ആനന്ദിപ്പിക്കുന്നതുമൊക്കെ ഞാൻ അദ്ഭുതാദരങ്ങളോടെ ഓർത്തു പോയി. മറ്റുള്ളവർക്ക് ആനന്ദം കൊടുക്കുന്ന മുരളീനാദം പുറപ്പെടുവിക്കാനായാൽ അതൊരു ഭാഗ്യം തന്നെ. ഈശ്വരന്റെ പ്രതിരൂപമായി കുട്ടിക്കാലം മുതൽ മനസ്സിൽ പതിഞ്ഞ ആ മുരളീധരനെ വിചാരിച്ച്  ശ്രീ. ബിച്ചു തിരുമലയുടെ  ആ വരികൾ ഞാൻ വീണ്ടും മൂളി...
“ഒരു മയിൽ പീലിയായ് ഞാൻ.... ജനിക്കുമെങ്കിൽ നിന്റെ
തിരുമുടി കുടന്നയിൽ  തപസ്സിരിക്കും
ഒരു മുളം തണ്ടായ് ഞാൻ പിറക്കുമെങ്കിൽ നിന്റെ
ചൊടിമലരിതളിൽ വീണലിഞ്ഞു പാടും...”

Wednesday, July 1, 2009

കണ്ണൻ പതിനാറു വയസ്സ്. ബൂലോകത്ത് ഒന്നാം പിറന്നാളും.





ഞങ്ങളുടെ മകൻ കണ്ണനിന്ന് പതിനാറു വയസ്സാകുന്നു। കഴിഞ്ഞ പിറന്നാൾ ദിവസം ഞാൻ ഒരു പോസ്റ്റ് തയ്യാറാക്കി കണ്ണനെക്കൊണ്ട് വായിപ്പിച്ച്, അവനെക്കൊണ്ടു പബ്ലിഷ് ചെയ്യിച്ചു। ‘ഈ കുമ്പസാരം ഒരു പിറന്നാൾ സമ്മാനം’ എന്നായിരുന്നു ആ പോസ്റ്റിന്റെ പേര് ।അന്നു മുതൽ കണ്ണനു
ബൂലോകവുമായി പരോക്ഷ ബന്ധം തുടങ്ങി. പിറന്നാളാശംസകൾ കിട്ടിയതോടെ ബ്ലോഗ് വായിക്കാനും താല്പര്യം. ബ്ലോഗറായില്ല, എങ്കിലും ബൂലോകരിൽ പലരും അവന്റെ പരിചയക്കാരായി। കണ്ണന്റെ വിദ്യാലയത്തിനു (ദേവിവിലാസം സ്കൂൾ , കുമാരനല്ലൂർ) ഞാൻ ഒരു ബ്ലോഗ് ഉണ്ടാക്കിയപ്പോൾ അതിന്റെ ജോലികൾ ചെയ്തതും കണ്ണൻ തന്നെ. കണ്ണൻ എടുക്കുന്ന പടങ്ങളുമായി ,ഞാൻ
അവനുവേണ്ടി “കണ്ണന്റെ ചിത്രലോകം” എന്ന ബ്ലോഗ് തുടങ്ങി।


"തൊടുപുഴ ബ്ലോഗ് മീറ്റിനു" വരാൻ എന്നെപ്പോലെ തന്നെ കണ്ണനും ഉത്സാഹമാകാൻ ഇതൊക്കെ കാരണമായി.





ഇപ്പോൾ കണ്ണൻ പത്തു പാസ്സായി। (എൺപത്തിയഞ്ച് ശതമാനം മാർക്ക്) മാന്നാനം സെയ്ന്റ് എഫ്രേംസ് ഹയർ സെക്കന്ററി സ്കൂളിൽ കമ്പ്യൂട്ടർ സയൻസിന് ചേർന്നു।ജൂലായ് എട്ടിനു ക്ലാസ് തുടങ്ങും। പൊതുപ്രവർത്തകരായ മാതാപിതാക്കളുടെ ഏക സന്തതി എന്ന തിക്കുമുട്ടലുകൾ വക വയ്ക്കാത്ത എന്റെ കണ്ണന് നിങ്ങളുടെ പ്രാർത്ഥനകൾ ഉണ്ടാവണേ.....................

പ്രിയപ്പെട്ട മകന് പിറന്നാൾ ആശംസകൾ!!!!!!!