Friday, October 17, 2008

സഹോദര ഭവനം.

സഹോദരന്‍ അയ്യപ്പന്‍
സഹോദരനും ബഷീറും


ഒക്ടോബര്‍ 2, 2008. ഞാന്‍ ചെറായിയിലായിരുന്നു. കുട്ടികള്‍ക്കു വേണ്ടി ഒരു ദിവസത്തെ പരിപാടി. ഞാനും ചേട്ടനും കണ്ണനും വ്യത്യസ്തമായ റോളുകളില്‍ അവിടെ എത്തപ്പെട്ടു. അങ്ങനെ ഒരു ദിവസം സഹോദര ഭവനില്‍.മകനെടുത്ത ചിത്രങ്ങളും ഈ കുറിപ്പും സഹോദരനെ അറിയാനും സഹോദര ഭവനം കാണാനൊരു തോന്നലിനും ഉപകരിച്ചാല്‍ സന്തോഷമായി. വൈപ്പിന്‍ ദ്വീപിലെ ചെറായി എന്ന മനോഹരമായ പ്രദേശം പ്രശസ്തമായത് സഹോദരന്‍ അയ്യപ്പന്റെ ജന്മസ്ഥലം എന്നതുകൊണ്ടാണ്. 1889 ആഗസ്റ്റ് മാസം 21നും 1968 മാര്‍ച്ച് 6നും ഇടയ്ക്കുള്ള ആ ധന്യ ജീവിതം നാമ്പിട്ടത് കായലിന്റെ ഓളപ്പരപ്പിലേയ്ക്ക് കണ്ണും നട്ടിരിക്കുന്ന കുമ്പളത്തു പറമ്പില്‍ എന്ന അതിപുരാതന തറവാട്ടിലാണ്.

സഹോദര ഭവനത്തില്‍ നിന്നുള്ള കായല്‍ ദൃശ്യങ്ങള്‍



കുമ്പളത്തുപറമ്പില്‍ ഭവനം നമ്മെ പിടിച്ചു നിര്‍ത്തുന്നത് സഹോദരന്റെ ഓര്‍മ്മകളും അതി മനോഹരമായ ഇത്തരം കായല്‍ കാഴ്ചകളുമാണ്.

പന്തിഭോജനത്തിലൂടെ ചരിത്രത്തില്‍ സ്ഥാനം പിടിച്ച സഹോദരന്‍ അയ്യപ്പന്‍ ജനിച്ചു വളര്‍ന്ന
വീട് . സാംസ്കാരിക വകുപ്പിന്റെ കീഴിലാണിന്നാ വീടും പറമ്പും. സര്‍ക്കാര്‍ നിയോഗിക്കുന്ന ജനകീയ സമിതികളാണിതിന്റെ മേല്‍നോട്ടം വഹിക്കുന്നത്. ഒരു ഗ്രന്ഥശാലയും ആഡിറ്റോറിയവും പിന്നീട് നിര്‍മ്മിച്ചു. മുറ്റത്ത് ഒരു കുളമുണ്ട്. ഔഷധ സസ്യങ്ങളെക്കൊണ്ടും നാനാതരം ഫലവൃക്ഷങ്ങളെക്കൊണ്ടും സമ്പന്നമാണീ തൊടിയും പരിസരവും. മുറ്റത്തെ കുളവും ഹാളും.

പെരിയാറിന്റെ കൈവഴി ലയിച്ചു ചേര്‍ന്നൊഴുകുന്ന വിശാലമായ കായല്‍പ്പരപ്പിന്റെ കാറ്റേറ്റാണീ
കൊച്ചു ഭവനം നിലകൊള്ളുന്നത്. ശ്രീ നാരായണ ഗുരുദേവന്റെ പാദസ്പര്‍ശമേറ്റ മണ്ണ്. സഹോദര ഭവനമിന്ന് ക്യാമ്പുകള്‍ക്കും സെമിനാറുകള്‍ക്കും സാംസ്കാരിക കൂട്ടായ്മകള്‍ക്കും വേദിയാകാറുണ്ട്. താമസ സൌകര്യമൊന്നും ഇല്ല. രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള പ്രോഗ്രാമുകളാണധികവും. ഗാന്ധി ജയന്തി ദിനത്തില്‍ സഹോദര ഭവനത്തില്‍ എത്തിയ കുട്ടികള്‍

സഹോദര സംഘത്തിന്റെ സ്ഥാപകന്‍, സഹോദരന്‍ മാസികയുടെ പത്രാധിപര്‍ എന്നീ നിലയില്‍ പ്രവര്‍ത്തിച്ചതിനാലാണ് , അയ്യപ്പന് സഹോദരന്‍ അയ്യപ്പനെന്ന പേരു വന്നത്. വിദ്യാ പോഷിണി സഭ, യുക്തിവാദി മാസിക എന്നിവയുടേയും ചുമതല അദ്ദേഹം വഹിച്ചിട്ടുണ്ട്. മിശ്ര ഭോജനത്തെയും മിശ്ര വിവാഹത്തെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. അനാചാരങ്ങളെ സഹോദരന്‍ എന്നും എതിര്‍ത്തിരുന്നു. കൊച്ചിയിലെ മന്ത്രിസഭയില്‍ രണ്ടു തവണ മന്ത്രിയായി. ആദ്യത്തെ തിരുക്കൊച്ചി മന്ത്രി സഭയിലും അംഗമായി. ഒട്ടേറെ കവിതകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്.




