Thursday, November 27, 2008

ഭീകരാക്രമണം മുംബൈ ഇന്നലെ ഉറങ്ങിയില്ല... നാം നിസ്സഹായര്‍.. എങ്കിലും പ്രതികരിക്കൂ..

മുംബൈയില്‍ ഇന്നലെ രാത്രി പത്തു മണിക്ക് തുടങ്ങിയ ഭീകരാക്രമണം ഇപ്പോഴും ഭീതി സൃഷ്ടിച്ചുകൊണ്ടേയിരിയ്ക്കുന്നു. ഛത്രപതി ശിവജി റെയില്‍വേ സ്റ്റേഷനില്‍, ഒബ്രോയ്, താജ് , ട്രൈഡന്റ്, മരിയറ്റ് ഹോട്ടലുകളിലടക്കം വെടിവയ്പിലും സ്പോടനങ്ങളിലുമായി എണ്‍പത് പേര്‍ക്ക് ജീവഹാനി സംഭവിച്ചതായും നൂറു കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. എ.ടി.എസ് തലവന്‍ ഹേമന്ത് കര്‍ക്കാരെ, ഡി.ഐ.ജി. അശോക് കാന്ത്, ഏറ്റുമുട്ടല്‍ വിദഗ്ദ്ധന്‍ വിജയ് സലാത്കര്‍ അടക്കം അവസാന ശ്വാസം വരെ ഭീകരതയ്ക്കെതിരെ പോരാടിയ സുരക്ഷാ ഉദ്യോഗസ്ഥന്മാരെയും നമ്മുടെ രാജ്യത്തിനു നഷ്ടമായി. എന്‍.എന്‍. കൃഷ്ണദാസ് എം.പിയടക്കം നാലഞ്ച് ജനപ്രതിനിധികളും നിരവധി വിദേശികളും മറ്റുള്ളവരും താജ് ഹോട്ടലില്‍ കുടുങ്ങിയതും ഭീകരര്‍ നിരവധിപേരെ ബന്ദികളാക്കിയതും മണിക്കൂറുകളോളം ആശങ്ക പടര്‍ത്തി. താജ് ഹോട്ടലില്‍ തീ പടരുന്നത് ദൃശ്യമാധ്യമങ്ങളില്‍ കണ്ട് പ്രാര്‍ത്ഥനയോടെ വീര്‍പ്പടക്കിയിരുന്ന നമ്മള്‍ നിസ്സഹായരാണ്. രാജ്യം നേരിടുന്ന ഏറ്റവും വലിയ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കാം. പത്തിടങ്ങളില്‍ ആക്രമണം ഉണ്ടായി എന്ന് അറിയുന്നു. നമ്മളുറങ്ങുമ്പോള്‍, ഒന്നു കണ്ണടയ്ക്കാനാവാതെ ഒത്തിരിയാളുകള്‍..... സുരക്ഷാ പ്രവര്‍ത്തകര്‍, മാധ്യമ പ്രതിനിധികള്‍ അങ്ങനെ എത്രയോ പേര്‍.... ഈശ്വരാ.....................

Thursday, November 13, 2008

ഇന്ന്.........ഈ ശിശുദിനത്തില്‍ ,ഒരു ശിശുരോദനം.

സ്നേഹനൊമ്പരമായ്..............
കോട്ടയത്ത് മാതാ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ അന്ന് ശാരിയുണ്ടായിരുന്നു. കിളിരൂര്‍ സംഭവത്തിലെ ശാരി എസ് നായര്‍. പത്രത്താളുകളും ചാനലുകളും അവളുടെ വിവരങ്ങള്‍ ലോകത്തിന് കൃത്യമായി നല്‍കിക്കൊണ്ടേയിരുന്നു. അന്ന് (നവംബര്‍ 4, 2004) ഉച്ച തിരിഞ്ഞ് മാതാ ആശുപത്രിയിലെത്തിയ ഞാന്‍ ശാരിയുടെ അമ്മയോടൊപ്പം അകത്ത് കയറി, ഒരു നോക്ക് കണ്ടു. വരണ്ട ചുണ്ടുകളുടെ കോണില്‍ എനിക്കായ് ഒരു മന്ദഹാസം സൂക്ഷിച്ചു വച്ചിരുന്നു, അവള്‍. “പോട്ടെ മോളേ”. ഞാന്‍ യാത്ര പറയാന്‍ വേണ്ടി മാത്രം കയറിയതുപോലെ.......അവളുടെ അമ്മ എന്നെ മുകളിലത്തെ മുറിയിലേയ്ക്കു നയിച്ചു. അവര്‍ സംസാരിച്ചുകൊണ്ടേയിരുന്നു. ഇത്തിരി നേരം കൊണ്ട് ഒത്തിരിക്കാര്യങ്ങള്‍! മുറിയില്‍ അവളുടെ അച്ഛന്‍ സുരേന്ദ്രന്‍ പിള്ളയും പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിയായ അനുജനും ഉണ്ടായിരുന്നു. കട്ടിലില്‍ കിടക്കുന്ന രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞ്....
ശാരിയുടെ അമ്മ വിതുമ്പി..
“ഞങ്ങള്‍ ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല...” എനിയ്ക്ക് ദേഷ്യമാണ് ആദ്യം തോന്നിയത് . മകളുടെ ചുവടുകളുടെ ഗതി മാറിയത്....അമ്മ അറിയാതെ പോകയോ? മകള്‍ക്ക് ഗര്‍ഭമുണ്ടെന്ന വിവരം അറിയാന്‍ വളരെ വൈകിയെന്നോ?
കട്ടിലില്‍ കിടക്കുന്ന സുന്ദരിക്കുട്ടി എന്നെ നോക്കി പുഞ്ചിരിക്കുന്നു. എന്നിലെ അമ്മ ആര്‍ദ്രയായി. ഞാനവളെ വാരിയെടുത്തു. “എന്റെ മോളെ എനിക്കു നഷ്ടമാകും” എന്നു പറഞ്ഞ് വിതുമ്പിയ ശാരിയുടെ അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു. “ ദേ, ഈ കുഞ്ഞു മകളെ നന്നായി വളര്‍ത്തേണ്ടേ. മകളുടെ അസുഖം ഭേദമാകും. കരയരുത്.” കുഞ്ഞിനെ കിടത്തി , ഞാന്‍ യാത്ര പറയുമ്പോള്‍ ശാരിയുടെ കൊച്ചനുജന്‍ കുഞ്ഞു വാവയോട് പുന്നാരം ചൊല്ലുന്നുണ്ടായിരുന്നു.
വീട്ടിലെത്തിയിട്ടും എന്റെ മനസ്സില്‍ ആ കുഞ്ഞിന്റെ മുഖം മിന്നുകയും മായുകയും ചെയ്തുകൊണ്ടേയിരുന്നു.
വല്ലാത്ത അസ്വസ്ഥത. ഞാന്‍ അന്ന് കുറിച്ച വരികള്‍ ...“ഈ ശിശു രോദനം” ഇപ്പോള്‍ ബൂലോകര്‍ക്കായി പൊടി തട്ടിയെടുക്കുമ്പോള്‍ ഇന്നലെ (നവംബര്‍ 13) ശാരിയുടെ നാലാം ചരമ വാര്‍ഷിക ദിനമായിരുന്നു എന്നത് ഓര്‍ക്കാതെ പോകുന്നില്ല. സ്നേഹമോള്‍ക്ക് ആഗസ്റ്റ് പതിനഞ്ചിന് നാലു വയസ്സ് തികഞ്ഞു. അവള്‍ ചങ്ങനാശ്ശേരിക്കടുത്ത് അപ്പൂപ്പനും അമ്മൂമ്മയ്ക്കും അമ്മാവനുമൊപ്പം താമസിക്കുന്നു. നഴ്സറിയില്‍ പോവുന്നുണ്ട്.

