സ്നേഹനൊമ്പരമായ്..............
കോട്ടയത്ത് മാതാ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ അന്ന് ശാരിയുണ്ടായിരുന്നു. കിളിരൂര്‍ സംഭവത്തിലെ ശാരി എസ് നായര്‍. പത്രത്താളുകളും ചാനലുകളും അവളുടെ വിവരങ്ങള്‍ ലോകത്തിന് കൃത്യമായി നല്കിക്കൊണ്ടേയിരുന്നു. അന്ന് (നവംബര്‍ 4, 2004) ഉച്ച തിരിഞ്ഞ് മാതാ ആശുപത്രിയിലെത്തിയ ഞാന്‍ ശാരിയുടെ അമ്മയോടൊപ്പം അകത്ത് കയറി, ഒരു നോക്ക് കണ്ടു. വരണ്ട ചുണ്ടുകളുടെ കോണില്‍ എനിക്കായ് ഒരു മന്ദഹാസം സൂക്ഷിച്ചു വച്ചിരുന്നു, അവള്. “പോട്ടെ മോളേ”. ഞാന്‍ യാത്ര പറയാന്‍ വേണ്ടി മാത്രം കയറിയതുപോലെ.......അവളുടെ അമ്മ എന്നെ മുകളിലത്തെ മുറിയിലേയ്ക്കു നയിച്ചു. അവര്‍ സംസാരിച്ചുകൊണ്ടേയിരുന്നു. ഇത്തിരി നേരം കൊണ്ട് ഒത്തിരിക്കാര്യങ്ങള്‍! മുറിയില്‍ അവളുടെ അച്ഛന് സുരേന്ദ്രന് പിള്ളയും പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിയായ അനുജനും ഉണ്ടായിരുന്നു. കട്ടിലില്‍ കിടക്കുന്ന രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞ്....
ശാരിയുടെ അമ്മ വിതുമ്പി..
“ഞങ്ങള്‍ ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല...” എനിയ്ക്ക് ദേഷ്യമാണ് ആദ്യം തോന്നിയത് . മകളുടെ ചുവടുകളുടെ ഗതി മാറിയത്....അമ്മ അറിയാതെ പോകയോ? മകള്‍ക്ക് ഗര്‍ഭമുണ്ടെന്ന വിവരം അറിയാന്‍ വളരെ വൈകിയെന്നോ?
കട്ടിലില്‍ കിടക്കുന്ന സുന്ദരിക്കുട്ടി എന്നെ നോക്കി പുഞ്ചിരിക്കുന്നു. എന്നിലെ അമ്മ ആര്‍ദ്രയായി. ഞാനവളെ വാരിയെടുത്തു. “എന്റെ മോളെ എനിക്കു നഷ്ടമാകും” എന്നു പറഞ്ഞ് വിതുമ്പിയ ശാരിയുടെ അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു. “ ദേ, ഈ കുഞ്ഞു മകളെ നന്നായി വളര്‍ത്തേണ്ടേ. മകളുടെ അസുഖം ഭേദമാകും. കരയരുത്.” കുഞ്ഞിനെ കിടത്തി , ഞാന്‍ യാത്ര പറയുമ്പോള്‍ ശാരിയുടെ കൊച്ചനുജന് കുഞ്ഞു വാവയോട് പുന്നാരം ചൊല്ലുന്നുണ്ടായിരുന്നു.
വീട്ടിലെത്തിയിട്ടും എന്റെ മനസ്സില്‍ ആ കുഞ്ഞിന്റെ മുഖം മിന്നുകയും മായുകയും ചെയ്തുകൊണ്ടേയിരുന്നു.