സഹോദരനെ ഓര്‍ക്കുമ്പോള്‍ മിശ്ര ഭോജനത്തെക്കുറിച്ച് പരാമര്‍ശിക്കാതെ പോവാനാവില്ല .1917 മെയ് 29ന് സഹോദരന്‍ ഏതാനും ഈഴവരെയും പുലയരെയും ഒരുമിച്ചിരുത്തി മിശ്രഭോജനം നടത്തി.പ്രതികരണം ഭയങ്കരമായിരുന്നു. പുലയനയ്യപ്പന്‍ എന്ന പേരില്‍ അദ്ദേഹത്തെ യാഥാസ്ഥിതികര്‍ പരിഹസിച്ചു.മിശ്രഭോജനത്തില്‍ പങ്കെടുത്തവരെ സഭയില്‍ നിന്ന് പുറത്താക്കി. അവര്‍ക്ക് സമുദായഭ്രഷ്ട് കല്പിച്ചു. ശ്രീനാരായണഗുരു മിശ്രഭോജനത്തിന്‍ അനുകൂലിയല്ല എന്ന് വരുത്തി തീര്‍ക്കാനായി യാഥാസ്ഥിതികരായ ചിലര്‍ ഒരു ശ്രമം നടത്തിനോക്കി. കുപ്രചരണം ശക്തിപ്പെട്ടപ്പോള്‍ അയ്യപ്പന്‍ സംശയനിവര്‍ത്തിക്കായി ശ്രീനാരായണഗുരുവിനെ സമീപിച്ചു. ഇതിനെ അനുകൂലിക്കുന്നുവെന്നും, വല്യൊരു പ്രസ്ഥാനമായി വളരുമെന്നും പറഞ്ഞ് സ്വാമി അയ്യപ്പനെ പ്രോത്സാഹിപ്പിക്കുകയും ഒരു സന്ദേശം സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കുകയും ചെയ്തു

( “മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന്‍ യാതൊരു ദോഷവും ഇല്ല”).

ആ മഹാസന്ദേശത്തിന്റെ ആയിരക്കണക്കിനു കോപ്പികള്‍ ചെറായിയിലും പരിസരത്തും അച്ചടിച്ച് വിതരണം ചെയ്യപ്പെട്ടു. അതോടെ യഥാസ്ഥിതികരുടെ പത്തി താഴ്ന്നു.സഹോദരനയ്യപ്പന്റെ ജന്മഗൃഹത്തിന്റെ ചിത്രങ്ങള്‍ (കണ്ണന്‍ എടുത്തത്) പോസ്റ്റ് ചെയ്യാമെന്നു കരുതിതുടങ്ങിയത്, ഇത്രത്തോളമായിപ്പോയി. ഇനി നിര്‍ത്തട്ടെ.

കുട്ടികളോടൊപ്പം ആറേഴു മണിക്കൂര്‍ ചെലവഴിച്ചതിന്റെ ഊര്‍ജം ചോരാതെ ഞാനും ചേട്ടനും. സഹോദര ഭവനത്തിലെ കൂട്ടായ്മയുടെ പുത്തന്‍ അനുഭവങ്ങളും കായല്‍ച്ചിത്രങ്ങളെടുത്തതിന്റെ സംതൃപ്തിയുമായി കണ്ണന്‍. ഞങ്ങള്‍ മൂവരും യാത്രയായി ,സഹോദര ഭവനത്തില്‍ നിന്നും ചെറായിയിലെ ഞങ്ങളുടെ സ്വന്തം കണക്കാട്ടുശ്ശേരി വീട്ടിലേയ്ക്ക്.

Thursday, October 16, 2008

ഒക്ടോബര്‍15. അന്ധരുടെ ദിനം കടന്നു പോയി.

"The world is full of trouble, but as long as we have people undoing trouble, we have a pretty good world."

-- Helen Keller

ഞാനിത് കുറിക്കുമ്പോഴേയ്ക്കും ആ ദിവസം-ലോകത്തിലെ കാഴ്ചയില്ലാത്തവര്‍ക്കായി നീക്കി വച്ചിരിക്കുന്ന ദിവസം- ഒക്ടോബര്‍-15, കടന്നു പോയി. പൊലീസുകാരിയും മനുഷ്യസ്നേഹിയുമായ തുളസിയുടെ സന്ദേശമാണ് (sms) എന്നെ ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയത്.

ഹെലന്‍ കെല്ലറെ ഓര്‍ത്തു. ജനിച്ച്, മാസങ്ങള്‍ക്കുള്ളില്‍(19 മാസം) അസുഖം ബാധിച്ച് അന്ധയും ബധിരയും മൂകയുമായിത്തീര്‍ന്ന ഹെലന്‍. ആനീ സലിവന്‍ (Annie Sullivan) എന്ന അദ്ധ്യാപികയുടെ

ത്യാഗപൂര്‍ണ്ണമായ പരിശ്രമം ഹെലന്‍ എന്ന ബാലികയുടെ വിദ്യാഭ്യാസത്തിന് പൂര്‍ണ്ണതയേകി. അന്ധരിലും ബധിരരിലും ബിരുദം നേടിയ ആദ്യ വ്യക്തി ഹെലനത്രേ. ഹെലന്റെ “എന്റെ ജീവിതകഥ”

(Story of my life) വിശ്വ പ്രസിദ്ധമാണ്. കാഴ്ചയും കേള്‍വിയും സംസാരശേഷിയും നഷ്ടപ്പെട്ടിട്ടില്ലാത്ത


Keller in 1905
Born June 27, 1880(1880-
Tuscumbia, Alabama, USA
Died June 1, 1968 (aged 87)
Arcan Ridge, Westport, Connecticut, USA
Helen Adams Keller (June 27, 1880 – June 1, 1968 ).

