Monday, September 20, 2010

നമ്പർ.

അയാളുടെ എസ്.എം.എസ്സുകളെല്ലാം സ്നേഹം തുളുമ്പുന്നതായിരുന്നു. തിരിച്ച് അവളും സ്നേഹ സന്ദേശങ്ങൾ നൽകിക്കൊണ്ടേയിരുന്നു.
പ്രണയിച്ച് പ്രണയിച്ച്.. അയാളെ വിവാഹം കഴിക്കാനും അവൾ തീരുമാനമെടുത്തു.അയാളുടെ ക്ഷേമവും സുഖവും ഉയർച്ചയും മാത്രമായിരുന്നു അവളുടെ ലക്ഷ്യം. അതിനായി അവൾ അവളെത്തന്നെ ഉഴിഞ്ഞു വച്ചു.
എന്നാൽ എസ്. എം.എസ്സുകൾ നൈമിഷിക സുഖത്തിനു വേണ്ടി മാത്രമായി അയാൾ ഉപയോഗിക്കുന്നു എന്ന് അവൾ മനസ്സിലാക്കിയപ്പോഴേക്കും വൈകിപ്പോയി. അയാളെ മനസ്സിൽ നിന്നും മാറ്റാനാവില്ലെന്ന സത്യം നിലനിൽക്കെത്തന്നെ അവൾ അയാളുടെ മൊബൈൽ നമ്പർ അവളുടെ മൊബൈലിൽനിന്നും ഡിലീറ്റ് ചെയ്തു.
അയാളാകട്ടെ പുതിയ ഒരു കൂട്ടുകാരിയുടെ നമ്പർ സേവ് ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു.

Monday, September 13, 2010

വൈകി വായിച്ച മലയാളപ്പച്ച.


Scan10-09-13 1926.tif


“സ്ഫടികം കൊണ്ട് ഉണ്ടാക്കിയ വിരലുകൾ പോലെ പുല്ലിലെ വേരുകളിൽ ജലം തൂങ്ങി നിൽക്കും. പുല്ലിലെ ഐസ് എന്നാണു പറയുക.പെരുമഴക്കിടയിൽ വെയിൽ തെറിക്കുമ്പോൾ അത് വൈഢൂര്യം പോലെ തിളങ്ങും. വേലികളിലെ ഈ വൈഢൂര്യത്തിളക്കങ്ങൾ മഴക്കാലത്തിന്റെ മാത്രം ചന്തമായിരുന്നു. ഹിമം പോലെ തണുപ്പാണ് പുല്ലിലെ ജല വിരലുകൾക്ക്. ഞങ്ങളത് പറിച്ചെടുത്ത് കൺപോളകളിൽ വയ്ക്കും. ചർമ്മത്തിന്റെ ചൂടുകൊണ്ട് അതുരുകി കവിളിലൂടെ ഒലിക്കും.”

( മലയാളപ്പച്ച. പി സുരേന്ദ്രൻ )
*******************


'ഒരു ലേഖനം മുഴുവൻ ഞാറപ്പഴങ്ങളെക്കുറിച്ചും തെച്ചിപ്പഴങ്ങളെക്കുറിച്ചുമാണ്.വേറൊന്ന് പൂച്ചകളെക്കുറിച്ചും കിളികളെക്കുറിച്ചുമാണ്. ഇനിയൊന്ന് ചക്കകളെക്കുറിച്ച്-മറ്റൊന്ന് മാമ്പഴങ്ങളെക്കുറിച്ച്. അപ്പോഴേക്കും മഴയെക്കുറിച്ച്, കുളങ്ങളെക്കുറിച്ച്- ഓണം , വിഷു, ഉത്സവങ്ങൾ- ലേഖനങ്ങളെന്നാണോ കഥകളെന്നാണോ പറയേണ്ടതെന്നറിയില്ല. ഓർമ്മകളാണോ സ്വപ്നങ്ങളാണോ എന്ന് തിരിച്ചറിയാനാവുന്നില്ല...........................................ഓരോ വാക്കിലും ഒരു പഴയ കുട്ടി ഒരു കളിപ്പാട്ടത്തിന്റെ ഇതളുകൾ വിടർത്തിയടർത്തുന്നപോലെ ആഹ്ലാദങ്ങളുടെയും വേദനകളുടെയും രഹസ്യച്ചെപ്പുകൾ തുറന്നടച്ച് രസിക്കുന്നു’
(മോഹനകൃഷ്ണൻ കാലടി മലയാളപ്പച്ചക്ക് എഴുതിയ അവതാരികയിൽ നിന്ന്)

