Sunday, March 14, 2010

കിട്ടാത്ത മുന്തിരി.

ആലിപ്പഴം

പെറുക്കിയതിനെക്കുറിച്ച്

അമ്മ പലവട്ടം പറഞ്ഞപ്പോൾ

അവനു കൊതി വന്നു.

അതൊരു പഴമല്ലെന്നറിയാമായിരുന്നിട്ടും

അവന്റെ വായിൽ

‘ഒരു കപ്പലോടിക്കാനുള്ള ’വെള്ളം നിറഞ്ഞു.

അപ്പൂപ്പൻ താടിയെക്കുറിച്ച്

അമ്മ വാചാലയായപ്പോൾ താഴ്ന്നു

പറക്കുന്ന ഒരു അപ്പൂപ്പൻ താടിയുടെ പിന്നാലെ പായുന്ന

ആറുവയസ്സുകാരനായി അയാൾ.

മഞ്ചാടിക്കുരുവും കുന്നിക്കുരുവുമൊക്കെ പെറുക്കിയെടുക്കുന്ന കാ‍ര്യം പറഞ്ഞപ്പോൾ

കൂനകൂട്ടിയ മഞ്ചാടിക്കുരുവും കുന്നിക്കുരുവുമൊക്കെ

ഉഴിയാൻ അയാളുടെ കൈകൾ തരിച്ചു.

ഇലഞ്ഞിപ്പൂക്കൾ പെറുക്കി മാല കൊരുത്തതിനെക്കുറിച്ചു കേട്ടപ്പോൾ

തന്റെ അടുത്തേയ്ക്ക് ആ സുഗന്ധം ഒഴുകിയെത്തിയതുപോലെ അയാൾക്കു തോന്നി.

വീടിനു ചുറ്റുമുള്ള മണ്ണിൽ തോണ്ടിപ്പരതിക്കിട്ടുന്ന

കുഴിയാനകളെപ്പിടിച്ച് ആ പാവങ്ങളെക്കൊണ്ട് ‘ക്ഷ’ വരപ്പിക്കുന്നതിനെക്കുറിച്ച്

കേട്ടപ്പോൾ അയാൾക്കു നിരാശതോന്നി.

കശുമാമ്പഴവും കശുവണ്ടി ചുട്ടതുമൊക്കെ ആവോളം തിന്ന കഥ അയാൾക്കു രുചിച്ചതേയില്ല.

അണ്ണാറക്കണ്ണനും പൂത്തുമ്പിയും ചിത്രശലഭവുമൊക്കെ

ആർത്തുചിരിയ്ക്കുന്ന മുറ്റത്തെ തേന്മാവിന്റെ

ചാഞ്ഞ കൊമ്പു കുലുക്കി മാമ്പഴം വീഴ്ത്തി

വയറു നിറയെ ശാപ്പിടുന്ന കുട്ടികളെക്കുറിച്ചു കേട്ടപ്പോൾ

അയാൾ അസ്വസ്ഥനായി.

മിനറൽ വാട്ടർ ബോട്ടിലെടുത്ത് ,

കുറച്ചധികം വെള്ളം അകത്താക്കിയശേഷം അയാൾ പറഞ്ഞു.

“മതി, മതി,കേട്ടു മടുത്തു. ആർക്കുവേണം പുളിയൻ മാമ്പഴം? എന്റെ അമ്മേ ഈ പൊങ്ങച്ചം പറച്ചിൽ

ഒന്നു നിർത്താമോ?”

അമ്മ ചിരിച്ചു. ‘ശരിയാ, മോനേ, കിട്ടാത്ത മുന്തിരി പുളിക്കും .ഞാൻ അവസാനിപ്പിച്ചു.’

Tuesday, November 24, 2009

ഷർട്ട്.

പാടത്ത് കൊയ്ത്തു മെതിയ്ക്ക്
ഇടാൻ അവൾ അയാളോടൊരു പഴയ ഷർട്ടു ചോദിച്ചപ്പോൾ
അയാൾ ഗൌനിച്ചില്ല.
പതം കിട്ടിയ നെല്ല്, അവൾ പുഴുങ്ങി ഉണക്കി,
കുത്തി അരിയാക്കിയപ്പോൾ ആ അരി വിറ്റ്,
അയാൾ മുന്തിയ രണ്ട് ഷർട്ടുകൾ വാങ്ങി.

Saturday, November 14, 2009

ശിശുദിനം.