നമ്മെപ്പോലുള്ളവരുടെ കണ്ണ് തുറപ്പിക്കാനും പ്രതീക്ഷ നഷ്ടപ്പെട്ടവര്‍ക്ക് പ്രതീക്ഷയേകാനും ഹെലന്റെ
ജീവിതകഥ മുഴുവന്‍ വേണമെന്നില്ല.
ലോക രാഷ്ട്രങ്ങളെല്ലാം ഇന്ന് അന്ധരുടെ കാര്യത്തില്‍ ശ്രദ്ധ വയ്ക്കുന്നുണ്ട്.ലോകത്തൊട്ടാകെ 20 ദശലക്ഷത്തോളം അന്ധരുണ്ടെന്ന് (അല്പം പഴയ കണക്കാ) വായിച്ചതോര്‍ക്കുന്നു. അന്ധര്‍ക്ക് എഴുതാന്‍ സഹായകമായ ലിപിയുണ്ടാക്കിയത് ഫ്രഞ്ചുകാരനായ ലൂയി ബ്രെയില്‍ ആണ്.സ്പര്‍ശം കൊണ്ട് പ്രയാസം കൂടാതെ വായിക്കാനാവുന്ന ഈ ലിപി ബ്രെയില്‍ രീതി എന്നറിയപ്പെടുന്നു.
മാന്നാനം കെ.ഇ കോളജില്‍ പി.ഡി.സി. യ്ക്കുള്ള കാലത്ത് നാഷണല്‍ സര്‍വീസ് സ്കീമിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്, അവധി ദിവസങ്ങളില്‍ ഒളശ്ശ അന്ധവിദ്യാലയത്തില്‍ പോയിരുന്നത് ഓര്‍മ്മ വരുന്നു. ഞങ്ങളുടെ ജോലി അന്ധ വിദ്യാര്‍ഥികള്‍ക്ക് പുസ്തകവും നോട്ടുകളും വായിച്ചു കൊടുക്കലായിരുന്നു. അവരത് ബ്രയില്‍ ലിപിയിലെഴുതും. എഴുത്തൊക്കെ കഴിഞ്ഞാല്‍ അവരുടെ വക സംഗീത വിരുന്ന്. ഞങ്ങള്‍ കൊണ്ടു പോവുന്ന മധുര പലഹാരങ്ങളും കഴിച്ച്, അവരുമായി ഒത്തിരി വര്‍ത്തമാനങ്ങള്‍ പറഞ്ഞ്- എത്ര അവധി ദിവസങ്ങള്‍! തിരികെ പോകാന്‍ നേരം വിഷമമായിരുന്നു. അവരോരോരുത്തരും ഞങ്ങളെ ഓരോരുത്തരെയും തിരിച്ചറിയുന്നത് അത്യല്‍ഭുതത്തോടെയാണ് ഞാന്‍ വീക്ഷിച്ചിരുന്നത്. പെണ്‍കുട്ടികള്‍ കണ്ണും മൂക്കും മുഖവും മുടിയുമൊക്കെ തപ്പിനോക്കി, മാലയുടേയും വളയുടേയും കമ്മലിന്റേയുമൊക്കെ വിശേഷങ്ങളാരായുന്നത് കാണുമ്പോള്‍ ‘പെണ്ണ് പെണ്ണുതന്നെ’ എന്നു പറഞ്ഞ്, ചില ആണ്‍കുട്ടികള്‍ കളിയാക്കിയിരുന്നു. അതി മനോഹരമായി പാടിയിരുന്ന കുഞ്ഞമ്മിണി എന്ന കുട്ടിയെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. അവള്‍ ഇപ്പോള്‍ എവിടെയാണോ ആവോ? ജീവിത യാത്രയിലെ തിരക്കിനിടെ അത്തരം സഹായങ്ങള്‍ക്കൊന്നും പിന്നീടായില്ലെങ്കിലും, ഒളശ്ശ അന്ധ വിദ്യാലയത്തില്‍ നിരവധി തവണ പോകാന്‍ പില്‍ക്കാലത്തും കഴിഞ്ഞു.
ഓരോതവണയും ഞാന്‍ ചെല്ലുമ്പോള്‍ പുതിയ ബാച്ചിലെ കുട്ടികളാവും. പഴയ കഥ ഞാനോര്‍ക്കും ചിലപ്പോള്‍ കുഞ്ഞമ്മണിയെ ചോദിക്കും. ചില അധ്യാപകര്‍ മാത്രം അവളെ ഓര്‍ത്തിരിക്കുന്നു. പക്ഷേ എവിടാണെന്നറിയില്ല.
പില്‍ക്കാലത്ത് ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ’എന്ന ചിത്രം ഇറങ്ങിയപ്പോള്‍ പൊതുവേ സിനിമ (തിയേറ്ററില്‍ പോയി) കാണാത്ത ഞാന്‍ ഭര്‍ത്താവിനെയും മകനെയും നിര്‍ബന്ധിച്ച് ആ പടം പോയി കണ്ടു. പിറ്റേന്ന് ചാലക്കുടിയിലേക്ക്. അന്നു ഞാന്‍ ജോലി ചെയ്തിരുന്ന പ്രസിദ്ധികരണത്തിന് മണിയുടെ ഇന്റര്‍വ്യൂ തരപ്പെടുത്തി. മണിയുടെ കുട്ടിക്കാലത്ത് മണി കൈപിടിച്ച് ഇടയ്ക്കിടയ്ക്ക് നയിച്ചിരുന്ന ഒരു അന്ധന്റെ ‘മാനറിസ’ങ്ങളാണ് സിനിമയിലേക്ക് പകര്‍ത്തിയിരുന്നതെന്ന് പറഞ്ഞു. മണി ആ കാലം മുതല്‍ മിമിക്രിയിലും മറ്റും രൂപപ്പെടുത്തി വച്ച ഒരു കഥാ പാത്രം.....എന്തായാലും അത് വിജയിച്ചു.

നമ്മില്‍ പലരും നേത്രദാന സമ്മത പത്രത്തില്‍ ഒപ്പിട്ടു കൊടുത്തവരാകാം.ഈ ഞാനും കൊടുത്തിട്ടുണ്ട്. പക്ഷേ ഒപ്പിട്ടവരില്‍ പലരുടേയും കണ്ണുകള്‍ അവരുടെ മരണശേഷം ബന്ധുക്കളുടെ അറിവില്ലായ്മയോ ‘മനസ്സില്ലായ്മ’യോ കൊണ്ട് ദാനം ചെയ്യപ്പെടുന്നില്ല. ഇതിനൊക്കെ പരിഹാരമുണ്ടാക്കാനും നേത്ര ദാനം പ്രോത്സാഹിപ്പിക്കാനുമൊക്കെ ഈ ദിനാചരണത്തില്‍ തീരുമാനങ്ങളുണ്ടായിക്കാണും. എല്ലാ നല്ല തീരുമാനങ്ങള്‍ക്കും നടപടിയുണ്ടാകട്ടെ.

Monday, October 13, 2008

ഈ വഴി പോകൂ മറക്കാനാവാത്തവരെ കാണൂ.

അഗ്രി കണ്ടില്ല. ദേ ഇവിടെ ക്ലിക്ക് ചെയ്യൂ.

