Saturday, September 27, 2014
Thursday, January 2, 2014
‘ജനറേഷൻ ഗാപ്പ് ’
നീളമുള്ളതും അതി സുന്ദരവുമായ തന്റെ മുടി , വൃത്തിയായി സൂക്ഷിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് മുടി ‘ബോബ്’ ചെയ്ത്, അവൾ വീട്ടിലെത്തുമ്പോൾ എൺപതുകാരിയായ അവളുടെ അമ്മൂമ്മ തന്റെ മുടിയിൽ ചേർത്തു കെട്ടുന്ന തിരിപ്പൻ അഴിച്ചു വച്ചത് തപ്പി നടക്കുകയായിരുന്നു.
Thursday, May 2, 2013
പകരക്കാരൻ
തിരക്കു കാരണം വീട്ടു കാര്യങ്ങൾക്കും തന്റെ പകരക്കാരനെ അയക്കുന്നത് അയാളുടെ ഒരു ശീലമായിരുന്നു. അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ, അച്ഛനെ പട്ടണത്തിൽ കൊണ്ടു പോകാൻ, മക്കളെ സ്കൂളിലെത്തിക്കാൻ , ഭാര്യയെ ഷോപ്പിങ്ങിനു കൊണ്ടുപോകാൻ എല്ലാത്തിനും അയാളുടെ വിശ്വസ്തനായ പകരക്കാരൻ ഓടിയെത്തിക്കൊണ്ടിരുന്നു. ഒടുവിൽ അയാൽക്കല്പം സമയം കിട്ടിയപ്പോഴാവട്ടെ, അച്ഛനമ്മമാരും ഭാര്യയും മക്കളും അയാളുടെ പകരക്കാരനില്ലാതെ ഒരടി പോലും മുന്നോട്ടു പോവില്ലെന്ന അവസ്ഥയിലായി.
Tuesday, April 16, 2013
ഇൻവെസ്റ്റ്മെന്റ്
ഒരുപാടു കഷ്ടപ്പാടുകൾ
സഹിച്ച് ജീവിതം കെട്ടിപ്പടുത്ത
അയാളുടെ ആഗ്രഹം മക്കൾക്കു വേണ്ടി
വസ്തു വകകൾ വാങ്ങിക്കൂട്ടുക എന്നതായിരുന്നു.
ക്രമേണ ഇൻവെസ്റ്റ്മെന്റ് അയാൾക്കൊരു ഹരമായി മാറി.
വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങൾ വിറ്റും, ആഭരണങ്ങൾ പണയം വച്ചും പോലും
പണമുണ്ടാക്കി ഭൂമി വാങ്ങിക്കൂട്ടാൻ
പണമുണ്ടാക്കി ഭൂമി വാങ്ങിക്കൂട്ടാൻ
അയാൾക്കൊരു മടിയുമില്ലായിരുന്നു.
ഇടയ്ക്കിടെ ആധാരക്കെട്ടുകളിലേയ്ക്കു നോക്കി
സ്വകാര്യാഭിമാനം കൊണ്ടിരുന്ന അയാൾ
സ്വകാര്യാഭിമാനം കൊണ്ടിരുന്ന അയാൾ
നിനച്ചിരിക്കാത്ത സമയത്താണ്
അമ്മ മരിച്ചത്. കൈയ്യിൽ കാശൊന്നുമില്ല.
അക്കൌണ്ടിലെ ബാക്കിയും തുച്ഛം..
പണയം വയ്ക്കാനോ വിൽക്കാനോ ഒരു തരി പൊന്നു പോലുമില്ല.
അക്കൌണ്ടിലെ ബാക്കിയും തുച്ഛം..
പണയം വയ്ക്കാനോ വിൽക്കാനോ ഒരു തരി പൊന്നു പോലുമില്ല.
അമ്മയുടെ മരണാനന്തര ചടങ്ങുകൾക്കായി
പതിവില്ലാതെ പണം
കടം വാങ്ങേണ്ടി വന്നു
അയാൾക്ക്.
Friday, January 11, 2013
“പട്ടിഗർഭം”-സുനീത എഴുതിയത്.
