Sunday, February 1, 2009

മറക്കാനാവാത്തവര്‍- 9 മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി.

“സജ്ജനങ്ങളെ കാണുന്നനേരത്ത് [malliyoor+sankaran+namoothiri.com]
ലജ്ജകൂടാതെ വീണു നമിക്കണം.”

പൂന്താനത്തിന്റെ‘ ജ്ഞാനപ്പാന’യിലെ ഈ വരികള്‍ മനസ്സില്‍
പണ്ടേ പതിഞ്ഞതിനാലാവാം
മള്ളിയൂര്‍ തിരുമേനിയെ കൂടുതല്‍ പരിചയപ്പെടാനുള്ള
അവസരം ഞാന്‍ നഷ്ടപ്പെടുത്താതിരുന്നത്.
കോട്ടയം ജില്ലയിലുള്ള കുറുപ്പുന്തറയ്ക്കടുത്തുള്ള
മള്ളിയൂര്‍ മഹാഗണപതിക്ഷേത്രം തൊണ്ണൂറുകളുടെ
ആദ്യം മുതലാണ് ഇത്ര പ്രസിദ്ധമായിത്തുടങ്ങിയത്.
ഭരണാധികാരികളും സമൂഹത്തിന്റെ വിവിധ തുറകളിലെ
പ്രശസ്തരും അടക്കം ആയിരങ്ങള്‍ ഈ ക്ഷേത്രത്തിലെ
ചടങ്ങുകളിലും മറ്റും ഭാഗഭാക്കാകാന്‍ തുടങ്ങി.
ഗണേശ ദര്‍ശനത്തിനും പൂജാദി കര്‍മ്മങ്ങള്‍ക്കും ഒപ്പം പ്രാധാന്യത്തോടെ
അവരെല്ലാവരും മറ്റൊരു കാര്യം കൂടി ആഗ്രഹിച്ചിരുന്നു.
ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയെഒരു നോക്കു കാണുക
എന്നതു മാത്രമായിരുന്നു അത്.
ഒരു കുളിര്‍തെന്നലേല്‍ക്കും പോലെ,
പച്ചപ്പാടത്തേയ്ക്കോ കടലലകളിലേയ്ക്കോ കായല്‍പ്പരപ്പിലേയ്ക്കോ
ആകാശനീലിമയിലേയ്ക്കോ കണ്ണും നട്ടിരിക്കും പോലെ,
ശാന്തി പകരുന്നതാണാ പുണ്യാത്മാവുമായി ചിലവഴിക്കുന്ന നിമിഷങ്ങള്‍.
അതുകൊണ്ടാവാം വന്നുപോയവരൊക്കെ മള്ളിയൂരിനെ കാണാന്‍ വീണ്ടും വരുന്നത്.
എണ്‍പതുകളുടെ അവസാന പകുതിയില്‍
സമാന്തര വിദ്യാഭ്യാസരംഗത്ത് കുറച്ചുകാലം പ്രവര്‍ത്തിച്ചപ്പോള്‍
മള്ളിയൂരിന്റെ ഇളയ പുത്രന്‍ ദിവാകരന്‍ നമ്പൂതിരി എന്റെ വിദ്യാര്‍ത്ഥിയായിരുന്നു.
പിന്നീട് 1991ല്‍ വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ചുള്ള പരിപാടികള്‍ മള്ളിയൂരില്‍ ആഘോഷപൂര്‍വം നടത്താന്‍ തീരുമാനിച്ചപ്പോള്‍,
ദിവാകരന്‍ നമ്പൂതിരിയുടെ പ്രത്യേക ക്ഷണം ലഭിച്ചതും അന്നു മുതല്‍
മള്ളിയൂരില്‍ ഇടയ്ക്കൊക്കെ പോകാനായതും എന്നെ അവിടവുമായി കൂടുതല്‍ അടുപ്പിച്ചു.
നിരവധി തവണ ഭാഗവത ഹംസത്തിന്റെ
ശാന്ത സുന്ദരമായ സംഭാഷണം കേട്ട് മണിക്കൂറുകളോളം ഇരുന്നിട്ടുണ്ട്.
ഇന്നിപ്പോള്‍ ആരോഗ്യം സംസാരത്തിന് തടസ്സമാണ്. കഴിഞ്ഞ മാസം ഞാന്‍
അവിടെച്ചെന്നപ്പോള്‍ അളന്നും തൂക്കിയുമായിരുന്നു സംസാരം.
എങ്കിലും അസുഖത്തെ മറയ്ക്കാന്‍ ശ്രമിക്കുന്നതു കാണാമായിരുന്നു.

