Saturday, May 31, 2008

അല്പം പുകയില വിരുദ്ധ ചിന്തകള്‍.

മൂന്നു വര്‍ഷം മുന്‍പു നടന്ന സംഭവമാണ്. എന്റെ അച്ചന്‍ ഒരു ശസ്ത്രക്രിയയ്ക്കു വിധേയനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. തീവ്ര പരിചരണ വിഭാഗത്തില്‍[ICU]നിന്നും പുറത്തെ മുറിയില്‍ എത്തിയതും,അച്ചന്‍ ഞങ്ങളോട് സമരം പ്രഖ്യാപിച്ചു.പൊടി വലിക്കാന്‍ നല്‍കിയില്ലെങ്കില്‍ അച്ചന്‍ ആശുപത്രിയില്‍ നിന്നും ഇറങ്ങിപ്പോകുമത്രെ.സര്‍ക്കാരുദ്യോഗത്തില്‍ നിന്നും വിരമിച്ച 74-കാരനായ ഭര്‍ത്താവിന്റെ ശാഠ്യം കണ്ട് അമ്മ വിഷമിച്ചു.

“ആശുപത്രിയില്‍ നിന്നും വീട്ടിലെത്തട്ടെ “.
അമ്മ സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചു.

“പൊടി വാങ്ങിത്തന്നില്ലെങ്കില്‍ ഞാന്‍ ഇപ്പോള്‍ പോകും”.
അച്ചനെ അനുനയിപ്പിക്കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

ഒടുവില്‍ എന്റെ സഹോദരന്‍ അച്ചന്റെ ബ്രാന്‍ഡ് [ശാസ്താ]പൊടി സംഘടിപ്പിച്ച് വീട്ടിലിരുന്ന പൊടിക്കുപ്പിയിലാക്കി ആശുപത്രിയിലെത്തിച്ചു.നഷ്ടപ്പെട്ട കളിപ്പാട്ടം തിരികെക്കിട്ടിയ കുട്ടിയെപ്പോലെ അച്ചന്‍ പൊടിക്കുപ്പി തൊട്ടും തലോടിയും കുറച്ചു നേരമിരുന്നശേഷം വലി തുടങ്ങി.

എനിക്കും ചേച്ചിക്കും വലിയ വിഷമം തോന്നി.ഈ ഓപ്പറേഷനോടെ അച്ചന്‍ പൊടിവലി നിര്‍ത്തുമെന്ന് പ്രതീക്ഷിച്ചവരാണ് ഞങ്ങള്‍.

“സ്കൂളില്‍ പഠിക്കുന്ന കാലത്ത് തുടങ്ങിയ വലിയല്ലേ, ഇനി നിര്‍ത്തില്ല“.ആത്മഗതം എന്ന വണ്ണം അമ്മ പറഞ്ഞു.

ഇന്നും മണിക്കൂറില്‍ ആറുതവണയെങ്കിലും അച്ഛന്‍‍ പൊടി വലിക്കും.ഞങ്ങളാരും വിലക്കാറില്ല.വിലക്കിയാലും വിലപ്പോകില്ല.അച്ഛന്‍ വലിക്കുമ്പോള്‍ തൊട്ടടുത്തിരിക്കുന്നവര്‍ തുമ്മിയാലും അതൊന്നും കാര്യമാക്കാറുമില്ല.ലോക പുകയില വിരുദ്ധ ദിനമായ ഇന്ന് അച്ചന്റെ പൊടി വലിയെക്കുറിച്ചോര്‍ത്ത് എഴുതിത്തുടങ്ങിയ ഈ കുറിപ്പില്‍ മറ്റൊരു കാര്യം കൂടി പറയട്ടെ.

എന്റെ ഭര്‍ത്താവ് ഒരു ചെയിന്‍ സ്മോക്കറൊന്നുമായിരുന്നില്ലങ്കിലും ദിവസം 3 സിഗററ്റ് എങ്കിലും വലിച്ചിരുന്നു.ക്രിക്കറ്റും മറ്റോ കണ്ടുകൊണ്ടിരിക്കുമ്പോള്‍ നമ്മുടെ ടീമിനു രക്ഷയില്ലാതെ വന്നാല്‍ ഒന്നോ രണ്ടോ എണ്ണം കൂടി.2004 മെയ് 31-നു വൈകുന്നേരം അദ്ദേഹം എന്നെ വിളിച്ചപ്പോള്‍ പറഞ്ഞു.