ഞങ്ങൾ ബിന്ദു എന്ന ഓമനപ്പേരിൽ വിളിക്കുന്ന എന്റെ പ്രിയപ്പെട്ട അനുജത്തി സുനീത (നമ്മുടെ നിരക്ഷരന്റെ പെങ്ങൾ) എന്റെ പുസ്തക പ്രകാശനത്തിനു വരാനാവാത്ത കാരണം കാണിച്ചയച്ച ഈ കുറിപ്പ് ഞാൻ എന്റെ ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്നു
എന്റെ പ്രിയപ്പെട്ട കൊച്ചേച്ചി (ലതിക സുഭാഷ്) എഴുതിയ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം 2012 ഡിസംബർ പതിനാറിന് കോട്ടയത്തു വച്ച് മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി, ശ്രീ. രമേശ് ചെന്നിത്തല, ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ ശ്രീ കെ.സി. ജോസഫ് തുടങ്ങിയ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ നടക്കുമെന്ന് ക്ഷണക്കത്ത് ലഭിച്ചു. ഞാൻ കുടുംബസമേതം പോകാനുള്ള തയ്യാറെടുപ്പു നടത്തി.
പക്ഷേ ആ സമയത്താണ് ഞങ്ങളുടെ ഗർഭിണിയായ പട്ടിയുടെ (മാളു) നില എന്നെ വലച്ചത്.68 ദിവസം വരെയാണ് പട്ടികളുടെ ഗർഭകാലം. 60 ദിവസമായ മാളു തീരെ ഭക്ഷണം കഴിക്കുന്നില്ല. പാൽ പാത്രം കണ്ടാൽ ഇറങ്ങി ഓടും. വെള്ളം പോലും കുടിക്കുന്നില്ല. എപ്പോഴും കിടപ്പു തന്നെ. മണിക്കൂറുകളോളം കിടന്നുറങ്ങും. കൂർക്കംവലി രണ്ടു വീടിനപ്പുറം വരെ കേൾക്കാം. മണ്ണുമാന്തി കൂടൊരുക്കൽ തകൃതിയായി നടക്കുന്നു. ഗർഭ ലക്ഷണങ്ങളിലൊന്നാണത്രേ ഈ കൂടൊരുക്കൽ.
ഒരാഴ്ചയായി ഭക്ഷണം കഴിക്കാതെ വന്നപ്പോൾ ഡോക്ടറെ കൊണ്ടുവന്നു. അദ്ദേഹം ഇൻജക്ഷൻ എടുത്തു. അയൺ, കാൽസിയം ടോണിക്കുകൾ കൊടുക്കാൻ പറഞ്ഞു. രണ്ടു ദിവസത്തിനുള്ളിൽ പ്രസവം ഉണ്ടാകുമെന്നു മുന്നറിയിപ്പും തന്നു. അതിനാൽ ഞങ്ങൾ കോട്ടയം യാത്ര വേണ്ടെന്നു വച്ചു.
മാളു നിരാഹാരം തന്നെ. ഭക്ഷണമില്ല, വെള്ളമില്ല, മരുന്നില്ല. ക്ഷീണം തന്നെ. ഉറക്കം, കൂർക്കംവലി, മണ്ണുമാന്തി കൂടൊരുക്കൽ ഇവ യഥേഷ്ടം തുടരുന്നു. ഡിസംബർ 18-ന് വീണ്ടും ഡോക്ടറെ കൊണ്ടു വന്നു. “സ്കാനിംഗ് വേണ്ടി വരും”എന്നു ഡോക്ടർ നിർദ്ദേശിച്ചതിനാൽ തൃശൂരിലെ മൃഗാശുപത്രിയിലേക്കു കൊണ്ടുപോയി.
ഗൈനക്കോളജി വാർഡിൽ മാളുവിനെ കയറ്റി. 33 കിലോ ഭാരമുള്ള മാളുവിനെ ഞാനും പൊന്നുവും(മകൾ) കൂടി മേശമേൽ കയറ്റി കിടത്തി. നല്ല അനുസരണയുള്ള കുട്ടിയെപ്പോലെ മാളു പരിശോധനയുമായി സഹകരിച്ചു. മാളുവിന്റെ വയർഭാഗം ഷേവ് ചെയ്ത് വൃത്തിയാക്കി. സ്കാനിങ് റൂമിലെ മേശപ്പുറത്ത് വീണ്ടും കയറ്റിക്കിടത്തി.