ഇല്ലത്തെ ദാരിദ്ര്യത്തെക്കുറിച്ചും, ഭാഗവതപാരായണത്തിലേയ്ക്കു വന്ന
വഴിയെക്കുറിച്ചുമൊക്കെ തിരുമേനി തന്നെ എനിക്കു പറഞ്ഞു തന്നിട്ടുണ്ട്.

ബാല്യം മുതലേ ഏറെ ക്ലേശങ്ങള്‍ സഹിക്കേണ്ടി വന്ന ഒരു ബാലനായിരുന്നത്രേ ശങ്കരന്‍ .
അദ്ദേഹത്തിന്റെ ഇല്ലത്ത് അക്കാലത്ത് വല്ലാത്ത സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു.
കൊച്ചു ശങ്കരനാകട്ടെ, രോഗമൊഴിഞ്ഞ കാലം അന്യമായിരുന്നു.
പൂജാദി കാര്യങ്ങള്‍ അഭ്യസിച്ച ശേഷം ശങ്കരന്‍,
ശാന്തിയ്ക്ക് കോഴിക്കോട്ട് പോയി. രോഗം ശങ്കരനെ വല്ലാതെ അലട്ടി.
വൈദ്യന്‍ മരുന്നിനൊപ്പം സൂര്യ നമസ്കാരത്തിന് നിര്‍ദ്ദേശിച്ചു.
അന്നുമുതലിങ്ങോട്ട് ശങ്കരന്‍ നമ്പൂതിരി പരിധിയില്ലാതെ നമസ്ക്കാര കര്‍മ്മം നടത്തി.
അടുത്ത കാലത്ത് രോഗം കലശലായപ്പോഴാണ് ഈ പതിവു മുടങ്ങിയത്.
അമ്മയാണ് ശങ്കരനെ ഗുരുവായൂരപ്പ സേവയ്ക്ക് നിര്‍ദ്ദേശിച്ചത്.
അമ്മയുടെ സമ്പാദ്യമായിരുന്ന ഒരു രൂപ മകന് നല്‍കി.
അതുമായി ശങ്കരന്‍ യാത്ര തുടങ്ങി.
വഴിക്ക് അമ്മയുടെ അമ്മാത്തു നിന്ന് ഒരു രൂപ കിട്ടി.
മൂവാറ്റുപുഴ വരെ നടന്നു. ചെറിയമ്മയുടെ സഹോദരി രണ്ട് രൂപ കൊടുത്തു.
ശങ്കരന്‍ ഒരുവിധത്തില്‍ ഗുരുവായൂരെത്തി.
ബ്രഹ്മശ്രീ പടപ്പ നമ്പൂതിരിയില്‍ നിന്നാണ് ശങ്കരന് ഭാഗവതോപദേശം ലഭിച്ചത്.
സ്വന്തമായി ഒരു ഭാഗവതം ഇല്ല എന്ന വിഷമത്തിലായി ശങ്കരന്‍.
ഗുരുവായൂരപ്പന്റെ മഹാ ഭക്തയായിരുന്ന അമ്മ്യാര് ശങ്കരന് ഭാഗവതം കൊടുത്തുവിട്ടു.