Thursday, October 9, 2008

ശബ്ദമില്ലാത്ത ഒരു പകല്‍



മീനച്ചിലാറിന്റെ തീരത്തുകൂടി ഒരു യാത്ര

ലോക ബധിരദിനം- സെപ്റ്റംബര്‍ മാസത്തിലെ അവസാന ഞായറാഴ്ച, ഇരുപത്തിയെട്ടാം തിയതി- ബധിര-മൂക കുടുംബസംഗമമായി ആഘോഷിക്കാനാണ് അന്നു ഞാന്‍ പരിചയപ്പെട്ട ‘മര്‍ത്യഭാഷ കേള്‍ക്കാത്ത ദേവദൂതര്‍’ തീരുമാനമെടുത്തിരുന്നത്. അന്നെനിക്കും വ്രതശുദ്ധിയുടെ മാസമായിരുന്നല്ലൊ. അതാവാം , മറ്റെല്ലാം മാറ്റിവച്ച് പാലായിലേക്ക് പോവാന്‍ എന്റെ മനസാക്ഷി എന്നോട് നിര്‍ദ്ദേശിച്ചത്. കോട്ടയത്തുനിന്നും പാലായിലേക്ക് പോവുമ്പോള്‍ നിശ്ശബ്ദയാവാന്‍ ഞാനും പരിശീലിക്കുകയായിരുന്നു.


മീനച്ചിലാര്‍ ഒരു പാലാദൃശ്യം
മൊബൈലിനും ‘ഓഫ്’ കൊടുക്കാന്‍ തീരുമാനിച്ചു. ഞാനിപ്പോള്‍ മീനച്ചിലാറിന്റെ തീരത്തുകൂടി കാറോടിക്കുകയാണ്. ആറ്റുതീരത്തു തന്നെയുള്ള ടൌണ്‍ ഹാളിലാണ്, കുടുംബ സംഗമം. ഇതാ, ഞാനെത്തിപ്പോയി.

ഞായറാഴ്ച - പാലായില്‍ തിരക്കു കുറവ്




ലിനോ - ചുവന്ന ഷര്‍ട്ട്കാരന്‍

മുകളിലത്തെ നിലയിലെത്തുന്നതിനു മുന്‍പ് ഒരു ചെറുപ്പക്കാരന്‍ എന്റെ കൈപിടിച്ചു, പുഞ്ചിരിച്ചു. ‘ആരാവും?’ ഞാന്‍ ആലോചിച്ചു. അടുത്ത നിമിഷം എനിക്കു പിടികിട്ടി. ഏറ്റുമാനൂരെ, എന്റെ തറവാട്ടിനടുത്തുള്ള പെണ്ണമ്മച്ചേച്ചിയുടെ മകന്‍.


അവരിപ്പോള്‍ കൂത്താട്ടുകുളത്താണ്. കുഞ്ഞായിരിക്കുമ്പോള്‍ അസാധാരണമായ ഓമനത്തമായിരുന്നു അവന്റെ മുഖത്ത്. ഞാനും ചേച്ചിയുമൊക്കെ അവനെ എടുക്കാന്‍ മത്സരിച്ചിട്ടുണ്ട്. സംസാരശേഷിയില്ലാത്ത ആ കുഞ്ഞിനോട് എല്ലാവര്‍ക്കും വാത്സല്യമായിരുന്നു. പേര് ലിനോ. നിമിഷങ്ങള്‍ക്കുള്ളില്‍ അവന്‍ വിശേഷങ്ങളെല്ലാം എന്നെ എഴുതിക്കാണിച്ചു.


അവര്‍ ചര്‍ച്ചയിലാണ്

ലിനോയെപ്പോലെയുള്ള യുവാക്കളും കൌമാരപ്രായക്കാരും വന്നുകൊണ്ടേയിരിക്കുന്നു.
ഹാളില്‍ മൈക്ക് ഉണ്ടെങ്കിലും തികഞ്ഞ നിശബ്ദത. കളികളില്‍ പങ്കെടുക്കാത്തവര്‍ വട്ടം കൂടിയിരുന്ന് അവരുടെ ഭാഷയില്‍ വിശേഷങ്ങള്‍ കൈമാറുന്നു. സിനിമയും കമ്പ്യൂട്ടറും ആണവകരാറുമൊക്കെത്തന്നെയാണ് അവരുടെ വിഷയങ്ങള്‍. ചിലര്‍ ആഴ്ചയിലൊരിക്കല്‍ നഗരത്തില്‍ കണ്ടുമുട്ടാറുണ്ടെന്നും പറഞ്ഞു. ചുരുക്കം ചിലര്‍ക്കൊഴികെ ആര്‍ക്കും സ്ഥിര ജോലിയില്ല. വികലാംഗര്‍ക്കു വേണ്ടിയുള്ള എം പ്ലോയ് മെന്റ് എക്സ്ചേഞ്ചില്‍ പേര്‍ റെജിസ്റ്റെര്‍ ചെയ്തെങ്കിലും ആര്‍ക്കും ഫലം ലഭിച്ചില്ല. നല്ല ഡ്രൈവര്‍മാരുണ്ട്. ചെവികേള്‍ക്കാത്തതിനാല്‍ ലൈസന്‍സ് കിട്ടില്ലത്രേ.
സര്‍ക്കാര്‍ ജോലി ലഭിച്ച അപൂര്‍വം ചിലരില്‍ ഏലിയാസും (ജോണി വാക്കര്‍ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ അനുജനായി, പിന്നെ‘ ഈ പുഴയും കടന്ന്’ എന്നചിത്രത്തിലും അഭിനയിച്ചു) പെടും. ഏലിയാസിന്റെ ചേച്ചിയും മൂകയാണ്. അവരും ഭര്‍ത്താവ് അഡ്വ. പത്രോസും എത്തിയിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച അദ്ദേഹം ബധിര മൂകനല്ല. പല സ്ഥലങ്ങളില്‍ നിന്നുമെത്തിയ നൂറോളം കുടുംബങ്ങള്‍.കളിയും ചിരിയും ആശയ വിനിമയവുമായി നേരം പോയതറിഞ്ഞില്ല. എല്ലാവരും സന്തോഷത്തിലാണ്. എന്നോട് മൊബൈല്‍ നമ്പര്‍ വാങ്ങിയ അവര്‍ എസ്. എം .എസ്. അയച്ചോട്ടെ എന്നു ചോദിച്ചു. ഇടയ്ക്കെപ്പോഴോ ഞാനൊരാവശ്യത്തിന് മൊബൈല്‍ തുറന്നപ്പോള്‍ തന്നെ ചിലരുടെ സന്ദേശങ്ങള്‍ തുരുതുരാ വന്നുകൊണ്ടിരുന്നു.