“ഈ ശിശു രോദനം”

റിയുന്നു സകലരും പത്രത്തിലൂടെന്നെ
മിന്നിമറയുന്ന വാര്‍ത്തയിലൂടെയും

മര്‍ത്യന്റെ ഭാഷയുമാദ്യാക്ഷരങ്ങളും
ഹൃത്തിലേയ്ക്കെത്താത്തിളംപൈതലാണു ഞാന്‍

അക്ഷരപ്പെരുമയീ നാടിനു നല്‍കിയ
സാക്ഷരജില്ലയിലെന്റെ ജന്മം

ധര്‍മ്മാശുപത്രിയിലാദ്യമായെന്നുടെ
രോദനം കേട്ടതും നാട് നടുങ്ങിയോ?

അത്രയ്ക്കു ഗോപ്യമായാണത്രേ ഞാനെന്റെ-
യമ്മതന്നുള്ളില്‍ വളര്‍ന്നതെന്ന്!

ആദ്യത്തെ കണ്മണിയാര്‍ക്കും പകരുന്ന
മോദമേകാത്തൊരു പൈതലീ ഞാന്‍.

“കല്ലായ് പിറന്നാലും മണ്ണായ് പിറന്നാലും
പെണ്ണായ്പ്പിറക്കല്ലെ രാമ നാരായണാ”

പണ്ടാരോ പാടിപ്പതിഞ്ഞൊരീച്ചൊല്ല്
കണ്ടോളമെന്നുടെ കാര്യത്തില്‍ നേരായ്.

കാലം തികയ്ക്കാതെന്‍ ബന്ധം മുറിഞ്ഞനാ-
ളമ്മയ്ക്കു ദീനം തുടങ്ങുകയായ്

ധര്‍മ്മാശുപത്രീലെ ശുശ്രൂഷ പോരാഞ്ഞെ-
ന്നമ്മയോടൊത്തുഞാനിങ്ങുപോന്നു.

തീവ്രമാം ശ്രദ്ധയോടമ്മയെ നോക്കുവാന്‍
ചില്ലിട്ട വല്യൊരു കൂട്ടിലാക്കി

അമ്മിഞ്ഞപ്പാലില്ല താരാട്ടു പാട്ടില്ല
അമ്മതന്‍ ചൂടേറ്റുറക്കമില്ല.

രണ്ടുമാസത്തിന്നിടയ്ക്കെനിക്കഞ്ചാറു-
വട്ടമേയമ്മയെക്കാണുവാനായുള്ളൂ

താരാട്ടു പാടുവാന്‍ കൊഞ്ചിക്കളിക്കുവാ-
നാരോരുമില്ലാതെ ഞാന്‍ കിടന്നീടവേ

വമ്പരാം നേതാക്കളുന്നതോദ്യോഗസ്ഥ-
രായവരേറെയും വന്നുപോയി.

