Friday, October 17, 2008

സഹോദര ഭവനം.

സഹോദരന്‍ അയ്യപ്പന്‍
സഹോദരനും ബഷീറും


ക്ടോബര്‍ 2, 2008. ഞാന്‍ ചെറായിയിലായിരുന്നു. കുട്ടികള്‍ക്കു വേണ്ടി ഒരു ദിവസത്തെ പരിപാടി. ഞാനും ചേട്ടനും കണ്ണനും വ്യത്യസ്തമായ റോളുകളില്‍ അവിടെ എത്തപ്പെട്ടു. അങ്ങനെ ഒരു ദിവസം സഹോദര ഭവനില്‍.മകനെടുത്ത ചിത്രങ്ങളും ഈ കുറിപ്പും സഹോദരനെ അറിയാനും സഹോദര ഭവനം കാണാനൊരു തോന്നലിനും ഉപകരിച്ചാല്‍ സന്തോഷമായി. വൈപ്പിന്‍ ദ്വീപിലെ ചെറായി എന്ന മനോഹരമായ പ്രദേശം പ്രശസ്തമായത് സഹോദരന്‍ അയ്യപ്പന്റെ ജന്മസ്ഥലം എന്നതുകൊണ്ടാണ്. 1889 ആഗസ്റ്റ് മാസം 21നും 1968 മാര്‍ച്ച് 6നും ഇടയ്ക്കുള്ള ആ ധന്യ ജീവിതം നാമ്പിട്ടത് കായലിന്റെ ഓളപ്പരപ്പിലേയ്ക്ക് കണ്ണും നട്ടിരിക്കുന്ന കുമ്പളത്തു പറമ്പില്‍ എന്ന അതിപുരാതന തറവാട്ടിലാണ്.

സഹോദര ഭവനത്തില്‍ നിന്നുള്ള കായല്‍ ദൃശ്യങ്ങള്‍



കുമ്പളത്തുപറമ്പില്‍ ഭവനം നമ്മെ പിടിച്ചു നിര്‍ത്തുന്നത് സഹോദരന്റെ ഓര്‍മ്മകളും അതി മനോഹരമായ ഇത്തരം കായല്‍ കാഴ്ചകളുമാണ്.

പന്തിഭോജനത്തിലൂടെ ചരിത്രത്തില്‍ സ്ഥാനം പിടിച്ച സഹോദരന്‍ അയ്യപ്പന്‍ ജനിച്ചു വളര്‍ന്ന
വീട് . സാംസ്കാരിക വകുപ്പിന്റെ കീഴിലാണിന്നാ വീടും പറമ്പും. സര്‍ക്കാര്‍ നിയോഗിക്കുന്ന ജനകീയ സമിതികളാണിതിന്റെ മേല്‍നോട്ടം വഹിക്കുന്നത്. ഒരു ഗ്രന്ഥശാലയും ആഡിറ്റോറിയവും പിന്നീട് നിര്‍മ്മിച്ചു. മുറ്റത്ത് ഒരു കുളമുണ്ട്. ഔഷധ സസ്യങ്ങളെക്കൊണ്ടും നാനാതരം ഫലവൃക്ഷങ്ങളെക്കൊണ്ടും സമ്പന്നമാണീ തൊടിയും പരിസരവും. മുറ്റത്തെ കുളവും ഹാളും.

പെരിയാറിന്റെ കൈവഴി ലയിച്ചു ചേര്‍ന്നൊഴുകുന്ന വിശാലമായ കായല്‍പ്പരപ്പിന്റെ കാറ്റേറ്റാണീ
കൊച്ചു ഭവനം നിലകൊള്ളുന്നത്. ശ്രീ നാരായണ ഗുരുദേവന്റെ പാദസ്പര്‍ശമേറ്റ മണ്ണ്. സഹോദര ഭവനമിന്ന് ക്യാമ്പുകള്‍ക്കും സെമിനാറുകള്‍ക്കും സാംസ്കാരിക കൂട്ടായ്മകള്‍ക്കും വേദിയാകാറുണ്ട്. താമസ സൌകര്യമൊന്നും ഇല്ല. രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള പ്രോഗ്രാമുകളാണധികവും. ഗാന്ധി ജയന്തി ദിനത്തില്‍ സഹോദര ഭവനത്തില്‍ എത്തിയ കുട്ടികള്‍