അറിവു നേടി തിരിച്ചെത്തിയ ശങ്കരന്‍ രോഗിയായ അമ്മയെ പരിചരിച്ചു.
അമ്മയ്ക്ക് ഭഗവല്‍ കഥകള്‍ പറഞ്ഞു കൊടുത്തു.
അമ്മയുടെ വേര്‍പാട്, നിരന്തരമായുണ്ടായ അസുഖങ്ങള്‍ - ഒന്നും ശങ്കരനെ തളര്‍ത്തിയില്ല.
സൂര്യ നമസ്കാരം മുടക്കിയില്ല, ഭാഗവത പാരായണവും.

ഭാര്യ സുഭദ്ര അന്തര്‍ജ്ജനം ഇന്നു ജീവിച്ചിരിപ്പില്ല.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് മള്ളിയൂര്‍ മഹാഗണപതിക്ഷേത്രത്തില്‍
ഒരു ആഘോഷം നടക്കുന്ന സമയത്താണ്, മള്ളിയൂരിന്റെ പ്രിയ പത്നി സുഭദ്ര അന്തര്‍ജ്ജനം കുളിക്കടവില്‍ വീണ് മരിച്ചത്.
നാലുമക്കള്‍. ആണ്‍ മക്കള്‍ രണ്ടു പേരും ഇന്ന് ഭാഗവത ഹംസത്തിന്റെ പാത പിന്‍ തുടര്‍ന്ന്, ഭഗവത്സേവയില്‍ മുഴുകി കഴിയുന്നു.
ഒരുകാലത്ത് ജീര്‍ണ്ണാവസ്ഥയിലെത്തിയ മള്ളിയൂര്‍ ക്ഷേത്രം
ഇന്ന് ഭക്തജനങ്ങളുടെയും സജ്ജനങ്ങളുടെയും സഹായത്താല്‍ പുതുക്കി പണിതിരിക്കുന്നു
അടുത്ത കാലത്ത് ഒരു ഭക്തന്‍, തിരുമേനിയ്ക്ക് താമസിക്കാനായി നല്ലൊരു വീട് പണിതു കൊടുക്കുകയുണ്ടായി. പണത്തിനും പ്രതാപത്തിനുമൊന്നും യാതൊരു വിലയും
കല്പിക്കാത്ത ഈ കൃഷ്ണ ഭക്തനെ ഒരു നോക്കു കാണാനും
ഒന്നു നമസ്കരിക്കാനുമായി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും
ഭക്തര്‍ എത്തിക്കൊണ്ടിരിക്കുന്നു.
പ്രത്യേകിച്ച് മണ്ഡലവ്രതക്കാലത്ത് ശബരിമലയില്‍ പോകുന്നവര്‍.
കഴിഞ്ഞ വെള്ളിയാഴ്ച(ജനുവരി 23) മള്ളിയൂരിന് എണ്‍പത്തെട്ടു വയസ്സായി.
കേന്ദ്രമന്ത്രി ശ്രീ വയലാര്‍ രവിയടക്കമുള്ള വിശിഷ്ട വ്യക്തികള്‍
എത്തിയിരുന്നു. ആഘോഷങ്ങള്‍ക്കിടയില്‍ തന്നെയിതൊന്നും
ബാധിക്കുന്നില്ല എന്ന മട്ടില്‍ സുസ്മേര വദനനായി,
അനാരോഗ്യത്തെ അവഗണിച്ച് മള്ളിയൂര്‍ വേദിയിലിരിപ്പുണ്ടായിരുന്നു.
ആഘോഷങ്ങളില്‍പങ്കെടുത്ത് അവിടെ നില്‍ക്കാനുള്ള
ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അന്ന് എന്നെ സമയം അതിനൊന്നും
അനുവദിച്ചിരുന്നില്ല . ഒരു പിടി പൂക്കള്‍ നല്‍കി, പാദ നമസ്കാരം ചെയ്യുമ്പോള്‍ അദ്ദേഹം കൈകളുയര്‍ത്തി അനുഗ്രഹം ചൊരിഞ്ഞു.
എന്റെ കണ്ണുകളിലാ ദൃഷ്ടികള്‍ പതിഞ്ഞു.
സ്നേഹവും വാത്സല്യവും നിറഞ്ഞ നോട്ടം.