അമ്മയെക്കാണുവാന,പ്പൂപ്പനമ്മൂമ്മ-
യമ്മാവനെപ്പോലും ചോദ്യം ചെയ്യാന്‍

കമ്മീഷനദ്ധ്യക്ഷയമ്മയും വന്നല്ലോ
പിന്നാലെ വൃത്താന്തലോകരെല്ലാം

പോലീസിലുള്ളമ്മ, ഐജിയാം നല്ലമ്മ
ചോദ്യത്തിനായെന്റെയമ്മയെ കണ്ടുപോയ്

അമ്മമാര്‍ വേറെയും വന്നുപോയമ്മൂമ്മ
സങ്കടം പങ്കുവച്ചോരോദിവസവും

കുഞ്ഞിളം കയ്യില്‍ കരിവളയൊന്നിടാന്‍
കാല്‍ത്തള നല്‍കുവാന്‍ സമ്മാനമേകുവാന്‍

പൊന്നരഞ്ഞാണമതില്ലേലുമെന്റെയീ
മെല്ലിച്ച മേനിയില്‍ നൂലൊന്നു കെട്ടുവാന്‍

ഇല്ലാ കഴിഞ്ഞില്ലയാര്‍ക്കുമേയെന്നുടെ
വല്ലായ്മ മാറ്റുവാനാശ്വസിപ്പിക്കുവാന്‍!

വേഗം വാ... മധുരക്കിഴങ്ങ്!!! ചൂടാറാതെ തിന്നാം!!!



Saturday, November 8, 2008

ഈ വിവാഹ സമ്മാനം സ്വീകരിച്ചാലും....



രാവിലെ ഒന്നു നടക്കാനിറങ്ങിയാല്‍ കേള്‍ക്കാം,
നിങ്ങളുടെ ചുറ്റും ഓരോരോ മുനക്കം
.റോസാ ചോദിക്കും. “അല്ല,ആരാ ആ പോകുന്നത്?”
നാം തിരിഞ്ഞു നോക്കുമ്പോള്‍ റോസാപ്പൂവാണ്.
“ഓ, നീ ഇവിടെയാണോ?
സുഖമാണോ?” അപ്പോള്‍ ഒരു പുല്‍ക്കൊടിയുടെ ശബ്ദം.
“ഞാനും ഇവിടെയുണ്ട്. കേട്ടോ” ഒരു ഒച്ചിന്റെ വേവലാതി.
“എന്നെ ചവിട്ടാതെ നോക്കണം. എനിയ്ക്ക് ഓടാനൊന്നും വയ്യ.”
നിങ്ങള്‍ എങ്ങോട്ടു തിരിഞ്ഞാലും കാണുന്നത് ജീവിതമാണ്.
എവിടെയുമുണ്ട്, സൌന്ദര്യത്തിന്റെ നാനാമുഖങ്ങള്‍.
നിങ്ങളെ സ്വീകരിക്കാന്‍ മുകളില്‍നിന്നുള്ള കതിരൊളി.
അനാദികാലം മുതല്‍ കടലില്‍ നിന്നു വീശുന്ന മന്ദസമീരന്റെ സംഗീതം,
നിങ്ങള്‍ക്കു വേണ്ടി പാട്ടു പാടുന്ന വാനമ്പാടികള്‍.
എവിടെയും സൌന്ദര്യം തന്നെ.
സന്തോഷം തന്നെ.
അല്‍ഭുതം തന്നെ.
ഇങ്ങനെ സന്തോഷം നിറഞ്ഞ ഒരു തീര്‍
ത്ഥാടനമാണ് ജീവിതം.
നിങ്ങള്‍ അതിന്റെ വഴിക്ക് എപ്പോഴും മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ഇതൊക്കെ നിങ്ങളുടെ ജീവിത സഖാവുമായി നിങ്ങള്‍ക്കു പങ്കിടാം.
ഈ പങ്കിടലില്‍ നിങ്ങള്‍ കണ്ടെത്തുന്നത് ആത്മ സത്തയെത്തന്നെയാണ്.
നിങ്ങളെ സ്വാഗതം ചെയ്യുന്ന
കൂട്ടുകാരിലും പൂക്കളിലും
കിളികളിലും മന്ദസമീരനിലും മഞ്ഞിന്‍ കണത്തിലും
അവയിലെല്ലാം നിഴലിക്കുന്ന കണ്ണുനീര്‍ത്തുള്ളിയില്‍പ്പോലും
നിങ്ങള്‍ കണ്ടെത്തുന്നത് ആത്മസത്തയെത്തന്നെയാണ്.
ഈ കണ്ടെത്തലാണ് ജീവിതത്തിന്റെ പ്രതീക്ഷ.
ഈ ജീവിത പ്രതീക്ഷ നിങ്ങളെ വന്നു മൂടണം.
അതില്‍ നിങ്ങള്‍ മുങ്ങണം.
നിങ്ങള്‍ക്ക് അതൊരു മാന്ത്രികക്കമ്പളം തരും.
സംശയങ്ങളുടെയും അവിശ്വാസങ്ങളുടെയും
മേഘപടലങ്ങള്‍ക്കു മുകളില്‍ക്കൂടി ആ കമ്പളത്തില്‍ കയറി പറന്ന് ,
നിങ്ങള്‍ക്ക്
ആത്മ വിശ്വാസത്തിന്റെ പൂവാടിയിലെത്താം.
ആ അനുഭവമുണ്ടാകുമ്പോഴാണ്, നിങ്ങള്‍ ആത്മാവിനെ കണ്ടെത്തുന്നത്.
നിങ്ങള്‍ക്ക് ആത്മാനുഭൂതി ഉണ്ടാകുന്നത്.
പ്രേമാനുഭൂതി ഉണ്ടാകുന്നത്.
നിങ്ങള്‍ മുക്തനായി അഥവാ മുക്തയായിത്തീരുന്നത്.
നിങ്ങള്‍ റോസായെ സ്നേഹിക്കുമ്പോള്‍ വിചാരിക്കാറില്ലേ,
“പ്രിയപ്പെട്ട റോസേ, നാളെയും ഈ നേരത്ത് ഞാന്‍ വന്നൊരു മുത്തം തരാം,” എന്ന്.
ഈ പ്രേമാനുഭവങ്ങളൊക്കെ ആനുഷംഗികം മാത്രമാണ്.
പ്രകൃതിയോടുള്ളതായാലും മനുഷ്യനോടുള്ളതായാലും
ഈ പ്രേമാനുഭവത്തില്‍ ആനന്ദമുണ്ട്.
ആ ബന്ധങ്ങള്‍ക്ക് നിങ്ങള്‍ നിശ്ചിത രൂപ മാതൃകകള്‍ കല്പിക്കാതിരിക്കുമ്പോള്‍ മാത്രം.

