ലോക ബധിരദിനം- സെപ്റ്റംബര്‍ മാസത്തിലെ അവസാന ഞായറാഴ്ച, ഇരുപത്തിയെട്ടാം തിയതി- ബധിര-മൂക കുടുംബസംഗമമായി ആഘോഷിക്കാനാണ് അന്നു ഞാന്‍ പരിചയപ്പെട്ട ‘മര്‍ത്യഭാഷ കേള്‍ക്കാത്ത ദേവദൂതര്‍’ തീരുമാനമെടുത്തിരുന്നത്. അന്നെനിക്കും വ്രതശുദ്ധിയുടെ മാസമായിരുന്നല്ലൊ. അതാവാം , മറ്റെല്ലാം മാറ്റിവച്ച് പാലായിലേക്ക് പോവാന്‍ എന്റെ മനസാക്ഷി എന്നോട് നിര്‍ദ്ദേശിച്ചത്. കോട്ടയത്തുനിന്നും പാലായിലേക്ക് പോവുമ്പോള്‍ നിശ്ശബ്ദയാവാന്‍ ഞാനും പരിശീലിക്കുകയായിരുന്നു.
മീനച്ചിലാര്‍ ഒരു പാലാദൃശ്യം
മൊബൈലിനും ‘ഓഫ്’ കൊടുക്കാന്‍ തീരുമാനിച്ചു. ഞാനിപ്പോള്‍ മീനച്ചിലാറിന്റെ തീരത്തുകൂടി കാറോടിക്കുകയാണ്. ആറ്റുതീരത്തു തന്നെയുള്ള ടൌണ്‍ ഹാളിലാണ്, കുടുംബ സംഗമം. ഇതാ, ഞാനെത്തിപ്പോയി.
ഞായറാഴ്ച - പാലായില്‍ തിരക്കു കുറവ്
ലിനോ - ചുവന്ന ഷര്‍ട്ട്കാരന്‍
മുകളിലത്തെ നിലയിലെത്തുന്നതിനു മുന്‍പ് ഒരു ചെറുപ്പക്കാരന് എന്റെ കൈപിടിച്ചു, പുഞ്ചിരിച്ചു. ‘ആരാവും?’ ഞാന്‍ ആലോചിച്ചു. അടുത്ത നിമിഷം എനിക്കു പിടികിട്ടി. ഏറ്റുമാനൂരെ, എന്റെ തറവാട്ടിനടുത്തുള്ള പെണ്ണമ്മച്ചേച്ചിയുടെ മകന്.
അവരിപ്പോള്‍ കൂത്താട്ടുകുളത്താണ്. കുഞ്ഞായിരിക്കുമ്പോള്‍ അസാധാരണമായ ഓമനത്തമായിരുന്നു അവന്റെ മുഖത്ത്. ഞാനും ചേച്ചിയുമൊക്കെ അവനെ എടുക്കാന്‍ മത്സരിച്ചിട്ടുണ്ട്. സംസാരശേഷിയില്ലാത്ത ആ കുഞ്ഞിനോട് എല്ലാവര്ക്കും വാത്സല്യമായിരുന്നു. പേര് ലിനോ. നിമിഷങ്ങള്‍ക്കുള്ളില്‍ അവന് വിശേഷങ്ങളെല്ലാം എന്നെ എഴുതിക്കാണിച്ചു.
അവര്‍ ചര്‍ച്ചയിലാണ്
ലിനോയെപ്പോലെയുള്ള യുവാക്കളും കൌമാരപ്രായക്കാരും വന്നുകൊണ്ടേയിരിക്കുന്നു.
