Wednesday, July 9, 2008

വിക്ടര്‍‍, അവിടെ മഴയുണ്ടോ?


Victor George anusmaranam tomorrow 4 PM at D.C.Auditorium, Kottayam. Dr.D Babu paul will inaugurate. Commemorative speech by Paul Manalil.

പ്രസ്സ് ക്ലബ്ബില്‍ നിന്നും വന്ന എസ്. എം.എസ്. ഇന്നലെ വളരെ വൈകിയാണ് കണ്ടത്.

ഇന്ന് (ജുലൈ-9), ഇന്‍ഡ്യയിലെ ഏറ്റവും മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായിരുന്ന വിക്ടര്‍ ജോര്‍ജ് അനശ്വരനായതിന്റെ ഏഴാം വാര്‍ഷികം. മഴക്കാഴ്ചകള്‍ ഒപ്പിയെടുക്കാന്‍ തന്റെ പ്രിയപ്പെട്ട നിക്കോണ്‍ എഫ്. എം-2 ക്യാമറയുമായി വെണ്ണിയാനി മലകയറിയ വിക്ടര്‍.....ഒന്നിലധികം ക്യാമറകളുമായായിരുന്നു ആ യാത്രയും.

ഉരുള്‍പൊട്ടല്‍ പകര്‍ത്തുമ്പോള്‍ വിക്ടറെ കാണാതായെന്ന ഫ്ലാഷ് ന്യൂസ്......വിക്ടറിനൊന്നും സംഭവിക്കരുതേയെന്ന് ഒരു ജനത ഒരേ ശബ്ദത്തില്‍ ദൈവത്തോട് അപേക്ഷിച്ച നിമിഷങ്ങള്‍....ഒടുവില്‍ ജൂലൈ-12ലെ നനഞ്ഞ പ്രഭാതത്തില്‍,അന്ത്യ വിശ്രമത്തിനായി രത്നഗിരിപ്പള്ളിയിലേക്ക് യാത്രയാകുമ്പോഴും എല്ലാവരും അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. വിക്ടറിന്റെ ലില്ലിക്കും മക്കള്‍ക്കും
പ്രിയപ്പെട്ടവര്‍ക്കും മാത്രമായിരുന്നില്ലല്ലൊ ആ വേര്‍പാടിന്റെ നഷ്ടം!

വിക്ടറിന്റെ ഇടവകവികാരി ഓലിക്കലച്ചന്‍ അന്ന്, നടത്തിയ പ്രസംഗം അവിടെക്കൂടിയ എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു. ഒഴിവു സമയങ്ങളില്‍ തന്റെ സ്വപ്നങ്ങള്‍ പങ്കു വക്കാന്‍ അച്ചന്റെ അടുത്തെത്താറുണ്ടായിരുന്ന വിക്ടറെക്കുറിച്ചപ്പോഴാ കൂടുതലറിഞ്ഞത്. മരങ്ങള്‍ നടാനും മാലിന്യ സംസ്കരണത്തിനും ഒക്കെയുള്ള പദ്ധതികള്‍...വിക്ടര്‍ ജോര്‍ജ് എന്ന ഫോട്ടോ ജേര്‍ണലിസ്റ്റ് എല്ലാവര്‍ക്കും പരിചിതനാണ്.

ഗാലറിയിലിരുന്ന് നീന്തല്‍ മത്സരം കണ്ട് മകളെ എല്ലാം മറന്നു പ്രോത്സാഹിപ്പിക്കുന്ന അമ്മ(അനിതാസുദിന്റെ അമ്മ, നാഷണല്‍ ഗെയിംസ് ) ഒരു പവാടക്കാരി പെണ്‍കുട്ടിയോട് ആണ്‍കുട്ടികള്‍ വോട്ട് ചോദിക്കുന്ന കാമ്പസ് ചിത്രം. അങ്ങനെ എത്രയെത്ര ചിത്രങ്ങള്‍?
ഭാഷാപോഷിണിക്കു വേണ്ടി വിക്ടര്‍ എടുത്ത മുഖ ചിത്രങ്ങളും വിഖ്യാതങ്ങളായി.