(ഗുരു നിത്യ ചൈതന്യയതിയുടെ ഇമ്പം ദാമ്പത്യത്തില്‍ എന്ന ചെറു ഗ്രന്ഥത്തില്‍ നിന്നും)

Wednesday, November 5, 2008

കറിവേപ്പില പോലെ.................

ദേ, ആ അമ്മച്ചി വരുന്നുണ്ട്, കേട്ടോ.


ഇന്ന് ഞങ്ങടെ ഊഴമാ, പോട്ടേ........

അമ്മേ, ഇന്നെന്തൊക്കെ കറികളിലാ ഞങ്ങടെ റോള്‍?



ചക്കക്കുരൂം മാങ്ങേം. കടുകു വറുത്തിട്ടില്ല.
നല്ല മണം!!!!!!!!!!!!!!!!!!!!!!!!!!!!

കറിയുടെ പുഴയില്‍ എണ്ണകൊണ്ടൊരു ചങ്ങാടം

ഇപ്പൊഴാ കറി ,കറിയായത്. അല്ലേ?

ഞങ്ങളില്‍ കുറച്ചു പേര്‍ മെഴുക്കു പുരട്ടിയില്‍.

മുട്ട പൊരിയ്ക്കാനും കറിവേപ്പില.

ഇഞ്ചീം പച്ചമുളകും പിന്നെ, ഞങ്ങളും.

അമ്മയാ കുഞ്ഞിക്കല്ലെടുത്ത് രണ്ടു ചത!!!

ഉപ്പും കൂട്ടി മോരിലിട്ടപ്പോള്‍! ഹാ‍യ്..........

ദാ... ഉണ്ണാന്‍ വന്നോളൂ, അച്ചാറിലും പപ്പടത്തിലും ഞങ്ങളില്ല.
എല്ലാം കഴിഞ്ഞു. ഞങ്ങള്‍“ കറിവേപ്പില പോലെ..........”

Sunday, November 2, 2008

ഗുരു നിത്യയുണ്ടായിരുന്നെങ്കില്‍....ഇന്ന് ..84 വയസ്സ്.

“........എന്റെ ചുറ്റും ചരിത്ര സംഭവങ്ങള്‍
വലംവച്ചിട്ടില്ല. എന്റെ വാക്കുകള്‍ക്ക്
സമകാലീന ജനതയുടെ ശ്രദ്ധ
പിടിച്ചെടുക്കുവാനുള്ള
നൈര്‍മ്മല്യമോ മൂല്യകാന്തിയോ
ഒന്നുമില്ല. തപസ്സിന്റെ മാര്‍ഗ്ഗത്തില്‍
ചരിക്കുവാന്‍ശ്രമിച്ചെങ്കിലും ഒരു
തുളസ്സീദാസിന്റെയോ
കബീര്‍ദാസിന്റെയോ
സാന്‍ഫ്രാന്‍സിസിന്റെയോ
അമല കാന്തി എന്റെ ആത്മാവില്‍
ഒളിപൂണ്ടു നില്ക്കുന്നില്ല.അങ്ങനെയുള്ള
ഒരു നിസ്സാരന്‍ എന്തിന് ആത്മകഥ
എഴുതി എന്നു ചോദിച്ചാല്‍ ഒരു
ഉത്തരമേയുള്ളു. ഒരുവന്‍
മറ്റൊരുവനെ ചൂണ്ടിക്കാണിച്ച്
പരിഹാസം ഊറിനില്‍ക്കുന്ന
ചിരിയോ ദൈന്യതയുളവാക്കുന്ന
അനുകമ്പയോ കാണിക്കുന്നതിലും
നല്ലതാണ് തന്നെത്തന്നെ ഒരു
നിമിത്തമാക്കിക്കൊണ്ട്,
മനുഷ്യജീവിതം
അവനറിയാതെതന്നെ എത്രയോ
പ്രാവശ്യം ഇടറി ഇരുളി
വീണുപോകും എന്നു മറ്റുള്ളര്‍ക്കു
ദൃഷ്ടാന്തമാക്കിക്കൊടുക്കുന്നത്.”

(യതിചരിതം-ഗുരു നിത്യ).
ആത്മകഥയില്‍ നിന്ന്.


