Friday, November 23, 2012

നാം ഇനി എന്തുചെയ്യും ?


ഞാൻ എന്നെത്തിരഞ്ഞു.
നീ നിന്നെത്തിരഞ്ഞു
ഞാനും നീയും കൂടി
നമ്മെത്തിരഞ്ഞു.
ഞാൻ എന്നെക്കണ്ടില്ല
നീ നിന്നെക്കണ്ടില്ല.
നാം നമ്മെക്കണ്ടില്ല
ഞാൻ നിന്നെക്കണ്ടു
നീ എന്നെക്കണ്ടു
നാം അവരെ കണ്ടു
ഞാൻ എന്നെക്കാണാനും
നീ നിന്നെക്കാണാനും
നാം നമ്മെക്കാണാനും
നാം ഇനി എന്തുചെയ്യും ?


Thursday, November 22, 2012

സ്വകാര്യം

രു ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടിക്ക് അയാളെ വ്യക്തിപരമായി അറിയില്ലായിരുന്നു. അയാളുടെ അടുത്തായിരുന്നു, അവളുടെ ഇരിപ്പിടം.” ദേ, ചുരീദാറിന്റെ ഷാളൊക്കെ ഒതുക്കി വയ്ക്കൂ കുട്ടീ.” കോൺഫറൻസ് തുടങ്ങും മുൻപ്, എല്ലാവരും കേൾക്കുന്ന വിധത്തിൽ അയാൾ അവളെ പരിഹസിച്ചു.“ സോറി, സർ.” അപമാനിക്കപ്പെട്ട മാതിരി അവൾ ഒതുങ്ങിയിരുന്നപ്പോൾ അയാൾ മറ്റുള്ളവരെ നോക്കി വെളുക്കെ ചിരിച്ചു. ഉച്ചയ്ക്ക് ഊണിനു പിരിഞ്ഞപ്പോൾ സ്വകാര്യമായി അയാൾ അവളോട്  “ഞാൻ രാവിലെ പറഞ്ഞതു ഫീൽ ചെയ്തോ മോളേ?  ഇനിയിപ്പോ ഷാളല്ല, കുട്ടി തന്നെ എന്നെ ഒന്നു ടച്ച് ചെയ്താലും തരക്കേടില്ലാ ട്ടോ. നമ്മുടെ കോൺഫറൻസിന്റെ ചിത്രങ്ങളും വീഡിയോ ക്ലിപ്പിങ്ങുകളുമൊക്കെ നാലാളുകൾ കാണുമ്പോൾ പ്രശ്നമാവാതിരിക്കാനാ അങ്ങനെ പറഞ്ഞത്.”