ഏലിയാസും കൂട്ടരും



മത്സരങ്ങള്‍‌- കസേരകളി, സുന്ദരിക്ക് പൊട്ടുതൊടല്‍, മിട്ടായിപെറുക്ക്, എല്ലാം നടക്കുന്നു. ചിലരുടെ ജീവിത പങ്കാളികള്‍ സംസാരിക്കുന്നവര്‍ (മൂന്നു സ്തീകളും ഒരു പുരുഷനും) . അവിവാഹിതരായ ചിലരോടൊപ്പം മാതാപിതാക്കളോ സഹോദരങ്ങളോ സംസാരിക്കുന്നവരുണ്ട്. കുട്ടികളില്‍ ചിലര്‍ക്കും സംസാരശേഷിയില്ലാത്തവര്‍. ഞാനൊഴികെ എല്ലാവരും ആംഗ്യ ഭാഷ നന്നായറിയുന്നവര്‍. ചായ, വട
എല്ലാം കൃത്യമായി വിതരണം ചെയ്യാനും കഴിക്കാനും കളികള്‍ തടസ്സമായില്ല. കുട്ടികള്‍ മത്സരത്തില്‍ ലയിച്ചിരിക്കുമ്പോള്‍ വിദ്യാസമ്പന്നരായ യുവതീയുവാക്കളുടെ മാതാപിതാക്കളില്‍ ചിലര്‍ മക്കളുടെ ജോലിപ്രശ്നം സ്വകാര്യ സംഭാഷണത്തിനിടെഎന്നോട് പറഞ്ഞു.




കസേര തരപ്പെടുമോ ? - കസേരകളി

സുന്ദരിക്കൊരു പൊട്ട്

മത്സരങ്ങള്‍ ഉച്ച വരെ നീണ്ടു. ഇനി ഉച്ച ഭക്ഷണം.ഊണും അവിടെത്തന്നെ. ഞാന്‍ നോമ്പിലാണെന്നു പറഞ്ഞപ്പോള്‍, അവരില്‍ ചിലര്‍ക്ക് വ്യസനം.എങ്കിലും ഞാനും വിളമ്പാന്‍ കൂടി. തിക്കും തിരക്കുമില്ലാതെ ശാന്തമായി ഊണും നടന്നു. കുട്ടികള്‍ക്കും സ്തീകള്‍ക്കും മുതിര്‍ന്ന പൌരന്മാര്‍ക്കും പ്രത്യേക പരിഗണന കൊടുത്ത ശേഷമാണ് യുവാക്കള്‍ ഊണു കഴിച്ചത്.

പ്രാര്‍ത്ഥന- ശബ്ദമില്ലാത്തവരുടെ ശബ്ദമുള്ള മക്കള്‍

സമയം നഷ്ടപ്പെടുത്താതെ പൊതു സമ്മേളനം തുടങ്ങി. വിശിഷ്ടാതിഥികളില്‍ പലരും എത്തുന്നതേയുള്ളൂ. കുട്ടികളുടെ പ്രാര്‍ത്ഥനയോടെ തുടക്കം.‘ സ്റ്റേജ് ഓപ്പണിങ്’ എന്ന പേരില്‍ മണ്ണക്കനാട് ബധിര മൂക വിദ്യാലയത്തിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തം, എല്ലാവരുടേയും മനസ്സു കീഴടക്കി. രണ്ട് കന്യാസ്തീകളാണ് ആ കുട്ടികളെ കൊണ്ടുവന്നത്. കളി തുടങ്ങിയപ്പോള്‍ ഒരു സിസ്റ്റര്‍ സ്റ്റേജിനു മുന്നില്‍ നിലത്തിരുന്ന് കുട്ടികള്‍ക്ക് നിര്‍ദേശം കൊടുക്കുന്നതും കുട്ടികളെല്ലാം സിസ്റ്ററെ നോക്കി കളിക്കുന്നതും മനസ്സിനെ സ്പര്‍ശിക്കുന്ന കാഴ്ചയായിരുന്നു.


ബധിരമൂക വിദ്യാര്‍ത്ഥിനികളുടെ നൃത്തം




‘എന്റെ മക്കളേ..........................’




‘അങ്ങനെ തന്നെ’



സന്തോഷിന്റെ ശബ്ദമില്ലാത്ത പ്രസംഗം

ഉദ്ഘാടന സമ്മേളന വേദി



ശ്രീ . കെ . എം . മാണി

പൊതു സമ്മേളനത്തിന്, മുന്‍ മന്ത്രി ശ്രീ. കെ. എം മാണിയും വികലാംഗ ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ. ഉഴവൂര്‍ വിജയനുമൊക്കെയുണ്ട്. അതിഥികളെത്തും മുന്‍പ് കുട്ടികളില്‍ ചിലര്‍ പാട്ടു പാടി. ശബ്ദമില്ലാത്തവരുടെ അനുഗൃഹീതരായ മക്കള്‍. ഓരോ പാട്ടും തീരുമ്പോള്‍ ഞാനറിയാതെ തന്നെ എന്റെ കണ്ണുകളില്‍ നനവു പടരുന്നുണ്ടായിരുന്നു. എല്ലാവരുടേയും സ്ഥിതി അതുതന്നെയായിരുന്നു. ഇതിനിടെ ഞാന്‍ അവരോടെല്ലാം മലയാളം ബ്ലോഗിനെക്കുറിച്ചുള്ള എന്റെ അല്പജ്ഞാനം പങ്കിട്ടു. സിന്ധു എന്ന സഹോദരി ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അവര്‍ക്ക് ആംഗ്യ ഭാഷയില്‍ നല്‍കി. എല്ലാവര്‍ക്കും ബ്ലോഗില്‍ താല്പര്യം. സന്തോഷവും.

ഉദ്ഘാടകന്‍ ശ്രീ. കെ.എം മാണിയും , മുഖ്യ പ്രഭാഷകന്‍ ശ്രീ.ഉഴവൂര്‍ വിജയനും അവരുടെ ജില്ലാ ഓഫീസിനെക്കുറിച്ചും മറ്റും മനസ്സിലാക്കി. വാടകയില്ലാതെ ഒരു ഓഫീസ് പാലായില്‍ തരപ്പെടുത്താമെന്നും ഉറപ്പു നല്‍കി. ക്ഷേമ പദ്ധതികളെക്കുറിച്ചും അവര്‍ പറഞ്ഞു. ബധിര മൂക സംഘടനാ നേതാക്കളായ സന്തോഷ് ഇടശ്ശേരിയില്‍, സെബാസ്ട്യന്‍ മാത്യു, ഗീവര്‍ഗീസ് എന്നിവരും സംസാരിച്ചു. അവരിലൊരാളായ രവീന്ദ്രന്‍ എല്ലാം ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഈ ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതാണ്.



