Friday, November 23, 2012

നാം ഇനി എന്തുചെയ്യും ?


ഞാൻ എന്നെത്തിരഞ്ഞു.
നീ നിന്നെത്തിരഞ്ഞു
ഞാനും നീയും കൂടി
നമ്മെത്തിരഞ്ഞു.
ഞാൻ എന്നെക്കണ്ടില്ല
നീ നിന്നെക്കണ്ടില്ല.
നാം നമ്മെക്കണ്ടില്ല
ഞാൻ നിന്നെക്കണ്ടു
നീ എന്നെക്കണ്ടു
നാം അവരെ കണ്ടു
ഞാൻ എന്നെക്കാണാനും
നീ നിന്നെക്കാണാനും
നാം നമ്മെക്കാണാനും
നാം ഇനി എന്തുചെയ്യും ?


Thursday, November 22, 2012

സ്വകാര്യം

ഒരു ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടിക്ക് അയാളെ വ്യക്തിപരമായി അറിയില്ലായിരുന്നു. അയാളുടെ അടുത്തായിരുന്നു, അവളുടെ ഇരിപ്പിടം.” ദേ, ചുരീദാറിന്റെ ഷാളൊക്കെ ഒതുക്കി വയ്ക്കൂ കുട്ടീ.” കോൺഫറൻസ് തുടങ്ങും മുൻപ്, എല്ലാവരും കേൾക്കുന്ന വിധത്തിൽ അയാൾ അവളെ പരിഹസിച്ചു.“ സോറി, സർ.” അപമാനിക്കപ്പെട്ട മാതിരി അവൾ ഒതുങ്ങിയിരുന്നപ്പോൾ അയാൾ മറ്റുള്ളവരെ നോക്കി വെളുക്കെ ചിരിച്ചു. ഉച്ചയ്ക്ക് ഊണിനു പിരിഞ്ഞപ്പോൾ സ്വകാര്യമായി അയാൾ അവളോട്  “ഞാൻ രാവിലെ പറഞ്ഞതു ഫീൽ ചെയ്തോ മോളേ?  ഇനിയിപ്പോ ഷാളല്ല, കുട്ടി തന്നെ എന്നെ ഒന്നു ടച്ച് ചെയ്താലും തരക്കേടില്ലാ ട്ടോ. നമ്മുടെ കോൺഫറൻസിന്റെ ചിത്രങ്ങളും വീഡിയോ ക്ലിപ്പിങ്ങുകളുമൊക്കെ നാലാളുകൾ കാണുമ്പോൾ പ്രശ്നമാവാതിരിക്കാനാ അങ്ങനെ പറഞ്ഞത്.”