പക്ഷേ, സൌമ്യനും നല്ലവനുമായിരുന്ന വിക്ടര്‍,പരിസ്തിതി സംരക്ഷകനായിരുന്ന വിക്ടര്‍, വലിയൊരു സുഹൃദ് വലയം സൃഷ്ടിച്ചെടുത്തിരുന്ന വിക്ടര്‍,തൊഴിലില്‍ പൂര്‍ണത നേടാന്‍ വിട്ടൂവീഴ്ചക്ക് തയ്യാറാകാതിരുന്ന വിക്ടര്‍..അങ്ങനെയുള്ള പ്രത്യേകതകള്‍ നമ്മളറിയാന്‍ വൈകി.

ഏതു രംഗത്തും ശോഭിക്കണമെങ്കില്‍ ‘കുറച്ചു വേലയും, ബാക്കി തട്ടിപ്പും’ എന്നു വിചാരിക്കുന്നവര്‍ക്കൊരപവാദമായിരുന്നു വിക്ടര്‍.തൊഴിലിനെ മഹത്വവല്‍ക്കരിക്കാനുള്ള വ്യഗ്രതയില്‍ ആര്‍ത്തലച്ചുവന്ന മലവെള്ളം തട്ടിപ്പറിച്ചുകൊണ്ടു പോയ വിക്ടര്‍ ജോര്‍ജിന്റെ ഓരോ ഓര്‍മ്മ ദിവസവും ഉത്തരവാദിത്ത ബോധത്തെയും പൂര്‍ണ്ണതയെയും (perfection) ഓര്‍മ്മിപ്പിക്കുന്നതാവും.

വിക്ടറിന്റെ മഴച്ചിത്രങ്ങളുടെ പുസ്തകം'It's Raining' മലയാള മനോരമ തന്നെ പ്രസിദ്ധീകരിച്ചു. പെയ്തൊഴിയാത്ത നൊമ്പരവുമായി പ്രിയപ്പെട്ടവര്‍ വിക്ടറെ സ്മരിക്കുമ്പോഴും അങ്ങങ്ങ്,താന്‍ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലാത്ത ക്യാമറയുമായി ഒരു വേറിട്ട ചിത്രത്തിനായി പായുന്ന വിക്ടര്‍, ആദരാഞ്ജലികള്‍...

ഞാനിത് എഴുതിത്തുടങ്ങുമ്പോള്‍ മഴ തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു. അന്നത്തെപ്പൊലെ ഭീകരമല്ലെന്നു മാത്രം.

വിക്ടര്‍, അവിടെ മഴയുണ്ടോ???

14 comments:

കരീം മാഷ്‌ said...

വിക്ടര്‍, അവിടെ മഴയുണ്ടോ???
ഇവിടെ എന്റെ കണ്ണീല്‍ നിന്നൊരു തുള്ളി പെയ്തു.
ഡിവോട്ടഡ് റ്റു വര്‍ക്ക്
(ഞാന്‍ നമിക്കുന്നു)

പാമരന്‍ said...

ഞാനും..

ശാലിനി said...

Victor George -മഴയുടെ ഫൊട്ടോ എവിടെ കണ്ട്ടാലും ആദ്യം ഓര്‍ക്കുന്നത് വിക്ടറിനെയാണ്. ആ മരണം ഒത്തിരി വേദനിപ്പിച്ചു.

Rare Rose said...

ആര്‍ത്തലച്ചു പെയ്യുന്ന മഴയുടെയൊപ്പം ഇറങ്ങിപ്പോയ വിക്ടര്‍....അദ്ദേഹത്തിന്റെ മഴചിത്രങ്ങള്‍ കാണുമ്പോഴെല്ലാം അത്ഭുതപ്പെടാറുണ്ട്,....മഴയെ ഇത്രയേറെ സ്നേഹിച്ചു പോയ ആ മനസ്സിനെ കുറിച്ചോര്‍ത്തു...ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഞാനും നമിക്കുന്നു.......

ശ്രീ said...

തന്റെ ചിത്രങ്ങളില്‍ കൂടി അദ്ദേഹം എന്നും അനശ്വരനായി നിലനില്‍ക്കും. വിക്ടര്‍ ജോര്‍ജിനെ ഒരിയ്ക്കല്‍ കൂടി ഓര്‍മ്മിപ്പിച്ച ഈ പോസ്റ്റ് നന്നായി ചേച്ചീ.