1924 നവംബര്‍ 2-ന് താഴത്തേതില്‍ വാമക്ഷിയമ്മയുടേയും മൂലൂര്‍ എസ് പത്മനാഭപ്പണിക്കരുടെ അനന്തരവനും കവിയുമായ പന്തളം രാഘവപ്പണിക്കരുടെയും മകനായി
പത്തനംതിട്ടയിലെ കോന്നിയ്ക്കു സമീപമുള്ള വകയാര്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. 1940-ല്‍ സ്ക്കൂള്‍ ഫൈനല്‍ പാസ്സായതിനുശേഷം 1947 വരെ ഇന്ത്യയില്‍ പലയിടത്തും അലഞ്ഞു നടന്നു. യാത്രയ്ക്കിടയില്‍
മഹാത്മാഗാന്ധി ,രമണമഹര്‍ഷി തുടങ്ങി അനേകം മഹാത്മാക്കളോട് ബന്ധപ്പെടുവാന്‍ ഇടയായി. ഡോ.ജി.എച്ച്.മീസിനോടൊത്തു താമസിച്ചു പാരമ്പര്യമന:ശാസ്ത്രം (Traditional Psychology),
പുരാവൃത്തശാസ്ത്രം (Mythology), നരവംശശാസ്ത്രം (Anthropology), എന്നിവയില്‍ വിപുലമായ അറിവു
ആര്‍ജ്ജിച്ചു. ഫിലോസഫിയില്‍ എം.എ. ബിരുദം നേടിയശേഷം കൊല്ലം എസ്. എന്‍. കോളേജില്‍ സൈക്കോളജി അദ്ധ്യാപകനായും പിന്നീട് മദ്രാസ് വിവേകാനന്ദ കോളേജില്‍ ഫിലോസഫി അദ്ധ്യാപകനായും ജോലിചെയ്തു. 1952 - ല്‍ നടരാജഗുരുവിന്റെ ശിഷ്യനായി. അദ്ദേഹത്തോടൊപ്പം വേദാന്തം, ആധുനികശാസ്ത്രം മുതലായവയെ സമഞ്ജസമാക്കി മനസ്സിലാക്കാനുള്ള രഹസ്യങ്ങള്‍ ഹൃദിസ്ഥമാക്കി.
1956 മുതല്‍1959വരെ ബോംബെ, കാശി, ഹരിദ്വാര്‍,ഋഷീകേശം എന്നിവിടങ്ങളിലുള്ള ആശ്രമങ്ങളില്‍ താമസിച്ച് വേദാന്തം,ന്യായം, യോഗം തുടങ്ങിയവ അഭ്യസിച്ചു. 1963 മുതല്‍ 1967 വരെ ഡല്‍ഹിയിലെ സൈക്കിക്ആന്‍ഡ് സ്പിരിച്വല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചു.
1969 മുതല്‍ 1984 വരെ ആസ്ത്രേലിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇംഗ്ലണ്ട്, യൂറോപ്പ് എന്നിവിടങ്ങളിലെ സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസ്സറായിരുന്നു. 1984നു ശേഷം അധിക സമയവും ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ ഗ്രന്ഥരചനയില്‍ മുഴുകി കഴിഞ്ഞു. നാരായണ ഗുരുകുലത്തിന്റെയും ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റിയുടേയും അധിപനായിരുന്ന ഗുരു മലയാളത്തിലും ഇംഗ്ലീഷിലുമായി നൂറ്റിയന്‍പതിലധികം കൃതികള്‍ രചിച്ചു. 1999മെയ് 14ന് ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ വച്ച് സമാധി.
പക്ഷാഘാതത്തെത്തുടര്‍ന്ന് നിത്യനിദ്രയിലാണ്ടില്ലായിരുന്നെങ്കില്‍, ഗുരു നിത്യ ചൈതന്യ യതിയ്ക്കിന്ന് 84വയസ്സാകുമായിരുന്നു. പ്രിയ ഗുരുവിന്റെ ഓര്‍മ്മയ്ക്കു മുന്‍പില്‍ സ്നേഹത്തിന്റെ വാടാമലരുകളര്‍പ്പിക്കുന്നു.

( കടപ്പാട്-മലയാള പoന ഗവേഷണ കേന്ദ്രം പ്രസിദ്ധീകരിച്ച യതി ചരിതം എന്ന പേരിലുള്ള ഗുരുവിന്റെ ആത്മ കഥ.)
എന്റെ യാത്ര എന്ന ബ്ലോഗിലെ ‘ഒരിയ്ക്കല്‍ക്കൂ‍ടി പന്നല്‍ മലയിലേയ്ക്ക്, മറക്കാനാവാത്തവര്‍ എന്ന ബ്ലോഗ്ഗിലെ ‘സമര്‍പ്പണം’,‘ഗുരു നിത്യ’എന്നീ പോസ്റ്റുകള്‍ വായിക്കാത്തവര്‍ വായിക്കാനപേക്ഷ.

Thursday, October 30, 2008

പ്രിയദര്‍ശിനീ, ഓര്‍മ്മകള്‍ക്കു മരണമില്ല.