Wednesday, October 24, 2012

പുത്തൻ അറിവ്

  തന്നെ എഴുത്തിനിരുത്തിയ ഗംഗാധരൻ മാഷു തന്നെ തന്റെ കുട്ടിക്കും ആദ്യാക്ഷരം പകരണമെന്നത് അയാളുടെ ആഗ്രഹമായിരുന്നു. കുഞ്ഞിനെയും കൊണ്ട്  അയാളും ഭാര്യയും ഗംഗാധരൻ മാഷിനെ തേടിയെത്തി.  തന്റെ ശിഷ്യൻ പഠിപ്പും പദവിയും പണവും പ്രശസ്തിയുമെല്ലാം ഒരുപോലെ നേടിയിട്ടും പെൻഷൻ പറ്റിയ  ഈ അദ്ധ്യാപകനെഅന്വേഷിച്ചു വന്നതിൽ  അദ്ദേഹത്തിനു സന്തോഷം തോന്നി.  പ്രതിഭാ ധനനായ  ഗംഗാധരൻ മാഷ് തന്റെ നാട്ടിലെ ഏറ്റവും ദരിദ്രനായ അധ്യാപകനാണെന്നു തിരിച്ചറിഞ്ഞപ്പോൾ അയാൾ അദ്ഭുതപ്പെട്ടു.   ചെറു പ്രായത്തിലേ അദ്ധ്യാപകർക്കുള്ള സംസ്ഥാന അവാർഡും ദേശീയ അവാർഡും കരസ്ഥമാക്കി യെങ്കിലും താനിപ്പോൾ ഡെപ്യൂട്ടേഷനിൽ   ഒരു പ്രൊജ്ക്റ്റിന്റെ കോ-ഓർഡിനേറ്ററായി ജോലി നോക്കുകയാണെന്ന് ശിഷ്യൻ മാഷിനോടു പറഞ്ഞു. “ഒരുപാടു സൈഡ് ബിസിനസ്സുകൾ ചെയ്യാൻ സമയം കണ്ടെത്തുന്നതു കൊണ്ടാ മാഷേ ഞാനിങ്ങനെയൊക്കെ പിടിച്ചു നിൽക്കുന്നത്. മാഷിനോട് ചില കാര്യങ്ങളിൽ എനിയ്ക്ക് യോജിപ്പില്ല. ഞാൻ അല്പം റിസൽട്ട് ഓറിയെന്റെഡാ . ചെയ്യുന്നതെല്ലാം കൃത്യമായി  റെക്കോഡ്   ചെയ്ത് ബന്ധപ്പെട്ടവരെ ബോദ്ധ്യപ്പെടുത്തുകയും  ചെയ്യും  ” .   ശിഷ്യന്റെ അഭിമാനം തുളുമ്പുന്ന വാക്കുകൾ കേട്ട് ഗംഗാധരൻ മാഷ് പറഞ്ഞു.  “ഇങ്ങനെയുള്ള അദ്ധ്യാപകരും ഇപ്പോഴുണ്ടോ? നന്ദി  കുഞ്ഞേ. ഒരുപാടു നന്ദി. ഈ പുത്തൻ അറിവിന്. ”

Monday, October 22, 2012

ഒരു മുളം തണ്ടായ് ഞാൻ......

                         
                                                            
ഞാനും  ഒരു മുളം തണ്ടായിരുന്നുവെങ്കിൽ എന്ന് തീവ്രമായി ആഗ്രഹിച്ചത്, ഒക്ടോബർ  ഒൻപതാം തിയതി, കൃത്യമായി പറഞ്ഞാൽ, എന്റെ നാല്പത്തിയെട്ടാം പിറന്നാളിന്റെ തലേന്നാണ്. എന്റെ പ്രിയപ്പെട്ട , ഞാൻ അനുജത്തിയെപ്പോലെ കരുതുന്ന, കേരളാ പൊലീസിലെ കോൺസ്റ്റബിളും പ്രകൃതി സ്നേഹിയുമായ  തുളസി അന്ന് ഉച്ചയ്ക്ക്  എനിക്കൊരു പിറന്നാൾ സമ്മാനവുമായി കോട്ടയത്തെ വീട്ടിലെത്തി.  എന്നെ അവിടെ കാണാഞ്ഞ് ഫോണിൽ വിളിച്ചു. മാല്യങ്കര എസ് .എൻ .എം എഞ്ചിനീയറിങ് കോളജിൽ വനിതാ അസോസിയേഷൻ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോഴാണു വിളി. “ചേച്ചീ, ചേച്ചിക്കു പുണർതം നക്ഷത്രത്തിന്റെ വൃക്ഷമേതെന്നറിയുമോ?”  “ആവോ! എനിക്കൊരോർമ്മ വരുന്നില്ലാല്ലോ മോളേ.”ഞാൻ തപ്പിത്തടഞ്ഞു. “മുളയാ ചേച്ചീ, മുള. ഓരോ നാളിനും ഓരോ വൃക്ഷമുണ്ട്. എന്തായാലും ചേച്ചിക്കു വേണ്ടി ഞാനൊരു ഇല്ലിത്തൈ വാങ്ങി വീട്ടിൽ അമ്മയെ ഏല്പിച്ചിട്ടുണ്ട്. ഇന്നു രാത്രി എട്ടു മുതൽ നാളെ രാവിലെ എട്ടു വരെയാ പുണർതം. ചേച്ചി വരുമ്പോൾ ഈ ഇല്ലി ചേച്ചിക്കു കാണാവുന്നിടത്തെവിടെയെങ്കിലും കുഴിച്ചു വയ്ക്കണം കേട്ടോ.” തുളസിയുടെ നിർദ്ദേശം.
 “തീർച്ചയായും.” ഞാൻ തുളസിക്ക് ഉറപ്പു കൊടുത്തു.