“വിക്ടര്‍, അവിടെ മഴയുണ്ടോ???”

കണ്ണൂരാന്‍ - KANNURAN said...

ഉചിതമായ അനുസ്മരണം, ഉള്ളിലെവിടെയോ ഒരു നീറ്റല്‍ സമ്മാനിച്ചു ഈ എഴുത്ത്. കണ്ണു നനച്ചു ആ തലക്കെട്ട്.

ഇട്ടിമാളു അഗ്നിമിത്ര said...

മഴയില്ലാതിരിക്കില്ല.. അല്ലെ?

NITHYAN said...

ഫോട്ടോഗ്രാഫ്‌സ്‌ ആര്‍ ദി ഫ്രോസണ്‍ മൊമന്റ്‌സ്‌ ഓഫ്‌ ദ പാസ്റ്റ്‌ എന്നെവിടെയോ വായിച്ചിട്ടുണ്ട്‌. ഒടുക്കം അങ്ങിനെ തന്നെയായി മാറിയ ആ മഹാപ്രതിഭയുടെ വേര്‍പാടിന്റെ ആറുവര്‍ഷം. വിക്ടര്‍ പ്രണാമം.

നിരക്ഷരൻ said...

ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ചേച്ചി വഴി എപ്പോഴെങ്കിലും എനിക്കും വിക്ടറിനെ പരിചയപ്പെടാന്‍ കഴിഞ്ഞേനേ. മഴപ്പടങ്ങള്‍ പിടിക്കുന്നതെങ്ങിനെ എന്ന് ചോദിച്ച് മനസ്സിലാക്കാമായിരുന്നു......

കണ്ണുനനയിച്ചു ഈ അനുസ്മരണം.
വിക്ടറിന് ആദരാജ്ഞലികള്‍.

വിക്ടര്‍ അവിടെ ഇപ്പോഴും മഴയുണ്ടോ ?

ദിലീപ് വിശ്വനാഥ് said...

കണ്ണു നനയിച്ചു ഈ അനുസ്മരണം. വിക്ടര്‍ ജീവിക്കുന്നു, നമ്മുടെയൊക്കെ മനസ്സുകളില്‍..

Typist | എഴുത്തുകാരി said...

പ്രണാമങ്ങള്‍ അര്‍പ്പിക്കുകയല്ലാതെ ഇനി എന്തു ചെയ്യാന്‍!!

Sarija NS said...

വിക്ടര്‍ ഇന്നും മനസ്സില്‍ ഒരു വിങ്ങലായ് അവശേഷിക്കുന്നു. പക്ഷെ ജീവിക്കാനുള്ള പരക്കം പാച്ചിലില്‍ അല്ലെങ്കില്‍ കാലത്തിന്റെ കുതിപ്പില്‍ ആ നഷ്ടപ്പെടലിണ്ടെ ദിവസം ഞാന്‍ മറന്നിരുന്നു. നന്ദി ലതി സമയോചിതമാ‍യ ഈ അനുസ്മരണത്തിന്..

ഹരിയണ്ണന്‍@Hariyannan said...

ഓരോ മഴയത്തും മനസ്സിലേക്ക്
വിക്ടര്‍ നനവായിപ്പടരും!
ചെളിപുരണ്ട നികോണ്‍ ക്യാമറ,
കുത്തിയൊലിക്കുന്ന മണ്ണുമല,
മഷിപുരളുന്ന മഴച്ചിത്രങ്ങള്‍!
വിക്ടര്‍ നീയും മഴയും
പെയ്തുകൊണ്ടേയിരിക്കും!
-ഹരിയണ്ണന്‍

ഹാരിസ്‌ എടവന said...

മഴ മഴയായി അനുഭവപ്പെടുന്നതു പലപ്പോഴും
വിക്ടറീന്റെ കാമറ കണ്ണിലൂടെയായിരൂന്ന്നു.
മഴക്കൊപ്പം
മഴയായി
ഒടുവില്‍
വിക്ടറൂം.
ഓര്‍മ്മപ്പെടുത്തിയതിനു
നന്ദി