***********************


വ
ടക്കോട്ടു
പോകുംതോറും നന്മ ഏറിയേറി വരുമെന്ന വർത്തമാനം പണ്ടേ കേട്ടിട്ടുള്ളതാണ്. അതൊട്ടൊക്കെ ശരിയാണെന്നും തോന്നിയിരുന്നു. പക്ഷേ ഏറനാടൻ ബാല്യവും മധ്യതിരുവിതാംകൂർ ബാല്യവും തമ്മിൽ ഇത്രയേറെ സാദൃശ്യമുള്ളതായി തോന്നിയത് സുരേന്ദ്രൻ മാഷിന്റെ (പി. സുരേന്ദ്രൻ) ‘മലയാളപ്പച്ച’ എന്ന പുസ്തകം ഒറ്റയിരിപ്പിനു വായിച്ചപ്പോഴാണ്.(2007 നവംബറിൽ പ്രസിദ്ധികരിച്ച ഈ ഗ്രന്ഥം ഞാൻ വായിക്കാൻ വൈകി)

നാലു പതിറ്റാണ്ടിനപ്പുറത്തെ ബാല്യമാണിതിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത്. അത് മാഷിന്റെ ബാല്യം മാത്രമല്ലെന്നു തോന്നിപ്പോയി. എന്റെ പ്രിയച്ചേച്ചിയുടേയും, കുഞ്ഞാങ്ങളയുടെയും ഞങ്ങളോടൊപ്പം വളർന്ന് നാല്പതും അൻപതും വയസ്സു കടന്നു പോയ പരശതം കോട്ടയത്തുകാരുടെയും ബാല്യ കൌമാരങ്ങളെക്കുറിച്ചാണ് മാഷ് എഴുതിയത്.

‘സഞ്ചാരിയുടെ ദേശങ്ങൾ’ എന്ന എന്ന ആദ്യ അദ്ധ്യായം വായിച്ചപ്പോൾ ഞാനും എന്റെ ഗ്രാമത്തിൽ ചുറ്റിക്കറങ്ങുകയായിരുന്നു. സുരേ,എന്നും സുരേട്ടാ എന്നും കുഞ്ഞാ എന്നുമൊക്കെ ഗ്രന്ഥകാരനെ വേണ്ടപ്പെട്ടവർ വിളിക്കുന്നതിനെക്കുറിച്ചു വായിച്ചപ്പോൾ ഞാനെന്റെ വീട്ടുകാരുടെയും നാട്ടുകാരുടെയും ലതിയായി. എന്നെ സ്നേഹപൂർവം ലതി എന്നു വിളിച്ച് ഹൃദയം കവരുന്ന എന്റെ ഗ്രാമീണരുടെ നന്മ ഞാന്‍ വീണ്ടും തൊട്ടറിഞ്ഞ നിമിഷങ്ങളിൽ കണ്ണുകൾ എപ്പോഴൊക്കെയോ കവിഞ്ഞൊഴുകി . എന്നിലെ ആറുവയസ്സുകാരി തെക്കേലേ മൂവാണ്ടന്മാവിന്റെ കൊമ്പിൽ കയറിയിരുന്ന്, എന്റെ അമ്മ പ്രസവിക്കാത്ത, സുരേന്ദ്രന്‍ മാഷിനെ, അറിയാതെ എന്റെകുഞ്ഞേട്ടാ ............എന്ന് ഉച്ചത്തിൽ വിളിച്ചു പോയി. എഴുത്തുകാർ ദേശത്തിന്റെ തടവുകാർ തന്നെ.

വകയിലുള്ള ആങ്ങളമാരുടേയും ചേച്ചിമാരുടേയുംകല്യാണം കഴിയുമ്പോൾ അവരുടെ കൈപിടിച്ച് വിരുന്നു പോയി, ഒരുപാടു പലഹാരങ്ങൾ തിന്നിരുന്ന അനിയത്തിക്കുട്ടിയായി ഞാൻ. ഒന്നു മുതൽ ഏഴു വരെ പഠിച്ച വെട്ടിമുകൾ സെന്റ് പോൾസും, അങ്ങോട്ടു പോകുമ്പോഴത്തെ അനുഭവങ്ങളുമൊക്കെ ഒന്നൊന്നായി ഓടിയെത്തി. ഇടവപ്പാതിയിലും കർക്കിടകത്തിലുമൊക്കെനാട്ടു വഴികൾ ചെറിയ ഒഴുക്കുള്ള പുഴകളാകുമ്പോൾ അതിൽ പടക്കം പൊട്ടിക്കുന്ന രീതി ... ഹായ് ഏറനാടായാലും കുട്ടനാടായാലും ഇടനാടായാലും മലനാടായാലും പിള്ളേരെല്ലാം ഒന്നായിരുന്നു അല്ലേ!!

