സ്നേഹനൊമ്പരമായ്..............കോട്ടയത്ത് മാതാ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ അന്ന് ശാരിയുണ്ടായിരുന്നു. കിളിരൂര്‍ സംഭവത്തിലെ ശാരി എസ് നായര്‍. പത്രത്താളുകളും ചാനലുകളും അവളുടെ വിവരങ്ങള്‍ ലോകത്തിന് കൃത്യമായി നല്‍കിക്കൊണ്ടേയിരുന്നു. അന്ന് (നവംബര്‍ 4, 2004) ഉച്ച തിരിഞ്ഞ് മാതാ ആശുപത്രിയിലെത്തിയ ഞാന്‍ ശാരിയുടെ അമ്മയോടൊപ്പം അകത്ത് കയറി, ഒരു നോക്ക് കണ്ടു. വരണ്ട ചുണ്ടുകളുടെ കോണില്‍ എനിക്കായ് ഒരു മന്ദഹാസം സൂക്ഷിച്ചു വച്ചിരുന്നു, അവള്‍. “പോട്ടെ മോളേ”. ഞാന്‍ യാത്ര പറയാന്‍ വേണ്ടി മാത്രം കയറിയതുപോലെ.......അവളുടെ അമ്മ എന്നെ മുകളിലത്തെ മുറിയിലേയ്ക്കു നയിച്ചു. അവര്‍ സംസാരിച്ചുകൊണ്ടേയിരുന്നു. ഇത്തിരി നേരം കൊണ്ട് ഒത്തിരിക്കാര്യങ്ങള്‍! മുറിയില്‍ അവളുടെ അച്ഛന്‍ സുരേന്ദ്രന്‍ പിള്ളയും പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിയായ അനുജനും ഉണ്ടായിരുന്നു. കട്ടിലില്‍ കിടക്കുന്ന രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞ്....
ശാരിയുടെ അമ്മ വിതുമ്പി..
“ഞങ്ങള്‍ ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല...” എനിയ്ക്ക് ദേഷ്യമാണ് ആദ്യം തോന്നിയത് . മകളുടെ ചുവടുകളുടെ ഗതി മാറിയത്....അമ്മ അറിയാതെ പോകയോ? മകള്‍ക്ക് ഗര്‍ഭമുണ്ടെന്ന വിവരം അറിയാന്‍ വളരെ വൈകിയെന്നോ?
കട്ടിലില്‍ കിടക്കുന്ന സുന്ദരിക്കുട്ടി എന്നെ നോക്കി പുഞ്ചിരിക്കുന്നു. എന്നിലെ അമ്മ ആര്‍ദ്രയായി. ഞാനവളെ വാരിയെടുത്തു. “എന്റെ മോളെ എനിക്കു നഷ്ടമാകും” എന്നു പറഞ്ഞ് വിതുമ്പിയ ശാരിയുടെ അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു. “ ദേ, ഈ കുഞ്ഞു മകളെ നന്നായി വളര്‍ത്തേണ്ടേ. മകളുടെ അസുഖം ഭേദമാകും. കരയരുത്.” കുഞ്ഞിനെ കിടത്തി , ഞാന്‍ യാത്ര പറയുമ്പോള്‍ ശാരിയുടെ കൊച്ചനുജന്‍ കുഞ്ഞു വാവയോട് പുന്നാരം ചൊല്ലുന്നുണ്ടായിരുന്നു.
വീട്ടിലെത്തിയിട്ടും എന്റെ മനസ്സില്‍ ആ കുഞ്ഞിന്റെ മുഖം മിന്നുകയും മായുകയും ചെയ്തുകൊണ്ടേയിരുന്നു.
വല്ലാത്ത അസ്വസ്ഥത. ഞാന്‍ അന്ന് കുറിച്ച വരികള്‍ ...“ഈ ശിശു രോദനം” ഇപ്പോള്‍ ബൂലോകര്‍ക്കായി പൊടി തട്ടിയെടുക്കുമ്പോള്‍ ഇന്നലെ (നവംബര്‍ 13) ശാരിയുടെ നാലാം ചരമ വാര്‍ഷിക ദിനമായിരുന്നു എന്നത് ഓര്‍ക്കാതെ പോകുന്നില്ല. സ്നേഹമോള്‍ക്ക് ആഗസ്റ്റ് പതിനഞ്ചിന് നാലു വയസ്സ് തികഞ്ഞു. അവള്‍ ചങ്ങനാശ്ശേരിക്കടുത്ത് അപ്പൂപ്പനും അമ്മൂമ്മയ്ക്കും അമ്മാവനുമൊപ്പം താമസിക്കുന്നു. നഴ്സറിയില്‍ പോവുന്നുണ്ട്.