അതു വരെ മുളയോടു തോന്നിയതിലുംകൂടുതൽ  ഒരിഷ്ടം എന്നിൽ രൂപം കൊണ്ടതു പോലെ. മാല്യങ്കരയിൽ നിന്നും എനിക്ക് പോകേണ്ടതു അരൂരിലെ                                                                                                                                                                                                                                                                                                    മനോരമ സ്റ്റുഡിയോയിലേക്കായിരുന്നു. പുല്ലു വർഗ്ഗത്തിലെ അതികായനായ മുളയെക്കുറിച്ചായിരുന്നു ഞാൻ ചിന്തിച്ചത്.
“കാട്ടിലെ പാഴ് മുളം തണ്ടിൽ നിന്നും....
പാട്ടിന്റെ പാലാഴി തീർത്തവളേ....”

“ഒരു മയിൽ പീലിയായ്ഞാൻ.... ജനിക്കുമെങ്കിൽ നിന്റെ
തിരുമുടി കുടന്നയിൽ  തപസ്സിരിക്കും
ഒരു മുളം തണ്ടായ് ഞാൻ പിറക്കുമെങ്കിൽ നിന്റെ
ചൊടിമലരിതളിൽ വീണലിഞ്ഞു പാടും...”

ആ  പാട്ടുകളൊക്കെ എന്റെ ചുണ്ടുകളിൽ എവിടെ നിന്നോ ഓടിയെത്തി, തത്തിക്കളിച്ചുകൊണ്ടേയിരുന്നു.
വീട്ടിലെത്തിയപ്പോൾ കുറച്ചു മുളവിശേഷങ്ങൾ തപ്പിയെടുത്തു. എൺപത് അടിയോളം നീളം വരുന്ന ഭീമൻ മുളകളെക്കുറിച്ചും മറ്റും ഞാൻ വായിച്ചു. ചില മുളകൾ എല്ലാ വർഷവും പുഷ്പിക്കും, മറ്റു ചിലവയാകട്ടെ, ആയുസ്സിൽ ഒരിക്കൽ മാത്രമേ പുഷ്പിക്കൂ. നമ്മുടെ കൊല്ലം ജില്ലയിലെ പട്ടാഴി പഞ്ചായത്തിൽ  വളർന്ന ഒരു മുള ലോകത്തിലെ ഏറ്റവും നീളം കൂടിയ മുള എന്ന സ്ഥാനം നേടിയിരുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. മുളയുടെ കൂമ്പ് അച്ചാറിടാൻ ഉത്തമം. ചൈനക്കാർക്കും ജപ്പാൻകാർക്കും തീന്മേശയിൽ  മുളയുടെ തളിരിനോടാണത്രേ പ്രിയം. മുളയരി ഔഷധഗുണമുള്ള ഭക്ഷണ സാധനമാണ്.  സെപ്റ്റംബർ 18 ലോക മുളദിനമായി ആചരിച്ചു വരുന്നു. 2009-ൽ ബാങ്കോക്കിൽ വച്ചു ചേർന്ന ലോക മുളസമ്മേളനത്തിലാണ് മുളദിനാചരണത്തിനു നാന്ദി കുറിക്കപ്പെട്ടത്. ആദ്യത്തെ ലോക മുളദിനത്തിന് ആതിഥ്യമരുളിയത് നാഗാലാന്റാണ്.
                       പുരാണത്തിലും ഒട്ടും മോശമല്ലാത്ത സ്ഥാനം മുളയ്ക്കുണ്ട്.  ദാരികാസുര വധം കഴിഞ്ഞ് കോപം അടക്കാനാവാതെ ശ്രീഭദ്രകാളി പൊരിവെയിലത്തു നിൽക്കുന്നതു കണ്ട്, പറയി പെറ്റ പന്തിരുകുലത്തിലെ പാക്കനാർ വീട്ടിലേയ്ക്കോടി .പതിനാറു കമ്പുകളുള്ള മുള വെട്ടിക്കൊണ്ടു വന്ന് , മുപ്പത്തിരണ്ട് നിരത്തലകിട്ട്, കുടപ്പനയുടെ ഓലകൊണ്ട് പൊതിഞ്ഞുണ്ടാക്കിയ ഓലക്കുട കൊണ്ടു പോയി ഭഗവതിയെ ചൂടിച്ചു കൊടുത്തു. “നിന്റെ ഈ കുടയ്ക്കു കീഴിൽ എന്റെ സാന്നിദ്ധ്യം എന്നും ഉണ്ടാകും” എന്ന് ഭഗവതി അനുഗ്രഹിച്ചത്രേ.