ഹാളില്‍ മൈക്ക് ഉണ്ടെങ്കിലും തികഞ്ഞ നിശബ്ദത. കളികളില്‍ പങ്കെടുക്കാത്തവര്‍ വട്ടം കൂടിയിരുന്ന് അവരുടെ ഭാഷയില്‍ വിശേഷങ്ങള്‍ കൈമാറുന്നു. സിനിമയും കമ്പ്യൂട്ടറും ആണവകരാറുമൊക്കെത്തന്നെയാണ് അവരുടെ വിഷയങ്ങള്‍. ചിലര്‍ ആഴ്ചയിലൊരിക്കല്‍ നഗരത്തില്‍ കണ്ടുമുട്ടാറുണ്ടെന്നും പറഞ്ഞു. ചുരുക്കം ചിലര്‍ക്കൊഴികെ ആര്‍ക്കും സ്ഥിര ജോലിയില്ല. വികലാംഗര്‍ക്കു വേണ്ടിയുള്ള എം പ്ലോയ് മെന്റ് എക്സ്ചേഞ്ചില്‍ പേര് റെജിസ്റ്റെര്‍ ചെയ്തെങ്കിലും ആര്‍ക്കും ഫലം ലഭിച്ചില്ല. നല്ല ഡ്രൈവര്‍മാരുണ്ട്. ചെവികേള്‍ക്കാത്തതിനാല്‍ ലൈസന്‍സ് കിട്ടില്ലത്രേ.
സര്‍ക്കാര്‍ ജോലി ലഭിച്ച അപൂര്‍വം ചിലരില്‍ ഏലിയാസും (ജോണി വാക്കര്‍ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ അനുജനായി, പിന്നെ‘ ഈ പുഴയും കടന്ന്’ എന്നചിത്രത്തിലും അഭിനയിച്ചു) പെടും. ഏലിയാസിന്റെ ചേച്ചിയും മൂകയാണ്. അവരും ഭര്‍ത്താവ് അഡ്വ. പത്രോസും എത്തിയിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച അദ്ദേഹം ബധിര മൂകനല്ല. പല സ്ഥലങ്ങളില്‍ നിന്നുമെത്തിയ നൂറോളം കുടുംബങ്ങള്‍.കളിയും ചിരിയും ആശയ വിനിമയവുമായി നേരം പോയതറിഞ്ഞില്ല. എല്ലാവരും സന്തോഷത്തിലാണ്. എന്നോട് മൊബൈല്‍ നമ്പര്‍ വാങ്ങിയ അവര്‍ എസ്. എം .എസ്. അയച്ചോട്ടെ എന്നു ചോദിച്ചു. ഇടയ്ക്കെപ്പോഴോ ഞാനൊരാവശ്യത്തിന് മൊബൈല്‍ തുറന്നപ്പോള്‍ തന്നെ ചിലരുടെ സന്ദേശങ്ങള്‍ തുരുതുരാ വന്നുകൊണ്ടിരുന്നു.
ഏലിയാസും കൂട്ടരും
മത്സരങ്ങള്‍- കസേരകളി, സുന്ദരിക്ക് പൊട്ടുതൊടല്‍, മിട്ടായിപെറുക്ക്, എല്ലാം നടക്കുന്നു. ചിലരുടെ ജീവിത പങ്കാളികള്‍ സംസാരിക്കുന്നവര്‍ (മൂന്നു സ്തീകളും ഒരു പുരുഷനും) . അവിവാഹിതരായ ചിലരോടൊപ്പം മാതാപിതാക്കളോ സഹോദരങ്ങളോ സംസാരിക്കുന്നവരുണ്ട്. കുട്ടികളില്‍ ചിലര്‍ക്കും സംസാരശേഷിയില്ലാത്തവര്‍. ഞാനൊഴികെ എല്ലാവരും ആംഗ്യ ഭാഷ നന്നായറിയുന്നവര്‍. ചായ, വട
എല്ലാം കൃത്യമായി വിതരണം ചെയ്യാനും കഴിക്കാനും കളികള്‍ തടസ്സമായില്ല. കുട്ടികള്‍ മത്സരത്തില്‍ ലയിച്ചിരിക്കുമ്പോള്‍ വിദ്യാസമ്പന്നരായ യുവതീയുവാക്കളുടെ മാതാപിതാക്കളില്‍ ചിലര്‍ മക്കളുടെ ജോലിപ്രശ്നം സ്വകാര്യ സംഭാഷണത്തിനിടെഎന്നോട് പറഞ്ഞു.