മഴക്കാഴ്ചകളുടെ കാലം, മാമ്പഴക്കാലം, പ്ല്ലാവുകൾ കനിയുന്ന കാലം.. അങ്ങനെ എന്തെല്ലാം കാലങ്ങൾ! ഇടിച്ചക്കത്തോരനും ചക്കത്തോരനും ചക്കപ്പുഴുക്കും ചക്ക അവിയലും കൂഞ്ഞിലു തോരനും എരിശ്ശേരിയും ചക്കക്കുരൂം മാങ്ങേം ചക്ക ഉപ്പേരിം ചക്കക്കുരു മെഴുക്കുപുരട്ടീം തോരനും പച്ചച്ചക്കച്ചുളയും പുളിഞ്ചുളയും ചക്കപ്പഴവും ചക്ക വരട്ടിയതും ചക്കപ്പായസ്സവും ഇടനയിലയിലും വാഴയിലയിലും വട്ടയിലയിലുമൊക്കെ മാറിമാറി ഉണ്ടാക്കുന്ന കുമ്പിളപ്പവുമൊക്കെ അടുക്കളകളെ അടക്കിഭരിച്ചിരുന്ന കാലം. കഴിഞ്ഞ നാലു പതിറ്റാണ്ടായി തിന്നു കൊതിതീരാത്ത പച്ചച്ചക്കച്ചുളയുടെ കാര്യമോർത്തപ്പോൾ എന്റെ വായിൽ വെള്ളമൂറിയോ? കുട്ടിയായിരിക്കുമ്പോൾ അമ്മ പേടിച്ചിരുന്നു, ഇങ്ങനെ പച്ചച്ചക്ക തിന്നാൽ വയറുവേദന ഉണ്ടാകുമോ എനിയ്ക്കെന്ന്! പക്ഷേ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, ഇന്നും എനിയ്ക്കു പഴുത്ത ചക്കയെക്കാൾ ഇഷ്ടമാണ് പച്ചച്ചക്കച്ചുളയോട്.
എപ്പോഴെങ്കിലും എന്നെകൂടുതൽ ആകർഷിച്ച ഒരേയൊരു ഭക്ഷണ സാധനമിന്നും അതു തന്നെയാവും.
സ്കൂളിലെ വെള്ളിയാഴ്ചകളുടെ ഉച്ചയൂണുകൾ, പിന്നെയുള്ള വിശ്രമനേരത്തെ സാറും കുട്ടീം കളി, പള്ളിപ്പറമ്പിലെല്ലാം കാട്ടുചെടികളും പൂക്കളും പഴങ്ങളും പരതിയുള്ള നടത്തം എല്ലാം കഴിഞ്ഞ്, അല്പം കുറ്റബോധത്തോടെ ബെല്ലടിച്ചു കഴിഞ്ഞ്, ക്ലാസ്സിലേയ്ക്കുള്ള ഓട്ടം. അമ്മോ!! ആ അണപ്പ് ഇന്നും മാറീട്ടില്ല.
കുറ്റങ്ങളെല്ലാം അയ്യപ്പസ്വാമിയോടും ഏറ്റുമാനൂരപ്പനോടും ഗുരുവായൂരപ്പനോടും പറയാൻ സന്ധ്യാവേളകളിൽ ഒരുപാടു സമയം ലഭിച്ചിരുന്നു, അന്ന്. ഈശ്വരഭജനം എന്ന പ്രാർത്ഥന ഹൃദിസ്ഥമാക്കിയത് വഴിത്തിരിവായി. ഏക ദൈവത്തോടുള്ള പ്രാർത്ഥനയിലേയ്ക്കു തിരിഞ്ഞത് അപ്പോഴാകാം.

സർവ രക്ഷകാ ദേവാ നമസ്തുതേ
സർവ രക്ഷകാ ദേവാ നമസ്തുതേ
സർവ രക്ഷകാ ദേവാ നമസ്തുതേ
സർവ രക്ഷകാ ദൈവമേ പാഹിമാം എന്നു തുടങ്ങുന്ന പ്രാർത്ഥന.

ജീവിതത്തിനു വേണ്ട സസ്യാദികൾ
ഊർവിയിൽ കാലാകാലം വിളയുവാൻ
സർവ്വ കാരുണ്യമേകുമാറാകണം
സർവനായകാ ദൈവമേ പാഹിമാം

തന്നിലേറിടും സ്നേഹാമൃതം പോലെ
അന്യരുംഞാനുമൊന്നുപോലെന്നുമേ
സ്നേഹമുള്ളവരായ് വസിച്ചീടണം
പ്രേമരൂപാ ജഗദീശപാഹിമാം

എന്റെതെന്നുമഹമെന്നുമുള്ള ദു-
ശ്ചിന്തവിട്ടീട്ട് ലോകം തറവാടായ്
സന്തതം നിരൂപിപ്പാനനുഗ്രഹം
നൽകിടേണമേ ദൈവമേ പാഹിമാം.