                                       പാക്കനാരുടെ മുറക്കച്ചവടം പ്രസിദ്ധമാണ്. മുളയുടെ  വാണിജ്യ പ്രാധാന്യം പരിസ്ഥിതി  സൌഹൃദ  ഉൽ‌പ്പന്നങ്ങൾ കൊതിക്കുന്ന ഏതൊരു നാടും അംഗീകരിക്കും. കടലാസ്സു നിർമ്മാണത്തിനുള്ള  അസംസ്കൃത വസ്തുവായും, കോൺക്രീറ്റ് പണിക്ക് തട്ടിടാൻ   മുട്ടായും,      കുട്ട, വട്ടി, മുറം, എന്നിവയുടെ നിർമ്മാണത്തിനും മുള  അത്യന്താപേക്ഷിതമാണ്. ആധുനിക മനുഷ്യർ കെട്ടിട നിർമ്മാണത്തിന് സിമന്റ്, ഇരുമ്പ്, ഇഷ്ടിക എന്നിവ  ഉപയോഗിക്കും പോലെ, ആദിവാസികൾ മുളയെ വീടു നിർമ്മാണത്തിന് ആശ്രയിച്ചിരുന്നു. അവർക്ക് കെണിയുണ്ടാക്കാനും കത്തിയുണ്ടാക്കാനും  മുള വേണമായിരുന്നു. അന്നും ഇന്നും വള്ളമൂന്നാൻ മുളയുടെ കഴുക്കോൽ ഉപയോഗിക്കുന്നു. അത്യന്താധുനിക ഭവനങ്ങളിലും മുളകൊണ്ടുള്ള കർട്ടൻ പഥ്യം തന്നെ. ഇല്ലി മുള്ളുകൾ കൊണ്ട് അതി മനോഹരമായി നിർമ്മിച്ചിരുന്ന വേലിക്കെട്ടുകൾ മുൻ കാലങ്ങളിലെ നമ്മുടെ പ്രകൃതി സ്നേഹത്തിന്റെയും നല്ല അയൽ ബന്ധങ്ങളുടെയും ഉദാത്തമായ ഉദാഹരണമാണ്. മുള മാഹാത്മ്യം പറഞ്ഞാൽ തീരില്ല.
 എന്റെ പിറന്നാൾ ദിനത്തിൽ ( കന്നിമാസത്തിലെ പുണർതം നക്ഷത്രം) രാവിലെ കുളിച്ച്, തുളസി തന്ന ഇല്ലിത്തൈ എന്റെ വീടിന്റെ കിഴക്കു വശത്തെ മതിലിന്നരികിൽ നടുമ്പോൾ ഞാൻ സ്വയം ചോദിച്ചു. ഞാൻ ഒരു മുളം തണ്ടാണോ? ആവാം. വേണമെങ്കിൽ അങ്ങനെയാക്കാം. അങ്ങനെയായാൽ തന്നെ, മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന ഒരു വേണുഗാനം ഈ മുളം തണ്ടിൽ നിന്നും എപ്പോഴെങ്കിലും ഉതിർന്നിട്ടുണ്ടോ? ഞാൻവീണ്ടും എന്നോടു ചോദിച്ചു. പൊതു സമൂഹത്തിന്റെ വിമർശനം  ഏറ്റവുമധികം ഏറ്റുവാങ്ങുന്ന പൊതുപ്രവർത്തകരുടെ പട്ടികയിലേയ്ക്ക് ഞാൻ എങ്ങനെ എത്തപ്പെട്ടു എന്നു ഞാൻ ഓർത്തു നോക്കി.  സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസ് ലീഡറും സ്കൂൾ സെക്രട്ടറിയുമൊക്കെ ആയും, ഒന്നാം വർഷ പ്രീഡിഗ്രിക്ക്  കോളജിലെ വനിതാ പ്രതിനിധിയായും, ബിരുദത്തിന്റെ അവസാന വർഷം കോളജിലെ യൂണിവേഴ്സിറ്റി യൂണിയൻ കൌൺസിലറായുംപിന്നെ, 1991ലെ ജില്ലാകൌൺസിൽ അംഗമായും, 92ൽ എറണാകുളം ജില്ലാകൌൺസിൽ അംഗത്തിന്റെ ഭാര്യയായും,   95ലും 2000ലും ജില്ലാപഞ്ചായത്തിലേക്ക് ഇരുവരും വീണ്ടും മത്സരിച്ച് ജയിച്ച് രണ്ടു ജില്ലകളിൽ രണ്ടായി നിന്നുകൊണ്ടു തന്നെ ഒന്നായി ജീവിച്ചതുമെല്ലാം  ഒരു മിന്നായം പോലെമനസ്സിലൂടെ കടന്നു പോയി.  