കസേര തരപ്പെടുമോ ? - കസേരകളി
സുന്ദരിക്കൊരു പൊട്ട്
മത്സരങ്ങള്‍ ഉച്ച വരെ നീണ്ടു. ഇനി ഉച്ച ഭക്ഷണം.ഊണും അവിടെത്തന്നെ. ഞാന്‍ നോമ്പിലാണെന്നു പറഞ്ഞപ്പോള്‍, അവരില്‍ ചിലര്‍ക്ക് വ്യസനം.എങ്കിലും ഞാനും വിളമ്പാന്‍ കൂടി. തിക്കും തിരക്കുമില്ലാതെ ശാന്തമായി ഊണും നടന്നു. കുട്ടികള്‍ക്കും സ്തീകള്‍ക്കും മുതിര്‍ന്ന പൌരന്മാര്ക്കും പ്രത്യേക പരിഗണന കൊടുത്ത ശേഷമാണ് യുവാക്കള്‍ ഊണു കഴിച്ചത്.
പ്രാര്‍ത്ഥന- ശബ്ദമില്ലാത്തവരുടെ ശബ്ദമുള്ള മക്കള്‍
സമയം നഷ്ടപ്പെടുത്താതെ പൊതു സമ്മേളനം തുടങ്ങി. വിശിഷ്ടാതിഥികളില്‍ പലരും എത്തുന്നതേയുള്ളൂ. കുട്ടികളുടെ പ്രാര്‍ത്ഥനയോടെ തുടക്കം.‘ സ്റ്റേജ് ഓപ്പണിങ്’ എന്ന പേരില്‍ മണ്ണക്കനാട് ബധിര മൂക വിദ്യാലയത്തിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തം, എല്ലാവരുടേയും മനസ്സു കീഴടക്കി. രണ്ട് കന്യാസ്തീകളാണ് ആ കുട്ടികളെ കൊണ്ടുവന്നത്. കളി തുടങ്ങിയപ്പോള്‍ ഒരു സിസ്റ്റര്‍ സ്റ്റേജിനു മുന്നില്‍ നിലത്തിരുന്ന് കുട്ടികള്‍ക്ക് നിര്‍ദേശം കൊടുക്കുന്നതും കുട്ടികളെല്ലാം സിസ്റ്ററെ നോക്കി കളിക്കുന്നതും മനസ്സിനെ സ്പര്‍ശിക്കുന്ന കാഴ്ചയായിരുന്നു.
ബധിരമൂക വിദ്യാര്‍ത്ഥിനികളുടെ നൃത്തം
‘എന്റെ മക്കളേ..........................’
‘അങ്ങനെ തന്നെ’
സന്തോഷിന്റെ ശബ്ദമില്ലാത്ത പ്രസംഗം
ഉദ്ഘാടന സമ്മേളന വേദി
ശ്രീ . കെ . എം . മാണി
പൊതു സമ്മേളനത്തിന്, മുന്‍ മന്ത്രി ശ്രീ. കെ. എം മാണിയും വികലാംഗ ക്ഷേമ ബോര്‍ഡ് ചെയര്മാന് ശ്രീ. ഉഴവൂര്‍ വിജയനുമൊക്കെയുണ്ട്. അതിഥികളെത്തും മുന്‍പ് കുട്ടികളില്‍ ചിലര്‍ പാട്ടു പാടി. ശബ്ദമില്ലാത്തവരുടെ അനുഗൃഹീതരായ മക്കള്‍. ഓരോ പാട്ടും തീരുമ്പോള്‍ ഞാനറിയാതെ തന്നെ എന്റെ കണ്ണുകളില്‍ നനവു പടരുന്നുണ്ടായിരുന്നു. എല്ലാവരുടേയും സ്ഥിതി അതുതന്നെയായിരുന്നു. ഇതിനിടെ ഞാന്‍ അവരോടെല്ലാം മലയാളം ബ്ലോഗിനെക്കുറിച്ചുള്ള എന്റെ അല്പജ്ഞാനം പങ്കിട്ടു. സിന്ധു എന്ന സഹോദരി ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അവര്‍ക്ക് ആംഗ്യ ഭാഷയില്‍ നല്കി. എല്ലാവര്ക്കും ബ്ലോഗില്‍ താല്പര്യം. സന്തോഷവും.