ശ്രദ്ധ വേദിയിലേക്കു മാത്രം

ശ്രീ അച്ചന്‍ കെ മാത്യു. എല്ലാ പ്രസംഗങ്ങളും ആംഗ്യ ഭാഷയിലാക്കി. പാലാ നഗരസഭയുടെ പ്രതിപക്ഷ നേതാവ് ശ്രീ ചെറിയാന്‍ കാപ്പനും അതിഥിയായിരുന്നു. ബധിരരല്ലാത്ത ശ്രീമതി. അന്നമ്മ തോമസ്സും ശ്രീ. രഘുനാഥും ശ്രീമതി. സിന്ധുവും എല്ലാത്തിനും നേതൃത്വം നല്‍കി.



സദസ്സിന്റെ മറ്റൊരു ദൃശ്യം

സമ്മേളനവും, സമ്മാനദാനവുമെല്ലാം കഴിഞ്ഞപ്പോള്‍ ഓരോ മുഖത്തും നേരിയ വിഷാദം പടരുന്നത് കാണാമായിരുന്നു. ഒരു പകല്‍ മുഴുവന്‍ ശബ്ദമില്ലാത്തവരിലൊരാളായിത്തീര്‍ന്ന എന്നിലേക്കും ആ വിഷാദം പടരുന്നുണ്ടായിരുന്നു.


Monday, September 29, 2008

അങ്ങനെ ഞങ്ങളൂം നോമ്പെടുത്തു.

കുട്ടിക്കാലം മുതല്‍ റംസാന്‍ നോമ്പ് എനിക്കൊരു കൌതുകമായിരുന്നു. നോമ്പിനെക്കുറിച്ച് ആദ്യം കേട്ടത് ഞാന്‍ ഒന്നാം ക്ലാസ്സിലായിരിക്കുമ്പോള്‍ രണ്ടാം ക്ലാസ്സിലായിരുന്ന ഷക്കീലയുടെ നാവില്‍നിന്നുമാണ്.ഷക്കീലയും അനുജന്‍ ഷെഫിയും അവരുടെ അമ്മച്ചിയും ഡാഡിയും നോമ്പെടുക്കുന്ന വിശേഷങ്ങള്‍! ഞങ്ങളുടെ അയല്പക്കത്തെ മുസ്ലിം കുടുംബങ്ങളിലെ എല്ലാവരും തന്നെ അന്നൊക്കെ നോമ്പെടുത്തിരുന്നു.
“രാവിലെമുതല്‍ വൈകുന്നേരം വരെ ഒന്നും കഴിക്കാതിരുന്നാല്‍ എത്ര കഷ്ടപ്പാടണ്. നിങ്ങള്‍ക്ക് വിശക്കില്ലേ?” ഞാന്‍ അന്നൊരിക്കല്‍ അയല്‍ പക്കത്തെ റഷീദായോട് ചോദിച്ചു. “ എന്റെ ലതീ, വിശപ്പു സഹിക്കാം. ചിലപ്പോള്‍ ദാഹവും പരവേശവും വരും. ഉമ്മ വെള്ളം കോരിത്തരാന്‍ പറയുമ്പോഴാ ദാഹം കൂടുന്നത്. നല്ല വെയിലത്ത് ഞാന്‍ ദാഹിച്ചു വലഞ്ഞിരിക്കുമ്പോള്‍ ഞങ്ങടെ പാതാളക്കിണറ്റിലേക്ക് തൊട്ടിയിട്ട് തുടിച്ചു കോരുമ്പോള്‍ തന്നെ എനിക്ക് കൊതിവരും, വെള്ളം കുടിക്കാന്‍. പിന്നെ അത് കോരിയൊഴിക്കുമ്പോഴത്തെ കാര്യം പറയണോ? എങ്കിലും നോമ്പ് മുടക്കില്ല.”
മുടങ്ങാതെ നോമ്പു പിടിക്കുന്ന അവരൊക്കെ എനിക്കന്ന് അല്‍ഭുതമായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്റെ സുഹൃത്തുക്കളുടെ നോമ്പു വിശേഷം എനിക്കു കൌതുകം തന്നെയായിരുന്നു. ഇത്തവണ എന്തായാലും നോമ്പ് പിടിക്കാനുള്ള തിരുമാനമെടുത്തത് ചേട്ടനാണ്. ഞാനും അതേ തീരുമാനമെടുത്തു. ഞങ്ങള്‍ക്ക് ഇതൊരു പുതിയ അനുഭവം.... ശരീരത്തിന്റെയും മനസ്സിന്റെയും ദുര്‍മേദസ്സ് നീക്കം ചെയ്യാന്‍ ഒരു ചെറിയ ശ്രമം.... പ്രതീക്ഷയില്‍ കവിഞ്ഞ വിജയം. നോമ്പെടുക്കുന്നവരെക്കുറിച്ച് മറ്റുള്ളവരുടെ വ്യത്യസ്താഭിപ്രായങ്ങള്‍ മുഖവിലയ്ക്കെടുക്കരുതെന്നും മനസ്സിലായി. ദൈവത്തിനു നന്ദി. ഈ നോമ്പിന്റെ നന്മ മനസ്സില്‍ എന്നും നിലനിന്നിരുന്നെങ്കില്‍! എല്ലാവര്‍ക്കും പെരുന്നാളാശംസകള്‍!

Saturday, September 20, 2008

മര്‍ത്യ ഭാഷ കേള്‍ക്കാത്ത ദേവദൂതര്‍.