സഹോദര സംഘത്തിന്റെ സ്ഥാപകന്‍, സഹോദരന്‍ മാസികയുടെ പത്രാധിപര്‍ എന്നീ നിലയില്‍ പ്രവര്‍ത്തിച്ചതിനാലാണ് , അയ്യപ്പന് സഹോദരന്‍ അയ്യപ്പനെന്ന പേരു വന്നത്. വിദ്യാ പോഷിണി സഭ, യുക്തിവാദി മാസിക എന്നിവയുടേയും ചുമതല അദ്ദേഹം വഹിച്ചിട്ടുണ്ട്. മിശ്ര ഭോജനത്തെയും മിശ്ര വിവാഹത്തെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. അനാചാരങ്ങളെ സഹോദരന്‍ എന്നും എതിര്‍ത്തിരുന്നു. കൊച്ചിയിലെ മന്ത്രിസഭയില്‍ രണ്ടു തവണ മന്ത്രിയായി. ആദ്യത്തെ തിരുക്കൊച്ചി മന്ത്രി സഭയിലും അംഗമായി. ഒട്ടേറെ കവിതകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്.




സഹോദരനെ ഓര്‍ക്കുമ്പോള്‍ മിശ്ര ഭോജനത്തെക്കുറിച്ച് പരാമര്‍ശിക്കാതെ പോവാനാവില്ല .1917 മെയ് 29ന് സഹോദരന്‍ ഏതാനും ഈഴവരെയും പുലയരെയും ഒരുമിച്ചിരുത്തി മിശ്രഭോജനം നടത്തി.പ്രതികരണം ഭയങ്കരമായിരുന്നു. പുലയനയ്യപ്പന്‍ എന്ന പേരില്‍ അദ്ദേഹത്തെ യാഥാസ്ഥിതികര്‍ പരിഹസിച്ചു.മിശ്രഭോജനത്തില്‍ പങ്കെടുത്തവരെ സഭയില്‍ നിന്ന് പുറത്താക്കി. അവര്‍ക്ക് സമുദായഭ്രഷ്ട് കല്പിച്ചു. ശ്രീനാരായണഗുരു മിശ്രഭോജനത്തിന്‍ അനുകൂലിയല്ല എന്ന് വരുത്തി തീര്‍ക്കാനായി യാഥാസ്ഥിതികരായ ചിലര്‍ ഒരു ശ്രമം നടത്തിനോക്കി. കുപ്രചരണം ശക്തിപ്പെട്ടപ്പോള്‍ അയ്യപ്പന്‍ സംശയനിവര്‍ത്തിക്കായി ശ്രീനാരായണഗുരുവിനെ സമീപിച്ചു. ഇതിനെ അനുകൂലിക്കുന്നുവെന്നും, വല്യൊരു പ്രസ്ഥാനമായി വളരുമെന്നും പറഞ്ഞ് സ്വാമി അയ്യപ്പനെ പ്രോത്സാഹിപ്പിക്കുകയും ഒരു സന്ദേശം സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കുകയും ചെയ്തു

( “മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന്‍ യാതൊരു ദോഷവും ഇല്ല”).

ആ മഹാസന്ദേശത്തിന്റെ ആയിരക്കണക്കിനു കോപ്പികള്‍ ചെറായിയിലും പരിസരത്തും അച്ചടിച്ച് വിതരണം ചെയ്യപ്പെട്ടു. അതോടെ യഥാസ്ഥിതികരുടെ പത്തി താഴ്ന്നു.സഹോദരനയ്യപ്പന്റെ ജന്മഗൃഹത്തിന്റെ ചിത്രങ്ങള്‍ (കണ്ണന്‍ എടുത്തത്) പോസ്റ്റ് ചെയ്യാമെന്നു കരുതിതുടങ്ങിയത്, ഇത്രത്തോളമായിപ്പോയി. ഇനി നിര്‍ത്തട്ടെ.