വല്ലാത്ത അസ്വസ്ഥത. ഞാന്‍ അന്ന് കുറിച്ച വരികള്‍ ...“ഈ ശിശു രോദനം” ഇപ്പോള്‍ ബൂലോകര്‍ക്കായി പൊടി തട്ടിയെടുക്കുമ്പോള്‍ ഇന്നലെ (നവംബര്‍ 13) ശാരിയുടെ നാലാം ചരമ വാര്‍ഷിക ദിനമായിരുന്നു എന്നത് ഓര്‍ക്കാതെ പോകുന്നില്ല. സ്നേഹമോള്ക്ക് ആഗസ്റ്റ് പതിനഞ്ചിന് നാലു വയസ്സ് തികഞ്ഞു. അവള് ചങ്ങനാശ്ശേരിക്കടുത്ത് അപ്പൂപ്പനും അമ്മൂമ്മയ്ക്കും അമ്മാവനുമൊപ്പം താമസിക്കുന്നു. നഴ്സറിയില്‍ പോവുന്നുണ്ട്.
“ഈ ശിശു രോദനം”
അറിയുന്നു സകലരും പത്രത്തിലൂടെന്നെ
മിന്നിമറയുന്ന വാര്‍ത്തയിലൂടെയും
മര്‍ത്യന്റെ ഭാഷയുമാദ്യാക്ഷരങ്ങളും
ഹൃത്തിലേയ്ക്കെത്താത്തിളംപൈതലാണു ഞാന്‍
അക്ഷരപ്പെരുമയീ നാടിനു നല്കിയ
സാക്ഷരജില്ലയിലെന്റെ ജന്മം
ധര്‍മ്മാശുപത്രിയിലാദ്യമായെന്നുടെ
രോദനം കേട്ടതും നാട് നടുങ്ങിയോ?
അത്രയ്ക്കു ഗോപ്യമായാണത്രേ ഞാനെന്റെ-
യമ്മതന്നുള്ളില്‍ വളര്‍ന്നതെന്ന്!
ആദ്യത്തെ കണ്മണിയാര്‍ക്കും പകരുന്ന
മോദമേകാത്തൊരു പൈതലീ ഞാന്‍.
“കല്ലായ് പിറന്നാലും മണ്ണായ് പിറന്നാലും
പെണ്ണായ്പ്പിറക്കല്ലെ രാമ നാരായണാ”
പണ്ടാരോ പാടിപ്പതിഞ്ഞൊരീച്ചൊല്ല്
കണ്ടോളമെന്നുടെ കാര്യത്തില്‍ നേരായ്.
കാലം തികയ്ക്കാതെന്‍ ബന്ധം മുറിഞ്ഞനാ-
ളമ്മയ്ക്കു ദീനം തുടങ്ങുകയായ്
ധര്‍മ്മാശുപത്രീലെ ശുശ്രൂഷ പോരാഞ്ഞെ-
ന്നമ്മയോടൊത്തുഞാനിങ്ങുപോന്നു.
തീവ്രമാം ശ്രദ്ധയോടമ്മയെ നോക്കുവാന്‍
ചില്ലിട്ട വല്യൊരു കൂട്ടിലാക്കി
അമ്മിഞ്ഞപ്പാലില്ല താരാട്ടു പാട്ടില്ല
അമ്മതന്‍ ചൂടേറ്റുറക്കമില്ല.
രണ്ടുമാസത്തിന്നിടയ്ക്കെനിക്കഞ്ചാറു-
വട്ടമേയമ്മയെക്കാണുവാനായുള്ളൂ
താരാട്ടു പാടുവാന്‍ കൊഞ്ചിക്കളിക്കുവാ-
നാരോരുമില്ലാതെ ഞാന്‍ കിടന്നീടവേ
വമ്പരാം നേതാക്കളുന്നതോദ്യോഗസ്ഥ-
രായവരേറെയും വന്നുപോയി.