“ലതി ഒരു ഗുഡ് ന്യൂസുണ്ട്,ഞാന്‍ പൂര്‍ണ്ണമായും വലി നിര്‍ത്തി”.

“അതെന്താ ?”,ഞാന്‍ ചോദിച്ചു

“ഇന്നു ലോക പുകയില വിരുദ്ധ ദിനമാണ്.ഞാന്‍ ഒരു ആര്‍ട്ടിക്കിള്‍ വായിച്ചു.പുകവലിയുടെ ദോഷം അറിയാമെങ്കിലും ഇത്രയേറെ പ്രശ്നമുണ്ടെന്ന്‍ എനിക്കാ ലേഖനത്തില്‍ നിന്നുമാണ് മനസിലായത്.എന്തിനാ മറ്റുള്ളവരേക്കൂടി കുഴപ്പത്തിലാക്കുന്നത്.”

“കണ്‍ഗ്രാജുലേഷന്‍സ് ”.ഞാന്‍ പറഞ്ഞു.

ഭര്‍ത്താവിന്റെ പുകവലി എന്നെ ഒരിക്കല്‍ പോലും അലട്ടിയിരുന്ന വിഷയമായിരുന്നില്ലെങ്കിലും എനിക്ക് അദ്ദേഹത്തിന്റെ തീരുമാനത്തില്‍ അഭിമാനം തോന്നി.പിന്നീട് ഇന്നു വരെ അദ്ദേഹം പുക വലിച്ചിട്ടില്ല.വലിയ വലികാരനായിരുന്ന മുന്‍ മന്ത്രി ശ്രീ ആര്യാടന്‍ മുഹമ്മദ് പുക വലി നിര്‍ത്തിയ വിവരം മനോരമയിലെ പിന്നാമ്പുറം എന്ന പംക്തിയിലൂടെയാണ് അറിഞ്ഞത്.

“നിയമ സഭയില്‍ പുകമറ സൃഷ്ടിക്കുവാന്‍ ഇനി ആര്യാടനുണ്ടാവില്ല”.എന്നോ മറ്റോ ആയിരുന്നു തലക്കെട്ട്.

കേരളം ഏറ്റവും വലിയ ക്യാന്‍സര്‍ ബാധിത പ്രദേശങ്ങളിലൊന്നായി മാറിയിട്ടും സിഗററ്റും,ബീഡിയും,പാന്‍ മസാലയും,പാസ് പാസും,പുകയിലയും,പൊടിയും‌-മറ്റ് അഭിനവ പുകയിലയുല്‍പ്പന്നങ്ങളും മലയാളിയെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നു. പൊതുസ്ഥലത്തെ പുക വലിക്കാര്‍ക്കെതിരെ കോടതി വിധി സമ്പാദിച്ച പ്രൊഫ.
മോനമ്മ കോക്കാടിനെ നമ്മള്‍ മത്സരിച്ച് അഭിനന്ദിച്ചു.

നഗരത്തില്‍ പട്ടാപ്പകല്‍ മോഷണം നടത്തുന്നവരേയും,സ്ത്രീകളെ ഉപദ്രവിക്കുന്നവരേയും,പരസ്യമായി മദ്യപിക്കുന്നവരേയും ഒക്കെ അവഗണിച്ചുകൊണ്ട് കടന്നുവരുന്ന പൊലീസുകാര്‍,ഒതുങ്ങി മാറിനിന്നു ഒരു സിഗററ്റു വലിക്കുന്ന സാധുവിനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്ന വിഷ്വലും മറ്റും കണ്ട് ആയിടെ എല്ലാവരും ചിരിച്ചു.

എഴുതിയെഴുതി വഴി മാറിയോ? ഞാന്‍ നിര്‍ത്തുകയാണ്.ഈ കുറുപ്പ് വായിച്ചു നിര്‍ത്തുന്ന ഏതെങ്കിലും ഒരു വലിക്കാരന്‍ ഒരു സിഗറെറ്റെങ്കിലും കുറച്ചേ വലിക്കൂ എന്ന തീരുമാനമെടുത്തിരുന്നെങ്കില്‍................

9 comments:

മാണിക്യം said...

“നാളെ മുതല്‍
ഒരു സിഗററ്റെങ്കിലും
കുറച്ചേ വലിക്കൂ എന്ന തീരുമാനമെടുത്തിരുന്നെങ്കില്‍.......”