ആദ്യം ഒരു ഡോക്ടർ സ്കാൻ ചെയ്തു. ചുറ്റും ഹൌസ് സർജൻമാർ വട്ടം കൂടി നിന്നു. ഉടനെ അടുത്ത ഡോക്ടർ വന്നു. വീണ്ടും സ്കാനിംഗ്. വീണ്ടും ഒരു ഡോക്ടർ കൂടി വന്ന് സ്കാൻ ചെയ്തു. മൂന്നു പേരും കൂടി ഒരു നിഗമനത്തിലെത്തിച്ചേർന്നു.
“പട്ടിയ്ക്ക് ഗർഭമില്ല”.
ഗർഭത്തിന്റെ എല്ലാ ലക്ഷണങ്ങളും കാണിക്കുകയും ഗർഭപാത്രത്തിൽ കുഞ്ഞുങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥ (Pseudo Pregnancy) യായിരുന്നു, മാളുവിന്.
എന്റെ അവസ്ഥയോ?
ഈ പട്ടിഗർഭം മൂലം എനിയ്ക്കു നഷ്ടപ്പെട്ടത് ജീവിതത്തിൽ ഒരിയ്ക്കൽ മാത്രം കൈവരാവുന്ന ഒരസുലഭ മുഹൂർത്തമായിരുന്നു.
Thursday, January 3, 2013
വെറുതേ ഒരു നുണ
വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയും മുൻപ് “ഇല്ലാ... നിന്റെ കൂടെ ജീവിക്കാൻ എനിക്കിനി ആവില്ലാ” എന്നു പറഞ്ഞ് അയാൾ യാത്രയായപ്പോൾ തളർന്നു പോയെങ്കിലും അവൾക്ക് അദ്ഭുതം തോന്നിയില്ല. ആദ്യവിവാഹം ഒഴിയുമ്പോഴും അയാൾ ഇങ്ങനെയൊക്കെത്തന്നെയാണ് പറഞ്ഞതെന്ന് അവൾ അറിഞ്ഞിരുന്നു. കണ്ണീരൊഴുക്കിയും സഹതാപവാക്കുകൾകേട്ടും ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും അവൾ ചില തീരുമാനങ്ങൾ എടുത്തിരുന്നു. കഴിഞ്ഞ തവണത്തെപ്പോലെ പത്രത്തിലെ വൈവാഹിക പംക്തി കണ്ട് അവൾ വെറുതേ ഒരിയ്ക്കൽക്കൂടി ബയോഡേറ്റ അയച്ചു നോക്കി. ഇക്കുറി വരൻ ഡൽഹിയിൽ താമസിക്കുന്ന അവിവാഹിതനായ ധനവാനാണ്. സുമുഖനായ അൻപതുകാരന് മുപ്പത്തഞ്ചിൽ കവിയാത്ത സുന്ദരിയായ അവിവാഹിതയെയാണ് ആവശ്യം. അവിവാഹിത എന്ന് വെറുതേ ഒരു നുണ പറയാനാണ് ഇത്തവണ അവൾക്കു തോന്നിയത്. പറഞ്ഞതുപോലെ കൂടിക്കാഴ്ചയ്ക്കായി എത്തിയപ്പോൾ അവൾക്ക് തെറ്റിയില്ല. അത് അയാളായിരുന്നു.
Monday, December 24, 2012
ക്രിസ്മസ് കേക്ക്
ക്രിസ്മസ്സിന്റെ തലേന്ന് സ്ഥലത്തെ പ്രധാന പൌരന്റെ വീട്ടിൽ വലിയതിരക്കായിരുന്നു. അദ്ദേഹത്തെ ഒരു നോക്കു കണ്ട്, ഒരു ക്രിസ്മസ് കേക്ക് നൽകാനുള്ള വ്യഗ്രതയിലായിരുന്നു വന്നവരിലധികം പേരും. അപ്പോൾ അയൽപക്കത്തെ ആ കൊച്ചു വീട്ടിലെ കുട്ടികൾ അര കിലോ കേക്കിന്റെ വില സ്വരൂപിച്ച് ബേക്കറിയിലേയ്ക്കോടുകയായിരുന്നു.
Subscribe to:
Posts (Atom)