ഇന്നും ഒരു നേരമെങ്കിലും ഞാൻ ഉരുവിടുന്ന സാമാന്യം ദൈർഘ്യമുള്ള ഈ പ്രാർഥനയാണ് പുതിയ ഏതറിവിനെക്കാളും ശക്തമായി എന്നെ നയിക്കുന്നത് .
ഈശ്വരാ!! മലയാളപ്പച്ച വായിച്ചതിനെക്കുറിച്ച് പറഞ്ഞ് തുടങ്ങിയപ്പോൾ മലവെള്ളപ്പാച്ചിലായി വന്ന ഓർമ്മകൾ എന്റെ എഴുത്തിനെ വഴിതെറ്റിച്ചിരിക്കുന്നു. ഓരോ വായനക്കാരനെയും പിടിച്ചു വലിച്ച് ബാല്യ കൌമാരങ്ങളിലേയ്ക്ക് കൊണ്ടുപോകുന്ന അതി ശക്തമായ ജീവിതാവിഷ്കാരം.

ഇനി ഞാൻ തുടരുന്നില്ല. ഒന്നു പറയാം. ഞാനും എന്റെ പ്രായക്കാരായ പലരും എഴുതാതെ പോയ ഓർമ്മക്കുറിപ്പുകളാണേ ഇത്. ഒരുപാടൊരുപാടു കൂട്ടിച്ചേർക്കാനുണ്ടെനിക്ക്. അല്ലെങ്കിൽ വേണ്ട. സുരേന്ദ്രൻ മാഷിന് ഇങ്ങനെ എഴുതാൻ തോന്നിയല്ലോ. എല്ലാവർക്കും ഇതു പറ്റില്ല. വേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് വേണ്ടപോലെ ചെയ്യാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. അത്തരം കഴിവുകളാൽ അനുഗൃഹീതനായ ഈ എഴുത്തുകാരന്റെ‘ മലയാളപ്പച്ച’ ഇനിയും ഒരുപാടു വായനക്കാരുടെ മനസ്സു കുളിർക്കാനിടയാക്കട്ടെ.
Scan10-09-13 1925.tif
മലയാളപ്പച്ച. പി സുരേന്ദ്രൻ . കൈരളി ബുക്സ്. വില 70രൂപ.

Friday, September 3, 2010

ക്ലാസ്മേറ്റ്.

“ബാലൻ മാഷേ, സംഗതിയൊക്കെ കൊള്ളാം. ആ നരച്ച തലേം മുറുക്കാൻ കറയുള്ള പല്ലും അയഞ്ഞ ജുബ്ബേം കാലൻ കുടേം എല്ലാം കൂടി ഒരു ആനച്ചന്തമുണ്ട്. മാഷിനെപ്പോലൊരു ശുദ്ധഗതിക്കാരനെ എനിയ്ക്ക് വല്യ ഇഷ്ടവുമാ. പക്ഷേ പാറേൽ പള്ളിക്കൂടത്തിൽ നമ്മൾ ഒന്നിച്ച് ഒന്നു മുതൽ പത്തുവരെ പഠിച്ച കാര്യം ആരോടും പറയരുതേ.”

കറുപ്പിച്ച മുടീം നിരയൊത്ത പല്ലുകളും ഇണങ്ങുന്ന ജീൻസും റ്റീഷർട്ടും ധരിച്ച , പ്രശസ്ത സാഹിത്യകാരനായ ക്ലാസ്മേറ്റിന്റെ അഭ്യർത്ഥന കേട്ട് ബാലൻമാഷ് ഊറിച്ചിരിച്ചു.

Wednesday, September 1, 2010

ശോഭായാത്ര

സംഘാടകരുടെ
അറിവോടെയല്ലെങ്കിലും
ശോഭാ യാത്രയ്ക്ക്
നേതൃത്വം നൽകിയ അയാൾക്ക്
ഇംഗ്ലീഷ് മാസം ഒന്നാം തിയതിയൊന്നും
ഒരു പ്രശ്നമല്ലായിരുന്നതിനാൽ ആവശ്യത്തിനു മദ്യംസേവിക്കാനായി.
അതുകൊണ്ടു തന്നെ,ആവീട്ടിൽ രാത്രിയിലെ
പതിവുപോലെയുള്ള
ശോഭകേടിന്
അന്നും ആ
പാവം ഭാര്യയും
മക്കളും
ഇരകളായി.

Wednesday, August 25, 2010

ഒളിപ്പിച്ചു വച്ച ചിരി.

അന്തസ്സ് കാത്തു സൂക്ഷിക്കാനെന്നവണ്ണം

ചുണ്ടിന്റെ കോണിൽ ഒളിപ്പിച്ചു വച്ച ചിരിയുമായി

ഒരു മനുഷ്യായുസ്സിന്റെ പാതിയിലേറെയും ജീവിച്ച്,

അയാൾ വിട വാങ്ങുമ്പോൾ ആ ചിരിയ്ക്ക് കരച്ചിൽ വന്നു.

Friday, August 6, 2010

വയ്യാ.....