“ഈ ശിശു രോദനം”
അറിയുന്നു സകലരും പത്രത്തിലൂടെന്നെ
മിന്നിമറയുന്ന വാര്‍ത്തയിലൂടെയും
മര്‍ത്യന്റെ ഭാഷയുമാദ്യാക്ഷരങ്ങളും
ഹൃത്തിലേയ്ക്കെത്താത്തിളംപൈതലാണു ഞാന്‍
അക്ഷരപ്പെരുമയീ നാടിനു നല്‍കിയ
സാക്ഷരജില്ലയിലെന്റെ ജന്മം
ധര്‍മ്മാശുപത്രിയിലാദ്യമായെന്നുടെ
രോദനം കേട്ടതും നാട് നടുങ്ങിയോ?
അത്രയ്ക്കു ഗോപ്യമായാണത്രേ ഞാനെന്റെ-
യമ്മതന്നുള്ളില്‍ വളര്‍ന്നതെന്ന്!
ആദ്യത്തെ കണ്മണിയാര്‍ക്കും പകരുന്ന
മോദമേകാത്തൊരു പൈതലീ ഞാന്‍.
“കല്ലായ് പിറന്നാലും മണ്ണായ് പിറന്നാലും
പെണ്ണായ്പ്പിറക്കല്ലെ രാമ നാരായണാ”
പണ്ടാരോ പാടിപ്പതിഞ്ഞൊരീച്ചൊല്ല്
കണ്ടോളമെന്നുടെ കാര്യത്തില്‍ നേരായ്.
കാലം തികയ്ക്കാതെന്‍ ബന്ധം മുറിഞ്ഞനാ-
ളമ്മയ്ക്കു ദീനം തുടങ്ങുകയായ്
ധര്‍മ്മാശുപത്രീലെ ശുശ്രൂഷ പോരാഞ്ഞെ-
ന്നമ്മയോടൊത്തുഞാനിങ്ങുപോന്നു.
തീവ്രമാം ശ്രദ്ധയോടമ്മയെ നോക്കുവാന്‍
ചില്ലിട്ട വല്യൊരു കൂട്ടിലാക്കി
അമ്മിഞ്ഞപ്പാലില്ല താരാട്ടു പാട്ടില്ല
അമ്മതന്‍ ചൂടേറ്റുറക്കമില്ല.
രണ്ടുമാസത്തിന്നിടയ്ക്കെനിക്കഞ്ചാറു-
വട്ടമേയമ്മയെക്കാണുവാനായുള്ളൂ
താരാട്ടു പാടുവാന്‍ കൊഞ്ചിക്കളിക്കുവാ-
നാരോരുമില്ലാതെ ഞാന്‍ കിടന്നീടവേ
വമ്പരാം നേതാക്കളുന്നതോദ്യോഗസ്ഥ-
രായവരേറെയും വന്നുപോയി.
അമ്മയെക്കാണുവാന,പ്പൂപ്പനമ്മൂമ്മ-
യമ്മാവനെപ്പോലും ചോദ്യം ചെയ്യാന്‍
കമ്മീഷനദ്ധ്യക്ഷയമ്മയും വന്നല്ലോ
പിന്നാലെ വൃത്താന്തലോകരെല്ലാം
പോലീസിലുള്ളമ്മ, ഐജിയാം നല്ലമ്മ
ചോദ്യത്തിനായെന്റെയമ്മയെ കണ്ടുപോയ്
അമ്മമാര്‍ വേറെയും വന്നുപോയമ്മൂമ്മ
സങ്കടം പങ്കുവച്ചോരോദിവസവും
കുഞ്ഞിളം കയ്യില്‍ കരിവളയൊന്നിടാന്‍
കാല്‍ത്തള നല്‍കുവാന്‍ സമ്മാനമേകുവാന്‍
പൊന്നരഞ്ഞാണമതില്ലേലുമെന്റെയീ
മെല്ലിച്ച മേനിയില്‍ നൂലൊന്നു കെട്ടുവാന്‍
ഇല്ലാ കഴിഞ്ഞില്ലയാര്‍ക്കുമേയെന്നുടെ
വല്ലായ്മ മാറ്റുവാനാശ്വസിപ്പിക്കുവാന്‍!
.jpg)
.jpg)
.jpg)

.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)