http://yfred.wordpress.com/2008/02/27/famous-women-leaders/ http://www.4to40.com/legends/index.asp?id=829 http://www.topnews.in/people/indra-gandhi
ഞാനന്ന് എം. എ. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി. ഞങ്ങള്‍ കോളജില്‍ എത്തി ഒന്നു രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോളാണാ വിവരം അറിഞ്ഞത്. പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി വെടിയേറ്റു മരിച്ചു. രാഷ്ട്രം സ്തബ്ധയായി നില്‍ക്കുമ്പോള്‍, എവിടെയും അക്രമം. ഇന്ത്യയിലെങ്ങും പ്രശ്നങ്ങള്‍. കേരളത്തില്‍ ഹര്‍ത്താല്‍. ഒരു വാഹനം പോലും പോകാനനുവദിക്കുന്നില്ല. ഞങ്ങള്‍ നടന്ന് ബസ് സ്റ്റോപ്പിലെത്തി. ശരിയാണ് , വാഹനങ്ങളൊന്നും ഓടുന്നില്ല. ചില സ്വകാര്യ വാഹനങ്ങള്‍ ഒഴികെ മറ്റൊരു വാഹനവും കാണാനില്ല. വിദ്യാര്‍ത്ഥികളും സ്ത്രീകളും മറ്റും അവനവന്റെ വീടുകളിലെത്താന്‍ പരക്കം പായുന്നു.
കോട്ടയത്തുനിന്നും പതിനഞ്ചു കിലോമീറ്ററോളം ദൂരമുണ്ട് വീട്ടിലേയ്ക്ക്. നടന്നേ പറ്റൂ. ഞാനും കൂട്ടുകാരി മിനിയും പരിഭ്രമിച്ചു. ഇന്നത്തെപ്പോലെ ടെലിഫോണ്‍ സൌകര്യമൊന്നും എത്തിയിട്ടില്ല. ഞാനും മിനിയും നടന്നു തുടങ്ങി. ഒറ്റപ്പെട്ട വാഹനങ്ങള്‍ പോകുന്നതു പോലും ചിലയിടങ്ങളില്‍ തടയുന്നു. ഓരോ സ്ഥലവും പിന്നിട്ട്, ഞങ്ങള്‍ ചെറിയ ചെറിയ ആള്‍ക്കൂട്ടങ്ങളെ പിന്നിട്ട് നടന്നു കൊണ്ടേയിരുന്നു.
ഇന്ദിരാജിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. വഴിയിലൊക്കെ ആളുകള്‍ ആശങ്കയോടെ കൂട്ടം കൂടി നില്‍ക്കുന്നു. വീട്ടില്‍ അമ്മ വിഷമിക്കും. പതിവില്ലാത്ത നടത്തം ഞങ്ങളെ ക്ഷീണിതരാക്കിയിരുന്നു. ഉച്ച ഭക്ഷണം പൊതിഞ്ഞത് കൈയ്യിലുണ്ട്. വിശപ്പും ദാഹവും ഒരു വശത്ത്.
വിവരങ്ങള്‍ അറിയാനാവാത്തതിലുള്ള തിക്കുമുട്ടല്‍ മറ്റൊരു വശത്ത്. മിനി ഏറ്റുമാനൂരില്‍ നിന്നും വേറേ വഴിക്കും ഞാന്‍ പാലാ റോഡിലൂടെ ഞങ്ങളുടെ ഗ്രാമത്തിലേയ്ക്കും പിരിഞ്ഞു. ഇത്ര ദൂരം ഒറ്റയടിയ്ക്ക് നടന്നത് ആദ്യമാണെന്നു തോന്നുന്നു.
ഒറ്റയ്ക്ക് ഞങ്ങളുടെ ഗ്രാമ പാതയിലേയ്ക്കു തിരിഞ്ഞപ്പോള്‍ പണ്ട് ഇന്ദിരാഗാന്ധി പാലായില്‍ വന്നതും സ്കൂളില്‍ നിന്നും ഞങ്ങള്‍ അവിടെ പോയതും, ആയിരങ്ങളുടെ ഇടയില്‍ നിന്ന് പ്രിയദര്‍ശിനിയെ ഒരു നോക്കു കണ്ടതുമൊക്കെ ഞാനോര്‍ത്തു.
വീട്ടിലെത്തിയപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നത്. സ്വന്തം അംഗ രക്ഷകരുടെ വെടിയേറ്റ് മരണപ്പേടേണ്ടി വന്ന പ്രധാന മന്ത്രിയെക്കുറിച്ചോര്‍ത്തപ്പോള്‍ കൂടുതല്‍ വിഷമം തോന്നി. രാഷ്ട്രത്തിന്റെ ദു:ഖാചരണം. റേഡിയോയിലും ദൂരദര്‍ശനിലുമൊക്കെ വിഷാദം അലയടിക്കുന്ന ഉപകരണ സംഗീതം. ഇടയ്ക്ക് പ്രത്യേക വാര്‍ത്താ ബുള്ളറ്റിനുകളും.
വീട്ടിലും നാട്ടിലും എല്ലാവര്‍ക്കും ഒന്നേ പറയാനുള്ളൂ. ഇന്ദിരാജിയെക്കുറിച്ച്. സമയം ഒത്തിരിയായി.
ഉച്ച ഭക്ഷണപ്പൊതിയഴിച്ച് കോഴികള്‍ക്ക് കൊടുത്തു. മറ്റൊന്നും കഴിക്കാനാവുന്നില്ല. വല്ലാത്ത ക്ഷീണവും. അമ്മ ഞങ്ങള്‍ ഇത്ര ദൂരം നടന്നതിനെക്കുറിച്ച് ചോദിച്ചു കൊണ്ടിരുന്നു.അയല്‍ പക്കത്തെ സ്ത്രീകള്‍ എല്ലാവരും കൂട്ടം കൂടി നിന്ന് ഇന്ദിരാജിയെക്കുറിച്ച് പറയുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം വിഷമം.
രാഷ്ടീയ നേതാവ് എന്ന നിലയില്‍ എതിര്‍ വിഭാഗക്കാരുടെ വിമര്‍ശനങ്ങളും അടിയന്തരാവസ്ഥക്കാലത്തെ എതിര്‍പ്പുകളുമൊക്കെ ഉണ്ടെങ്കിലും ഈ വേര്‍പാട് എല്ലാവരെയും വല്ലാതെ വേദനിപ്പിച്ചു.

1984 ഒക്ടോബര്‍ 31ലെ അനുഭവം. ഇപ്പോഴും എല്ലാം ഓര്‍ക്കുന്നു ഞാന്‍. ഒന്നും മറക്കാനാവുന്നില്ല.
ആ ദിവസത്തെ ഈ ഓര്‍മ്മകള്‍ മരിക്കില്ല. രാഷ്ട്ര മാതാവ് ഇന്ദിരാജിയെക്കുറിച്ചുള്ള ഓര്‍മ്മകളും.