ഉദ്ഘാടകന്‍ ശ്രീ. കെ.എം മാണിയും , മുഖ്യ പ്രഭാഷകന്‍ ശ്രീ.ഉഴവൂര്‍ വിജയനും അവരുടെ ജില്ലാ ഓഫീസിനെക്കുറിച്ചും മറ്റും മനസ്സിലാക്കി. വാടകയില്ലാതെ ഒരു ഓഫീസ് പാലായില്‍ തരപ്പെടുത്താമെന്നും ഉറപ്പു നല്കി. ക്ഷേമ പദ്ധതികളെക്കുറിച്ചും അവര്‍ പറഞ്ഞു. ബധിര മൂക സംഘടനാ നേതാക്കളായ സന്തോഷ് ഇടശ്ശേരിയില്‍, സെബാസ്ട്യന് മാത്യു, ഗീവര്‍ഗീസ് എന്നിവരും സംസാരിച്ചു. അവരിലൊരാളായ രവീന്ദ്രന് എല്ലാം ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഈ ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതാണ്.
ശ്രദ്ധ വേദിയിലേക്കു മാത്രം
ശ്രീ അച്ചന് കെ മാത്യു. എല്ലാ പ്രസംഗങ്ങളും ആംഗ്യ ഭാഷയിലാക്കി. പാലാ നഗരസഭയുടെ പ്രതിപക്ഷ നേതാവ് ശ്രീ ചെറിയാന് കാപ്പനും അതിഥിയായിരുന്നു. ബധിരരല്ലാത്ത ശ്രീമതി. അന്നമ്മ തോമസ്സും ശ്രീ. രഘുനാഥും ശ്രീമതി. സിന്ധുവും എല്ലാത്തിനും നേതൃത്വം നല്കി.
സദസ്സിന്റെ മറ്റൊരു ദൃശ്യം
സമ്മേളനവും, സമ്മാനദാനവുമെല്ലാം കഴിഞ്ഞപ്പോള്‍ ഓരോ മുഖത്തും നേരിയ വിഷാദം പടരുന്നത് കാണാമായിരുന്നു. ഒരു പകല്‍ മുഴുവന്‍ ശബ്ദമില്ലാത്തവരിലൊരാളായിത്തീര്‍ന്ന എന്നിലേക്കും ആ വിഷാദം പടരുന്നുണ്ടായിരുന്നു.
Thursday, October 9, 2008
Subscribe to:
Post Comments (Atom)
17 comments:
ഹരിശ്രീ ഗണപതയേ നമ:
പൂജയെടുത്ത ശേഷമുള്ള ആദ്യ പോസ്റ്റ് . ഇത് ബധിരരും മൂകരുമായ സഹോദരങ്ങള്‍ക്ക് സമര്‍പ്പിക്കട്ടെ.
ഹരിശ്രീ ഗണപതയേ നമ:
ശബ്ദമില്ലാത്ത ഒരു പകലിനും
സ്നേഹപുർവ്വം സമർപ്പിച്ച ഈ ബ്ലോഗ്ഗിനു ആശംസകളൊടെ
ശബ്ദമില്ലാത്ത ഈ പകലിന് ആസംസകൾ...!
നിശബ്ദം ഞാനും വായിച്ചു.
ശബ്ദമില്ലാത്തവരുടെ ശബ്ദമുള്ള മക്കള്‍ എന്ന ചിത്രം മനസ്സിലൊരു വിങ്ങലും ഒപ്പം സന്തോഷവും നല്കി. ആശംസകള്‍...
ആ നിമിഷങ്ങള്‍ ആലോചിച്ചപ്പോള്‍ ഒരു വേദന... എല്ലാമുണ്ടായിട്ടും വീണ്ടും കിട്ടാന്‍ ഓടൂന്നവരോട് അവര്‍ വെല്ലുവിളി നടത്തുന്നപോലെ...
നന്ദി ലതി
ശബ്ദമില്ലാത്ത ലോകത്ത് കണ്ടുമുട്ടിയ നിരവധി സഹോദരരെ ഓര്‍മ്മവന്നു.നന്ദി..ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ക്ക്...
ഹരി ശ്രീ ഗണപതയേ നമ : നന്നായിരിക്കുന്നു മോളെ , പോസ്റ്റും ഫോട്ടോസും നന്മകള് നേരുന്നു .
വായിച്ചു. എന്താ പറയേണ്ടതെന്നെനിക്കറിയില്ല.
അവരുടെ ഒപ്പം കൂടാനുള്ള ആ മനസ്സിനു നന്ദി.
ഈ പോസ്റ്റിന് ആശംസകള്‍...