ഒരുപാടു നാളായി വീട്ടിൽ
വച്ച ഭക്ഷണം കഴിച്ചിട്ട്.ഫാസ്റ്റ് ഫുഡ്ഡിന്റെ പ്രളയം
പതിവില്ലാതെ അയാൾ കുറച്ച്
നാടൻ വിഭവങ്ങൾക്കുള്ള
സാധനങ്ങൾ വാങ്ങി
വീട്ടിലെത്തി.
“എനിയ്ക്കു വയ്യാ” അവൾ ഒഴിവു പറഞ്ഞു.
പതിവു പോലെ ഹോട്ടലിലെ
വിഭവങ്ങൾക്കായി അയാൾ പാഞ്ഞു.
സമയം വൈകിയിരുന്നു.
കിട്ടിയതു വാങ്ങി അയാൾ മടങ്ങി.
പിറ്റേന്ന് പതിവില്ലാതെ
അവൾക്കൊരുകുറ്റബോധം.
ഒരുപാടു കാലം കൂടി അവൾ അയാൾക്ക്
നല്ല നാടൻ വിഭവങ്ങൾ ഒരുക്കി, കഴിക്കാൻ
വിളിച്ചപ്പോൾ അയാൾ.
“ഇന്നലത്തെ ഭക്ഷണം!!!
വയറു ശരിയല്ല.
വേണ്ടാ... എനിയ്ക്ക് ... വയ്യാ........”

Sunday, August 1, 2010

മാത്തുക്കുട്ടിച്ചായൻ തന്റെ അന്നമ്മയുടെ അടുത്തേയ്ക്ക്.................


“ ഈ ഭൂമിയിലുള്ള മനുഷ്യ്യരിൽ മിക്കവരും ഒരു പങ്കാളിയെ കണ്ടെത്തി ഒരുമിച്ചു ജീവിക്കുന്നവരാണ്. അവരിൽ പലരും അൻപതും അറുപതും എഴുപത്തിയഞ്ചും വർഷം ദാമ്പത്യജീവിതം നയിക്കുന്നു.അതിനിടയ്ക്ക് അവരിലൊരാൾ മരിയ്ക്കുന്നു.കുറെ ഓർമ്മകളും സ്വപ്നങ്ങളും സങ്കടവും സന്തോഷവുമൊക്കെ ബാക്കിയാവുന്നതും സ്വാഭാവികം............................

വീട്ടിൽ കിടപ്പു മുറിയും ഓഫീസ് മുറിയുമൊക്കെയായി ഞാൻ ഉപയോഗിക്കുന്ന മുറിയിലാണ് എഴുത്തു മേശ. ആ മേശയുടെ ഒരു കോണിൽ അന്നമ്മ എന്നു വിളിക്കുന്ന മിസ്സിസ്.കെ.എം മാത്യുവിന്റെ ഫോട്ടോയുണ്ട്. ഞാൻ രാവിലെ അണിയിച്ച മുല്ലപ്പൂക്കളുടെ മണവുമായി , ഫോട്ടോയിലിരുന്നു ചിരിക്കുകയാണ് അന്നമ്മ.മുല്ലപ്പൂക്കൾ ഇഷ്ടമായിരുന്നു അന്നമ്മയ്ക്ക്.അന്നമ്മ പോയ ശേഷം,എന്റെ ഓരോ ദിവസവുംതുടങ്ങുന്നത് ‘രൂപ്കല’ എന്ന ഈ വീട്ടിലുള്ള അന്നമ്മയുടെ ഫോട്ടോകൾക്കു മുന്നിൽ മുല്ലപ്പൂക്കൾ വച്ചുകൊണ്ടാണ് . ദിവസങ്ങൾക്കു ഓർമ്മയുടെ മുല്ലപ്പൂമണമുണ്ടാക്കാനുള്ള ഒരു വയസ്സന്റെ ചെറിയ ആഗ്രഹമെന്നു കരുതിയാൽ മതി.

അറുപത്തൊന്നു വർഷം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു.നേരത്തേ പറഞ്ഞതുപോലെ അതിലൊരു പുതുമയുമില്ല.പക്ഷേ ഇപ്പോൽ അന്നമ്മ പോവുകയും ഞാൻ മാത്രമാവുകയും ചെയ്തപ്പോൾ , എനിയ്ക്ക് മറ്റൊരു കാര്യത്തിൽ പുതുമ തോന്നുന്നുണ്ട്. വിരുദ്ധ ധൃവങ്ങളിലുള്ള രണ്ടു പേർ ഒരുമിച്ചു ചേർന്ന് ,ഒരു പുഴയായി അറുപത്തൊന്നു വർഷം ഒഴുകിയതിലുള്ള അത്ഭുതം.കല ഹൃദയത്തിൽ നിറയെ ഉള്ള ഒരാളും കലയെന്ന സംഭവം മനസ്സിന്റെ സമീപ പഞ്ചായത്തിൽ പോലുമില്ലാത്ത ഒരാളും തമ്മിൽ ഇത്രകാലമെങ്ങനെ വലിയ ഭൂകമ്പങ്ങളൊന്നുമില്ലാതെ ഒരുമിച്ചു ജീവിച്ചു എന്നതിൽ ഒരൽഭുതമൊക്കെയുണ്ടെന്നു തോന്നുന്നു.എനിയ്ക്കു താല്പര്യമുള്ള മിക്ക വിഷയങ്ങളിലും അന്നമ്മയ്ക്കു താല്പര്യമുണ്ടായിരുന്നില്ല.തിരിച്ചും അങ്ങനെ തന്നെ.എനിക്കതിൽ ബുദ്ധിമുട്ടു തോന്നിയിട്ടില്ല...........................