അമ്മയെക്കാണുവാന,പ്പൂപ്പനമ്മൂമ്മ-
യമ്മാവനെപ്പോലും ചോദ്യം ചെയ്യാന്‍
കമ്മീഷനദ്ധ്യക്ഷയമ്മയും വന്നല്ലോ
പിന്നാലെ വൃത്താന്തലോകരെല്ലാം
പോലീസിലുള്ളമ്മ, ഐജിയാം നല്ലമ്മ
ചോദ്യത്തിനായെന്റെയമ്മയെ കണ്ടുപോയ്
അമ്മമാര്‍ വേറെയും വന്നുപോയമ്മൂമ്മ
സങ്കടം പങ്കുവച്ചോരോദിവസവും
കുഞ്ഞിളം കയ്യില്‍ കരിവളയൊന്നിടാന്‍
കാല്‍ത്തള നല്കുവാന് സമ്മാനമേകുവാന്‍
പൊന്നരഞ്ഞാണമതില്ലേലുമെന്റെയീ
മെല്ലിച്ച മേനിയില്‍ നൂലൊന്നു കെട്ടുവാന്‍
ഇല്ലാ കഴിഞ്ഞില്ലയാര്‍ക്കുമേയെന്നുടെ
വല്ലായ്മ മാറ്റുവാനാശ്വസിപ്പിക്കുവാന്‍!
Thursday, November 13, 2008
Subscribe to:
Post Comments (Atom)
25 comments:
ഇന്ന് ശിശുദിനം.
അനാഥ ബാല്യങ്ങളെക്കുറിച്ചും
ശിശു പീഢനങ്ങളെക്കുറിച്ചും
നമ്മള് ഒരുപാട് കേട്ടു, ഈ ദിവസങ്ങളില്‍.
പതിവു പോലെ ശിശുദിന റാലികളും കേമമായി.
കിളിരൂര്‍ സംഭവം പലരും മറന്നു.
ഇന്നലെ ആ പെണ്‍കുട്ടിയുടെ നാലാം ചരമ വാര്‍ഷികമായിരുന്നു.
ശാരിയുടെ മകള്‍ സ്നേഹമോള്‍ക്കും നാലു വയസ്സ്. രോഗ ശയ്യയിലെ ശാരിയേയും നിസ്സഹായയായ പെണ്‍കുഞ്ഞിനേയും ഞാനും കണ്ടിരുന്നു.
പെണ്മക്കള് പിറക്കാതെ പോയ ഒരു അമ്മയുടെ
തോന്നലുകളാണിവിടെ പങ്കു വയ്ക്കുന്നത്.
നാലു വര്‍ഷം മുന്‍പ് എഴുതിയ
വരികള്‍.
ഈ കുഞ്ഞിന്റെ രോദനം മനസ്സിൽ കൊള്ളുന്നു.
മാതാപിതാക്കളുടെ ശ്രദ്ധക്കുറവോ, അമിതമായ ആത്മവിശ്വാസമോ, അതോ അത്യാർത്ഥിയോ ആ പാവം പെൺകുട്ടിയെ നശിപ്പിച്ചത്. ഇന്നും പ്രഭുദ്ധകേരളത്തിന്റെ മുന്നിൽ നടുക്കുന്ന ചോദ്യചിഹ്നമായി ശാരി നിൽക്കുമ്പോൾ, ഈ പിഞ്ചുകുഞ്ഞിന്റെ രോദനം വളരെ പ്രസക്തം. പലർക്കും ഓർമ്മ പുതുക്കാനെങ്കിലും ഈ വരികൾ ഉപകാരപ്പെടട്ടേ......
ശാരി കുട്ടി ഇന്നും നമ്മൂക്ക് വേദന തന്നെയാണ് പകരുന്നത്.
ആ കുട്ടിക്ക് സംഭവിച്ചത് ഇനി മറ്റൊരു കുട്ടിക്ക് ഉണ്ടാകാതെ ഇരിക്കട്ടേ
കമന്റ് കവിതയില്‍ മാത്രമൊതുക്കുന്നു.
ആശംസകള്‍
ശാരിയെ കൊന്നവർക്ക് മുന്നിൽ ഇന്നും പുതിയ കുട്ടികൾ വരുന്നുണ്ടാകും,ഇനി അങ്ങനെയൊന്ന് സംഭവിക്കാതിരിക്കട്ടെ എന്ന പ്രാർത്ഥന കൊണ്ട് ഒന്നും പരിഹൃതമാവില്ല.നീതിന്യായവ്യവസ്ഥ ശക്തമാകേണ്ടിയിരിക്കുന്നു,കൂടെ എല്ലാ മനുഷ്യാവകാശപ്രവർത്തകരും.