ഈപുണ്യാത്മാവു ജീവിച്ചിരിക്കുമ്പോള്‍ ജീവിച്ചിരിക്കാന്‍ കഴിഞ്ഞതു തന്നെ ഭാഗ്യം!
ഞാന്‍ മനസ്സിലോര്‍ത്തു.”ഊണ് കഴിഞ്ഞു പോകാം” ഞാന്‍ പോവാനിറങ്ങുന്നതു കണ്ട് പലരും പറഞ്ഞു. “അല്പം തിടുക്കമുണ്ട് ”.തിരുമേനിയുടെ പേരക്കിടാവ് ജിഷ്ണുവിനോട് യാത്ര പറഞ്ഞ്,
ഞാന്‍ പുറത്തേയ്ക്കിറങ്ങി.
ഭാഗവത പാരായണ വൈദഗ്ദ്ധ്യം കൊണ്ട്,‘ ഭാഗവത ഹംസം’ എന്ന
വിളിപ്പേര് സ്മ്പാദിച്ച മള്ളിയൂര്‍തിരുമേനിയെ
ഒരു നോക്കു കാണാന്‍ നൂറു കണക്കിനാളുകളപ്പോഴും
അവിടെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
ജീവിത ക്ലേശങ്ങളെ അതിജീവിച്ച് വിദ്യ നേടിയ ആ മഹാനെ കണ്ട് കാണിക്കയര്‍പ്പിക്കാന്‍
ആളുകള്‍ ഇന്ന് മത്സരിക്കുന്നു.
മള്ളിയൂര്‍ തിരുമേനിയ്ക്ക് ചെമ്പു തുട്ടും വെള്ളിത്തുട്ടും ആകര്‍ഷണ വസ്തുക്കളേയല്ല.
മഹാ പണ്ഡിതനും നല്ലൊരു കവിയുമായ
മള്ളിയൂര്‍ തിരുമേനി ഈ ജന്മം മുഴുവന്‍ ഭാഗവതമയമാക്കി.
“...................................................................................................
...................................................................................................
ഇഹത്തിലും പരത്തിലുമൊരുപോലെ സുഖം നല്‍കും
മഹത്തരമായവിത്തം വിദ്യതാനല്ലോ.
ചെമ്പു തുട്ടും വെള്ളിത്തുട്ടും നേടിവച്ചു സുഖത്തിന്റെ
പിന്‍പെയോടി മേടിയ്ക്കുന്നു ദു:ഖത്തെ മര്‍ത്ത്യന്‍
കുന്നു പോലെ പണം കൂട്ടിയതിന്മീതെയിരുന്നാലും
കുന്നിപോലും കുറയില്ല ദാരിദ്ര്യദു:ഖം.
ഒരുകുന്നുകൂടിയിതേവിധമൊന്നു ചമയ്ക്കേണം
തരമെങ്കില്‍ മരിയ്ക്കും മുന്‍പൊന്നുകൂടിയും
ഇതേവിധം മനോരാജ്യം കരേറുന്ന കാലത്തുണ്ടോ
മതിയതില്‍ സുഖലേശം മനുജനോര്‍ത്താല്‍?
.........................................................................
.........................................................................”
(മള്ളിയൂരിന്റെ ‘സൂക്തിമഞ്ജരിയില്‍ നിന്ന്)

7 comments:

Lathika subhash said...

ഞാനീ പോസ്റ്റ് മറക്കാനാവാത്തവര്‍ എന്ന ബ്ലോഗില്‍
പ്രസിദ്ധീകരിച്ചെങ്കിലും അഗ്രിയില്‍ കണ്ടില്ല.
അതിനാല്‍ സൃഷ്ടിയിലിടുന്നു.

Manikandan said...