അന്നമ്മ പോയശേഷം ഞാൻ പലപ്പോഴും കരഞ്ഞിട്ടുണ്ട്. ഉള്ളിൽ കരച്ചിൽ വരുമ്പോൾ കരയാത്തവൻ ബോറനാണ്.ഇപ്പോഴും ഇടയ്ക്ക് ഓർത്തു കരയും. ഒരുപാടു കാലം കൂടെ ഉണ്ടായിരുന്ന പങ്കാളി ഇല്ലാതാവുമ്പോൾ ആ ഇല്ലായ്മ ഓർത്ത് മറ്റേയാൾ കരയുന്നത് സ്വാഭാവികമാണ്. പക്ഷേ മക്കളുടേയും കൊച്ചു മക്കളുടെയും മുന്നിൽ ഞാൻ കരയാറില്ല. സങ്കടപ്പെടുന്ന ഒരു ജീവിതമാണ് ഇപ്പോൾ എന്റേതെന്നു തോന്നിയാൽ അവർക്കത് വലിയ ആഘാതമാവും. അത് പാടില്ല. അവരുടെ മുന്നിൽ ഞാൻ പഴയ തമാശകൾ പറഞ്ഞ് ചിരിക്കും. അവരുടെ അമ്മച്ചി എന്നെ കളിയാക്കിയിരുന്നത്, അവരെ തല്ലാനോടിച്ചിരുന്നത്, അപ്പോൾ സമാധാനത്തിന്റെ വെള്ള തൂവാലയുമായി ഞാൻ രംഗത്തെത്തിയിരുന്നത്. അന്നേരം അന്നമ്മ ഓർമ്മകളിൽ ഒരു കൂട്ടച്ചിരിയുണർത്തി ഞങ്ങൾക്കിടയിലേയ്ക്ക് ഇറങ്ങി വരും...............”

അന്നമ്മ- മിസിസ് കെ.എം മാത്യു : ഓർമ്മയുടെ പുസ്തകം.കെ.എം മാത്യു.

പൊതുരംഗത്ത് സജീവമായ കാലം മുതലുള്ള അടുപ്പമായിരുന്നുഎനിക്കു മാത്തുക്കുട്ടിച്ചായനോടുള്ളത് . പിന്നീട് 2000-ൽ കോട്ടയം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ആയപ്പോൾ ഞങ്ങൾ പല വേദികളിലും ഒരുമിച്ച് കാണാറുണ്ടായിരുന്നു.ചിലപ്പോഴൊക്കെ മനോരമയുടെ വേദികളിലും ചടങ്ങുകളിലും.പിന്നീട് ആരോഗ്യ പ്രശ്നങ്ങൾ അദ്ദേഹത്തെ പൊതു വേദികളിൽ നിന്ന് ഒഴിഞ്ഞു മാറാൻ പ്രേരിപ്പിച്ചു. വല്ലപ്പോഴുമൊക്കെ ചെന്നു കാണാനും വർത്തമാനം കേൾക്കാനും ഞാനും ശ്രമിച്ചിരുന്നു.
മാത്തുക്കുട്ടിച്ചായനെ കാണാൻ ഒരു ദിവസം മനോരമയിൽ ചെന്നപ്പോൾ(2005-ൽ) അദ്ദേഹം പതിവു പോലെ ഒരുപാടു വർത്തമാനം പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ തുടങ്ങിയ സമയം.തുടർച്ചയായി മൂന്നു തവണ മത്സരിച്ച് ജയിച്ച ശേഷം ഞാൻ മത്സരിക്കാതെ മാറിനിന്നതും ആ വർഷത്തിലായിരുന്നു. ‘ലത (ലതിക എന്നു എന്നെ വളരെ അപൂർവമായേ വിളിച്ചിട്ടുള്ളൂ) ഒരുപാടു സ്ഥലങ്ങളിൽ പ്രസംഗിക്കാറുണ്ടല്ലോ. എങ്ങനെയാ ഇവിടെയെല്ലാം എത്തിച്ചേരുന്നത്. പാർട്ടി കാശു തരുമോ?” അച്ചായൻ ചോദിച്ചു. ഇല്ല. വളരെ അപൂർവമായി തെരഞ്ഞെടുപ്പു കാലത്ത് ഭാരവാഹികൾക്കും മറ്റും ചെറിയ തോതിൽ കൊടുത്താലായി. സ്ഥിരമായി ഒരു സംവിധാനം ഇല്ല. ഞാൻ മറുപടി നൽകി. “ദേ ഈ ചുറ്റുപാടുമുള്ള സ്ഥാനാർത്ഥികളുംരാഷ്ട്രീയക്കാരും മറ്റും എന്നോടു കാശു ചോദിച്ചു വാങ്ങാറുണ്ട്. അടുത്ത ദിവസം ആരെയെങ്കിലും അയക്കണം. ഞാനിത്തിരി പൈസ കൊടുത്തയയ്ക്കാം.’അച്ചായൻ അങ്ങനെ എനിയ്ക്ക് വാഹനത്തിൽ ഇന്ധനമടിക്കാൻ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പു കാലത്ത് 5000 രൂപ കൊടുത്തയച്ചു. പത്രപ്രവർത്തനത്തിൽ നിന്നും ലഭിച്ചു കൊണ്ടിരുന്ന വരുമാനം വേണ്ടെന്നു വച്ച് മുഴുവൻ സമയ പൊതുപ്രവർത്തകയായ എനിക്ക് എൽ. ഐ.സി ഏജന്റ് എന്ന നിലയിലുള്ള വരുമാനമേയുള്ളൂ അതുകൊണ്ട് ലളിതജീവിതം നയിച്ചാണ് വാഹനം സൌകര്യപ്പെടുത്തുന്നതെന്ന് അച്ചായനോടു ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്. അതൊക്കെ ഓർത്ത് എനിയ്ക്കു നൽകിയ ആ സമ്മാനം വലിയൊരനുഗ്രഹമായി. ഒരുപാടുതെരഞ്ഞെടുപ്പു വേദികളിൽ ഞാൻ ഓടിയെത്തി...