പൊതു ജീവിതം വ്യക്തി ജീവിതത്തെ തുരത്തിയോടിച്ചത് എപ്പോഴാണെന്നു പോലും എനിക്കോർമ്മിച്ചെടുക്കാൻ കഴിയാത്തതു പോലെ. രണ്ടു പതിറ്റാണ്ടത്തെ ദാമ്പത്യജീവിതത്തിനിടെ ഭർത്താവിനു വേണ്ടി മാത്രം ഒരു ഭാര്യയെന്ന നിലയിൽ നീക്കി വക്കാൻ കിട്ടിയ സമയം എത്ര തുച്ഛം! ഞങ്ങളുടെ ദാമ്പത്യ വല്ലരിയിൽ പൂത്ത ഒരേയൊരു മകൻ കണ്ണന്(ബ്രഹ്മ ദർശൻ) അമ്മയെന്ന നിലയിൽ ഞാൻ നൽകിയ സമയം മറ്റ് അമ്മമാരുമായി താരതമ്യം ചെയ്യുമ്പോൾ എത്രയോ നിസ്സാരം! ഒരു പൊതു പ്രവർത്തകയുടെ പരിമിതികളിൽ ഒതുങ്ങി നിന്നു കൊണ്ടു മാത്രമേ എനിയ്ക്ക് എന്റെ മാതാ പിതാക്കളേയും എന്റേയും ഭർത്താവിന്റെയും വീട്ടിലെ മറ്റു ബന്ധു മിത്രാദികളേയും പരിചരിക്കാനോ ,അവരോടൊക്കെ ഇടപെടാനോ കഴിഞ്ഞിട്ടുള്ളൂ. എന്നാൽ പൊതു ജീവിതത്തിൽ കുറച്ചുകൂടി  അർപ്പണ മനോഭാവത്തോടെ മുന്നോട്ടു പോകാനായെന്ന് ഞാനും ആശ്വസിക്കാറുണ്ട്. ദൈനം ദിന ജീവിതത്തിലെ ക്ലേശങ്ങളും വ്യക്തി ജീവിതത്തിലെ സുഖ ദു:ഖങ്ങളും ഒരിക്കലും കണക്കിലെടുക്കാതെ , പൊതു ജീവിതത്തിൽ വ്യവഹരിക്കാനും, അന്യരുടെ സുഖ ദു:ഖങ്ങളിൽ പങ്കാളികളാകാനുമായിരുന്നു, ഞങ്ങളും മറ്റു പൊതുപ്രവർത്തകരെപ്പോലെ തന്നെ ആഗ്രഹിച്ചത്. സ്വകാര്യ ദു;ഖങ്ങൾക്ക് അപ്പോഴൊന്നും പ്രാധാന്യം കല്പിച്ചിരുന്നില്ല. ഏതൊരു പൊതുപ്രവർത്തകനും(പൊതുപ്രവർത്തകയും) നേരിട്ടേക്കാവുന്ന ആരോപണങ്ങളോ അപവാദപ്രചരണങ്ങളോ ഞങ്ങൾക്കും അന്യമായിരുന്നില്ല താനും. മറ്റുള്ളവരെ സന്തോഷിപ്പിക്കാനും അവർക്ക് ആശ്വാസ ദായകമായ എന്തെങ്കിലും  ചെയ്യാനും കഴിയുന്ന ഒരുതരം ഓടക്കുഴലുകൾ.. ....അതേ ..സാമൂഹ്യ ജീവിതത്തിൽ  ചെറിയ ഇടപെടലെങ്കിലും നടത്തിയിട്ടുള്ള ആളുകളിൽ നല്ലൊരു ശതമാനം പേരും അങ്ങനെയാകാൻ ആഗ്രഹിക്കുന്നുണ്ടാവാം. ഓരോ മനുഷ്യനും ഓരോ മുളം തണ്ടാണ്. അതിൽ ചിലതാവട്ടെ, മറ്റുള്ളവർക്കായി, ഒരിയ്ക്കലും മറക്കാനാവാത്ത വേണുനാദം പുറപ്പെടുവിക്കാൻ കഴിയുന്ന നല്ല ഓടക്കുഴലുകളാണ്. എന്റെ ഈശ്വരാ... എനിക്ക് അത്തരമൊരു ഓടക്കുഴലാകാനായിരുന്നെങ്കിൽ!! നഷ്ടബോധവും കുറ്റബോധവുമൊക്കെ എന്നെ വല്ലാതെ അലട്ടുന്നതു പോലെ തോന്നി, എനിക്ക്.