ശ്രീ മള്ളിയൂരിനെക്കുറിച്ച് ഒരു പാടുകേട്ടിട്ടുണ്ട്. അദ്ദേഹത്തെ നേരിട്ട് കാണാൻ സാധിക്കുന്നത് പുണ്യമായിതന്നെ ഞാനും കരുതുന്നു. മള്ളിയൂർ ക്ഷേത്രത്തിലെ ഗണപതി പ്രതിഷ്ഠയ്ക്കും ചില പ്രത്യേകതകൾ ഉള്ളതായി കേട്ടിരുന്നു. ഒരിക്കൽ അതുകൂടി എഴുതണം എന്ന അഭ്യർത്ഥനയുണ്ട്.

Ranjith chemmad / ചെമ്മാടൻ said...

തികച്ചും വ്യത്യസ്ഥമായ, വായനയുടെ നാനാമുഖങ്ങള്‍
ഇങ്ങനെ വരച്ചിടുന്നതിന് നന്ദി....

ചാണക്യന്‍ said...

മള്ളിയൂര്‍ വിശേഷങ്ങള്‍ വായിച്ചു, നന്നായി...
ആശംസകള്‍...

Thaikaden said...

Othiri kaaryngal Adhehathineppatti ariyuvan sadhichu. Nannayirikkunnu.

മുസാഫിര്‍ said...

ഇദ്ദേഹത്തെക്കുറിച്ച് ഇതിനു മുന്‍പ് അറിഞ്ഞിരുന്നീല്ല.പോസ്റ്റ് ചെയ്തത് നന്നായി.

വരവൂരാൻ said...

ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിക്ക്‌ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു

കൂടാതെ മനസ്സുകൊണ്ടു നിശബ്ദ്ധമായി ഒന്നു പശ്ചാതപിക്കാനും ഞാൻ ഈ അവസരം ഉപയോഗിക്കുന്നു. ശബരിമല യാത്രക്കിടക്ക്‌ ഞാനും ഒരിക്കൽ പോയിരുന്നു മള്ളിയൂര്‍ മഹാഗണപതിക്ഷേത്രത്തിൽ അന്ന് ക്ഷേത്രം വക അന്നദാനവും മുണ്ടായിരുന്നു ഞാനും ആ പ്രസാദം കഴിക്കാൻ അവിടെ നിന്നിരുന്നു. അപ്പോൾ അവിടെയുള്ളവർ ഇടക്കിടെ അവിടെ മാറി നിൽക്കു ഇവിടെ മാറി നിൽക്കു അതു ചെയ്യല്ലേ ഇതു ചെയ്യല്ലേ നബൂതിരി കണ്ടാൽ ചീത്ത പറയും ഇങ്ങിനെ ഇടക്കിടക്ക്‌ പറഞ്ഞുകൊണ്ടിരുന്നു. അപ്പോൾ ഞാൻ കരുതി ഇത്ര ദേഷ്യമുള്ള ഒരാൾ ആയിരിക്കും ഇദ്ദേഹമെന്നു. അതുകൊണ്ടുതന്നെ കുറച്ചു പിറുപിറക്കലുകളൊടെയാണു അവിടെ നിന്ന് ഇറങ്ങിയത്‌ ഇപ്പോൾ അദ്ദേഹത്തെ കുറിച്ചു ഈ പോസ്റ്റിൽ നിന്നു വായിച്ചപ്പോൾ തെറ്റുപറ്റിയെന്ന് തോന്നുന്നു അന്ന് ഒരു നോക്ക്‌ അദ്ദേഹത്തെ കാണുകയു ചെയ്തിരിന്നു. അബലത്തിൽ നിന്നു കൊച്ചുമകനോടൊപ്പം വരുന്നത്‌ അദ്ദേഹത്തിനു നന്മകൾ നേരുന്നു പിന്നെ ഈ പോസ്റ്റ്‌ ഇവിടെ സമർപ്പിച്ച ലതികക്ക്‌ ഒത്തിരി ഭാവുകങ്ങൾ നേരുന്നു