ഇന്നു ശിശുദിനം.
ഞാനൊരു ശിശുവാകാം.
നിർമ്മലബാല്യത്തിൻ
പ്രതീകമാകാം.
അഹന്തയില്ല,
അസൂയയില്ല,
അവിശ്വാസമില്ല,
ആശങ്കയില്ല.
ഉപാധിയില്ലാതെ
സ്നേഹം തരാം.
മുഖംനോക്കാതെ
ചിരിചോർത്തിടാം.
നിറംനോക്കാതെ
ഞാൻ കൂട്ടുകൂടാം
കൂട്ടിക്കിഴിക്കാതെ-
യാടിടാം പാടിടാം.
പൂക്കൾ,പൂത്തുമ്പികൾ
ചിത്രപതംഗവും
നക്ഷത്രജാലവും
അമ്പിളിമാമനും
ആനയമ്പാരിയും
ആലിപ്പഴങ്ങളും
ഇന്നേയ്ക്കുമാത്രമീ
യെന്റെസ്വന്തം.
നെടുവീർപ്പില്ല,
കണ്ണുനീരില്ല,
പേക്കിനാവില്ലെൻ
കൺകളിൽ കാമമില്ല.
എന്നേയ്ക്കുമായി
പകർന്നുനൽകാം
ചൂടാത്തപുഞ്ചിരി
പ്പൂക്കളെല്ലാം.

Saturday, October 31, 2009

കേരളപ്പിറവി.

കേരളപ്പിറവിയാഘോഷത്തിനു ധരിയ്ക്കാൻ
സാരി വാങ്ങാനിറങ്ങിയതായിരുന്നു വിദ്യാർത്ഥിനികൾ.
സാരിയുടുത്തു ശീലമില്ല.
എങ്കിലും ചുമ്മാ ഒന്നു പരീക്ഷിക്കാം.
ഷോപ്പിങ്ങിനു നീക്കിവച്ച തുകയത്രയും ചിലവഴിച്ച്
സെറ്റ് സാരി വാങ്ങിയ അവർ
തയ്യൽക്കടയിലേയ്ക്കു കയറി.
അവിടെ നടന്ന തർക്കം ബ്ലൌസിന്റെ
സ്ലീവിനെക്കുറിച്ചായിരുന്നു.
അഞ്ചുപേർക്ക് കൈ ഇറക്കം വേണം. നാലു പേർക്ക് ഷോർട്ട് സ്ലീവ് മതി.
രണ്ടു പേർ സ്ലീവ് ലെസിനു വേണ്ടി വാദിച്ചു.
തർക്കം മുറുകിയപ്പോൾ
ഒരുവൾ നിർദ്ദേശിച്ചു.
“ഇക്കുറി കേരളപ്പിറവിയ്ക്കും ജീൻസും ഷർട്ടും മതി.”
“അല്ലെങ്കിലും ശീലമില്ലാത്ത കാര്യങ്ങൾക്കൊന്നും പോവാതിരിക്കുന്നതാ നല്ലത്.
നാളെ ജീൻസ് തന്നെ.” മറ്റൊരുവൾ.
അഭിപ്രായ ഐക്യമുണ്ടായതിന്റെ സന്തോഷത്തിന് ഒതുക്കത്തിൽ ഓരോഗ്ലാസ്
ബിയർ കുടിയ്ക്കണമെന്നായി മൂന്നാമതൊരുവൾ.

Friday, September 18, 2009

അമുസ്ലീമിന്റെ റംസാൻ നോമ്പ്

അമുസ്ലീമിനു നോമ്പെടുക്കാമോ?
ഗുരു പറഞ്ഞു:
“ഒരുജാതി ഒരു മതം ഒരു ദൈവം മനുഷ്യന”പ്പോൾ
നോമ്പിനും ജാതിയില്ല.

നോമ്പെനിക്കന്യമല്ല.
എട്ടുനോമ്പോ
തിങ്കളാഴ്ചനോമ്പോ ഷഷ്ടിവ്രതമോ ഏകാദശിയോ
ഏതായാലും.

ഇത് വേറിട്ട നോമ്പുകാലം!
ഓർമ്മിയ്ക്കാനൊരു പട്ടിണിക്കാലം!
വിശുദ്ധിയുടെ, നന്മയുടെ, സ്നേഹത്തിന്റെ,സഹനത്തിന്റെ
സഹയാത്രക്കാലം.

വിശപ്പും ദാഹവുമറിയാൻ
വിശക്കുന്നവരെയുമറിയാൻ
പ്രഭാത ഭക്ഷണം, ഉച്ചയൂണ്, ജലപാനം, ഉപേക്ഷിപ്പാൻ
ക്ഷണിക്കും വ്രതശുദ്ധിയുടെ നാളുകൾ.

പൊരുളറിയാത്ത വ്യഥയിൽ
അറിയാനാവതും ശ്രമിച്ചെങ്കിലും
ഖുറാനോതാനോ സക്കാത്ത് വേണ്ടവിധത്തിൽ കൊടുക്കാനോ
ഇല്ലാ, കഴിഞ്ഞില്ലെനിയ്ക്ക്.

എങ്കിലുമാശ്വസിപ്പൂ ഞാൻ
പഠിക്കാനായ് നോമ്പുകാലത്ത്
വിശപ്പടക്കൽ, ദാഹമകറ്റൽ, സുഖങ്ങൾ തേടൽ
ക്ഷണനേരത്തേയ്ക്കെന്ന തത്വം.