അതേ അതു തന്നെ ആണ്
എന്റെയും പ്രാര്‍ത്ഥന.
നന്മകള്‍ നേരുന്നു...

ഹരീഷ് തൊടുപുഴ said...

ഞാന്‍ കഴിഞ്ഞ ഇരുപത് മാസമായി വലി നിര്‍ത്തിയിട്ട്. എന്റെ മോള്‍ ജനിച്ചപ്പോള്‍ എടുത്ത തീരുമാനമായിരുന്നു. ഇപ്പോള്‍ വലിക്കാനേ തോന്നുന്നില്ല.ഏതായലും ഈ തവണ ഞാന്‍ രക്ഷപെട്ടു എന്നു തോന്നുന്നു.

ശ്രീവല്ലഭന്‍. said...

ഏറ്റവും അധികം addiction ഉണ്ടാക്കുന്ന വസ്തുക്കളില്‍ ഒന്നാണ് പുകയിലയിലെ nicotine. പുകയില ഉപയോഗം കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ മൂലം ആയിരിക്കും ഈ നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് (ആയിരം കോടി ജനങ്ങള്‍!) എന്ന് കണക്കാക്കപ്പെടുന്നു. മിക്കവാറും എല്ലാരും തന്നെ addiction മൂലം ആണ് പുകവലി നിര്‍ത്താന്‍ പ്രയാസപ്പെടുന്നത്. ചൈന, ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങള്‍ ആണ് ഏറ്റവും കൂടുതല്‍ പുകയില ഉണ്ടാക്കുന്നതും, ഉപയോഗിക്കുന്നതും.

വളരെ നല്ല ലേഖനം.

വെട്ടില്‍ അച്ഛന്‍ സ്ഥിരമായ്‌ പുകവലിയും മുറുക്കും ഒക്കെ ആയി പുകയില ഉപയോഗിക്കുമെങ്കിലും എന്ത് കൊണ്ടോ ഒരിക്കല്‍ പോലും പുകവലിക്കണം എന്ന് തോന്നാത്ത ഒരുവന്‍! വളരെ അധികം സുഹൃത്തുകളും സ്ഥിരമായ്‌ പുകവലിക്കാറുണ്ട്.

ശ്രീവല്ലഭന്‍. said...

ക്ഷമിക്കുക- മുകളിലത്തെ കമന്റില്‍ നൂറുകോടി (one ബില്യണ്‍ നൂറു കോടി അല്ലെ?) എന്ന് തിരുത്തി വായിക്കുക. :-)

പാമരന്‍ said...

നല്ലൊരു വലിയനായിരുന്നു ഞാനും. കോളേജില്‍ പരീക്ഷാക്കാലത്തു ഉറക്കമൊഴിക്കുമ്പോള്‍ ഒരു സപ്പോര്‍ട്ടിനു വേണ്ടി തുടങ്ങിയതാണ്‌. 7-8 കൊല്ലം വലിച്ചു. മോനുണ്ടായപ്പോഴും നിര്‍ത്തിയില്ല. പക്ഷെ അവന്‍ കുറച്ചു വലുതായി, അച്ഛന്‍ വായിലൂടെയും മൂക്കിലൂടെയും പുകയൂതിവിടുന്നതു ആരാധനയോടെ നോക്കുന്നതു കണ്ടപ്പോള്‍ നിര്‍ത്താന്‍ സമയമായെന്നു മനസ്സിലായി. ഇപ്പോള്‍ അങ്ങനെ 4 കൊല്ലമായി. പക്ഷേ പുതിയൊരു കൂട്ടുകാരനെ കിട്ടി. തുമ്മല്‍.. ഏതു സമയവും തുമ്മലു തന്നെ. എന്നാലും നിര്ത്തിയതു നന്നായെന്നു തന്നെ തോന്നുന്നു. പല സഹപ്രവര്‍ത്തകരും വലികഴിഞ്ഞ്‌ ഒഴിഞ്ഞു പോകാത്തൊരു നാറ്റവുമായി കയറി വരുന്നതു കാണുമ്പോള്‍..

Rare Rose said...

നല്ല ചിന്ത...പുകവലി സൃഷ്ടിക്കുന്ന ദോഷങ്ങളെക്കുറിച്ചു ഇങ്ങനെയെങ്കിലും ആളുകള്‍ ബോധവാ‍ന്മാരായിരുന്നുവെങ്കില്‍...വലിനിര്‍ത്തിയവര്‍‍ അവര്‍ക്കൊരു പ്രചോദനം ആവട്ടെ എന്നു പ്രത്യാശിക്കാം.....