അന്ന് അച്ചായൻ എനിയ്ക്ക് മറ്റോരു സമ്മാനംകൂടിത്തന്നു. അദ്ദേഹം ആദ്യമായി എഴുതിയ പുസ്തകം. “അന്നമ്മ”. “അന്നമ്മ ഒരുപാടു പുസ്തകമെഴുതി. ഞാനിത് ആദ്യമായാ .ലത വായിച്ച് അഭിപ്രായം പറയണം.” Life Fragrant എന്ന പേരിൽ മനോരമ പ്രസിദ്ധികരിച്ച ഒരു ആൽബവും ഒപ്പമുണ്ടായിരുന്നു. ഞാൻ അന്നു വൈകിട്ടു തന്നെ ആ പുസ്തകം വായിച്ചു തീർത്ത് ആൽബവും നോക്കി അടുത്ത ദിവസം മാത്തുക്കുട്ടിച്ചായനെ വിളിച്ചു. എന്നെ ഏറ്റവും സ്പർശിച്ച ചില ഭാഗങ്ങളെക്കുറിച്ചു പറഞ്ഞു.
“ അന്നമ്മയും ഞാനും ഒരുകാലത്തും കാല്പനികരായിരുന്നില്ല. എങ്കിലും വിവാഹ വാർഷികം, ജന്മദിനാഘോഷം എന്നതൊക്കെ അന്നമ്മയ്ക്ക് ഏറെ പ്രധാനമായിരുന്നു. എനിക്ക് അങ്ങനെയൊന്നുമില്ല. മുൻപൊന്നും ഞാൻ പിറന്നാൾ ആഘോഷിച്ചിട്ടു പോലുമില്ല. വിവാഹ വാർഷികത്തിന് അന്നമ്മ എന്തെങ്കിലും സമ്മാനം തരും. ആദ്യകാലത്ത് മുണ്ടും ഷർട്ടുമായിരുന്നു സമ്മാനം. അവസാനകാലത്ത് രൂപ തരാൻ തുടങ്ങി. ത്യാഗം സഹിച്ചാണ് ഈ രൂപ ഉണ്ടാക്കുന്നത്. കാരണം ഓരോ മാസവും പണം കിട്ടുമ്പോൾ എന്റെ പേരിൽ ഒരു തകരപ്പാത്രത്തിൽ നൂറോ നൂറ്റൻപതോ രൂപ ഇട്ടു വയ്ക്കുകയാണ്. അന്നമ്മയ്ക്കു കിട്ടുന്ന പണത്തിൽനിന്നാണിത് ഉണ്ടാക്കുന്നത്. വിവാഹ വാർഷികത്തിന് ആ ടിന്നു പൊട്ടിച്ച് അതിലുള്ള തുക ഒരു കവറിലിട്ട് എനിയ്ക്കു സമ്മാനമായി തരും. ഈ കവറുകൾ ഒന്നു രണ്ടെണ്ണം ഇപ്പോഴും ഞാൻ സൂക്ഷിച്ചിട്ടുണ്ട്. ആദ്യമൊക്കെ കവറിന്റെ പുറത്ത് സ്വന്തം കയ്യക്ഷരത്തിൽ ചില വാചകങ്ങൾ എഴുതുമായിരുന്നു. My dear appa, you are my God. You are great. എന്നൊക്കെ....പിന്നെപ്പിന്നെ കവറിൽ ഒന്നും എഴുതാൻ വയ്യാതായി. ഒന്നും എഴുതിയില്ലെങ്കിലും അതിൽ ഒരുപാട് എഴുതിയതുപോലെ എനിക്കു തോന്നിയതുകൊണ്ടാണ് ആ കവറുകൾ എടുത്തു വയ്ക്കാൻ തീരുമാനിച്ചത്. ഇപ്പോഴും ഇടക്കൊക്കെ അതെടുത്തു നോക്കും. അതിനുള്ളിലെ ഓരോ രൂപയിലും പതിഞ്ഞ കൈവിരലുകൾ ഓർമ്മിക്കും.............”
ഒരു ദിവസം ആവറേജ് 34(ഒരു കണക്കു വായിച്ചതാ) ഡിവോർസ്(Divorce)കൾ നടക്കുന്ന കേരളത്തിലെ യുവാക്കളും യുവതികളും ദമ്പതിമാരും വായിച്ചിരിക്കേണ്ടതാണ് ഈ പുസ്തകം.ഒരു ഭർത്താവിനു ഭാര്യയെയും ഭാര്യക്ക് ഭർത്താവിനെയും എത്രമാത്രം സ്വാധീനിക്കാം എന്നതിന്റെ തെളിവ്.. ഈ പുസ്തകത്തിലുണ്ട്.
കോട്ടയത്ത് ഒരുകാലത്ത് മിസിസ് കെ.എം മാത്യു സ്ത്രീ പ്രക്ഷോഭണങ്ങളിൽ പങ്കെടുത്തിരുന്നതും ജയിൽ വാസം അനുഭവിച്ചതുമൊക്കെ ഈ പുസ്തകത്തിൽ നിന്നാണ് ഞാൻ മനസ്സിലാക്കിയത്.