ശബ്ദങ്ങളുടെ ലോകം അന്യമായവര്‍.... :(
നാട്ടിൽ എന്റെ അയൽവക്കത്തുമുണ്ട് ബധിരയും മൂകയുമായ ഒരു കുട്ടി [മിനി]. അവളോട് സംസാരിച്ച് ഞാൻ അവളുടെ ആംഗ്യഭാഷ നന്നായി വശമാക്കി. ഒരിക്കൽ ഒരു ബധിരമൂകവിദ്യാലയത്തിലെ വിദ്യാർത്ഥികൾ അവരുടെ സ്കൂൾ വാർഷികത്തിന്റെ പിരിവിനായി വീട്ടിൽ വന്നപ്പോൾ ഞാൻ മിനിയുടെ ഭാഷ അവരോടും പ്രയോഗിച്ചു. എന്നെ അത്ഭുതപ്പെടുത്തിയ കാര്യം, അത്തരം ഒരു വിദ്യാലയത്തിൽ പഠിച്ചിട്ടില്ലാത്ത മിനി ഉപയോഗിക്കുന്ന പല ആംഗ്യങ്ങളും ഈ കുട്ടികളും ഉപയോഗിക്കുന്നു എന്നതാണ്. നാട്ടിൽ വച്ച് നൃത്ത പഠനവും പഠിപ്പിക്കലും ഉണ്ടായിരുന്ന കാലത്ത് മിനിയെ ഭരതനാട്യം പഠിപ്പിച്ച് അരങ്ങേറ്റി എന്നുള്ളത് എനിക്ക് സംതൃപ്തി തന്ന ഒരൂ കാര്യമാണ്. പക്ഷെ ഞാനുപയോഗിച്ച രീതി അവളെ ഒരു ഗ്രൂപ്പിന്റെ കൂടെ നിറുത്തി ചെയ്യിക്കലായിരുന്നു. ഒരു കൂട്ടം ബധിരമൂക വിദ്യാർത്ഥികൾ ഒരുമിച്ചു ചെയ്യുമ്പോൾ അതു സാധ്യമല്ലല്ലൊ. അല്ലേ?
വായിച്ചപ്പോൾ എന്റെ കണ്ണും നിറഞ്ഞു. ആ സിസ്റ്ററോട് ഒരുപാട് ബഹുമാനവും തോന്നി.ഒരുപാട് നല്ല ഒരു പോസ്റ്റ് ലതികേച്ചി
[മീനച്ചിലാറിന്റെ പാല ദൃശ്യം മനോഹരം]
ഹൃദയം ഹൃദയത്തോടു സംസാരിക്കുന്നു ...........
hridaya sparsiyaayi
വല്ലാതെ സങ്കടം തോന്നിയെങ്കിലും, അവരാ ഡിഫക്റ്റിന്റെ പേരില്‍ ദു:ഖിച്ചിരിക്കാതെ തങ്ങളാല്‍ കഴിയുമ്പോലെ ജീവിതം ആസ്വദിക്കയും സന്തോഷിക്കയും ചെയ്യുന്നുണ്ടല്ലോ എന്നോര്‍ത്ത് സന്തോഷവും തോന്നുന്നു. ഈശ്വരന് അവര്‍ക്കൊപ്പം എന്നും ഉണ്ടാകട്ടേ. അവരോടൊപ്പം ഒരുദിവസം ചിലവിടാനും, അവര്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ ചെയ്യാനും തുനിഞ്ഞ ലതിയുടെ നന്മ നിറഞ്ഞ മനസ്സിനും നന്ദി.
ശബ്ദം ഇല്ലാത്തവർക്കായി ശബ്ദിക്കുന്ന ഈ പോസ്റ്റുകൾക്ക് ആയിരം ആയിരം ആശംസകൾ ...
അവരിൽ എഴുതാൻ കഴിവുള്ളവർ ബ്ലോഗിൽ വരും എന്ന് കരുതുന്നു....
അവർ കൂടി ബ്ലോഗ്ലിലെത്തട്ടെ...നല്ലകാര്യം.ആശംസകൾ...
നല്ല പോസ്റ്റ്...
എന്റെയും ആശംസകള്‍..
മനസ്സില്‍ തങ്ങി നില്ക്കുന്ന വിവരണവും,ചിത്രങ്ങളും..
Post a Comment