ജവഹര്‍ലാലിന്റെ, പിന്നെ ഇന്ത്യയുടെയും, പിന്നീട് ലോകത്തിന്റെയും പ്രിയദര്‍ശിനി 1917 നവംബര്‍ 19ന് ജനിച്ചു. കുട്ടിക്കാലത്തേ ബാപ്പുവിന്റെ (ഗാന്ധിജി) വാത്സല്യം ആവോളം ലഭിച്ചു ഇന്ദിരയ്ക്ക്.
ബോംബെ സര്‍വകലാശാലയുടെ മട്രിക്കുലേഷന്‍ ജയിച്ച ഇന്ദിരയ്ക്ക് ശാന്തി നികേതനിലെയും ഓക്സ്ഫോര്‍ഡിലെയുമൊക്കെ വിദ്യാഭ്യാസമാണ് പിന്നീട് ലഭിച്ചത്. ചെറിയ കുട്ടികളെ സംഘടിപ്പിച്ചു കൊണ്ട്, കുട്ടിക്കാലത്ത് ഇന്ദിര രൂപീകരിച്ച ‘വാനര സേന’ മുതിര്‍ന്ന സമര നേതാക്കള്‍ക്ക് സഹായകമായി. അമ്മയുടെ അസുഖവും, അച്ഛന്റെ നിരന്തരമായ ജയില്‍ വാസവും ഇന്ദിരയെ തളര്‍ത്തിയില്ല. ‘അച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ ’എന്ന പേരില്‍, പില്‍ക്കാലത്ത് പ്രസിദ്ധീകരിച്ച കത്തുകള്‍ പ്രിയ ദര്‍ശിനിയ്ക്ക് ലഭിച്ചു കൊണ്ടിരുന്നു. രോഗ ശയ്യയിലായിരുന്ന അമ്മ (കമലാ നെഹ്രു) 1936 ല്‍ മരിച്ചു. 1938-ല്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ഇന്ദിര 1941 -ല്‍ ഭാരത സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയായി. 1942 മാര്‍ച്ച് 16ന് സ്വാതന്ത്യ സമര സേനാനിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഫിറോസുമായുള്ള പ്രണയവിവാഹം . ക്വിറ്റ് ഇന്‍ഡ്യാ സമരത്തില്‍ പങ്കാളികളായതിനാല്‍ ഇരുവര്‍ക്കും വൈകാതെ ജയില്‍ വാസം ലഭിച്ചു. ഇന്ദിരാഗാന്ധി 243 ദിവസം ജയിലില്‍ കഴിഞ്ഞു. സ്വാതന്ത്ര്യ ലബ്ധിയോടനുബന്ധിച്ചു നടന്ന ഇന്ത്യാ വിഭജന സമയത്ത് ഇന്ദിര, പാക്കിസ്ഥാനില്‍ നിന്നെത്തിയ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി അഹോരാത്രം ക്യാമ്പുകളില്‍ സേവനം അനുഷ്ടിച്ചു. 1944-ല്‍ രാജീവും 1946-ല്‍ സഞ്ജയും ജനിച്ചു.
നെഹ്രു പ്രധാന മന്ത്രിയായിരുന്ന സമയത്ത്, ഇന്ദിരയും മക്കളും തീന്മൂര്‍ത്തീ ഭവനിലായിരുന്നെങ്കിലും കുറച്ചു കാലം ഫിറോസുമായി അകന്നു കഴിഞ്ഞു. പോരാട്ടക്കാരനായിരുന്ന ഫിറോസ് നല്ലൊരു പാര്‍ലമെന്റേറിയനായി മാറി. 1958-ല്‍ ഫിറോസിന് ഹൃദ്രോഗ ബാധയുണ്ടായപ്പോള്‍ ഈ ദമ്പതികളുടെ മനസ്സുകള്‍ തമ്മിലുള്ള അകല്‍ച്ച കുറഞ്ഞു. 1960ല്‍ ഫിറോസ് ഇഹലോക വാസം വെടിഞ്ഞു. അപ്പോള്‍ ഇന്ദിര നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ് ആയിരുന്നു. 1964 മെയ് 27-ന് ജവഹര്‍ലാലും യാത്രയായി. പിതാവിന്റെ മരണശേഷം ഇന്ദിര രാജ്യ സഭാംഗമായി. പിന്നീട് ലാല്‍ ബഹദൂര്‍ ശാസ്ത്രി മന്ത്രിസഭയില്‍ വാര്‍ത്താ വിതരണ വകുപ്പു മന്ത്രിയായി. 1966-ല്‍ ശാസ്ത്രിയുടെ നിര്യാണത്തെത്തുടര്‍ന്ന് പ്രധാന മന്ത്രിയായി. 1969-ല്‍ കോണ്‍ഗ്രസ് പിളര്‍ന്നു. 1971- ലെ പൊതു തിരഞ്ഞെടുപ്പില്‍ ഇന്ദിരാ വിഭാഗത്തിന് മേല്‍ക്കൈ ലഭിച്ചതിനാല്‍ അവര്‍ തന്നെ പ്രധാനമന്ത്രിയായി.
നെഹ്രു പിന്തുടര്‍ന്നു പോന്ന വിദേശ നയത്തില്‍ ഉറച്ചു നില്‍ക്കാനും ചേരി ചേരാ രാഷ്ട്രങ്ങളുടെ താല്പര്യം സംരക്ഷിക്കാനും ഇന്ദിരാ ഗാന്ധി ശ്രമിച്ചു. അസ്വതന്ത്ര രാഷ്ട്രങ്ങളുടെ സമരങ്ങള്‍ക്ക് ഇന്ദിര പിന്തുണ കൊടുത്തു. സാമ്രാജ്യ ശക്തികളുടെ ദുര്‍മോഹങ്ങളെ ചെറുക്കുവാനും അന്ന് ഇന്ത്യ ശ്രമിച്ചു.1973-ല്‍ ചേരിചേരാ രാഷ്ടങ്ങളുടെ അദ്ധ്യക്ഷയായി. 1972-ല്‍ രാഷ്ട്രത്തിന്റെ ഏറ്റവും വലിയ പുരസ്കാരമായ ‘ഭാരത രത്നം’ ഇന്ദിരയ്ക്കു ലഭിച്ചു. ആഭ്യന്തരമായി നിരവധി പ്രശ്നങ്ങളെ ഇന്ദിരാ ഗാന്ധിയ്ക്ക് നേരിടേണ്ടി വന്നു. വിലക്കയറ്റം നിയന്ത്രണാതീതമായി. രാഷ്ടീയമായ പ്രശ്നങ്ങളും കൂടി വന്നു.
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ എതിര്‍പ്പുകള്‍ കൂടി. ഉദ്യോഗസ്ഥ തലത്തില്‍ അഴിമതി കൂടിയെന്ന പരാതിയുണ്ടായി. പല സ്വാതന്ത്ര്യങ്ങളും നഷ്ടപ്പെട്ടപ്പോള്‍ ഗവണ്മെന്റിനെ എതിര്‍ക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. 1977-ലെ ആറാം ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി തോറ്റു.
1980-ല്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസ്(ഇന്ദിര) വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചു. ഇന്ദിരാ ഗാന്ധി വീണ്ടും പ്രധാന മന്ത്രിയായി.
ഏതു പ്രധാന കാര്യങ്ങളിലും വേഗം തീരുമാന മെടുക്കാന്‍ കഴിഞ്ഞിരുന്ന നേതാവാണ് ഇന്ദിരാഗാന്ധി. ഇന്ദിരയുടെ ബാങ്ക് ദേശസാല്‍ക്കരണം ഇന്ത്യയെ ഇന്നും പ്രതിസന്ധിയില്‍പ്പെടാതെ നില്‍ക്കാന്‍ സഹായിക്കുന്നു. സിക്കിമിന്റെ പ്രത്യേക പദവി അവസാനിപ്പിച്ച് ഇന്ത്യയുടെ ഒരു സംസ്ഥാനമാക്കി. ബംഗ്ലാദേശിന്റെ വിമോചനത്തിനായി അങ്ങോട്ട് സൈന്യത്തെ അയച്ചു സഹായിക്കാനും ഇന്ദിര മടിച്ചില്ല. അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രം, സിഖുകാര്‍ തങ്ങളുടെ ആയുധശാലയ്ക്കായി ദുരുപയോഗപ്പെടുത്തിയപ്പോള്‍ , പട്ടാളത്തെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ച് ആയുധങ്ങള്‍ നീക്കം ചെയ്തു.
മതാന്ധന്മാര്‍ ഇന്ദിരയെ വധിക്കാന്‍ ഇതുമൊരു കാരണമാക്കിയത്രേ.
ഇന്ത്യയെ സ്നേഹിച്ച്, ഇന്ത്യയ്ക്കു വേണ്ടി മരിക്കാന്‍ തയ്യാറായ ഇന്ദിരാ ഗാന്ധി സദാ കര്‍മ്മ നിരതയായിരുന്നു.