      ഒരു മുളന്തണ്ടിൽ പ്രത്യേക അകലം വച്ച് സുഷിരങ്ങളുണ്ടാക്കി, അതൊരു വാദ്യോപകരണമാക്കി മാറ്റാൻ കഴിയുന്നതും,ആ വേണു ഗാനം ആയിരങ്ങളെ ആനന്ദിപ്പിക്കുന്നതുമൊക്കെ ഞാൻ അദ്ഭുതാദരങ്ങളോടെ ഓർത്തു പോയി. മറ്റുള്ളവർക്ക് ആനന്ദം കൊടുക്കുന്ന മുരളീനാദം പുറപ്പെടുവിക്കാനായാൽ അതൊരു ഭാഗ്യം തന്നെ. ഈശ്വരന്റെ പ്രതിരൂപമായി കുട്ടിക്കാലം മുതൽ മനസ്സിൽ പതിഞ്ഞ ആ മുരളീധരനെ വിചാരിച്ച്  ശ്രീ. ബിച്ചു തിരുമലയുടെ  ആ വരികൾ ഞാൻ വീണ്ടും മൂളി...
“ഒരു മയിൽ പീലിയായ് ഞാൻ.... ജനിക്കുമെങ്കിൽ നിന്റെ
തിരുമുടി കുടന്നയിൽ  തപസ്സിരിക്കും
ഒരു മുളം തണ്ടായ് ഞാൻ പിറക്കുമെങ്കിൽ നിന്റെ
ചൊടിമലരിതളിൽ വീണലിഞ്ഞു പാടും...”

