Friday, September 21, 2012

മതേതരത്വം

തേതരത്വത്തിന്റെ  വക്താക്കളാകാൻ ശ്രമിക്കുന്ന മൂന്നു യുവ  സുഹൃത്തുക്കൾ ഒത്തു കൂടി. മതത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും ഭംഗിയായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും അവരുടെ ഓരോരുത്തരുടെയും മൊബൈൽ ഫോണുകൾ ചിലയ്ക്കുന്നുണ്ടായിരുന്നു. രണ്ടു പേരുടെ റിംഗ്ടോൺ അവരവരുടെ മതത്തെ ഓർമ്മപ്പെടുത്തുന്നതായിരുന്നു. ദേശസ്നേഹത്തിന്റെ ഓർമ്മപ്പെടുത്തലോടെ ഒരു ഓടക്കുഴൽ വിളി മൂന്നാമന്റെ റിംഗ് ടോണായി കേൾക്കാനിടയായി. മൂവരുടെയും സംസാരം നീണ്ടു പോയി. “ഒരുപാടു നേരമായി ,ഇനി നമുക്കു പിരിയാം”. ഒരാൾ പറഞ്ഞു. അവർ വീടുകളിലേയ്ക്കു മടങ്ങും മുൻപ് മൂന്നാമന്റെ മൊബൈൽ വീണ്ടും ചിലച്ചു. ഓടക്കുഴൽ നാദത്തിനു പകരം മൂന്നാമന്റെ മതത്തെ ഓർമ്മപ്പെടുത്തുന്ന റിംഗ്ടോണായിരുന്നു, അത്.

Friday, September 14, 2012

ഫ്ലക്സ് ബോർഡ്

ഫ്ലക്സ് ബോർഡുകൾ  ആ ഗ്രാമത്തിന്റെ  സൌന്ദര്യം കെടുത്തിയെന്ന് എല്ലാവർക്കും തോന്നിത്തുടങ്ങി. സിനിമാ താരങ്ങളും മത-സാമുദായിക നേതാക്കളും, രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ദേവീദേവന്മാരും ഗജവീരന്മാരുമെല്ലാം ചിരിച്ചും ചിരിക്കാതെയുമിരിക്കുന്ന ഫ്ലക്സ് ബോർഡുകൾ  ഞെങ്ങി ഞെരുങ്ങി, തെരുവോരങ്ങളിലെല്ലാം ഇടം പിടിച്ചിരുന്നു. ഈ ഗ്രാമത്തിൽ ഫ്ലക്സ് ബോർഡുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട്,  ചെറുപ്പക്കാരനായ  മെമ്പർ ,പഞ്ചായത്തു കമ്മിറ്റിയിൽ കൊണ്ടുവന്ന പ്രമേയം അല്പം എതിർപ്പോടെയെങ്കിലും പാസ്സായി. “നമ്മുടെ പഞ്ചായത്തിൽ ഫ്ലക്സ് ബോർഡുകൾ നിരോധിക്കാൻ തീരുമാനമെടുത്ത ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് പുരുഷോത്തമന് അഭിവാദ്യങ്ങൾ” എന്നെഴുതിയ സചിത്ര ഫ്ലക്സ് ബോർഡുകൾ അന്നു രാത്രി തന്നെ ഗ്രാമത്തിലുടനീളം പ്രത്യക്ഷപ്പെട്ടു.

അമിട്ട്

കുളിമുറിയിലെ ടാപ്പ് അടച്ചിട്ടും അടയാതെ വന്നതിനാൽ, ബക്കറ്റിലേയ്ക്ക് ഓരോ തുള്ളി വെള്ളം വീഴുന്ന ഒച്ച കേട്ടപ്പോൾ അവൾക്ക് അമിട്ടിന്റെ ശബ്ദം പോലെ തോന്നി. അടുത്തിടെ പടക്ക നിർമ്മാണശാലയ്ക്കു തീപിടിച്ചതും, നിരവധി പേർ മരിച്ചതും അവളോർത്തു.  ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട അഞ്ചു വയസ്സുകാരനെ അവൾക്കു മറക്കാനാവുന്നില്ല. മക്കളില്ലാത്തതിന്റെ പേരിൽ തന്നെ ഉപേക്ഷിച്ചു പോയ ഭർത്താവിന്റെ പരുഷ വാക്കുകൾ അവൾക്കോർമ്മ വന്നു. എന്തു വന്നാലും ആ അഞ്ചു വയസ്സുകാരനെ തന്റെയൊപ്പം കൂട്ടാനുള്ള ശ്രമമായിരുന്നു, പിന്നീടവളുടേത്. ശ്രമം വിജയിച്ചു . കുഞ്ഞിനോടൊപ്പം വീട്ടിലെത്തിയപ്പോഴാകട്ടെ, “അവളുടെ തലയ്ക്കു നല്ല സ്ഥിരമില്ലെ”ന്ന മറ്റൊരമിട്ട് അന്നാട്ടിൽ പൊട്ടിയിരുന്നു.