ഇന്ത്യയെന്നാല്‍ ഇന്ദിരയാണെന്ന് ഇന്ത്യന്‍ ജനതയെക്കൊണ്ട് പറയിച്ച വ്യക്തിത്വമാണത്. ആധുനിക ഇന്‍ഡ്യയുടെ ചരിത്രത്തില്‍ ഏറ്റവുമധികം ആവര്‍ത്തിക്കപ്പെട്ട പേരും ശ്രീമതി ഗാന്ധിയുടേതാണ്. ഭുവനേശ്വറില്‍ നടത്തിയ അവസാന പ്രസംഗത്തെക്കുറിച്ച് വാര്‍ത്താ മാധ്യമങ്ങളും പിറ്റേന്നത്തെ പത്രങ്ങളും എടുത്തു പറഞ്ഞിരുന്നത് ആരും മറക്കില്ല.
അങ്ങനെ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി, ഇന്ദിരാജി തന്റെ ഓരോ തുള്ളി രക്തവും ബലിയര്‍പ്പിച്ചു.



"Even if I die for the service of the nation, I shall be proud of it. Every drop of my blood, I am sure, will contribute to the growth of this nation and makes it strong and dynamic."



ഒറീസ്സയിലെ ഭുവനേശ്വറില്‍ നടത്തിയ ആ പ്രസംഗം ഒന്നര മണിക്കൂര്‍ നീണ്ടത്രേ. അറം പറ്റിയ വാക്കുകള്‍..... ഒരു ജനതയുടെ കണ്ണുകളെ എക്കാലവും ഈറനണിയിക്കാന്‍ പര്യാപ്തമായിരുന്നു ആ വാക്കുകളിലെ ആത്മാര്‍ത്ഥത. .ഇരുപത്തിനാലു വര്‍ഷം കഴിഞ്ഞിട്ടും ആ വാക്കുകള്‍ നമ്മുടെ കാതുകളില്‍ അലയടിക്കുന്നു. പ്രിയ ദര്‍ശിനീ, ഓര്‍മ്മകള്‍ക്ക് മരണമില്ല!