കഴിഞ്ഞ ഞായറാഴ്ച്ച-സെപ്റ്റംബര്‍ 14-ന്, ചേര്‍ത്തലയില്‍ ഒരു വിവാഹത്തിനു പോയി വരുന്നു. എന്റെകൂടെ ഞങ്ങളുടെ തറവാടിനടുത്തുള്ള കുറച്ചുപേരുള്ളതിനാല്‍ ഏ റ്റുമാനൂര് അവരെ ഇറക്കാ‍ന്‍ പോകേണ്ടി വന്നു. ഏറ്റുമാനൂര്‍ ടൌണില്‍ എന്റെ സഹോദരന് ഒരു ഓഫീസുണ്ട്. അവിടെ കയറി ഇത്തിരിനേരമിരുന്നു. തൊട്ടടുത്ത മുറിയില്‍ ഒരാള്‍ക്കൂട്ടം. ചിലര്‍ ഇറങ്ങി വന്ന് എന്നെ നോക്കുന്നു. ഒരാള്‍ വന്ന് എന്നോട് അങ്ങോട്ടു വരാന്‍ ആംഗ്യം കാണിച്ചു. ഞാന്‍ അങ്ങോട്ട് ചെന്നു. ആ ഓഫിസ് മുറി നിറച്ച് ആളുകളിരിക്കുന്നു. അധികവും യുവാക്കളും മദ്ധ്യവയസ്കരും. എന്നെ വിളിച്ച ചെറുപ്പക്കാരന്‍ ഒരു കസേര ചൂണ്ടി, ഇരിക്കാന്‍ പറഞ്ഞു.‘ നങ്ടെ ജില്ലക്കമ്മ്റ്റി.’വളരെ വിഷമിച്ച് അവ്യക്തമായി അയാള്‍ പറഞ്ഞൊപ്പിച്ചു. ഞാന്‍ ഇരുന്നു. എന്റെ മുന്‍പിലിരിക്കുന്നവരെല്ലാം പരസ്പരം നോക്കി ആംഗ്യ ഭാഷയില്‍ സംസാരിക്കുന്നു. എന്നെ കണ്ടപ്പോള്‍ എല്ലാ മുഖങ്ങളിലും സ്നേഹം പടരുന്നു.

മുറിക്കകത്തെ നാലു ചുവരുകളിലും സമ്മേളനങ്ങളുടേയും മറ്റും ചിത്രങ്ങള്‍ താല്കാലികമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഞാന്‍ ആ പടങ്ങള്‍ നോക്കി. (ചിലതില്‍ എന്നെയും കാണാം. രണ്ടു വര്‍ഷം മുന്‍പ് കോട്ടയം റെഡ്ക്രോസ് ടവറില്‍ നടന്ന ഒരു സമ്മേളനം.) അപ്രതീക്ഷിതമായി ഞാന്‍ കടന്നു വന്നത് ബധിരമൂക സംഘടനയുടെ കോട്ടയം ജില്ലാകമ്മിറ്റിയിലേയ്ക്കാണ്.ആ ചുറുചുറുക്കുള്ള സഹോദരന്മാരെല്ലാം ബധിരരും മൂകരുമാണല്ലോഎന്നോര്‍ത്തപ്പോള്‍ എനിയ്ക്ക് വിഷമം തോന്നി. അവരുടെ ഭാഷയ്ക്കപ്പുറത്തുള്ള ഉപചാരം എന്നില്‍ സമ്മിശ്രവികാരമുണ്ടാക്കി.

എന്നെ ആദ്യം വിളിച്ചയാള്‍ക്കേ എന്തെങ്കിലും സംസാരിക്കാനാവൂ. അയാള്‍ കാര്യം വിശദമാക്കി. സെപ്റ്റംബര്‍ 28നു അവരുടെ കോട്ടയം ജില്ലാ സമ്മേളനം പാലായില്‍ നടക്കുന്നു. പരിപാടികള്‍ തയ്യാറാക്കുകയാണവര്‍. നോട്ടീസ് ഡ്രാഫ്റ്റ് ചെയ്തത് എന്നെ കാണിച്ചു. ഞാന്‍ ചില പ്രോട്ടോകോള്‍ പിശകും മറ്റും ചൂണ്ടിക്കാട്ടി. ഞങ്ങള്‍ക്ക് ജില്ലാ ആസ്ഥാനത്ത് ഒരു ഓഫീസ് കിട്ടാന്‍ ശ്രമിക്കുന്നുണ്ട്, മുനിസിപ്പാലിറ്റിയില്‍ അപേക്ഷ വച്ചിട്ടുണ്ട്. ഒരാള്‍ എന്നെ എഴുതിക്കാണിച്ചു. ഞാന്‍ ഒരു മുനിസിപ്പല്‍ കൌണ്‍സിലറെ വിളിച്ച് അന്വേഷിച്ചു. പഴയ കെട്ടിടത്തില്‍ മുറിയൊന്നുമില്ലെന്നും പുതിയതു വരട്ടെ, എന്നുമായിരുന്നു മറുപടി.അതിന് മൂന്നുലക്ഷമെങ്കിലും പകിടിയും അപ്പോള്‍ നിലവിലുള്ള വാടകയും ആകുമെന്നുകൂടി കൌണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു. ഞാന്‍ അതവരെ എഴുതിക്കാണിച്ചു. എനിക്കറിയാവുന്ന ആംഗ്യ ഭാഷയില്‍ അധികൃതരുടെ നിസ്സഹായത അറിയിച്ചു.അവരുടെ മുഖങ്ങളില്‍ നിരാശ പടരുന്നത് എനിക്കു കാണാമായിരുന്നു.

സംസാരിക്കാന്‍ കഴിഞ്ഞിരുന്നയാള്‍ അവരുടെ ചില പ്രശ്നങ്ങളേക്കുറിച്ചു പറഞ്ഞു. “ധാരാളം പേര്‍ വൈകല്യമുള്ളവരുണ്ട്. സംഘടനയിലേക്ക് ആരും വരുന്നില്ല. ഞങ്ങള്‍ക്ക് ഒത്തിരി പരിമിതികളുണ്ട്’ .ഇതൊക്കെയായിരുന്നു, ആവിശദീകരണത്തിന്റെ സാരം. ജില്ലാസമ്മേളനം കഴിഞ്ഞ് ഒരുദിവസം പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഞാനുംകൂടാം, വിരോധമില്ലെങ്കില്‍ പട്ടണത്തില്‍ നിന്നും അധികം അകലെയല്ലാത്ത എന്റെ വീട്ടില്‍ കൂടാം , എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ആ കണ്ണുകളിലെല്ലാം സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും തിരയിളക്കം.