കുട്ടികളോടൊപ്പം ആറേഴു മണിക്കൂര്‍ ചെലവഴിച്ചതിന്റെ ഊര്‍ജം ചോരാതെ ഞാനും ചേട്ടനും. സഹോദര ഭവനത്തിലെ കൂട്ടായ്മയുടെ പുത്തന്‍ അനുഭവങ്ങളും കായല്‍ച്ചിത്രങ്ങളെടുത്തതിന്റെ സംതൃപ്തിയുമായി കണ്ണന്‍. ഞങ്ങള്‍ മൂവരും യാത്രയായി ,സഹോദര ഭവനത്തില്‍ നിന്നും ചെറായിയിലെ ഞങ്ങളുടെ സ്വന്തം കണക്കാട്ടുശ്ശേരി വീട്ടിലേയ്ക്ക്.

24 comments:

Lathika subhash said...

ഒക്ടോബര്‍ 2, 2008. ഞാന്‍ ചെറായിയിലായിരുന്നു. കുട്ടികള്‍ക്കു വേണ്ടി ഒരു ദിവസത്തെ പരിപാടി. ഞാനും ചേട്ടനും കണ്ണനും വ്യത്യസ്തമായ റോളുകളില്‍ അവിടെ എത്തപ്പെട്ടു. അങ്ങനെ ഒരു ദിവസം സഹോദര ഭവനില്‍.മകനെടുത്ത ചിത്രങ്ങളും ഈ കുറിപ്പും സഹോദരനെ അറിയാനും സഹോദര ഭവനം കാണാനൊരു തോന്നലിനും ഉപകരിച്ചാല്‍ സന്തോഷമായി.

Unknown said...

ഒന്നിച്ചുണ്ടില്ലെങ്കിലും ഒന്നിച്ചിരിക്കാനെങ്കിലും
സഹോദര സ്മരണകള്‍
നമ്മെ പ്രാപ്തരാക്കുമോ?

എല്ലാവരും പരസ്പരം അകന്നു കൊണ്ടിരിക്കുന്ന ഇക്കാലത്ത്
ഇനിയൊരു സഹോദരന്‍ പിറക്കുമോ?

Jayasree Lakshmy Kumar said...

‘എന്റെ നാട് ചെറായി’ എന്നു പറഞ്ഞിട്ട് അഭിമാനത്തോടെ പറയാറുള്ളതാണ് ‘സഹോദരൻ അയ്യപ്പന്റെ നാട്’ എന്ന്. അതിനെ കുറിച്ചൊരു പോസ്റ്റ് ഇവിടെ കണ്ടതിൽ വളരേ സന്തോഷം

കാസിം തങ്ങള്‍ said...

സാമുദായിക അസമത്വങ്ങള്‍ക്കെതിരെ പട നയിച്ച സഹോദരന്‍ അയ്യപ്പന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചതിന് ഒരുപാട് നന്ദിയുണ്ട് ലതിചേച്ചി.

മുസാഫിര്‍ said...

അന്നത്തെ കാലത്തില്‍ നിന്നും നമ്മള്‍ വളരെയൊന്നും മുന്നോട്ട് പോയിട്ടില്ലെന്നു തോന്നുന്നു.

Typist | എഴുത്തുകാരി said...

ഊര്‍ജ്ജം ചോര്‍ന്നുപോകാതിരിക്കട്ടെ. മോന്‍ എടുത്ത പടങ്ങള്‍ നന്നായിട്ടുണ്ടെന്നു പറഞ്ഞോളൂ.

siva // ശിവ said...

ഇതൊക്കെ എനിക്ക് പുതിയ അറിവുകളാണ്....എത്രയോ മഹാന്മാരാ അന്നൊക്കെ ഇവിടെ ജീവിച്ചിരുന്നത്.....

smitha adharsh said...

നല്ല പോസ്റ്റ്...സഹോദരന്‍ അയ്യപ്പനെക്കുറിച്ച് കൂടുതല്‍ അറിയാനായി.

കിഷോർ‍:Kishor said...

നല്ല പോസ്റ്റ്.. ചിത്രങ്ങള്‍...

ഭൂമിപുത്രി said...

ലതീ,ചിത്രങ്ങൾക്കും വിവരങ്ങൾക്കും നന്ദി കേട്ടൊ.

Manikandan said...

