കാനനം മോഹനം
മൈസൂറിലേയ്ക്കുള്ള യാത്രയില്‍ ബന്ദിപൂര്‍ നാഷണല്‍ പാര്‍ക്ക് പ്രദേശത്ത് ഞങ്ങള്‍ക്ക് കാണാനായത് , മാന്‍ കൂട്ടങ്ങളെയും സിംഹവാലന്‍ കുരങ്ങുകളെയും മാത്രം। മടക്കയാത്രയില്‍ നിരാശപ്പെടേണ്ടി വരില്ല എന്ന് സുഭാഷ് ചേട്ടന്‍ ഞങ്ങളോട് പറഞ്ഞു। ബന്ധുവും കുടുംബസുഹൃത്തുമായ ഉണ്ണിച്ചേട്ടനുണ്ട്। അദ്ദേഹത്തിന്റെ ഇന്‍ഡിക്കാ കാറിലാണ് യാത്ര। ഞങ്ങളുടെ ഡ്രൈവര്‍ അനിയന്‍ എന്ന ചെല്ലപ്പേരുള്ള ജോസഫ് ആണ് സാരഥി । എന്റെ കസിന്റെ മകന്‍ വിഷ്ണു ഞങ്ങളോടൊപ്പമുണ്ട്.
“ അതാ ആന”
ഉണ്ണിച്ചേട്ടന്‍ പറഞ്ഞതും ,അനിയന്‍ കാര്‍ നിര്‍ത്തി.
“ഒറ്റയാനാണ്, ആരും ഇറങ്ങരുത്.”
സുഭാഷ് ചേട്ടന്റെ നിര്‍ദ്ദേശം.
റോഡരികില്‍ നിന്നിരുന്ന അവനെ ഞങ്ങളെല്ലാവരും കാറിലിരുന്നു വീക്ഷിച്ചു.
നിങ്ങള്‍ കണ്ടില്ലേ, ഞാനിനി പോകുവാ
എന്ന മട്ടില്‍ അവന്‍ തിരിഞ്ഞു നടക്കാന്‍ ഭാവിച്ചപ്പോള്‍ മുന്‍പിലിരുന്ന് ഉണ്ണിച്ചേട്ടന്‍ ഒരു പടമെടുത്തു. എനിയ്ക്ക് പിന്നിലിരുന്ന് എടുക്കാനാവാത്തതിനാല്‍ ഞാന്‍ അനിയന് ക്യാമറ കൈമാറി. അനിയന്‍ ആദ്യ പടമെടുത്തു. ഉടന്‍ ഉണ്ണിച്ചേട്ടന്റെ വക അടുത്ത പടം . “അനിയാ കാര്‍ മുന്നിലാക്കി നിര്‍ത്ത്” എന്ന് ചേട്ടന്‍ രണ്ടു വട്ടം പറഞ്ഞു.അനിയനാകട്ടെ, അടുത്ത പടമെടുക്കുന്നതിന്റെ ശ്രദ്ധയിലായിരുന്നു.
നാലാമത്തെ ഫ്ലാഷ്.......... തിരിഞ്ഞ് പോവാന്‍ ഭാവിച്ച ഒറ്റയാന്‍ അതാ ഞങ്ങളുടെ കാറിനെ ലക്ഷ്യമാക്കി നീങ്ങുന്നു। അനിയന്‍ ഞങ്ങളാരും പറയും മുന്‍പേ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് റിവേഴ്സ് പോന്നു। അതാ അവന്‍ ഞങ്ങളുടെ നേരേ മുന്നോട്ട് । അനിയാ നമ്മളിങ്ങനെ എത്രനേരംപിന്നോട്ട് പോകും । ഞാന്‍ ചോദിച്ചു।അടുത്ത നിമിഷം ഒരു ജീപ്പ് ഇതൊന്നുമറിയാതെ ചീറിപ്പാഞ്ഞ് ഞങ്ങളെ കടന്ന് മുന്നോട്ട്. അപ്പോള്‍ അവന്‍ ഒന്നു നിന്നു .പിന്നെ പതിയെ റോഡിന് കുറുകെ കടന്ന് ഞങ്ങളെ നോക്കി നിന്നു. അപ്പോഴും അനിയന്‍ കാര്‍ പിന്നോട്ട് പായിക്കുകയായിരുന്നു “അനിയാ, ഇനി മുന്നോട്ട്” ചേട്ടനും ഉണ്ണിച്ചേട്ടനും ഒരുമിച്ച് പറഞ്ഞു. ഒരു നിമിഷം പകച്ചു നിന്ന അനിയന്‍ പെട്ടെന്ന് കാര്‍ മുന്നോട്ടെടുത്തു.രക്ഷപ്പെട്ടെന്നു പറഞ്ഞാല്‍ മതി.അല്ലെങ്കില്‍ അവന്‍ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടിയേനേ.
ഈ യാത്രയില്‍ ഞങ്ങളോടൊപ്പമില്ലാതിരുന്ന മകന്‍ കണ്ണനെയാണ് ആദ്യം വിളിച്ചത്. കണ്ണനെ വിശ്വസിപ്പിക്കാന്‍ വളരെ പാടുപെട്ടു. ഈ വിവരം പങ്കിട്ടപ്പോള്‍ പലരും പറഞ്ഞു, ഫോട്ടോ ഫ്ലാഷ് ആണ് അവനെ പ്രകോപിപ്പിച്ചതെന്ന്. എന്തായാലും ആപത്തൊന്നുമുണ്ടാകാഞ്ഞതില്‍ ജഗദീശ്വരനു നന്ദി പറഞ്ഞ് ,പിന്നോട്ട് ഇത്ര വേഗത്തില്‍ കാറോടിച്ച ഞങ്ങളുടെ സാരഥിയെ അഭിനന്ദിച്ച് ഞങ്ങള്‍ യാത്രതുടര്‍ന്നു.