എന്തായാലും ആ കമ്മിറ്റി തിരും വരെ അവരെന്നെ അവിടെ(സ്നേഹംകൊണ്ട്) പിടിച്ചിരുത്തി. സാധാരണ ജനങ്ങളോട് ആശയ വിനിമയം നടത്താന്‍ നിവൃത്തിയില്ലാത്തതിനാല്‍ ഏതു നടപടിക്കും കാല വിളംബമുണ്ടാവുന്നതായിരുന്നു അവരുടെ മുഖ്യ പ്രശ്നം. കേള്‍ക്കാനാവത്ത ഇവര്‍ക്ക് ബ്ലോഗ് പോലുള്ള മാധ്യമം എത്രമാത്രം പ്രയോജനകരമായിരിക്കുമെന്ന് ഞാന്‍ അവിടെയിരുന്ന് ഓര്‍ത്തുപോയി. പക്ഷെ എന്റെ ആശയങ്ങള്‍ അവിടെ അവരുമായി പങ്കു വയ്കാന്‍ പരിമിതിയുണ്ടല്ലോ.

സമയം വൈകി. അവര്‍ക്കെല്ലാം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേരേണ്ടതാണ്. സാധാരണക്കാരും, ചെറിയ തൊഴിലെന്തെങ്കിലും ചെയ്യുന്നവരുമാണ് അധികവും. കോട്ടയം ഭാഗത്തേയ്ക്കുള്ളവര്‍ എന്റെ കൂടെ പോരാന്‍ ക്ഷണിച്ചു. രണ്ടു പേര്‍ കയറി. പെരുന്നയിലുള്ള ഒരാളും കോട്ടയത്തുള്ള ഒരാളും. ഒരാള്‍ മുന്‍പിലും ഒരാള്‍ പിറകിലും കയറി. കോട്ടയത്തേയ്ക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ എന്റെ മനസ്സില്‍ വല്ലാത്ത ആശയ സംഘര്‍ഷമായിരുന്നു. യാത്ര ചെയ്യുമ്പോള്‍ എനിയ്ക്കെന്റെ സഹയാത്രികരോട് ഒന്നും മിണ്ടാതിരിക്കേണ്ടി വരുന്ന അവസ്ഥ! അവര്‍ക്ക് രണ്ടുപേര്‍ക്കും ഒന്നും പറയാന്‍ പറ്റുന്നില്ലല്ലോ. എന്തെല്ലാം നല്ല ആശയങ്ങള്‍ അവര്‍ക്ക് പങ്കിടാനുണ്ടാവും. എന്റെ ഫോണ്‍ ഇടക്കിടക്ക് ചിലച്ചു. അവരതറിഞ്ഞില്ലല്ലോ. ഞാന്‍ ഡ്രൈവ് ചെയ്യുമ്പോള്‍ , എനിക്കു വരുന്ന ഫോണ്‍ എടുത്ത് ‘അവര്‍ ഡ്രൈവ് ചെയ്യുകയാ, പിന്നെ വിളിക്കൂ’ എന്ന് പറയാനാവാത്ത സഹയാത്രികരുടെ അവസ്ഥ! ഇപ്പോള്‍ എനിയ്ക്കു തോന്നുന്നത് ഒരു നിസ്സാര പ്രശ്നം. പക്ഷേ, ഈശ്വരാ, ദൈനംദിന ജീവിതത്തില്‍ ഈ സഹോദരന്മാര്‍ക്ക് ഇങ്ങനെ.. എന്തെല്ലാം പ്രശ്നങ്ങള്‍? എന്നിട്ടും അവര്‍ എല്ലാം മറന്ന്, പരസ്പരം സഹായിക്കുന്നു. നമ്മെപ്പോലുള്ളവരെ സ്നേഹിക്കുന്നു, സംഘടിക്കുന്നു.

എന്റെ വീടിനടുത്ത ബസ് സ്റ്റോപ്പില്‍ ഞാന്‍ കാര്‍ നിര്‍ത്തി. അവരെ നോക്കി. രണ്ടു പേരും എന്തൊക്കെയോ ചിന്തിച്ചിരിക്കുന്നു. എന്റെ അടുത്തിരുന്നയാളെ (പേര് ചോദിക്കാനായില്ലല്ലോ) ഞാന്‍ തോണ്ടി വിളിച്ചു. ഇവിടിറങ്ങി ബസ്സില്‍ പോവാമെന്ന് എനിയ്ക്കറിയാവുന്ന ആംഗ്യ ഭാഷയില്‍ പറഞ്ഞു. എന്റെ വീട് ഏതുഭാഗത്താണെന്നും കാട്ടിക്കൊടുത്തു. അവരുടെ കണ്ണുകളില്‍
സ്നേഹത്തിന്റെ വേലിയേറ്റം. എന്റെ കണ്ണുകളില്‍ കണ്ണീരിന്റേയും.

Monday, September 8, 2008

ഓണത്തപ്പാ കുടവയറാ!





കേട്ടിട്ടുള്ളവര്‍ക്ക് മധുരതരവും
കേള്‍ക്കാത്തവര്‍ക്ക് അതിമധുരതരവുമാകാന്‍
ഇതാ തലമുറതലമുറ കൈമാറിവന്ന ഒരു നാടന്‍പാട്ടുകൂടി.
ഓണമല്ലേ, എല്ലാം മറന്നൊന്നു പാടൂന്നേ...
ബൂലോകത്തെ എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും ഓണാശംസകളോടെ......

ഓണത്തപ്പാ - കുടവയറാ!

ഓണത്തപ്പാ - കുടവയറാ
എന്നാ പോലും - തിരുവോണം?

നാളേയ്ക്കാണേ - തിരുവോണം.
നാക്കിലയിട്ടു വിളമ്പേണം

ഓണത്തപ്പാ - കുടവയറാ
തിരുവോണക്കറിയെന്തെല്ലാം?


ചേനത്തണ്ടും ചെറുപയറും
കാടും പടലവുമെരിശ്ശേരി
കാച്ചിയ മോര്, നാരങ്ങാക്കറി,
പച്ചടി , കിച്ചടിയച്ചാറും!

ഓണത്തപ്പാ - കുടവയറാ
എന്നാ പോലും തിരുവോണം?