ഇന്നു രാവിലെ മാത്തുക്കുട്ടിച്ചായന്റെ മരണ വാർത്തയറിഞ്ഞ് ഞാനും രൂപ്കലയിലെത്തി ഭൌതിക ശരീരം എംബാം ചെയ്ത് എത്താൻ വൈകും .അടുത്ത ബന്ധുക്കളും മക്കളും ഏതാനും പൊതുപ്രവർത്തകരും മാത്രം.തിരികെ വീട്ടിലെത്തി ഞാൻ അച്ചായൻ സമ്മാനിച്ച പുസ്തകങ്ങൾ എടുത്തു നോക്കി.
അറുപത്തിയൊന്നാണ്ട് ഒരു മനസ്സോടെ ജീവിച്ച ആ അപൂർവ ദമ്പതികളെ ഒരിയ്ക്കൽക്കൂടി നമിച്ചു. ഏറ്റവും ഒടുവിൽ മൂന്നു നാലു മാസം മുൻപ് ഓഫീസിൽചെന്ന് ഞാൻ അദ്ദേഹത്തെ കണ്ടപ്പോഴും നൽകിയ സ്നേഹവും വാത്സല്യവും നല്ല വാക്കുകളും ഞാൻ ഒന്നു കൂടി ഓർത്തു. ഇടക്ക് എപ്പോഴോ അദ്ദേഹം പറഞ്ഞു. “ഇനി അധികം ഉണ്ടാവില്ല. പോകാൻ തയ്യാറായി ഇരിക്കുകയാണ്... “മാത്തുക്കുട്ടിച്ചായൻ അന്നമ്മക്കൊച്ചമ്മയുടെ അടുത്തേയ്ക്ക് യാത്രയായി....”

ഇന്നലെയും കൊച്ചു മക്കളോടൊത്ത് സന്തോഷിച്ചും ഭക്ഷണം കഴിച്ചും അദ്ദേഹം സമയം പോക്കിയതിനെക്കുറിച്ച് കുടുംബാംഗങ്ങൾ പറഞ്ഞു ..ഇന്നു രാവിലെ എഴുന്നേറ്റ് കർമനിരതനാകുമ്പോഴേയ്ക്കും ആ വിളി വന്നു. അദ്ദേഹം പ്രതീക്ഷിച്ചിരുന്ന വിളി.പത്ര പ്രവർത്തന ലോകത്തെ അതികായനായ മാത്തുക്കുട്ടിച്ചായന് ആദരാഞ്ജലികൾ.


( ഈ ചിത്രം ഗൂഗിളിൽ നിന്നെടുത്തത്.)