ഇന്ന് ഇക്കാര്യം ഓർമ്മിക്കാൻ തോന്നിയ മനസ്സിന് നമസ്കാരം.
വിവരണത്തിനും കവിതയ്ക്കും ആശംസകള്‍..
എല്ലാവരാലും മറക്കപ്പെട്ട ദിനത്തെ ഓര്‍മ്മിപ്പിച്ചതിന് നന്ദി..
ഒറ്റപ്പെട്ട് കേൾക്കുന്നതല്ല ആ കുഞ്ഞിന്റെ രോദനം എന്നതാണ് കൂടുതൽ നടുക്കുന്ന വസ്തുത
നന്ദി..
കവിതയ്ക്കും വിവരണത്തിനും ....
മാധ്യമങ്ങൾ ആഘോഷിച്ചു കൊന്നുകളഞ്ഞ നിന്റെ അമ്മയെ ഓർത്തല്ല നിന്നെയും പാപ്പരാസിപ്പട വിടാതെ പിന്തുടരുന്നല്ലോ എന്നോർക്കുമ്പോൾ ഒരു വിഷമം.
ലതിചേച്ചി ആ കുഞ്ഞിനെങ്കിലും അമ്മയുടെ പെടുമരണത്തിന്റെ നിഴലിൽ സഹ്താപത്തിന്റെയും അവജ്ഞയുടെയും തണലിലല്ലാതെ സ്വതന്ത്രമായി ജീവിക്കാൻ നമുക്കവളെ മനപൂർവ്വം മറന്നു കളഞ്ഞുകൂടെ
ആ കുഞ്ഞിന്റെ ഓരൊ ജന്മ്ദിനത്തിലും ശാരിയുടെ ചരമദിനത്തിലും പൂവരണിപെൺ വാണിഭ കേസ്സിലെ ശാരിയുടെ മകൾക്കു ജന്മ്ദിന ആശംസകൾ എന്നു പറയുന്ന ഓരൊവ്യക്തിയും ഒരുപക്ഷെ ആ കുഞ്ഞു മനസ്സിനെ തക്ര്ക്കുന്നതിൽ അറിഞ്ഞൊ അറിയാതയൊ പങ്കു വഹിക്കുകയല്ലേ
എനിക്കൊന്നും പറയാനില്ല .ആശംസകള്‍ ..കവിത നന്നായി .
ദുഃഖം മാത്രം......
ലോകം ആ കുഞ്ഞിനെ ജീവിക്കാന്‍ അനുവദിക്കട്ടെ.......
വേട്ടയാടപ്പെടുന്ന ഓര്‍മകളില്‍ ആ മനസ് വേദനിക്കാതിരിക്കട്ടെ....
ലതിച്ചേച്ചീ, വളരെ ഹൃദയസ്പര്‍ശിയായ കവിതയും അവതരണവും......സ്നേഹമോള്ക്ക് ജഗദീശ്വരന് എല്ലാ നന്മകളും വരുത്തട്ടേയെന്നു പ്രാര്‍ത്ഥിയ്ക്കുന്നു....
ഇനിയും കാണാം
ചേച്ചീ...
കവിത ഒരു രോദനമായിത്തനെ മനസ്സില്‍ പെയ്തിറങ്ങി.
“കല്ലായ് പിറന്നാലും മണ്ണായ് പിറന്നാലും
പെണ്ണായ്പ്പിറക്കല്ലെ രാമ നാരായണാ”
അങ്ങനെ തന്നെ പ്രാര്‍ത്ഥിക്കാന്‍ ഇതൊക്കെത്തന്നെ പോരേ കാരണങ്ങള്‍.രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളെപ്പോലും വെറുതെ വിടാത്ത കാപാലികരുള്ള നാട്ടില്‍ വേറെന്ത് പ്രാര്‍ത്ഥിക്കാനാണ് ?
ഓര്ക്കാനാവുന്നതല്ല അതൊക്കെയും..മറക്കാനും.
മനസ്സ് നടുക്കുന്ന ആ സംഭവത്തിനു ഇങ്ങനെയും ഒരു ശേഷിപ്പ്..