Lathika subhash said...

ലോകപുകയിലവിരുദ്ധദിനത്തില്‍ എന്റെ പുകപി
ടിച്ച ചിന്തകള്‍ക്കു നല്‍കിയ പ്രതികരണങ്ങള്‍ക്കു
മാണിക്യം,ഹരീഷ് തൊടുപുഴ,ശ്രീവല്ലഭന്‍,പാമരന്‍,rare rose
എല്ലാവര്‍ക്കും നന്ദി.

Anonymous said...

ചേച്ചീ. പുകവലിയെപ്പറ്റിയുള്ള പോസ്റ്റ് ഈ ദിവസം തന്നെ ഇട്ടത് നന്നായി.

ഇനി എന്റെ കാര്യം പറയാം. പുകവലിക്കാനുള്ള സാധനം , ഐ മീന്‍ ബീഡി....ആദ്യമായി കയ്യില്‍ എടുത്ത് തന്ന്,

“ചുമ വരാതെ വലിക്കാന്‍ പറ്റുമോ നിനക്ക് “

എന്ന് പരീക്ഷിച്ചത് എന്റെ പിതാശ്രീ രവീന്ദന്‍ മാഷ് തന്നെ. ഞാനന്ന് അഞ്ചിലോ ആറിലോ പഠിക്കുന്നു. അദ്ദേഹത്തെ കുറ്റം പറയരുതല്ലോ ? സ്ക്കൂള്‍ നാടകത്തില്‍ ഞാന്‍ സിഗററ്റ് വലിക്കുന്ന ഒരു രംഗം നന്നായിക്കോട്ടേ എന്ന് കരുതി സഹായിച്ചതാണ്. പിന്നീട് പ്രീഡിഗ്രിക്ക് കോളേജിലേക്ക് പോകുന്ന ദിവസം അടുത്ത് വിളിച്ച് പറഞ്ഞു.

“ഞാന്‍ വലിക്കുന്ന ആളായതുകൊണ്ട് നിന്നോട് വലിക്കരുതെന്ന് പറയാന്‍ എനിക്ക് അവകാശമില്ല. പക്ഷെ, എന്റെ പണം കൊണ്ട് വലിക്കരുതെന്ന് പറയാനുള്ള അവകാശം എനിക്കുണ്ട്.നിനക്ക് സ്വന്തം സമ്പാദ്യമാകുമ്പോള്‍ വലിക്കണമെന്ന് തോന്നുന്നെങ്കില്‍ ആയിക്കോളൂ.”

പ്രീഡിഗ്രി കാലത്ത് പുകവലിച്ചില്ലെങ്കിലും ഡിഗ്രി പഠനത്തിന്റെ അവസാന കാലത്ത് ഞാനും വലിച്ചിട്ടുണ്ട്.(നിരക്ഷരനായ എനിക്ക് ഡിഗ്രിയോ എന്നായിരിക്കും !!!) പക്ഷെ കോളേജ് പഠനമൊക്കെ കഴിഞ്ഞ് ഹോസ്റ്റലില്‍ നിന്ന് തിരിച്ച് വീട്ടിലെത്തിയപ്പോള്‍ ഞാന്‍ വലി നിറുത്തി. 1989 മുതല്‍ 1991 വരെയുള്ള കാലം മാത്രം നീണ്ടുനിന്ന ഒരു ചെറിയ വലി. പക്ഷെ ഈ കാലയളവില്‍ വലിച്ചത് മുഴുവനും പിതാശ്രീയുടെ പണം കൊണ്ടുതന്നെ. :) :)

മഴത്തുള്ളി said...

വേണുമാഷിന്റെ ബ്ലോഗിലെ കമന്റ് ലിങ്കിലൂടെ ഇവിടെയെത്തി.

ഞാനും എന്നാല്‍ നാളേ മുതല്‍ ഒരു സിഗററ്റെങ്കിലും കുറച്ച് വലിക്കാം.

(ആത്മഗതം : അപ്പോ 2 എണ്ണത്തില്‍ തുടങ്ങാം, എങ്കിലല്ലേ ഒരെണ്ണം കുറച്ച് വലിക്കാന്‍ പറ്റൂ) ;)

പിന്നെ നന്നായിരിക്കുന്നു പുകവലിയേക്കുറിച്ചുള്ള വിവരങ്ങള്‍.