Sunday, October 21, 2012

ഷവര്‍മ്മ

ഷവര്‍മ്മയായിരുന്നു, ആ യുവാവിന്റെ  ഏറ്റവും പ്രിയപ്പെട്ട സസ്യേതര വിഭവം.
 അയാളുടെ ഏറ്റവും വലിയ ബലഹീനത ഷവർമ്മയാണെന്നു പറയുന്നതാവും ശരി.
ഷവര്‍മ്മ കഴിച്ച്  ചിലര്‍ക്ക് ജിവഹാനി സംഭവിച്ചെന്നും  മറ്റു ചിലര്‍ക്ക്
രോഗം പിടിപെട്ടെന്നും മറ്റും കേട്ടപ്പോള്‍ അയാൾക്ക്  വലിയ വിഷമമായി.
ഷവര്‍മ്മക്ക് ഒരു പ്രശ്നവും ഉണ്ടാവരുതേ എന്നായി, അയാളുടെ പ്രാർത്ഥന. ഷവർമ്മയ്ക്കുണ്ടായ  ദുര്യോഗത്തെക്കുറിച്ച്  കേട്ടപ്പോൾ അയാളുടെ  അമ്മ, വൈവിദ്ധ്യമാർന്ന രുചികളിൽ ഒരുപാടു സസ്യേതര വിഭവങ്ങൾ മകനു വേണ്ടി തയ്യാറാക്കിക്കൊണ്ടേയിരുന്നു. എന്നാൽ അതൊന്നും  അയാളെ ആകർഷിച്ചതേയില്ല. ഷവർമ്മയുടെ ഉപയോഗത്തിന്റെ പ്രത്യാഘാതം വീണ്ടും വാർത്തകൾ സൃഷ്ടിച്ചപ്പോൾ അയാൾ കൂടുതൽ വിഷണ്ണനായി. “കേരളത്തിലുണ്ടാക്കുന്ന ഷവർമ്മ വിഷമയമാകാനുള്ള കാരണങ്ങളിലേയ്ക്ക് ഒരു എത്തി നോട്ടം“  എന്ന വിഷയം തന്നെ തന്റെ പി.എച്ച്. ഡി യുടെ തീസിസിനായി അയാൾ തെരഞ്ഞെടുത്തു.

Friday, October 19, 2012

മൊബൈൽ ഫോൺ

പുതിയ തലമുറയുടെ ശാപമാണ് മൊബൈൽ ഫോൺ എന്നായിരുന്നു ആ അച്ഛന്റെ പക്ഷം.
 മകന്റെ ഏതാഗ്രഹവും സാധിച്ചു കൊടുത്തിരുന്ന അച്ഛൻ അവനു നല്ല ഒരു മൊബൈൽ ഫോൺ വാങ്ങിക്കൊടുത്തു.  മൊബൈൽ ഫോൺ കിട്ടിയതോടെ അവൻ എപ്പോഴും ഫോണിൽ തന്നെയായിരുന്നു. രാപകൽ ഭേദമില്ലാതെ മൊബൈൽ ഫോണിൽ സംവദിക്കാൻ താല്പര്യപ്പെട്ടിരുന്ന മകനോടു സംസാരിക്കാനായി  ഒരു മൊബൈൽ ഫോൺ വാങ്ങാൻ ആ അച്ഛനും നിർബന്ധിതനായി.