വിഷമം ഉണ്ട്..ഓര്‍ക്കുമ്പോള്‍.
'''ഓരോ ശിശുരോദനത്തിലും കേള്‍പ്പു ഞാനൊരുകോടി ഈശ്വരവിലാപം''
പാവം കുട്ടി.. അത് വലുതായി വരുമ്പോള്‍, എത്രയെത്ര കണ്ണുകളാവും അതിനെ ചൂഴ്ന്നു നില്ക്കുക..
Lathi : kavithakum,vivaranathhinum nandi.valare sangadappeduthhunna ormippikkal mole.ingine oravasthha mattoru kunjjinum varaathirikkatte.
പ്രസക്തമായ പോസ്റ്റ് ചേച്ചി.
വിവരണത്തിനും കവിതയ്ക്കും
ആശംസകള്‍..
നന്ദി..
ആ കുട്ടിയെപ്പോലെ അറിയപ്പെടാത്ത എത്രയോ കുട്ടികള്‍ ...
ഒരു കുഞ്ഞു പോലും സുരക്ഷിതരല്ല ഈ ലോകത്ത് അത് ആണ്കുഞ്ഞായാലും
പെന്കുട്ട്യായാലും
ഇപ്പോഴാണ് വായിക്കുന്നത്.ആ കുട്ടിയ്ക്ക് വേണ്ടിയെങ്കിലും പ്രാര്‍ത്ഥിക്കാം.ഇനിയെങ്കിലും എല്ലായിടവും നല്ലത് മാത്രം സംഭവിക്കട്ടെ
കുറച്ചു വൈകിയാണ് ഈ പോസ്റ്റ് വായിയ്ക്കുന്നത്. ശിശുദിനത്തിന് ഓര്‍മ്മിയ്ക്കേണ്ടതു തന്നെ, ഈ വിഷയം. ഇനിയും ഇങ്ങനൊന്നും ആവര്‍ത്തിയ്ക്കാതിരിയ്ക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിയ്ക്കാം.
"കല്ലായ് പിറന്നാലും മണ്ണായ് പിറന്നാലും
പെണ്ണായ്പ്പിറക്കല്ലെ രാമ നാരായണാ”
ലോകത്തിൽ ഏറ്റവും പുണ്യം ചെയ്തത് സ്ത്രീ തന്നെ, ഏറ്റവും സ്നേഹം അനുഭവിക്കുന്നതും സ്ത്രീ, പലപ്പോഴും എന്റെ മോളുവിനോട് എനിക്ക് അസൂയതോന്നിയിട്ടുണ്ട്, എന്റെ ആദി അവൻ അവളുടെ ചൂട്പറ്റി കിടക്കുമ്പോൾ... ഞാനും ഒരമ്മയായിരുന്നെങ്കിൽ എന്ന് ആശിച്ചുപോയിട്ടുണ്ട്, അവൻ അമ്മയോട് പിണങ്ങുമ്പോൾ മാത്രമേ എന്റരുകിൽ എത്താറുള്ളു ( എന്നെപോലെ തന്നെ) ശാരിയുടെ കാര്യത്തിൽ വളർത്തുദോഷവും, നടപ്പുദോഷവും സംഭവിച്ചു. അത് ശാരി പെണ്ണായി പിറന്നതിനാലല്ല. ആണായിരുന്നെങ്കിൽ പ്രസവിക്കില്ല എന്ന ഒരു വ്യത്യാസം മാത്രം... ധാർമ്മിക മൂല്ല്യച്ചുതി അവിടെയും സംഭവിച്ചേനെ!
“ സ്ത്രീയായ് പിറക്കുവതിലും പുണ്ണ്യം
മറ്റെന്തുണ്ട് ഭൂവിൽ “ എന്ന് ഞാൻ മാറ്റിപ്പറയുന്നു.
കവിത നന്നായിരിക്കുന്നു ആശയത്തിന്റെ ശുദ്ധികൊണ്ട്...കൂടുതൽ നന്നായി എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
Post a Comment