Tuesday, January 20, 2009

കുട

പ്രദക്ഷിണം പൂര്‍ത്തിയാകാന്‍ നോക്കിയിരിക്കുകയായിരുന്നു അയാള്‍.
ഓരോ മുത്തുക്കുടയും ശ്രദ്ധാപൂര്‍വം വാങ്ങി വയ്ക്കുന്ന ചുമതല അയാളുടേതായിരുന്നു.
നൂറുകണക്കിനു മുത്തുക്കുടകള്‍!
പെരുന്നാളിന്റെ ആളനക്കം അവസാനിച്ചപ്പോള്‍ മുത്തുക്കുടകളുടെ
സൂക്ഷിപ്പുമുറി പൂട്ടി, താക്കോലേല്പിച്ച് അയാള്‍ വീട്ടിലേയ്ക്ക് നടന്നു.
മാനത്ത് നക്ഷത്രത്തിളക്കമില്ല.
മഴമേഘങ്ങളുണ്ടുതാനും.
വൈകിയില്ല, മഴ പെയ്തു തുടങ്ങി.
സ്വന്തമായൊരു കുടയില്ലാത്ത അയാള്‍ വീടെത്താന്‍
മഴത്തുള്ളികള്‍ക്കിടയിലൂടെ പായുകയായിരുന്നു.

16 comments:

Lathika subhash said...

ഒരു പള്ളിപ്പെരുന്നാളിന്റെ
പ്രദക്ഷിണം കണ്ട് പണ്ടെഴുതിയത്.
ഇപ്പോള്‍ ഓര്‍മ്മയില്‍നിന്നും കുറിച്ചത്.

വികടശിരോമണി said...

ഇല്ലാത്ത കുടയുടെ നൊമ്പരമുത്തുകൾ ചിതറിവീഴുന്നു...
ഛക്ക്!
ഞാൻ തെന്നിവീണ ഒച്ചയാ...

siva // ശിവ said...

അതുപോലൊരാളാകാനാ ഞാനും ആഗ്രഹിക്കുന്നത്....

ഹരീഷ് തൊടുപുഴ said...

ഇപ്പോഴാ ഓര്‍ത്തത്, NSS ന്റെ പരിപാടിയ്ക്കുകൊണ്ടുപോയ എന്റെ മുത്തുക്കുടകള്‍ ഇതുവരെയും തിരിച്ചുകിട്ടീട്ടില്ല!!!

നല്ല ഒരു മിനിക്കഥ... ചിന്തിക്കനും ഏറെയുണ്ടിതില്‍..

ബിന്ദു കെ പി said...

ചെറുതെങ്കിലും ഏറെ ചിന്തിപ്പിക്കുന്ന കഥ

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പണപ്പെട്ടി സൂക്ഷിപ്പുകാരന്‍ പട്ടിണികിടക്കുന്നതു പോലെ.
ചെറുതെങ്കിലും മനോഹരമായിരിക്കുന്നു.

mayilppeeli said...

ആള്‍ക്കൂട്ടത്തിലൊറ്റപ്പെട്ടുപോകുന്ന സാധാരണക്കാരന്റെ ചിത്രം.......ഒരു ചെറിയ വലിയ കഥ......

Ranjith chemmad / ചെമ്മാടൻ said...

അതിജീവനം...!

Typist | എഴുത്തുകാരി said...

നല്ല മിനിക്കഥ.

ജിജ സുബ്രഹ്മണ്യൻ said...

മറ്റുള്ളവർക്ക് വേണ്ടി ഓരോന്നും ഉണ്ടാക്കുന്നവർക്ക് അതു അനുഭവിക്കാൻ കഴിയാറില്ല.നല്ല കഥ ചേച്ചീ

നിരക്ഷരൻ said...

സ്വന്തമായിട്ടൊരു കുടയെടുക്കാനില്ലാത്തവന്‍ മുത്തുക്കുടകളുടെ ഖജനാവ് കാക്കുന്നു.

ഒരുപാട് ചിന്തകളുടെ മുത്തുകളാണീ കഥയിലൂടെ ചിതറിവീണത്.

ഭയങ്കര ഇഷ്ടായി. കുട്ടിക്കഥകളുടെ ഒരു ആരാധകനാണ് ഞാന്‍.

പാമരന്‍ said...

super chechee..

ശ്രീ said...

നല്ലൊരു ചെറുകഥ.

OAB/ഒഎബി said...

പെയിന്ററ്മാരും ആറ്ട്ടിസ്റ്റുമടങ്ങിയ ഞങ്ങളുടെ വീട് പെയിന്റടിച്ചത് നാട്ടിലെ മറ്റൊരു പെയിന്ററായിരുന്നു.

നല്ലൊരു മിനികഥ.
ആശംസകൾ.

പാറുക്കുട്ടി said...

കൊച്ചു കഥയാണെങ്കിലും ഇഷ്ടപ്പെട്ടു. ഭാഗ്യം വിൽക്കുന്ന ലോട്ടറിക്കാരനെപ്പോലെ, ആൾക്കൂട്ടത്തിൽ തനിയെ എന്നതുപോലെ അർത്ഥവത്തായത്.

ആശംസകൾ!

t.a.sasi said...

മഴത്തുള്ളികള്‍ പിന്നെ പെരുമഴത്തുള്ളികള്‍
ആകാതെ അയാള്‍ വീടെത്തിയോ ആവോ
നല്ല നിരീക്ഷണം ..