ലതിചേച്ചി നാടിനെക്കുറിച്ച് ഇങ്ങനെ ഒരു പോസ്റ്റ് കണ്ടതിൽ സന്തോഷം. വൈപ്പിൻ എന്ന ഈ ചെറു ദ്വീപിനെക്കുറിച്ചും, ഇവിടെ ജീവിച്ചിരുന്ന, ജീവിക്കുന്ന മഹദ്‌വ്യക്തികളെക്കുറിച്ചും കൂടുതൽ എഴുതാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.

വികടശിരോമണി said...

കാലം മുന്നോട്ടുപോകുന്നു...നാം പിന്നോട്ടോ മുന്നോട്ടോ എന്നു മനസ്സിലാകുന്നില്ല.
നല്ല ഫോട്ടോകൾ.

ഹരീഷ് തൊടുപുഴ said...

വിജ്ഞാനപ്രദമായ ഈ പോസ്റ്റിനു നന്ദി.....

നിരക്ഷരൻ said...

സഹോദരന്‍ അയ്യപ്പന്‍ മെമ്മോറിയല്‍ സ്കൂളിലെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി എന്ന നിലയ്ക്ക് ഇങ്ങനൊരു പോസ്റ്റ് കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി.

ഓ:ടോ:- എന്നാലും ലക്ഷ്മീ...ചെറായിക്കാരിയായിട്ടും സഹോദരന്‍ മെമ്മോറിയല്‍ സ്കൂളില്‍ പഠിക്കാഞ്ഞത് കഷ്ടായിപ്പോയി. ഞാന്‍ തമാശിച്ചിതാണേ... :)

nishad said...

sahodaran ayyappane kurichu kooduthal ariyaan patti.

namukkum ithu pole nammude samoohathile prasnangalkkethiraayi prathikarikkaaan sakthiyundaavendathaanu.

mahaanaakaan vendiyallla. adutha thalamurakku enthenkilum cheythittu marikkaaan!

ശ്രീ said...

നല്ല പോസ്റ്റ്, ചിത്രങ്ങള്‍...

amantowalkwith@gmail.com said...

good post
congrats

മേരിക്കുട്ടി(Marykutty) said...

ലതീ, ചെറായിയില്‍ പോയിട്ടുണ്ട്..പക്ഷെ, സഹോദരന്‍ അയ്യപ്പന്റെ സ്ഥലമാണെന്ന് അറിഞ്ഞിരുന്നില്ല. നല്ല പോസ്റ്റ്.

Anil cheleri kumaran said...

ചരിത്രത്തിന്റെ ഓര്‍മ്മക്കുറിപ്പ്

അരുണ്‍ കരിമുട്ടം said...

വിവരണത്തിന്‍റെ കൂടെ പടങ്ങള്‍ കൂടി ആയപ്പോള്‍ പൂര്‍ത്തിയായി.അവിടെ വന്നിട്ടില്ലങ്കിലും അവിടമാകെ അറിയാവുന്ന പോലെ.
സഹോദരന്‍ അയ്യപ്പന്‍ സമൂഹത്തിന്‍റെ ഉന്നമനത്തിനാണ്‍ ശ്രമിച്ചത്,യാഥാസ്ഥിതികര്‍ അത് മനസ്സിലാക്കിയില്ല.

Anonymous said...

as SAHODARAN AYYAPPAN SAID " ningalil viswangale jayikaan mathiyaya mangala mahaasakthi urangikidakunnu" you could have make it more effective by adding a photograph of SAHODARAN AYYAPPAN

Lathika subhash said...

alamelu ,താങ്കള്‍ പറഞ്ഞതു ശരിയാ.
സഹോദരന്‍ അയ്യപ്പന്റെ ചിത്രം വേണമായിരുന്നു.
ഇപ്പോള്‍ ചേര്‍ത്തു. അഭിപ്രായത്തിനു നന്ദി.
ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും എല്ലാവര്‍ക്കും നന്ദി.

ഗോപക്‌ യു ആര്‍ said...

കുറച്ച് അറിയാമായിരുന്നു...
കൂടുതല് അറിഞ്ഞു...നന്ദി...

Lathika subhash said...

നന്ദി ഗോപക്.